തീവണ്ടി, വെകിയെത്തിയിട്ടും ഹിറ്റായത് എങ്ങനെ? സംവിധായകന്‍ സംസാരിക്കുന്നു

ഫെലിനി ടി പിയുടെ തീവണ്ടിയും യാത്രക്കാര്‍ക്ക് അറിയാവുന്നതുപോലെ വൈകി തന്നെയാണ് എത്തിയത്. കുറച്ച് വൈകിയിട്ടാണ് എത്തിയെങ്കിലും ആ തീവണ്ടി തിയേറ്ററുകള്‍ നിറച്ച് മുന്നോട്ട് കുതിക്കുകയാണ്. വിശ്വവിഖ്യാത ചലച്ചിത്രകാരന്റെ പേരുമായെത്തിയ നവാഗത സംവിധായകന്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കും തെല്ലും കോട്ടം തട്ടിച്ചില്ല. ചിത്രത്തെ കുറിച്ച് ഫെലിനി ടി പി രാജി റാമുമായി സംസാരിക്കുന്നു.

തീവണ്ടി കൂകി പായുകയാണല്ലോ?

ശരിക്കും പറഞ്ഞാല്‍ ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിനിമ നന്നായി ഓടുമെന്ന കാര്യത്തില്‍ സംശയമുണ്ടായില്ല. പതുക്കെ പതുക്കെ കയറി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. സിനിമ പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ ചെറുപ്പക്കാരായിരുന്നു അധികവും തിയേറ്ററുകളില്‍ ഉണ്ടായിരുന്നത്. പിന്നെ കുടുംബ പ്രേക്ഷകര്‍ കയറി തുടങ്ങി. ഞങ്ങളെല്ലാവരും കൂടെ തിയറ്റര്‍ സന്ദര്‍ശിച്ചിരുന്നു. ഗംഭീര സ്വീകരണമാണ് എല്ലാ സ്ഥലങ്ങളിലും നിന്നും ലഭിച്ചത്.

സിനിമയിലെ പുകവലി രംഗങ്ങള്‍ കുടുംബപ്രേക്ഷരെ അകറ്റുമോ എന്ന ആശങ്കയുണ്ടായിരുന്നോ?

ഇല്ല. സിനിമയില്‍ എവിടേയും ഡാര്‍ക്കായി പുകവലി കാണിക്കുന്നില്ല. വളരെ ലൈറ്റായി ഹ്യൂമറിലൂടെ പോകുന്ന ചിത്രമായതു കൊണ്ട് തന്നെ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. എല്ലാ പ്രേക്ഷകരെയും കണക്ട് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് തിരക്കഥയും ചിത്രീകരണവുമൊക്കെ പൂര്‍ത്തിയാക്കിയത്. പ്ലോട്ട് ഉണ്ടാക്കുന്ന സമയത്ത് സിഗരറ്റ് ത്രെഡാക്കിയായിരുന്നു സിനിമ ആലോചിച്ചത്. പിന്നീട് എഴുതി വന്നപ്പോഴത് പൊളിറ്റിക്കല്‍ സറ്റയറായി മാറുകയായിരുന്നു. രണ്ട് വര്‍ഷമെടുത്താണ് തീവണ്ടി പൂര്‍ത്തിയാക്കുന്നത്.

റിലീസ് നീട്ടിവെയ്ക്കുന്നത് പ്രശ്നമാകുമെന്ന് കരുതിയിരുന്നോ?

പാട്ട് ഹിറ്റായപ്പോള്‍ തന്നെ എല്ലാവര്‍ക്കും കോണ്‍ഫിഡന്‍സായി. കുറച്ച് വൈകിയാലും റിലീസ് വരെ ആവേശം നിലനിര്‍ത്താന്‍ പറ്റുമെന്ന് കരുതിയിരുന്നു. ജീവാംശമായി എന്ന പാട്ടില്‍ തീവണ്ടി പിടിച്ചു നിന്നത് നാലു മാസത്തോളമാണ്. കൈലാസുമായി ഒരുമിച്ച് മുമ്പ് പരസ്യങ്ങളിലൊക്കെ വര്‍ക്ക് ചെയ്തത് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തു. കമ്മ്യൂണിക്കേറ്റ് ചെയ്യാനൊക്കെ നല്ല എളുപ്പമായിരുന്നു. സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരും സുഹൃത്തുക്കളാണ്. ആ ഒരു ആറ്റിറ്റിയൂഡിലാണ് പടത്തിന്റെ ഷൂട്ടിങ്ങ് മുഴുവന്‍ നടന്നത്. മൊത്തത്തിലൊരു പോസിറ്റീവ് വൈബുണ്ടായിരുന്നു. അതായിരിക്കണം ബോക്സ് ഓഫീസിലും പ്രതിഫലിച്ചത്.

സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഗ്രാമീണത ഉള്ള ചിത്രം എന്ന അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?

അവരെ വെച്ചൊന്നും താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. അവരൊക്കെ ഇതിഹാസങ്ങളാണ്. നമ്മുടേത് വളരെ ചെറിയൊരു പടമാണ്. വളരെ സിംപിളായ പടത്തില്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തിയതാണ് തീവണ്ടി.

എഡിസണ്‍ തുരുത്താണോ മിറക്കിള്‍?

എഡിസണ്‍ തുരുത്ത് സിനിമയിലെ ഒരു പ്രധാന ഘടകമാണ്. ടൊവിനോ അവതരിപ്പിക്കുന്ന ബിനീഷ് എന്ന കഥാപാത്രത്തിന്റെ ടേണിങ്ങ് പോയന്റ് നടക്കുന്നത് എഡിസണ്‍ തുരുത്തില്‍ വെച്ചാണ്. പയ്യോളിയിലെ കാടുപിടിച്ച് കടന്ന ഒരു ചെറിയ തുരുത്തിനെ എഡിസണ്‍ തുരുത്താക്കി മാറ്റുകയായിരുന്നു.

ടൊവിനോയെ പോലുള്ള ഒരു താരത്തിനെ എങ്ങനെയാണ് സ്‌കൂള്‍ കാലത്തിലും അഭിനയിപ്പിച്ചത്?

സ്‌കൂള്‍ കാലമൊക്കെ അവസാനമാണ് ഷൂട്ട് ചെയ്തത്. ടൊവിനോയോടും സുഹൃത്തുക്കളായി അഭിനയിക്കുന്ന രണ്ട് താരങ്ങളോടും മെലിയാന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് ഡയറ്റൊക്കെ എടുത്ത് മെലിയാന്‍ അവര്‍ ആദ്യം മുതല്‍ നോക്കുന്നുണ്ടായിരുന്നു. ആ കാലഘട്ടത്തെ ശരീരഭാഷയൊക്കെ ശ്രദ്ധിച്ച് മൂന്ന് പേരും തകര്‍ത്ത് അഭിനയിച്ചു.

സിനിമയിലെ തുടക്കം?

ശ്യാമപ്രസാദ് സാറിന്റെ കൂടെ ഇലക്ട്രയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. പിന്നെ സെക്കന്റ് ഷോയില്‍ ചീഫ് അസോസിയേറ്റ്. അതു കഴിഞ്ഞ് സ്വതന്ത്ര സംവിധായകനാകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കൂടെ പരസ്യങ്ങളും മറ്റു പരിപാടികളും. തീവണ്ടിക്ക് മുമ്പ് മൂന്നാല് കഥകളുമായി സിനിമ ആലോചിച്ചു. ഒന്നും നടന്നില്ല. അഞ്ചാറ് കൊല്ലം എടുത്തു ജീവിതത്തിലെ മിറക്കിള്‍ സംഭവിക്കാന്‍.

ദേവിയായി സംയുക്ത എത്തുന്നത് എങ്ങനെയാണ് ?

നായികയ്ക്ക് വേണ്ടിയുള്ള അവസാന ഓട്ടത്തിനിടെയാണ് ദേവിയായി സംയുക്തയെ സെലക്ട് ചെയ്യുന്നത്. സംയുക്തയുടെ ലില്ലിയുടെ എഡിറ്റര്‍ തീവണ്ടി എഡിറ്റ് ചെയ്ത അപ്പു തന്നെയായിരുന്നു. അപ്പു വഴിയാണ് സംയുക്ത തീവണ്ടിയില്‍ എത്തുന്നത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ സംയുക്തയ്ക്ക് ഇഷ്ടമായി.

സുഹൃത്തുക്കളുടെയും വീട്ടുകാരുടേയും പ്രതികരണങ്ങള്‍?

അച്ഛന്റെ സിനിമാ മോഹത്തില്‍ നിന്നാണ് ഫെലിനി എന്ന പേര് വരുന്നത് തന്നെ. വീട്ടില്‍ എല്ലാവരും കൂടെ സിനിമ കണ്ടത് എറണാകുളത്തെ പത്മാ തിയറ്ററിലാണ്. എല്ലാവരും ഹാപ്പിയാണ് . ഇത്രയും നല്ലൊരു വിജയവും തുടക്കവും ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണയുമായി കൂടെ നിന്ന സുഹൃത്തുക്കളും സന്തോഷത്തിലാണ്.

പുതിയ സിനിമ?

ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നും ആയിട്ടില്ല. ഇപ്പോള്‍ തീവണ്ടി നല്‍കിയ മനോഹര നിമിഷങ്ങള്‍ ആസ്വദിക്കുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് രാജി റാം)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More