“മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്”

ഇന്ന് സമൂഹത്തില്‍ വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുത മുതല്‍ പ്രതിലോമകരമായ എല്ലാറ്റിനും എതിരെ സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള തന്റേടവും ആര്‍ജ്ജവും കാണിക്കുന്നയാളാണ് ദീപ നിശാന്ത്. അതിന് അവര്‍ സോഷ്യല്‍ മീഡിയയെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അവരുടെ വാഗ് ശരങ്ങള്‍ ഏല്‍ക്കുന്നവര്‍ സോഷ്യല്‍ മീഡിയിലൂടെ തന്നെ ദീപയെ ആക്രമിച്ചിരുന്നു. അടുത്തിടെ സംഘപരിവാര്‍ അനുകൂലികള്‍ അവര്‍ക്കെതിരായ ആക്രമണത്തെ പാരമ്യത്തിലെത്തിച്ചിരുന്നു. തന്റെ നിലപാടുകളെ കുറിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് വനിത വിനോദുമായി സംസാരിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ എടുത്തു ചാട്ടമാണെന്നു പൊതുവേ വിമര്‍ശനം ഉയര്‍ന്ന ഒരു കാലത്താണ് ദീപ നിശാന്ത് അതേ മീഡിയത്തില്‍ കൂടി പൊതു അഭിപ്രായ വേദിയിലേക്കെത്തുന്നത്. ഈ പ്ലാറ്റ്‌ഫോമിനെ എങ്ങനെ വിലയിരുത്തുന്നു?

സോഷ്യല്‍ മീഡിയയെ ഇത്ര പുച്ഛത്തോടെ നോക്കിക്കാണുന്നതെന്തിനാണ്? പ്രിന്റ് മീഡിയയിലെ എല്ലാ പ്രതികരണങ്ങളും പക്വമാണോ? പ്രിന്റ് മീഡിയ എസ്റ്റാബ്ലിഷ്ഡ് അല്ലാത്ത വ്യക്തികള്‍ക്ക് ഇടം നല്‍കാറുണ്ടോ? ഒരു സാധാരണ പൗരന്‍ അവന്റെ യോജിപ്പുകളെ / വിയോജിപ്പുകളെ എവിടെയാണ് തുറന്നിടുന്നത്? അവന്റെ ശബ്ദമെവിടെയാണ് കേള്‍ക്കുന്നത്? സമീപകാലത്തെ പ്രധാനപ്പെട്ട പല കേസുകളുടേയും ഗതിനിര്‍ണ്ണയിക്കാന്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവിടെ ജനകീയ വിചാരണ നടക്കുന്നുണ്ട്. പൊതു അഭിപ്രായങ്ങള്‍ രൂപപ്പെടുന്നുണ്ട്. മാധ്യമതമസ്‌കരണത്തെ ഒരു പരിധി വരെ അതിജീവിക്കാന്‍ സോഷ്യല്‍ മീഡിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ പൗരാഭിപ്രായങ്ങള്‍ക്കുള്ള വേദിയായിത്തന്നെ ഞാന്‍ ഈ മീഡിയത്തെ കാണുന്നു.

സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് ദീപ നിശാന്തും ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ആ നിലയ്ക്ക് ഇതിലൂടെ ഉയര്‍ന്നു വരുന്ന ഭീഷണികളും, മോര്‍ഫിംഗ് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങളും ഈ മീഡിയത്തിന്റെ ഒരു പൊതു സ്വാഭാവ പ്രകടനമായി വിലയിരുത്തുന്നുണ്ടോ?

അങ്ങനെ സാമാന്യവല്‍ക്കരിക്കുന്നില്ല. അതേ മീഡിയത്തിലൂടെ തന്നെയാണ് ഇത്തരം കാര്യങ്ങളെ പലരും ശക്തമായി ചോദ്യം ചെയ്തിട്ടുള്ളത്.

ദീപ ടീച്ചര്‍ എന്നാണ് ഫേയ്‌സ് ബുക്കില്‍ പൊതുവെ വിളിക്കുന്നത്. ഒരു അധ്യാപിക എന്ന നിലയില്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ മാത്രം ആ പരിവേഷം ഒതുങ്ങി നില്‍ക്കാതെ കുറേയധികം വ്യാപകമാക്കാന്‍ സോഷ്യല്‍ മീഡിയ സഹായിച്ചിട്ടില്ലേ?

അധ്യാപിക എന്ന പരിവേഷം എവിടെയുമുണ്ടാക്കാന്‍ ഞാന്‍ ബോധപൂര്‍വം ശ്രമിച്ചിട്ടില്ല. അത്തരമൊരു പരിവേഷം പലരും ചാര്‍ത്തിത്തരുന്നുണ്ട്. അറിവിന്റെ ഏക കേന്ദ്രമാണ് അധ്യാപകരെന്ന ധാരണ എനിക്കില്ലാത്തതു കൊണ്ടു തന്നെ ഇത്തരം പരിവേഷങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. അധ്യാപനം സേവനമല്ല. തൊഴിലാണ്. കൃത്യമായ വേതനവ്യവസ്ഥയുള്ള ഒരു തൊഴിലിലേര്‍പ്പെടുന്ന വ്യക്തികള്‍ക്ക് അനാവശ്യ പരിവേഷം നല്‍കേണ്ട ആവശ്യമില്ല.

ഇത്തരം വിവാദങ്ങളും ആരോപണങ്ങളുമൊക്കെ ഉയരുമ്പോള്‍ കോളജ് അധികൃതരുടെ തലത്തില്‍ നിന്ന് സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് ഏതെങ്കിലും നിയന്ത്രണം വേണമെന്ന നിര്‍ദേശം ഉണ്ടായിരുന്നോ?

ഞാന്‍ പഠിപ്പിക്കുന്നത് ഒരു എയ്ഡഡ് സ്ഥാപനത്തിലാണ്. തീര്‍ത്തും ജനാധിപത്യ രീതിയിലുള്ള ഇടപെടലാണ് മാനേജ്‌മെന്റ് അധ്യാപകരോട് നടത്തുന്നത്. ഓരോ അധ്യാപകന്റേയും പേഴ്‌സണല്‍ സ്‌പേസില്‍ അവര്‍ കൈ കടത്താറില്ല. കൈ കടത്തിയാല്‍ അത് അനുവദിക്കുകയുമില്ല.

നഗ്‌നതയുടെ പേരിലുണ്ടായ പരാമര്‍ശത്തിലുള്ള പ്രതിഷേധമായാണ് ദീപ നിശാന്തിന്റെ ചിത്രം മോര്‍ഫ് ചെയ്യുന്ന രീതിയിലുള്ള അധിക്ഷേപമുണ്ടായത്. അപരന്റെ നഗ്‌നതയെ വിമര്‍ശിക്കുന്നവര്‍ സ്വന്തം അനുഭവങ്ങളിലേക്കു വരുമ്പോള്‍ അസ്വസ്ഥരാകുന്നു എന്നായിരുന്നു വിമര്‍ശനം. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഇതിന്റെ മറുപടി ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. വിവാദം നഗ്‌നതയുടെ പേരിലല്ല ഉണ്ടായത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണ്. മോര്‍ഫിങ്ങിനേയും കലയേയും തമ്മില്‍ കൂട്ടിക്കെട്ടരുത്.

ക്ലാസ്മുറികള്‍ക്കപ്പുറം മുന്‍കാലങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയ, സാമൂഹിക തലങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും പ്രത്യേകിച്ച് യുവാക്കളുടെ പ്രതികരണം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മാത്രം ഒതുങ്ങി പോകുന്നു എന്നൊരു വാദമുണ്ട്. ക്രീയാത്മക സമീപനങ്ങളെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ മുരടിച്ചു കളയുന്നു എന്നു കരുതുന്നുണ്ടോ?

പൊതുമണ്ഡലം വികസിക്കുക എന്നത് അനിവാര്യമായ ഒരു സംഗതിയാണ്. ക്രിയാത്മക സമീപനങ്ങള്‍ക്ക് പ്രേരണ നല്‍കും വിധം പൊതുബോധരൂപീകരണം നടത്താന്‍ സോഷ്യല്‍ മീഡിയയ്ക്ക് സാധിക്കുന്നുണ്ടെങ്കില്‍ അത് നിസ്സാരമല്ല.

(മാധ്യമ പ്രവര്‍ത്തകയാണ് വനിത വിനോദ്)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More