‘ഭീഷണി കൊണ്ടൊന്നും തളരില്ല’

149

ആശയങ്ങള്‍ ആമാശയത്തിനുവേണ്ടിയും ആദര്‍ശങ്ങള്‍ ഭീഷണികള്‍ക്ക്‌ മുന്നിലും വഴങ്ങുന്ന ഒരു കാലഘട്ടത്തില്‍ മുട്ടുവിറയ്ക്കാതെ നില്‍ക്കുന്ന ഒരു കവിയാണ് കുരീപ്പുഴ ശ്രീകുമാര്‍. അദ്ദേഹത്തിന്റെ കവിതകളും പ്രസംഗങ്ങളും മതവര്‍ഗീയ, ജാതി സംഘടനകളേയും വിറളിപിടിപ്പിക്കാന്‍ പോന്നതാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് അദ്ദേഹത്തെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. എഴുതുന്ന പേനകള്‍ക്കും ചിന്തിക്കുന്ന തലച്ചോറുകള്‍ക്കും എതിരെ ആയുധങ്ങള്‍ ഉയരുന്ന കാലത്താണ് അദ്ദേഹത്തിന് നേരെയും ആക്രമണം ഉണ്ടാകുന്നത്. അവര്‍ തന്നെ കൊല്ലുമെന്ന് കവി പറയുന്നു. പക്ഷേ, തന്റെ നിലപാടുകള്‍ അന്നും ഇന്നും ഒന്നു തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. കവിയുമായി അനൂപ് സംസാരിക്കുന്നു.

കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിക്ക് നേരെ ഇപ്പോഴുണ്ടാകുന്ന കൈയ്യേറ്റ ശ്രമങ്ങള്‍, പ്രതിഷേധം ഇവയൊക്കെ ആസൂത്രിത ശ്രമങ്ങളാണോ?

തീര്‍ച്ചയായും. ഇതെല്ലാം ആസൂത്രിതമായ ചില ശ്രമങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണ്. എന്റെ പ്രസംഗത്തെക്കുറിച്ച് നുണ പ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിലൊന്നും ഒരു സത്യവുമില്ല. കൈരളി ഗ്രന്ഥശാലയുടെ ചടങ്ങില്‍ ഈ പറയുന്നതുപോലെ ഒരു കാര്യവും പ്രസംഗിച്ചില്ല. പൊതു ഇടങ്ങള്‍ കൈയ്യേറുന്നു എന്ന വിഷയത്തിലാണ് അന്ന് സംസാരിച്ചത്. അവിടെ ഹൈന്ദവ ദൈവങ്ങളെ അപമാനിച്ച് സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അതൊന്നുമായിരുന്നില്ല ടോപിക്. ഫാസിസത്തിന്റെ ഭീകരമായ മുഖമാണ് ഈ കാണുന്നതെല്ലാം. അതിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ് ഇവ.

വടയമ്പാടി ജാതിമതില്‍ സമരവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങളാണോ പെട്ടെന്നുള്ള പ്രതിഷേധത്തിന് പിന്നില്‍. അന്ന് സംഭവിച്ചത് എന്തായിരുന്നു?

ദൈവം അറിയാതെ ദൈവത്തിന് മുന്നില്‍ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കുന്നു. സവര്‍ണ ഹിന്ദു ഫാസിസ്റ്റുകളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നില്‍. വടയമ്പാടിയിലും സംഭവിച്ചത് അതാണ്. അതിനെതിരെയാണ് ശക്തമായ ഭാഷയില്‍ സംസാരിച്ചത്. എന്നാല്‍ അന്ന് ആക്രമണമുണ്ടായത് ആസൂത്രിതശ്രമത്തിന്റെ ഭാഗമായിരുന്നു. ഞാന്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നു. സദസിന് പിന്നിലായി. കവിത ചൊല്ലിയപ്പോഴും ഒരു ക്ഷോഭവും ഉണ്ടായിരുന്നില്ല. അതു കഴിഞ്ഞ് കുട്ടികള്‍ക്ക് ഞാന്‍ സമ്മാനവും കൊടുത്തു. പിന്നീട് വേദിയില്‍ നിന്നിറങ്ങി ഭാരവാഹികള്‍ക്കൊപ്പം കാറിന്റെ അടുത്തുവരെ എത്തിയപ്പോഴും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എന്നാല്‍ കാറില്‍ കയറിയപ്പോള്‍ ചിലര്‍ വാഹനം വളഞ്ഞു. ഡിക്കിയില്‍ ഇടിച്ചു. ഉച്ചത്തില്‍ സംസാരിച്ചു. ഞാന്‍ സംയമനത്തോടെ കാറിനുള്ളില്‍ ഇരുന്നു. ഭാരവാഹികളാണ് വളരെ കഷ്ടപ്പെട്ട് വണ്ടി മുന്നോട്ടെടുത്തത്. ഒരാള്‍ എന്നെ അനുഗമിക്കുകയും ചെയ്തു. അദ്ദേഹം എന്നോട് മാപ്പ് ചോദിച്ചു. അവരുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കയ്യേറ്റം നടന്നിരുന്നേനെ. പണ്ട് ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ ഇതുപോലെ തെറിവിളി നടത്തിയിരുന്നു. അത് രൂപാന്തരം പ്രാപിച്ചതാണ് ഭരണിപ്പാട്ട്. എനിക്കതുപോലെയാണ് തോന്നിയത്.

മറ്റിടങ്ങളില്‍ താങ്കള്‍ നടത്തിയ പ്രസംഗങ്ങളെവച്ച് ഒരു പ്രചാരണത്തിന് ശ്രമം നടക്കുന്നുണ്ട്. കുരീപ്പുഴയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു എന്ന തരത്തില്‍. എങ്ങനെ കാണുന്നു?

അതാണു പറയുന്നത്. കുപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം എന്റെ പ്രസംഗം ആര്‍ എസ് എസ് അനുഭാവമുള്ള ചാനല്‍ സംപ്രേഷണം ചെയ്ത് വലിയ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. അത് ആറ് വര്‍ഷം മുമ്പ് ഉള്ളതാണ്. യൂട്യൂബില്‍ നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. ആറ് വര്‍ഷം മുമ്പ് ഒരു യുക്തിവാദ സംഘടനയുടെ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് അവ. അവിടെ ഭക്തിവാദം പ്രസംഗിക്കാന്‍ പറ്റില്ലല്ലോ. ഞാന്‍ അടിസ്ഥാന പരമായി നിരീശ്വരവാദിയാണ്. ചാര്‍വാക ദര്‍ശനത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഈശ്വരന്റെ അസ്തിത്വം ഈ ദര്‍ശനത്തില്‍ വിശ്വസിക്കുന്നവര്‍ അംഗീകരിക്കില്ല. ഞാന്‍ മാത്രമല്ല മുന്‍പും പല പ്രമുഖരും ഈ ദര്‍ശനത്തില്‍ വിശ്വസിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, ഇ കെ നയനാര്‍, ഇ എം എസ് നമ്പൂതിരിപ്പാട്, പനമ്പള്ളി ഗോവിന്ദമേനോന്‍, വി എസ് അച്യുതാനന്ദന്‍ ഇവരൊക്കെ ഈ ദര്‍ശനത്തില്‍ വിശ്വസിച്ചവരോ വിശ്വസിക്കുന്നവരോ ആണ്. സാഹിത്യലോകത്തുനിന്നും ചങ്ങമ്പുഴയും കുറ്റിപ്പുഴ കൃഷ്ണപിള്ളയും തോപ്പില്‍ ഭാസിയുമൊക്കെ ഈ ഭൗതിക ദര്‍ശനത്തെ പിന്തുടര്‍ന്നവരാണ്. അതുകൊണ്ടുതന്നെ ഇത് തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല. ഭക്തിയുടെ പേരില്‍ ഇവിടെ എന്തൊക്കെ നടത്തുന്നു. ദര്‍മന്ത്രവാദത്തിന്റെ പേരില്‍ എത്ര പേര്‍ മരണപ്പെടുന്നു. അപ്പോള്‍ അതുമാത്രം ശരി, അതിനെതിരെ സംസാരിക്കുന്നത് ശരിയല്ല എന്നൊക്കെ പറയുന്നത് എത്ര ഭീകരമാണെന്ന് നോക്കൂ. അതാണ് പറയുന്നത് ഫാസിസത്തിന്റെ ഭീകരമുഖമാണ് ഇവിടെ കാണുന്നു. ഹിറ്റ്‌ലറുടെ ഏകാധിപത്യഭരണത്തെ ഇത് അനുസ്മരിപ്പിക്കുന്നു. ഒടുവില്‍ ഹിറ്റ്‌ലറുടെ അവസ്ഥയാകും ഉണ്ടാകുന്നത് എന്ന കാര്യം അവര്‍ മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മറ്റ് മതവിശ്വാസങ്ങളേയോ ആരാധന ബിംബങ്ങളെയോ ചോദ്യം ചെയ്യാന്‍ താങ്കള്‍ ധൈര്യപ്പെടുമോ എന്നൊരു ചോദ്യവും ഉയരുന്നുണ്ട്. എന്താണ് അതിനുള്ള ഉത്തരം?

എന്റെ പുയ്യാപ്ല എന്ന കവിത പാടാം.

എട്ടാംക്ലാസിലെ
എട്ടുംപൊട്ടും തിരിയാത്ത
കുഞ്ഞാമിനയെ കാണാന്‍
ഒരാളുവന്നു
ഒട്ടകവിയര്‍പ്പിന്റെ സുഗന്ധം
താടി, തലക്കെട്ട്
നെറ്റിയില്‍ ചെമ്പുതുട്ട്
ഉമ്മ പറഞ്ഞു
പുയ്യാപ്ല
ബാപ്പ പറഞ്ഞു
പുയ്യാപ്ല
കുഞ്ഞാമിനയുടെ
ഉള്ളുപറഞ്ഞു
ഉപ്പുപ്പ- ഉപ്പുപ്പ

ഇതുമാത്രമല്ല, സ്വാശ്രയം, ബുദ്ധന്റെ പല്ല് ഇതെല്ലാം എന്റെ കവിതകളാണ്. ഇതിലോരോന്നും ഏത് മതവിശ്വാസങ്ങളെയാണ് വിമര്‍ശിക്കുന്നതെന്ന് വായിക്കുമ്പോള്‍ മനസിലാകും. ആദ്യത്തേത് ഇസ്ലാംമതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ സ്വാശ്രയത്തിലൂടെ ചോദ്യം ചെയ്തത് ക്രൈസ്തവ രീതികളെയാണ്. ഇതൊന്നും ഹൈന്ദവ വിശ്വാസവിമര്‍ശനങ്ങളായിരുന്നില്ലല്ലോ. അപ്പോള്‍ അത്തരം പ്രചരണത്തിനും അടിസ്ഥാനമില്ല. അതാണ് പറഞ്ഞത് ഇത് ആസൂത്രിതമെന്ന്. ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ചെന്ന് വരുത്തി തീര്‍ത്താല്‍ അവര്‍ക്ക് കൊല്ലാന്‍ എളുപ്പമാണ്. അതെ അവര്‍ എന്നെ കൊല്ലുകതന്നെചെയ്യും. അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഈയിടെ പവിത്രന്‍ തീക്കുനിയ്ക്ക് തന്റെ കവിത പിന്‍വലിച്ച് മാപ്പ് പറയേണ്ടി വന്ന സാഹചര്യമുണ്ടായി. എങ്ങനെ കാണുന്നു അതിനെ?

സത്യത്തില്‍ ആ വിഷയം എനിക്കറിയില്ല. അങ്ങനെ ആരൊക്കെയോ പറയുന്നത് കേട്ടു. എനിക്കുതോന്നുന്നു പര്‍ദ്ദ എന്ന കവിതയ്ക്കാണ് അത്തരത്തില്‍ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. പക്ഷെ വിഷയത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ അറിഞ്ഞില്ല. പവിത്രനുമായി സംസാരിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് അതിനെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല

സാഹിത്യലോകത്തുനിന്നുള്ള പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?

നല്ല പിന്തുണയായിരുന്നു സാഹിത്യലോകത്തുനിന്നും കിട്ടിയത്. നിരവധി പേര്‍ പിന്തുണയുമായി എത്തി. പ്രസംഗങ്ങളില്‍ പറഞ്ഞു. എനിക്കുവേണ്ടി എഴുതി. സുഗതകുമാരി ടീച്ചര്‍, ജോര്‍ജ് ഓണക്കൂര്‍, ബെന്യാമന്‍ തുടങ്ങി ഒട്ടനവധി പേര്‍ എനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അഡ്വ ജയശങ്കര്‍ എന്നെ അനുകൂലിച്ച് സംസാരിച്ചു. അങ്ങനെ ഉണ്ടാകും. കാരണം ഇത് ഗുജറാത്തല്ല. കേരളമാണ്. ഞാന്‍ ഒരു സാധാരണക്കാരനാണ്. വലിയ പദവികള്‍ വഹിക്കുന്ന ആളൊന്നുമല്ല. പക്ഷെ എന്നെ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല അവര്‍ ഈ പിന്തുണ നല്‍കുന്നത്. എന്റെ ആദര്‍ശങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്.

പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോള്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകുമോ. അതോ ഉറച്ച് തന്നെ നില്‍ക്കുമോ?

മേല്‍പ്പറഞ്ഞ ആദര്‍ശങ്ങളില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത് എന്റെ പതിനാറാം വയസുമുതലാണ്. അതിന് ഇന്നോളം മാറ്റം വന്നിട്ടില്ല. കേരളസാഹിത്യ അക്കാദമി വച്ചുനീട്ടിയ പത്മനാഭസ്വാമി പുരസ്‌കാരം തിരസ്‌കരിച്ച ആളാണ് ഞാന്‍. അതൊരു മതേതരസ്ഥാപനമാണ്. എല്ലാ മതവിശ്വാസികളുടെയും പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം. അവിടെ ഏതെങ്കിലും ഒരു ദൈവത്തിന്റേ പേരില്‍ പുരസ്‌കാരം സമ്മാനിക്കുന്നത് ശരിയല്ല. അത് ശരിയല്ലെന്ന് കണ്ടുതന്നെയാണ് പുരസ്‌കാരം ഞാന്‍ വിസമ്മതിച്ചതും. നിലപാടുകള്‍ അന്നും ഇന്നും ഒന്നുതന്നെയാണ്. അത് ഒരിക്കലും മാറാനും പോകുന്നില്ല.

ഈ പറഞ്ഞ പ്രചാരണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന

കൃത്യവും വ്യക്തവുമായ രാഷ്ട്രീയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്. അതാണ് ഞാന്‍ നേരത്തെ വ്യക്തമാക്കിയതും. ഞാന്‍ എന്റെ വാക്കുകളിലൂടെ എപ്പോഴും നിലകൊള്ളാന്‍ ശ്രമിച്ചത് കീഴാള സമൂഹത്തോടും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തോടുമാണ്. അതാണ് എന്റെ രാഷ്ട്രീയം. വൈലോപ്പിള്ളി അടക്കമുള്ള കവികള്‍ ഇത്തരം നിലപാടുകളെടുത്തവരാണ്. പക്ഷെ മറുപക്ഷത്തിന് ഇതിനോട് യോജിപ്പില്ല. അവര്‍ അത്തരം എഴുത്തുകാരെ അംഗീകരിക്കുന്നുമില്ല. അതിന്റെ പ്രതിഫലനമാണ് ഈ കാണുന്നത്. പക്ഷെ ഇതിലൂടെയൊന്നും ആരെയും തളര്‍ത്താമെന്ന് അവര്‍ കരുതണ്ട.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

ഈ അഭിമുഖം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ ഞങ്ങളെ സഹായിക്കുക.

Like this interview? Please Support us.

Donate Now!

Comments
Loading...