ഇനി നായിക

ദൃശ്യത്തിലെ അനുവിനെ ആരും അത്രപെട്ടെന്ന് മറക്കാനിടയില്ല. പോലീസ് ചോദ്യം ചെയ്യുന്ന സീനിലെ നിഷ്‌കളങ്കതയും പേടിയും കലര്‍ന്ന മുഖവും മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ചെറുതായെങ്കിലും ഈറനണിയിച്ചുവെന്നത് എസ്തര്‍ അനില്‍ എന്ന അഭിനയപ്രതിഭയുടെ കഴിവ് തന്നെയാണ്. ബാലതാരമായി സിനിമയിലെത്തിയ എസ്തറിന്റെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ദൃശ്യത്തിലെ അനു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും എസ്തര്‍ ഈ റോള്‍ ഭംഗിയായി അവതരിപ്പിച്ചു. ബാലതാരത്തില്‍ നിന്ന് നായികയിലേക്കുള്ള ചുവടുമാറ്റത്തിലാണ് എസ്തര്‍ ഇപ്പോള്‍. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞ എസ്തര്‍ മലയാളത്തിലും നായികയായി വരികയാണ്. കൂടുതല്‍ വിശേഷങ്ങള്‍ എസ്തര്‍ രസ്യ രവീന്ദ്രനുമായി പങ്കുവയ്ക്കുന്നു.

ദൃശ്യത്തിനു ശേഷമുള്ള ജീവിതം എങ്ങനെയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് വന്നത്.

തമിഴിലെയും തെലുങ്കിലെയും അവസരങ്ങള്‍ മുതല്‍ നായികാ പദവി വരെയുള്ള എല്ലാം എനിക്ക് ദൃശ്യം നല്‍കിയതു തന്നെയാണ്. മൂന്നു വയസു മുതല്‍ സിനിമകള്‍ ചെയ്തു തുടങ്ങിയതാണെങ്കിലും അനുവിനെ പോലെ ഇത്രയും ശ്രദ്ധ നേടിയ ഒരു കഥാപാത്രം വേറെയില്ല. മൂന്നു ഭാഷകളിലേക്ക് ചിത്രം മാറിയപ്പോള്‍ എന്റെ കഥാപാത്രം എനിക്കു തന്നെ ലഭിച്ചുവെന്നതും തമിഴ്, തെലുങ്ക്, മലയാളം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചുവെന്നതുമൊക്കെ വലിയ സന്തോഷമുള്ള കാര്യമാണ്. ശരിക്കും ദൃശ്യത്തിനു മുന്‍പ് പതിനഞ്ചോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നല്ലവന്‍ ആയിരുന്നു ആദ്യ സിനിമ. ഒരുനാള്‍ വരും, കോക്ടെയില്‍, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലൊക്കെ പ്രധാന്യമുള്ള വേഷങ്ങളായിരുന്നു. മമ്മൂട്ടി, മോഹന്‍ലാന്‍, ജയറാം എന്നിവരുടെയൊക്കെ മകളായി അഭിനയിച്ചിട്ടുണ്ട്.

പിന്നീട് നല്ല കഥാപാത്രങ്ങള്‍ കിട്ടാതിരുന്നതുകൊണ്ടാണോ ഗ്യാപ് വന്നത്. അതോ സെലക്ടീവ് ആവുന്നുണ്ടോ?

ദൃശ്യത്തിനു ശേഷം പിന്നെ അതേ പോലെ തന്നെയുള്ള കഥാപാത്രങ്ങള്‍ വന്നിരുന്നു. പാവം കുട്ടി ഹോംലി ടച്ചൊക്കെയായിട്ട്. വ്യത്യസ്തമായി വന്നതു ജെമിനിയാണ്. ടൈറ്റില്‍ റോള്‍ ആയിരുന്നു ജെമിനിയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി തന്നെയാണെങ്കിലും കഥാപാത്രം തികച്ചു പുതുമയുള്ളതായിരുന്നു. ചിത്രത്തിന്റെ കാച്ച് വേഡ് പോലെ ഷീ ഈസ് സ്പെഷ്യല്‍. ദൃശ്യം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനു ശേഷമായിരുന്നു ജെമിനിയില്‍ അഭിനയിച്ചത്. അതിനുശേഷം ഒന്നര വര്‍ഷത്തോളം വീണ്ടുമൊരു ഗ്യാപ് എടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും നായികയായാണ് തിരിച്ചെത്തിയത്.

മലയാളത്തിലും നായിക വേഷത്തില്‍ തന്നെയാണ് വരവ്?

ഷാജി എന്‍ കരുണ്‍ സാര്‍ സംവിധാനം ചെയ്യുന്ന ഓള്‌ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ നായികാവേഷം ചെയ്യുന്നത്. ഷൈന്‍ നിഗമാണ് ഹീറോ. കഥാപാത്രത്തെകുറിച്ച് പറയാനായിട്ടില്ല. ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല. തമിഴില്‍ രണ്ടു പടങ്ങളാണ് ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയാണ് കുഴലി. അതില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ റോളാണ്. കാക്കമുട്ടൈ ഫെയിം വിഘ്നേഷാണ് നായകന്‍. പിന്നെ ഫയര്‍ഫ്ലൈ എന്നൊരു പടത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞു. കോളേജ് കാലഘട്ടത്തിലുള്ള സീനുകളാണ് ഇനി എടുക്കാനുള്ളത്. ആ ഒരു മാറ്റം ഫീല്‍ ചെയ്യിക്കാന്‍ വേണ്ടിയുള്ള ഇടവേളയിലാണ്. പക്ഷേ, എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം. ഫുഡ് കഴിച്ച് തടി കൂട്ടാനൊക്കെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മുഖം മാത്രമാണ് വണ്ണം വയ്ക്കുന്നത്. അതു വളരെ വൃത്തികേടാണെന്നും തോന്നിയകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഇനി ഇപ്പോള്‍ വരണപോലെ വരട്ടെ. രണ്ടും ഫീമെയില്‍ ഓറിയന്റഡ സബ്ജക്ടാണ്. തമിഴില്‍ ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമയെന്നു കേള്‍ക്കുമ്പോള്‍ തന്നെ കുംകിയിലെ അമലാപോളിന്റെ കഥാപാത്രവും മൈനയിലെ ലക്ഷ്മി മേനോന്റെ റോളുമാണ് മനസിലേക്ക് വരുന്നത്. അതുകൊണ്ട് ഞാനും എക്സൈറ്റഡ് ആണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന തരം റോളുകള്‍ തന്നെയാണ്. അധികം ഡയലോഗ്സ് ഇല്ലെങ്കിലും അഭിനയ സാധ്യത കൂടുതലുള്ള മുഹൂര്‍ത്തങ്ങളാണ് സിനിമയിലേതെന്നാണ് സംവിധായകര്‍ പറഞ്ഞത്.

വയനാട്ടില്‍ നിന്ന് എറണാകുളത്തേക്ക് സിനിമയുടെ സൗകര്യാര്‍ത്ഥം വന്നതാണോ?

സിനിമയ്ക്കു വേണ്ടിയല്ല. പഠനവുമായി ബന്ധപ്പെട്ടാണ് ഇങ്ങോട്ടെത്തിയത്. പത്താം ക്ലാസ് വരെ വയനാട്ടില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഇപ്പോള്‍ പതിനൊന്നാം ക്ലാസില്‍ കാക്കനാട്‌ രാജഗിരിയിലാണ് പഠിക്കുന്നത്. രണ്ടു സഹോദരങ്ങളും ഇവിടേക്ക് പഠനം മാറ്റി. സിനിമയൊക്കെ എല്ലാക്കാലത്തും ഇതുപോലൊന്നും ഉണ്ടാവണമെന്നില്ലല്ലൊ. അതുകൊണ്ട് പഠനത്തിന് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. എംബിഎ എടുത്ത് എച്ച്ആര്‍ സ്പെഷലൈസ് ചെയ്യണമെന്നൊക്കെയാണ് ഇപ്പോള്‍ വിചാരിക്കുന്നത്. പലരും കാണുമ്പോഴൊക്കെ പറയും പഠിത്തമൊന്നും കളയരുതെന്നൊക്കെ. ശരിക്കും അങ്ങനെ പഠിത്തം കളഞ്ഞിട്ടുള്ള സിനിമാഭിനയം ഒന്നും ഇതു വരെ ഉണ്ടായിട്ടില്ല. അടുത്ത ഓഗസ്റ്റിലാണ് ഇനി ഷൂട്ടു തുടങ്ങുന്നത്. അതുവരെ പഠനത്തില്‍ നന്നായി ശ്രദ്ധിക്കാന്‍ സാധിക്കും. ക്ലാസ് ഒന്നും മിസ് ചെയ്യാതിരിക്കാന്‍ മാക്സിമം ശ്രദ്ധിക്കുന്നുണ്ട്.

വയനാടിന്റെ പച്ചപ്പില്‍ നിന്ന് എറണാകുളത്തെത്തിയപ്പോള്‍ എങ്ങനെയുണ്ട്?

ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഷൂട്ടിനു വേണ്ടിയൊക്കെ വയനാട് വിട്ടു നിന്നിട്ടുണ്ടെങ്കിലും അതൊക്കെ കുറച്ചു ദിവസത്തേക്ക് മാത്രമായിരുന്നു. തിരിച്ചെത്തുമ്പോള്‍ വല്ലാത്തൊരു സുഖമാണ്. എറണാകുളത്ത് വന്നാല്‍ നല്ല എക്സപോഷര്‍ കിട്ടുമെന്നൊക്കെ പറയുന്നവരുണ്ട്. പക്ഷേ, എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. വയനാട്ടിലായിരുന്നപ്പോഴും അവസരങ്ങളൊക്കെ തേടി വരുമായിരുന്നു. ഇവിടെ കോളജ് കഴിഞ്ഞാല്‍ നേരെ ഫ്ളാറ്റിലേക്കാണ്. മുറ്റത്തിറങ്ങി നടക്കാനോ കളിക്കാനോ ഒന്നും സ്ഥലമില്ലല്ലൊ. നാട്ടില്‍ എപ്പോഴും നല്ല രസമായിരിക്കും. ബ്രദേഴ്സുമായൊക്ക കളിച്ചു നടക്കാനും കറങ്ങിനടക്കാനുമൊക്കെ ധാരാളം സ്ഥലങ്ങളുണ്ട്. അച്ഛന്‍ അനില്‍ ഏബ്രഹാം, അമ്മ മഞ്ജു അനില്‍. ഇവാനും എറിക്കുമാണ് സഹോദരങ്ങള്‍. എറിക്ക് ടേക്ക് ഓഫില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. അമ്മ പണ്ട് ഒരു ചാനല്‍ പ്രോഗ്രാമില്‍ കുക്കറി ഷോയൊക്കെ ചെയ്തിരുന്നു. ശരിക്കും അതാണ്.

സ്‌കൂളില്‍ താരമാണോ?

അങ്ങനെ തോന്നിയിട്ടില്ല. പന്ത്രണ്ടു വര്‍ഷവും ഒരേ സ്‌കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. അതുകൊണ്ട് അവര്‍ക്കാര്‍ക്കും ഞാന്‍ താരമായിരുന്നില്ല. ഇവിട ഞാന്‍ വരും മുന്‍പു തന്നെ സ്‌കൂളിലൊക്കെ എന്നെക്കുറിച്ച് കുട്ടികള്‍ പറഞ്ഞു തുടങ്ങിയിരുന്നു. വലിയ ജാഡയായിരിക്കുമെന്നൊക്കെ അവര്‍ക്കിടയില്‍ സംസാരമൊക്കെയുണ്ടായിരുന്നു. ആദ്യമൊക്കെ കുട്ടികള്‍ അല്‍പം അകന്നു നിന്നിരുന്നു. എല്ലാവരുമായി പെട്ടെന്ന് അടുപ്പമാകുന്ന കൂട്ടത്തിലാണ് ഞാന്‍. അതുകൊണ്ടാവും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എല്ലാവരും ഫ്രണ്ട്സായി.

സിനിമയല്ലാതെ മറ്റിഷ്ടങ്ങള്‍?

എനിക്ക് സ്പോര്‍ട്സിലൊക്കെ താത്പര്യമുണ്ട്. ഓട്ടം, ലോംഗ് ജംപ് ഒക്കെ ഇഷടമാണ്. അങ്ങനെ സ്ഥിരമായി മത്സരത്തിനൊന്നും പോകാറില്ല. അവസരം കിട്ടിയാല്‍ പങ്കെടുക്കാറുണ്ട്. വയനാട്ടിലാണെങ്കില്‍ ഷട്ടിലു കളിക്കാനൊക്കെ സൗകര്യമുണ്ടായിരുന്നു. ഇനി ഇവിടെ എന്തിലെങ്കിലുമൊക്കെ ആക്ടീവ് ആകാന്‍ ശ്രമിക്കണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

 

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More