അതിജീവനമാണ് ജീവിതം

ജനിച്ചത് മഞ്ചേശ്വരത്ത് കിരണ്‍ എന്ന ആണ്‍കുട്ടിയായി. തന്റെയുള്ളില്‍ ഒരു പെണ്ണുണ്ടെന്ന് കാലം അവനെ ബോധ്യപ്പെടുത്തി. അത് അവനെ തൃപ്തി ഷെട്ടിയാക്കി മാറ്റി. ഏതൊരു ട്രാന്‍സ്‌ജെന്ററിനേയും പോലെ തൃപ്തിക്കുമുണ്ട് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന കയ്പുനിറഞ്ഞ അനുഭവങ്ങള്‍. പക്ഷേ, അതിന് മുന്നില്‍ തളര്‍ന്നു പിന്‍മാറാന്‍ അവള്‍ തയ്യാറായില്ല. പോരാടാനായിരുന്നു തീരുമാനം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സംരംഭകയെന്ന പദവിയിലേക്ക് തൃപ്തിയെ ആ തീരുമാനം കൈപിടിച്ചു നടത്തി. ആ വഴിത്താരയില്‍ ഏറെ തിരിവുകളും വളവുകളും തിരിച്ചടികളും കൈപിടിച്ചു കയറ്റിയ മനുഷ്യത്വമുള്ളവരുമുണ്ട്. ആ ജീവിതം തൃപ്തി ഷെട്ടി അമ്പു സേനനോട് പറയുന്നു.

പൂര്‍വ കാലം

പൂര്‍വ കാലത്തില്‍ ഞാന്‍ കിരണ്‍ ആയിരുന്നു. കാസര്‍ഗോഡ് മഞ്ചേശ്വരമാണ് സ്വദേശം. അച്ഛനുപേക്ഷിച്ചു പോയ എനിക്ക് അമ്മയായിരുന്നു എല്ലാം. അമ്മയെന്നെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. കന്നഡ ഭാഷയിലായിരുന്നു പഠനം. സ്‌കൂളില്‍ നാടകങ്ങളില്‍ ഒക്കെ അഭിനയിക്കുമ്പോള്‍ എനിക്ക് സ്ത്രീ വേഷങ്ങളോടായിരുന്നു താല്പര്യം. അങ്ങനെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ ജീവിതം മാറുന്നത്.

മാറ്റം

എട്ടില്‍ പഠിക്കുമ്പോള്‍ മറ്റുള്ള കുട്ടികള്‍ കളിക്കാന്‍ പോകുമ്പോള്‍ ഞാന്‍ വീട്ടില്‍ തന്നെയിരിക്കും. അടുത്തുള്ള ചേട്ടന്മാരും മറ്റും നീയെന്താഡാ ഇങ്ങനെ എന്നൊക്കെ ചോദിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ അമ്മയുടെ സാരിയെടുത്തുടുത്തു. അതാരോ കണ്ട് ആകെ സംസാരമായി, പ്രശ്‌നമായി. പിന്നീട് എനിക്ക് അസുഖം പിടിപെട്ട് കുറെ നാള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെയായി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടും അവര്‍ എന്നെ ഹൈസ്‌കൂളിലേക്ക് ആക്കാന്‍ വിസമ്മതിച്ചു. അത് കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയെ സഹായിക്കാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി.

ജോലികള്‍

ആദ്യമായി ഒരു വീട്ടില്‍ കുട്ടിയെ നോക്കുന്ന ജോലിയായിരുന്നു. അതിനുശേഷം ഞാന്‍ മംഗലാപുരത്തേക്ക് ജോലി തേടി പോയി. അവിടെ ഒഴിവുസമയങ്ങളില്‍ പാര്‍ക്കിലൊക്കെ പോയപ്പോഴാണ് ഞാന്‍ മനസിലാക്കിയത് എന്നെപ്പോലുള്ള മറ്റുള്ളവരും ഉണ്ടെന്ന്. അതിനു ശേഷം 2004-ല്‍ ഞാന്‍ കണ്ണൂരിലേക്ക് വന്നു. ട്രാന്‍സ്‌ജെന്റേഴ്‌സ് ആദ്യമായി ഒരു സംഘടന തുടങ്ങുന്നത് അവിടെയാണ്. അതൊരു ആശ്വാസമായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങള്‍ ഒരുമിച്ച് ഒത്തുകൂടി സമയം ചെലവഴിച്ചു. അവിടെവെച്ചു പരിചയപ്പെട്ട ഒരാള്‍ ജോലി വാഗ്ദാനം നല്‍കി മുംബൈക്ക് കൊണ്ടുപോയി. അവിടെ ആറു മാസത്തോളം ശമ്പളം പോലുമില്ലാതെ കാറ്ററിംഗ് ജോലി ചെയ്യേണ്ടി വന്നു. രണ്ടു ദിവസം അവധി തന്നാല്‍ ചെലവിനായി തരുന്നത് നൂറു രൂപയായിരുന്നു. അവിടെ വെച്ച് എന്റെ കൈയില്‍ നിന്നും വീട്ടിലെ നമ്പര്‍ കളഞ്ഞു പോയി. അങ്ങനെ ആറു മാസത്തോളം കഴിഞ്ഞപ്പോള്‍ ഞാന്‍ ശമ്പളം ചോദിച്ചു. അതിനവര്‍ എന്നെ ക്രൂരമായി മര്‍ദിച്ചു. അവിടുന്ന് ഓടി രക്ഷപ്പെട്ട ഞാന്‍ അവിടെ ഒരു പടക്കം വില്‍ക്കുന്ന കടയില്‍ ജോലിക്ക് കയറി. മൂന്ന് ദിവസം മാത്രമേ അവിടെ ജോലിയുണ്ടായിരുന്നുള്ളൂ. പക്ഷേ അവര്‍ നല്ല താമസവും ഭക്ഷണവും തന്നു. നാലാം ദിവസം ഒരു കവറിലിട്ടു ആയിരത്തി അഞ്ഞൂറ് രൂപയും തന്നു. ആ കാശുമായി ഞാന്‍ നാട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത് എന്നെക്കുറിച്ച് ഒരു വിവരവും അറിയാതിരുന്ന അമ്മ എനിക്കെന്തെങ്കിലും സംഭവിച്ചോ എന്ന് ഭയന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തു എന്ന്.

തൃപ്തി ഷെട്ടി ആര്‍ജെ അനന്യയ്‌ക്കൊപ്പം

ഇനിയെന്ത്?

പിന്നീടെനിക്ക് ആ നാട്ടില്‍ നില്ക്കാന്‍ തോന്നിയില്ല. അവിടെ നിന്നും ഞാന്‍ ചെന്നൈയിലേക്ക് പോയി. ഇവിടുത്തെപ്പോലെ അല്ല അവിടെ. എന്നെ പോലെ ഉള്ളവരെയും അംഗീകരിക്കാന്‍ അവിടെയുള്ളവര്‍ക്ക് കുറച്ചു കൂടി മനസ്സുണ്ട്. ഒരു കള്‍ച്ചര്‍ ഉണ്ട്. അവിടേക്ക് പോകാനുള്ള പ്രധാന ഉദ്ദേശം ലിംഗമാറ്റ ശസ്ത്രക്രിയക്കു വേണ്ടിയുള്ള പണമുണ്ടാക്കണമെന്ന ലക്ഷ്യമായിരുന്നു. അവിടെ ഞാന്‍ ഭിക്ഷാടന ജോലി ചെയ്തു. പിന്നീട് എന്റെ ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ പൂനെയില്‍ എത്തി. അവിടെ ചെന്നപ്പോള്‍ എല്ലാരും പെണ്ണുങ്ങളെ പോലെ. ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയവര്‍. അവരുടെ ആ സൗന്ദര്യം, അതെന്നെ ഞെട്ടിച്ചു. അവിടെ ജോലി ചെയ്ത് കിട്ടുന്ന കാശെല്ലാം മുതിര്‍ന്ന ഒരാളെ ഞാന്‍ ഏല്‍പ്പിക്കുകയാണ് പതിവ്.

എന്റെ ഗുരുവിന്റെ അനിയത്തിയും എന്റെ കൂടെയുണ്ട്. ഇതിനിടയില്‍ എന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. മുടി വളരാനും ശരീരം മാറാനും തുടങ്ങി. അത് അവളില്‍ അസൂയ ഉണ്ടാക്കി. അവള്‍ എന്നെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. മാനസികമായി തളര്‍ന്ന ഞാന്‍ അവിടെ നിന്നും സമ്പാദിച്ച കാശു പോലും മേടിക്കാതെ ബോംബയിലേക്ക് പോയി. അവിടെ ഹിന്ദി എഴുതാനും വായിക്കാനും പഠിച്ച എനിക്ക് ഒരു വലിയ കേറ്ററിംഗ് കമ്പനിയില്‍ മാനേജര്‍ ആയി ജോലി കിട്ടി. അവിടുത്തെ ജോലിക്ക് ശേഷം ഞാന്‍ കോഴിക്കോട്ടടക്കം പല സ്ഥലത്തും ജോലി ചെയ്തു. അവിടെയെല്ലാം ഒരു നാടകം കളിക്കുകയായിരുന്നു. ആണ്‍ ശരീരത്തില്‍ ഒരു പെണ്‍ മനസുമായി. പെണ്ണാവണമെന്ന ഉറച്ച തീരുമാനം ഞാനെടുത്തു.

ആണ്‍ ഉടലില്‍ നിന്നും മോചനം

പെണ്ണായി മാറി ഈ സമൂഹത്തില്‍ നിന്നു കൊണ്ട് മാറ്റങ്ങള്‍ ഉണ്ടാക്കി കാണിച്ചു കൊടുക്കണമെന്നത് എന്റെ ഒരു വാശിയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയക്കുവേണ്ടി ബംഗളൂരുവിലേക്ക് പോയി. വേദന സഹിച്ചാല്‍ മാത്രമേ പെണ്ണായി മാറാന്‍ സാധിക്കൂ എന്ന് അവര്‍ എന്നോട് പറഞ്ഞു. എന്തിനും തയ്യാറായിരുന്നു ഞാന്‍. അങ്ങനെ ശസ്ത്രക്രിയക്ക് അവിടെ ചെന്നപ്പോഴാണ് മനസിലാക്കുന്നത് അവിടെ ഓപ്പറേഷന്‍ തിയേറ്ററോ മറ്റു സൗകര്യങ്ങളോ ഇല്ലെന്ന്. പക്ഷേ ഞാന്‍ പിന്മാറിയില്ല. സമൂഹത്തില്‍ നിന്നേറ്റ അവഗണനകള്‍ എന്നെ എന്തിനും തയ്യാറാക്കിയിരുന്നു. അങ്ങനെ രണ്ടര മണിക്കൂര്‍ നീണ്ട ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ മരുന്നുകള്‍ നല്കി എന്നെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. അവിടെ കിടക്കാനോ വിശ്രമിക്കാനോ ഉള്ള സൗകര്യം ഒന്നുമില്ലായിരുന്നു. കടുത്ത വേദനയുണ്ടായിരുന്നുവെങ്കിലും മനസില്‍ എന്റെ ആഗ്രഹം നടന്നതിന്റെ സുഖം ആയിരുന്നു. യൂറിന്‍ ബാഗും തൂക്കി അവിടെ നിന്നും ഞാനിറങ്ങി. പിന്നീട് നാല്‍പത് ദിവസത്തോളം വിശ്രമം ആയിരുന്നു. നാല്‍പതാം ദിവസം കഴിഞ്ഞ് ഞങ്ങള്‍ക്ക് ഒരു പൂജയുണ്ട്. ആ പൂജ കഴിഞ്ഞപ്പോള്‍ എന്റെ യൂറിന്‍ ബ്ലോക്ക് ആയി. ആകെ വയ്യാതായി. പിന്നെ ചെന്നൈയിലുള്ള ഒരു മലയാളി ഡോക്ടറാണ് എനിക്ക് തുണയായത്.

വഴിത്തിരിവ്

പിന്നീട് ജോലി തേടി ഞാന്‍ കോയമ്പത്തൂര്‍ പോയി. കുറച്ചു കാലം അവിടെ നിന്ന ശേഷം ഞാന്‍ എറണാകുളത്തേക്ക് വന്നു. എന്നെ ഇങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു വന്നത് ട്രാന്‍സ്‌ജെന്റര്‍ ആയ ആര്‍.ജെ.അനന്യയാണ്. ഇന്നീ കാണുന്ന ഞാനായതിന്റെ പിന്നില്‍ എന്റെ പ്രിയപ്പെട്ട അനന്യയാണ്. അത് പോലെ എനിക്ക് നന്ദിയും കടപ്പാടും ഉള്ളത് എന്റെ ബാല്യകാലം മുതല്‍ സുഹൃത്തായും ചേച്ചിയായും കൂടെയുള്ള ശീതള്‍ ശ്യാമിനോടും പിന്നെ ‘ദ്വയ’ ബ്യൂട്ടി പെജന്റിന്റെ തുടക്കകാരിയും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ചു രഞ്ചിമാറിനോടുമാണ്. ഒരു ചാനലിന്റെ പ്രോഗ്രാമുമായി ബന്ധപ്പെട്ടാണ് ഇവിടെ വന്നതെങ്കിലും എനിക്ക് ഒത്തിരി മോഹങ്ങള്‍ ഉണ്ടായിരുന്നു. സിനിമ എനിക്ക് ഭ്രാന്തായിരുന്നു. ചെന്നൈയിലുള്ള എന്റെ ഗുരുവിന്റെ അനിയത്തിയൊക്കെ അവിടെ സിനിമകളില്‍ അഭിനയിക്കുന്നു. ഇവിടെ ആരും തന്നെയില്ലതാനും. അപ്പോള്‍ ഞങ്ങള്‍ക്കും സിനിമയില്‍ എന്ത് കൊണ്ട് ചാന്‍സ് കിട്ടില്ലെന്നായിരുന്നു എന്റെ ചിന്ത. ഇപ്പോള്‍ മമ്മൂട്ടിയുടെ നായികയായ അഞ്ജലിയും ഞാനും കോയമ്പത്തൂര്‍ ഒരുമിച്ചു ഉണ്ടായിരുന്നു.

അങ്ങനെ എറണാകുളത്ത് വന്ന് ഒരു മാസത്തിനുള്ളിലാണ് എനിക്ക് നേരെ ആക്രമണമുണ്ടായ്ത്. രണ്ട് അക്രമികള്‍ എന്നെ അടിച്ചു വീഴ്ത്തി. എന്റെ കാലിലും തലയിലും കമ്പി വടി കൊണ്ടടിച്ചു. അങ്ങനെ ഞാന്‍ ആശുപത്രിയിലായി. അവര്‍ ആരാണെന്നോ എന്തിനാണോ എന്നെ ആക്രമിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ അവിടെ വെച്ചാണ് ജീവിതത്തിന്റെ് ശരിയായ ‘ട്വിസ്റ്റ്’ സംഭവിച്ചത്.

തൃപ്തി ഷെട്ടി ഡോക്ടര്‍ ആനിക്കൊപ്പം

ട്വിസ്റ്റ്

ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ ആനിയെ ഞാന്‍ പരിചയപ്പെടുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയ ശേഷവും ഞാന്‍ ഡോക്ടറെ കണ്ടിരുന്നു. ആ ആക്രമണം എന്നില്‍ വാശി നിറച്ചു. ഇനി ഞാന്‍ എങ്ങും പോകില്ല. ഈ നഗരത്തില്‍ തന്നെ എന്തെങ്കിലും ചെയ്ത് പിടിച്ചു നില്‍ക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറുടെ സഹായത്തോടെ എനിക്ക് കൊച്ചിയിലെ ഒരു റെസ്റ്റോറന്റില്‍ കാഷ്യര്‍ ആയി ജോലി ലഭിച്ചു. ഞാന്‍ ഒരു ട്രാന്‍സ്‌ജെന്റര്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉടമ എനിക്ക് ജോലി തന്നത്. മറ്റുള്ള ജീവനക്കാരോട് ഒന്നും പറയേണ്ട എന്ന് പറഞ്ഞിരുന്നെകിലും ഞാന്‍ അവരോടെല്ലാം തുറന്നു പറഞ്ഞു. മാത്രമല്ല കസ്റ്റമേഴ്‌സിനോടും ഞാന്‍ പറഞ്ഞിരുന്നു. എല്ലാവരില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചത്. പിന്നീട് ഒരു സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ചാന്‍സ് ലഭിച്ചപ്പോള്‍ അവിടെ നിന്നും ഇറങ്ങി. പക്ഷേ ആ സിനിമ നടന്നില്ല. അതിനിടയില്‍ ഞാന്‍ കോളേജുകളില്‍ മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുക്കാന്‍ പോകുമായിരുന്നു. അതിനിടയില്‍ മെട്രോയില്‍ ജോലിക്ക് അപേക്ഷ നല്‍കി. ജോലി ഉറപ്പയിരുന്നെങ്കിലും മെട്രോയുടെ നിര്‍മ്മാണം നീണ്ടു പോയതിനെത്തുടര്‍ന്നു ഞാന്‍ പ്രതിസന്ധിയിലായി. അപ്പോള്‍ എന്നെ ഒരു മകളെ പോലെ കരുതുന്ന ആനി ഡോക്ടറാണ് എനിക്ക് പുതുജീവന്‍ നല്‍കിയത്. ഡോക്ടറമ്മ എന്നെ ജുവലറി മാലയൊക്കെ ഉണ്ടാക്കുന്ന ഒരു അമ്മൂമ്മയുടെ അടുത്ത് കൊണ്ടാക്കി. അവിടുന്ന് കാര്യങ്ങള്‍ പഠിച്ച ഞാന്‍ പതിനേഴാം ദിവസം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ എറണാകുളത്തുള്ള ഓഫീസില്‍ വെച്ച് നിര്‍മ്മിച്ചു കാണിച്ചു. അത് കാണാന്‍ വേണ്ടി ആനി ഡോക്ടറും കുടുംബവും എല്ലാം എത്തിയിരുന്നു. അവിടുത്തെ ഡയറക്ടര്‍ എനിക്ക് അവിടൊരു പ്രദര്‍ശന സ്റ്റാള്‍ തുടങ്ങാനുള്ള അനുമതി തന്നു. പകരമായി ട്രാന്‍സ്‌ജെന്റേഴ്‌സിന് വിദ്യാഭ്യാസം നല്‍കുന്ന അവരുടെ പദ്ധതിയിലേക്ക് ആളെ എത്തിക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ അത് മുന്നോട്ട് പോകുന്നതിനിടയില്‍ മെട്രോ ആരംഭിച്ചു. പക്ഷേ ഞാന്‍ ചിന്തിച്ചു അവിടെ ജോലിക്ക് പോകുന്നതിലും നല്ലത് ഈ സംരഭവുമായി മുന്നോട്ട് പോകുന്നതല്ലേ? അങ്ങനെയാണ് ഞാന്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ കരകൗശല പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതിനു ശേഷം നാലു മാസം കഴിഞ്ഞപ്പോള്‍ എന്നെ അംഗീകരിച്ചു കൊണ്ടുള്ള കാര്‍ഡ് വന്നു. അന്ന് മീഡിയ എനിക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതായിരുന്നു. കേരളത്തിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ ആദ്യ വ്യവസായിയായി ഞാന്‍ മാറി.

തിക്താനുഭവങ്ങള്‍

ഞാന്‍ പല പ്രദര്‍ശനമേളകളിലും പങ്കെടുത്തു. ഇതിന്റെ ആവശ്യങ്ങള്‍ക്കായി നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. അവിടുന്നെല്ലാം മാന്യമായ പെരുമാറ്റവും സമീപനവുമാണ് എനിക്ക് ലഭിച്ചത്. പക്ഷേ അവസാനം നടത്തിയ കേരള സഭയുടെ പ്രദര്‍ശന മേളയില്‍ എനിക്ക് സ്റ്റാള്‍ ലഭിച്ചത് പബ്ലിക് ഓഫീസിനുള്ളില്‍. അവിടേയ്ക്കാണെങ്കില്‍ ആരും തന്നെ വരുന്നതും ഇല്ല. ഞാന്‍ അവിടെ നിന്നും സ്റ്റാള്‍ തിരക്കുള്ള ഏതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിട്ടും അവര്‍ ചെവിക്കൊണ്ടില്ല. അവരുടെ ആ സമീപനം എനിക്ക് വലിയ വേദനയുണ്ടാക്കി.

അത് പോലെ തന്നെ ഞങ്ങളുടെ കമ്മ്യൂണിറ്റിയിലുള്ള ഭൂരിഭാഗവും ആളുകളുടെ ഒരു സ്വപ്നമാണ് സ്വന്തമായൊരു വീട്. സര്‍ക്കാര്‍ വീട് നിര്‍മിച്ചു നല്‍കണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ വീട് നിര്‍മ്മിക്കാന്‍ ഒരു രണ്ട് സെന്റ് സ്ഥലം സര്‍ക്കാ രിനു നല്‍കിക്കൂടെ? മെട്രോയില്‍ ജോലി ലഭിച്ച പലരും തമാസിക്കാന്‍ ഒരിടം ലഭിക്കാതെ ജോലി രാജിവെച്ചു പോകേണ്ട സ്ഥിതി വന്നില്ലേ? ഞാന്‍ വീട് വെയ്ക്കാന്‍ സ്ഥലം എന്ന ആവശ്യവുമായി ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ പോയി കണ്ടിരുന്നു. അദ്ദേഹം പറഞ്ഞത് എറണാകുളത്ത് ട്രാന്‍സ്‌ജെന്റേഴ്‌സിനുവേണ്ടി ‘സേഫ് ഹോം ഷെല്‍ട്ടര്‍’ പദ്ധതി വരുന്നുണ്ട്. നല്ലത് തന്നെ. പക്ഷേ എത്ര വര്‍ഷം താമസിച്ചു എന്ന് പറഞ്ഞാലും ഞങ്ങള്‍ക്കത് സ്വന്തമല്ലലോ. മാത്രമല്ല സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കുന്നതിന് പകരം ഞങ്ങള്‍ എല്ലാവരെയും ഒരേ സ്ഥലത്ത് പാര്‍പ്പിച്ചു മുഖ്യ ധാരയില്‍ നിന്നും അകറ്റുന്ന പരിപാടിയാകില്ലേ അത്.

തൃപ്തി ഷെട്ടി

സ്ഥലം കിട്ടുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ധനകാര്യ മന്ത്രി പറഞ്ഞത് ഗ്രാമ പഞ്ചായത്തില്‍ ഒരു അപേക്ഷ കൊടുക്കുക. അവര്‍ അത് വാങ്ങിയില്ലെങ്കില്‍ കളക്ടര്‍ക്ക് കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ ഈ കാര്യങ്ങള്‍ നേരത്തെ തന്നെ ചെയ്തിരുന്നു. അത് കൊണ്ട് തന്നെ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ കഴിഞ്ഞാഴ്ച കളക്ടറെ കണ്ടപ്പോള്‍ അവര്‍ പറയുന്നത് അവിടെ സേഫ് ഹോം പദ്ധതി മാത്രമേ ഉള്ളൂ എന്ന്. മന്ത്രി പറയുന്നു നിങ്ങള്‍ എഴുതി കൊടുക്കൂ, സ്ഥലം തരാമെന്ന്. എന്നാല്‍ എഴുതി കൊടുക്കുമ്പോള്‍ അധികാരികള്‍ വേറൊന്ന് പറയുന്നു. എന്ത് ചെയ്യാനാ ഞങ്ങള്‍?

ആഗ്രഹങ്ങള്‍

വിദേശികളും ടൂറിസ്റ്റുകളും വരുന്ന ഒരു സ്ഥലത്ത് എന്റെ കരകൗശല വസ്തുക്കള്‍ വില്ക്കു ന്നതിനായി ഒരിടം വേണം. ടൂറിസ്റ്റുകളുടെ അടുത്ത് നിന്നും നല്ല സപ്പോര്‍ട്ട് കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. അതെന്റെ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്ക് വലിയ ശക്തി പകരും. മോഡലിങ്ങും ഒരു സ്വപ്നമാണ്. പിന്നെ സ്വന്തമായി ഒരു വീട്. അത് യാഥാര്‍ത്ഥ്യമായ ശേഷം എനിക്ക് രണ്ട് കുട്ടികളെ ദത്തെടുക്കണം. അവരെ നന്നായി പഠിപ്പിക്കണം.

ഭാവി പദ്ധതികള്‍

ഞാനിപ്പോള്‍ ജുവല്ലറി ഐറ്റംസ് മാത്രമല്ല നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ സോസ് ബോട്ടില്‍ ആക്കി വില്ക്കുന്നുണ്ട്, ജെല്‍ മെഴുകുതിരികള്‍, യു ഫോം പില്ലോകള്‍ എന്നിവയാണ് പുതിയ സാമഗ്രികള്‍. വരുന്ന ഒമ്പത് മുതല്‍ മാര്‍ച്ച് അഞ്ച് വരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ കൈരളി ഹാന്‍ഡിക്രാഫ്റ്റ്‌സിന്റെ ഓള്‍ ഇന്ത്യ പ്രദര്‍ശനത്തില്‍ സ്റ്റാള്‍ ലഭിച്ചിട്ടുണ്ട്. പിന്നെ സ്വപ്നങ്ങളെല്ലാം സാധ്യമാകും വരെ പരിശ്രമിക്കണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More