സോഷ്യല്‍ മീഡിയക്ക് മറുപടി കൊടുക്കാനില്ല: അശ്വതി ജ്വാല

അശ്വതി ജ്വാലയെന്നത് കേവലം ഒരു പെണ്‍കുട്ടിയുടെ പേരല്ല, മറിച്ച് അനേകര്‍ ആശ്രയിക്കുന്ന തണല്‍ വൃക്ഷമാണത്. സങ്കടങ്ങളില്‍ ആശ്വാസമായും, വിശക്കുന്നവര്‍ക്ക് അന്നമായും ഈ ജ്വാല കെടാതെയെത്തുന്നു. ദുരിതങ്ങള്‍ മാത്രം സമ്മാനിച്ചൊരു കുട്ടിക്കാലം അശ്വതി ജ്വാലയെ സഹജീവികളോട് സ്‌നേഹവും കരുണയും ചൊരിയാന്‍ പ്രാപ്തിയുള്ളവളാക്കി മാറ്റിയെടുത്തു. ആര്‍ക്കും വേണ്ടാതെ തെരുവിലലയുന്ന ജന്‍മങ്ങള്‍ക്ക് അരികിലേക്ക് മാലാഖയെന്നപോല്‍ അവള്‍ കടന്നു ചെല്ലുന്നു. തീയില്‍ കുരുത്തതാണ് അശ്വതി, പിന്നെങ്ങനെ വെയിലില്‍ വാടും. ജീവിതത്തിന്റെ കനല്‍വഴികളൊക്കെ നേരിട്ട ഈ പെണ്‍കുട്ടി പറയുന്നു, പ്രതിബന്ധങ്ങളെ തരണം ചെയ്യാതെ ജീവിതമില്ല.

കൗമാരത്തിന്റെ കുസൃതിയും, യൗവനത്തിന്റെ മാസ്മരികതയും ഈ ദൃഡനിശ്ചയക്കാരിയായ പെണ്‍കുട്ടിയെ സ്പര്‍ശിച്ചിട്ടില്ല, തെരുവിന്റെ അനാഥര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം വര്‍ഷങ്ങളായി ഒരേ ട്രാക്കിലൂടെ ഇങ്ങനെ കൂകിയും, തെളിഞ്ഞും പോകുന്നു. അനേകര്‍ക്ക് ആശ്രയമാകുന്ന, ജീവിത മാര്‍ഗം ഒരുക്കി കൊടുക്കുന്ന ഈ പെണ്‍കുട്ടിയെക്കുറിച്ചറിയാം. അശ്വതിയുമായി ശങ്കരി ഇസബെല്ല സംസാരിക്കുന്നു.

സമൂഹത്തിലെ സാധാരണക്കാരുടെ വിഷമങ്ങളും, കഷ്ടപ്പാടുകളും കണ്ടും അറിഞ്ഞും തുടക്കം

വിഷമങ്ങളും, കഷ്ടപ്പാടുകളും ആവോളമുണ്ടായിരുന്നു. അവ തേടി അലയണ്ട കാര്യമില്ലല്ലോ? പ്രത്യേകിച്ചും അച്ഛന്‍ എന്നേ ഉപേക്ഷിച്ച ഒരു പാവപ്പെട്ട കുടുംബത്തിലാകുമ്പോള്‍. നെടും തൂണായി നിന്ന് അമ്മയും അമ്മൂമ്മയും ഞങ്ങളെ നോക്കി.

സാധാരണക്കാര്‍ക്ക് പലപ്പോഴും നീതി എങ്ങനെ നിഷേധിക്കപ്പെടുന്നു എന്ന് നേരിട്ട് കണ്ട് മനസിലാക്കിയിട്ടുണ്ട്. വളര്‍ന്ന് വന്ന സാഹചര്യങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാന്‍ കഴിഞ്ഞു. മറ്റുള്ളവരുടെ വീടുകളില്‍ പണിക്ക് പോയാണ് അമ്മ കുടുംബത്തെ താങ്ങി നിര്‍ത്തിയത്. ജീവിതത്തോട് ഇവര്‍ പോരാടുന്ന കണ്ടാണ് തുടക്കം.

പട്ടിണിയെന്നത് ഇന്നും തീവ്രമായി നിലനില്‍ക്കുന്നു. അതും ഇത്രയധികം പുരോഗമിച്ച കേരളത്തില്‍. പലരുടെയും പ്രതിസന്ധി നിറഞ്ഞ ജീവിതം പുറത്തെത്താറില്ല, അത് പുറത്തെത്തിക്കാനുള്ള സാഹചര്യം അവര്‍ക്കില്ലാതെ പോകുന്നു. നിയമത്തിന്റെ നൂലാമാലകള്‍, സഹായിക്കേണ്ടുന്നവരുടെ ഉദാസീനത ഒക്കെ ഇത്തരം ജീവിതങ്ങളുടെ ഭാരം കൂട്ടുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി നല്ല രീതിയില്‍ ചിലര്‍ ഇത്തരം വാര്‍ത്തകള്‍ പുറം ലോകത്തെത്തിക്കുന്നു. മാനസികമായും, ശാരീരികമായും അവശത അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം കരങ്ങള്‍ ആശ്വാസമാകുന്നുണ്ട്.

ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം?

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഒമ്പതാം വാര്‍ഡിലെ രോഗികള്‍ക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്തയറിഞ്ഞ് സഹായിക്കാന്‍ ചെന്ന എന്നെ നേരിട്ട വാക്കുകള്‍. ആ പാവങ്ങള്‍ക്ക് വേണ്ട ഭക്ഷണം ഏത് വിധേനയും എത്തിക്കാമെന്ന് ഉറപ്പ് നല്‍കിയപ്പോള്‍ ആശുപത്രി സൂപ്രണ്ട് ചോദിച്ച ചോദ്യം.

വയറു നിറച്ചു ആഹാരം കൊടുത്താല്‍ അവിടെയാകെ മലവിസ്സര്‍ജ്ജനം നടത്തുമെന്ന്, ആ മലം ഞാന്‍ വന്നു കോരുമോയെന്ന് ഒരു ചോദ്യം. ഇതില്‍ നിന്ന് ഒരു കാര്യം മനസിലാക്കാം, പലപ്പോഴും നീതിയും, അടിസ്ഥാന ആവശ്യങ്ങളും എങ്ങനെ കുറച്ചാളുകളിലേക്ക് എത്താതെ പോകുന്നു എന്ന കാര്യം.

മനുഷ്യാവാകാശ കമ്മിഷനില്‍ ഞാന്‍ പരാതി കൊടുത്തു, അതോടെ ഈ സംഭവം കേസാകുകയും ഒടുവില്‍ അവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കാന്‍ എനിക്ക് അനുമതി കിട്ടുകയും ചെയ്തു.

രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന് വാര്‍ത്തകള്‍ പണ്ട് കേട്ടിരുന്നു, അടുത്ത് തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നു വരുമോ?

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ആലപ്പുഴയില്‍ നിന്നും മത്സരിക്കുമെന്ന് കേട്ട വാര്‍ത്തയാണ് ഇതിന് ആധാരമെങ്കില്‍ അത് ശരിയായിരുന്നു. പലകാരണങ്ങളാല്‍ പിന്നീട് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

ഇനി എന്തായാലും രാഷ്ട്രീയമെന്നത് എന്റെ മനസിലില്ല, ജനങ്ങള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നെക്കൊണ്ട് കഴിയുന്ന പോലെ എല്ലാവരെയും സഹായിക്കണമെന്ന ചിന്തയേ ഇപ്പോള്‍ ഉള്ളൂ.

സോഷ്യല്‍ മീഡിയയില്‍ താങ്കളെ അനുകൂലിച്ചും, പ്രതികൂലിച്ചും വരുന്നവര്‍ക്കുള്ള മറുപടി എന്താണ്?

സോഷ്യല്‍ മീഡിയ വഴി ഏതൊരു കാര്യവും വളരെ വേഗത്തില്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനാകും. അതിപ്പോള്‍ നല്ലതും ദോഷകരമായതോ ആകാം. സോഷ്യല്‍ മീഡിയയ്ക്ക് ഒരു വലിയ ജനവിഭാഗത്തിന്റെ നിരന്തരമായ ഇടപെടലുകളും താങ്ങുമുണ്ട്.

എന്നെ സംബന്ധിച്ച് ഈ രണ്ട് തരത്തില്‍ പെടുന്ന ആള്‍ക്കാര്‍ക്കും ഞാന്‍ മറുപടി കൊടുക്കാറില്ല. നീതിപൂര്‍വ്വമെന്ന് തോന്നുന്നവ എഴുതി ഞാന്‍ തന്നെ പോസ്റ്റ് ചെയ്യാറുണ്ട്. ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ അനന്തമായ സാധ്യതകളെ സോഷ്യല്‍ മീഡിയ നമുക്ക് തരും.

സമൂഹമാധ്യമങ്ങളിലൂടെ ഈ അടുത്ത് ഒരുപാട് കരിവാരി തേക്കപ്പെട്ട ഒരാളാണ് താങ്കള്‍?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യത്തെ മൂടിവെക്കാനാകില്ല. എത്രതന്നെ അടിച്ചമര്‍ത്താന്‍ നോക്കുന്തോറും പതിന്‍മടങ്ങ് ശക്തിയോടെ ഇവ പുറത്തെത്തും. എനിക്ക് മറ്റുള്ളവര്‍ നല്‍കിയ ദുരനുഭവങ്ങളെ മുന്നോട്ട് കൂടുതല്‍ കരുത്തോടെ ജീവിക്കാനായുള്ള ഇന്ധനമായി ഞാനെടുക്കും.

കുടുംബത്തിന്റെ സപ്പോര്‍ട്ട് എത്രത്തോളം ഉണ്ട്?

അന്നം കൊടുക്കുന്നത് പുണ്യമാണ് മോളെ. അമ്മ പറഞ്ഞതാണ് ഈ വാചകം. എന്റെ ആഗ്രഹങ്ങള്‍ പറഞ്ഞപ്പോള്‍ അമ്മയ്ക്ക് വലിയ സന്തോഷം. പിന്തിരിപ്പിച്ച് ഒന്നും പറഞ്ഞില്ല. എത്രപേര്‍ക്കാണെന്നു വച്ചാല്‍ വെച്ചുണ്ടാക്കി തരാന്‍ ഞാന്‍ തയ്യാറാണെന്നാണ് അമ്മ പറഞ്ഞത്. അതിലും നല്ല സപ്പോര്‍ട്ടൊക്കെ വേറാരു തരാനാണ്.

കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ എന്നെപ്പോലൊരാള്‍ക്ക് വിലപ്പെട്ടതാണ്. താങ്ങാകാനും തണലാകാനും ഇവരൊക്കെ ഇവരുടെ വിലപ്പെട്ട സമയം മാറ്റിവച്ചിട്ടാണ് അത് എനിക്ക് നല്‍കുന്നത്.

ഇങ്ങനെ ഉളളവര്‍ അപൂര്‍വ്വമാണ്?

പണം ഒരുപാടുള്ളവര്‍ക്ക് എളുപ്പമാണ്. എന്റെ അമ്മയെ സംബന്ധിച്ച് തട്ടുകട നോക്കി നടത്തണം, അത് ഉപജീവന മാര്‍ഗമാണ്. അതിനൊക്കെ ഇടയില്‍ എന്നെയും എന്റെ സ്വപ്നങ്ങള്‍ക്കും കൂടെ നില്‍ക്കണം, ഇതിനൊക്കെ പുറമേ നിരുല്‍സാഹപ്പെടുത്തുന്നവരാണേറെയും. അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു കൂട്ടര്‍ ഇറങ്ങിനടക്കുന്നു.

ആദ്യമായി ലഭിച്ച മെഡിക്കല്‍ റപ്രസന്റേറ്റീവ് ജോലിയാണ് എന്റെ സ്വപ്നങ്ങള്‍ക്ക് കരുത്ത് കൂട്ടിയത്. സ്വന്തമായി എന്തെങ്കിലും വരുമാനമായാല്‍ ആത്മവിശ്വാസം ഉണ്ടാകും എന്നാണ് എന്റെ ജീവിത അനുഭവം.

തെരുവില്‍ നിന്ന് കണ്ടെത്തുന്നവരെ നിര്‍ബന്ധിച്ച് സംരക്ഷണാലയങ്ങളില്‍ എത്തിക്കാറില്ല എന്നതിന്റെ കാരണം?

നമ്മള്‍ വീടിനെ സേനേഹിക്കുന്ന പോലെ ചിലര്‍ തെരുവിനെയും സ്‌നേഹിക്കുന്നു. സുരക്ഷിതത്വം കുറവാണെങ്കിലും തെരുവുകളും നമ്മുടെ ലോകത്ത് കാലാകാലങ്ങളായി നിലനില്‍ക്കുന്നുണ്ട്.

താത്പര്യം ഉള്ളവരെ മാത്രം ഇത്തരം സ്ഥാപനങ്ങളിലാക്കുന്നു. സ്ത്രീകളെ സുരക്ഷ മുന്‍ നിര്‍ത്തി ഇത്തരം സ്ഥാപനങ്ങളിലാക്കാറുണ്ട്. നമ്മള്‍ കരുതും പോലെ എല്ലാവരും തെരുവിനെ വെറുക്കുന്നവരല്ല. തെരുവില്‍ നിന്നും നിര്‍ബന്ധിച്ച് ഇത്തരം സംരക്ഷണാലയങ്ങളിലാക്കിയാല്‍ സന്തോഷം ലഭിക്കാത്തവരെ എന്തിന് അങ്ങനെ ചെയ്യണം എന്ന ചിന്തയാണ് അതില്‍ പ്രധാനം. ഓരോ വ്യക്തിയുടെയും ഇഷ്ടങ്ങളെയും അനിഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും മാനിക്കുക എന്നത് പരമ പ്രധാനമാണ്.

നിലവില്‍ ജ്വാല നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

ദിവസവും 150 ഓളം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നു, കൂടാതെ ആരോരുമില്ലാത്തവരെ സംരക്ഷണ കേന്ദ്രങ്ങളിലാക്കുന്നു. നിര്‍ധനരായവര്‍ക്ക് പെട്ടിക്കടകള്‍ സ്ഥാപിച്ച് കൊടുക്കുന്നു. മരുന്നുകള്‍ ആവശ്യമുള്ളവരുണ്ട് അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ച് നല്‍കുന്നു. പെന്‍ഷന്‍ ലഭിക്കുന്നതുപോലെ മാസാമാസം ഒരു ചെറിയ തുക അര്‍ഹരായവര്‍ക്ക് എത്തിച്ച് നല്‍കും. ഇതൊക്കെ ജ്വാല വഴി നടത്തുന്ന കാര്യങ്ങളാണ്.

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ഏറെയുണ്ട്. കൃത്യമായി ഒന്നു കണ്ണോടിച്ചാല്‍ തന്നെ ഇത്തരക്കാരെ കണ്ടെത്താനാവും. നല്ല ഭക്ഷണവും വസ്ത്രങ്ങളും ആവശ്യത്തിന് മരുന്നും സ്‌നേഹവും പ്രതീക്ഷിച്ച് കാത്തിരിക്കുന്നവര്‍ അനേകരാണ്. മറ്റുള്ളവരെ വിമര്‍ശിക്കാന്‍ മാത്രം ഇറങ്ങിത്തിരിക്കുന്നവര്‍ ആ സമയം ഇതുപോലുള്ള പ്രവര്‍ത്തികള്‍ക്ക് വിനിയോഗിക്കണം എന്നതാണ് എന്റെ അഭിപ്രായം.

കാണാതായ വിദേശ വനിതയുടെ പേരില്‍ ഉണ്ടായ സംഭവവികാസങ്ങളെ എങ്ങനെ നേരിട്ടു?

ഒരു വിദേശ സ്ത്രീ കേരളത്തില്‍ കാണാതാവുക, ഭാഷ പോലും അറിയാത്ത അവരുടെ ഭര്‍ത്താവ് എത്രമാത്രം കഷ്ട്ടപ്പെട്ട് നടന്നുവെന്നത് എനിക്കറിയാം. അവരുടെ സഹോദരിയും തിരച്ചിലിന് എത്തിയിരുന്നു. മാനസികമായി വേദനിക്കുന്ന അവരെ സഹായിച്ചു എന്നത് കൊണ്ട് ഞാന്‍ ചിലര്‍ക്കൊക്കെ കൊള്ളരുതാത്തവളായി.

അന്യ നാട്ടില്‍ വന്ന് കാണാതായ ആ വനിതക്ക് വേണ്ടി നമുക്ക് ചെയ്യാവുന്നത് അവരെ കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് അല്ലാതെ പരസ്പരം കുറ്റപ്പെടുത്തലുകളും, കേസുകളുമായി മുന്നോട്ട് പോയി മറ്റുള്ളവരുടെ സമയം കൂടി പാഴാക്കിയിട്ട് നാമൊക്കെയെന്താണ് നേടിയത്. അല്ലെങ്കില്‍ നേടുന്നത്?

എന്നെ സംബന്ധിച്ച് ന്യായം എന്റെ കൂടെയുണ്ട് എന്ന വിശ്വാസം എനിക്ക് കരുത്താണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഞാന്‍ തളരില്ല. ഓരോ സംഭവവികാസങ്ങളും ഓരോ അനുഭവമാണെന്ന് വേണം പറയാന്‍.

നിയമം പഠിച്ച അശ്വതിയെ വക്കീലായി പ്രതീക്ഷിക്കാമോ?

എന്തായാലും അത്തരത്തില്‍ ചിന്തിച്ചിട്ടില്ല. മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യം ഉള്ളതുകൊണ്ട് നിയമവശങ്ങള്‍ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്.

എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്യുക എന്നത് നല്ല കാര്യമാണ്. നിയമത്തിന്റെ നൂലാമാലകള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമെന്ന് തോന്നിയത് കൊണ്ടാണ് നിയമം പഠിച്ചത്. പക്ഷേ വക്കീലാകാനല്ല ഉദ്ദേശം. കഴിയുന്ന പോലെ മറ്റുള്ളവരെ സഹായിച്ച് മുന്നോട്ട് പോകണം എന്ന ചിന്തയേ ഉള്ളൂ. മുന്നോട്ടുള്ള ജീവിതത്തില്‍ വെളിച്ചമാകാനാണ് പഠിച്ച നിയമം ഉപയോഗപ്പെടുത്തുക.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More