‘മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല’

ലോകം മതത്തിന്റെ പേരില്‍ മറ്റൊരിക്കലുമില്ലാത്ത വിധം ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന ഒരുകാലത്ത്, മതങ്ങളെ ഉപേക്ഷിച്ചുകൊണ്ട് മനുഷ്യനാകാന്‍ ആഹ്വാനം ചെയ്യപ്പെടുന്ന ഒരു കാലത്താണ്, മതങ്ങളുടെ നന്മകളെ കുറിച്ച് സാഹിത്യകാരനായ കെ.പി. രാമനുണ്ണി പറയുന്നത്. മതങ്ങളെന്നാല്‍ അബദ്ധങ്ങളുടെ ഒരു മഹാകൂമ്പാരം എന്നതിലുപരി അവ മുന്നോട്ട് വയ്ക്കുന്നത് മാനവികതയുടെ ആശയങ്ങളാണെന്നും അതിനെ തകര്‍ക്കേണ്ടത് ചില മുതലാളിത്ത ആശയങ്ങളുടെ നിലനില്‍പ്പിനാവശ്യമാണെന്നും അദ്ദേഹം പറയുന്നു. ഒരു കാലത്ത് സഹോദരങ്ങളെ പോലെ ഒരുമിച്ച് ജീവിച്ചിരുന്നവര്‍ പരസ്പരം ചേരിതിരിഞ്ഞ് വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുമ്പോഴാണ് തന്റെ കൃതികളിലൂടെ അദ്ദേഹം മനുഷ്യസ്‌നേഹത്തെ, പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ സ്വന്തം കൃതികളിലൂടെ വരച്ചിടുന്നത്.

വിദ്വേഷം പ്രചരിപ്പിച്ച് ലാഭം കൊയ്യേണ്ടുന്നവരുടെ കണ്ണിലെ കരട് കൂടിയാണ് കെ.പി.രാമനുണ്ണി എന്ന എഴുത്തുകാരന്‍. എന്നാല്‍ പേടി എന്നത് ഒരെഴുത്തുകാരന് അണിയാവുന്ന ആഭരണമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും അദ്ദേഹം തയ്യാറല്ല. കാലങ്ങള്‍ കുഴമറിയുന്ന തമോഗര്‍ത്തത്തിന്റെ സ്വാധീനത്തിലൂടെ മുഹമ്മദ് നബിയേയും കൃഷ്ണനേയും ഹിറ്റ്‌ലറേയും ഗാന്ധിജിയേയുമൊക്കെ ഒരു ക്യാന്‍വാസിലേക്ക് കൊണ്ടുവന്നുകൊണ്ട് ദൈവത്തിന്റെ പുസ്തകമെന്ന നോവലിലും അദ്ദേഹം പറയുന്നത് വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയമാണ്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരനായ കെ.പി.രാമനുണ്ണി തന്റെ നിലപാടുകളെ കുറിച്ച് ശാലിനി സരസ്വതിയുമായി സംസാരിക്കുന്നു.

ലോകം മതത്തിന്റെ പേരില്‍ ഏറെ വിഭജിച്ച് നില്‍ക്കുന്ന ഈ കാലത്ത് ദൈവത്തിന്റെ പുസ്തകം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം എന്താണ്?

ലോകവ്യാപകമായി മതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം, വംശങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം ഇതൊക്കെ വളര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ഒരു പ്രത്യേക രീതി കൂടി ഇതിന് പിന്നിലുണ്ട്. പൊളിറ്റിക്‌സിലെ വലിയൊരു തിയറിയാണ് ക്ലാഷ് ഓഫ് സിവിലൈസേഷന്‍ തിയറി. ഇതില്‍ സംസ്‌കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതങ്ങളെ തന്നെയാണ്. മതങ്ങള്‍ തമ്മില്‍ പോരടിക്കാന്‍ പോകുന്ന ഒരു ക്ലാഷ് ആണ് ഇനി വരാന്‍ പോകുന്നത് എന്ന് പ്രവചിക്കുന്നതിന് പിന്നില്‍ കൃത്യമായ ഒരു രാഷ്ട്രീയ, പ്രത്യയശാസ്ത്ര താല്‍പ്പര്യമുണ്ട്.

മറ്റേത് വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ക്ലാഷ് ആണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള, മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ക്ലാഷ്. അത് സാമ്പത്തികമായ, മൂര്‍ത്തമായ ചില യാഥാര്‍ത്ഥ്യങ്ങളുടെ പേരിലുള്ള ക്ലാഷ് ആണ്. ഇത്തരത്തില്‍ മൂര്‍ത്തമായ ക്ലാഷ് ഇല്ല എന്ന് തമസ്‌കരിക്കേണ്ടത് മുതലാളിത്തത്തിന്റെ ഒരു ആവശ്യമാണ്. കാരണം മുതലാളിത്തത്തിന് എതിരായി തൊഴിലാളികള്‍ അതിന്റെ ചൂഷണത്തെ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ വൈരുദ്ധ്യവും സംഘര്‍ഷവും അവര്‍ക്ക് ഇല്ലാതെയാക്കണം. അതിന് വേണ്ടി വസ്തുനിഷ്ഠമല്ലാത്ത സംഘര്‍ഷങ്ങള്‍ ഉണ്ടാക്കേണ്ടുന്ന താല്‍പ്പര്യം അവര്‍ക്കുണ്ട്.

ശരിയ്ക്കും ബൗദ്ധികമായ അര്‍ത്ഥത്തില്‍ മുസ്ലീമായിട്ടുള്ള തൊഴിലാളി, ഹിന്ദുവായിട്ടുള്ള തൊഴിലാളി എന്നിങ്ങനെ യാതൊരു വൈരുദ്ധ്യത്തിന്റേയും ആവശ്യം ഇല്ല. അത് ഉണ്ട് എന്ന് വരുത്തിതീര്‍ക്കുകയാണ് ചെയ്യുന്നത്. അത് മറ്റേതില്‍ നിന്ന് കണ്ണടയ്ക്കാനുള്ള ഒരു ഉപാധികൂടിയാണ്. എന്നാല്‍ സത്യത്തില്‍ സംഘര്‍ഷമുണ്ടോ എന്ന് ചോദിച്ചാല്‍ മൂര്‍ത്തമായ ഭൗതിക സാഹചര്യതലത്തില്‍ ഇല്ല എന്ന് മാത്രമല്ല, മതങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആത്മീയ തലത്തിലും ഇത്തരമൊരു സംഘര്‍ഷത്തിന്റെ ആവശ്യം ഇല്ല എന്നുള്ളതാണ്. കാരണം എല്ലാ മതങ്ങള്‍ക്കും അതിന്റേതായിട്ടുള്ള ഒരു ഡെമോക്രാറ്റിക് ആന്‍ഡ് റെവല്യൂഷണറി ആസ്പക്ട് ഉണ്ട്. അതെപ്പോഴും സാധാരണ ജനങ്ങളുടെ വിമോചനത്തിന് വേണ്ടിയുള്ളതാണ്.

എല്ലാ മതങ്ങളും ഉയര്‍ന്ന് വരുന്ന സമയത്ത് – ഹിന്ദുമതം എന്ന് പറയുന്നത് ഒരു മതമായിട്ടുള്ളതല്ല- എന്നാലും ഹിന്ദുമതം എന്ന് പറയുന്ന സംസ്‌കാരത്തിന്റെ ഏറ്റവും ഉത്തേജകമായിട്ടുള്ള സംഭവങ്ങള്‍ നോക്കുകയാണെങ്കില്‍ ഇല്ലാത്തവനും, പാവപ്പെട്ടവനുമുള്ള ഒരു വിമോചനത്തിന്റെ വാഞ്ചയുടെ ഭാഗമായിട്ടാണ് ഉണ്ടായിരിക്കുന്നത്. ഭക്തിപ്രസ്ഥാനം നോക്കൂ. സാധരണക്കാരന് അധികാരത്തിന് മുന്നില്‍ എനിക്കും ദൈവത്തിന്റെ സൃഷ്ടിയാണ് എന്ന് പറഞ്ഞ് സ്വന്തം സ്വത്വം സ്ഥാപിക്കുന്ന ഒരു മുഹൂര്‍ത്തമാണ്. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഇസ്ലാമാണെങ്കിലും കൃസ്ത്യാനിറ്റിയുമൊക്കെ തന്നെ സാധാരണക്കാരന് -അതായത് കീഴാളരും ഇല്ലാത്തവരുമായ- ആളുകളുടെ വിമോചനത്തിന് വേണ്ടിയാണ്. അതിന്റെ ഭൗതികമായിട്ടുള്ള രാഷ്ട്രീയ പരിസരത്തും മതങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യത്തിന്റേയും ആവശ്യമില്ല.

ഇനി മതത്തിന്റെ വിശ്വാസസംഹിതകളുടെ ഭാഗത്ത് നിന്ന് നോക്കുകയാണെങ്കില്‍ ഇസ്ലാം മത വിശ്വാസ പ്രകാരമാണെങ്കില്‍ മുഹമ്മദ് നബി മറ്റുമതങ്ങളുമായി പടവെട്ടാന്‍ സ്ഥാപിച്ച ഒന്നല്ല ഇസ്ലാം മതം. നബിയ്ക്ക് മുന്‍പേ ഉള്ള മതമാണ് ഇത്. ഇസ്ലാം മതവിശ്വാസപ്രകാരം ലോകത്ത് ഒരു സത്യമതമേ പ്രവചിക്കപ്പെട്ടിട്ടുള്ളൂ. അതിനെ ഇസ്ലാം എന്ന് വിളിക്കുന്നു എന്ന് മാത്രം. ആ മതം പ്രവാചകര്‍ മുഖാന്തിരം- അല്ലെങ്കില്‍ ഹൈന്ദവ വിശ്വാസപ്രകാരം അവതാരങ്ങള്‍ എന്ന് പറയുന്നവര്‍ മുഖാന്തിരം സനാതന സത്യങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും കാലാകാലം കഴിയുമ്പോള്‍ അതില്‍ ജീര്‍ണ്ണത വരുമ്പോള്‍ പുതിയൊരു പ്രവാചകന്‍, ദൈവദൂതന്‍ അല്ലെങ്കില്‍ അവതാരം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ്. അതിന്റെ ജീര്‍ണ്ണതകള്‍ ഒഴിവാക്കി പുതിയത് സ്ഥാപിക്കുക എന്നാല്‍ പഴയതിന്റെ ജീര്‍ണ്ണത മാറ്റിയിട്ടുള്ള ഒന്നാണ് അത്. അത് നേരെയാക്കി എടുക്കുക എന്നു മാത്രമേ അതിന് അര്‍ത്ഥമുള്ളൂ. എവിടെ ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുന്നുവോ അവിടെ ഞാന്‍ അവതരിക്കുന്നു എന്ന് ശ്രീകൃഷ്ണന്‍ പറയുന്നത് സാഹിത്യ ഭാഷയിലാണ്. ഞാന്‍ എന്നതിന് ദൈവദൂതന്‍ എന്നാണ് അര്‍ത്ഥം. പ്രപഞ്ച ശക്തിയുടെ ഒരു ആവിഷ്‌കാരം. ഇസ്ലാമിലും ഇതേ സങ്കല്‍പ്പമാണ്. എഴുത്തും വായനയും വന്നതോടെ കൂടുതല്‍ പ്രവാചകന്‍മാരുടെ ആവശ്യമില്ല. അതിന് കൃത്യത വന്നുകഴിഞ്ഞു. അതുകൊണ്ടാണ് അവസാനത്തെ പ്രവാചകന്‍ ആയി മുഹമ്മദ് നബിയെ അംഗീകരിക്കുന്നത്. അതുപൊലെ വിശുദ്ധ ഖുര്‍ആനില്‍ യേശു ക്രിസ്തു അടക്കം നിരവധി പ്രവാചകന്‍മാരുടെ പേര് പറഞ്ഞിട്ടുണ്ട്. അതില്‍ യേശുക്രിസ്തുവും, ഇബ്രാഹീം നബിയും, മോസസുമുണ്ട്. പേര് പറയാത്ത ഒരു ലക്ഷത്തില്‍ പരം പ്രവാചകന്‍മാര്‍ വേറെയുമുണ്ട്. എല്ലാ ജനതയ്ക്കും ഓരോ പ്രവാചകന്‍മാരെ അനുവദിച്ചിട്ടുണ്ട് എന്നാണ്. അപ്പോള്‍ ഇന്ത്യയിലുള്ള കൃഷ്ണനും രാമനുമൊക്കെ പ്രവാചകര്‍ ആയിരുന്നിരിക്കാം. അങ്ങനെ നോക്കിയാലും ഇവയെ തമ്മില്‍ വൈരുദ്ധ്യത്തില്‍ എത്തിയ്ക്കുകയല്ല. കഥകളില്‍ സഹകരിപ്പിക്കുന്ന ഒരു ദൈവശാസ്ത്ര സിദ്ധാന്തമാണ് ഇതിലുള്ളത്. അങ്ങനെ നോക്കിയാല്‍ മതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യമെന്നത് അര്‍ത്ഥശൂന്യമാണ്. ഒരു അര്‍ത്ഥവുമില്ലാത്ത അസംബന്ധമാണ്. ഈ അസംബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഇവിടുത്തെ മുതലാളിത്ത താല്‍പ്പര്യമാണ്. അവര്‍ക്ക് ലാഭം വന്നാല്‍ മതം. ലോകം മുടിഞ്ഞാലും കുഴപ്പമില്ല എന്ന് കരുതുന്ന അവരുടെ സ്വാര്‍ത്ഥതയും കൂടിയാണ് ഇത്തരം സംഘര്‍ഷത്തെ ഉണ്ടാക്കുന്നത്.

ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് അര്‍ത്ഥമില്ല എന്ന് പറഞ്ഞുകൊണ്ട് മതങ്ങള്‍ തമ്മില്‍ സാമ്യവും സഹകരണവും സമന്വയവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നോവല്‍ കൂടിയാണ് ദൈവത്തിന്റെ പുസ്തകം. അതില്‍ നബിയുടെ ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്‌കരിക്കപ്പെടുന്നു. ഭാവനയുടെ മണ്ഡലത്തില്‍ വച്ച് ഇവരെ സഹോദര തുല്യര്‍ – പ്രവാചക വചനപ്രകാരം പ്രവാചകര്‍ എല്ലാവരും സഹോദരന്‍മാരാണ്- ആയിട്ടാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകത്തെ ഇന്ന് വിഭാഗീയതയില്‍ എത്തിച്ച വേരുകള്‍ക്കും മറ്റുമെതിരായിട്ടുള്ള ഒരു ദര്‍ശനമാണ് ഈ പുസ്തകം.

ഭാവനയുടെ ലോകത്ത് മുഹമ്മദ് നബിയും ശ്രീ കൃഷ്ണനും കണ്ടുമുട്ടുന്നു. ശ്രീ കൃഷ്ണന്‍ നബിയെ ഇക്കായെന്നും നബി കൃഷ്ണനെ മുത്തേ എന്നും വിളിക്കുന്നുണ്ട്. അവര്‍ തമ്മില്‍ അത്ര സ്‌നേഹത്തിലാണ് ചീത്രീകരിച്ചിരിക്കുന്നത്. ഇവര്‍ തമ്മില്‍ ഇത്ര സ്‌നേഹമുണ്ടെങ്കില്‍ അനുയായികള്‍ തമ്മില്‍ പടവെട്ടുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല എന്നാണ് നോവലില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മതവും സയന്‍സും രണ്ടും രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്. ദൈവത്തിന്റെ പുസ്തകത്തില്‍ ഇവയെ രണ്ടിനേയും ഒരേ ക്യാന്‍വാസിലേക്ക് കൊണ്ടുവരാന്‍ എഴുത്തുകാരന്‍ എന്ന നിലയിലുണ്ടായ ബുദ്ധിമുട്ട് എന്തായിരുന്നു?

നോവല്‍ സങ്കല്‍പ്പത്തില്‍, മതത്തിന് ഒരു നോവല്‍, സയന്‍സിന് വേറൊരു നോവല്‍ എന്നൊന്നില്ല. വ്യത്യസ്ഥമായ എല്ലാ കള്‍ച്ചറുകളും സ്ഥാപിക്കപ്പെടുന്ന നോവലുകളാണ് ലോക വ്യാപകമായി നല്ല നോവലുകളായി കാണുന്നത്. സമഗ്രമായ ലോകത്തിന്റെ അവസ്ഥയും ജീവിതത്തിന്റെ അവസ്ഥയും പ്രതിപാദിക്കുന്നു. അല്ലാതെ സയന്‍സ് തൊടുന്നവന്‍ മതത്തെ തൊടരുത് അങ്ങനെയൊന്നില്ല.
പിന്നെ എഴുത്തുകാരന്‍ എന്ന നിലയില്‍ ഇവയെ രണ്ടിനേയും ഒരു ക്യാന്‍വാസിലേക്ക് കൊണ്ടുവരാന്‍ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ട്.സയന്‍സും മതവും തമ്മില്‍ വളരെ അകന്നു നില്‍ക്കുന്ന ഒന്നാണ്. തുടക്കത്തില്‍ അത് അങ്ങനെയാണ്. പക്ഷേ ഇതിന്റെ തീമിന് ഇവയെ ഒന്നിച്ചുകൊണ്ടുവരേണ്ടുന്ന ആവശ്യകതയുണ്ട്. കാരണം മുഹമ്മദ് നബി ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നയാളാണ്. ശ്രീ കൃഷ്ണന്‍ ജീവിച്ചിരുന്ന ദ്വാപരയുഗം എന്ന് പറയുന്നത് ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണ്. അങ്ങനെ ഒരു അവസ്ഥയില്‍ ഇവരെ രണ്ടുപേരേയും ഒരു മിച്ച് കൊണ്ടുവരണമെങ്കില്‍ സയന്‍സിന്റെ ഒരു സങ്കേതം- തമോഗര്‍ത്തം- ആവശ്യമാണ്. തമോഗര്‍ത്തത്തിന്റെ സ്വാധീനത്തില്‍ സയന്‍സിന്റെ സാധാരണ നിയമങ്ങളൊക്കെ കുഴമറിഞ്ഞ് ഭാവി തിരിച്ചുവരുകയാണ്. കാലങ്ങള്‍ കുഴമറിയുന്നു. ആ സങ്കല്‍പ്പം ഉപയോഗിച്ച് ആറാം നൂറ്റാണ്ടിനേയും ദ്വാപര യുഗത്തേയും പരസ്പരം ബന്ധപ്പെടുത്തിയിട്ട് 21-ാം നൂറ്റാണ്ടിനെ അവര്‍ നിരീക്ഷിക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നു. ഫിക്ഷനില്‍ ലിറ്റററി ക്രഡിബിലിറ്റി പ്രധാനമാണ്. വിശ്വസനീയത ഉണ്ടാക്കാനുള്ളതിന്റെ ഭാഗമായിട്ട് കൂടിയാണ് ഇതില്‍ സയന്‍സിന്റെ ഉപയോഗം കൊണ്ടുവന്നിരിക്കുന്നത്.

ആക്ടിവിസങ്ങളുടെ ഒരു കാലഘട്ടമാണ് ഇത്. ഒരു കാലത്ത് എഴുത്തുകാര്‍ തങ്ങളുടെ രചനയിലൂടെ നടത്തിയിരുന്നത് ഇന്ന് സോഷ്യല്‍ മീഡിയ വഴി നടക്കുന്നു. സോഷ്യല്‍ മീഡിയ ആക്ടിവിസത്തെ എങ്ങനെ നിരീക്ഷിക്കുന്നു?

ആക്ടിവിസം എന്നത് ഒരു തരത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള ജീവിത സംബന്ധിയായ അടിസ്ഥാന പ്രശ്‌നങ്ങളാണ്. അത് ശരിയ്ക്കും ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും മാത്രം തീറെഴുതി കൊടുത്ത സാധനമല്ല. എല്ലാ സാധാരണക്കാര്‍ക്കും ഇതില്‍ ഇടപെടാനുള്ള അവസരമുണ്ട്. സാധാരണക്കാര്‍ – ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തിക്കാത്ത ആളുകള്‍ – തന്നെ ഒരു തരത്തില്‍ ആക്ടിവിസ്റ്റുകളാണ്. നോട്ട് പിന്‍വലിച്ചു. അതുണ്ടാക്കുന്ന കഷ്ടപ്പാടുകള്‍ പരസ്പരം പറഞ്ഞുകൊണ്ട് അതിന് എതിരായിട്ട് നമ്മള്‍ വീട്ടിലും തെരുവിലും പറയുന്ന സംസാരം തന്നെ ഒരു ആക്ടിവിസമാണ്.

സോഷ്യല്‍ മീഡിയയിലെ ആക്ടിവിസം ഒരു നല്ല കാര്യമാണ്. നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്ന് പറഞ്ഞാല്‍ അതില്‍ സാധാരണ ജനങ്ങളല്ല പലപ്പോഴും ഇടപെടുന്നത് എന്നാണ്. പലപ്പോഴും സിനിക്കലായ, സാഡിസ്റ്റുകളായ ആളുകളാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് സോഷ്യല്‍ മീഡിയ വിഷം വമിക്കാനുള്ള ഒരു സ്‌പേസ് ആയി മാറി. അത് മോശമാണ്. കുറേ നല്ല അഭിപ്രായ രൂപീകരണങ്ങള്‍ ഉണ്ടായി വരുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി മുല്ലപ്പൂ വിപ്ലവം പോലെ പല വിപ്ലവങ്ങളും ഉണ്ടായിട്ടുണ്ട്. ചില നാട്ടില്‍ സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട വളരെ പോസിറ്റീവായിട്ടാണ് പോകുന്നത്.

എന്നാല്‍ കേരളത്തില്‍ ഒരു പ്രവണത കണ്ടുവരുന്നത് എന്ന് പറഞ്ഞാല്‍ ഒന്നിനും കൊള്ളാത്ത ചില ദുഷ്ടബുദ്ധികള്‍ക്ക് വിളയാടാനുള്ള ഒരു രംഗമായിട്ട് മാറുന്നു എന്നുള്ളതാണ്. ഏതൊരു നല്ല കാര്യത്തിന് പുറപ്പെട്ടാലും അതിനെ എതിര്‍ക്കുക. മലയാളം എന്ന് പറഞ്ഞാല്‍ ധാരാളം എഴുത്തുകാരും വായനക്കാരും ഉള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ നന്നായി വിന്നുപോകുന്ന – എഴുത്തുകാര്‍ ആദരിക്കപ്പെടുന്ന ഒരു ഭാഷയാണ്.

അത്തരമൊരു സ്ഥലത്ത് എഴുതി തോറ്റ ആളുകള്‍ക്ക് – അവര്‍ക്ക് എഴുത്തുകാരോട് ഭയങ്കര വിദ്വേഷം ആയിരിക്കും- കളി ആടാനും വിഷം തുപ്പാനും മറ്റ് എഴുത്തുകാരെ ആക്ഷേപിക്കാനും ഉള്ള ഒരു രംഗമായിട്ട് കൂടി സോഷ്യല്‍ മീഡിയ മാറി. കേരളത്തില്‍ ആ പ്രവണത വളരെ കൂടുതലാണ്. ആക്ടിവിസം എന്നാല്‍ വിഷലിപ്തമായിട്ടുള്ള അരാഷ്ട്രീയമായിട്ടുള്ള, കുഴിച്ചുമൂടുന്ന തരത്തിലുള്ള കരിയറിസത്തിന്റേയും, കുനുഷ്ടിന്റേയും ഒക്കെ വിഹാര രംഗമായിട്ട് അധഃപതിക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

ഒരു ഭീഷണികത്ത് കിട്ടിയിട്ട് ഏകദേശം ആറ് മാസമായിരിക്കുന്നു. എങ്ങനെയാണ് എഴുത്തുകാരോടുള്ള ഇത്തരം ഭീഷണികളെ നോക്കികാണുന്നത്?

ഇത്തരം ഭീഷണികള്‍ എന്നുമുള്ളതാണ്. ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന നിലയില്‍ എന്ന പേരില്‍ ഞാനെഴുതിയ ഒരു ലേഖനത്തിന്റെ പേരിലാണ് എനിക്ക് ഭീഷണിക്കത്ത് വന്നിരിക്കുന്നത്. ലേഖനത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം അടിയ്ക്കുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല എന്ന്. ചരിത്രപരമായും തത്വചിന്താപരമായും യാതൊരു അര്‍ത്ഥവുമില്ലെന്ന് ഉദ്‌ബോധിപ്പിക്കുന്ന ഒരു ലേഖനമാണ്. ഏറെ വിനയത്തോട് കൂടി എഴുതിയ ലേഖനമാണ് എത്. വര്‍ഗ്ഗീയതയ്ക്ക് എതിരായിട്ടുള്ള അതിനെതിരേ അസഹിഷ്ണുത വരിക എന്ന് പറഞ്ഞാല്‍, വര്‍ഗ്ഗീയമായ പോര് വളര്‍ത്തുന്ന അതോ താല്‍പ്പര്യക്കാരാണ് അതിന് പിന്നിലുള്ളത്. ഏത് സമുദായമാണ് ഇതിന് പിന്നിലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഹിന്ദുസമുദായമായിട്ടോ മുസ്ലീം സമുദായമായിട്ടോ ഇതിനെ ബന്ധപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ക്രിമിനല്‍സ് ആണ് ഇത് ചെയ്തത്. അങ്ങനെയാണ് ഞാന്‍ കാണുന്നത്. സത്യത്തില്‍ ആ ലേഖനത്തിലെ ആശയങ്ങള്‍ തന്നെയാണ് വേറൊരു കലാരൂപമായി ഈ നോവലിലും ഉള്ളത്. മറ്റേതിന് ഭീഷണിക്കത്ത് കിട്ടിയെങ്കില്‍ ഇതിന് അംഗീകാരം കിട്ടി എന്ന ഒരു സന്തോഷമുണ്ട്.

വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്ന ഒരു കൂട്ടം ആളുകള്‍ നമുക്കിടയിലും ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം കത്തുകള്‍. കേരളത്തിലും ഇത്തരം പ്രവണതകള്‍ തുടങ്ങിയിട്ടുണ്ട്

മതം കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഭീഷണികൊണ്ട് പെരുമാള്‍ മുരുകന്റെ എഴുത്ത് നിര്‍ത്തിപ്പിച്ച, നിലപാടുകളുടെ പേരില്‍ കല്‍ബുര്‍ഗിയും പന്‍സാരേയും, ഗൗരിലങ്കേഷമുമൊക്കെ കൊല്ലപ്പെട്ട ഒരു രാജ്യത്ത് – ഭരണകൂടം നല്‍കുന്ന ഈ അവാര്‍ഡിനെ താങ്കള്‍ എങ്ങനെ നോക്കികാണുന്നു?

ഇതിലൊരു രാഷ്ട്രീയ വിജയം ഞാന്‍ കാണുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ല. അതിന് ഇപ്പോഴും ഒരു സ്വതന്ത്ര നിലപാട് ഉണ്ട്. അതുകൊണ്ടാണ് എനിക്ക് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ചില വികല നയങ്ങള്‍ക്ക് എതിരായുള്ള രാഷ്ട്രീയ ആശയങ്ങളുള്ള ഒരു പുസ്തകത്തിന് അവാര്‍ഡ് ലഭിച്ചു എന്നതിന്റെ സന്തോഷം ഉണ്ട്. ഇത്തരത്തിലുള്ള സൗഹാര്‍ദ്ദങ്ങള്‍ ആഗ്രഹിക്കുന്ന ഒരു വലിയ സമൂഹം നമുക്കുണ്ട്.

സമകാലികരായ എഴുത്തുകാര്‍ സമത്വം, അസ്ഥിത്വം, സ്ത്രീസ്വാതന്ത്ര്യം തുടങ്ങി ആധുനിക ചിന്താധാരകളില്‍ സജീവമായപ്പോള്‍ താങ്കള്‍ മാത്രമെന്താണ് മതസൗഹാര്‍ദ്ദം പോലൊരു വിഷയത്തെ എല്ലാ എഴുത്തിലും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്? മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ പോലുള്ള ക്യാമ്പെയ്‌നുകള്‍ നടക്കുന്ന കാലഘട്ടത്തില്‍ മതത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണ്?

മത സൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് പറയുമ്പോള്‍ അതില്‍ തന്നെ മതത്തെ അംഗീകരിക്കുന്നു എന്ന കാര്യമുണ്ട്. അല്ലെങ്കില്‍ നമുക്ക് മതം ഉപേക്ഷിച്ച് ഒന്നിച്ച് കൂടാം എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അതിന് പകരം ഗാന്ധിയൊക്കെ ചെയ്തത് പോലെ മതസൗഹാര്‍ദ്ദത്തെ – മതങ്ങളുടെ അസ്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് തന്നെ ഇവ തമ്മില്‍ അടിയ്ക്കുകയല്ല പരസ്പരം ലോഹ്യത്തില്‍ പോകണം എന്ന് പറയുമ്പോള്‍ അവിടെ മതങ്ങളെ ഇന്‍ഡയറക്ടായി അംഗീകരിക്കുന്ന അവസ്ഥയുണ്ട്. മറ്റ് പലേ എഴുത്തുകാരും മതമാണ് കുഴപ്പമുണ്ടാക്കുന്നത് എന്ന് പറഞ്ഞ് മതത്തെ വലിച്ചെറിഞ്ഞ് പകരം മനുഷ്യരായി യോജിക്കാം എന്ന് പറയുന്നിടത്ത് എന്താണ് ഞാനിങ്ങനെ മതത്തെ അംഗീകരിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്.

കൃത്യമായ ബോധ്യത്തോടെയാണ് ഞാനത് പറയുന്നത്. കാരണം മതമെന്ന് പറയുന്നത് യുക്തിവാദികള്‍ പറയുന്നത് പോലെ അന്ധവിശ്വാസങ്ങളുടെ ഒരു കുപ്പത്തൊട്ടി അല്ല. വിശ്വാസങ്ങള്‍ ഉള്ളതാണോ ഇല്ലാത്തതാണോ എന്നതൊക്കെ വളരെ വലിയ ചോദ്യങ്ങളാണ്. കേവലമായ ഒരു സത്യവും ഭൂലോകത്തില്‍ ഇല്ല. എല്ലാ സത്യങ്ങളും റിലേറ്റീവ് ആയിട്ടുള്ളവയാണ്. വിശ്വാസങ്ങള്‍ എന്ന് പറയുമ്പോള്‍ ആ വിശ്വാസങ്ങളെല്ലാം സാധാരണ ജീവിതത്തെ ജീവിത യോഗ്യമാക്കാന്‍ വേണ്ടിയിട്ടുള്ളതാണ്. അത് അന്ധമാണോ സത്യമാണോ എന്നൊക്കെ യുക്തിയോട് കൂടി നോക്കുകയല്ല, കേവല സത്യം എന്നൊരു സാധനമില്ല. പാല്‍പ്പായസം കുടിയ്ക്കുമ്പോള്‍ മധുരമുണ്ട്. അതുകൊണ്ടാണ് അത് ആസ്വദിച്ച് കുടിയ്ക്കുന്നത്. പഞ്ചസാര എന്നത് കാര്‍ബണും, ഹൈഡ്രജനും ചേര്‍ന്നതാണ്. ഹൈഡ്രജന്‍ ഒന്നിനും കൊള്ളാത്ത രുചിയും മണവും ഇല്ലാത്ത സാധനമാണ്. കാര്‍ബണ്‍ കരിയാണ്. കേവല സത്യം നോക്കിയാല്‍ കാര്‍ബണും ഹൈഡ്രജനും ഒന്നുമല്ല. അതുവിചാരിച്ച് പഞ്ചസാരയുടെ മധുരം ആസ്വദിക്കാതിരിക്കാനാകുമോ?

കരിയും ഹൈഡ്രജനും കൂടിചേര്‍ന്നതാണ് പഞ്ചസാരയെന്ന കേവല സത്യം അതിന്റെ ആസ്വാദ്യതയെ ഒട്ടും കുറയ്ക്കുന്നില്ല. മരിച്ച് കര്‍മ്മം ചെയ്താല്‍ നല്ലത് കിട്ടുമെന്ന വിശ്വാസം നല്ലതാണോ അല്ലയോ എന്നുള്ളതല്ല. പകരം ആ വിശ്വാസം ജീവിതത്തില്‍ ആസ്വാദ്യത ഉണ്ടാക്കുന്നു എന്നുള്ളതാണ്. നമ്മള്‍ ചീത്തകര്‍മ്മം ചെയ്യാതിരിക്കാന്‍ ഇത്തരം മതപരമായ മൂല്യങ്ങള്‍ സഹായിക്കുന്നു. ജീവിതത്തെ ധന്യമാക്കുന്നു എന്നൊരു വശം ഇതിലുണ്ട്. അതുകൊണ്ടാണ് ഇതിനെയൊക്കെ അംഗീകരിക്കുന്നത്. എന്നാല്‍ ഇതല്ലാതെ അന്ധവിശ്വാസങ്ങളിലൂന്നി പരസ്പരം നശിപ്പിക്കാനൊക്കെ ഒരുങ്ങുന്നതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. മതവിശ്വാസത്തിന് അകത്തുള്ള വിപ്ലവോന്മുഖമായിട്ടുള്ള ജീവിതയോഗ്യമാക്കുന്ന എലിമെന്റ്‌സിനെ അംഗീകരിക്കുക, അതുകൊണ്ടാണ് മതമൊക്കെ ഇങ്ങനെ അതിജീവിച്ച് നില്‍ക്കുന്നത്. അല്ലെങ്കില്‍ ഇതിന് മുന്‍പേ നശിച്ച് പോകേണ്ടതല്ലേ. അനുഭൂതി പ്രപഞ്ചങ്ങളേയും അതിന്റെ ആത്യന്തികമായ ചില ആകാംഷകളേയും അഡ്രസ്സ് ചെയ്യുന്നുണ്ട് മതവിശ്വാസം. അത് മനുഷ്യന്റെ ജീവിതത്തെ കൂടുതല്‍ ജീവിതയോഗ്യമാക്കുന്നു. മരണം, രോഗം മുതലായ ആധികളില്‍ നിന്ന്, ചില ഉറച്ച സങ്കല്‍പ്പസൃഷ്ടികളാല്‍ പ്രതിരോധം സൃഷ്ടിക്കുന്നു. ഇതൊക്കെ വലിയ കാര്യമാണ്. സോവിയറ്റ് യൂണിയനൊക്കെ മതങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടും മതം തിരികെ വരാന്‍ കാരണം ഇത് മനുഷ്യജീവിതത്തെ ജീവിതയോഗ്യമാക്കാന്‍ ഈ സങ്കല്‍പ്പങ്ങള്‍ ഉതകുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഞാന്‍ ഇതിനെ അംഗീകരിക്കുന്നത്. ഇതിനെ വിപ്ലവവത്കരിക്കുകയാണ് വേണ്ടത്. മതവിശ്വാസത്തിന്റെ ഊര്‍ജ്ജത്തെ മുഴുവന്‍ യാഥാസ്ഥിതികരും മൗലികവാദികളും തീവ്രവാദികളും വര്‍ഗ്ഗീയ വാദികളും ഹൈജാക്ക് ചെയ്തുകൊണ്ടുപോയിട്ട് അവര്‍ ദുരുപയോഗം ചെയ്യുന്നു. നമ്മള്‍ പോസിറ്റീവായിട്ടുള്ള ആളുകള്‍ അതിനെ കൂടി അഡ്രസ്സ് ചെയ്ത് അതിനെ നല്ല വഴിയ്ക്ക് കൊണ്ടുവരണം. നന്മയെ ഉയര്‍ത്തിപ്പിടിച്ച് തിന്മയെ തിരസ്‌കരിക്കണം. അതുകൊണ്ടാണ് ഞാന്‍ മതത്തെ അഡ്രസ്സ് ചെയ്യുന്നത്.

വളര്‍ന്നുവന്ന പൊന്നാനി പോലൊരു സാഹചര്യം ഈ ഒരു വീക്ഷണത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

പൊന്നാനിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ പോലെയുണ്ട്. ഹിന്ദുക്കള്‍ അവിടെ ന്യൂനപക്ഷമല്ല. സൗദാര്‍ദ്ദത്തോടെ വിഭജനങ്ങളില്ലാതെ ജീവിക്കുന്ന ഒരു അന്തരീക്ഷമായിരുന്നു അവിടെ.

ഇപ്പോഴും ഇതേ സാഹചര്യമാണോ?

കുറേയധികം മാറ്റങ്ങളുണ്ടായിട്ടുണ്ട്. നാടിന്റെ പലഭാഗത്തുമുണ്ടായ കാലുഷ്യങ്ങളും വിഭജനങ്ങളും പൊന്നാനിയേയും സ്വാധീനിച്ചിട്ടുണ്ട്. നാടിന്റെ പഴയ നന്മയൊന്നും ഇപ്പോള്‍ അതേമാതിരി കണ്ടോളണം എന്നില്ല.

സമൂഹത്തില്‍ ബോധപൂര്‍വ്വം ഭയമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലേ?

ഉണ്ട്. ഭയം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹിന്ദു വര്‍ഗ്ഗീയവാദികള്‍ മുസ്ലീങ്ങളെ അപകടകാരികളായി ചിത്രീകരിക്കുന്നു. അതേ സമയം ഇതിനെ ന്യായീകരിക്കുന്ന പോലെ ചില മുസ്ലീം ഭീകരവാദികളുടെ പ്രവര്‍ത്തനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. രണ്ടും ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പരസ്പര സഹായകവുമാണ്. എന്നാല്‍ സാധാരണക്കാരന് വളരെയധികം ദോഷവുമാണ്.

എഴുത്തില്‍ താങ്കള്‍ക്ക് അഭിനന്ദനവും വിമര്‍ശനവും ഒരേപോലെ ലഭിച്ച ഒരു കാര്യമാണ് വാക്കുകളുടെ ഉപയോഗം. വാക്കുകള്‍ സങ്കോചമില്ലാതെ പ്രയോഗിക്കുന്ന എഴുത്തുകാരനാണ് താങ്കളെന്ന് എംടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അതിനെ ശക്തമായി വിമര്‍ശിച്ചിട്ടുമുണ്ട്. ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?

എഴുതുമ്പോള്‍ വാക്കുകള്‍ തെരഞ്ഞെടുത്ത് എഴുതുന്ന ഒരു പരിപാടി ഇല്ല. ആവിഷ്‌കരിക്കേണ്ടുന്ന സംഭവം മനസ്സില്‍ തിങ്ങുമ്പോള്‍ വാക്കുകളും വാചകങ്ങളും മനസ്സിലേക്ക് വരുകയാണ്. ഉദാഹരണത്തിന് പ്രണയമുള്ള പുരുഷനും സ്ത്രീയും പരസ്പരം കാണുന്ന സമയത്ത് പുരുഷന്‍ ഹൗ ടു മേയ്ക്ക് ലൗ എന്ന പുസ്തകം വായിച്ചിട്ട് അതിലെ നമ്പരുകള്‍ ഓര്‍ത്തെടുത്ത് പ്രയോഗിക്കുകയല്ലല്ലോ? അത് സ്വാഭാവികമായി വരുകയാണ്. അതുപോലെയാണ്. അനുഭവം തിങ്ങുന്ന സമയത്ത് സ്വാഭാവികമായി ഭാഷ ഉണ്ടായി വരുകയാണ്. നല്ലത് നോക്കി തെരഞ്ഞെടുക്കയല്ല ചെയ്യുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More