‘മനുഷ്യകേന്ദ്രീകൃതമല്ല, വേണ്ടത് മൃഗകേന്ദ്രീകൃത സൂപ്പര്‍ സ്പെഷാലിറ്റി’

മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുമ്പോള്‍ പലപ്പോഴും സ്വന്തമായി ചരിത്രമെഴുതുകയാണ് വൈറസുകളും പകര്‍ച്ചവ്യാധികളും ചേര്‍ന്ന്. ഒരു വേള പ്രകൃതിയുമായുള്ള മനുഷ്യന്റെ യുദ്ധത്തിന്റെ, പരാജയത്തിന്റെ, അതിജീവനത്തിന്റെ ഒക്കെ കഥകൂടിയാണ് ഇത്. നാല്‍ക്കാലി മൃഗങ്ങളില്‍ നിന്ന് ഇരുകാലില്‍ ഉയര്‍ന്ന് വേറിട്ട് നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഈ ജീവി വര്‍ഗ്ഗത്തെ പൗരാണിക ചരിത്രം ഓര്‍മ്മിപ്പിക്കുകയാണ് വ്യാധികള്‍. ഒറ്റയ്ക്കല്ല ആവാസവ്യവസ്ഥയെ കുറിച്ചുള്ള സമഗ്രമായ കരുതലിലൂടെയോ ഗവേഷണത്തിലൂടെയോ മാത്രമേ ഈ കാലത്തെയും കടന്നുപോകാനാകൂവെന്ന് പറയുകയാണ് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ എന്റര്‍പ്രണര്‍ഷിപ് ഡയറക്ടര്‍ പ്രൊഫ. എം.കെ നാരായണന്‍. കോവിഡ് 19 മനുഷ്യകുലത്തിന് മേല്‍ താണ്ഡവമാടുമ്പോള്‍ ജന്തുജന്യ രോഗങ്ങളെക്കുറിച്ച്, പരിഗണനയര്‍ഹിക്കുന്ന പരിസ്ഥിതി മൃഗ കേന്ദ്രീകൃത സമീപനത്തെപ്പറ്റി, വെറ്ററിനറി സയന്‍സ് താണ്ടേണ്ട ദൂരങ്ങളെക്കുറിച്ച് ധനശ്രീയുമായി ഡോ. നാരായണന്‍ സംസാരിക്കുന്നു.

കൊവിഡ് 19ന്റെ കാലത്താണ് നാം സംസാരമാരംഭിക്കുന്നത്. മറ്റെല്ലാക്കാലത്തേക്കാള്‍ ഉപരിയായി വെറ്ററിനറി സയന്‍സിന് പ്രാധാന്യം ഏറുന്നുണ്ടോ?

മനുഷ്യചരിത്രം തന്നെ പകര്‍ച്ചവ്യാധികളുടെയും ചരിത്രം കൂടിയാണ്. രോഗങ്ങളുടെ പകര്‍ച്ചാ രീതി പരിഗണിച്ചാല്‍ ഇവ നാലു തരമുണ്ട്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക്, മനുഷ്യനില്‍ നിന്ന് മൃഗങ്ങളിലേക്ക്, മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക്, മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എന്നിങ്ങനെയാണ് പകരുക. ഇപ്പോള്‍ മാരകമായി പ്രത്യക്ഷപ്പെട്ട പല രോഗങ്ങളും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാണെന്ന് കാണാം.

അങ്ങനെ പരിഗണിച്ചാല്‍ ഇത്തരം ജന്തുജന്യരോഗങ്ങളുടെ (സൂനോസിസ്) നൂറ്റാണ്ട് കൂടിയാണെന്ന് കാണാം. ഇവയില്‍ 60 ശതമാനത്തിലും രോഗം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കാണ് പകരുന്നത്. ഇത് പകര്‍ത്താന്‍ ഒരു വാഹകനുണ്ടാകും (Vector). ഇത്തരത്തിലുള്ള രോഗങ്ങളില്‍ താരതമ്യേന പുതിയ രോഗങ്ങളുണ്ട്. പഴയരോഗങ്ങള്‍ പുതുരൂപത്തില്‍ ഉത്ഭവിക്കുന്നുണ്ട്. (എമര്‍ജിംഗ് ആന്‍ഡ് റി എമര്‍ജിംഗ് ഡിസീസസ്).

പ്ളേഗ് എലിയില്‍ നിന്ന് മനുഷ്യനിലേക്ക് പടര്‍ന്ന് പല നൂറ്റാണ്ടിലേക്കും വ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മനുഷ്യന്‍, മൃഗങ്ങള്‍,പരിസ്ഥിതി എന്നിങ്ങനെ ത്രിത്വത്തെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു സിദ്ധാന്തത്തിന്റെ കാലം കൂടിയാണിത്. അതില്‍ വെറ്ററിനറി സയന്‍സിന് വലിയ പ്രാധാന്യം ഉണ്ട്. മനുഷ്യനെ ഉള്‍ക്കൊള്ളുന്ന ശാസ്ത്രത്തിന് മാത്രമല്ല, ഇക്കാലത്ത് പരിസ്ഥിതി, ജന്തു എന്നിവയെക്കൂടി ഉള്‍ക്കൊള്ളുന്ന ശാസ്ത്രത്തിനും തുല്യപരിഗണന നല്‍കേണ്ടതുണ്ട്.

'മനുഷ്യകേന്ദ്രീകൃതമല്ല, വേണ്ടത് മൃഗകേന്ദ്രീകൃത സൂപ്പര്‍ സ്പെഷാലിറ്റി' 1
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലെ എന്റർപ്രണർഷിപ് ഡയറക്ടർ പ്രൊഫ. എം.കെ നാരായണൻ

പലപ്പോഴും ഉയര്‍ന്നുവരുന്ന വലിയ മുറവിളി, മനുഷ്യന്‍ മാംസാഹാരപ്രിയരായി മാറുന്നത് മൂലമാണ് ഇത്തരം രോഗങ്ങള്‍ മനുഷ്യരിലേക്കെത്തുന്നതെന്നാണ്. ഇതില്‍ എത്രത്തോളം വാസ്തവമുണ്ട്?

അത് തെറ്റായ ധാരണയാണ്. നോക്കൂ, ഈ രോഗങ്ങളില്‍ 75 ശതമാനവും വന്യമൃഗങ്ങളില്‍ നിന്നോ നാം നേരിട്ട് ഭക്ഷിക്കാത്ത ജീവികളില്‍ നിന്നോ പടര്‍ന്നതാണ്. എയ്ഡ്സ്, കുരങ്ങുപനി, നിപ്പ, പക്ഷിപ്പനി, എലിപ്പനി, ഡെങ്കി അങ്ങനെ ലിസ്റ്റെടുത്താല്‍ മുക്കാല്‍ പങ്കും അത്തരത്തിലുള്ളതാണ്.

ഇത്തരം രോഗങ്ങള്‍ക്കെല്ലാം സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്, വൈറസ്, പ്രോട്ടോസോവ എന്നിവയാണ് കാരണക്കാര്‍. പല മൃഗങ്ങളും ഈ സൂക്ഷ്മജീവികളുടെ വാഹകരാകുകയാണ് ചെയ്യുന്നത്. കൊവിഡ് 19ന്റെ കാര്യത്തില്‍ കൊറോണ കുടുംബത്തിലെ ഒരു ആര്‍.എന്‍.എ വൈറസാണ് രോഗം പരത്തുന്നത്.

വൈറസുകള്‍ വാഹകരില്‍ നിന്ന് പുറത്തെത്തിയാല്‍ ജീവനുള്ളവയുടെ ശരീരത്തിലേ (ലിവിംഗ്ബോഡി) നിലനില്‍ക്കൂ. ശരീരത്തിലെത്തിയാല്‍ അവ കോശങ്ങളിലെത്തി ആ സംവിധാനത്തില്‍ പെറ്റുപെരുകി (Multiplication) കോശത്തെ മൊത്തം നിയന്ത്രിക്കാന്‍ തുടങ്ങും.

പെട്ടെന്ന് പെരുകി എല്ലാ കോശങ്ങളിലേക്കും വ്യാപിച്ച് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ തകരാറിലാക്കും. കമ്പ്യൂട്ടറില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് അതേ രീതിയിലാണ് ഇവയുടെ പ്രവര്‍ത്തനം.

മനുഷ്യനും പ്രകൃതിയും മൃഗങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയും ലയവും തെറ്റുമ്പോഴാണ് പല വൈറസുകളും അവരെ വഹിക്കുന്ന വാഹകരില്‍ നിന്ന് പുതിയതിലേക്ക് സഞ്ചരിക്കുന്നത്.

ലോകത്താകെ 150 ല്‍ പരം അസുഖങ്ങളാണ് ഇത്തരത്തില്‍ മൃഗങ്ങളില്‍ നിന്ന് പടര്‍ന്നിട്ടുള്ളത്. ഈ അടുത്തകാലത്ത് കേരളത്തിന്റെ സാഹചര്യത്തില്‍ പടര്‍ന്ന് മാരകമായത് വിരലിലെണ്ണാവുന്ന അസുഖങ്ങളേ ഉള്ളൂ. കോഴിക്കോട് പടര്‍ന്ന നിപ്പ വൈറസിന്റെ കാര്യമെടുക്കാം. അത് വവ്വാലില്‍ നിന്ന് പടര്‍ന്നതാണ്. നേരത്തെ വെസ്റ്റ് ബംഗാളില്‍ ഈ രോഗം പടര്‍ന്നിരുന്നു.

കൊറോണയുടെ കാര്യത്തിലും വവ്വാലില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്കെത്തിയത്. ഇവിടെ മനുഷ്യനും വവ്വാലിനും ഇടയില്‍ വാഹകനായി ഒരുതരം ഉടുമ്പിന്റെ സാന്നിദ്ധ്യവുമുണ്ട്. പക്ഷേ ഇത് വേഗത്തില്‍ പകര്‍ന്ന് സമൂഹമാകെ പരക്കും.

കേരള കര്‍ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട കുരങ്ങുപനിയാണ് മറ്റൊരു രോഗം. 1957ല്‍ കര്‍ണാടകയിലെ ഷിമോഗയിലാണ് രോഗം ആദ്യം കണ്ടെത്തുന്നത്. കുരങ്ങിന്റെ ചെള്ളില്‍ (ഹെമോഫൈസാലിസ്) നിന്നാണ് ഈ രോഗം മനുഷ്യരിലെത്തിയത്.

ഇനി ഈ രോഗങ്ങളുടെയെല്ലാം പകര്‍ച്ചാ രീതി നിരീക്ഷിച്ചാല്‍ മനുഷ്യന്റെ പ്രകൃതിയോടുള്ള ഇടപെടല്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് മനസിലാക്കാം. വവ്വാലിന്റെ കാര്യം തന്നെയെടുക്കാം. ഇവ ഒരു പ്രദേശത്തെ ഏറ്റവും ഉയരമുള്ള മരങ്ങളില്‍ തലകീഴായാണ് തൂങ്ങിക്കിടക്കുക. ഭാരം കൂടിയതിനാലും തലകീഴായി തൂങ്ങി കിടക്കുന്നതിനാലും അവയ്ക്ക് നേരിട്ട് പറന്ന് പൊങ്ങാനാകില്ല.

ഉയരമുള്ള മരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന സന്ദര്‍ഭം ബാലന്‍സ് ചെയ്ത് ചിറക് വിടര്‍ത്തി മുന്നോട്ട് ചിറകടിച്ച് പറക്കുകയാണ് അവ ചെയ്യുക. നമ്മുടെ ആവാസവ്യവസ്ഥയിലുള്ള കൈകടത്തല്‍ കൊണ്ട് പല സ്ഥലങ്ങളിലും ഉയരമുള്ള മരങ്ങള്‍ ഇല്ലാതായി. താരതമ്യേന ഉയരമുള്ള വൃക്ഷങ്ങളില്‍ ഇവ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

ഇതോടെ ഉള്ള സ്ഥലത്തിനും ആഹാരത്തിനുമായി ഇവര്‍ക്കിടയില്‍ മത്സരവും രൂപപ്പെട്ടു. ഇത് ഇവരില്‍ മാനസികസമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്തു. ദുര്‍ബലര്‍ ചത്തുവീഴുകയോ മൃതപ്രായരാകുകയോ ചെയ്യുമ്പോള്‍ ഇവയിലുള്ള രോഗം പരത്തുന്ന സൂക്ഷ്മാണു (പാത്തോജന്‍) പുറത്ത് കടക്കുകയും അവ ഭക്ഷിക്കുന്ന പഴങ്ങളിലൂടെയും മറ്റും മനുഷ്യരിലെത്തുകയും ചെയ്യുന്നു.

കുരങ്ങുപനിയിലും ഇങ്ങനെ തന്നെയാണ്. കുരങ്ങിനെ ചെള്ളു കടിക്കുകയും രോഗം ഉണ്ടാക്കുകയും ചെയ്യുന്നു. രോഗബാധിതരായ കുരങ്ങുകള്‍ ചാകുമ്പോള്‍ ഈ കുരങ്ങുകളില്‍ നിന്നും പുറത്ത് വരുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാണ് (വൈറസ് ) രോഗാണു മനുഷ്യരിലെത്തുന്നത്. കൊതുകുജന്യരോഗങ്ങള്‍ വര്‍ദ്ധിച്ചതും ഏതാണ്ട് ഇതേ രീതിയിലാണ്.

ഭക്ഷ്യശൃംഖലയിലെ ഒരു കണ്ണിയാണല്ലോ മനുഷ്യനും ? അങ്ങനെയെങ്കില്‍ മനുഷ്യന്റെ സ്ഥാനമെവിടെയാണ് ?

മനുഷ്യന്‍ മിശ്രഭോജിയാണ്. മനുഷ്യന്റെ ദഹനവ്യവസ്ഥയും ശരീരവും പാകപ്പെട്ടിരിക്കുന്നത് അങ്ങനെയാണ്. ആദിമ മനുഷ്യന്‍ കായ്കനികള്‍ ഭക്ഷിച്ച് പിന്നീടാണ് വേട്ടയാടാനും തീയില്‍ മാംസം ചുട്ടു കഴിക്കാനും തുടങ്ങിയത്. മനുഷ്യനില്‍ ദഹനത്തിന് എന്‍സൈമുകളാണ് സഹായിക്കുന്നത്.

മനുഷ്യന് പച്ചക്കറികളും ഫലങ്ങളും മത്സ്യവും മാംസവുമെല്ലാം ദഹിക്കും. പക്ഷേ സസ്യഭോജിയായ പശുവില്‍ ദഹനത്തിന് സഹായിക്കുന്നത് മൈക്രോബ്സാണ്. ഇതാണ് യാഥാര്‍ത്ഥ്യം. പിന്നെ വെജിറ്റേറിയന്‍ ഈ പറയുംപോലെ സുരക്ഷിതമാണോ. പലപ്പോഴും മായവും കീടനാശിനികളും മറ്റും കൊണ്ട് ഇവ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

അതുമാത്രമല്ല കൃഷി ചെയ്ത് എല്ലാവരുടെയും ഭക്ഷ്യ ആവശ്യത്തിനുള്ള ധാന്യങ്ങളും പച്ചക്കറിയും ഉണ്ടാക്കാനാകുമോ. കുറഞ്ഞ അളവില്‍ കൂടുതല്‍ പ്രോട്ടീന്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ ആകര്‍ഷണീയത. സസ്യാഹാരമോ മാംസാഹാരമോ കഴിക്കുന്നത് വ്യക്തികളുടെ ഇഷ്ടമനുസരിച്ചാണ്.

മാംസാഹാരത്തിലൂടെ വരാവുന്ന രോഗങ്ങളില്ലേ?

തീര്‍ച്ചയായും. പലപ്പോഴും വേണ്ട രീതിയില്‍ പാകം ചെയ്തില്ലെങ്കില്‍ രോഗങ്ങളുണ്ടാകും. ഇങ്ങനെ ബീഫും പോര്‍ക്കും കഴിക്കുന്നവര്‍ക്ക് സിസ്റ്റി സെര്‍ക്കോസിസ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത് മൂലം ഏത് അവയവങ്ങളിലും മുഴകളുണ്ടാകാം. നാടവിര പോലുള്ള ഒരു ജീവിയാണ് ഈ രോഗത്തിന് കാരണമാകുന്നത്. പിന്നെ കുടിവെള്ളത്തിലൂടെയും അസുഖങ്ങള്‍ വരാം.

പക്ഷേ ഇതിലും മാരകമായി മനുഷ്യനെ ഭാവിയില്‍ ബാധിക്കാന്‍ സാദ്ധ്യതയുള്ള മറ്റൊരു അവസ്ഥാ വിശേഷമുണ്ട്. ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ. 1927ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ചതോടെയാണ് നാം മരുന്നു കൊണ്ട് ബാക്ടീരിയയെ പ്രതിരോധിച്ച് തുടങ്ങുന്നത്. എന്നാല്‍ വിവേചന രഹിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 2050ഓടെ ഫലമില്ലാതാകും.

ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷി ബാക്ടീരിയകള്‍ കൈവരിക്കുന്ന ഘട്ടമെത്തും. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഒരു നയം രൂപീകരിച്ചിട്ടുണ്ട്. പാറ്റയെ കൊല്ലാന്‍ ഹിറ്റ് ഉപയോഗിക്കുകയും പിന്നീട് ഹിറ്റടിച്ചാല്‍ പാറ്റയ്ക്ക് ഏല്‍ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ആലോചിച്ച് നോക്കൂ. ഭീകരമാണ്.

മാംസാഹാരത്തിലൂടെ വരാവുന്ന അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

നന്നായി പാകം ചെയ്ത് കഴിക്കുക. ഇവ വൃത്തിയായ സാഹചര്യങ്ങളില്‍ അറക്കുക. കേരളത്തില്‍ 90 ശതമാനത്തിന് അടുത്ത് നോണ്‍ വെജിറ്റേറിയന്‍ ശീലമുള്ളവരാണ്. പക്ഷേ നമുക്ക് പാലും, മുട്ടയും മത്സ്യവും മാംസവും വിപണനം ചെയ്യാന്‍ വൃത്തിയും വെടിപ്പുമുള്ള വില്‍പന ഔട്ട്ലെറ്റുകളുണ്ടോ?.

ആരോഗ്യത്തിന് ഹാനികരമാണ് മദ്യം എങ്കിലും വിതരണശൃംഖല എത്ര വലുതാണ്. നേരെ മറിച്ച് മാംസവും മത്സ്യവും വിപണനം ചെയ്യാന്‍ മതിയായ ഹോര്‍ട്ടികോര്‍പ് പോലെ ഭക്ഷ്യശൃംഖലാ ചെയിന്‍ ഇല്ല. മീന്‍, പാല്‍, തൈര്, മുട്ട, ഇറച്ചി, മാംസം എന്നിവയ്ക്ക് പ്രാധാന്യം ലഭിക്കുന്ന രീതിയില്‍ ഒരു ശൃംഖല. സംസ്‌കരിച്ച മാംസവും ഇത് വഴി വിതരണം ചെയ്യാനാകും. മിതമായ നിരക്കില്‍ നല്ല ഉത്പന്നം ഉപഭോക്താക്കള്‍ ലഭിക്കും.

ആരോഗ്യം വര്‍ദ്ധിക്കും. ശാസ്ത്രീയമായി സംസ്‌കരിച്ച ഭക്ഷണം ലഭ്യമാക്കാനും അത് ജനങ്ങളില്‍ ശീലമാക്കാനും സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് എന്റെ അഭിപ്രായം. കൃഷിയോടൊപ്പമോ അനുബന്ധമായോ കണക്കാക്കാവുന്ന മേഖലയാണല്ലോ മൃഗപരിപാലനവും അനുബന്ധ ഉത്പന്ന നിര്‍മ്മാണവും വിതരണവും.

വ്യക്തിപരമായ ശുചിത്വത്തിന് പ്രാധാന്യം ഏറുന്ന കാലമാണിത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്ന കാലത്ത് നാം കുറച്ച് കൂടി ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതല്ലേ ?

വ്യക്തിപരമായ ശുചിത്വം എല്ലാക്കാലത്തും പ്രധാനമാണ്. അതോടൊപ്പം മൃഗങ്ങളെ വളര്‍ത്തുമ്പോഴും വൃത്തിയുള്ള സാഹചര്യങ്ങളില്‍ വളര്‍ത്തുക. ഇടപെടുമ്പോഴും ആ കരുതല്‍ വേണം. പക്ഷേ മറ്റൊരു കാര്യമുണ്ട്. രോഗപകര്‍ച്ചയില്ലെങ്കില്‍ എപ്പോഴും കൈയുറയും ഗ്ലൗസും മാസ്‌കും ഉപയോഗിക്കുന്നത് ശരിയല്ല.

സ്വതവേ നാം ആര്‍ജ്ജിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയെ അത് ഇല്ലാതാക്കും. ആര്‍ജ്ജിത പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും. മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പുനര്‍ വിചിന്തനത്തിന്റെ ആവശ്യവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അത്യാവശ്യമാണ്.

ശാസ്ത്രീയമായ സംരക്ഷണമാര്‍ഗ്ഗങ്ങളും കൃഷിരീതികളും അവലംബിക്കണം. പ്രത്യേകിച്ചും വ്യാവസായിക അടിസ്ഥാനത്തിലുള്ള മൃഗപരിപാലന സംരംഭങ്ങളില്‍.

മനുഷ്യനെക്കുറിച്ചാണ് നാം ഏറെ നേരവും ഗവേഷണം നടത്തുന്നത്. പക്ഷേ രോഗത്തിന്റെ ഉത്ഭവം മൃഗങ്ങളില്‍ നിന്നും. ഗവേഷണത്തിന്റെ അലകും പിടിയും മാറേണ്ടതല്ലേ ?

തീര്‍ച്ചയായും മാറേണ്ടതുണ്ട്. വെറ്ററിനറി സയന്‍സിന്റെ കാര്യമെടുക്കാം. ഇപ്പോഴും ഈ വിഭാഗം പരിഗണിക്കപ്പെടുന്നത് അഗ്രിക്കള്‍ച്ചറല്‍ സയന്‍സിന്റെ അനുബന്ധമായാണ്. പക്ഷേ വരും വര്‍ഷങ്ങളില്‍ സ്പെഷ്യലൈസേഷനിലേക്കല്ല നാം മടങ്ങേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. മറിച്ച് വണ്‍ ഹെല്‍ത്ത് എന്ന സമഗ്രമായ ആശയത്തിലേക്കാണ്.

ഒറ്റതിരിഞ്ഞല്ല മനുഷ്യന്‍-മൃഗം-പരിസ്ഥിതി ഇങ്ങനെ സമഗ്രമായാണ് കാര്യങ്ങളെ പരിഗണിക്കേണ്ടതെന്ന ആശയമാണത്. മനുഷ്യകേന്ദ്രീകൃതമായി മാത്രം പ്രശ്നങ്ങളെ സമീപിച്ചിട്ട് ഇനി കാര്യമില്ല. മൃഗകേന്ദ്രീകൃതമായ സൂപ്പര്‍ സ്പെഷാലിറ്റി ആശയം ഈ അവസരത്തില്‍ പ്രസക്തമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയും ഈ ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. സാമൂഹിക വ്യാപനമുള്ള രോഗങ്ങളില്‍ പ്രത്യേകിച്ചും.

സമഗ്രമായ, സാമൂഹികമായ ഒരു സമീപനം പ്രതിരോധത്തില്‍, ചികിത്സയില്‍, ഗവേഷണത്തില്‍ വരെ വേണ്ടി വരും. ആവാസ വ്യവസ്ഥയിലെ (ഇക്കോളജി) ഒരു ജീവിയുടെയും പെരുപ്പം കൂടുവാനോ കുറയുവാനോ പാടില്ല. അവയുടെ സന്തുലിത ജീവിതത്തിന് ഒരിക്കലും വെല്ലുവിളി ഉയര്‍ത്താനും പാടില്ല. വനം നിലനില്‍ക്കണം. എങ്കിലേ പ്രശ്നങ്ങളൊഴിയൂ. ഇപ്പോള്‍ തന്നെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് പരിസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

പ്രത്യേകിച്ച് മനുഷ്യനൊഴികെ ഉള്ള ജീവികളില്‍. ഈ ലോക്ക് ഡൗണില്‍ മൃഗങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്. നഷ്ടപ്പെട്ട ആവാസവ്യവസ്ഥ തിരികെ കിട്ടിയ അവസരമായാണ് ഈ ജീവികള്‍ ഇതിനെ കാണുന്നത്. ടൗണുകളിലൊക്കെ നട്ടുച്ചയ്ക്ക് ജീവികള്‍ റോഡിലൂടെ സഞ്ചരിക്കുന്നു. കാട്ടാന ജനവാസ മേഖലയിലൊക്കെ വന്ന് കുഴിയില്‍ വീഴുന്നു. അവര്‍ കാട്ടില്‍ നിന്നിറങ്ങി പരമാവധി സ്വാതന്ത്ര്യത്തില്‍ ഇറങ്ങി നടക്കുന്നു. വേനലാണ്.

വെള്ളം കിട്ടാത്ത സാഹചര്യമുണ്ട്. മനുഷ്യന്‍ വീട്ടിലൊതുങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ മൂളക്കമില്ല. അതേ അവസരത്തില്‍ കാക്കകളെപ്പോലെയുള്ള ജീവികള്‍ ആഹാരത്തിനായി മനുഷ്യനെ തേടിയെത്തുന്നുണ്ട്. ഇനി ലോക്ക് ഡൗണ്‍ കാലാവധി പിന്നിടുമ്പോള്‍ മനുഷ്യനും ഈ കാട്ടുമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയൊരുങ്ങുമെന്ന് തീര്‍ച്ചയാണ്. ഇതും നാം കരുതിയിരിക്കണം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More