കാടിനോടുമാത്രമാണ് അടങ്ങാത്ത പ്രണയം

86

ചേതനയറ്റ മക്കളുടെ ശരീരങ്ങള്‍ക്കു സമീപമിരിക്കുന്ന അമ്മമാരുടെ ഏതു ചിത്രവും ആരുടെയും കരളലിയിക്കുന്നതാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മ മനസിന്റെ കണ്ണീര്‍ത്തുള്ളികള്‍ പ്രേക്ഷകരുടെ മനസും പൊള്ളിക്കും. ഷാജി മതിലകത്തിന്റെ ആനത്താര എന്ന ഡോക്യുമെന്ററിയിലും ഇത്തരമൊരു ദൃശ്യമുണ്ട്. പ്രസവിച്ച് ദിവസങ്ങള്‍ക്കകം ചരിഞ്ഞ കുഞ്ഞിന്റെ അടുത്തുകിടന്ന് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയുടെ ദൃശ്യം. പ്രശസ്ത വൈല്‍ഡ് ലൈഫ് ക്യാമറമാനും കണ്‍സര്‍വേഷനിസ്റ്റുമായ ഷാജി മതിലകം കാടിനോടും ക്യാമറയോടുമുള്ള തന്റെ പ്രിയത്തെക്കുറിച്ചും കാടിന്റെ ഉള്ളകങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറയുകയാണ്. ഷാജി മതിലകവുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ഈ മേഖലയിലേക്കെത്തിയത് എങ്ങിനെയായിരുന്നു?

കാടിനോടും ക്യാമറയോടുമുള്ള ഇഷട്മാണ് ഈ മേഖലയിലേക്കെത്തിച്ചത്. പഠിച്ചത് ഐടിയാണെങ്കിലും ജോലി ലഭിച്ചത് ടൂറിസം മേഖലയിലായിരുന്നു. അങ്ങനെ യാത്ര ചെയ്യാന്‍ ധാരാളം അവസരം ലഭിച്ചു. കാടിനെക്കുറിച്ച്  യാത്രകളിലൂടെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ഫോട്ടോഗ്രാഫിയിലും വീഡിയോഗ്രാഫിയിലും താല്‍പര്യവുമുണ്ടായിരുന്നു. ഇതും ഈ ഫീല്‍ഡിലേക്കുള്ള വരവിനു കാരണമായി. ഓരോ തവണ കാടുകയറുന്നതും വല്ലാത്ത ഇഷ്ടവുമായാണ്. തുടക്കത്തിലുള്ള യാത്രകളെല്ലാം വെറുതെ കാടു കാണാന്‍ മാത്രമായിരുന്നു. പിന്നീട് ആദിവാസികളില്‍ നിന്ന് ഓരോ വിവരവും അറിഞ്ഞ് സ്‌പോട്ടില്‍ ചെന്ന് കാത്തിരുന്നു ദൃശ്യങ്ങള്‍ എടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ കാടും ക്യാമറയുമായുള്ള പ്രണയജീവിതം തുടങ്ങിയിട്ട് 13 വര്‍ഷമായി. ഫ്രീലാന്‍സായാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഒപ്പം കാടിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ എല്ലാവരുമായി പങ്കുവയ്ക്കാനുള്ള അവസരവും ഒരു കണ്‍സര്‍വേഷനിസ്റ്റ് എന്നനിലയില്‍ ലഭിക്കുന്നുണ്ട്.


കാടിനോടുള്ള താല്‍പര്യമുണ്ടായത്?

കാടിനോടുള്ള ഇഷ്ടം ചെറുപ്പം മുതല്‍ തന്നെയുണ്ട്. പിന്നെ യാത്രകളോടും താല്‍പര്യമുണ്ട്. അച്ഛന്‍ വിദേശത്തായിരുന്നതുകൊണ്ടുതന്നെ നാട്ടില്‍വരുമ്പോഴെല്ലാം ക്യാമറകള്‍ കൊണ്ടു തരുമായിരുന്നു. ഇത് ഫോട്ടോഗ്രാഫിയോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചു.

ഏതു മൃഗത്തിന്റെ ചിത്രമെടുക്കാനാണ് കൂടുതല്‍ ബുദ്ധിമുട്ട്?

വേഴാമ്പലിനേയും കടുവയേയും ചിത്രീകരിക്കാനാണ് ഏറ്റവും പ്രയാസം. ദിവസങ്ങളോളം കാത്തിരുന്നാലാണ് വേഴാമ്പലിന്റെ ചിത്രം ലഭിക്കുക. കടുവയുടെ ചിത്രങ്ങളെടുക്കാനും നല്ല ക്ഷമ വേണം. പ്രത്യേകിച്ചും കേരളത്തിലെ കടുവകളെ. ഏറ്റവും കൂടുതല്‍ വന്യതയുള്ള കടുവകള്‍ കേരളത്തിലെ വനങ്ങളില്‍ കാണുന്നവയാണ്. കടുവകളുടെ ആവാസ വ്യവസ്ഥയില്‍ കയറുന്നതും സൂക്ഷിച്ചു വേണം. കാരണം ശ്രവണ ശക്തി കൂടുതലുള്ളതു കൊണ്ട് പെട്ടെന്ന് തന്നെ അവ തിരിച്ചറിയും. ഏതൊരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെയും പോലെ കടുവകളുടെ മികച്ച ചിത്രങ്ങളെടുക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിച്ചത് പറമ്പിക്കുളം കടുവാ സങ്കേതത്തില്‍ വച്ചാണ്. ഒരു മണിക്കൂറോളം ചിത്രീകരിക്കാന്‍ കഴിഞ്ഞു. അത് വല്ലാത്ത അനുഭവമായിരുന്നു. ടൈഗര്‍ സ്ലീപ്പിങ്ങ് അറ്റ് പറമ്പിക്കുളമെന്ന പേരില്‍ ആ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.


ആനത്താരയെന്ന ഡോക്യുമെന്ററിയുടെ പിറവി?

ആനത്താരയെന്ന ഡോക്യുമെന്ററി ആനയുടെ ജീവിതം പറയുന്നതാണ്. ഇതില്‍ ആനകളുടെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. ഡോക്യുമെന്ററിയില്‍ കുഞ്ഞു മരിച്ചുപോയ ഒരു അമ്മയാനയുടെ ദൃശ്യങ്ങളുണ്ട്. അതിരപ്പിള്ളിയിലെ വാച്ചുമരം പെരിങ്ങല്‍ക്കുത്ത് ജലസംഭരണിക്ക് സമീപത്തു നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. ആനക്കുഞ്ഞിന്റെ ജഡത്തിന്റെ സമീപത്ത് നിന്ന് കുഞ്ഞിനെ തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അമ്മയാന. കൂടെ മൂത്ത കുട്ടിയാനയുമുണ്ട്. എഴുന്നേല്‍പ്പിക്കാനായി ആനക്കുട്ടിയുടെ അടുത്ത് അമ്മയാന കിടക്കുന്നു. അവസാനം എല്ലാ ആനകളും കാടു കയറിപ്പോയിട്ടും ഏറെ സമയം അമ്മയാന അവിടെ തന്നെ നില്‍ക്കുകയായിരുന്നു. വല്ലാത്ത അനുഭവമായിരുന്നു അത്. ഈ ചിത്രത്തിന് 2015-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഈ ഡോക്യുമെന്ററിക്കു ലഭിച്ചു.

കാട്ടാനയും നാട്ടാനയും തമ്മിലുള്ള വ്യത്യാസം?

ആനകളുടെ ജീവിതമാണ് 13 വര്‍ഷം നീണ്ട കാടുമായുള്ള പരിചയത്തില്‍ ഞാന്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ ജീവിതത്തിലെ എല്ലാത്തരത്തിലുമുള്ള നിമിഷങ്ങള്‍ കാണാനായിട്ടുണ്ട്. ആനകള്‍ കൂട്ടത്തോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മനുഷ്യരെപ്പോലെ തന്നെ ജീവിക്കാനിഷ്ടപ്പെടുന്നവയാണ്. ആനകള്‍ കുട്ടികളുമായി കളിക്കുന്നതും സ്വാതന്ത്ര്യത്തോടെയുള്ള ജീവിതവുമെല്ലാം കാട്ടില്‍ കണ്ടിട്ടുണ്ട്.  ഇതൊക്കെ കണ്ടിട്ട് നാട്ടില്‍ ആനകളുടെ അവസ്ഥ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. ആനത്താരകള്‍ക്കു മനുഷ്യര്‍ തടസം സൃഷ്ടിക്കുമ്പോഴാണ് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത്.


കാടിന്റെ മനോഹാരിത ഏറുന്നതെപ്പോഴാണ്?

കാട് കാണാന്‍ എപ്പോഴും ഭംഗി മഴക്കാലത്താണ്. പച്ചപ്പും മഴത്തുള്ളികളും ചേര്‍ന്ന് കാട് കാണാന്‍ വല്ലാത്ത രസമാണ്. എനിക്ക് ഏറ്റവും പ്രിയമുള്ള കാടിന്റെ ദൃശ്യവും അതാണ്. ഷോളയാറിലെ മഴക്കാടുകളിലാണ് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയിട്ടുള്ളത്. ആ കാടുകളോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതോടൊപ്പം പറമ്പിക്കുളവും നിരവധി തവണ പോയ കാടാണ്.  ആദിവാസികളുടെ കൂടി സഹായമുള്ളതിനാലാണ് മികച്ച ദൃശ്യങ്ങള്‍ ലഭിക്കുന്നത്. യാത്രകളില്‍ അവരും കൂടെ വരും. ആദിവാസികളാണ് ശരിക്കും കാടിനെ അറിയുന്നവര്‍. കാടിന്റെ കാവലാളുകളും. അവരുടെ യാത്രകള്‍ എപ്പോഴും കാടിന്റെ ആവാസവ്യവസ്ഥയെ മാനിച്ച് കാടിനെ അറിഞ്ഞുകൊണ്ടുമാത്രമാണ്.

കാടു കയറുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?

കാട്ടിലേയ്ക്കുള്ള യാത്ര എപ്പോഴും കാടിനെ ബഹുമാനിച്ചുകൊണ്ടായിരിക്കണം എന്നാണ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്. കാട്ടിലെ മര്യാദകളും നിയമങ്ങളും പാലിക്കണം. അതുപോലെ തന്നെ വന നിയമങ്ങള്‍ അറിഞ്ഞിരിക്കുകയും വേണം. വന്യജീവികളുമായി എപ്പോഴും ഒരു മര്യാദയുള്ള അകലം പാലിക്കണം. ഇത് നമ്മുടെ സുരക്ഷയ്ക്കും മൃഗങ്ങളെ അലോസരപ്പെടുത്താതിരിക്കാനും അനിവാര്യമാണ്. ഈ അകലം പാലിക്കാതെ വരുന്ന സന്ദര്‍ഭങ്ങളിലാണ് ആക്രമണസാധ്യത ഉണ്ടാവുന്നത്. ഇതോടൊപ്പം കാട്ടിലേയ്ക്കുള്ള യാത്രയില്‍ ആണ്‍- പെണ്‍ വ്യത്യാസമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. താല്‍പര്യം തന്നെയാണ് പ്രധാനം. സ്ത്രീകള്‍ക്ക് നാടിനേക്കാള്‍ സമാധാനവും സുരക്ഷിതത്വവുമുള്ള സ്ഥലമാണ് കാട്.


മനസില്‍ പതിയുന്ന ചിത്രങ്ങളെടുക്കുന്നതിനു പിന്നില്‍?

ചിത്രങ്ങളെടുക്കുമ്പോള്‍ എപ്പോഴും ലക്ഷ്യംവയ്ക്കുന്ന സന്ദേശം അതിലുണ്ടാകണം. എങ്കില്‍ മാത്രമേ അത് സംവദിക്കൂ. എന്റെ അനുഭവത്തില്‍ ചില ചിത്രങ്ങള്‍ മനസിലേക്കാണ് ആദ്യം കയറുന്നത്. ചിത്രം സംസാരിക്കുന്ന അത്രത്തോളമൊന്നും മനുഷ്യര്‍ സംസാരിച്ചിട്ടില്ല.

അതിരപ്പള്ളി പദ്ധതിയുടെ പേരില്‍ വിവാദം പുകയുന്നുണ്ടല്ലോ?

കാടു കളഞ്ഞാവരുത് വികസന പ്രവര്‍ത്തനങ്ങള്‍. ഏതുതരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിക്കാത്ത തരത്തിലുള്ളതായിരിക്കണം. ഇപ്പോള്‍ അതിരപ്പിള്ളി പദ്ധതി വരുന്ന വാഴച്ചാല്‍ തന്നെ കേരളത്തില്‍ നാലു തരം വേഴാമ്പലുകളേയും കാണാനാവുന്ന സ്ഥലമാണ്. ആ പ്രദേശം നശിക്കുന്നത് വേഴാമ്പലുകളേയും അതുപോലെ തന്നെ മഴക്കാടുകളുടെ നിലനില്‍പ്പിനെ തന്നെയും ബാധിക്കും. കാരണം മഴക്കാടുകളുടെ നിലനില്‍പ്പ് എപ്പോഴും വേഴാമ്പലുകളെ ആശ്രയിച്ചാണ്.


കാടുകളുടെ സംരക്ഷണത്തെക്കുറിച്ച് പുതുതലമുറയോടു പറയാനുള്ളത്?

കാടുകളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളെ പറഞ്ഞു മനസിലാക്കണം. കാടുണ്ടെങ്കില്‍ മാത്രമേ വെള്ളമുണ്ടാകൂ ജീവിക്കാനാവൂ എന്നീ കാര്യങ്ങള്‍ കുട്ടികളോട് പറഞ്ഞുകൊടുക്കണം. ഇതോടൊപ്പം കുട്ടികള്‍ക്ക് കാടും വന്യമൃഗങ്ങളേയും ഒക്കെ സംരക്ഷിക്കുന്നത് ഒരു ബാധ്യതയയെന്നതിനു പകരം കടമയാണ് എന്ന തരത്തിലുള്ള ബോധവത്കരണമാണ് നല്‍കേണ്ടതെന്നാണ് എന്റെ അഭിപ്രായം.അതേസമയം നാട്ടാനകളെ കാണിച്ചാവരുത് കാട്ടിലെ ആനകളെക്കുറിച്ച് പറയേണ്ടത്. തൃശൂര്‍ ചൈല്‍ഡ് ലൈനില്‍ ക്ലാസെടുക്കുന്ന സമയത്ത് ആനത്താരയിലെ അമ്മയാനയുടെ സങ്കടത്തിന്റെ ചിത്രം കണ്ടപ്പോള്‍ ഒരു കുട്ടി ചോദിച്ചു ഇതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടം വരുന്നുണ്ട്, ചേട്ടന് വന്നോയെന്ന്.

കുടുംബം?

അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് കുടുംബം. കാടിനോടുമാത്രമാണ് അടങ്ങാത്ത പ്രണയം. അതുകൊണ്ട് തന്നെ ഞാനിപ്പോഴും ഒറ്റയ്ക്കാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...