പ്രതീക്ഷകളോടെ ശ്രീസംഖ്യ

53

മലയാളികള്‍ക്ക് ചിരിയുടെ പൂക്കാലം സമ്മാനിച്ച വ്യക്തിയാണ് കല്‍പ്പന. അമ്മയായും, അനിയത്തിയായും, കാമുകിയായും അവര്‍ നിറഞ്ഞാടിയ സിനിമകള്‍ കേരളത്തിലെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. മണ്‍മറഞ്ഞെങ്കിലും ആ അമ്മ പകര്‍ന്നു കൊടുത്ത പാഠങ്ങളുമായി മകള്‍ വെളളിത്തിരയിലേക്ക് എത്തുകയാണ്. നടി കല്പനയുടെ മകള്‍ ശ്രീസംഖ്യയെന്ന ശ്രീമയിയും സിനിമയിലേക്ക് എത്തുകയാണ്. ശ്രീസംഖ്യയുമായി കൃഷ്ണ പ്രിയ സംസാരിക്കുന്നു.

ശ്രീമയിയില്‍ നിന്ന് ശ്രീസംഖ്യയിലേക്ക്

ന്യൂമോറളജി പ്രകാരമാണ് ശ്രീസംഖ്യയെന്ന പേര് തിരഞ്ഞെടുത്തത്. അമ്മയാണ് (കല്പനയുടെ അമ്മ) പേരിട്ടത്. ഒരേ ജന്മത്തില്‍ രണ്ട് തവണ പേരീടല്‍ നടത്തിയെന്നത് തന്നെ നല്ലതല്ലേ. സൂര്യന്റെ ഭാര്യയാണ് സംഖ്യ, സൂര്യന്റെ പ്രഭാവലയത്തില്‍ പ്രകാശപൂരിതയായി നില്ക്കുന്ന സ്ത്രീ. എവിടെയും തളരാതെ സൂര്യനൊപ്പം തന്നെ ശക്തിയില്‍ ജ്വലിച്ച് നില്ക്കുന്നവളാണ് സംഖ്യ. പേര് മാറിയെങ്കിലും കൂട്ടുകാരെ ഇത് കാര്യമായി ബാധിക്കാന്‍ പോകുന്നില്ല. അവര്‍ക്ക് ഞാന്‍ എന്നും ‘ശ്രീ’ അല്ലേ…

പഠനം

ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയില്‍ ബി.എ. വിഷ്വല്‍ മീഡിയ ഒന്നാം വര്‍ഷം പഠിക്കുകയാണ്. പഠിത്തം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ സജീവമാകാനാണ് ഇഷ്ടം. കൊച്ചി ചോയ്‌സ് സ്‌കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്. ക്ലാസ്‌മേറ്റും ഉറ്റസുഹൃത്തുമായിരുന്ന കുഞ്ഞാറ്റയെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. അവള്‍ ബെംഗലൂരു ക്രൈസ്റ്റില്‍ മള്‍ട്ടി മീഡിയ കോഴ്‌സ് പഠിക്കുകയാണ്. ക്രിസ്മസ് അവധിക്ക് അവളുടെ വരവിനായി കാത്തിരിക്കുകയാണ്. കുടുംബത്തിലെ ഈ തലമുറയിലുള്ള എല്ലാവരും സിനിമാ സംബന്ധമായ കോഴ്‌സുകളാണ് പഠിക്കുന്നത്.

അഭിനയം

അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെന്ന്‌ പറയുന്നതിലും ഭംഗി അഭിനയം രക്തത്തിലുള്ളതാണെന്നതാണ്. മിനുവിനെ (കല്പന) പോലെയൊരു അഭിനേത്രിയാവുകയെന്നല്ല ആഗ്രഹം. അവര്‍ക്ക് പകരമാവാന്‍ എനിക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് എനിക്ക് താത്പര്യം. മിനു തിരഞ്ഞെടുത്ത പോലെയുള്ള ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നൊരു ധൈര്യം ഇതുവരെയും വന്നിട്ടില്ല. സിനിമകളില്‍ ചെറിയ ഹ്യൂമര്‍ സീക്വന്‍സ് വന്നാല്‍ ഒരുപക്ഷേ ചെയ്യാന്‍ സാധിക്കുമായിരിക്കും. എനിക്ക് പിന്നാലെ കുഞ്ഞാറ്റയും കാര്‍ത്തുവിന്റെ (കലാരഞ്ജിനി) മകന്‍ അമ്പോറ്റിയും അമ്മാവന്റെ മകന്‍ അമ്പാടിയും സിനിമയിലേക്ക് തന്നെ വരും. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കകം തന്നെ ഞങ്ങളെ എല്ലാവരെയും സിനിമയില്‍ കാണാന്‍ സാധിക്കും.

സിനിമ

ആബ്ര ഫിലിംസിന്റെ ബാനറില്‍ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രമാണ് ആദ്യമായി ചെയ്യാന്‍ പോകുന്നത്. ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കുഞ്ചിയമ്മ എന്ന ലീഡ് റോളിലാണ് അരങ്ങേറ്റം കുറിക്കുന്നത്.  സിനിമ വിഷുവിന് ശേഷം റീലിസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പഠനത്തിനൊപ്പം സിനിമ കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തിലുള്ളവ മാത്രമാണ് സ്വീകരിക്കുന്നത്. നല്ല കഥയും കഥാപാത്രങ്ങളും വരികയാണെങ്കില്‍ ഉറപ്പായും സ്വീകരിക്കും.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...