ടേക്ക് ഓഫ് സുഹൃത്തുക്കളുടെ സിനിമ: മഹേഷ് നാരായണന്‍

എഡിറ്റിംഗ്‌ടേബിളില്‍ കിട്ടുന്ന അസംസ്‌കൃത വിഷ്വല്‍സില്‍ നിന്ന് പുതിയൊരു സിനിമ സൃഷ്ടിച്ചെടുക്കാന്‍ എഡിറ്ററായ മഹേഷ് നാരായണന് കഴിയുമെന്ന് ഫഹദ് ഫാസില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ മഹേഷ് തന്നെ പൂര്‍ണമായും ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിയന്ത്രിച്ചാല്‍ എത്ര മനോഹരമായ സിനിമ പ്രേക്ഷകര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം ടേക്ക് ഓഫിലൂടെ തെളിയിച്ചു. മഹേഷ് നാരായണന്‍ മീരയുമായി സംസാരിക്കുന്നു.

ടേക്ക് ഓഫ് എന്ന സിനിമ സംഭവിച്ചത് എങ്ങനെയാണെന്ന് പറയാമോ?

രാജേഷേട്ടന്റെ മരണത്തിന് ശേഷമാണ്  ഇങ്ങനെ ഒരു സിനിമ ചെയ്യണമെന്ന ആലോചന ഉണ്ടാക്കിയത്. അതിൽ ഒരുപാട് വിഷയങ്ങളുണ്ടായിരുന്നു. മേഘ (രാജേഷ് പിള്ളയുടെ ഭാര്യ) എന്നയാള് അങ്ങനെ അങ്ങ് ഒതുങ്ങി പോകരുത് എന്നുണ്ടായിരുന്നു. മേഘയെ ആക്ടീവ് ആക്കി പുറത്തേക്ക് കൊണ്ടു വരണമായിരുന്നു. ഇങ്ങനെ ഒരു ഐഡിയ ഉണ്ടായ സമയം മുതലേ ചാക്കോച്ചനും പാർവതിയും കൂടെയുണ്ടായിരുന്നു. ഇതിന്റെ കഥ രണ്ട് വർഷം മുമ്പ് പാർവതിയോട് പറഞ്ഞിരുന്നു. കഥയെന്ന് വച്ചാൽ ഒരു ഫോം ആയിട്ടൊന്നുമുണ്ടായിരുന്നില്ല. ഒരു ഐഡിയ മാത്രം. ഇതിന് ശേഷം ഡെവലപ്മെന്റ്സ് ഉണ്ടായതിന് ശേഷം നല്ലൊരു കാര്യത്തിന് വേണ്ടിയായത് കൊണ്ട് എല്ലാവരും കൂടെ നിന്നു. ചാക്കോച്ചനും പാർവതിയും മാത്രമല്ല, ബോബി സഞ്ജയ്, ക്രിയേറ്റീവ് ആയിട്ടല്ലെങ്കിൽ പോലും വേറെയും ഒരുപാട് പേർ കൂടെയുണ്ടായിരുന്നു. പിന്നെ നിർമ്മാതാക്കളായി ആന്റോ ജോസഫും ഷെബിനും വന്നു. സുഹൃത്തുക്കളുടെ സിനിമ എന്ന് വേണമെന്ന് പറയാം ടേക്ക് ഓഫിനെ.

കഥാപാത്രങ്ങളാരാകണമെന്ന് നിശ്ചയിച്ചത് എങ്ങനെയായിരുന്നു?

ഇത് ഒരു ഫീമെയിൽ കേന്ദ്രീകൃത സിനിമയാണ്. പാർവതി ആദ്യം വന്നു. പിന്നെ, ചാക്കോച്ചൻ. ഇവർ രണ്ടുപേരിലൂടെയുമാണ് സിനിമ ആദ്യം പോകുന്നത്. പിന്നെ, സിനിമ ഒരു ഫോമിലായതിന് ശേഷമാണ് അംബാസിഡറിന്റെ കാരക്ടർ ഫഹദ് ചെയ്താൽ നന്നാകും എന്ന ചിന്ത വന്നത്. അതു വരെ ഫഹദിനെ ചിന്തിച്ചിട്ടില്ല. തിരക്കഥയെല്ലാം പൂർണമായി സിനിമ തുടങ്ങാറായപ്പോഴാണ് ഫഹദിനെ ഉറപ്പിക്കുന്നത്. അതുപോലെ തന്നെയാണ് ആസിഫും.

സിനിമയാണ് എന്റെ പ്രൊഫഷൻ എന്ന തീരുമാനം എടുത്തത് എപ്പോഴാണ്?

പഠിച്ചതൊക്കെ തിരുവനന്തപുരത്താണ്. അവിടുത്തെ പ്രത്യേകതയെന്ന് വച്ചാൽ ഒരുപാട് ഫിലിം സൊസൈറ്റികളും പ്രവർത്തനങ്ങളും കാര്യങ്ങളുമൊക്കെ സജീവമായിട്ടുള്ള ഏരിയ ആണ്. തിരുവനന്തപുരത്ത് താമസിക്കുന്നവർക്ക് അറിയാം. അവിടെ സ്ക്രീനിംഗുകളും കാര്യങ്ങളുമൊക്കെ നടക്കാറുണ്ട്. ഒത്തിരി സുഹൃത്തുക്കളും അതുവഴിയിലുണ്ട്. അതുകൊണ്ട് സിനിമയുടെ വഴിയിലേക്ക് തിരിയുക എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പിന്നീട്, അത് സീരിയസ് ആകുന്നത് ഡിഗ്രി കഴിഞ്ഞ് ഒരു വർഷം കൈരളി ടിവിയിൽ ജോലി ചെയ്തിരുന്നു. കൈരളിയുടെ തുടക്കകാലത്ത്. അന്ന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച കുറച്ചുപേരുണ്ടായിരുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകണമെന്നായിരുന്നു ഡ്രീം. എല്ലാ കൊല്ലവും എൻട്രൻസ് എഴുതുന്നു, കിട്ടുന്നില്ല, എഴുതുന്നു, കിട്ടുന്നില്ല. ഒരു മൂന്നാലു പ്രാവശ്യം എഴുതിയിട്ടാണ് അഡയാറിൽ അഡ്മിഷൻ കിട്ടുന്നത്. സ്വാധീനിച്ച ഒരുപാട് പേരുണ്ട്. ആരുടെയും പേരെടുത്ത് പറയുന്നില്ല. അത് തിരുവനന്തപുരത്തിന്റെ ഒരു കൾച്ചറാണ്. കൊച്ചി ഇപ്പോൾ ഈ കാണുന്ന കൊമേഴ്സ്യൽ  സിനിമകളുടെ ഹബായിരുന്നതു പോലെ മീനിംഗ്ഫുൾ സിനിമകളുടെ സെന്ററായിരുന്നു തിരുവനന്തപുരം. ഇപ്പോഴും അത് അങ്ങനെ പോകുന്നുണ്ട്.

അതിൽ എഡിറ്റിംഗാണ് എനിക്ക് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്? ഫഹദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു എ‌ഡിറ്റിംഗ് ടേബിളിൽ പുതിയ സിനിമ ഉണ്ടാക്കാനാകും മഹേഷേട്ടന് എന്ന്. എഡിറ്റർ എന്ന ജോലി സംവിധാനത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ഞാൻ പറഞ്ഞില്ലേ, ഇത് ശരിക്കും എല്ലാവർക്കും പരസ്പരം അറിയാവുന്നത് കൊണ്ട് സംഭവിച്ച സിനിമയാണ്. പിന്നെ, സിനിമ ശരിക്കും സംഭവിക്കുന്നത്, പൂർണമാകുന്നത് രണ്ട് ഘട്ടത്തിലാണ്. എഴുത്തിലും എഡിറ്റിംഗിലും. ഒന്ന് ഒന്നിനെ കോംപ്ളിമെന്റ് ചെയ്ത് പാരലലി പോകുന്ന രണ്ട് സ്ട്രീമുകളാണ്. കഥ പറയുന്ന ഇഷ്ടം കൊണ്ടാണ് എഡിറ്റിംഗ് ഞാൻ തിരഞ്ഞെടുത്തത്. അല്ലാതെ, ഇതിന്റെ ടെക്നിക്കും മറ്റു വശങ്ങളൊന്നും ഒരിക്കലും ഇന്ററസ്റ്റ് ഉണ്ടാക്കിയിട്ടില്ല. കഥ പറയാനുള്ള മേഖലയാണിത്. സംവിധായകൻ എടുക്കുന്ന സാധനത്തിൽ എനിക്ക് എന്ത് പറയാനുണ്ട്, സംവിധായകന്റെ കാഴ്ചപ്പാടിൽ കാണിക്കുന്നതിൽ നമ്മൾക്ക് എന്ത് ചെയ്യാനാവും നമ്മുടെ പെർസ്പെക്ടീവിൽ എങ്ങനെ നോക്കിക്കാണാം എന്നതൊക്കെയാണ് എഡിറ്റിംഗ് ടേബിളിൽ സംഭവിക്കുന്നത്. പലരും എന്നോട് ചോദിച്ച ചോദ്യമാണ്, സംവിധാനം ചെയ്തപ്പോൾ എഡിറ്ററിൽ നിന്ന് പ്രമോഷൻ കിട്ടിയതു പോലെയാണോ എന്ന്. ഞാനങ്ങനെയൊന്നും കാണുന്നില്ല ഇതിനെ. എല്ലാ കാലവും ഫിലിം മേക്കർ എന്ന നിലയിൽ നിൽക്കണമെന്ന് ആഗ്രഹിച്ച ആളാണ് ഞാൻ. ഇപ്പോൾ സ്വതന്ത്രമായി ഒരു സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യവും സാധ്യതയും തുറന്നു വന്നപ്പോൾ നമ്മളത് എക്സിക്യൂട്ട് ചെയ്തു. പിന്നെ കിട്ടുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ ഇത്തരമൊരു സിനിമ ചെയ്യുമ്പോൾ ചിലപ്പോൾ പ്രാക്ടിക്കൽ ലൊക്കേഷനിൽ ചെയ്യാൻ പറ്റില്ല, ഒരുപാട് സ്ഥലങ്ങളിൽ ചീറ്റ് ചെയ്ത് ഷൂട്ട് ചെയ്യേണ്ടി വരും. അപ്പോൾ എഡിറ്റേഴ്സ് ബ്രെയിൻ വർക്ക് ചെയ്യും. പ്ളാൻഡ് ലൊക്കേഷനിൽ ഇല്ലെങ്കിൽ, ഈ സിനിമയിൽ ഹോസ്പിറ്റൽ സീൻ എറണാകുളത്താണെങ്കിൽ പുറത്തുള്ള ഷോട്ട് ഹൈദരാബാദില്‍, അതിന്റെ പുറകിലുള്ള സീൻ ഇറാക്കിൽ എന്നൊക്കെ പലയിടങ്ങളിൽ കട്ട് ചെയ്ത് ഷൂട്ട് ചെയ്യേണ്ടി വരും. ഇതിന്റെ റിലേഷൻഷിപ്പ് എല്ലാവരും മനസ്സിലാക്കണം. എന്റെ കാമറാമാൻ, ആർട്ട് ഡയറക്ടർ, മേക്ക് അപ്പ് മാൻ എല്ലാവരും മനസ്സിലാക്കണം. എന്നാലെ ഈ ഐഡിയ യൂണിഫോം ആയി വരുകയുള്ളൂ. ഞാൻ എഡിറ്ററായി വർക്ക് ചെയ്തത് കൊണ്ട് ഞാൻ പറയുന്ന റിലേഷൻഷിപ്പ് ഇവർക്ക് കറക്ടായിട്ട്‌ മനസ്സിലാകുന്നുണ്ട്. ഇത് പല സമയങ്ങളിലും ഡയറക്ടേഴ്സിനോടും ട്രൈ ചെയ്തതു കൊണ്ടാവാം ഇത് വർക്കാവുന്നത്.

മേഘയെ സഹായിക്കുക മാത്രമാണോ സിനിമ ചെയ്യാൻ കാരണമായത്?

അയ്യയ്യോ അങ്ങനെ പറയരുത്. ഞാൻ ഈ മേഖലയിലേക്ക് വരണമെന്ന് ആഗ്രഹിച്ചതാണ്. രണ്ടുമൂന്ന് വർഷമായി ഇത് മനസ്സിൽ. ഏതാണ്ട് ചാപ്പാകുരുശ് കഴിഞ്ഞപ്പോൾ മുതൽ ഫഹദ് പറയുകയാണ് നമുക്കൊരു സിനിമ ചെയ്താലോ എന്ന്. അത് ഇപ്പോഴാണ് നടന്നത്. കാരണം അപ്പോഴെല്ലാം ഞാൻ എഡിറ്റിംഗിലായിരുന്നു. അതിനിടയിൽ ചെയ്യാവുന്ന ജോലി അല്ല ഇത്. ഞാനൊരു ഒന്നര വർഷമായി എഡിറ്റിംഗ് ചെയ്തിട്ട്. ഒടുവിൽ ചെയ്തത് എന്ന് നിന്റെ മൊയ്തീൻ ആണ്. അത്രയും ഉണ്ടെങ്കിലേ നമുക്കൊരു സിനിമയിൽ കോൺസൻട്രേറ്റ് ചെയ്യാനൊക്കൂ. പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് എഡിറ്റിംഗ് ചെയ്തൂടെ എന്ന്. പല സംവിധായകർക്കും വിഷമവും തോന്നിയിട്ടുണ്ട്. പകക്ഷം, എനിക്ക് അത് ചെയ്യാൻ പറ്റില്ല. രാജേഷേട്ടന്റെ എക്സിസ്റ്റൻസ് ഉണ്ടാക്കണമെന്ന ആഗ്രഹത്തിലാണ് കമ്പനി റിവൈവ് ചെയ്യുന്നത്. പുള്ളിയുടെ ഒരു ഡ്രീം ഒരുപാട് സിനിമകൾ നിർമ്മിക്കുക എന്നതാണ്. ഇതൊരു തുടക്കം മാത്രമാണ്. വർഷത്തിൽ ഒരു സിനിമ വച്ച് ചെയ്യാനാണ്. പുള്ളിയുടെ അസിസ്റ്റൻസ് ആയിട്ടുള്ളവർ ഒരുപാട് പേർ സിനിമയെടുക്കാൻ തയ്യാറായി നിൽക്കുകയാണ്. ദേ വിൽ ബി പ്രൊഡ്യൂസിംഗ് ഗുഡ് മൂവീസ്.

രാജേഷ് പിള്ള

രാജേഷ് പിള്ളയുമായുള്ള സൗഹൃദം എപ്പോൾ തുടങ്ങിയതാണ്?

അത് പത്ത്- പതിനഞ്ച് വർഷം മുമ്പാണ്. ഞാൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിന് മുമ്പേയുള്ള പരിചയമാണ്. പുള്ളി ചെയ്ത സിനിമ അത്ര നല്ലതല്ലാതെ വന്ന വിഷമത്തിൽ നിന്ന് ട്രാഫിക് എന്ന പടം ചിന്തിച്ച് ഉണ്ടാക്കിയ സമയത്ത്. തിരുവനന്തപുരത്തെ സിനിമാലോകത്ത് നിന്ന് തുടങ്ങിയ ബന്ധമാണ്. പിന്നെ, വളരെ അടുത്തു. പക്ഷേ, ഞങ്ങളെയെല്ലാം ബന്ധിപ്പിച്ചിരുന്ന കോമൺ ഫാക്ടർ സിനിമ തന്നെയാണ്.

വിശ്വരൂപം സിനിമയിൽ കമലഹാസനോടൊപ്പം ജോലി ചെയ്തത് ടേക്ക് ഓഫിനെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?

ഫിലിം സ്കൂൾ കഴിഞ്ഞാൽ കിട്ടിയിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ട് എന്നു പറയുന്നത് കമൽ സാറാണ്. ക്രിറ്റിക്കലായി വിഷ്വല്‍ കൈകാര്യം ചെയ്യുന്നതായാലും പരിമിതമായ ബഡ്ജറ്റിൽ നിന്നാലും സിനിമയുടെ വലിപ്പം എങ്ങനെയുണ്ടാക്കിയെടുക്കാം എന്നെല്ലാം പഠിപ്പിക്കുന്നത് പുള്ളിയാണ്. പുള്ളിയുടെ എനർജി, എന്നെപ്പോലെ തന്നെ ഈ പടത്തിൽ വർക്ക് ചെയ്ത പല ടെക്നീഷ്യൻസിനും കിട്ടിയിട്ടുണ്ട്. ഒരു ആക്ടറെന്നതിനേക്കാൾ മേലെയാണ് പുള്ളിയിലെ ഫിലിംമേക്കർ. അങ്ങനെയാണ് ഞാൻ അദ്ദേഹത്തെ റേറ്റ് ചെയ്യുന്നത്. ഇത്രയും വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് അദ്ദേഹം നേടിയെടുത്തതാകാം അത്. ആ ഒരു പഠനം അദ്ദേഹം നമ്മളിലേക്ക് പകർന്ന് തരാറുണ്ട്. അത് ഒരു വലിയ കാര്യമാണ്. അത് നമ്മൾ ഒത്തിരി സ്ഥലങ്ങളിൽ ഇൻസ്പയർ ചെയ്തിട്ടുണ്ട്. ടെറൈൻ സിമിലാരിറ്റി ആയിരിക്കും പലർക്കും ഇരു സിനിമകളിലും തോന്നിയിട്ടുണ്ടാകുക. ജോർദ്ദാൻ ടെറൈനിലാണ് വിശ്വരൂപം. ഇത് ഇറാഖ് ടെറൈനാണ്. കണ്ടന്റ് വൈസ് രണ്ടും രണ്ടു തരം സിനിമകളാണ്. ലിമിറ്റഡ് റിസോഴ്സ് കൊണ്ട് വലിയ സിനിമയെടുക്കാൻ ലേണിംഗ് സ്റ്റെപ് ആയിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

ടെറൈൻ കണ്ടെത്താനുള്ള ബുദ്ധിമുട്ട് എത്രത്തോളമുണ്ടായിരുന്നു?

ഒത്തിരി സ്ഥലങ്ങൾ മിക്സ് ചെയ്താണ് ഈ സിനിമ എടുത്തിരിക്കുന്നത്. ഞാൻ മനസ്സിലാക്കുന്നത് പ്രീപ്രൊഡക്ഷൻ ചെലവാക്കുന്ന സമയം കറക്ട് ആണെങ്കിൽ മറ്റു ജോലികൾക്ക് എളുപ്പമായിരിക്കും എന്നാണ്. പ്രീപ്രൊഡക്ഷനിലെ പാളിച്ചയാവും ചിലവ് കൂട്ടുന്നത്. കുറച്ച് ദിവസം ഷൂട്ട് ചെയ്തിട്ട് കളയേണ്ടിയൊക്കെ വരുന്നത് പ്രോപർ പ്രീ പ്രൊഡക്ഷൻ ഇല്ലായ്മയാണ്. ഈ പടത്തിൽ വ്യക്തമായ ബോധമുണ്ടായിരുന്നു എല്ലാർക്കും. ഇറാഖ് പോലുള്ള സ്ഥലത്ത് ക്രൂവിനെയെല്ലാം കൊണ്ടു പോയി ഷൂട്ട് ചെയ്യുകയെന്നത് പോസിബിൾ ആയിട്ടുള്ള കാര്യമല്ല. പല സ്ഥലങ്ങളിൽ പോയി, പല സ്ഥലങ്ങൾ ഷൂട്ട് ചെയ്ത് വിഎഫ്എക്സ് ഒക്കെ ചെയ്തിരിക്കുന്നതാണ് ഇപ്പോൾ കാണുന്ന സിനിമ. ഇറാഖിന്റെ ടെറൈൻ ഏതാണ്ട് ഒരുപോലെ കാണുന്ന സഥലമാണ് റാസൽ ഖൈമ. മണ്ണിന്റെ ടെക്സ്ചറും ക്ളൈമറ്റും എല്ലാം ഏതാണ്ട് സിമിലറാണ്. പിന്നെ, ഇറാഖ്‌ പോലൊരു സ്ഥലത്ത് കടലില്ല, അപ്പോൾ അത് കട്ട് ചെയ്യേണ്ടതായിട്ട വരും, അതുപോലെ കേവിനകത്ത് ഷൂട്ട് ഉണ്ടെങ്കിൽ മണ്ണിന്റെ ടെക്സ്ചർ എങ്ങനെയായിരിക്കും, ലൈറ്റ് വീഴുമ്പോൾ അവിടെ എങ്ങനെയാവും അങ്ങനെ നല്ല രീതിയിൽ റിസേർച്ച് നടത്തിയിട്ട് തന്നെയാണ് ഷൂട്ടിംഗ് തുടങ്ങിയത്. സിനിമാറ്റോഗ്രാഫറിന്റെ ഭാഗത്ത് നിന്നും ആർട്ട് ഡയറക്ടറുടെ ഭാഗത്ത് നിന്നുമൊക്കെ നല്ല രീതിയിലുള്ള ഹോംവർക്കുണ്ടായിരുന്നു. സെറ്റ് ഒക്കെ നല്ല കൃത്യത ഉണ്ടായിരുന്നു. ബിലീവബിലിറ്റിക്ക് അടുത്ത് നിൽക്കേണ്ട സിനിമയായതു കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത്. ഫാന്റസി ലെവലിൽ പറയേണ്ട സിനിമയാണെങ്കിൽ അതിന്റെ ആവശ്യമില്ല.

തീവ്രവാദികളും ഇറാഖ് പട്ടാളവുമായി ഒക്കെ അഭിനയിച്ചത് കാസർകോട്ടുകാരായിരുന്നു എന്നു കേട്ടിരുന്നു?

കാസർകോട് ഉള്ളവർക്ക് അറബ് സിമിലാരിറ്റി ഉണ്ട്. നമ്മളുടെ ബ‌ഡ്ജറ്റിൽ നിൽക്കുന്നതായതു കൊണ്ട് അവരിൽ ഒരുപാട് പേരെ കാസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമൊക്കെ ആളുകളെ കാസ്റ്റ് ചെയ്തിട്ടുണ്ട്. റാസൽ ഖൈമയിൽ ഷൂട്ട് ചെയ്ത രംഗങ്ങളിൽ അവിടെ നിന്നുള്ളവർ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.

ചിത്രം റിലീസ് ആയപ്പോൾ എതിർപ്പ് കേൾക്കേണ്ടി വന്നിട്ടുണ്ടാവുക പ്രധാന കഥാപാത്രത്തിന്റെ മതമായിരുന്നു. ബോധപൂർവമായ ശ്രമമായിരുന്നോ മുസ്ളീം പശ്ചാത്തലത്തിൽ കഥ പറയണമെന്നത്?

ഞാൻ അങ്ങനെ സാമുദായികപരമായ ഒന്നും കൊടുത്തിട്ടില്ല സിനിമയിൽ. സമീറയുടെ സാഹചര്യം അങ്ങനെയാണ്. കഥയുടെ ആവശ്യങ്ങൾക്ക് മതം വേണോ എന്ന് ചോദിച്ചാൽ വേണ്ട. ബംഗ്ളാദേശിലെ ഒരു കഫറ്റേരിയയിൽ നടന്ന ആക്രമണത്തിൽ ഖുറാനിലെ ചില വചനങ്ങൾ പറയാൻ ആവശ്യപ്പെട്ടിട്ട് അത് പറയാൻ  അറിയാത്തവരെ ഷൂട്ട് ചെയ്യുകയാണുണ്ടായത്. ആ ഒരു ഇൻസിഡന്റിൽ നിന്നാണ് ഞാൻ ലാസ്റ്റിലെ ടെയിൽ എൻഡ് സീക്വൻസ് എടുത്തിരിക്കുന്നത്. ഞാൻ പറയട്ടെ, ഈ സിനിമയിൽ മതം നമ്മളെ സഹായിച്ചിരിക്കുന്ന രണ്ടുമൂന്ന് സ്ഥലങ്ങൾ ഉണ്ട്. ഒരു ഓർത്തഡോക്സ് മുസ്ളീം കുടുംബത്തിൽ നിന്ന് വരുന്ന പയ്യന് അത് പറയാൻ പറ്റും എന്ന ഒരു കാര്യമുണ്ട്. അങ്ങനത്തെ ചില കാര്യങ്ങൾക്ക് സമീറയുടെ മതത്തിന് ആഡ് ഓൺ ചെയ്യാൻ പറ്റും. അല്ലാതെ മോശപ്പെട്ട രീതിയിലല്ല. അവരുടെ കമ്മ്യൂണിറ്റിയെയും മതത്തിനെയുമൊക്കെ റൈറ്റ് സെൻസിലേ ഞാൻ എടുത്തിട്ടുള്ളൂ.

 

എഡിറ്റർ- ഡയറക്ടർ ഈ രണ്ട് റോളിൽ ഇഷ്ടമുള്ളതേതാണ്?

രണ്ടും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഇനി ഞാൻ എഡിറ്റ് ചെയ്യില്ലെന്നൊന്നുമില്ല. ഇപ്പോഴും കണ്ടിന്യൂസ് ആയി എഡിറ്റ് ചെയ്യുകയാണ്. രണ്ടും ഒരു പോലെ സംതൃപ്തി തരുന്നതാണ്. സിനിമയിൽ എന്തും സംതൃപ്തി തരുന്ന മേഖലയാണ്.

ടേക്ക് ഓഫ് ഡ്രീം പ്രൊജക്ട് ആയിരുന്നോ?

അയ്യോ അങ്ങനെയൊന്നും ഇല്ലല്ലോ. അങ്ങനെ വയ്ക്കാറായിട്ടില്ലല്ലോ. ഇതൊരു സിനിമ. അത് ചെയ്തു അത്രേയുള്ളൂ. അങ്ങനെ അവകാശവാദമൊന്നുമില്ല.

മറ്റു ഭാഷകളിൽ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?

എൻക്വയറീസ് വരുന്നുണ്ട്. സിനിമയുടെ സ്വഭാവം അതായതു കൊണ്ട് പലരും അക്കാര്യം സംസാരിക്കുന്നുണ്ട്. ഡീൽ ചെയ്തിരിക്കുന്ന വിഷയം ഇമോഷണൽ ആയതുകൊണ്ട് മറ്റു ഭാഷകളിലേക്ക് പോയേക്കാം.

ടേക്ക് ഓഫ് ലൈഫ് മാറ്റിയോ?

ഒരു മാറ്റവുമില്ല. ബാക്ക് ടു എഡിറ്റിംഗ്. ഇപ്പോൾ വിശ്വരൂപം 2 എഡിറ്റ് ചെയ്യുന്നു. അടുത്ത സിനിമയെക്കുറിച്ച് പ്ളാൻ ചെയ്തിട്ടൊന്നുമില്ല. ഫഹദിനെയും പാർവതിയെയും വച്ചൊരു സിനിമ ആലോചിച്ചിരുന്നു. ചിലപ്പോൾ അത് ഓൺ ആകും. അതിന്റെ സ്ക്രിപ്റ്റ് തീർക്കണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് മീര)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More