മനസ്സിൽ സന്തോഷം നിറച്ച് അച്ഛന്റെ ഓർമ്മകൾ

കേരളത്തിൽ മിശ്രഭോജനമെന്ന വിപ്ലവത്തിന് തുടക്കമിട്ട സഹോദരൻ അയ്യപ്പന്റെ മകളാണ ഐഷ ഗോപാലകൃഷ്ണൻ. ചെറായയിൽ നടന്ന മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷം നടന്നു കഴിഞ്ഞു. അച്ഛനൊപ്പമുളള നിറമുളള ഓർമ്മകളിലാണ് ഈ മകളുടെ മനസ്സ് നിറയെ. ആ മനുഷ്യൻ പകർന്ന നന്മയുടെ നല്ല പ്രതീകമായി ഇവരും ഇവിടെയുണ്ട്. കാലത്തിന്റെ ഒഴുക്കിൽ ഓർമ്മകൾക്ക് അടുക്കും ചിട്ടയു നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാലും അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ ഐഷയുടെ ഓരോ ദിവസത്തിനും പുതു ജീവൻ പകരുന്നു. എല്ലാ മതങ്ങളോടുമുളള ഇഷ്ടം കൊണ്ട് ഐഷയെന്ന് പേരിട്ടതെന്നു തോന്നുന്നു എന്ന് പറഞ്ഞ് കൊണ്ട് വീടിന്റെ പൂമുഖത്ത് അവർ ഇരുന്നു. അവിടെ നിന്നും വാക്കുകൾ പിന്നിട്ട വഴികളിലേക്ക് സഞ്ചരിക്കുകയായിരുന്നു.  കൃഷ്ണ പ്രിയയുമായി ഐഷ സംസാരിക്കുന്നു.

മിശ്രഭോജനത്തിന്റെ ശതാബ്ദി നടന്ന വർഷമാണിത്. അതിനെ കുറിച്ചുളള ഓർമ്മകൾ എങ്ങനെയാണ്?

മിശ്രഭോജനത്തിന്റെ സമയത്ത് ഞാൻ ജനിച്ചിട്ടില്ല. എത്രയോ വർഷങ്ങൾക്ക് മുൻപാണ് അത് നടന്നത്. പിന്നീട് അച്ഛനോട് ചോദിക്കാമെന്ന് വച്ചാലും തമാശ രൂപേണയുളള മറുപടികളാണ് കിട്ടിയിരുന്നത്. സ്വന്തം വിജയകഥകൾ മക്കളുടെ മുന്നിൽ പറയുന്ന ശീലം ഉണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ അന്വേഷിക്കാൻ ഞങ്ങളും മുതിർന്നില്ല.

ബാല്യകാലം

സന്തോഷം നിറഞ്ഞു നിന്ന വീടായിരുന്നു.ഏപ്പോഴും ധാരാളം ആളുകൾ വന്നു പോകുമായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകളും വിഷമങ്ങളും സാധാരണ മറ്റു കുടുംബങ്ങൾക്ക് ഉണ്ടാകാറുളള അല്ലലുകളും ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും ഏറ്റവും സന്തോഷകരമായ ജീവിതമായിരുന്നു. സഹോദരഭവൻ പണിയുന്നതിന് മുൻപ് ഞങ്ങൾ രണ്ടു മൂന്ന് വാടക വീടുകളിൽ താമസിച്ചിട്ടുണ്ട്. അതൊന്നും എനിക്ക് ശരിയായി ഓർമ്മയില്ല. സഹോദരഭവനിലേക്ക  താമസം മാറ്റിയ ദിവസം ഇന്നും ഞാൻ കുറെ ഒക്കെ ഓർക്കുന്നു. അതിന്റെ മുന്നിൽ വഴി എന്നു പറയാവുന്ന തരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. കുളപ്പച്ചയും പായലും നിറഞ്ഞ തോടുകൾ,കടമ്പും അഞ്ചിലത്താളിയും പൂച്ചപ്പഴത്തിന്റെ വളളികളും തിങ്ങി പടന്നു കിടിക്കുന്നതിനിടയിൽ ഒരാൾക്ക് നടന്നുപോകാവുന്ന വരമ്പ് മാത്രമേ ഉണ്ടായിരുന്നുളളു.

അച്ഛന് അമ്മയോടുളള സ്‌നേഹത്തെ കുറിച്ച് വാചാലയാകുകയുണ്ടായി, അതിനെ കുറിച്ച്

അച്ഛന് അമ്മയോട് ഉണ്ടായിരു്ന്ന സ്‌നേഹം വാക്കുകൾക്ക് അതീതമാണ്. അച്ഛൻ മരിച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വേദന കണ്ടപ്പോഴും എനിക്ക് തോന്നാറുണ്ട് അത്രയധികം സ്‌നേഹം വേണ്ടിയിരുന്നില്ലെന്ന്. സ്വന്തം വേഷത്തിലൊന്നും പ്രത്യേക ശ്രദ്ധയിലാതിരുന്ന അച്ഛന് അമ്മ ഭംഗിയായി വസ്ത്ര ധാരണം ചെയ്യുന്നത് ഏറ്റവും ഇഷടമായിരുന്നു എവിടെ പോകുമ്പോഴും അമ്മ കൂടെ ഉളളത് തന്നെ സന്തോഷം. കഥകളി കണ്ടുകൂടാത്ത അച്ഛൻ അമ്മയ്ക്ക് വേണ്ടി കഥകളി കാണാൻ ആലപ്പുഴ വരെ പോയി. സ്വന്തം അഭിപ്രായം ശക്തമായി ഉണ്ടായിരുന്ന രണ്ട് വ്യക്തികളായിരുന്നതു കൊണ്ട് ഏറ്റുമുട്ടലും സാധാരണമാണ്.എന്റെ മകൻ ചെറിയ കുട്ടിയായിരുന്നപ്പോൾ കുറേനാൾ വീട്ടിൽ താമസിച്ചിരുന്നു. അമ്മ അവനെ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. പുതുയ ബാഷ അവൻ ഇടയ്ക്ക് പ്രയോഗിക്കും. രസികനായ ഇവന്റെ ഇംഗ്ലീഷ് പ്രയോഗം ഒരിക്കൽ അച്ഛന്റെയും അമ്മയുടെയും ചൂടുപിടിച്ച വാദ പ്രതിവാദത്തിന് വിരമാമിട്ടത് ഓർക്കുകയാണ്.

ശിക്ഷകൾ കിട്ടിയിട്ടുണ്ടോ?

അച്ഛന്റെ ശകാരങ്ങൾ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.ഒരിക്കൽ ശിക്ഷിച്ചിട്ടുണ്ട്. ഞാനും ചേട്ടനും സ്‌കൂളിൽ പോയി തുടങ്ങുന്നതിന് മുൻപാണ്. ചേട്ടൻ നല്ല വ്യക്തിയായിരുന്നു.വീട്ടു വേലയ്ക്ക് നിന്നിരുന്ന കേശവൻ എന്ന കുട്ടി സുഖമില്ലാതെ കിടപ്പാണ്. ചേട്ടൻ അവനെ കളിക്കുവാന്‍ വിളിച്ചു. അതിനു കൂട്ടാക്കാതെ കേശവനെ ചേട്ടൻ ഉപദ്രവിച്ചുവെന്നാണ് തോന്നുന്നത്. അവൻ കരഞ്ഞു കൊണ്ട് അച്ഛന്റെ അടുത്തു ചെന്നു. സഹിക്കാൻ വയ്യാത്ത കോപത്തോടെ അച്ഛൻ ഒരു ഈർക്കലിയുമായി ചേട്ടനെ വിളിച്ചു. ചേട്ടൻ പേടിച്ച് ഓടി കളഞ്ഞു. തിരിഞ്ഞു നോക്കിയപ്പോൽ കണ്ടത് എന്നെയാണ്.അടി കിട്ടിയതും എനിക്കും. അങ്ങനെ ആകെ ഒരു പ്രാവശ്യമേ അച്ഛൻ ഞങ്ങളെ രണ്ടു പേരെയും ശിക്ഷിക്കുവാൻ പുറപ്പെട്ടിട്ടുള്ളൂ. ആ കാര്യത്തിൽ അച്ഛന്റെ കുറവ് കൂടി അമ്മ നികത്തിയിരുന്നു.

വീട്ടിലെത്തുമ്പോഴുളള ഓർമ്മകൾ 

അച്ഛൻ ഉളളകാലത്ത് വീട്ടിൽ ചെന്നു നിൽക്കുന്ന അവസരങ്ങളിലെ ഓർമ്മകൾ ഇന്നും വേദനകൾ മാത്രമാണ്. അച്ഛൻ വളരെ വെളുപ്പിന് ഉണരും. അതു കഴിഞ്ഞാൽ മറ്റുളളവർക്ക് കിടക്കാം എന്നല്ലാതെ ഉറങ്ങാമെന്ന് മോഹിക്കണ്ട. സകല മുറികളിലും ലൈറ്റായി, ബഹളമായി പത്രം വന്നോ എന്നു നോക്കുവാൻ ഉമ്മറത്തെ വാതിൽതുറക്കലും അച്ഛന്റെ മെതിയടി ശബ്ദവും പിന്നെ ചായചോദിക്കലും എല്ലാം കൂടി ഒരു മേളമാണ്. അച്ഛനും അമ്മയ്ക്കും നേരത്തെ ചായ വേണം. അതു കിടക്കുന്ന മുറിയിൽ കൊണ്ട് വന്ന് കൊടുക്കും. ഞാനുളളപ്പോൾ എനിക്കും കൊണ്ടും വരും.അത്ര നേരത്തെ എണീക്കുവാൻ എനിക്കിഷ്ടമല്ല. എന്നാൽ ഞാൻ ചായ കുടിക്കുന്നതു വരെ ചായ തണുക്കും നീ അത് കുടിക്ക് എന്ന് അച്ഛൻ പറഞ്ഞ് കൊണ്ടിരിക്കും. അന്നു ചിലപ്പോൾ ശല്യമായി തോന്നാറുളള ആ സ്‌നേഹപ്രകടനം ഒരിക്കൽകൂടി അനുഭവിക്കുവാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പോകുന്നു.

വിമർശനങ്ങൾ

വ്യക്തിപരമായി അച്ഛൻ ആരേയും വിമർശിച്ചിരുന്നില്ല. പക്ഷെ അച്ഛൻ സജീവമായി പ്രവർത്തിച്ചിരുന്ന കാലങ്ങളിൽ അച്ഛനെ പലരും വ്യക്തപരമായി വിമർശിച്ചിരുന്നു. അത്തരം വിമർശനങ്ങൾ കേൾക്കുമ്പോഴാം വായിക്കുകയോ ചെയ്യുമ്പോൾ അച്ഛന്റെ മറുപടി രസകരമായിരുന്നു. ഇത്തരത്തിലുളള ചില ലേഖനങ്ങൾ ഞങ്ങൾ ആരെങ്കിലും ഉറക്കെ വായിക്കും. മറ്റുളളവർ കേട്ടിരിക്കും കേട്ടു കഴിയുമ്പോൾ ഉളളു തുറന്ന് ചിരിച്ചു കൊണ്ട് അച്ഛൻ പറയും, ഇത്തരത്തിൽ എഴുതണമെങ്കിൽ അയാൾക്ക് എന്ത് അരിശം വന്നിട്ടുണ്ടായിരിക്കണം.അമ്മയ്ക്ക്‌ ലാഘവത്തോടെ അതു കേൾക്കാൻ കഴിയാറില്ലെന്നാണ് വോറോരു രസം. അമ്മയും നല്ല ഉഗ്രൻ കമ്മന്റ് പാസാക്കും. പിന്നെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് പെരിങ്ങൽകുത്ത്‌ പദ്ധതി സംബന്ധിച്ച്  വളരെയധികം വിമർശനം അച്ഛന് നേരിടേണ്ടി വന്നു. അന്ന് അച്ഛൻ വല്ലാതെ വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. തെറ്റ് ചെയ്യാത്ത ആൾ തെറ്റ് ചെയ്തുവെന്ന് പറയുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ.

യാത്രകൾ

വളരേയെറെ യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന ആളാണ് അച്ഛൻ. പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. സ്ഥലം അങ്ങനെ ഓർമ്മയിലേക്ക് വരുന്നില്ല.

അച്ഛന്റെ സ്വപ്‌നങ്ങൾ

വൈപ്പിനെയും എറണാകുളം കരയെയും ബന്ധിപ്പിക്കുന്ന പാലം അച്ഛന്റെ സ്വപ്‌നമായിരുന്നു. സംയോജനം വന്നതിനാൽ പദ്ധതികൾ മാറ്റം വരുകയും മന്ത്രിയായിരിക്കെ അച്ഛന് അത് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. ആഗോള ടെൻഡർ വരെ വിളിച്ചതായിരുന്നു. ഇന്ന് എനിക്ക് അത് കാണുമ്പോൾ സന്തോഷം തോന്നുന്നു. അച്ഛന്റെ ആശയമാണ് എം.ജി റോഡ്. അച്ഛൻ വീടിന്റെ മൂക്ക് മുറിച്ചാണ് റോഡ് നിർമ്മിച്ചത്.ഏഴര സെന്റ് സ്ഥലം കൊടുത്തിരുന്നു. പണ്ടത്തെ എം.ജി റോഡായിരുന്നു എനിക്കിഷ്ടം. വളരെ നിശബ്ദമായി അതിലൂടെ  നടക്കാൻ കഴിയുമായിരുന്നു. ഇന്ന് ആളുകളുടെ തിരക്കാണ്.

കുടുംബം

മകൻ ഡോ.ബാലകൃഷ്ണനും ഭാര്യ ഉഷ ബാലകൃഷ്ണനും  ചെറുമകൻ ജയകൃഷ്ണനും ഒപ്പം രവിപുരത്താണ് ഐഷ ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ ഡോ.സുഗതൻ കുടുംബത്തിനൊപ്പം ഇംഗ്ലണ്ടിലാണ് താമസം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More