കര്‍ത്താവേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നു: സിസ്റ്റര്‍ ജെസ്മി

109

ആത്മസമര്‍പ്പണത്തിന്റെ അഗ്‌നിപരീക്ഷണങ്ങള്‍ കടന്നാണ് അവര്‍ തിരുവസ്ത്രം എടുത്തണിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ക്ക് തെരുവില്‍ മറ്റൊരു അഗ്‌നിപ്പരീക്ഷയെക്കൂടി നേരിടേണ്ടി വന്നിരിക്കുന്നു. ഭാവിയറിയാതെ ഒരു പോരാട്ടം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ പാതയില്‍ സിസ്റ്റര്‍ ജെസ്മിയുണ്ടായിരുന്നു. ഇരയെന്ന് പലരും വിളിച്ചെങ്കിലും പോരാളിയെന്ന് കാലം തെളിയിച്ച സ്ത്രീ. താന്‍ വന്ന പാതയില്‍ നിന്ന് അല്‍പ്പം മാറിയാണ് സഞ്ചാരമെങ്കിലും ക്രിസ്തുവിന്റെ മണവാട്ടികള്‍ക്കൊപ്പം സിസ്റ്റര്‍ ജെസ്മിയുമുണ്ട്. ആമേന്‍ എന്ന പുസ്തകത്തിന് ശേഷം തന്റെ ജീവിതവഴിയെ കോറിയിടാന്‍ വീണ്ടും ആമേന്‍ സൃഷ്ടിച്ചു കഴിഞ്ഞു സിസ്റ്റര്‍ ജെസ്മി. സിസ്റ്ററുമായി ഗ്രീഷ്മ ധര്‍മ്മജന്‍ സംസാരിക്കുന്നു.

വീണ്ടും ആമേന്‍?

ആമേന്‍ എന്ന പുസ്തകം ഇറങ്ങി 10 വര്‍ഷം പിന്നിട്ടിരിക്കുന്നു, മഠത്തില്‍ നിന്ന് ഇറങ്ങിയിട്ടും. അതുവരെയുള്ള എന്റെ ജീവിതം ആമേനില്‍ അടയാളപ്പെടുത്തിയിരുന്നു. ആമേന്‍ 25-ാം പതിപ്പിലേക്കാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. പിന്നീടുള്ള എന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ പലര്‍ക്കും താത്പര്യമുണ്ടാകും പ്രത്യേകിച്ച് സഭയ്ക്ക് കീഴില്‍ വീര്‍പ്പുമുട്ടിനില്‍ക്കുന്ന അനേകം ആളുകള്‍ക്ക്. അതെ ഞാന്‍ സന്തോഷവതിയാണ്, സ്വതന്ത്രയാണ് എന്ന് ഉറക്കെ വിളിച്ചുപറയുകയാണ് വീണ്ടും ആമേനിലൂടെ. ഞാന്‍ വെട്ടിയ വഴിയിലൂടെ ശങ്കിച്ചു നില്‍ക്കുന്നവര്‍ക്കുള്ള എന്‍ട്രി കാര്‍ഡ് ആയിരിക്കുമത്. നവംബര്‍ 9-ന് പുസ്തക പ്രകാശനം നടന്നേക്കും. ഡിസി ബുക്സ് ആണ് പ്രസാധകര്‍. സഭയുടെ ചെയ്തികള്‍ക്കെതിരെ വലിയ പോരാട്ടം നടക്കുന്ന സമയത്ത് തന്നെ ഇത് എഴുതി തീര്‍ക്കാന്‍ കഴിഞ്ഞു എന്നത് ഈശ്വര നിശ്ചയം പോലെയാണ് ഞാനിപ്പോള്‍ കാണുന്നത്.

സിസ്റ്റര്‍ പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട് പുറത്തിറങ്ങിയപ്പോള്‍ ലഭിച്ചത് സ്വാതന്ത്ര്യമാണെന്ന്. അതേ സമയം തന്നെ ബിഷപ്പ് ഫ്രാങ്കോയെ പോലുള്ളവര്‍ക്ക് സഭയ്ക്കുള്ളില്‍ ലഭിക്കുന്നത് അമിത സ്വാതന്ത്ര്യമാണെന്ന് തോന്നിയിട്ടില്ലേ ?

തീര്‍ച്ചയായും. സ്ത്രീ, പുരുഷന്‍ എന്ന ലിംഗവ്യത്യാസം ഏറ്റവുമധികം കണ്ടിട്ടുള്ളത് സഭയില്‍ തന്നെയാണ്. അനുസരണ എന്ന വാക്കുകൊണ്ട് സ്ത്രീകളെ അടക്കി നിര്‍ത്തുന്ന സ്ഥിതിയാണ് നിലവില്‍ അവിടെയുള്ളത്. ചോദ്യം ചെയ്യുന്നവര്‍ സാത്താന്റെ സന്തതികളത്രെ. എന്തുകണ്ടാലും മിണ്ടാതെ കേട്ടുകൊള്ളണം. ന്യായീകരിക്കാന്‍വേണ്ടി ന്യായങ്ങള്‍ കണ്ടെത്തും. സ്ത്രീകള്‍ക്ക് സഭയില്‍ വഹിക്കാവുന്ന ഏറ്റവും വലിയ പദവി ജനറാള്‍ അമ്മ എന്ന സ്ഥാനമാണ്. അവര്‍ക്ക് മുകളില്‍ എത്രയോ പുരുഷ പുരോഹിതന്മാര്‍ ഭരിക്കുന്നു. സാമ്പത്ത്, ശക്തി, സാമൂഹിക ബന്ധം എല്ലാം പുരുഷന്മാര്‍ക്ക് ലഭിക്കും. സ്ത്രീകള്‍ അടിമകള്‍ തന്നെ. ഇവരുടെ കാര്യസാധ്യത്തിന് ഭീഷണിപ്പെടുത്താനും കൊന്നുകളയുമാനുമൊക്കെ ആളുകളുണ്ട്. ഞാന്‍ ഇത്തരം ഘട്ടങ്ങളിലൂടെ തന്നെയാണ് കടന്നു വന്നത്. എനിക്ക് ഒന്നും സംഭവിക്കാതിരുന്നത് ദൈവകൃപ കൊണ്ടുമാത്രമാണ്.

സഭയില്‍ ജനാധിപത്യം ഇല്ല എന്നാണോ പറഞ്ഞു വരുന്നത്?

തീര്‍ച്ചയായും ഇല്ല. സഭയില്‍ തെരഞ്ഞെടുക്കുന്നവര്‍ തന്നെയാണ് പദവികള്‍ ലഭിക്കുന്നത് എന്നത് ശരിതന്നെ. എന്നാല്‍ നമ്മുടെ രാഷ്ട്രീയക്കാരേക്കാള്‍ തരം താണ കളികളും വക്രതയും പുരോഹിതന്മാര്‍ക്കുമുണ്ട്. വോട്ടുപിടുത്തമൊക്കെ നടക്കുന്നത് ഇങ്ങനെ തന്നെയാണ്. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തവരെ വളര്‍ത്തി കൊണ്ടു വരുന്നതിനാല്‍ എല്ലാം മിണ്ടാതെ അനുസരിക്കുന്നവര്‍ ധാരാളമുണ്ടാവും.

സഭയിലുള്ള എല്ലാവരും ഇത്തരത്തിലുള്ളവരാണെന്നാണോ?

അല്ല. പക്ഷേ ഞാന്‍ പറയട്ടെ 99 ശതമാനം പേരും ഇങ്ങനെ തന്നെയാണ്. വെറും ഒരു ശതമാനം പേര്‍ മാത്രമാണ് വേറിട്ട് നില്‍ക്കുന്നത്. അവര്‍ക്ക് പണം വേണ്ട, പദവി വേണ്ട, എങ്ങനെ അവിടെ എത്തിയോ അതേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ലോകം വെടിയുന്നു. അത്തരം നല്ല ആളുകള്‍ ഉണ്ട് കുറച്ച് മാത്രം. ബാക്കിയുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം പണം വേണം അതുനേടാന്‍ പലവഴികളും തേടിപോകേണ്ടി വരും. കന്യാസ്ത്രീകളുടെ കാര്യത്തിലും ഈ ഒരുശതമാനം പേര്‍ മാത്രമേ നല്ലവരുള്ളു എന്നാണ് എന്റെ ഉറച്ച വിശ്വാസം.

കന്യാസ്ത്രീകള്‍ തെരുവിലിറങ്ങേണ്ട സന്ദര്‍ഭം ഉണ്ടായിരിക്കുന്നു. ഭ്രാന്തി, ഗര്‍ഭിണി, വേശ്യ, സിസ്റ്ററെ സഭ വിളച്ച ഇത്തരം പദങ്ങള്‍ ഇനി ഇവര്‍ക്ക് നേരെയും ഉയരുമോ?

ഉയര്‍ന്നു കഴിഞ്ഞല്ലോ. കേസ് നല്‍കിയിരിക്കുന്ന സിസ്റ്ററെ അപമാനിതയാക്കുന്ന തരത്തില്‍ വാക്കുകളുയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചില രാഷ്ട്രീയ നേതാക്കളടക്കം ഇവര്‍ക്ക് സ്തുതി പാടുന്നതാണ് സഹിക്കവയ്യാത്തത്. ജനങ്ങള്‍ സത്യം തിരിച്ചറിയുക തന്നെ വേണം. പരാതി നല്‍കിയിരിക്കുന്ന സ്ത്രീയെ വ്യക്തിപരമായി എനിക്ക് അറിയില്ല. അവരെ നേരിട്ട് പോയി കാണാനും സാധിച്ചിട്ടില്ല. പക്ഷേ അതുകൊണ്ട് ഞാന്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നു കരുതരുത്. അവര്‍ക്ക് വേണ്ടി ഞാന്‍ സാസാരിച്ചു കൊണ്ടേയിരിക്കുകയാണ്. അവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. ഞാന്‍ ഇതുവരെയും ഒരു സംഘടനയില്‍ അംഗമല്ല. ഇനി അംഗമാവാനും ഉദ്ദേശിക്കുന്നില്ല. പലരും താത്പര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. പക്ഷേ എനിക്ക് താത്പര്യമില്ലെന്ന് അവരോടൊക്കെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിസ്റ്റര്‍മാരെ സഹായിക്കുന്നതില്‍ എനിക്ക് അതിരുകളുണ്ട്.

കന്യാസ്ത്രീകള്‍ നടത്തുന്ന പോരാട്ടത്തിലൂടെ വലിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?

വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷേ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും ചോദ്യം ചെയ്യാന്‍ ആളുകളുണ്ടെന്ന് സഭ അറിയണം. കന്യസ്ത്രീകള്‍ക്ക് തിരിച്ച് സഭയിലേക്ക് കടക്കാമെന്ന വിശ്വാസം എനിക്കില്ല. അവര്‍ക്ക് ചിലപ്പോള്‍ തിരുവസത്രം അഴിക്കേണ്ടതായി വരും. എങ്കിലും ഒരു വലിയ സമൂഹം അവരെ പിന്തുണയ്ക്കാനുണ്ട്. മാധ്യമങ്ങളുടെ സഹകരണവും ലഭിക്കുന്നു. കുടുംബവും കൂട്ടിനുണ്ടെന്നത് അഭിനന്ദാര്‍ഹമാണ്. ഞാന്‍ ഇറങ്ങുമ്പോള്‍ ഇതായിരുന്നില്ല സ്ഥിതി. അന്നത്തെ അപേക്ഷിച്ച് ഇന്ന് മാറ്റങ്ങള്‍ ഒരുപാടായില്ലേ.

ഇപ്പോഴത്തെ ജീവിതം

സന്തോഷം, ജീവിതത്തിന്റെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുക തന്നെയാണ്. പലതവണ പറഞ്ഞപോലെ സ്വാതന്ത്ര്യമാണ് അതിലൊന്ന്. കന്യാസ്ത്രീ എന്ന് മാത്രമല്ല മറ്റ് സ്ത്രീകള്‍ക്ക് ലഭിക്കാത്ത വലിയ സാതന്ത്ര്യമാണ് എനിക്ക് ലഭിക്കുന്നത്. അപ്പോഴും എന്റെ ദൈവം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഏറ്റവും വലിയ തുണ അവന്‍ തന്നെയാണ്. എന്റെ ജീസസ് ഇപ്പോഴും കൂടെ തന്നെയുണ്ട്. അതിന് എനിക്ക് പള്ളിയില്‍ പോണമെന്നില്ല. എന്റെ മനസിലുണ്ട്. മൂന്നാംപാദം എന്നാണ് ഞാന്‍ സ്വയം അതിനെ വിശേഷിപ്പിക്കുന്നത്. പ്രഭാഷണങ്ങള്‍ നടത്തുന്നു ലേഖനങ്ങള്‍ എഴുതുന്നു തീര്‍ത്തും പുതിയ ജീവിതം. ചില ബുദ്ധിമുട്ടുകളൊന്നും നേരിടുന്നില്ലെന്നല്ല. പക്ഷേ ജിവിതം ആനന്ദകരമായി മാറിയിരിക്കുന്നു. ഒരിക്കല്‍ പോലും ഞാന്‍ പഴയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് ആഗ്രഹിച്ചിട്ടില്ല.

ദൈവത്തിന്റെ ദാസന്മാരും ദാസികളുമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പുതുതലമുറയോട് പറയാനുള്ളത്?

നിങ്ങള്‍ ദൈവത്തെ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സഭയില്‍ ലഭിക്കുമെന്ന് വിശ്വസിക്കരുത്. ഭംഗിവാക്കുകള്‍ക്കപ്പുറം പ്രായോഗിക തലത്തില്‍ നിങ്ങള്‍ തേടിപ്പോകുന്നതൊന്നും അവിടെ നിന്ന് ലഭിക്കുകയില്ല. നിങ്ങള്‍ക്ക് അത്തരമൊരു ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ വിദ്യാഭ്യാസം, ജോലി, വരുമാനം എന്നിവ നേടുക ഒപ്പം ധൈര്യവും. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ അത് നിങ്ങളെ സഹായിക്കും ഇന്നത്തെ കാലത്ത് ഇത് സാധ്യമാണ്. ഞാന്‍ വളര്‍ന്നുവരുന്ന സമയത്ത് ഇത്തരത്തില്‍ ഒരു സാധ്യതയുണ്ടായിരുന്നവെങ്കില്‍ ഒരിക്കലും കന്യാസ്ത്രീ വേഷം അണിയുകയില്ലായിരുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...