പ്ലിങ്ങ് വെറുമൊരു പ്ലിങ്ങല്ല, രുചിയൂറും ചിപ്‌സാണ്!

വന്‍കിട കുത്തക കമ്പനികള്‍ അരങ്ങുവാഴുന്ന ഭക്ഷ്യോത്പാദക രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളിയായ ആന്‍ഡ്രീന്‍ മെന്‍ഡസ്. ആന്‍ഡ്രീനിന്റെ നേതൃത്വത്തില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലിങ്ങ് ഫുഡ്സ് ആന്‍ഡ് ബിവറേജസ് പ്രൈവ്റ്റ് ലിമിറ്റഡ് കരസ്ഥമാക്കിയത് 1.3 കോടി രൂപയുടെ നിക്ഷേപ സമാഹരണമാണ്. കേരളത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപം നേടുന്ന ആദ്യ എഫ്എംസിജി സ്റ്റാര്‍ട്ട് അപ്പിന്റെ സാരഥി ആന്‍ഡ്രീന്‍ കമ്പനിയുടെ നേട്ടത്തെ കുറിച്ചും പുത്തന്‍ പ്രതീക്ഷകളെ കുറിച്ചും രാജി രാമന്‍കുട്ടിയുമായി സംസാരിക്കുന്നു.

ഈ നേട്ടത്തെ എങ്ങനെ കാണുന്നു?

സന്തോഷമുണ്ട്. എല്ലാവരും ടെക്നോളനിയുമായി ബന്ധപ്പെട്ട കമ്പനികളില്‍ നിക്ഷേപം നടത്തുന്ന സമയത്ത് ഒരു ഭക്ഷ്യോത്പാദക സ്റ്റാര്‍ട്ട് അപ്പിന് ലഭിച്ച ഈ നേട്ടത്തില്‍ വലിയ സന്തോഷം. ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്നവരും നേരത്തെ ടെക്നോളജി മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. പക്ഷെ ഇപ്പോള്‍ അവര്‍ വേറിട്ട് ചിന്തിച്ചത് പ്ലിങ്ങിന് നേട്ടമായി. എന്നാല്‍ ദേശീയ തലത്തില്‍ വളരാന്‍ ആഗ്രഹിക്കുന്ന ഒരു ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നിക്ഷേപം അത്ര വലിയൊരു തുകയല്ല എന്നൊരു സത്യവുമുണ്ട്.

നൂറു കോടിയുടെ ബ്രാന്‍ഡാകാന്‍ സാധ്യതയുള്ള സംരംഭമെന്നാണ് നിക്ഷേപകനായ രവീന്ദ്രനാഥ് കമ്മത്ത് പറഞ്ഞത്?

നിക്ഷേപകര്‍ മുതല്‍ മുടക്ക് നടത്താന്‍ തയ്യാറാകുന്നത് അങ്ങനെയൊരു സാധ്യത മുന്നില്‍ കണ്ടായിരിക്കുമല്ലോ. തീര്‍ച്ചയായും ദേശീയ തലത്തില്‍ വളരാന്‍ സാധ്യതയുള്ള ഒരു ബ്രാന്‍ഡ് തന്നെയാണ് പ്ലിങ്ങ്. നാലു മാസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇപ്പോഴത്തെ കരാറില്‍ എത്തിയിരിക്കുന്നത്. രവീന്ദ്രനാഥ് കമ്മത്ത് ഒരുപാട് ടെക്നോളജി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഒരാളാണ്. അദ്ദേഹവുമായി സംസാരിക്കുന്ന സമയത്ത് ഞങ്ങളുടെ കമ്പനിയുടേതായി കാണിക്കാന്‍ ഒരുപാട് സെയില്‍സും മറ്റു കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും പ്ലിങ്ങിന്റെ വ്യാപാര മേഖലയിലെ സാധ്യതകള്‍ മനസിലാക്കിയാണ് അദ്ദേഹം നിക്ഷേപം നടത്തിയത്. രവീന്ദ്രനാഥ് കമ്മത്തിന് മുമ്പ് ടൈംസ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് ക്യാപിറ്റല്‍ എന്ന കമ്പനി നിക്ഷേപം നടത്തിയിരുന്നു. ഇതും അദ്ദേഹത്തിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമായിരുന്നു എന്നു വേണമെങ്കില്‍ പറയാം. പിന്നെ പ്ലിങ്ങിനെ പോലെയുള്ള ഒരു എഫ്എംസിജി ബ്രാന്‍ഡിനെ സംബന്ധിച്ചിടത്തോളം 100 കോടിയുടെ നിക്ഷേപത്തില്‍ എത്തിയില്ലെങ്കില്‍ ഈ കമ്പനി കൊണ്ട് പ്രത്യേകിച്ച് അര്‍ത്ഥമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ രണ്ടു നിക്ഷേപകരെ കൂടാതെ കെഎസ്‌ഐടിസിയുടെ 25 ലക്ഷത്തിന്റെ ഒരു ഫണ്ടും ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്.

നിക്ഷേപകരെ ആകര്‍ഷിച്ച ഘടകങ്ങള്‍ എന്താണ് എന്നാണ് കരുതുന്നത്?

പ്രധാനമായും ഈ ബ്രാന്‍ഡിന്റെ ഒരു സാധ്യത തന്നെയാണ്. ഫുഡുമായി ബന്ധപ്പെട്ടത് വലിയൊരു ബിസിനസ് മേഖലയാണ് അതിന്റെ ചെറിയൊരു ശതമാനം കൈയ്യടക്കാന്‍ പറ്റുക എന്ന് പറയുന്നത് തന്നെ വലിയൊരു കാര്യമാണ്. പിന്നെ ഇത് എന്റെ നാലാമത്തെ കമ്പനിയാണ് ഇത്. ആ ഒരു പശ്ചാത്തലവും ഗുണകരമായി എന്നാണ് കരുതുന്നത്.


പ്ലിങ്ങ് എന്ന വ്യത്യസ്തതയുള്ള പേര്?

ഞാന്‍ പരസ്യമേഖലയില്‍ നിന്ന് വരുന്ന ഒരാളാണ്. എനിക്ക് അറിയാവുന്ന കാര്യം ബ്രാന്‍ഡിങ്ങും പരസ്യവും പോലെയുള്ള കാര്യങ്ങളാണ്. ഫുഡ് ഇന്‍ഡസ്ട്രിയിലുള്ള കാര്യങ്ങളെല്ലാം ദിവസവും ചെയ്ത് പഠിക്കുക എന്ന കാര്യമാണ് ഇപ്പോള്‍ നടക്കുന്നത്. സമാനതകള്‍ ഇല്ലാത്ത ഒരു അര്‍ത്ഥവുമില്ലാത്ത പേരാണ് കമ്പനിക്ക് വേണ്ടി നോക്കിയത്. അതാകുമ്പോള്‍ എങ്ങനെ വേണമെങ്കിലും ഡിസൈന്‍ ചെയ്യാം എന്ന ഗുണമുണ്ട്. അങ്ങനെയാണ് പ്ലിങ്ങില്‍ എത്തുന്നത്. പിന്നെ എല്ലാം ആശ്രയിച്ചിരിക്കുന്നത് ട്രേഡ് മാര്‍ക്ക് ലഭിക്കുന്നതിലാണ്. അങ്ങനെ എല്ലാം കൊണ്ട് ഒത്തുവന്ന പേരായിരുന്നു പ്ലിങ്ങ് എന്നത്. ഒരു ചിപ്സ് കമ്പനി എന്നതു മാത്രമല്ല പ്ലിങ്ങ് എന്ന ബ്രാന്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. നാളെ എന്തും വില്‍ക്കാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ് എന്ന ലക്ഷ്യമാണ് ഉള്ളത്. മലയാളികളെ സംബന്ധിച്ചിടത്തോളം പ്ലിങ്ങ് എന്ന പേരിന് ഒരു നെഗറ്റീവായ അര്‍ത്ഥം ഉണ്ട്. ഈ പേര് കേട്ടപ്പോള്‍ ആദ്യം പലരും കളിയാക്കിയിരുന്നു. ഇതു വാങ്ങിയാല്‍ ഞങ്ങള്‍ പ്ലിങ് ആകുമോ എന്ന് ചോദിച്ചവരും നിരവധിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളം വളരെ ചെറിയൊരു മാര്‍ക്കറ്റാണ്. കര്‍ണ്ണാടകയിലും ഹൈദരാബാദും ഒക്കെ വിറ്റഴിക്കുന്ന ഉത്പന്നമാണ് ഞങ്ങളുടേത്. അവിടെ പലര്‍ക്കും ഈ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഉണ്ടാവുന്നത് ആകാംക്ഷയാണ്.

ഇത്തരത്തിലൊരു ആശയം ഉണ്ടാവുന്നത് എങ്ങനെയാണ്?

പരസ്യമേഖലയിലായിരുന്നു മുമ്പ്. എറണാകുളത്തും ഡല്‍ഹിയിലുമായി സാള്‍ട്ട് മാംഗോ ട്രീ എന്ന അഡ്വര്‍ടൈസിംഗ് ഏജന്‍സി നടത്തുന്നുണ്ടായിരുന്നു. അവിടെ നിന്നാണ് ഒട്ടും പരിചയമില്ലാത്ത ഈ മേഖലയിലേയ്ക്കുള്ള മാറ്റം. ആ കമ്പനിയെ മറ്റൊരു കമ്പനി വാങ്ങിച്ചു. അതിനു ശേഷവും ഒരു വര്‍ഷം അവിടെ തന്നെ ഉണ്ടായിരുന്നു. പിന്നീട് ആ കമ്പനി വിട്ടതിന് ശേഷം ഒരു വര്‍ഷത്തോളം ഇനി എന്തു ചെയ്യണമെന്ന അന്വേഷണത്തിലായിരുന്നു. ടെക്നോളജി നോക്കി. അങ്ങനെ പലതും. അവസാനം എന്തെങ്കിലും പ്രോഡക്ടുമായി ബന്ധപ്പെട്ട എന്നാല്‍ സര്‍വ്വീസ് അല്ലാത്ത ഒരു സംരംഭം ചെയ്യണമെന്ന ആശയത്തിലേക്ക് എത്തി. സുഹൃത്ത് വലയത്തില്‍ തന്നെ ഭക്ഷ്യോത്പാദന രംഗത്തുള്ള സംരംഭകര്‍ ഉണ്ടായിരുന്നു അതും സഹായകരമായി. പിന്നെ ഫുഡ് ഇന്‍ഡസ്ട്രിക്കുള്ള ഗുണം കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ എപ്പോഴും വിപണി ഉള്ള ബിസിനസ് മേഖലയാണിത്.

വന്‍കിട കമ്പനികള്‍ക്ക് അടക്കിവാഴുന്ന മേഖലയിലേക്ക് പുതിയ സംരംഭവുമായി വന്നപ്പോഴുണ്ടായ പ്രതിസന്ധികള്‍?

ഏറ്റവും വലിയ പ്രതിസന്ധി ഈ പരിപാടി അറിയില്ല എന്നതു തന്നെയായിരുന്നു. ഫുഡ് ഇന്‍ഡസ്ട്രിയെ കുറിച്ച് ഒന്നും അറിയാതെയാണ് ഈ മേഖലയിലേക്ക് വന്നത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരു ഫുഡ് കമ്പനി എങ്ങനെ നടത്തരുത് എന്ന് പഠിച്ചുവെന്ന് പറയാം. പല കാര്യങ്ങളും അറിയാത്തതു കൊണ്ട് കൈ പൊള്ളിയ സംഭവങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ തന്നെ കമ്പനി തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും എല്ലാ കടകളിലും സാധനം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ കമ്പനികളെയും പോലെ വിതരണം ഒരു കടമ്പ തന്നെയാണ്. പിന്നെ വലിയ വലിയ കമ്പനികള്‍ക്ക് കുത്തകയുള്ള വലിയൊരു മാര്‍ക്കറ്റാണിത്. ഇങ്ങനെ വന്‍കിട കമ്പനികള്‍ മാത്രം നിലനില്‍ക്കുന്നതിന്റെ കാരണവും മാര്‍ക്കറ്റിങ്ങിന്റെ ബാഹുല്യം കൊണ്ടാണ്. ചെറിയ കമ്പനികള്‍ക്കാണെങ്കില്‍ രണ്ടോ മൂന്നോ പ്രൊഡക്ട് മാത്രമേ ഉണ്ടാവുകയുള്ളൂ. ഇങ്ങനെ രണ്ടോ മൂന്നോ ഉത്പന്നങ്ങള്‍ മാത്രം കൊണ്ട് മത്സരത്തെ അതിജീവിക്കുകയെന്നത് ചെറിയ കാര്യമല്ല. അതുതന്നെയാണ് ചെറിയ കമ്പനികളുടെ ചലഞ്ചിങ്ങായ കാര്യവും.

പ്ലിങ്ങിന്റെ ആദ്യ നാളുകള്‍ എങ്ങനെ ഓര്‍ക്കുന്നു?

2016 മെയിലാണ് കമ്പനി ആരംഭിക്കുന്നത്. ആദ്യത്തെ നാളുകള്‍ എന്നു പറയാന്‍ ഒന്നും ആയിട്ടില്ല. കാരണം കാല്‍ ഉറയ്ക്കുന്നതേയുള്ളൂ ഇപ്പോഴും. 1.3 കോടി രൂപയുടെ നിക്ഷേപം എന്ന് പറഞ്ഞാല്‍ ഒന്നും ആവുന്നില്ല. മൂന്നു മാസം കഴിഞ്ഞ് വീണ്ടും നിക്ഷേപം കണ്ടെത്തേണ്ടി വരും. അടുത്ത നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. തുടക്കത്തില്‍ ഏത്തയ്ക്ക ചിപ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നു. ഇപ്പോള്‍ കപ്പ ചിപ്‌സ് ഉണ്ട്. അങ്ങനെ രണ്ടിന്റെയും കൂടെ അഞ്ച് ഉത്പന്നങ്ങളാണ് വിപണനം ചെയ്യുന്നത്. ലോഞ്ച് ചെയ്ത സമയത്ത് അമ്പത് രൂപയുടെ മാത്രം പാക്കറ്റായിരുന്നു ഉണ്ടായിരുന്നത്. പിന്നീടാണ് മനസിലായത് അമ്പത് രൂപ കൊണ്ട് പരിപാടിയൊന്നും നടക്കില്ലെന്നത്. അതുകൊണ്ട് ഇപ്പോള്‍ കൂടുതല്‍ അഞ്ചു രൂപയുടേയും പത്ത് രൂപയുടേയും പാക്കറ്റുകളാണ് വില്‍ക്കുന്നത്. അടുത്ത മാസത്തോടെ പന്ത്രണ്ട് ഉത്പന്നങ്ങള്‍ പ്ലിങ് വിപണിയില്‍ എത്തിക്കും. കൂടാതെ പ്ലിങ്ങ് കോക്കനറ്റ് ചിപ്‌സ് കൂടി ഉടന്‍ വിപണിയില്‍ എത്തും.

മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് പ്ലിങ്ങ് എങ്ങനെ വ്യത്യസ്തമാകുന്നു?

മറ്റ് ബ്രാന്‍ഡുകളുടേതായി പുറത്തിറങ്ങുന്ന ചിപ്‌സുകള്‍ കൂടുതലും ഉരുളക്കിഴങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലെങ്കില്‍ അരിപൊടിച്ചുണ്ടാക്കുന്ന സ്‌നാക്‌സാണ്. മാര്‍ക്കറ്റില്‍ കൂടുതലും ലഭിക്കുന്നതും ഇത്തരം ഉത്പന്നങ്ങളാണ്. പ്ലിങ്ങിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഇത് രണ്ടുമല്ല കപ്പയും ഏത്തയ്ക്കയുമാണ്. ഉപഭോക്താക്കള്‍ക്ക് മറ്റൊരു ചോയ്സെന്ന ഗുണവുമുണ്ട്. ഇതാണ് ഉത്പന്നത്തിന്റെ കാര്യത്തിലുള്ള വ്യത്യാസം. പിന്നെ പ്ലിങ്ങ് ചിപ്‌സില്‍ മാത്രം ഒതുങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു കമ്പനിയല്ല.


കേരളം സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അനുയോജ്യമാണോ?

കേരളം സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങാന്‍ പറ്റിയ സ്ഥലമാണ്. പക്ഷെ അനുയോജ്യമായ മാര്‍ക്കറ്റ് അല്ല. ഇവിടെ മാര്‍ക്കറ്റ് വളരെ കുറവാണ്. കണ്‍സ്യൂമര്‍ മാര്‍ക്കറ്റാണ് എന്നൊക്കെ പറഞ്ഞാലും ചില കാര്യങ്ങള്‍ക്ക് മാത്രമേ മലയാളികള്‍ ഇപ്പോഴും പണം മുടക്കൂ. ഇപ്പോള്‍ പ്ലിങിന്റെ കാര്യത്തില്‍ തന്നെ കേരളത്തില്‍ നിന്ന് മൊത്തതില്‍ കിട്ടുന്ന സെയില്‍ എനിക്ക് ബാംഗ്ലൂര്‍ പോലെയുള്ള ഒരു നഗരത്തില്‍ നിന്ന് ലഭിക്കും.

സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ സംരംഭകരോട് എന്താണ് പറയാനുള്ളത്?

ഒരു ഐഡിയ കിട്ടിയാല്‍ ബിസിനസിലേക്ക് ചാടിയിറങ്ങുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷെ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യണം. പരാജയം എന്നു പറയുന്നത് ബിസിനസ് മേഖലയുടെ ഭാഗം തന്നെയാണ്. പക്ഷെ ഇപ്പോഴത്തെ തലമുറയില്‍ കാണുന്ന പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഇറങ്ങിത്തിരിക്കുന്നതാണ്. ഈ ഐഡിയയ്ക്ക് മാര്‍ക്കറ്റുണ്ടോ, വിറ്റുപോകുന്നതാണോ എന്നൊന്നും ചിന്തിക്കാറില്ല.

കുടുംബം

ഭാര്യ ഷെറി അയര്‍ലന്റില്‍ നഴ്സാണ്. ഒരു വയസായ മോളുണ്ട്. എസ്രയെന്നാണ് പേര്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More