ആല്‍ഫ്രഡ് ഹിച്ച്‌കോക്കും ധ്രുവങ്കള്‍ പതിനാറും

ധ്രുവങ്കൾ പതിനാറ്, തമിഴ്നാട്ടിൽ സൂപ്പർഹിറ്റായ ഈ സിനിമയ്ക്ക് ഒരു 21 കാരന്റെ മുഖമാണ്. എന്ന് കേരളത്തിൽ വരുമെന്ന് സിനിമയെ സ്നേഹിക്കുന്ന മലയാളികൾ മാറിമാറി ചോദിക്കുന്ന ഈ സിനിമയുടെ സംവിധായകൻ 21 വയസുകാരനായ കാർത്തിക് നരേനാണ്. വർഷങ്ങൾ സിനിമയെടുത്ത് പരിചയമുള്ളവർ പോലും ഇടറിപ്പോകുന്ന മേഖലയിൽ ഒറ്റ സിനിമ കൊണ്ട് തന്നെ പേര് കോളിവുഡിൽ എഴുതിയുറപ്പിച്ചു കാർത്തിക്. ലക്ഷ്യം തിരിച്ചറിഞ്ഞപ്പോൾ അത് നേടാൻ സഞ്ചരിച്ച വഴികളെക്കുറിച്ച് കാർത്തിക് മലയാളത്തില്‍ ആദ്യമായി അനുവദിച്ച അഭിമുഖത്തില്‍ മീരയോട്‌ പറയുന്നു.

കാര്‍ത്തിക്‌ കോളേജിൽ നിന്ന് പഠനം ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയതെന്ന് കേട്ടു. എങ്ങനെയാണ് സിനിമ ലക്ഷ്യമായത്?

കോയമ്പത്തൂരിൽ ആണ് ഞാൻ ജനിച്ചതും വളർന്നതും. അവിടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആണ് പഠിച്ചു കൊണ്ടിരുന്നത്. കോളേജിൽ ചേരുമ്പോഴും എനിക്ക് ഒരു ക്ളാരിറ്റിയും ഉണ്ടായിരുന്നില്ല ജീവിതത്തിൽ എന്ത് ജോലി സ്വീകരിക്കണമെന്ന്. അപ്പോഴാണ് ടി.വി ചാനലിൽ നാളെയാ ഇയർക്കുനാർ എന്ന പേരിൽ ഷോർട്ട് ഫിലിംസിനായി ഒരു റിയാലിറ്റ് ഷോ ആരംഭിക്കുന്നത്.

ഷോർട്ട് ഫിലിം ട്രെൻഡ് തുടങ്ങിയ ആ സമയത്ത് ഞാനും ഒന്ന് രണ്ട് ഷോർട്ട്ഫിലിം ചെയ്തു. അങ്ങനെയാണ് സിനിമയോട് ഇഷ്ടം വരുന്നത്. അതിനു ശേഷമാണ് ജീവിതത്തിൽ ഇതാണ് ചെയ്യാൻ പോകുന്നത് എന്ന് ഞാൻ തീരുമാനമെടുത്തത്. ഞാൻ ഷോർട്ട് ഫിലിം ചെയ്തു നടക്കുമ്പോൾ കൂട്ടുകാരോടൊത്ത് കാമറയുമെടുത്ത് കറങ്ങി, ഷോർട്ട് ഫിലിം ഒരു ടൈംപാസിന് ചെയ്യുവാണെന്നാണ് വീട്ടുകാർ കരുതിയത്.

മൂന്ന് നാല് ഷോർട്ട് ഫിലിം ചെയ്തതിന് ശേഷമാണ് വീട്ടുകാർക്കും ഞാനിത് സീരിയസായി ചെയ്യുകയാണെന്ന് മനസ്സിലായത്. അപ്പോഴാണ് ജിൽ ജംഗ് ജക്ക് എന്ന സിനിമയിൽ അസിസ്റ്റന്റായി ജോലി ചെയ്യാനുള്ള അവസരം ചെന്നൈയിൽ നിന്ന് വന്നത്. ആ സമയം എനിക്ക് ചെന്നൈ എന്താണെന്നോ ഒന്നും അറിയില്ല. എന്നാലും കിട്ടിയ അവസരം കളയുന്നത് എന്തിനാണെന്ന് വിചാരിച്ചു.

സിനിമയിൽ ചാൻസ് കിട്ടുകയെന്നത് തന്നെ ഒരു ഭാഗ്യമാണ്, പിന്നെ കിട്ടുകയെന്നതും ബുദ്ധിമുട്ടാണ്. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ കോളേജ് ‌ഡിസ് കണ്ടിന്യൂ ചെയ്തിട്ടു പോകാം എന്ന് തീരുമാനിച്ചു. വീട്ടിൽ പറഞ്ഞപ്പോൾ നീ എന്തായാലും തീരുമാനിച്ചു, നിന്റെ ആ യാത്രയിൽ നിന്നെ സപ്പോർട്ട് ചെയ്യാം എന്ന് അവരും പറഞ്ഞു. അങ്ങനെയാണ് കോളേജ് പഠനം ഉപേക്ഷിച്ച് സിനിമാ മേഖലയിലേക്ക് വരുന്നത്.

ധ്രുവങ്കൾ പതിനാറ് സിനിമ ആയത് എങ്ങനെയാണ്?

ഞാൻ ത്രില്ലർ സിനിമകളുടെ ആരാധകനാണ്. വേൾഡ് സിനിമയിൽ ആൽഫ്രഡ് ഹിച്ച്കോക്ക് സിനിമകൾ ഒരുപാട് കാണും. ഒരു സംവിധായകന്റെ ഐഡന്റിറ്റി എന്ന് പറയുന്നതേ ആദ്യ സിനിമയാണ്. ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് എന്റെ ഐഡന്റിറ്റി തെളിയിക്കുന്ന ഒന്നാകണം എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് ധ്രുവങ്കൾ പതിനാറ് സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നത്. ഒരേയൊരു സ്ക്രിപ്റ്റേ ആ സമയത്ത് ഞാൻ എഴുതിയുള്ളൂ. സിനിമ എടുക്കുന്നെങ്കിൽ ഈ സ്ക്രിപ്റ്റ് ആകും എന്റെ ആദ്യ സിനിമയെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.



നായകനായി റഹ്മാനിലെത്തിയത് എങ്ങനെ?

കഥയെഴുതുമ്പോൾ ആരും എന്റെ മനസ്സിലുണ്ടായിരുന്നില്ല. ഒരു എഴുത്തുകാരൻ ഒരിക്കലും അങ്ങനെ ചെയ്യരുത്. ഒരാളെ മനസ്സിൽ കണ്ട് കഥയെഴുതുകയെന്നാൽ തിരക്കഥ എഴുതുന്നതിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കലാണ്.

ആദ്യം കഥാപാത്രത്തെ എഴുതുക, അത് കഴിഞ്ഞ് ആരെ ചെയ്താൽ ചേരുമെന്ന് തീരുമാനിക്കാം എന്നാണ് കരുതിയത്. കഥ എഴുതി തീർന്നപ്പോൾ കൂട്ടുകാരുമായി ഒരു ബ്രെയിൻ സ്റ്റോമിംഗ് സെക്ഷനുണ്ടായിരുന്നു.

അപ്പോഴാണ് റഹ്മാൻ സാറിന്റെ പേര് പറഞ്ഞത്. കഥാപാത്രത്തിന് ഒരുപാട് ക്വാളിറ്റികൾ ആവശ്യമായിരുന്നു, അത് ഇവിടുത്തെ പല താരങ്ങളും സ്വീകരിച്ച് ചെയ്യാൻ തയ്യാറാകില്ലായിരുന്നു. മലയാള സിനിമയുടെ മെച്ചുരിറ്റിയേ അതാണ്.

റഹ്മാൻ സാറിന്റെ മാനേജരുടെ നമ്പരാണ് എനിക്ക് ആദ്യം കിട്ടിയത്. അതുവഴി റഹ്മാൻ സാറിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു.

പക്ഷേ, കാർത്തിക്കിന്റെ പ്രായം സിനിമ സ്വീകരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചെന്ന് റഹ്മാൻ പറഞ്ഞിരുന്നു?|

ശരിക്കും. തുടക്കത്തിൽ അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു. എനിക്കും പേടിയുണ്ടായിരുന്നു. ആദ്യത്തെ അരമണിക്കൂർ എന്റെ ബാക്ക് ഗ്രൗണ്ടാണ് അന്വേഷിച്ചത്. എന്റെ എക്സ്പീരിയൻസും എത്ര സീരിയസാണ്, ആരോടൊപ്പമൊക്കെ ജോലി ചെയ്തു എന്നൊക്കെ. പിന്നെയാണ് കഥ കേട്ടത്.

കഥ കേട്ടപ്പോൾ അദ്ദേഹത്തിന്റെ 50 ശതമാനം സംശയം തീർന്നു. പിന്നെ ഷൂട്ടിംഗ് തുടങ്ങി രണ്ട് ദിവസമായപ്പോഴേക്കും അദ്ദേഹത്തിന് മുഴുവനായും ബോദ്ധ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ട് ചെയ്തതൊക്കെ കട്ട് ചെയ്ത് അദ്ദേഹത്തെ കാണിച്ചപ്പോൾ അദ്ദേഹത്തിന് പൂർണ വിശ്വാസമായി.

എങ്ങനെയാണ് പിതാവ് തന്നെ പ്രൊഡ്യൂസർ ആയത്?

20 വയസ്സുകാരൻ സംവിധായകനെ വിശ്വസിച്ച് പണമിറക്കാൻ ആരുമുണ്ടായില്ല. അച്ഛനെ വിളിച്ചു പറഞ്ഞു ഇത് ഇപ്പോൾ നടക്കുമെന്ന് തോന്നുന്നില്ല, ഇത് നടക്കണമെങ്കിൽ എനിക്ക് കുറച്ച് കൂടി പ്രായമാകേണ്ടി വരുമെന്ന്. അപ്പോഴാണ് അദ്ദേഹം പറയുന്നത്, ശരി ഇത് ഞാൻ നിർമ്മിക്കാം എന്ന്. കഥയുടെ വൺലൈൻ കേട്ടപ്പോഴേ അച്ഛൻ ഒകെ പറഞ്ഞു, അങ്ങനെ നിർമ്മാതാവ്  സെക്കന്റുകൾക്കുള്ളിൽ തീരുമാനമായി. അദ്ദേഹം എന്നിൽ വിശ്വസിച്ചു.

ധ്രുവങ്കൾ പതിനാറ് കേരളത്തിലെത്തിയില്ലല്ലോ?

ഒരുപാടുപേർ ചോദിക്കുന്നുണ്ട്. അവിടെ എന്തൊക്കെയോ സിനിമാ സമരം നടക്കുകയാണെന്നാണ് ഞാൻ കേട്ടത്. റിലീസ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. ഇനി ഡബ് ചെയ്താലോയെന്ന് ആലോചനയുണ്ട്. സാറ്റലൈറ്റ് അവകാശം കിട്ടാനും അതാണ് നല്ലതെന്ന് കരുതുന്നു.



ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനാണല്ലോ. ആരാണ് റോൾ മോ‌ഡൽ?

തമിഴിൽ മണിരത്നം സർ, ഗൗതം വാസുദേവ് സർ, മിഷ്കിൻ സർ ഇവരുടെ സിനിമകളാണ് ഞാൻ കൂടുതൽ കാണുന്നത്. എങ്കിലും ഇൻസ്പിറേഷൻ ആരാണെന്ന് ചോദിച്ചാൽ മണിരത്നം സർ, ദ ഗുരു

അടുത്ത സിനിമ നരകാസുരനെ കുറിച്ച്?

അതേക്കുറിച്ച് ഡിസ്കഷൻ നടക്കുന്നു. തമിഴിലെയും തെലുങ്കിലെയും പ്രമുഖതാരവുമായി ചർച്ചയിലാണ്. ഇപ്പോൾ തമിഴിൽ എടുക്കാനാണ് ആലോചിക്കുന്നത്. ഈ മാസം അവസാനം സിനിമയുടെ അനൗൺസ് ചെയ്യും. കൂടുതൽ വിവരം ഇപ്പോൾ പുറത്തു പറയാനാവില്ല. ധ്രുവങ്കൾ പതിനാറ് ടെക്നീഷ്യൻസ് തന്നെ തുടരുമായിരിക്കും.

സ്വപ്നം കണ്ടത് ഇപ്പോൾ ജീവിതമായല്ലോ. എന്താണ് അടുത്ത ലക്ഷ്യം?

നല്ല സിനിമകൾ എടുക്കണം. അടുത്ത സിനിമയ്ക്ക് എക്സ്പെക്റ്റേഷൻ കൂടുതലാണ്. ധ്രുവങ്കൾ പതിനാറ് ചെയ്യുമ്പോൾ ആർക്കും ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്താണ് ആ സിനിമ എന്ന് ആർക്കും അറിയില്ലായിരുന്നു.

പക്ഷേ, ഇപ്പോൾ എക്സ്പക്റ്റേഷൻ കൂടുതലാണ്. കാർത്തിക് നരേന്റെ സിനിമ എന്ന് ആളുകൾ ചർച്ച ചെയ്യുന്നു. അപ്പോൾ അതിനൊത്ത് ഉയരണം. അത്തരത്തിലൊരു സിനിമയ്ക്കായാണ് ശ്രമിക്കുന്നതും.

# കാര്‍ത്തിക് നരേന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More