മാന്ത്രിക ലോകത്തെ നീലേശ്വരം ട്രിക്ക്‌

മാജിക്കിന്റെ ലോകം വളരെ കൗതുകം നിറഞ്ഞതാണ്. കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ഒന്ന്. ആ ലോകത്തേക്ക് പ്രശസ്ത മാന്ത്രികനും മെന്റലിസ്റ്റും ആയ യദുനാഥ് പള്ളിയത്ത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി പഠന യാത്ര പോയത്. ഇന്നും അദ്ദേഹം മാജിക് ലോകത്ത് ഒരു പഠിതാവാണ്. 2013-ല്‍ ഫയര്‍ എസ്‌കേപ്‌ നടത്തി മാന്ത്രിക ലോകത്ത് കൈതെളിഞ്ഞുവെന്ന് തെളിയിച്ച അദ്ദേഹവുമായി ദീപ രുഗ്മിണിനടത്തിയ അഭിമുഖം.

18 വര്‍ഷങ്ങളായി തുടരുന്ന മാജിക് യാത്ര. അത്രയ്ക്ക് ഇഷ്ടമാണോ മാജിക്?

തീര്‍ച്ചയായും. ഈ യാത്ര ഉടനീളം എനിക്കൊരു മാജിക് ആയിരുന്നു. ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് മാജിക് പഠിച്ചു തുടങ്ങിയത്. പഠിക്കാന്‍ ഒട്ടും ഇഷ്ടമല്ലാതിരുന്ന, ക്രിക്കറ്റ് കളിച്ചു നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് ഒരു കല വഴങ്ങുമെന്ന് മനസിലാക്കി തന്നത് മാജിക് ആണ്. തുടക്കകാലങ്ങളില്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും പഴി വാങ്ങിത്തന്നതില്‍ മാജിക് ഒരു നിര്‍ണായക പങ്കു വഹിച്ചു. 2013-ല്‍ എന്റെ നാടായ നീലേശ്വരത്തെ രാജാസ് സ്‌കൂള്‍ മൈതാനത്ത് നടത്തിയ ഫയര്‍ എസ്‌കേപ്പ് തൊട്ടാവണം എന്നെ ആളുകള്‍ അംഗീകരിച്ചു തുടങ്ങിയത്. അതായിരുന്നു ഈ യാത്രയിലെ ആദ്യത്തെ മാജിക്. മരണം വരെ ഈ കല എന്റെ കൂടെത്തന്നെ ഉണ്ടാവുമെന്ന് ഞാന്‍ ഉറപ്പിച്ച നിമിഷം.

ഫയര്‍ എസ്‌കേപ്പ് അപകടം നിറഞ്ഞ ഒരു പ്രകടനമല്ലേ? ഇത് ചെയ്യുമ്പോഴുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണ്?

ഫയര്‍ എസ്‌കേപ്പിന്റെ കാര്യം ഇങ്ങനെയാണ്. ആദ്യം ചങ്ങലയൊക്കെ ഇട്ട് വലിഞ്ഞു മുറുക്കി താഴും പൂട്ടും കൊണ്ട് എന്നെ ബന്ധിക്കുന്നു. പിന്നെ അതേ അവസ്ഥയില്‍ ക്രെയിനിലെടുത്ത് തല കീഴായിട്ട് 20 അടി ഉയരത്തിലേയ്ക്ക് പൊക്കും. പിന്നെ വൈക്കോലിനകത്തേയ്ക്ക് ഇറക്കി വൈക്കോലിന് തീ കൊടുക്കും. അതില്‍ നിന്ന് രക്ഷപ്പെടുന്നതാണ് ഫയര്‍ എസ്‌കേപ്പ് എന്നുപറയുന്നത്. എല്ലാവരുടെയും വിചാരം ഈ ചങ്ങലയഴിക്കാന്‍ അല്ലെങ്കില്‍ തീയിന്ന് രക്ഷപ്പെടാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന്. പക്ഷെ, തല കീഴായിട്ട് കിടക്കാനാണ് ഏറ്റവും പാട്.
ഏകദേശം രണ്ടോ മൂന്നോ മാസം ഞാന്‍ പ്രാക്ടീസ് ചെയ്തത് ഈ ഒറ്റ കാര്യത്തിന് വേണ്ടിയിട്ടാണ്. കാരണം ബ്ലഡ് സര്‍ക്കുലേഷന്‍ മൊത്തം തിരിഞ്ഞ് ചിലപ്പോള്‍ ചെവിയിലേയ്ക്കും മൂക്കിലേയ്ക്കുമൊക്കെ രക്തം ഇറങ്ങിവരും. അതിനെ മറികടക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

ഗുരു?

ബാലേട്ടന്‍. ബാലന്‍ നീലേശ്വരം. മാജിക്കില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹമാണ് ഗുരു. പരിചയപ്പെടുന്ന ഓരോ മാന്ത്രികരുടെയും കൈയ്യില്‍ നിന്ന് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്.

ഗോപിനാഥ് മുതുകാട്, സാമ്രാജ് തുടങ്ങിയ മുതിര്‍ന്ന മാന്ത്രികരുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ? മുതുകാടിന്റെ മാജിക് പ്ലാനെറ്റില്‍ ഇല്ല്യൂഷനിസ്‌റ് ആയിരുന്നല്ലേ?

മുതുകാട് സാറും സാമ്രാജ് സാറും ഒരു പോലെ എന്നിലെ മാന്ത്രികനെ സ്ഫുടം ചെയ്‌തെടുക്കാന്‍ സഹായിച്ചവരാണ്. ആദ്യമായി എന്നെ ഒരു ടി. വി ഷോയില്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തത് സാമ്രാജ് സാര്‍ ആണ്. ജീവന്‍ ടി വി യില്‍ . വാഴക്കുന്നം ട്രോഫിയ്ക്കായുള്ള മാജിക് മത്സരത്തെ തുടര്‍ന്നായിരുന്നു അത്.

മാജിക് പ്ലാന്റ് വഴി തിരുവനന്തപുരത്ത് എനിക്ക് എന്‍ട്രി തന്നത് മുതുകാട് സാറായിരുന്നു. പ്ലാനെറ്റില്‍ ഇല്ല്യൂഷനിസ്‌റ് ആയിരുന്നു ഞാന്‍. അതുവരെ കൊഞ്ചുറിങ് മാജിക് ചെയ്തിരുന്ന എന്നില്‍ ഇല്ല്യൂഷന്‍ പോലെ വലിയൊരു ദൗത്യം ഏല്‍പ്പിക്കാന്‍ സാര്‍ ധൈര്യം കാട്ടിയത്തോടെ എന്റെ മാജിക് ലൈഫിലെ പുതിയൊരു അദ്ധ്യായം തുറക്കുകയായിരുന്നു.

മാജിക്കിലെ പരീക്ഷണങ്ങള്‍

തുടക്കം മാനിപ്പുലേഷന്‍ ആക്റ്റ് ആയിരുന്നു. കേരളത്തില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഇത് ചെയ്യുന്നവരുണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞാണ് ഇല്യൂഷന്‍സ് ചെയ്തത്. ശേഷം കൂടുതല്‍ സാഹസികം എന്ന് തോന്നിപ്പിക്കും തരത്തിലുള്ള മാജിക്കുകള്‍ ചെയ്യാന്‍ ശ്രമിച്ചു. ആളെ മുറിച്ചു മാറ്റുക തുടങ്ങിയ പോലുള്ളത്. പിന്നെ ക്ലോസ്അപ്, മെന്റലിസം.

മെന്റലിസത്തില്‍ കാണികളെ രസിപ്പിക്കാനുള്ള കഴിവ് കുറവാണ്. അതുകൊണ്ട് പുതിയ രീതി പരീക്ഷിച്ചു. മെന്റലിസത്തിനെ മെന്റല്‍ ഇല്യൂഷനിലേയ്ക്ക് പരിവര്‍ത്തനം ചെയ്തു. മെന്റല്‍ മാജിക് മൈന്റ് ഇല്യൂഷന് (mental magic mind illusion) എന്നാക്കി. മെന്റല്‍ മാജിക്ക്, കാണുന്നവര്‍ക്ക് ആഘോഷിക്കാന്‍ വക നല്കും വിധം രൂപകല്പന ചെയ്തു. ‘ഇന്‍സ്പയറ’ എന്നാണു ഇതിനു പേരിട്ടിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഏറെ രസിക്കുന്ന ഈ ഷോ ഒരു മോട്ടിവേഷണല്‍ പ്രോഗ്രാം കൂടിയാണ്. പുതിയ ആശയങ്ങള്‍ മാജിക് ആക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ രണ്ടു മണിക്കൂര്‍ നീളുന്ന ഇല്ല്യൂഷന്‍ ഷോ നടക്കുന്നുണ്ട് . ഒരു ഡാന്‍സ്-മ്യൂസിക്കല്‍ മാജിക് ട്രീറ്റ് എന്ന് വേണമെങ്കില്‍ പറയാം.

ജാലവിദ്യക്കാരന് അന്നും ഇന്നും

പണ്ടുള്ള ജാലവിദ്യക്കാരന് എന്നുപറയുന്നത് രാജാപ്പാട്ട് വസ്ത്രങ്ങളും മേക്കപ്പുകളും ഇട്ട് ഒരു പേടി തോന്നിക്കുന്ന വിധത്തിലായിരുന്നു. അതൊക്കെ പണ്ടുള്ള കാഴ്ചപ്പാടാണ്. ഇന്ന് ജാലവിദ്യക്കാരന് എന്നുള്ളത് അവരുടെ ഇടയിലുള്ള ഒരാളായിട്ട്, സാധാരണ മനുഷ്യനായിട്ട് അനുഭവപ്പെട്ടാല്‍ മാത്രമേ കാണികള്‍ ഉള്‍ക്കൊള്ളുന്നുള്ളൂ. കോട്ടും തൊപ്പിയും, എന്തിനു മാന്ത്രിക വടി പോലും അപ്രത്യക്ഷമായിരിക്കുന്നു.

ടി വി ഷോകള്‍?

ഒട്ടുമിക്ക മലയാളം ചാനലുകളിലും ഷോ ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവസാനമായി ചെയ്തത് ഏഷ്യാനെറ്റ് പ്ലസിലെ റണ്‍ ബേബി റണ്‍ എന്ന ഷോയില്‍ ആണ്. കൂടാതെ കളേര്‍സ്, സീ ടി വി ( ഹിന്ദി), ജയാ ടി വി (തമിഴ് ) , സെഡ് ടി വി (കന്നഡ) എന്നീ ചാനലുകളിലും ഇന്ദ്രജാല പ്രകടനവുമായി പ്രത്യക്ഷപ്പെടാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

പുരസ്‌കാരങ്ങള്‍?

18 സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് വീതം ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കേരളം സംഗീത നാടക അക്കാദമി 2013-ല്‍ മികച്ച മജീഷ്യന്‍ ആയി തിരഞ്ഞെടുത്തിട്ടുണ്ട്.

ഒരു മാന്ത്രികനെന്ന നിലയില്‍ മുന്നോട്ട് എന്ത്?

പുതിയതായിട്ട് പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രമേ ഇന്ന് ഈ മേഖലയില്‍ നിലനില്‍ക്കാന്‍ സാധിക്കൂ. ഒരാള്‍ മാജിക് കാണുന്ന സമയത്ത് മജീഷ്യന് ഒളിപ്പിച്ചുവെയ്ക്കുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. മാജിക്ക് കാണുന്നതിലുപരി മാജിക്കിന്റെ തന്ത്രങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ പെട്ടെന്ന് മനസിലാക്കാന് കഴിയും. കാണികള്‍ മാജിക് കാണുമ്പോള്‍ ആഗ്രഹിക്കുക മാജിക് വിജയിക്കണം എന്നല്ല മാജിക്കിന്റെ തന്ത്രങ്ങള്‍ ഒന്നു മനസിലാക്കണമെന്നാണ്. ഏതൊരു കലയ്ക്കും ഇല്ലാത്ത ഒരു വെല്ലുവിളിയാണിത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More