അനുഭവം ഇല്ലായ്മയാണ് പല സിനിമാക്കാരുടെയും പ്രശ്‌നം: വിധു വിന്‍സെന്റ്‌

വിധു വിന്‍സെന്റ്‌, മലയാള സിനിമയുടെയും ഐ.എഫ്.എഫ്.കെയുടെയും ചരിത്രത്തിലേക്ക് എഴുതപ്പെട്ട പേര്. മികച്ച നവാഗത സംവിധായിക,​ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം എന്നിങ്ങനെ രണ്ട് അവാർഡുകളാണ് വിധു വിൻസെന്റും അവർ സംവിധാനം ചെയ്ത മാൻഹോളും ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ സ്വന്തമാക്കിയത്. വിധു തന്റെ സിനിമയെക്കുറിച്ചും കാഴ്ചപ്പാടുകളും മീരയോട്‌ തുറന്നു പറയുന്നു.

മാധ്യമപ്രവർത്തനത്തിൽ നിന്ന് സിനിമയിലേക്ക് വന്നത്?

16 വർഷമായി മാധ്യമപ്രവർത്തനത്തിൽ നിൽക്കുന്നതാണ് ഞാൻ. മീഡിയ വണ്ണിൽ വൃത്തിയുടെ ജാതി എന്ന പേരിൽ ചെയ്ത ഡോക്യുമെന്ററിയാണ് ഈ സിനിമയിലേക്ക് എത്തിച്ചത്. ആ ഡോക്യുമെന്ററി എന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്ന കൂട്ടരെ കുറിച്ചായിരുന്നു.

സ്വീവേജ് വൃത്തിയാക്കുന്ന അവരോട് നടത്തിയ സംസാരം സർക്കാർ നിരോധിച്ചു എന്നു പറയുന്ന തോട്ടിപ്പണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അത് ചെയ്യുന്നവർ നേരിടേണ്ടി വരുന്ന സോഷ്യൽ ട്രോമയും മനസ്സിലാക്കി തന്നു. അതാണ് ആ വിഷയം  ഡോക്യുമെന്ററിയായി ചെയ്യാൻ തീരുമാനിച്ചത്. ഞങ്ങളുടെ നിരീക്ഷണത്തിൽ നിന്ന് മനസ്സിലായി ഒരു പ്രത്യേകജാതിയാണ് ഈ ജോലി ചെയ്യുന്നതെന്ന്.

സാമൂഹികമായി അവർ അനുഭവിക്കുന്ന  ഒറ്റപ്പെടൽ ആണ് കാണിച്ചത്. ഡോക്യുമെന്ററി ഒരുപാട് സ്ഥലങ്ങളിൽ കാണിച്ചു. ഒരുപാട് അവാർഡ് കിട്ടി. ഫോളോഅപ്പ് സ്റ്റോറി ചെയ്തു.പിന്നീട് അവരോട് സംസാരിച്ചപ്പോൾ മനസ്സിലായി ഡോക്യുമെന്ററി ചെയ്തതിന് ശേഷം നമുക്ക് കുറേ അവാർഡ് കിട്ടി എന്നല്ലാതെ ഇവരുടെ ജീവിതത്തിന് വലിയ മാറ്റമൊന്നുമില്ല എന്ന്. ചർച്ച ചെയ്യപ്പെടേണ്ട രീതിയിൽ വിഷയം  ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നി.

മാധ്യമപ്രവർത്തനത്തിന്റെ പരിമിതി ഒരു പത്രം വായിക്കുന്നവർ,​ അല്ലെങ്കിൽ ഒരു ചാനൽ കാണുന്നവർ മാത്രമേ ആ വിഷയം ചർച്ച ചെയ്യുന്നുള്ളൂ എന്നാണ്. അങ്ങനെയാണ് വലിയ സ്‌ക്രീനിലേക്ക് എത്തിക്കണമെന്ന് തോന്നലുണ്ടാകുന്നത്. എന്റെ സുഹൃത്ത് സിനിമയുടെ കാമറമാൻ ഉമേഷ് ആണ് എന്തുകൊണ്ട് സിനിമയായി ആലോചിച്ചൂടാ എന്ന് ചോദിച്ചത്.

എനിക്കാണെങ്കിൽ അത് തീരെ ആലോചനയിലില്ല, മാത്രമല്ല, മാധ്യമപ്രവർത്തനത്തിന്റെ സാധ്യതകളിൽ അമിത വിശ്വാസമുള്ളയാളായിരുന്നു ഞാൻ. പിന്നെ റിസ്‌കെടുക്കാമെന്ന് തീരുമാനിച്ചു. ഫിനാൻസ് വലിയ പ്രശ്‌നമായിരുന്നു. പ്രൊഡ്യൂസർമാരെ കിട്ടാൻ സാധ്യതയില്ല എന്ന് മനസ്സിലായപ്പോൾ അച്ഛൻ തന്നെയാണ് പ്രൊഡ്യൂസറാകുന്നത്. അങ്ങനെയാണ് ഈ സിനിമ സംഭവിക്കുന്നത്.

വിചാരിച്ചത്ര ചർച്ച ആയോ സിനിമ?

വിചാരിച്ചതിനേക്കാൾ ആളുകൾ ഏറ്റെടുക്കുന്നുണ്ട്. ഐ.എഫ്.എഫ്.കെയിൽ വന്നു. മത്സരയിനത്തിൽ വന്ന് അവാർഡ് കിട്ടി. അങ്ങനെ ടോക്ക് ഓഫ് ദി ടൗൺ ആകുന്നു. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത് നടന്ന ഷോയിൽ നൂറ് പേർക്ക് ഇരിക്കാനുള്ളയിടത്ത് 400 പേർ വന്നു.

ഇത് കാണാൻ വേണ്ടി മാത്രം ദൂരെ നിന്ന് വന്നവരുണ്ട്. അടുത്ത ദിവസം ചിറ്റൂർ ഷോയ്ക്കായി പോകുന്നുണ്ട്. കുറേ ഫിലിംസൊസൈറ്റിയിൽ ഈ സിനിമ  കാണിക്കട്ടേ എന്ന് ചോദിച്ച് വിളി വരുന്നു. ആളുകൾക്ക് കൗതുകമുണ്ട്. സ്ത്രീ ചെയ്ത സിനിമ, ഇവർ പറഞ്ഞതെന്താണെന്ന് അറിയാനുള്ള,​ എന്താ ഇത്ര ചർച്ച ചെയ്യപ്പെടുന്നത് എന്നറിയാനുള്ള കൗതുകം.

ചിലർ പ്രതികൂല രാഷ്ട്രീയ നിലപാട് കൊണ്ട് വന്നു കാണുന്നുണ്ട്. അങ്ങനെ വ്യത്യസ്ത തരം കൗതുകങ്ങൾ കൊണ്ട് വന്നു കാണുന്നവർ. കുറച്ചു സ്ത്രീകൾ വന്നു പറഞ്ഞു, ‘ഞങ്ങളുടെ മോളുടെ പ്രായത്തിലുള്ള കുട്ടി ചെയ്ത സിനിമയാണ് അത് ഒന്നു കാണാമെന്ന് വച്ച് വന്നതാ. അല്ലാതെ ഫിലിംസൊസൈറ്റിയിൽ വന്ന് സിനിമ കാണുന്ന കൂട്ടത്തിലല്ല ഞങ്ങൾ” എന്ന്.

ഇപ്പോൾ ഡിസ്ട്രിബ്യൂട്ടറുമായി സംസാരിച്ചു, 20 സെന്ററുകളിൽ റിലീസ് ചെയ്യാനുള്ള ധാരണയായി.ഞങ്ങൾക്ക് സ്റ്റാർസിനെ മാർക്കറ്റ് ചെയ്യാനില്ല. ഇതിന്റെ കണ്ടന്റും ഗുഡ് വില്ലുമാണ് മാർക്കറ്റ് ചെയ്യേണ്ടത്. ചിലപ്പോൾ സംവിധായകൻ തന്നെ പോയി പോസ്റ്ററൊട്ടിക്കേണ്ടി വരും. നാട് മുഴുവൻ നടന്ന് പറയേണ്ടി വരും.

പക്ഷേ, ഇപ്പോഴുള്ള പ്രതീക്ഷയെന്താന്ന് വച്ചാൽ കേരളത്തിന്റെ പല ഭാഗത്ത് നിന്നും ഫിലിം സൗസൈറ്റി പ്രവർത്തകരും അല്ലാത്തവരും വിളിച്ചു ചോദിക്കുന്നുണ്ട് എന്നോട്. റിലീസ് ചെയ്യുന്നുണ്ടോ, പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കണമോ എന്നൊക്കെ. സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമൊക്കെ ഇത്തരം ചോദ്യം വരുന്നുണ്ട്.

അത് എനിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ആളുകൾ ഇടിച്ചു കയറുമെന്നല്ല. എങ്കിലും ഒരു ഷോ എങ്കിലും നിറയെ ആളുണ്ടാവും എന്ന പ്രതീക്ഷ. അത്രയും മതിയെന്നാണ് ഞാൻ വിചാരിക്കുന്നത്. പിന്നെ, സിനിമയിൽ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് ആളുകൾ സംസാരിക്കുന്നുണ്ട്. അത് നമ്മൾ കാണുന്നുണ്ട്.

പ്രതീക്ഷിച്ച ഒരു റിസൾട്ട് ഈ പ്രത്യേക സമൂഹത്തിന് കിട്ടിയോ?

അത് ഒരു ജേർണലിസ്റ്റിൽ നിന്നുള്ള ചോദ്യമാണ്. നമ്മൾ മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഇംപാക്ട് സ്റ്റോറി എന്നത് ഒരു നമ്പറാണ്. ഇന്ന് സ്റ്റോറി ചെയ്യുന്നു, നാളെ മന്ത്രിയെ കൊണ്ട് അതിൽ എന്തെങ്കിലും പറയിപ്പിക്കുന്നു. ഇംപാക്ട് സ്റ്റോറിയായി. ഇത് ഞാനും ചെയ്തിട്ടുണ്ട്.അങ്ങനെയായിരുന്നെങ്കിൽ ആ ഡോക്യുമെന്ററിയിൽ തന്നെ എത്രയോ ഇംപാക്ട് ഉണ്ടായി എന്നു പറയേണ്ടി വരും എനിക്ക്. പക്ഷേ,​ ഞാനതല്ല പ്രതീക്ഷിക്കുന്നത്.

രാഷ്ട്രീയ സാമൂഹ്യ നവോത്ഥാന സമരങ്ങളിലൂടെ കടന്നുപോയ കേരളത്തിലാണ് നാം ജീവിക്കുന്നതെന്നും ഈ പശ്ചാത്തലത്തിലാണ് സാക്ഷരതയടക്കമുള്ള കേരളത്തിന്റെ ബോധമനസ്സ് പ്രവർത്തിക്കുന്നത് എന്നൊക്കെയാണല്ലോ നാം ചിന്തിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എന്ന് പോലും അടയാളപ്പെടുത്തുന്നുണ്ട്.

എങ്കിലും എങ്ങനെയാണ്  ഈ രാഷ്ട്രീയ മനസ്സിൽ ഉച്ചനീചത്വങ്ങൾ വന്നതെന്നും അത് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ജാതി മാഞ്ഞുപോയിട്ടില്ലെന്നും ജാതിബോധം അത്രയ്ക്ക് തീക്ഷ്ണമായി ഉണ്ടെന്നൊക്കെയാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഇതിൽ സ്‌റ്റേറ്റ് ഇടപെടേണ്ട വശമുണ്ട്. നമ്മളുടെ ഇടപെടൽ വരേണ്ട വശമുണ്ട്. ഇതൊക്കെ സമയമെടുക്കും എന്നാണ് ഞാൻ കരുതുന്നത്. പിറ്റേദിവസം ഉണ്ടാകേണ്ട ഇംപാക്ട് അല്ല, സമയമെടുക്കും.

ദളിതനോടുള്ള വേർതിരിവ് ഇപ്പോൾ കുറച്ചുകൂടി പ്രകടമായി കാണിക്കപ്പെടുന്നു എന്നു തോന്നുന്നുണ്ടോ?

സിനിമ കണ്ടപ്പോൾ ഇപ്പോൾ ഇങ്ങനെയില്ല എന്നൊരു സഖാവ് പറഞ്ഞു. പക്ഷേ, അല്ല സഖാവേ ഇങ്ങനെയുണ്ട് എന്ന് പറഞ്ഞ് കൊടുക്കേണ്ടി വന്നു. ഇക്കാര്യത്തിൽ ഞാൻ ഇടതുപക്ഷത്തിന്റെ ഒപ്പം നിൽക്കും.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലം കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും ഇവിടുത്തെ ജന്മി-കീഴാള ബന്ധത്തെ എങ്ങനെയാണ് രാഷ്ട്രീയവത്കരിച്ചത് എന്ന്. അതേ സമയം, തൊട്ടടുത്ത തമിഴ്‌നാട്ടിൽ അടിമത്തമായിരുന്നു. ദളിതന്റെ അന്തസും അഭിമാനവും തിരിച്ചെടുക്കാൻ ഇടതുപക്ഷം അതികഠിനമായി സമരം ചെയ്തു എന്നതിൽ ഒരു തർക്കവുമില്ല. പക്ഷേ, അന്ന് കാണിച്ച ഊറ്റം,​ ഊർജം കുറഞ്ഞു പോയില്ലേ എന്ന് തോന്നുന്നുണ്ട്.

ഇപ്പോൾ എല്ലാം ഭദ്രമായി , കേരളത്തെ ഞങ്ങൾ വീണ്ടെടുത്തു എന്ന് കരുതിയിരിക്കുകയാണെങ്കിൽ അല്ല, ഇപ്പോഴും  അതിന്റെ ചില അദൃശ്യശക്തികൾ ഉണ്ടെന്നും അത് തിരിച്ചറിഞ്ഞില്ലെങ്കിൽ മറ്റു ചില ശക്തികൾ അവിടേക്ക് കടന്നെത്തി ആ വിടവു വലുതാക്കുമെന്നും ഉള്ള ഓർമ്മപ്പെടുത്തലാണ് ഈ സിനിമയിലൂടെ എനിക്ക് ഇപ്പോൾ ഇടതു പാർട്ടികളോട് പറയാനുള്ളത്.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ?

ഭർത്താവ് സഞ്ജയ് എൻ.ഐ.ടിയിൽ അദ്ധ്യാപകനാണ്. മകൾ സഞ്ജന.  എന്റെ മകളും ഭർത്താവും കോഴിക്കോടാണ്. ഞാൻ തിരുവനന്തപുരത്തും. അവരുടെ ഒരു സാമീപ്യം കൊണ്ടുപോലും എന്നെ ശല്യപ്പെടുത്തിയില്ല.

മകൾ പറയും അമ്മ എനിക്ക് സ്‌പെഷ്യൽ ക്രെഡിറ്റ്‌സ് തരണം. എല്ലാ കുട്ടികളും അമ്മ വേണമെന്ന് വിചാരിക്കുമ്പോൾ ഞാൻ അങ്ങനെ പറഞ്ഞ് ശല്യപ്പെടുത്തിയിട്ടു പോലുമില്ലല്ലോ.കേരളത്തിൽ മാത്രമല്ല, ലോകം മുഴുൻ കുടുംബത്തിന്റെ കാര്യം നോക്കികഴിഞ്ഞാൽ എത്ര സമയം സ്ത്രീയ്ക്ക് മാത്രമായി കിട്ടും എന്ന് ആലോചിച്ചു നോക്കേണ്ടതുണ്ട്.

നമ്മുടെ സിസ്റ്റം പാട്രിയോർക്കിയൽ ആണ്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ എണ്ണം കുറയുന്നു എന്ന് മാത്രമല്ല, കൊഴിഞ്ഞു പോക്കും കൂടുതലാണ്. മാറ്റി വയ്ക്കാൻ സമയമില്ല, എന്നതും സമയമുണ്ടെങ്കിൽ പോലും ഇത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടാവില്ല.

സംവിധായക ആകുമ്പോൾ നിങ്ങൾ ഒരു ടീം ലീഡറാണ്, ഒരുപാട് പുരുഷന്മാരെ നിയന്ത്രിക്കേണ്ടി വരും. പത്തു പതിനഞ്ചു വർഷം ഇഷ്ടം പോലെ പുരുഷന്മാരുടെ ഇടയിൽ അവരോട് പയറ്റി നിൽക്കാൻ പഠിച്ചതോണ്ടാണ് എനിക്ക് ഇത് ചെയ്യാൻ പറ്റിയത്.

പ്രശ്‌നങ്ങളുടെ കളിയാവും. വഴക്കൊക്കെ പിന്നീട്, പണി തീർക്കാം എന്ന് കരുതി,സിനിമ തീർത്തതാണ് ഞാൻ.സർഗാത്മകതയ്ക്ക് ഉപരി ഇതൊരു സംഘടനാ ശേഷി തന്നെയാണെന്ന് കരുതുന്നു ഞാൻ.

മാധ്യമപ്രവർത്തകയാണോ സിനിമക്കാരിയാണോ ഉള്ളിൽ കൂടുതൽ?​

ബേസിക്കലി ഞാനൊരു മാധ്യമപ്രവർത്തകയാണ്.  സിനിമ പാഷനേറ്റ് ആയിട്ടുള്ള ആളല്ല ഞാൻ. മാധ്യമപ്രവർത്തനം നന്നായി ചെയ്യാൻ ആളുകൾ ആവശ്യമുണ്ടെന്ന് കരുതുന്ന ആ ജോലി തന്നെ പാഷനേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

ആ ജോലിക്കിടയിൽ നമ്മൾ കണ്ടുമുട്ടിയ ലക്ഷക്കണക്കിന് ആളുകൾ , കാഴ്ചകളും തോന്നലുകളുമാണ് എന്റെ സിനിമ. അടുത്ത സിനിമകളെല്ലാം മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ടതാണ്. അതിൽ നിന്നല്ലാതെ ആലോചിക്കാൻ കഴിയുന്നില്ല എന്ന പരിമിതിയുമുണ്ടെനിക്ക്.

ജീവിത പരിചയക്കുറവ് സിനിമയെ ബാധിക്കുന്നുണ്ടോ?​

മാധ്യമപ്രവർത്തകയെന്ന നിലയിൽ സിനിമയെ വെല്ലുന്ന മനുഷ്യരുടെ മുന്നിൽ നാം നിൽക്കാറുണ്ട്. അനുഭവം ഇല്ലായ്മയാണ് പല സിനിമാക്കാരുടെയും പ്രശ്‌നമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോൾ പലരും അച്ഛൻ വെട്ടിത്തെളിച്ച പാതയിൽ മകനെ കൊണ്ടു വന്ന് നിറുത്തുകയാണ്.

വേറൊരു ജീവിതവും പരിചയമില്ലാത്ത മക്കളാണ് ഇപ്പോൾ സിനിമയുണ്ടാക്കുന്നത്. ഒരു പക്ഷേ, നമ്മൾ മലയാളികൾ ഇതേ അർഹിക്കുന്നുണ്ടാവുകയുള്ളൂ. മറാത്തിയിൽ സൈറാത്ത് പോലെ,​ തമിഴിലും മറ്റു ഗംഭീരമായ മറ്റു ചിത്രങ്ങൾ ഉണ്ടാകുന്നു. പക്ഷേ, നമ്മൾ മലയാളികൾ ആഘോഷിക്കുന്നത് പുലിമുരുകൻ പോലുള്ള ചിത്രങ്ങളും. കേരളം പ്രബുദ്ധമാണെന്ന് പറയുന്നത് കപടമാണ്.

ഞാനുൾപ്പെടെയുള്ള മിഡിൽ ക്‌ളാസിനെ സംബന്ധിച്ച്  നമുക്ക് കാണേണ്ടതെന്താണ്? പാട്ട് കേട്ട്, കോമഡി കേട്ട് ഹ ഹ ചിരിച്ച് പോന്നാൽ മതി എന്ന് നമ്മൾ കരുതുന്നിടത്താണ് സിനിമ മോശമാകുന്നത്. സനിൽ കുമാർ ശശിധരനെ, ഡോ. ബിജുവിനെ പോലുള്ളവർ ശ്രമം നടത്തുന്നതു കൊണ്ടാണ് സമാന്തര സിനിമ നില നിന്നു പോകുന്നത്.

സമാന്തര സിനിമാ സംസ്‌കാരം വേണമെന്ന് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഒറ്റ സിനിമാ സംസ്‌കാരം മതി. പക്ഷേ, അതിൽ കാമ്പുള്ള സിനിമ വേണം. ദംഗൽ, പിങ്ക് ഒക്കെ നമുക്ക് ഇഷ്ടപ്പെടുന്ന സിനിമകളാണ്.

അതൊക്കെയാണ് സ്വീകരിക്കേണ്ട രീതിയെന്ന് ഞാൻ വിശ്വസിക്കുന്നു. താരം വേണ്ടിടത്ത് താരത്തെ വച്ച് അല്ലാത്തവ അല്ലാതെയും പറയാൻ കഴിയണം. ഈ സിനിമയിൽ അവർക്ക് പറയേണ്ട കൃത്യമായ രാഷ്ട്രീയം അവർ പറയുന്നുണ്ട്.

സിനിമ പറച്ചിലിൽ നാം മാറേണ്ടതെവിടെയാണ്?​

മാൻഹോളിനെ കുറിച്ച് കണ്ടവർ പറഞ്ഞത് ബോറടിക്കുമെന്ന് കരുതി. പക്ഷേ, അവസാനം വരെ ആകാംക്ഷയുണ്ടായി. അവസാനം നീറ്റലുണ്ടാക്കി എന്നൊക്കെയാണ്. എന്നെ സംബന്ധിച്ച് പുതിയ ആളായ എനിക്ക് ഇത്രയും ആലോചിക്കാൻ കൊടുക്കാൻ പറ്റിയെങ്കിൽ തന്നെ ധാരാളമാണ്.

എലിപ്പത്തായം പോലെ ലോംഗർ ഡ്യൂറേഷനിൽ നിൽക്കുന്നതൊന്നും ഇപ്പോൾ ആലോചിക്കാൻ പറ്റില്ല. ആളുകളുടെ ദൃശ്യവിസ്മയം മാറി. അവർ പുതിയ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. അവയുടെ സ്‌പേസ്, ടോൺ എല്ലാം മാറി. സിനിമ എടുക്കുന്നവർ ഇത് മനസ്സിലാക്കി വേണം സിനിമ എടുക്കാൻ എന്ന് ഞാൻ കരുതുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സാമ്പത്തിക പരിമിതി ഉണ്ടായിരുന്നു.

കംഫർട്ടബിൾ ആയി സിനിിമ എടുക്കുന്നവർ നിങ്ങളുടെ പ്രമേയം ശക്തമാണമെന്ന് കരുതുന്നുണ്ടെങ്കിൽ ആളുകൾക്ക് അപ്പീലിംഗ് ആകുന്ന വിധത്തിൽ അത് മേയ്ക്ക് ചെയ്യണമെന്ന് ഞാൻ വിചാരിക്കുന്നു. പഴയ ഫോർമാറ്റിൽ നിന്ന് സിനിമയെടുപ്പിൽ ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.

അടുത്ത സിനിമ?

സ്‌ക്രിപ്റ്റ് ഒരുമാതിരി കഴിഞ്ഞു. മാൻഹോൾ റിലീസ് ആകുന്ന വരെ അടുത്തതിന്റെ വർക്ക് തുടങ്ങുന്നില്ല. ഇത് റിലീസെത്തിക്കുക എന്നതാണ് ആദ്യ കടമ്പ. അടുത്ത സിനിമ മാർച്ചിൽ തുടങ്ങാമെന്നാണ് കരുതുന്നത്. സ്ത്രീ കേന്ദ്രീകൃത വിഷയമാണ്. ശരിക്കും രണ്ട് ചിത്രങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്.അപ്പോൾ,​ രണ്ട് പ്രൊഡ്യൂസർമാർ വേണം.

അടുത്തത് തീയേറ്റർ റിലീസ് ഉദ്ദേശിച്ചിട്ടുള്ള സിനിമയാണ്. കൂടാതെ,​ തമിഴിൽ ഒരു സിനിമ ചെയ്യാൻ പ്‌ളാനുണ്ട്. തമിഴ് സിനിമയിലെ പ്രമുഖ സംവിധായകന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ഡിസ്‌കഷനിലാണ്. അത് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. യൂണിവേഴ്‌സൽ വിഷയമാണ് ചർച്ച ചെയ്യുന്നതെങ്കിലും തമിഴ് ജനതയുടെ കഥ പറയുന്നതാണ് അത്.

# വിധു വിന്‍സെന്റ്‌

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More