സംവിധായകന്റെ എഡിറ്റര്‍

വ്യത്യസ്തമായ സിനിമകളുടെ ഭാഗമാകാന്‍ കഴിയുക എന്നത് എതൊരു സിനിമക്കാരന്റേയും സ്വപ്നമാണ്. അതിന് കൃത്യമായ പ്രേക്ഷക ശ്രദ്ധ ലഭിക്കുക എന്നത് വലിയ അനുഗ്രഹവും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പിടി സിനിമകളുടെ ഒഴിവാക്കാനാവാത്ത സാന്നിധ്യമായ ചെറുപ്പക്കാരന്‍, എഡിറ്റര്‍ ഷെമീര്‍ മുഹമ്മദ്. മാര്‍ട്ടിന്‍ പ്രക്കാട്ട് 2015-ല്‍ തുറന്നു വിട്ട ചാര്‍ളി എന്ന ജിന്ന് മലയാളത്തിന്റെ മനസ് കീഴടക്കിയപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് മികച്ച ഒരു എഡിറ്ററെ കൂടിയാണ്.

അക്ഷയ് കുമാറിന്റെ ഗദ്ദര്‍, സൂര്യയുടെ സിങ്കം-2 അടക്കം നിരവധി ഹിന്ദി, തമിഴ് സിനിമകളിലെ സംഘട്ടന രംഗങ്ങള്‍ എഡിറ്റ് ചെയ്തതും ഈ തൃശൂര്‍ സ്വദേശിയാണ്.

ചാര്‍ളിയില്‍ തുടങ്ങി അങ്കമാലി ഡയറീസ്, മെക്‌സിക്കന്‍ അപാരത, ഇടി, തൃശ്ശിവപേരൂര്‍ ക്ലിപ്തം, മോഹന്‍ലാല്‍ ചിത്രമായ വില്ലന്‍, മമ്മൂട്ടിയുടെ പുത്തന്‍ റിലീസ് അങ്കിള്‍, പുതുമുഖ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ചിത്രം സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍വരെ എത്തി നില്‍ക്കുന്ന സിനിമ വിശേഷങ്ങള്‍ ഷെമീര്‍ നോബി ജോര്‍ജ്ജുമായി സംസാരിക്കുന്നു.

ചാര്‍ളിക്ക് മുന്നേയുള്ള സ്‌പോട്ട് എഡിറ്റര്‍ ഷെമീര്‍ മുഹമ്മദിനെക്കുറിച്ച്

തൃശൂര്‍ ചേതനയിലെ എഡിറ്റിംഗ് പഠനത്തിന് ശേഷം 2007-ല്‍ പുറത്തിറങ്ങിയ കളക്ടര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്താണ് തുടങ്ങിയത്. തുടര്‍ന്ന് ആടുകളം പോലുള്ള ചിത്രങ്ങളുടെ എഡിറ്ററായിരുന്ന കിഷോര്‍ സാറിന്റെ സഹായിയായി ചെന്നൈയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രമാണ് സ്‌പോട്ട് എഡിറ്റര്‍ എന്ന മേല്‍വിലാസം നല്‍കിയതും തുടര്‍ന്ന് ചാര്‍ളി പോലുള്ള സിനിമകള്‍ സംഭവിച്ചതും. എന്ന് നിന്റെ മൊയ്തീന്റേയും സ്‌പോട്ട് എഡിറ്ററായിരുന്നു. അസോസിയേറ്റ് ഡയറക്റ്റര്‍ ജയന്‍ ചേട്ടനാണ് ബി. ഉണ്ണികൃഷ്ണന്‍ സാറിനെ പരിചയപ്പെടുത്തി തരുന്നത്. ഉണ്ണി സാറിന്റെ വിലമതിക്കാനാവാത്ത പിന്തുണയും, പ്രോത്സാഹനവുമാണ് സിനിമാ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നത്.

ചാര്‍ളിക്ക് മുന്‍പും, ശേഷവും

ചാര്‍ളി റിലീസ് ചെയ്യുന്നതിന് മുന്‍പ് സ്‌പോട്ട് എഡിറ്റിംഗ് ആയിരുന്നു പ്രധാനമായും ചെയ്തിരുന്നത്. ഒപ്പം പരസ്യ ചിത്രങ്ങളും, ആല്‍ബങ്ങളും ചെയ്തിരുന്നു. എഡിറ്റര്‍ എന്ന നിലയില്‍ മുഖ്യധാരാ സിനിമയില്‍ കൂടുതല്‍ സജീവമായത് ചാര്‍ളിക്ക് ശേഷമാണ്. സിനിമാ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയാണ് ചാര്‍ളി.

എഡിറ്റര്‍ എന്ന നിലയില്‍ അങ്കമാലി ഡയറീസിലെ വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു?

പൂര്‍ണമായും സംവിധായകന്റെ സിനിമയായിരുന്നു അങ്കമാലി ഡയറീസ്. തന്റെ സിനിമയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള അദ്ദേഹത്തിന്റെ ആവശ്യത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതായിരുന്നു. സംവിധായകനുമായുള്ള ആശയ വിനിമയം ഏറ്റവും എളുപ്പത്തില്‍ സംഭവിക്കുക എന്നതായിരുന്നു പ്രധാനം. അതു പോലെ ധാരാളം ‘മൊണ്ടാഷ് ‘ സീനുകളും, ‘മൊണ്ടാഷ് ‘ പാട്ടുകളും എഡിറ്റ് ചെയ്തതും അങ്കമാലി ഡയറീസിലെ മികച്ച ഒരു അനുഭവമായിരുന്നു.

എന്താണ് ഷെമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗ് തിയറി

ഒരു സിനിമ ഡിമാന്റ് ചെയ്യുന്ന, ആ സിനിമ ലക്ഷ്യം വെക്കുന്ന പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പെയ്‌സ് ആയിരിക്കും എഡിറ്റിംഗില്‍ ഉപയോഗിക്കുക. ഓരോ സിനിമയിലും അത് വ്യത്യസ്തവുമായിരിക്കും. അതു കൊണ്ടു തന്നെ മനപൂര്‍വ്വം ഒരു ശൈലി കൊണ്ടു വരാന്‍ ശ്രമിക്കാറില്ല. സിനിമയുടെ വിഷയത്തിനും, സംവിധായകന്റെ ആവശ്യത്തിനും അനുസരിച്ച് ചെയ്യാനാണ് കൂടുതലും ശ്രമിക്കാറ്.

എഡിറ്റിംഗ് എന്നത് സംവിധാനത്തിലേക്കുള്ള വഴി കൂടിയാണോ?

സംവിധാനവും, എഡിറ്റിംഗും സത്യത്തില്‍ വളരെ വ്യത്യസ്തമായ രണ്ടു പരിപാടികളാണ്. സംവിധായകന്റെ കീഴില്‍ വരുന്ന ഒരു ഭാഗം മാത്രമാണ് എഡിറ്റിംഗ്. ഒരു ചിത്രം സംവിധാനം ചെയ്യാന്‍ തക്ക പാകത്തിനുള്ള പ്രവര്‍ത്തി പരിചയം ആയിട്ടില്ല എന്നാണ് വിശ്വസിക്കുന്നത്. കുറെക്കൂടി ജീവിതാനുഭവവും, സിനിമ പരിചയവും സംവിധായകനാവാന്‍ ആവശ്യമാണ്.
ഇപ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ല.

സിനിമ എഡിറ്റര്‍ എന്നതിനപ്പുറം പുതിയ ആളുകള്‍ക്കായി നല്‍കുന്ന എഡിറ്റിംഗ് പരിശീലനത്തെക്കുറിച്ച്?

ടൈം ലൈന്‍ ഫിലിം എഡിറ്റിംഗ് ട്രെയിനിംഗ് സെന്റര്‍ എന്ന പേരില്‍ കൊച്ചിയില്‍ പുതിയ കുട്ടികള്‍ക്കായി ഫിലിം എഡിറ്റിംഗ് പരിശീലനം നല്‍കുന്നുണ്ട്. അവിടെ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് പുതിയ സിനിമകളില്‍ കഴിയുന്ന രീതിയില്‍ അവസരങ്ങള്‍ നല്‍കാനും ശ്രമിക്കുന്നുണ്ട്.

പുതിയ പ്രൊജെക്റ്റുകള്‍ ഏതൊക്കെയാണ്?

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അങ്കിള്‍. അങ്കമാലി ഡെയറീസ് ഉള്‍പ്പെടെയുള്ള നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, സാജിദ് യഹിയയുടെ ഇന്ദ്രജിത്ത് – മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാല്‍, നവാഗതനായ ജുബിത് സംവിധാനം ചെയ്യുന്ന ആഭാസം തുടങ്ങിയവയാണ് പുതിയ ചിത്രങ്ങള്‍.

കുടുംബത്തെക്കുറിച്ച്

ഉമ്മ ഷെറീഫ, ഭാര്യ രേഷ്മ, നാല് വയസുകാരന്‍ ഈദ് മുഹമ്മദ്, ആറ് മാസം പ്രായമുള്ള മകള്‍ ഇസബെല്‍ മറിയം എന്നിവര്‍ അടങ്ങുന്നതാണ് കുടുംബം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More