ഡബ്ബ് സ്മാഷുകളുടെ താരം സിനിമയിലെ നായിക

സിംഗപ്പൂരില്‍ നിന്നും വിനീത എത്തിയത് അഭ്രപാളികളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാനായിരുന്നു. സിനിമയെ സ്വപ്‌നം പോലും കാണാതിരുന്ന വിനീതയെ കാത്തിരുന്നത് നിരവധി കഥാപാത്രങ്ങളും. ഭര്‍ത്താവിന്റെ പിന്തുണയോടെ അവര്‍ ആനന്ദം എന്ന ചിത്രത്തിലെ ലൗലി ടീച്ചറായി. പിന്നീട് എബി എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ അമ്മയുടെ വേഷം ഗംഭീരമാക്കി. ഇപ്പോള്‍ ചെറുതും വലുതമായ വേഷങ്ങള്‍ വിനീതയെ കാത്തിരിക്കുകയാണ്. വിനീത വിശേഷങ്ങള്‍ കൃഷ്ണ പ്രിയയുമായി പങ്കുവയ്ക്കുന്നു.

എങ്ങനെയായിരുന്നു സിനിമയിലേക്കുളള വരവ്?

സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.പഠിക്കുന്ന കാലത്ത് അഭിനയത്തോട് താത്പര്യം തോന്നിയിട്ടുണ്ട്. അതിന് വേണ്ടി കഷ്ടപ്പെട്ടിട്ട് ഒന്നുമില്ല. യൂട്യൂബില്‍ ഡബ്ബ് സ്മാഷുകള്‍ ചെയ്യുന്നുണ്ടായിരുന്നു. മലയാളത്തിലെ പ്രമുഖ നടികളുടെ സിനിമ ഡയലോഗുകളുമായി ഞാന്‍ അവതരിപ്പിച്ച് ഡബ്ബ് മാഷുകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തു. ഇത് കണ്ടിട്ടാണ് നടന്‍ വിനീത് ശ്രീനിവാസന്‍ വിളിക്കുന്നത്. ആ ഫോണ്‍ വിളിയാണ് എന്നെ സിനിമയില്‍ എത്തിച്ചത്.

സിനിമയിലെത്തുന്നതിന് മുന്‍പ്?

സിനിമയില്‍ എത്തുന്നതിന് മുന്‍പ് സിംഗപ്പൂരില്‍ ആയിരുന്നു. പീഡിയാട്രിക് കൗണ്‍സിലര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.

ആനന്ദം മുതല്‍ ഒറ്റമുറി വെളിച്ചം വരെ എത്തി നില്‍ക്കുന്നു… സഹ റോളുകളില്‍ നിന്നും മുന്‍ നിരയിലേക്ക് വന്നപ്പോള്‍ എന്ത് തോന്നുന്നു?

വിനീത് വിളിച്ചപ്പോള്‍ സമ്മതമാണെങ്കില്‍ നാളെ തന്നെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പറയുകയായിരുന്നു. വീട്ടുകാര്‍ സാധാരണ സിനിമയിലേക്ക് അഭിനയിക്കാന്‍ വിടില്ലായിരുന്നു. വിനീത് എന്ന ബ്രാന്‍ഡാണ് ആനന്ദത്തിലേക്ക് എന്നെ എത്തിക്കുന്നത്. അതിലെ അധ്യാപികയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് എബിയില്‍ വിനീതിന്റെ അമ്മ വേഷമാണ് ചെയ്തത്.വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാന്‍ വലിയ ഇഷ്ടമാണ്. ഒരു പോലത്തെ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ക്ക് മടുപ്പാവുമല്ലോ. കിട്ടിയതെല്ലാം നല്ല സിനിമയായിരുന്നു. ഇതിനിടയില്‍ തമിഴില്‍ മൗനം സൊല്ലും വാര്‍ത്തകള്‍ എന്ന ആല്‍ബം ചെയ്തു. പിന്നെ ഇപ്പോള്‍ ഒറ്റ മുറി വെളിച്ചം എന്ന രാഹുല്‍ റിജി നായരുടെ ചിത്രത്തില്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രം ചെയ്യുന്നു. ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. അങ്കരാജ്യത്തെ ജിമ്മന്മാരിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയില്‍ തുടരുമോ?

(ചിരിക്കുന്നു) അത് പറയാനാകില്ല. സിനിമ ചെയ്യുമ്പോള്‍ ആളുകളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നല്ല കഥാപാത്രങ്ങളുടെ ഭാഗമാകുക.

സിനിമയിലെത്തിയ ശേഷം ഡബ്‌സ് സ്മാഷുകള്‍ ചെയ്യാറുണ്ടോ?

ഇപ്പോള്‍ സമയം തീരെ കുറവാണ്. എന്നാലും ചെയ്യാറുണ്ട്. സുഹൃത്തുക്കള്‍ ചേര്‍ന്ന് യൂട്യൂബിലൊരു ചാനല്‍ തുടങ്ങി വീഡിയോസ് അതില്‍ അപ് ലോഡ്‌ ചെയ്തിരുന്നു. അത് ഹിറ്റായി. തുടര്‍ന്ന ചില പരീക്ഷണ വീഡിയോകളും ഇട്ടിരുന്നു.

കുടുംബം

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. ഭര്‍ത്താവ് ജോസ് എന്‍ജിനീയര്‍ ആണ്. കൊല്ലമാണ് സ്വദേശം. ഇപ്പോള്‍ കുടുംബ സമേതം ആലുവയിലാണ് താമസം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More