ചില കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമുള്ളതല്ല:ഗീതു ശിവകുമാര്‍

പെണ്ണിന്റെ ജീവിതമെന്നാല്‍ സമൂഹം ഉണ്ടാക്കിയെടുത്തിരിക്കുന്ന കാഴ്ചപ്പാടുകളെ പിന്തുടരേണ്ടതല്ലെന്ന് കാണിച്ചുതന്നവള്‍… കൗമാര കാല്‍പികതകളോടുപോലും, കളയാന്‍ സമയമില്ല, ലക്ഷ്യത്തോടാണ് പ്രണയമെന്ന് പ്രഖ്യാപിച്ചവള്‍. സമയം നമുക്കായി കാത്തുനില്‍ക്കില്ലെന്ന ദീര്‍ഘവീക്ഷണത്തില്‍ അതിനുംമുന്‍പേ പായുന്നവള്‍. ഇതെല്ലാമാണ് കഠിനാധ്വാനത്തിന്റേയും നിശ്ചായദാര്‍ഢ്യത്തിന്റേയും പ്രതിരൂപമായ പേസ് ഹൈടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി ഇ ഒ) ഗീതു ശിവകുമാര്‍. ആമിയുമായി ഗീതു സംസാരിക്കുന്നു.

ഗീതു ശിവകുമാര്‍ 22-ാം വയസില്‍ ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ സിഇഒ പദവിയില്‍. ചെറിയൊരു കാര്യമല്ലിത്.. എന്തുപറയുന്നു?

കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന Iഐടി സ്റ്റാര്‍ട്ടപ്പായ പേസ് ഹൈടെക്കിന്റെ സിഇഒയാണ് ഞാന്‍. 20 പേരുണ്ട് സ്ഥാപനത്തില്‍. സോഫ്റ്റ് വെയറുകള്‍, ഓട്ടോമേഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ്, ഇ കോമേഴ്‌സ് തുടങ്ങിയ എല്ലാത്തരത്തിലുമള്ള ഐടി സേവനങ്ങളും ആവശ്യത്തിനനുസരിച്ച് നല്‍കുന്നു. ഒപ്പം പേസ് ഹൈടെകിന്റെ തനതായ ഉല്‍പന്നങ്ങളും വികസിപ്പിക്കുന്നു.

ഐടി മേഖലയോടുള്ള താത്പര്യം എങ്ങനെയാണുണ്ടായത്?

ചെറുപ്പത്തിലെ കമ്പ്യൂട്ടറിനോട് ഇഷ്ടമായിരുന്നു. തിരുവനന്തപുരം നിര്‍മലാഭവനിലാണ് പ്ലസ്ടുവരെ ഞാന്‍ പഠിച്ചത്. സ്‌കൂളില്‍നിന്നും വേണ്ട പ്രോത്സാഹനം കിട്ടിയിരുന്നു. 2011ല്‍ നിര്‍മ്മലാഭവന്‍ സ്‌കൂളില്‍ പ്ലസ് വണ്ണിന് പഠിക്കവേ, സ്റ്റേറ്റ് സ്‌കൂള്‍ ഐടി ഫെസ്റ്റിന് മത്സരിച്ചു. വെബ് ഡെവലപ്പമെന്റ് കോമ്പറ്റീഷനായിരുന്നു, രണ്ട് മണിക്കൂറിനുള്ളില്‍ തരുന്ന വിഷയം ചെയതുകാണിക്കണം. ആ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാമതായത് വഴിത്തിരിവായി. ഇതിനെത്തുടര്‍ന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ജപ്പാനില്‍പോകാനുള്ള അവസരം കിട്ടി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള യൂത്ത് എക്‌സറ്റന്‍ഷന്‍ പരിപാടിയായിരുന്നു അത്. എന്നാല്‍ അപ്പോഴും സ്റ്റാര്‍ട്ട് അപ്പ് എന്ന ആശയമോ അതെന്തെന്നോ ഒന്നുംഅറിയില്ലായിരുന്നു.

ഗീതു പിന്നീട് പഠിച്ചത് ഇലക്ട്രോണിക്‌സ്, എന്നാലിപ്പോള്‍ ഐടി മേഖലയില്‍ സ്വന്തമായൊരു കമ്പനി. അതെങ്ങനെയെത്തിപ്പെട്ടു?

ശാസ്ത്രജ്ഞയാകണമെന്നായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. തിരുവനന്തപുരം ബര്‍ട്ടണ്‍ഹില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദം നേടി. അവിടെവെച്ചും വെബ് ഡവലപ്പ്‌മെന്റ് അടക്കമുള്ളവ ചെയ്തിരുന്നു. പിന്നെ മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയും ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കോളേജിലെ ആവശ്യത്തിന് തന്നെ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഞാന്‍ ഡെവലപ്പ് ചെയ്തത്.

കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ആക്ടിവിറ്റീസും മിനിറ്റ്‌സും അപ്‌ഡേറ്റ്‌സും നോട്ടീസുകളുമെല്ലാം ഒറ്റ ആപ്ലീക്കേഷനില്‍ കാണാനാകുവിധം ഡെവലപ്പ് ചെയ്തു. ഇങ്ങനെയൊരു ന്യൂസ് ആപ്ലിക്കേഷന്‍ രാജ്യത്തുതന്നെ ആദ്യമായിട്ടായിരുന്നു. അത് മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി, ഏറെ പ്രോത്സാഹനവും കിട്ടി. പിന്നീട് അടുത്തവര്‍ഷമാണ് സ്വന്തമായൊരു സ്റ്റാര്‍ട്ട്അപ് എന്നതിലേക്ക് വന്നത്.

അപ്പോഴും അതൊരു ഫുള്‍സ്വിങ്ങില്‍ ആയിച്ചില്ലായിരുന്നു.കിട്ടുന്ന പ്രോജക്ടുകളൊക്കെ സുഹൃത്തുക്കളെയും ഒപ്പംകൂട്ടി ചെയ്തുകൊണ്ടിരുന്നു. ഇതിനിടയ്ക്ക് ഒരു പരിപാടിക്കിടെ ബീറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജെ. രാജമോഹന്‍ പിള്ളയെ കണ്ടുമുട്ടി. മെന്‍ഡര്‍ ചെയ്യാമോയെന്ന് ചോദിച്ചതോടെ അദ്ദേഹം എല്ലാവിധ സപ്പോര്‍ട്ടും തന്നു. അപ്പോഴേക്കും എന്റെ കോഴ്‌സും കഴിഞ്ഞു. അങ്ങനെ സ്റ്റാര്‍ട്ടപ്പ് എല്ലാ അര്‍ത്ഥത്തിലും ഓര്‍ഗനൈസ്ഡായ പേസ് ഹൈടെക്കായി മാറി.

ഇപ്പോള്‍ ഒരുവര്‍ഷം പിന്നിടുമ്പോള്‍ എന്തുതോന്നുന്നു?

അന്ന് രണ്ട് നല്ല സ്ഥാപനങ്ങളില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പറായി, ഉയര്‍ന്ന ശമ്പളത്തോടെ ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടിയിരുന്നു. അത് വേണ്ടെന്നുവെച്ചാണ് ഞാന്‍ സ്വന്തം സ്റ്റാര്‍ട്ടപ്പിലേക്ക് ഇറങ്ങിയത്. ഇപ്പോഴും ഒരു നഷ്ടബോധവും തോന്നാറില്ല. കുറച്ചാളുകള്‍ക്ക് ജോലി നല്‍കാനായി, സ്വന്തം നാട്ടില്‍ത്തന്നെ സേവനങ്ങള്‍ നല്‍കാം. ഒരുപക്ഷെ മറ്റൊരു ജോലിക്കും പോകാതെ ഇറങ്ങിയതുകൊണ്ടാകും ഒരു ധൈര്യക്കുറലുമുണ്ടായിരുന്നില്ല. മാസം ശമ്പളംവാങ്ങിച്ച് ഒരു ജോലിയില്‍ കുടുങ്ങിയിരുന്നെങ്കില്‍ ഇതിലോട്ടിറങ്ങാന്‍ മടിച്ചേനെ. അതുകൊണ്ടുതന്നെ ഏത് ടെന്‍ഷനെയും അതിജീവിക്കാനും കഴിയാറുണ്ട്.

20 പേരടങ്ങുന്ന സ്ഥാപനത്തെ ഈ ചെറിയപ്രായത്തില്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു?

അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഓരോരുത്തരുടടെയും പ്രായവും രീതിയുമനുസരിച്ച് പെരുമാറാന്‍ ശ്രമിക്കാറുണ്ട്. പിന്നെ ഒരുപാട് അടുക്കാതെ ഔദ്യോഗികമായൊരു അകലം പാലിക്കാറുണ്ട് പലരോടും.

സി ഇ ഒ പദവിയിലെത്തിയ ശേഷമുള്ള ഈ ഒരുവര്‍ഷംകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

ഒരുപാട് മാറിയെന്ന് പറയാം. പക്വത കൂടി. എല്ലാത്തരം ആളുകളുമായും ഇടപഴകനാകുമെന്നായി, നയതന്ത്രങ്ങള്‍ അറിഞ്ഞുതുടങ്ങി. ദേഷ്യംവന്നാലും കാണിക്കാതിരിക്കാന്‍ പഠിച്ചു. അധികം സംസാരിക്കാതിരുന്ന ഞാന്‍ നന്നായി സംസാരിക്കാന്‍ തുടങ്ങി. ജെര്‍മനിയിലും കാനഡയിലും ദുബായിലും ശ്രീലങ്കയിലുമടക്കം പ്രധാനരാജ്യങ്ങളിലെല്ലാം ഇപ്പോള്‍ പേസ് ഹൈടെക്കിന് ക്ലയന്റ്‌സ് ഉണ്ട്.

സമയം എങ്ങനെ മാനേജ് ചെയ്യുന്നു?

എല്ലാദിവസവും 10 മണിമുതല്‍ ഏഴ് മണിവരെ ഓഫീസിലുണ്ടാകാറുണ്ട്. ഉള്ള സമയംകൊണ്ട് മാക്‌സിമം കാര്യങ്ങള്‍ ചെയ്യാറുണ്ട്.

ഇതിനിടയില്‍ വായനയും സംഗീതവുമൊക്കെയുണ്ടല്ലേ?

വായന ഒപ്പമുണ്ട്, സംഗീതം എപ്പോഴുമുണ്ട്. സമയംകിട്ടുമ്പോഴൊക്കെ ഹെഡ്‌ഫോണില്‍ പാട്ട് കേള്‍ക്കാറുണ്ട്. ആറ് വര്‍ഷത്തിലധികം വയലിന്‍ പഠിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട എഴുത്തുകാരനും സംഗീതജ്ഞനും- എം മുകുന്ദനാണ് എഴുത്തുകാരന്‍, പ്രീയപ്പെട്ട സംഗീതജ്ഞന്‍ യാനിയാണ്.

സച്ചിനും ഐന്‍സ്റ്റീനുമെങ്ങനെ ഇഷ്ടത്തില്‍പ്പെട്ടു.

ക്രിക്കറ്റിനുമപ്പുറം സച്ചിന്‍ ടെന്‍ഡുല്‍ക്കറെന്ന വ്യക്തിയോട് ഇഷ്ടമാണ്. കാരണം ഇത്രയും ഉയരത്തിലെത്തിയിട്ടും വിനയത്തോടെയുള്ള പെരുമാറ്റം, കഠിനാധ്വാനം ഒക്കെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. അതുപോലെ തന്നെ സാധാരണ ആള്‍ക്കാര്‍ക്ക് ഇപ്പോഴും മനസിലാകാത്ത കാര്യങ്ങള്‍ അന്ന് അക്കാലത്തുതന്നെ തിരിച്ചറിഞ്ഞയാളെന്ന നിലയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനോടും ആരാധനയാണെനിക്ക്. ചെറിയപ്രായത്തില്‍ തന്നെ ഉത്തരവാദിത്വമുള്ള ജോലി.

സൗഹൃദങ്ങളടക്കം നഷ്ടപ്പെടുന്നെന്ന് തോന്നാറുണ്ടോ?

പല സുഹൃത്തുക്കളും അടിച്ചുപൊളിച്ചുനടക്കുമ്പോള്‍ ഞാനെപ്പോഴും ഓഫീസും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ്. ഇപ്പോളതിനെക്കുറിച്ചൊന്നും ഓര്‍ക്കാറില്ല, ചിലപ്പോള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഈ സമയമൊക്കെ പോയെന്നോര്‍ത്ത് നഷ്ടബോധം തോന്നുമോയെന്നറിയില്ല. പിന്നെ ജോലിയുടെ ഭാഗമായുള്ള യാത്രകളെ ആഹ്ലാദഭരിതമാക്കാന്‍ ശ്രമിക്കാറുണ്ട്. തിരക്കുകാരണം നഷ്ടമാകുന്നത് സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാനുള്ള സമയമാണ്. കഴിവതും അടുത്ത സുഹൃത്തുക്കള്‍ക്കായി സമയം കണ്ടെത്താറുണ്ട്.

താത്പര്യങ്ങള്‍കൊണ്ടും പ്രവര്‍ത്തികൊണ്ടും സാധരണ ‘പെണ്‍കുട്ടി’ എന്ന ചട്ടക്കൂട്ടില്‍ നില്‍ക്കാത്തൊരാളാണ് ഗീതു. അതെന്തുകൊണ്ടാണ്?

അച്ഛനുമമ്മയ്ക്കും ഒറ്റമകളാണ് ഞാന്‍. ചെറുപ്പം മുതല്‍ പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഒന്നില്‍ നിന്നും മാറിനില്‍ക്കേണ്ടിവന്നിട്ടില്ല. മനോഭാവത്തിലായാലും പ്രവര്‍ത്തിയിലായാലും സ്വയംപര്യാപ്തത കൈവരിക്കാന്‍ മതാപിതാക്കളും കാരണക്കാരായി.

കുടുംബം?

വട്ടിയൂര്‍ക്കാവാണ് വീട് അച്ഛന്‍ – ശിവകുമാര്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ഉദ്യോഗസ്ഥനാണ്. അമ്മ- സുജാകുമാരി ,വീട്ടമ്മയാണ്.

സ്വന്തം അനുഭവത്തില്‍നിന്ന് പെണ്‍കുട്ടികളോട്, സമകാലികരോട് എന്താണ് ഗീതുവിന് പറയാനുള്ളത്?

ചില കാര്യങ്ങള്‍ ആണുങ്ങള്‍ക്ക് മാത്രമാണുള്ളതെന്ന് വിചാരിക്കുന്നവരുണ്ട്. പെണ്‍കുട്ടികളെന്നാല്‍ കല്യാണം കഴിച്ചുപോകാനുള്ളവരാണ്. അതുകൊണ്ടുതന്നെ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ നഷ്ടബോധം തോന്നിത്തുടങ്ങും. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഈ നിമിഷം നമുക്ക് എന്തെങ്കിലം ആഗ്രഹമുണ്ടെങ്കില്‍ അതിനായി പ്രയത്‌നിക്കുക, അത് ചെയ്തുതീര്‍ക്കുക.

പ്രോത്സാഹനത്തിനൊപ്പം നിരുത്സാഹപ്പെടുത്തിയവരും ഉണ്ടാകുമല്ലോ. എങ്ങനെയായിരുന്നു അനുഭവം?

അധികമാരോടും എന്റെ തീരുമാനങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നിരുന്നാലും നന്നായി പ്രോത്സാഹിപ്പിച്ചവരും അതുപോലെ റിസ്‌ക് എടുക്കുന്നതെന്തിനായെന്ന് ചോദിച്ചവരുമുണ്ട്. അതേസമയം നിര്‍ത്തിപ്പോയാലോ എന്ന് തോന്നിയഘട്ടത്തില്‍ ഒപ്പം നിന്ന് കരുത്ത് പകര്‍ന്നവരുമുണ്ട്. എപ്പോഴും എന്തിനും എന്നെ മനസിലാക്കി ഒപ്പം മാതാപിതാക്കളുണ്ടായിരുന്നു.

ഇനിയെന്താണ് പ്ലാന്‍?

സ്റ്റാര്‍ട്ട് അപ്പുമായിത്തന്നെ മുന്നോട്ടുപോകണം. ഇപ്പോഴുള്ളതിനെ എക്‌സപാന്റ് ചെയ്യണം. കുറച്ചുകൂടി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണം. കൂടുതല്‍പ്പേര്‍ക്ക് ജോലി നല്‍കണം. മറ്റ് സ്റ്റാര്‍ട്ടപ്പുകളെ സപ്പോര്‍ട്ട് ചെയ്തും പ്രവര്‍ത്തിക്കണം. നല്ലൊരു ബ്രാന്‍ഡ് ടെക്‌നോളജി ഫീല്‍ഡില്‍ ബില്‍ഡ് ചെയ്യണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. പുതിയ പ്രൊഡക്ട് ടെസ്റ്റ് ചെയതുകൊണ്ടിരിക്കുന്നു. ലോഞ്ചിംഗ് ഉടനുണ്ടാകും. ടെക്‌നോളജി റിലേറ്റഡ് പ്രൊഡക്ടിനും സര്‍വീസിനും ഡിസ്‌കൗണ്ട് ചെയ്യുന്നൊരു സൈറ്റ്- സെയില്‍സ് സ്‌പേസ്.

വിവാഹം?

അടുത്ത 10വര്‍ഷത്തേക്ക് വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.

എന്തായാലും ജനനത്തിനും മരണത്തിനുമിടയില്‍ പെണ്‍കുട്ടികള്‍ക്കും വാനോളം സ്വപ്നങ്ങള്‍ കാണാനുണ്ടെന്ന് ഗീതു നമ്മെ ഓര്‍മിപ്പിക്കുന്നു. ”നിങ്ങള്‍ ഉറങ്ങുമ്പോള്‍ കാണുന്നതല്ല,. നിങ്ങളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്നം” എന്ന എപിജെ അബ്ദുല്‍ കലാമിന്റെ വാക്കുകളെ ഏറെ ഇഷ്ടപ്പെടുന്ന ഈ പെണ്‍കുട്ടിയുടെ ജീവിതവും അതേ താളത്തിലാണ്. കാരണം അവള്‍ തന്നെ ഉറങ്ങാനനുവദിക്കാത്ത ലക്ഷ്യത്തിലേക്ക് സ്വപ്നത്തിലേക്ക് ഉണര്‍ന്നിരിക്കുകയാണ്… പ്രായത്തെയും കാലത്തെയും തോല്‍പിച്ച് വിധി തനിക്കായി മാത്രം കാത്തുവെച്ചിരിക്കുന്ന നേട്ടങ്ങളുടെ നിധി കണ്ടെത്താന്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More