സിനിമ മോഹമല്ല, പക്ഷെ ശാസ്ത്രജ്ഞനാകാന്‍ ഭയങ്കര ആഗ്രഹം

വിരലുകളില്‍ മാന്ത്രികത ഒളിപ്പിച്ച കുരുന്നായിരുന്നു എഡ്മണ്ട് തോമസ് ക്ലിന്റ്. വരകള്‍ക്കും നിറങ്ങള്‍ക്കും കൊച്ചു മനസ്സിന്റെ അനന്തമായ ലോകം സൃഷ്ടിച്ച ബാലപ്രതിഭയായി അവന്‍ വളര്‍ന്നു. ഈ ലോകത്തോട് വളരെ ചെറുപ്രായത്തില്‍ വിട പറയുമ്പോള്‍ അവന്‍ വരച്ച് തീര്‍ത്തത് 30,000 ത്തോളം ചിത്രങ്ങളാണ്. ക്ലിന്റ് എന്ന പേരില്‍ അവന്റെ ജീവിതം സംവിധായകന്‍ ഹരികുമാര്‍ ചിത്രം പുറത്തിറക്കിയപ്പോള്‍ പ്രേക്ഷകര്‍ അത് നെഞ്ചേറ്റി. മൂന്ന്‌ വര്‍ഷമെടുത്ത് ചിത്രീകരിച്ച് ചിത്രം പതിമൂന്ന് അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. അഭ്രപാളികളില്‍ ഈ ക്ലിന്റിനെ എത്തിച്ചത് മാസ്റ്റര്‍ അലോക് ആണ്. മാസ്റ്റര്‍ അലോക് തന്റെ ആദ്യ സിനിമ അനുഭവം കൃഷ്ണ പ്രിയയുമായി പങ്കുവയ്ക്കുന്നു.

അലോക് ക്ലിന്റിനെ മനസ്സിലാക്കിയതങ്ങനെ?

സിനിമയുടെ ഓഡിഷന് ചെല്ലുന്നതു വരെ ക്ലിന്റിനെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അവിടെ ചെന്നപ്പോള്‍ ആണ് ക്ലിന്റിന്റെ ലോകം നിറഞ്ഞു നിന്നത്. ഞാന്‍ മുന്‍പ് അഭിനയിച്ച പരസ്യത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ക്യഷ്ണലാല്‍ ആണ് ക്ലിന്റിനെ കുറിച്ച് പറഞ്ഞത്.

സ്‌ക്രീനില്‍ കണ്ടപ്പോള്‍ എന്ത് തോന്നി?

കുടുംബത്തോടൊപ്പം ആണ് സിനിമ ആദ്യം കണ്ടത്. വളരെ സന്തോഷം തോന്നി. ഉണ്ണി മുകുന്ദനും റിമ കല്ലുങ്കലുമാണ് അച്ഛനെയും അമ്മയെയും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രകാരന്റെ ഒന്നര വര്‍ഷമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ക്ലിന്റിന്റെ മാതാപിതാക്കള്‍ക്കൊപ്പം അലോകിന്റെ ദിവസം?

അവരുടെ കൂടെ കുറേ നേരം ചെലവഴിച്ചിരുന്നു. അവരുടെ മോനോപ്പോലെയെന്നാണ് പറഞ്ഞത്.എനിക്ക് അങ്ങനെയാണ് തോന്നിയത്.

ആദ്യ സിനിമ അനുഭവം?

ടെന്‍ഷന്‍ ഉണ്ടായിരുന്നു.

സിനിമയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

സിനിമ ഒരു മോഹമായിരുന്നില്ല. സിനിമയിലെത്തുമെന്ന പ്രതീക്ഷയിലല്ല ഓഡിഷന് പോലും പോയത്. സിനിമയില്‍ എന്റെ കഥാപാത്രം മരിക്കുമെന്ന് അറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സമ്മതമുണ്ടായിരുന്നില്ല. ഒരുപാട് ടെന്‍ഷനോടെയാണ് ചിത്രത്തിലേക്ക് എത്തിയത്.

എന്താകാനാണ് ആഗ്രഹം?

സിനിമ ഒരു മോഹമല്ല. പക്ഷെ ഒരു ശാസ്ത്രജ്ഞനാകണമെന്ന് ഭയങ്കര ആഗ്രഹവുമുണ്ട്. ഞാനിപ്പോള്‍ തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ചിത്രീകരണ സമയത്ത് ബുദ്ധിമുട്ട് ഉണ്ടായോ?

ഗാന ചിത്രീകരണം പാടായി തോന്നിയിരുന്നു. രാത്രി വരെ നീണ്ട പാട്ട് ചിത്രീകരണം അന്ന് ബുദ്ധിമുട്ടായി തോന്നിയെങ്കിലും സ്‌ക്രീനില്‍ എത്തിയപ്പോള്‍ സന്തോഷം തോന്നി. സിനിമയ്ക്കായി മുടി മുറിച്ചു. അത് പിന്നീട് വളരുമല്ലോ.സിനിമയില്‍ ഒരുപാട് വിഷമിപ്പിക്കുന്ന സീനുകള്‍ ഉണ്ട്. സിനിമയിലെ ഓരോ കാര്യങ്ങളും റിവൈന്‍ഡ് ചെയ്യാന്‍ ഇപ്പോള്‍ എനിക്ക് സാധിക്കും.

കുടുംബം

തൃശ്ശൂരില്‍ ലൊജസ്റ്റിക്സ് ബിസിനസ് ചെയ്യുന്ന കൊട്ടേക്കാട് സ്വദേശി അനൂപ് അച്ഛനും അസ്മി അമ്മയുമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് കൃഷ്ണ പ്രിയ)

ക്ലിന്റിന്റെ മാതാപിതാക്കളുമായുള്ള അഭിമുഖം വായിക്കാന്‍ സന്ദര്‍ശിക്കുക

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More