സവര്‍ണ്ണ ആചാരങ്ങള്‍ക്ക് പരോക്ഷ സമ്മര്‍ദ്ദമുണ്ട്, പക്ഷേ അത് അദൃശ്യമാണ്: കെഇഎന്‍ കുഞ്ഞഹമ്മദ്
കെഇഎന്‍ കുഞ്ഞഹമ്മദ് . ഒരു കാലത്ത് സ്വത്വബോധത്തെ കുറിച്ച് പരാമര്‍ശിച്ചതിനാല്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ഇടത് ചിന്തകരിലൊരാള്‍. കഴിവിന്റെയും ബുദ്ധിശക്തിയുടെയും വ്യവസ്ഥിതിക്കായി വാദിച്ചവര്‍ (മെറിറ്റോക്രസി) ഇന്ന് സംവരണത്തെക്കുറിച്ച് വാതോരാതെ പറയുന്ന കാലത്ത് സ്വത്വരാഷ്ട്രീയം വീണ്ടും പങ്കുവയ്ക്കുകയാണ് അദ്ദേഹം. സവര്‍ണ്ണസംവരണം യാഥാര്‍ത്ഥ്യമാകുന്ന കാലത്ത് ജാതിയും സംവരണവും ഒരു വിഭാഗത്തിന് ശാപവും മേല്‍ത്തട്ടിന് വിശുദ്ധവുമാകുന്നതെന്ന യാഥാര്‍ത്ഥ്യം പങ്കിടുകയാണ് കെഇഎന്‍. ജാതിവിരുദ്ധ പോരാട്ടങ്ങളില്‍ ആന്തരികമായ ജാതിബോധ പോരാട്ടം എത്രത്തോളം പ്രധാനമാണെന്ന് വിവരിക്കുകയാണ് അദ്ദേഹം. അംബേദ്കറിന്റെ, ശ്രീനാരായണ ഗുരുവിന്റെ പോരാട്ടങ്ങളെക്കുറിച്ച്, നാമറിയാതെ നമ്മെ പിന്തുടരുന്ന ജാതിമേല്‍ക്കോയ്മാ സംവിധാനങ്ങളെക്കുറിച്ച്, ജാത്യാലുള്ള ജാതിബോധത്തെക്കുറിച്ച് കെ ഇ എന്നുമായി ധനശ്രീ ടെലഫോണിലൂടെ നടത്തിയ അഭിമുഖം.
സ്വത്വബോധവുമായി ബന്ധപ്പെട്ട് ഏറെ വിവാദം സൃഷ്ടിച്ചയാളാണ് കെഇഎന്‍ കുഞ്ഞഹമ്മദ്. സ്വത്വപരമായ സംഘര്‍ഷങ്ങള്‍ക്കും വാദങ്ങള്‍ക്കും ഇന്നും പ്രസക്തി ഉണ്ടെന്ന് കെഇഎന്‍ വിശ്വസിക്കുന്നുണ്ടോ ?
ഇന്ത്യന്‍ സാഹചര്യത്തില്‍ സ്വത്വപരമായ സംഘര്‍ഷം എന്നത് ഒരു ദീര്‍ഘകാല പ്രശ്നമായി തുടരുമെന്നാണ് ഞാന്‍ കരുതുന്നത്. ജാതിമേല്‍ക്കോയ്മയ്ക്ക് കീഴ്‌പ്പെട്ടു നില്‍ക്കുന്ന ഒരു സമൂഹത്തില്‍ അതിന്റെ ആധിപത്യത്തെയും വിധേയത്വത്തെയും സ്ഥാപനവത്കരിക്കാനും സാധൂകരിക്കാനും യുക്തിവത്ക്കരിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ ആകെ ശ്രേണിബദ്ധമായി തട്ടുകളായി വിഭജിക്കാനും ഇത്രമേല്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു മര്‍ദ്ദക സാമൂഹിക സംവിധാനമില്ല.
ജാതിമേല്‍ക്കോയ്മയാണ് ലോകത്തില്‍ ഏറ്റവും വലുതും ദീര്‍ഘകാലം നിലനിന്നതും, നിലനില്‍ക്കുന്നതുമായ മര്‍ദ്ദക സംവിധാനം. മര്‍ദ്ദക സംവിധാനത്തിന്റെ അകത്ത് സ്വത്വസംഘര്‍ഷം എന്നത് ജീവിതത്തിന്റെ ഒരു സാധാരണ അവസ്ഥയായിരിക്കും. കേവലമായ അര്‍ത്ഥത്തില്‍ അതൊരു സ്വത്വ സംഘര്‍ഷം അല്ല. ജാതിയെ കുറിച്ച് പറയുമ്പോള്‍, പുലയനും പറയനും കുറവനും എല്ലാവരും കൂടിച്ചേര്‍ന്നതാണ് ജാതി. പക്ഷേ ഈ പറയുന്ന പുലയനും പറയനും കുറവനും ഒക്കെ എങ്ങനെ ഉണ്ടായി.
അതിനുള്ള പ്രത്യയശാസ്ത്രം എവിടെ നിന്നുണ്ടായി. അതാണ് ഏറ്റവും പ്രധാനം. ജാതിമേല്‍ക്കോയ്മയാണ് മേല്‍ത്തട്ടും കീഴ്ത്തട്ടുമായി വിഭജിക്കപ്പെട്ട ജാതിസംവിധാനത്തിന്റെ അടിസ്ഥാനം. സവര്‍ണ്ണ ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മയുടെ സൃഷ്ടികളാണ് ഇതെന്ന് തിരിച്ചറിയണം. പക്ഷേ നമ്മുടെ നാട്ടില്‍ സ്വത്വം എന്ന് പറയുമ്പോള്‍ ജാതി, മതം, ലിംഗം ഭാഷ ഇങ്ങനെ വിപുലപ്പെടുത്തി കാണാനാണ് ശ്രമിക്കാറ്. സ്വത്വം എന്നതില്‍ ജാതി, മതം, ലിംഗം, ഭാഷ എന്നിവയൊക്കെ ഉള്‍പ്പെടും. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ മതം, ലിംഗം, ഭാഷ എന്നീ സ്വത്വങ്ങളെല്ലാം മേല്‍ക്കോയ്മ ജാതി സ്വത്വത്തിന് കീഴ്‌പ്പെട്ടാണ് നില്‍ക്കുന്നത്. ഇതാണ് മൗലികമായ സത്യം.
അതേസമയം സ്വത്വത്തെ കുറിച്ച് പറയുന്നവരെ ജാതിയുടെ അടിസ്ഥാനത്തിലോ ഭാഷയുടെ അടിസ്ഥാനത്തിലോ ലിംഗത്തിന്റെ അടിസ്ഥാനത്തിലോ മതത്തിന്റെ അടിസ്ഥാനത്തിലോ വേര്‍തിരിച്ച് കാണുന്നതില്‍ മാത്രമേ നാം വികസിച്ചിട്ടുള്ളൂ. അതിനപ്പുറത്ത് പക്ഷേ അതിനെയെല്ലാം നിയന്ത്രിക്കുന്നത് ഏതു പ്രത്യയ ശാസ്ത്രമാണ് എന്ന ചോദ്യമാണ് ഉയര്‍ന്നുവരേണ്ടത്. ആ ഒരു ചോദ്യം മാത്രമാണ് സ്വത്വ സംവാദത്തില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിച്ച് നിറുത്തുകയോ പലപ്പോഴും ഒളിപ്പിച്ചു കടത്തുകയോ ചെയ്യുന്നത്.
ജാതി വിരുദ്ധ പ്രസ്ഥാനം ഇന്ത്യയിലും കേരളത്തിലും ഒക്കെ ഉണ്ടായല്ലോ. കീഴാള നവോത്ഥാനം എന്നത് വലിയ ഒരുപരിധി വരെ ജാതി വിരുദ്ധ പ്രസ്ഥാനങ്ങള്‍ ആയിരുന്നു. പക്ഷേ മേലാള നവോത്ഥാനമെന്നത് ഒരുപരിധി വരെ സമുദായിക പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളാണ്.
പക്ഷേ പല സാംസ്‌കാരിക വിമര്‍ശകരും നിരുത്തരവാദപരമായി രാജാറാം മോഹന്‍ റോയ്, ശ്രീനാരായണ ഗുരു, ജ്യോതിബ ഫുലെ, അംബേദ്കര്‍ എന്നിങ്ങനെ ഒരേതട്ടിലാണ് വിലയിരുത്തുക. രാജാറാം മോഹന്‍ റോയ് അല്ല ജ്യോതിബ ഫുലെ. രാജാറാം മോഹന്‍ റോയ് സമുദായ പരിഷ്‌കരണത്തിന്റെ കാഴ്ചപ്പാടാണ് മുന്നോട്ടു വച്ചത്. ജ്യോതിബ ഫുലെ അടിച്ചമര്‍ത്തപ്പെട്ട അധ:സ്ഥിതരുടെ വിമോചനവും അതുവഴി മുഴുവന്‍ മനുഷ്യരുടെയും മോചനവുമാണ് മുന്നോട്ട് വച്ചത്.
അതുപോലെതന്നെ മന്നത്ത് പത്മനാഭനെയും ശ്രീനാരായണഗുരുവിനെയും ഒരുവിധത്തിലും തുലനം ചെയ്യാന്‍ പറ്റില്ല. ചട്ടമ്പിസ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും ഒരു വിധത്തിലും തുല്യപ്പെടുത്താനാകില്ല. അവര്‍ വ്യക്തിപരമായി സുഹൃത്തുക്കളാണോ, അവര്‍ വ്യക്തിപരമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ ഗുരുശിഷ്യ ബന്ധം ഉണ്ടോ ഇതൊക്കെയാണ് നാം ഉപരിപ്ലവമായി ചര്‍ച്ച ചെയ്യുന്നത്. അതല്ല അതിന്റെ മൗലിക ഉള്ളടക്കം.
വേദാധികാര നിരൂപണവും ക്രിസ്തുമത നിരൂപണവും ഒക്കെ എഴുതിയിട്ടുള്ള ചട്ടമ്പിസ്വാമികള്‍ മഹാപണ്ഡിതനാണ് തര്‍ക്കമില്ല. അദ്ദേഹം നായര്‍ സമൂഹം അനുഭവിക്കുന്ന ശൂദ്ര പദവിക്കെതിരെ ബ്രാഹ്മണ സമുദായത്തോട് ആശയപരമായി കലഹിച്ച ആളുമാണ്. എന്നാല്‍ ശ്രീനാരായണഗുരു അങ്ങനെയല്ല.
അദ്ദേഹം ബദല്‍ ആത്മീയത മുന്നോട്ടുവെച്ചിട്ടുള്ള ആളാണ്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചനത്തിനായി ഭൗതിക കാഴ്ചപ്പാടുകളും അതോടൊപ്പം തന്നെ ബദല്‍ ആത്മീയതയും മുന്നോട്ടുവെച്ചിട്ടുണ്ട്. അസമമായതിനെ സമമാക്കുന്ന ജാലവിദ്യ ജാതിമേല്‍ക്കോയ്മയുടെ ഏറ്റവും വലിയ കരുത്താണ്. അത് രാഷ്ട്രീയത്തില്‍ കാണാം, തത്വചിന്തയില്‍ കാണാം. എല്ലാറ്റിലും കാണാം.
ജാതിക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിട്ട് ഒരു കാലത്ത് അധഃസ്ഥിതരായവരുടെ പേരിന്റെ കൂടെ വര്‍മ്മ , തിരുമേനി, തമ്പുരാന്‍ എന്നൊക്കെ ചേര്‍ക്കുന്ന വലിയ പ്രക്ഷോഭം കേരളത്തില്‍ നടന്നിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥനൊക്കെയാണ് അത്തരം ബദല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
അക്കാലത്ത് വേറൊരു രീതിയിലുള്ള ഒരു സമരവും നടന്നിരുന്നു. മേല്‍ജാതിക്കാരുടെ ജാതിപ്പേരിന് മാത്രമായി ഒരു മഹത്വവും ഇല്ല എന്ന് കാണിക്കാന്‍ വേലുക്കുട്ടി അരയനെ പോലുള്ളവര്‍ അവരുടെ ജാതിപ്പേരും കൂടെച്ചേര്‍ത്തു. സ്വന്തം ജാതിപ്പേര് ചേര്‍ത്തുകൊണ്ടും മേല്‍ജാതിക്കാര്‍ എന്ന് കരുതിയിരുന്നവരുടെ ജാതിപ്പേര് സ്വീകരിച്ചു കൊണ്ടും രണ്ട് രീതിയിലുള്ള സമരം.
ഇക്കാലത്ത് ഞാന്‍ മുന്നോട്ട് വയ്ക്കാനുദ്ദേശിക്കുന്ന കാര്യം ഇതാണ്. ജാതിപ്പേരില്‍ വലിയ കാര്യമില്ല എന്ന് പറയുന്ന സവര്‍ണ്ണരായി ജനിച്ചെങ്കിലും സവര്‍ണ്ണ പ്രത്യയശാസ്ത്രത്തോട് സമരം ചെയ്യുന്ന മനുഷ്യര്‍ തങ്ങളുടെ പേരിലെ നായര്‍ എടുത്തുമാറ്റി നമ്പൂതിരി എടുത്തുമാറ്റി പറയനും കുറവനും കൊശവനും എന്ന് പ്രതീകമായെങ്കിലും പേരിനൊപ്പം എടുത്ത് ചേര്‍ക്കുക ?. എ റിവേഴ്സ് അജിറ്റേഷന്‍. ആനന്ദതീര്‍ത്ഥന്‍ ഒക്കെ തുടക്കമിട്ടതില്‍ നിന്നും വിഭിന്നമായ ഒരു പേര് ചേര്‍ക്കല്‍.
2020 ല്‍ എത്തുമ്പോള്‍ ഉദ്ദേശിക്കുന്ന സമരം, ഉയര്‍ന്ന ജാതി പേരുള്ളവര്‍ ജാതിമേല്‍ക്കോയ്മയോട് വിരോധം ഉണ്ടെങ്കില്‍ മാത്രം അവര്‍ ചെയ്യേണ്ടത് പ്രതീകാത്മകമായി അധ:സ്ഥിത ജാതികളുടെ പേരുകള്‍ ചെറുമനെന്നോ കുറവനെന്നോ ഒക്കെ ചേര്‍ക്കുകയാണ്. അങ്ങനെ ചേര്‍ക്കാന്‍ അവര്‍ക്ക് കഴിയുമോ ?. സെക്രട്ടേറിയറ്റിന്റെ അവിടെയൊക്കെ പല ബോര്‍ഡുകളും ഉണ്ട്. പണിക്കര്‍ എന്നും വാര്യര്‍ എന്നുമൊക്കെ പറഞ്ഞ്. അതൊക്കെ അവര്‍ കുറവന്‍ എന്നോ കുശവന്‍ എന്നോ ഒക്കെ ആക്കുക താല്‍ക്കാലികമായിട്ട് മതി. ഒരാഴ്ച മതി അതിന് ധൈര്യമുണ്ടോ എന്നതാണ് ചോദ്യം ?.
സവര്‍ണതയുടെ ചിഹ്നങ്ങള്‍ മേല്‍ക്കോയ്മയെ സൂചിപ്പിക്കുന്നത് ആണെന്നും അതുപേക്ഷിക്കപ്പെടേണ്ടതാണെന്നും കരുതുന്നവരോട് മാത്രമാണ് ഈ ചോദ്യം. ഒരു ജാതി പേരിലെന്തിരിക്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയാല്‍ പോരെ എന്നു ചോദിക്കുന്നവരാണ് ഉത്തരം പറയേണ്ടത്. ഇത് പ്രാധാന്യം ഉള്ളതല്ല ഇത് യാദൃശ്ചികമായി പേരിനൊപ്പം വന്നു കൂടിയതാണ് എന്നവര്‍ സത്യസന്ധമായി വിചാരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അതില്‍ വലിയ പ്രയാസം ഇല്ലല്ലോ. ഈ മേല്‍ക്കോയ്മ ഇത്രയും കാലം അടയാളപ്പെടുത്തിയതിലുള്ള പ്രായശ്ചിത്തം ആയിട്ട് കരുതിയാല്‍ മതി.
ജാതിവാല്‍ മുറിക്കാനൊക്കെ പലരും ഇന്ന് മുന്നോട്ടു വരുന്നുണ്ട്. 2016 ലൊക്കെ ഒരു സംഘടനാ നേതാവ് ജാതിവാല്‍ മുറിച്ചത് വലിയ വാര്‍ത്തയുമായിരുന്നു. 2020ലും കാലം മാറിയിട്ടും എത്രത്തോളം നമ്മുടെ ചിന്താ പരിസരം മാറിയിട്ടുണ്ട്. സത്യത്തില്‍ സ്വത്വത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഞാന്‍ വിവരിക്കുന്നത് ഇരകളുടെ മാനിഫെസ്റ്റോ എന്ന പുസ്തകത്തിലല്ല. 1990 കളില്‍ തന്നെ കറുപ്പിനെ കുറിച്ച് പറയുന്നുണ്ട്. 92 ലെ ചിന്ത ജന്മദിന പതിപ്പിലാണ് കാക്ക കുളിച്ചാല്‍ കൊക്കാകുമോ എന്ന ലേഖനം അച്ചടിച്ചു വരുന്നത്.
അതിന്റെ തുടര്‍ച്ചയിലാണ് 99 ല്‍ ചിന്ത പബ്ലിഷേഴ്സ് തന്നെ എന്റെ കറുപ്പിന്റെ സൗന്ദര്യശാസ്ത്രം പുറത്തിറക്കുന്നത്. അതില്‍ കറുപ്പിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ട് . നമ്മള്‍ 2020ല്‍ ആണല്ലോ സംസാരിക്കുന്നത്. ഇപ്പോള്‍ പോലും അവസ്ഥയെന്താണ്.
ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായിട്ടുണ്ടാകാം. കീഴാള ആശയങ്ങള്‍ സജീവമാകുന്നതിന് അനുസരിച്ച് എത്ര ചര്‍ച്ച ചെയ്യുന്നില്ല എന്ന് പറഞ്ഞാലും നമുക്ക് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരും. ആ അര്‍ത്ഥത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഈ ആശയം സമൂഹത്തില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ പല അധിക്ഷേപങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുണ്ട്.
അന്ന് ചിന്തയാണ് അത് പബ്ലിഷ് ചെയ്തതെങ്കിലും അതിന്റെ പ്രകാശനം പോലും നടന്നില്ല. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടെക്സ്റ്റ് ബുക്ക് ഒക്കെയാക്കി. പിന്നെ നിറത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്വത്വ ഭീതി വെളുത്തവരും കറുത്തവരും തമ്മിലുള്ള ഐക്യപ്പെടലിന് തടസമുണ്ടാക്കുമോയെന്നുള്ള ആത്മാര്‍ത്ഥമായ ഉത്കണ്ഠയും ഉയര്‍ന്നുവന്നു. ഇക്കാര്യങ്ങളൊക്കെ സൂക്ഷ്മമായ അര്‍ത്ഥത്തില്‍ കാര്യങ്ങളെ വിലയിരുത്തുന്നതിലുള്ള പോരായ്മ കൊണ്ടുണ്ടായതുമാണ്.
1992 ഡിസംബര്‍ ആറിന് ശേഷമുള്ള ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തി ഞാനും കെ.എസ് ഹരിഹരനും കൂടി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം എന്ന ഒരു പുസ്തകമെഴുതി.
ആ സമയത്തും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അന്ന് ജനാധിപത്യ വാദികളില്‍ വലിയൊരു വിഭാഗം ചോദിച്ചത് ആര്‍.എസ്.എസിനെ കുറിച്ച് ഇത്രയൊക്കെ പറയണോ എന്നാണ്. ആര്‍.എസ്.എസിനെ വിമര്‍ശിക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് തര്‍ക്കമില്ല. തീവ്രമായിട്ട് നമുക്കതിനെ എതിര്‍ക്കണോ എന്നതായിരുന്നു ചോദ്യം.
സ്വത്വ സംഘര്‍ഷത്തെക്കുറിച്ച് എഴുതുകയും പറയുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ ജീവിതത്തെ പലപ്പോഴും അടയാളപ്പെടുത്തുന്നത് ഇരകളുടെ മാനിഫെസ്റ്റോ മുതലാണ്. അത് ശരിയല്ല എന്നാണ് ഞാന്‍ പറയുന്നത്. പക്ഷേ ഇരകളുടെ മാനിഫെസ്റ്റോയില്‍ പുതിയൊരു ആശയം ഉയര്‍ന്ന് വന്നിട്ടുണ്ട്. കറുപ്പിനെ കുറിച്ച് പറയുമ്പോള്‍ അതില്‍ മതമില്ല. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം എഴുതുമ്പോള്‍ ആര്‍.എസ്.എസും അതിന്റെ ഇരകളും എന്ന അര്‍ത്ഥത്തിലാണ് സംവാദം മുന്നോട്ട് വച്ചത്. എന്നാല്‍ ഇരകളുടെ മാനിഫെസ്റ്റോ എന്നത് ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ശേഷം ഉണ്ടാവുന്നതാണ്. സ്വാഭാവികമായും ഗുജറാത്തില്‍ കൂട്ടക്കൊലയ്ക്ക് വിധേയമായത് മുസ്ലിങ്ങളാണ്.
അതിലൂടെ ഒരു ആശയമാണ് ഞാന്‍ മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചത്. അതിപ്പോള്‍ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇസ്ലാം മതം എന്നത് ഒരു മര്‍ദ്ദിത മതമായി മാറിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ അന്നത്തേക്കാള്‍ ഞാന്‍ ഇന്ന് ഏറെ മുന്നോട്ടുപോയി. അതെന്താണെന്ന് വച്ചാല്‍ ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവും ഇന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ മര്‍ദ്ദിത മതങ്ങളാണ്. അധ:സ്ഥിത ജാതി ഇന്ന് മര്‍ദ്ദിത ജാതിയാണ്. അതുകൊണ്ട് ജാതിയോടുള്ള പൊതു സമീപനമല്ല മര്‍ദ്ദിത ജാതിയോട് പുലര്‍ത്തേണ്ടത്. മതത്തോടുള്ള പൊതുസമീപനമല്ല മര്‍ദ്ദിത മതത്തോട് പുലര്‍ത്തേണ്ടത്.
മാര്‍ക്സിസ്റ്റുകളെ കുറിച്ചാണ് ഞാനീ പറയുന്നത്. സൈദ്ധാന്തികമായും പ്രായോഗികമായും മതത്തോട് സാമാന്യമായി പുലര്‍ത്തുന്ന ഒരു സമീപനമുണ്ട്. ആ ഇരു സമീപനങ്ങളും സമൂഹത്തില്‍ ഒരു മതം മര്‍ദ്ദിത മതമായി തീര്‍ന്നാല്‍ പുലര്‍ത്താന്‍ പാടില്ല. മര്‍ദ്ദിത മതത്തോടൊപ്പം നില്‍ക്കാതെ നിങ്ങള്‍ക്ക് മാര്‍ക്സിസ്റ്റ് ആവാന്‍ കഴിയില്ല.
മര്‍ദ്ദിത മതത്തില്‍ ചിലപ്പോള്‍ മര്‍ദ്ദകരുമുണ്ടാവും. ആ മതത്തിനകത്ത് ചിലപ്പോള്‍ വലിയ മൂലധനശക്തികളുമുണ്ടാവും. എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ടാകും. മതമെന്ന നിലയില്‍ മുഴുവനായെടുത്താല്‍ ചിലപ്പോള്‍ അത് മര്‍ദ്ദിത മതം ആകണമെന്നില്ല. പക്ഷേ ഇന്നത്തെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അത് മര്‍ദ്ദിത മതം ആയിരിക്കുന്നു.
ഉദാഹരണം നമുക്ക് ഗുജറാത്തില്‍ തന്നെ കാണാം. ഗുജറാത്തില്‍ കൊല്ലപ്പെട്ടത് പ്രത്യേക പാര്‍ട്ടിയില്‍പെട്ട മുസ്ലിങ്ങളല്ല. മതവിശ്വാസികള്‍ മാത്രമായ മുസ്ലിങ്ങളല്ല. ദരിദ്രരായ മുസ്ലിംകള്‍ മാത്രമല്ല. നമ്മള്‍ പറയാറില്ലേ വര്‍ഗീയകലാപങ്ങളില്‍ സാധാരണ ഹിന്ദുവായാലും മുസ്ലിമായാലും ദരിദ്രരാണ് കൊല്ലപ്പെടുക എന്ന്. അതൊന്നുമല്ല ഗുജറാത്തില്‍ ഐ.ജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിയുടെ പദവിയുള്ള ഉദ്യോഗസ്ഥന്‍, വ്യവസായികള്‍, സമ്പന്നര്‍ എന്നിവരെല്ലാം
ആക്രമിക്കപ്പെട്ടത് മുസ്ലീങ്ങള്‍ ആയതു കൊണ്ട് മാത്രമാണ്.
കോണ്‍ഗ്രസിന്റെ ഇഹ്സാന്‍ ജഫ്രി എം.പി വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. അവരും കൊല്ലപ്പെട്ടില്ലേ. നിങ്ങളുടെ മുസ്ലിം സ്വത്വം കൊണ്ടുമാത്രം നിങ്ങള്‍ കൊല്ലപ്പെടുന്നു. ഒരു മുസ്ലിംപേര് ആക്രമിക്കപ്പെടാന്‍ കൊല ചെയ്യപ്പെടാന്‍ നിമിത്തമാകുന്ന തരത്തിലേക്ക് ഒരു രാഷ്ട്രം ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. സൂക്ഷ്മമായ അര്‍ത്ഥം ഉണ്ട് അതിന്. നമ്മള്‍ നേരത്തെ പറഞ്ഞ മര്‍ദ്ദകനും മര്‍ദ്ദിതനും എന്ന അര്‍ത്ഥം അല്ല അതിന്.
ഇന്ത്യയില്‍ സ്വാതന്ത്ര്യം ലഭിച്ച അന്നുമുതല്‍ ഇസ്ളാം മര്‍ദ്ദിത മതമായി മാറി എന്നുമല്ല വാദം. ഫാസിസത്തിനെതിരെ ഇരകളുടെ ഐക്യം മുന്നോട്ടുവച്ചതിന്റെ പേരിലും ഇരകളുടെ മാനിഫെസ്റ്റോയുടെ പേരിലുമാണ് ഞാന്‍ വിമര്‍ശന വിധേയനായത്. അതാണ് സ്വത്വരാഷ്ട്രീയം എന്ന് വിളിച്ചത്.
സ്വത്വം എന്നതില്‍ ജാതി, മതം, ഭാഷ, നിറം, ലിംഗം എന്നിവയെല്ലാം പെടും. അന്ന് നിറങ്ങളുടെ സ്വത്വത്തിലൂടെ ഞാന്‍ ആ ആശയം മുന്നോട്ടു വച്ചു. അന്നുതന്നെ പ്രശ്നമുണ്ട്. ഇരകളുടെ മാനിഫെസ്റ്റോ വന്നപ്പോള്‍ അത് രൂക്ഷമായി. പക്ഷേ ഒന്നാലോചിച്ചാല്‍ മതം ഒരു ഐഡന്റിറ്റി തന്നെയാണ്. നമ്മുടെ ബയോഡേറ്റ എടുത്താല്‍, രാഷ്ട്ര വ്യവഹാരം എടുത്താല്‍ നിങ്ങളുടെ ഭാഷ എന്താണ്, നിങ്ങളുടെ സെക്സ് എന്താണ്, നിങ്ങളുടെ മതം എന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്.
ഞാന്‍ മത രഹിതനായിട്ടാണ് വളര്‍ന്നത്. തത്വത്തിലും പ്രയോഗത്തിലുമതെ. പക്ഷേ എന്റെ സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ മതമുണ്ട്. പക്ഷേ ഞങ്ങളുടെ മകനെ ചേര്‍ത്തതില്‍ മതമില്ല. ഈ സ്വത്വ രാഷ്ട്രീയം എന്നത് ഒരു സങ്കീര്‍ണമായ പ്രശ്നമാണ്. അത് കൃത്രിമമായി മൂടിവയ്ക്കാന്‍ പറ്റുന്ന ഒന്നല്ല.
നിങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാജ്യത്തിലേ ജനിക്കാനാകൂ. ഒരു ഭാഷയിലേ പിറന്നു വീഴാനാകൂ. മലയാളി എന്നത് ഒരു ഐഡന്റിറ്റി അല്ലേ. അപ്പോള്‍ ഒരു ഐഡന്റിറ്റി മറ്റൊരു ഐഡന്റിറ്റികള്‍ക്ക് എതിരല്ല. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ഒരാളുടെ നിരവധി ഐഡന്റിറ്റികള്‍ ഉണ്ട്. ഭര്‍ത്താവ് ആയിരിക്കാം, അച്ഛന്‍ ആയിരിക്കാം പൊതുപ്രവര്‍ത്തകന്‍ ആയിരിക്കാം പലതരം ഐഡന്റിറ്റികള്‍.
പക്ഷേ ഈ ഐഡന്റിറ്റികളില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍, നേതൃത്വം വഹിക്കുന്ന ജീവിതം നിര്‍ണയിക്കുന്ന ഒരു ഐഡന്റിറ്റി അത് അടയാളപ്പെടുത്തിയിട്ടില്ല. അത് ജാതിമേല്‍ക്കോയ്മയാണ്. അതാണ് എന്റെ പ്രധാനവാദം.
മലയാളിയായ നിങ്ങള്‍ക്ക് തമിഴ് പഠിച്ചിട്ട് തമിഴനാകാം. മത ഐഡന്റിറ്റി മാറാം. മതരഹിതനാകാം. അപൂര്‍വം സന്ദര്‍ഭങ്ങളിലെ ങ്കിലും ലോട്ടറിയോ മറ്റോ അടിച്ചാല്‍ വര്‍ഗ്ഗവും മാറാനായേക്കും. പക്ഷേ ഒരിക്കല്‍ പോലും നിങ്ങളുടെ ജാതി നിങ്ങളെ വിടില്ല എന്നാണ് ഞാന്‍ പറയുന്നത്.
മത രഹിതരിൽ യുക്തിവാദികളിൽ ചിലപ്പോൾ മതം ഉണ്ടാകില്ല പക്ഷേ ജാതി പ്രവർത്തിക്കുന്നുണ്ടാവും. എന്നിൽ പ്രവർത്തിച്ച ജാതി തിരിച്ചറിഞ്ഞ ഒരു സംഭവം ഞാൻ പറയാം. ഞാൻ മത രഹിതനാണ് ജാതിരഹിതനാണ്.
പക്ഷേ ജാതി എന്നിൽ എങ്ങനെ പ്രവർത്തിച്ചു. പിൽക്കാലത്ത് ഞാൻ അത് തിരിച്ചറിയുകയായിരുന്നു. ഫാറൂഖ് കോളേജിൽ അദ്ധ്യാപകൻ ആയിരുന്നപ്പോൾ മലയാളം ബി.എ ക്ലാസിൽ എന്റെ ആത്മാർത്ഥ ആഗ്രഹം എല്ലാ കുട്ടികളും നന്നായിട്ട് പഠിക്കണം എന്നതായിരുന്നു. വളരെ പ്രയാസപ്പെട്ട് വരുന്ന കുട്ടികൾ അവരെ നന്നായി നോക്കി നന്നായി പഠിപ്പിക്കണം ഇതായിരുന്നു എന്റെ ചിന്ത. ദളിത് കുട്ടികളെ അവരുടെ നിറം കൊണ്ടും നിസ്സഹായത കൊണ്ടും പെട്ടെന്ന് തിരിച്ചറിയാനാകും.
അവർ ക്ലാസ്സിൽ ചെറിയ ഉഴപ്പ് കാട്ടിയാൽ ഞാൻ അവരെ ഫയർ ചെയ്യും. നിങ്ങൾ ഇങ്ങനെ ഉഴപ്പാൻ പാടില്ല എന്ന് പറയും. അതുപോലെ ലക്ഷദ്വീപിൽ നിന്നും വരുന്ന കുട്ടികൾ ഉണ്ട് . ഞാൻ ക്ലാസ്സ് എടുത്തു കഴിഞ്ഞാൽ ലക്ഷദ്വീപിൽ നിന്നുള്ള ഒരാളോടാണ് ചോദ്യം ചോദിക്കുക. എന്നിട്ട് ഞാൻ പറയും നിങ്ങൾക്ക് മനസിലായി കഴിഞ്ഞാൽ പിന്നെ ഈ ക്ലാസിലെ എല്ലാവർക്കും മനസ്സിലാകുമെന്ന്. ഞാൻ അടിവരയിട്ടു പറയുന്നു സത്യസന്ധമായും ഞാൻ അവർ നന്നായി പഠിക്കാനാണ് അങ്ങനെയൊക്കെ ചെയ്തിരുന്നത്.
പിന്നീട് ഞാൻ ആലോചിച്ചപ്പോൾ അതുതന്നെയാണ് ജാതിമേൽക്കോയ്മ എന്ന് പറയുന്നത്. ജാതി ചോദിക്കേണ്ട അവരെ ഉപദ്രവിക്കേണ്ട ഒന്നും ചെയ്യേണ്ട. അതിൽ ഒരുതരം രക്ഷാകർതൃത്വത്തിന്റെ പ്രച്ഛന്ന രൂപം അടങ്ങിയിട്ടുണ്ട്. അതുപോലെ വേറെ ഒരു അനുഭവമുണ്ട്.
ശരിയത്ത് വിവാദം കത്തിപ്പടരുന്ന കാലമാണത്. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിൽ പ്രസംഗിക്കുന്ന സമയം. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണ്. അവിടെ ശരീഅത്ത് വിവാദം സംസാരിക്കുമ്പോൾ കുറച്ച് ആളുകൾ വിരോധമുള്ള ആൾക്കാരാണ്. അപ്പോൾ ഞാൻ പ്രസംഗത്തിനിടയിൽ പറഞ്ഞു ഇത് ഇന്ത്യൻ യൂണിയന് കീഴിലുള്ള കുറ്റിക്കാട്ടൂർ ആണ് അല്ലാതെ പാകിസ്ഥാനിലെ റാവൽപിണ്ടി അല്ല. അതിന് വലിയ കയ്യടി ആയിരുന്നു. ഞാൻ കോരിത്തരിച്ചു.
പക്ഷേ , വർഷങ്ങൾക്ക് ശേഷം എന്നിലെ ജനാധിപത്യ കാഴ്ചപ്പാട് വളർന്നുവന്നപ്പോൾ ഞാൻ സ്വയം വിമർശനപരമായി ചിന്തിച്ചപ്പോൾ ഇതുതന്നെയല്ലേ സംഘപരിവാറും പറയുന്നത്. ഇത് തന്നെയല്ലേ ജാതിമേൽക്കോയ്മയും പറയുന്നത്. ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശം എങ്ങനെയാണ് റാവൽപിണ്ടി ആവുക. ഞാൻ പറഞ്ഞതിന് ചുരുക്കം ഇത്രയേ ഉള്ളൂ. നമുക്ക് രാഷ്ട്രീയപ്പാർട്ടി മാറാൻ പറ്റും. മതം മാറാൻ പറ്റും. പക്ഷേ ജാതി മാറാൻ പറ്റില്ല. ഇന്ന് ജാതി നമ്മുടെ മേൽക്കോയ്മ സംസ്‌കാരത്തിന്റെ പൊതു അന്തരീക്ഷം ആയി മാറിക്കഴിഞ്ഞിട്ടുണ്ട്.
സ്വത്വരാഷ്ട്രീയം അവതരിപ്പിക്കുമ്പോൾ അത് വലിയ വിവാദമായിരുന്നു. പക്ഷേ ഇന്ന് കാലം വല്ലാതെ മാറി. പലപ്പോഴും വർഗ്ഗ രാഷ്ട്രീയത്തോട് ഒപ്പം അംബേദ്കറിസ്റ്റുകളെയും കൂടെചേർക്കാമെന്ന രീതിയിലേക്ക് ഇടത് രാഷ്ട്രീയ അന്തരീക്ഷവും മാറി. പ്രത്യേകിച്ച് സംഘപരിവാർ രാഷ്ട്രീയത്തിന് തുടർച്ചയായി ഭരണം കിട്ടുന്ന ഇക്കാലത്ത്. രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ ഈ മാറ്റത്തെ എങ്ങനെയാണ് കെ.ഇ. എൻ വിലയിരുത്തുന്നത് ?
സ്വത്വവും പ്രധാനമാണെന്ന് കാഴ്ചപ്പാട് പുലർത്തുന്നവരെ എത്ര എതിർത്താലും വിമർശിച്ചാലും വസ്തുതകൾ വസ്തുതകൾ അല്ലാതെ ആവില്ലല്ലോ. യൂറോപ്പിൽ അടിമയും ഉടമയും ജന്മിയും കുടിയാനും തൊഴിലാളിയും മുതലാളിയും ആയിട്ടുള്ള വർഗ്ഗ വിഭജനമാണ് ഉണ്ടായിരുന്നത്. ഇവിടെ ദ്വിജരും ശൂദ്രരും ആയിട്ടാണ് വർഗ്ഗവിഭജനം.
ഇത് ഇ.എം.എസ് തന്നെ എഴുതിയതാണ്. ജാതി ശ്രേണിക്ക് അകത്താണ് വർഗ്ഗ വിഭജനം നടക്കുന്നതെന്ന് യെച്ചൂരിയും പറഞ്ഞിട്ടുണ്ട്. ഒരു മുസ്ലിം തൊഴിലാളി, തൊഴിലാളി എന്ന നിലയിലും മുസ്ലീം എന്ന നിലയിലും ഇരട്ട ചൂഷണം അനുഭവിക്കുന്നുണ്ടെന്ന് ബി.ടി രണദിവെയും പറഞ്ഞിരുന്നു. അവർ സാമൂഹിക വിവേചനവും സാമ്പത്തിക ചൂഷണവും അനുഭവിക്കുന്നുണ്ട്.
ഇവിടുത്തെ കായിക അദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവരിൽ ആരാണ് ഭൂരിപക്ഷം. യൂറോപ്യൻ പശ്ചാത്തലത്തിൽ ഏറ്റവും അടിത്തട്ടിലുള്ളവർ തൊഴിൽ എടുക്കുന്നവരാണ്. ഇന്ത്യൻ സാഹചര്യത്തിൽ ഈ തൊഴിലെടുക്കുന്നതും സാമൂഹിക വിവേചനം അനുഭവിക്കുന്നതും ഇരട്ട ചൂഷണം നേരിടുന്ന കീഴാള സമൂഹങ്ങളാണ്.
സ്ത്രീകൾ ആണെങ്കിൽ അത് മൂന്നുതരം ചൂഷണം ആയിരിക്കും. ട്രാൻസ്‌ജെൻഡർ ആണെങ്കിൽ അത് നാലുതരം ചൂഷണമായിരിക്കും. എനിക്കു മുന്നേ പറഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികരുടെ കാഴ്ചപ്പാടുകൾ അത് സമകാലികമായ രീതിയിൽ ഞാൻ എന്റേതായ രീതിയിൽ അവതരിപ്പിക്കുകയാണ് ചെയ്തത്. ആ സമയത്ത് ഒരു വലിയ ഭാഗത്തുനിന്ന് എതിർപ്പുണ്ടായി.
പക്ഷേ എന്റെ ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ചിന്ത തന്നെയാണ്.
ഇരകളുടെ മാനിഫെസ്റ്റോ അത്രയ്ക്ക് വിവാദമായി. ആദ്യം പ്രസിദ്ധീകരിച്ചത് പ്രോഗ്രസ് പബ്ലിഷേഴ്‌സ് ആണ്. അപ്പോഴാണ് വിവാദം വരുന്നത്. പിന്നീട് പുതിയ പതിപ്പുകൾ ഇറക്കുന്നത് ചിന്തയാണ്. ഇപ്പോൾ ആറാമത്തെ പതിപ്പാണ് രംഗത്തുള്ളത്. പിന്നെ ഇതേത്തുടർന്നാണ് സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലെ പല മാറ്റങ്ങളും ഉൾക്കൊണ്ട് കീഴാള പക്ഷത്തുനിന്നുള്ള വിമർശനങ്ങളും പാർട്ടിക്കകത്തെ സംവാദങ്ങളുടെയും ഭാഗമായി പട്ടികജാതിക്ഷേമസമിതി ഒക്കെ ഉണ്ടാക്കുന്നത്.
ആദിവാസി ക്ഷേമസമിതി ഉണ്ടാകുന്നത്.
ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ ട്രസ്റ്റുകൾ ഒക്കെ രൂപീകരിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി മാത്രമാണല്ലോ മുഖ്യധാര എന്ന പ്രസിദ്ധീകരണം ഉണ്ടാകുന്നത്. എനിക്കെതിരെ എതിർപ്പുണ്ടായി എന്നുള്ളത് ശരി. ഞാൻ അവതരിപ്പിച്ച ആശയങ്ങൾ തന്നെയാണ് പിന്നീട് പ്രയോഗത്തിൽ വന്നത്. പ്രയോഗത്തിൽ വന്നെങ്കിലും സൂക്ഷ്മതലത്തിൽ ഇക്കാര്യങ്ങളൊക്കെ ഉൾക്കൊള്ളുന്നതിൽ ജാതിമേൽക്കോയ്മയുടെ അപാരമായ ശക്തികൊണ്ടും അതിനെതിരെയുള്ള വിമർശനങ്ങൾ സൂക്ഷ്മമായി സ്വാംശീകരിക്കുന്നതിലുള്ള കഴിവ്‌കേട് കൊണ്ടുംവേണ്ടത്ര പ്രതിരോധം ഉയർന്ന് വരുന്നില്ല എന്നതും യാഥാർത്ഥ്യമാണ്.
ആർ. എൽ.വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട വിമർശനങ്ങളെ ഈ അന്തരീക്ഷത്തിൽ നിന്ന് വേണമോ കാണാൻ ?
കേരളത്തിലെ ജനാധിപത്യ സമൂഹം ആർ.എൽ. വി രാമകൃഷ്ണൻ ഒപ്പം തന്നെ നിൽക്കണം. അതിൽ ഒരു സംശയവുമില്ല. ആർ.എൽ.വി രാമകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞു രാമകൃഷ്ണൻ ഒരു പറയൻ എന്ന് സ്വയം വിളിക്കാൻ തയ്യാറാണെന്ന്. ഇവിടെയാണ് ഞാൻ മുന്നേ പറഞ്ഞ കാര്യം വീണ്ടും ആവർത്തിക്കുന്നത്. എന്തുകൊണ്ടാണ് ഉയർന്ന ജാതി ഉള്ള ആളുകൾ ഇത്തരം വാലുകൾ അവരുടെ കൂടെ കൂടാത്തത്.
പിന്നെ നമ്മളുടെ ഒരു അനുഭവ ലോകം എന്ന് പറയുന്നത്. നമുക്ക് കേട്ടറിവുണ്ട് , കണ്ടറിവുണ്ട്, വായിച്ചറിവുണ്ട്, ഊഹിച്ചറിവുണ്ട്, കൊണ്ടറിവുണ്ട്. അതിൽ ഏറ്റവും തീക്ഷ്ണമായ വൈകാരികമായ അറിവ് കൊണ്ടറിവാണ്. മറ്റു നാല് അറിവിനേക്കാൾ തീവ്രത കൊണ്ടറിവിനായിരിക്കും. പ്രത്യേകിച്ചും ആധിപത്യ വിധേയത്വ ശൃംഖലകൾക്കകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ സംബന്ധിച്ച് കൊണ്ടറിവായിരിക്കും ഏറ്റവും വൈകാരികം.
എന്നാൽ സമന്മാർക്കിടയിൽ ഇത്തരം അറിവുകളുടെ ഇത്ര തീവ്രമായ ഒരു വിഭജനം നിലനിൽക്കുകയില്ല. നമ്മൾ ഒരു അഭിപ്രായപ്രകടനം നടത്തുമ്പോൾ, ഒരു കലാകാരന് ഒരു അവസരത്തിന് ആയിട്ട് ഒരു സ്ഥാപനത്തെ സമീപിക്കുന്ന ആളെന്ന നിലയിൽ അത് അയാളുടെ അവകാശമാണെന്നാണ് ഞാൻ പറയുക.
പ്രസ്ഥാനത്തിന്റെ അധികാരികളുടെ പെരുമാറ്റം, സാധാരണഗതിയിൽ അവരെ സംബന്ധിച്ചിടത്തോളം സാധുവായിരിക്കാം.
പക്ഷേ അവിടെ എത്തപ്പെട്ട കലാകാരനെ സംബന്ധിച്ചിടത്തോളം അത് എങ്ങനെ അനുഭവപ്പെടുന്നു എന്നുള്ളത് പ്രധാനമാണ്. ആ അനുഭവത്തിന് ഒപ്പമാണ് ജനാധിപത്യം നിൽക്കേണ്ടത്. ഒരു പുരുഷന്റെ നോട്ടം എങ്ങനെ അനുഭവപ്പെടുന്നു എന്ന് ആത്യന്തികമായി പറയേണ്ടത് ഒരു സ്ത്രീ തന്നെയാണ്. കാരണം അവർക്ക് ആണല്ലോ അത് കൊള്ളുന്നത്.
കറുത്ത ആളെക്കുറിച്ച് വെളുത്ത ആൾ നടത്തുന്ന കമന്റ് വെളുത്ത ആളുടെ തലത്തിൽ നിന്ന്‌നോക്കിയാൽ കുഴപ്പം ഉണ്ടാവില്ല. പക്ഷേ കറുത്ത ആൾക്ക് അതുണ്ടാക്കുന്നത് മാനസിക സംഘർഷവും വേദനയും ആണെങ്കിൽ ആ കറുത്ത ആളുടെ മാനസിക നിലയാണ് മാനദണ്ഡമാക്കേണ്ടത്.
ഈ ഒരു സാഹചര്യത്തിലാണ് ആർ.എൽ.വി രാമകൃഷ്ണനെ നാം പിന്തുണയ്‌ക്കേണ്ടത്. രോഹിത് വെമുലയെക്കുറിച്ച് പറയാറുണ്ട്. രോഹിത് വെമുല ഒരു ഇന്ത്യൻ ഐകൺ ആയല്ലോ. ആർ.എൽ.വി രാമകൃഷ്ണൻ സത്യത്തിൽ അപകടപ്പെട്ടുപോയിരുന്നെങ്കിലോ. ആ ഭാരം മതനിരപേക്ഷ ജനാധിപത്യകേരളം എങ്ങനെ താങ്ങും. ആർ.എൽ.വി രാമകൃഷ്ണനെ പോലെയുള്ള ഒരു വലിയ കലാപ്രതിഭ വെറുതെ ഗുളിക കഴിച്ച് ജീവിക്കേണ്ട എന്ന് തീരുമാനിക്കുമോ. അയാളുടെ ഉള്ളിൽ അത്രയും കൊണ്ടിട്ടുണ്ട്. ആ കൊണ്ടറിവാണ് മാനദണ്ഡം.
ഇടതുപക്ഷത്തെ ക്കുറിച്ച് പ്രധാനമായും ഉയർന്നുവരുന്ന ഒരു വിമർശനം അവർക്ക് ജാതിയെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യാൻ കഴിയുന്നില്ല എന്നതാണ്. എന്നാൽ പി.കെ.എസും ആദിവാസിക്ഷേമ സമിതിയും പോലുള്ള സംഘടനകൾ ചൂണ്ടി പാർട്ടി ജാതീയമായി ആളെ സംഘടിപ്പിക്കുന്നു എന്നുള്ള വിമർശനവും മറുഭാഗത്ത് ഉയരുന്നു. എങ്ങനെ പ്രതികരിക്കുന്നു ഈ വിമർശനങ്ങളോട് ?
ഇന്ത്യയിലെ ജാതി പ്രശ്‌നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാനും അപഗ്രഥിക്കാനും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിച്ചിട്ടുണ്ട് . ആദ്യഘട്ടത്തിൽ അതിൽ ജാതിമേൽക്കോയ്മയെ കൃത്യമായി അടയാളപ്പെടുത്തുന്നതിൽ വീഴ്ചകൾ വന്നിട്ടുണ്ട്. പിന്നീട് വീഴ്ചകൾ വിലയിരുത്തി ഇന്ത്യൻ അവസ്ഥയെ മനസ്സിലാക്കി തിരിച്ചറിഞ്ഞിട്ടുണ്ട്.
ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അഖിലേന്ത്യ ദളിത് കൺവെൻഷൻ ചേർന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അതുവരെ കർഷകത്തൊഴിലാളിയായി ഉൾപ്പെടുത്തിയിരുന്ന ആദിവാസികളെ ആദിവാസിക്ഷേമ സമിതിക്ക് കീഴിൽ അണി നിരത്തിയത്. അധഃസ്ഥിതരെ പി. കെ. എസിലേക്ക് ചേർത്തത്.
ജാതിമേൽക്കോയ്മയ്ക്ക് എതിരെ നടക്കുന്ന സമരങ്ങളിൽ നേരിട്ട് പങ്കെടുത്ത് പല സ്ഥലങ്ങളിലും പാർട്ടി നേതൃത്വം കൊടുത്തിട്ടുണ്ട് . തമിഴ്‌നാട്ടിലെ ഉത്തം പുരിൽ മതിൽ പൊളിക്കുന്നതിന് നേതൃത്വം കൊടുത്തത് മുതൽ ജാതിമേൽക്കോയ്മയ്ക്ക് എതിരെയുള്ള സമരങ്ങളിൽ മുന്നോട്ട് തന്നെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്.
ഞാൻ പ്രഭാഷണങ്ങളിൽ ആവർത്തിച്ച് പറയാറുണ്ട് നമ്മുടെ മേശപ്പുറത്ത് വയ്‌ക്കേണ്ട രണ്ടു പുസ്തകങ്ങളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണെങ്കിൽ അതിന്റെ തൊട്ടടുത്ത് വേണ്ടത് അംബേദ്കറിന്റെ ജാതി ഉന്മൂലനം എന്ന പുസ്തകമായിരിക്കണമെന്ന്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം വായിച്ചിട്ട് ഇന്ത്യയെ മനസ്സിലാക്കാനാകില്ല. ജർമ്മനിയെ മനസ്സിലാക്കാൻ പറ്റും, ഫ്രാൻസിനെ മനസ്സിലാക്കാൻ പറ്റും. എന്നാൽ അതേ മാനിഫെസ്റ്റോ ഇന്ത്യൻ സാഹചര്യത്തിൽ മനസ്സിലാകണമെങ്കിൽ അതോടൊപ്പം അംബേദ്കറുടെ ജാതി ഉന്മൂലനവും കൂടി വായിക്കണം. അടിമ ഉടമ എന്ന രീതിയിലുള്ള ഒരു സംവിധാനം അല്ല ഇന്ത്യയിൽ. കൂടുതൽ സങ്കീർണമായ ഒരു സംവിധാനമാണത്.
സമാനതകളില്ലാത്ത ഒരു സാമൂഹിക മർദ്ദക സംവിധാനത്തിന്റെ എത്രയോ നൂറ്റാണ്ടുകളായുള്ള മേൽക്കോയ്മയ്ക്ക് കീഴിലുള്ള ജീവിതമാണ് ഇവിടെയുള്ളത്. അതു പരിഗണിക്കേണ്ടതുണ്ട്. സൂക്ഷ്മമായി അതിനെ പരിഗണിക്കുന്നതിൽ ജനാധിപത്യ സംഘടനകൾക്ക് ചില വഴുക്കലുകളൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്.
പലപ്പോഴും പറയാറുണ്ട് ദളിതർക്ക് അധികാരം എന്നത് ബ്രാൻഡ് മൂല്യമില്ലാത്ത ഉൽപന്നം ആണെന്ന്. കലയുടെ കാര്യത്തിലും മാറ്റമില്ല. എത്ര പ്രതിഭയുണ്ടെങ്കിലും പിന്നോട്ട് പിടിച്ചു വലിക്കുന്ന സവർണാധികാര പ്രവണത ഇവിടെ ദൃശ്യമാണ്. കലയിൽപോലും അത് പ്രകടമായി കാണുന്നു. അതിനെ എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് കെ.ഇ.എൻ കരുതുന്നത് ?
ജാതി മേൽക്കോയ്മ പ്രച്ഛന്നമായിട്ടുള്ള ഒരു അന്തരീക്ഷത്തിന്റെ അകത്താണ് നമ്മൾ എത്രയോ കാലമായി സ്വാഭാവികമെന്നോണം ജീവിക്കുന്നത്. അതിനൊരു ഉദാഹരണം പറയാം. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ ഒരു ബ്രാഹ്മണ യുവാവ് വരുമ്പോൾ ഗാന്ധി പറയുന്നത് കക്കൂസ് വൃത്തിയാക്കണം, സ്വകാര്യസ്വത്ത് ഉപേക്ഷിക്കണം എന്നാണ്. സ്വകാര്യസ്വത്ത് ഉപേക്ഷിച്ച് കക്കൂസ് വൃത്തിയാക്കുന്ന ഈ ബ്രാഹ്മണൻ മഹത്തായ ഒരു ആദർശമായി കൊണ്ടാടപ്പെടും. നമുക്കും അങ്ങനെ തന്നെയാണ് അനുഭവപ്പെടുക. അത് അഭിവാദ്യം അർഹിക്കുകയും ചെയ്യുന്നു.
പക്ഷേ ഉപേക്ഷിക്കാൻ സ്വകാര്യസ്വത്തില്ലാത്ത, തലമുറകൾ ആയിട്ട് ഭാംഗികളും അതുപോലുള്ള അധ:സ്ഥിതരും ഈ തോട്ടിപ്പണി ആണ് ചെയ്യുന്നത്. ഇപ്പോഴും ഇതേ അവസ്ഥ തുടരുകയാണ്. തലമുറകളായി തോട്ടിപ്പണി ചെയ്യുന്ന ഒരാൾക്ക് നേരെ ചൊവ്വേ കൂലി പോലുമില്ല. അയാൾക്ക് ഉപേക്ഷിക്കാൻ സ്വകാര്യസ്വത്തില്ല, അയാൾ നിരന്തരം ചെയ്യുന്നത് ഇതേ ജാലിയാണ്. അത് അയാൾ ചെയ്യേണ്ടത് തന്നെയാണ് എന്നതാണ് നമ്മുടെ ധാരണ. നമ്മൾ അവരെ അഭിവാദ്യം ചെയ്യാറില്ല.
മലം വാരാൻ പ്രത്യേക ജാതി ഉള്ള ഒരു രാഷ്ട്രമാണ് ലോകത്തിൽ നമ്മുടെ രാഷ്ട്രം. ദളിതർ അല്ലെങ്കിൽ അധ:സ്ഥിതർ, ന്യൂനപക്ഷങ്ങളെയും ഞാൻ ഇതിലാണ് കൂട്ടുന്നത്. ദളിതുകളുടെ ഒരു അനുബന്ധമാണ് ന്യൂന പക്ഷം. ദളിതായി തുടരാനാവാതെയാണ് പലരും മതപരിവർത്തനം നടത്തുന്നത്. നേരത്തെ പറഞ്ഞത് ശരിയാണ് ബ്രാൻഡ് മൂല്യം കുറവാണ് ഇവർക്ക് .
മെറിറ്റോക്രസിയെക്കുറിച്ച് (കഴിവിനും ബുദ്ധിശക്തിക്കും പ്രാധാന്യം നൽകുന്ന വ്യവസ്ഥിതി) ഉയർത്തുന്ന വാദങ്ങൾക്ക് പിന്നിലൊക്കെ ഇക്കാര്യമുണ്ട് . അതുകൊണ്ടുതന്നെ ദളിത് കലാപ്രതിഭകൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല. ഇപ്രാവശ്യം സംസ്ഥാന സിനിമ അവാർഡ് നേടിയ കനി കുസൃതി അവരുടെ അവാർഡ് പി. കെ റോസിക്കാണല്ലോ സമർപ്പിക്കുന്നത്. പി. കെ റോസി അധ:സ്ഥിത ആയതുകൊണ്ടല്ലേ പ്രത്യക്ഷത്തിൽ ഉപേക്ഷിക്കപ്പെടുന്നത്. ഇപ്പോൾ തന്നെ ഹോട്ടലുകളിൽ നോക്കിയാൽ റിസപ്ഷനിസ്റ്റ് ആയിട്ടും മറ്റും വെളുത്ത ആളുകളല്ലേ കൂടുതലുള്ളത്.
ഇക്കാര്യത്തിൽ നമ്മൾ ഇപ്പോഴും പിറകിൽ തന്നെയാണ്. അധ:സ്ഥിത കാഴ്ചപ്പാടിനോട് ആഭിമുഖ്യം പുലർത്തുന്നവരുടെ അവസ്ഥയോ ?. ഡോക്ടർ അശോക് ബോയർ എഴുതിയ ഒരു പുസ്തകം ഞാൻ കണ്ടു. എൻകൗണ്ടർ വിത്ത് ദ്രോണാചാര്യ എന്നാണ് അതിന്റെ പേര് . അത് ഫേബിയൻ ബുക്‌സ് 2007ലോ മറ്റോ വിവർത്തനം ചെയ്തിട്ടുണ്ട് . അത് വിവർത്തനം ചെയ്ത പണ്ഡിതനും പുസ്തക പ്രസാധകരും ആ പുസ്തകം തെരഞ്ഞെടുത്തത് തന്നെ അധ:സ്ഥിത പക്ഷത്തോടുള്ള അവരുടെ കൂറു കൊണ്ടാണല്ലോ. പക്ഷേ പുസ്തകത്തിന്റെ പേര് എന്തായിരുന്നു എന്ന് അറിയാമോ ‘ഒരു ദളിത് ഡോക്ടറുടെ ആത്മകഥയെന്നായിരുന്നു’.
ദ്രോണാചാര്യരോട് എതിരിടുക എന്ന അർത്ഥത്തിലുള്ള ഒരു തലക്കെട്ട് പോലും ഇടാൻ കഴിയാത്ത വിധം കീഴാള കാഴ്ചപ്പാട് പുലർത്തുന്നവർ പോലും വല്ലാതെ ചുരുങ്ങിപ്പോകുന്നുണ്ട്. അതിന്റെ കാരണം ഈ ചോദ്യത്തിൽ പറഞ്ഞതാണ്. അതിനൊരു ബ്രാൻഡ് മൂല്യം കുറവാണ്. ഈയടുത്ത് സച്ചിദാനന്ദൻ മാഷുടെ കവിത വന്നല്ലോ. അയോദ്ധ്യയുടെ ആത്മഗതം. ആ കവിതയ്ക്ക് വലിയ അംഗീകാരമാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. പുകസ എല്ലാ സ്ഥലത്തും അതു ചർച്ച ചെയ്യണമെന്ന് തീരുമാനിച്ചു.
സച്ചിദാനന്ദൻ മാഷ് തന്നെ എഴുതിയിട്ടുള്ള ഏകലവ്യനെയും ശംഭൂകനെയും കുറിച്ചുള്ള കവിതകൾക്ക് ഇതുപോലുള്ള ഒരു അംഗീകാരം ഉണ്ടായിട്ടില്ല. നമ്മൾ ഇപ്പോഴും ചന്തുമേനോൻ കഥയിൽ പറയുന്ന കസവുണ്ടല്ലോ ഇന്ദുലേഖയുടെ ശരീരം എവിടെ തുടങ്ങി വസ്ത്രം എവിടെ ആരംഭിച്ചു എന്നറിയാൻ തൊട്ടുനോക്കണം എന്ന് പറയുന്ന ബോധം, ആ കസവിൽ നിന്ന് നാം അധിക ദൂരം മുന്നോട്ട് പോയിട്ടില്ല.
നമുക്ക് അംബേദ്കർ പോലും അദർ ഫാദർ ഓഫ്‌നേഷനാണ്. മറ്റേ അച്ഛൻ ആണല്ലോ. ഒരു രാഷ്ട്രത്തിന് ഒരു പതാക ഒരു രാഷ്ട്രപിതാവ് ഒരു പുഷ്പം അതിലെല്ലാം ജാതിമേൽക്കോയ്മ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അത്രയേറെ വൈവിദ്ധ്യപൂർണമായ ഒരു രാഷ്ട്രത്തിൽ നിരവധി പതാകകളും നിരവധി പൂക്കളും അല്ലേ വൈവിദ്ധ്യം, അതല്ലേ വിസ്മയം . അതല്ലേ യഥാർത്ഥത്തിൽ ഇന്ത്യ. നമ്മുടെ മൗലികമായ ആലോചനയുടെ മുൻപിൽ മതില് പോലെ വന്നു നിൽക്കുകയാണ് ഈ ജാതിമേൽക്കോയ്മ .
സ്വതന്ത്രമായി ചിന്തിക്കാന്‍ പോലും നമുക്ക് ഭയമാണ് . നാം തന്നെ വിരണ്ടുപോകും. അതൊക്കെ ബ്രാന്‍ഡ് മൂല്യത്തിന്റെ ഭാഗമാണ്. അതോടൊപ്പം തന്നെ സമരം നടക്കുന്നുമുണ്ട്. അടുത്തകാലത്ത് ഒരു കുട്ടി വൈറല്‍ ആയല്ലോ . ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകില്ല എന്നൊക്കെ പറഞ്ഞ്. അതൊക്കെ ജാതിമേല്‍ക്കോയ്മയ്ക്ക് എതിരെ സമരംനേടിയ ഒരു പരോക്ഷ വിജയത്തിന്റെ ഭാഗമാണ്. ഈ ജാതിമേല്‍ക്കോയ്മ എതിരില്ലാത്ത മേധാവിത്വം പുലര്‍ത്തിയ കാലത്ത് ഇതൊക്കെ പരിഹാസ പ്രയോഗമാണ്. ഇപ്പോ ജാതിമേല്‍ക്കോയ്മ എതിരില്ലാത്ത മേധാവിത്വം പുലര്‍ത്തുന്നില്ല.
അടിത്തട്ടില്‍ നിന്ന് സമരം ഉയര്‍ന്നുവന്നിട്ടുണ്ട്. ആ സമരത്തിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ബ്രാന്‍ഡ് മൂല്യം കുറഞ്ഞ ഭാഷാപ്രയോഗങ്ങള്‍ക്ക് ഇപ്പോള്‍ ബ്രാന്‍ഡ് മൂല്യം കിട്ടിത്തുടങ്ങുന്നത്. പരസ്യങ്ങളില്‍ ഒക്കെ ആ മാറ്റം വന്നല്ലോ. നിങ്ങള്‍ വന്നോളീന്‍ കണ്ടോളീന്‍ കുത്തിരുന്നോളീന്‍
എന്നൊക്കെ ഒരു കസേരയ്ക്ക് പരസ്യം കൊടുത്തു തുടങ്ങി.
ജാതി നാം ജനിക്കുമ്പോള്‍ നമുക്കൊപ്പം ചേരുന്നതാണ് . ജാത്യാലുള്ളത് തൂത്താല്‍ പോകില്ല എന്നാണ് പ്രമാണം. ജാതിബോധം എന്നോ മനസ്സില്‍ വേരുറച്ച് ഉരുവം കൊണ്ടതാണ്. ജാതി വിരുദ്ധപോരാട്ടങ്ങളില്‍ നാം നമ്മുടെ ഉള്ളില്‍ കിടക്കുന്ന ജാതിബോധത്തെ കുറിച്ചുള്ള ഒരു ചിന്തയെ പരിഗണിക്കാതെയല്ലേ പടപൊരുതുന്നത് ? അക്കാരണം കൊണ്ട് തന്നെ ഉപരിപ്ലവമല്ലേ നമ്മുടെ പോരാട്ടങ്ങളെല്ലാം?
നമ്മുടെ ജാതി വിരുദ്ധ സമരങ്ങള്‍ തൊലിപ്പുറമേയാണ് നടക്കുന്നത്. നമ്മുടെ ഉള്ളില്‍ ആ സമരങ്ങള്‍ ഇല്ല. കീഴാള സമൂഹങ്ങള്‍ നടത്തുന്ന സമരങ്ങളുണ്ട്. അതിന്റെ ഒരു ചൂട് നമ്മുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷത്തിലുണ്ട്.
പ്രശസ്ത കഥാകൃത്ത് എസ്.വി വേണുഗോപന്‍ നായരുടെ ഒരു അഭിമുഖം വന്നിരുന്നു മാതൃഭൂമിയില്‍. 2012ലെ ആണെന്നാണ് ഓര്‍മ്മ. അതില്‍ വേണുഗോപന്‍ നായര്‍ പറയുന്നുണ്ട്. പുള്ളി സ്വയം വിചാരിച്ചിരുന്നത് ജാതി ഒന്നുമില്ല പുരോഗമന കാഴ്ചപ്പാടാണ് സെക്യുലര്‍ ആണെന്നൊക്കെയാണ്. അദ്ദേഹം മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ ട്രാന്‍സ്ഫര്‍ ആയിട്ട് വരികയാണ്. അത് മുസ്ളിം ഭൂരിപക്ഷ പ്രദേശം ആണല്ലോ .
മഞ്ചേരിയിലെ ഒരുഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചിട്ട് പുറത്തുപോയി ഛര്‍ദ്ദിച്ചു കളയുകയാണുണ്ടായതെന്ന അനുഭവം അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അപ്പോള്‍ സ്വയം തിരിച്ചറിയുന്നുണ്ട്. ആഹാരത്തിന് കുഴപ്പം ഉണ്ടായിട്ടല്ല. നമ്മുടെ വളര്‍ത്തല്‍ ചുറ്റുപാട് പ്രധാനമാണ്.
അതിന്റെ അര്‍ത്ഥത്തില്‍ നോക്കിക്കഴിഞ്ഞാല്‍ തങ്ങള്‍ക്ക് ജാതിയില്ല എന്ന് ആത്മാര്‍ത്ഥമായി കരുതുന്ന പലര്‍ക്കും ജീവിതത്തിന്റെ തൊലിയില്‍ തൊടുമ്പോള്‍ ജാതിയില്ല. അസ്ഥി തൊടുമ്പോള്‍ ജാതി ഉണര്‍ന്ന് വരും.
നമ്മളൊക്കെ മുദ്രാവാക്യം വിളിക്കില്ലേ ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല ഇസ്ളാം രക്തം, ക്രൈസ്തവ രക്തം എന്നൊക്കെ. മുദ്രാവാക്യം വിളിച്ച് വീട്ടിലേക്ക് പോയി കല്യാണ ആലോചനയുമായി ആരെങ്കിലും വന്നാലോ ?. അമൂര്‍ത്തമായ മുദ്രാവാക്യമായിട്ട് ജാതി രഹിത കാഴ്ചപ്പാട് എഴുതപ്പെട്ടാല്‍ അത് ആഘോഷിക്കപ്പെടും. എന്നാല്‍ അതേ കാഴ്ചപ്പാട് കയ്യും കാലും വെച്ച് വീട്ടിലേക്ക് നടന്നു ചെന്നാല്‍ ഗേറ്റ് കടന്ന് മുറ്റത്തെത്തും മുമ്പേ ചവിട്ടി പുറത്താക്കപ്പെടും.
ആശയങ്ങളുടെ മണ്ഡലത്തില്‍ ജാതിരഹിതമായ ഒന്നിനെ സ്വാഗതം ചെയ്യാന്‍ ഒരു വിഭാഗം പ്രാപ്തരായിട്ടുണ്ട്. അതുപോലും സ്വാഗതാര്‍ഹമാണ്. പക്ഷേ അക്കാര്യം തങ്ങളുടെ ജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതൊരു ദീര്‍ഘകാല പ്രക്രിയ ആയിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടു സമരവും സജീവമായിട്ട് നടക്കണം.
ഒന്ന് അടിത്തട്ടിലെ മനുഷ്യന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനുള്ള അതി ധീരമായ സമരം. രണ്ട് ചരിത്രപരമായ കാരണങ്ങളാല്‍ സങ്കുചിതമായ കാഴ്ചപ്പാടിന് കീഴ്പെട്ടുപോയി എന്ന് തിരിച്ചറിഞ്ഞ് മേല്‍ത്തട്ടില്‍ ഉള്ള മനുഷ്യര്‍ സ്വയം നടത്തുന്ന ആത്മത്യാഗപരവും വേദനാജനകവുമായ ആന്തരിക സമരം. ഈ രണ്ടു സമരവും നടക്കണം.
രണ്ട് സമരം നടത്തുകയും അത് ഒന്നിക്കുകയും ചെയ്താല്‍ നമ്മുടെ സാമൂഹ്യജീവിതം പൂത്ത് സുഗന്ധം പരത്തും. അല്ലെങ്കില്‍ അതില്‍ എന്തൊക്കെയോ ചീഞ്ഞുനാറും. ആ ചീഞ്ഞുനാറല്‍ ഡെന്മാര്‍ക്കില്‍ അല്ല നമ്മുടെയൊക്കെ ഉള്ളിലാണെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാവുകയും വേണം.
അധികാരത്തില്‍ പ്രാതിനിദ്ധ്യത്തിനായുള്ള സമരം മലയാളി മെമ്മോറിയല്‍ മുതല്‍ തുടങ്ങുന്നതാണ്. സംവരണം എന്നത് പ്രാതിനിദ്ധ്യവുമായി ബന്ധപ്പെട്ട് വരുന്നതുമാണ്. പക്ഷേ പലപ്പോഴും അതിനെ സാമ്പത്തികമായിട്ടാണ് പലരും ഉയര്‍ത്തിക്കാട്ടുന്നത്. പിന്നോക്കക്കാരുടെ കാര്യത്തില്‍ അവരെ സംവരണത്തിന്റെ പേരില്‍ ഡീ ഗ്രേഡ് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിനെ എങ്ങനെ കാണുന്നു ?
സംവരണം ആത്യന്തികമായി അധികാരത്തിലുള്ള പ്രാതിനിദ്ധ്യത്തിന്റെ പ്രശ്നം തന്നെയാണ്. അതിനെ ആ വിധം തന്നെയാണ് പരിഗണിക്കേണ്ടത്. അതൊരു സാമ്പത്തിക സഹായ പദ്ധതിയല്ല. മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ അവശത അനുഭവിക്കുന്നവരെ സഹായിക്കും വിധമുള്ള പദ്ധതികള്‍ നടപ്പിലാക്കണം. അധഃസ്ഥിതര്‍ക്ക് പൊതുമേഖലകളിലാണ് സംവരണം കൊണ്ട് നാമമാത്ര പ്രാതിനിദ്ധ്യം കിട്ടിയിരുന്നത്. ആഗോളവത്കരണത്തിലൂടെ ആ വാതിലും അടഞ്ഞു.
സ്വകാര്യമേഖലയില്‍ സംവരണമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആശയം സ്വാഗതാര്‍ഹമാണ്. ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും മൂലം പുതിയൊരു അന്തരീക്ഷം രൂപപ്പെട്ടു വരികയാണ്. മാറുന്ന അന്തരീക്ഷത്തില്‍ അധികാര മേഖലയില്‍ കീഴാളരുടെ പ്രാതിനിദ്ധ്യം ഉറപ്പു വരുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടു പോകേണ്ടതുണ്ട്.
ജനാധിപത്യ മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നവര്‍ക്ക് ഇടയില്‍ തന്നെ സംവരണ കാര്യത്തില്‍ ചില ആശയക്കുഴപ്പമുണ്ട്. അതാണ് ഇതിനെ സാമ്പത്തിക സഹായ പദ്ധതി ആണെന്നൊക്കെ കാണുന്നത്. തീര്‍ച്ചയായും പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമാണ്. അത്തരം കാര്യങ്ങളില്‍ ഒരു തുറന്ന സംവാദമാണ് അഭികാമ്യം.
പിന്നെ മലയാളി മെമ്മോറിയല്‍ എന്ന പേര് തന്നെ തെറ്റാണ്. അത് ശരിക്കും നായര്‍ മെമ്മോറിയലായിരുന്നു. പിന്നെ വന്നത് ഈഴവ മെമ്മോറിയലാണ്. 1896 ലാണ് ഈഴവ മെമ്മോറിയല്‍ വരുന്നത് . മലയാളി മെമ്മോറിയലിന്റെ പശ്ചാത്തലം എന്താണെന്ന് വച്ചാല്‍ നായര്‍ സമുദായത്തിലെ യോഗ്യതയുള്ള ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് രാജാക്കന്മാര്‍ തമിഴ് ബ്രാഹ്മണരെയാണ് ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചിരുന്നത്.
ആ സമയത്താണ് അധികാരത്തില്‍ പ്രാതിനിദ്ധ്യം എന്ന ലക്ഷ്യം ഉയര്‍ത്തി നായര്‍ സമുദായത്തില്‍ ഉണര്‍വുണ്ടാകുന്നത്. പിന്നെ ഈഴവരുടെ ഇടയിലും യോഗ്യരായ ആളുകളുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടൊക്കെയാണ് 1896 ല്‍ ഡോക്ടര്‍ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഒക്കെ ഈഴവ മെമ്മോറിയല്‍ വരുന്നത്. പക്ഷേ ഇതിന്റെ വൈരുദ്ധ്യം എന്താണെന്ന് വെച്ചാല്‍ നമ്മള്‍ മലയാളി മെമ്മോറിയല്‍ ആയി മനസിലാക്കുന്നത് നായര്‍ മെമ്മോറിയലിനെയാണ്.
അവിടെയാണ് ഈ ജാതി മേല്‍ക്കോയ്മയുടെ ഒരു പ്രത്യേകത. മറ്റേത് ഈഴവ മെമ്മോറിയല്‍ ആകുന്നു. വേണമെങ്കില്‍ അതിനെയും രണ്ടാം മലയാളി മെമ്മോറിയല്‍ എന്നു വേണമെങ്കില്‍ വിളിക്കാം. ഇത് സംസ്‌കാരത്തിലും കാണാം. മേല്‍ക്കോയ്മാ സംസ്‌കാരങ്ങളാണ് പലപ്പോഴും മലയാളി തനിമയായി മാറുന്നത്.
കേരളത്തനിമ എന്നുപറഞ്ഞ് എഴുന്നള്ളിക്കുന്നത് എന്താണ്. സെറ്റുമുണ്ടും കഥകളിയും. നാടുവാഴിത്ത പഴമയാണ് നമുക്കു മുന്നില്‍ കേരളത്തനിമയായി ചായം തേച്ച് അവതരിപ്പിക്കുന്നത്. കഥകളി തലകള്‍ അല്ല കേരളത്തനിമയുടെ പ്രതീകമായി അവതരിപ്പിക്കേണ്ടത്.
പകരം അയ്യങ്കാളിയുടെ വില്ലുവണ്ടിയുടെ മാതൃകകളാണ്. 1893 ലെ അയ്യങ്കാളിയുടെ വില്ലുവണ്ടി നിശ്ചലമായി നിന്ന കേരള സമൂഹത്തെ മുന്നോട്ടു നടത്തിയ ഒരു സമര വാഹനമാണ്. അതിന്റെ ചെറിയ മാതൃകകളാണ് പ്രതീകമായി കേരളത്തനിമ അടയാളപ്പെടുത്താന്‍ പ്രതീകമായി ഉപയോഗിക്കേണ്ടത്.
കഥകളി ശരിക്കും ജനകീയ കലയല്ല. അതൊരു ക്ലാസിക്കല്‍ കലാരൂപമാണ്. കേരളത്തനിമ എന്ന അര്‍ത്ഥത്തില്‍ അത് പ്രസക്തമല്ല.
നമ്മള്‍ പരശുരാമന്‍ മഴുവെറിഞ്ഞ ആ കാലത്ത് നിന്നും അധികം മുന്നോട്ടു വന്നിട്ടില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്. നമുക്ക് ശ്രീനാരായണഗുരുവും വൈകുണ്ഠ സ്വാമിയും അയ്യങ്കാളിയും പൊയ്കയില്‍ അപ്പച്ചനും വേലുക്കുട്ടി അരയനും പണ്ഡിറ്റ് കറുപ്പനും ഒക്കെയുള്ള കേരളത്തിന്റെ പശ്ചാത്തലമുണ്ട്.
ഇന്ത്യയിലാണെങ്കില്‍ മഹാത്മാ ബുദ്ധന്‍, ജ്യോതിബ ഫുലെ, ഇ.വി.ആര്‍, അംബേദ്കര്‍, പണ്ഡിറ്റ് രമാഭായ്, ചാഹു മഹാരാജ് വരെ നീളുന്ന ഒരു കീഴാള നേതൃനിര ഉണ്ട്. അതിനെ നാം അടയാളപ്പെടുത്തിയിട്ടേ ഇല്ല.
നമ്മള്‍ അനുകൂലമാണെങ്കിലും പ്രതികൂലം ആണെങ്കിലും ഗോഡ്സെയുടെ രാമ രാജ്യത്തിനെതിരെ ഗാന്ധിയുടെ രാമരാജ്യമേ നാം പറയാറുള്ളൂ. ഇവിടെ ബുദ്ധന്റെ ധര്‍മ്മരാജ്യം ഉണ്ട്. ജ്യോതിബ ഫുലെയുടെ ബാലി രാജ്യം ഉണ്ട്. ഇ.വി.ആറിന്റെ രാവണ രാജ്യം ഉണ്ട്. ശ്രീനാരായണ ഗുരുവിന്റെ പ്രിയ രാഷ്ട്ര സങ്കല്പം ഉണ്ട്.
ഇവിടെ വിവിധ മതങ്ങളുടെ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ രാഷ്ട്ര സങ്കല്‍പമുണ്ട്. ഒരു കാര്യം ശരിയാണ് ഗോഡ്സെയുടെ രാമരാജ്യത്തിനെതിരെ ഗാന്ധിയുടെ രാമരാജ്യം മുന്നോട്ട് വയ്ക്കേണ്ടത് തന്നെയാണ്. യാതൊരു തര്‍ക്കവുമില്ല. പക്ഷേ ഇത് രണ്ടുമേ ഇവിടെ ഉള്ളൂ എന്ന ധാരണ ഉയര്‍ത്താന്‍ പാടില്ല.
നമ്മുടെ പല കഥകളിലും ഈ സവര്‍ണ്ണ ബോധത്തിന്റെ അതിപ്രസരം ഉള്ളതായിട്ട് തോന്നിയിട്ടുണ്ടോ ?
1987 ല്‍ രാമാനന്ദ് സാഗറിന്റെ രാമായണം, മഹാഭാരതം സീരിയലുകള്‍ ഒക്കെ വന്നല്ലോ. ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള എപ്പിസോഡുകളില്‍ ഓരോ എപ്പിസോഡിലും ഇത് സാങ്കല്‍പ്പികം ആണെന്ന് എഴുതി കാണിച്ചിരുന്നു. അതേസമയം രാമായണത്തിലും മഹാഭാരതത്തിലും അങ്ങനെ ഒരു എഴുത്ത് ഉണ്ടായിരുന്നില്ല.
നോക്കൂ ചരിത്രം ഇവിടെ സാങ്കല്പിക കഥയായി മാറുന്നു. പുരാണ കഥ ചരിത്രമായി മാറുന്നു. വലിയ അട്ടിമറിയാണത്. പൊതുവായി പറഞ്ഞാല്‍ പൊതുബോധത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന പല കഥകളും സവര്‍ണ ബോധത്തെ ദൃഢപെടുത്തുന്നതാണ്.
ഏകലവ്യന്റെ കഥ നോക്കി കഴിഞ്ഞാലും ഇത് കാണാം. കീഴാള പശ്ചാത്തലത്തില്‍ നിന്നും നോക്കിക്കൊണ്ട് നമ്മള്‍ പറയുന്ന കഥകള്‍ വരെ ഈ ജാതി മേല്‍ക്കോയ്മയ്ക്ക് കീഴ്പ്പെട്ടുള്ളതാണ്.
അതുകൊണ്ടാണ് പുതിയകാലത്ത് കവികള്‍ പറയുന്നത് ദ്രോണര്‍ക്കായി ഏകലവ്യന്റെ പെരുവിരല്‍ മുറിച്ചു കൊടുക്കേണ്ടതിന് പകരം അമ്പെയ്ത് അയാളുടെ തല തെറിപ്പിക്കുകയാണ് വേണ്ടതെന്ന്. പക്ഷേ ഇതിനെയൊക്കെ നമുക്ക് പുതിയ രീതിയില്‍ കണ്ടെടുക്കാനാകും. നാടന്‍ കഥകള്‍, എന്നു നാം പറയുന്ന പലതും ഇത്തരം ജാതി മേല്‍ക്കോയ്മയ്ക്ക് കീഴ്പെട്ടാണ് ഇരിക്കുന്നത്.
ഖുര്‍ആനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കുക, ശ്രീനാരായണഗുരു സര്‍വകലാശാലയുടെ തലപ്പത്ത് വി.സിയുമായി ബന്ധപ്പെട്ട വിവാദം. ഒരു ഇടത് മന്ത്രിസഭയെ സംബന്ധിച്ച് ഉണ്ടാവുന്ന ഇത്തരം വിവാദം ചിലപ്പോള്‍ ചരിത്രത്തില്‍ ആദ്യമാകും ? എന്തുതോന്നുന്നു ഇത്തരം വിവാദങ്ങളില്‍ ?
ഇന്ന് കേരള സാഹചര്യത്തെ സംഘപരിവാര്‍ മേല്‍ക്കോയ്മ ആശയം അങ്ങേയറ്റം മലിനപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണഗുരുവിനെ പറ്റി ആലോചിച്ചാല്‍ അദ്ദേഹത്തെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ല. ജാതി മേല്‍ക്കോയ്മയെ വെല്ലുവിളിച്ച ആളായിരുന്നു അദ്ദേഹം.
അംബേദ്കര്‍ മനുസ്മൃതി കത്തിച്ചില്ലേ . അതിനും പതിറ്റാണ്ടുകള്‍ക്കു മുമ്പ് മനുസ്മൃതി കത്തിച്ച ആളാണ് ശ്രീനാരായണഗുരു. 1888ലെ ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ മനുസ്മൃതി ദഹനത്തിന്റെ ക്ലാസിക്കല്‍ മാതൃകയാണ്. പലരും പറയുന്നത് ശ്രീനാരായണഗുരു പുഴയില്‍ നിന്ന് ഒരു ശില പൊക്കിയെടുത്തുവെന്നാണ്.
സത്യസന്ധമായി ആലോചിച്ചാല്‍ മനുസ്മൃതി ഉള്‍പ്പെടെയുള്ള പൗരോഹിത്യത്തിന്റെ ആശയങ്ങളെയാകെ ചെളിയിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോഴാണ് ആ ശില പൊങ്ങി വന്നത്. ഇന്ത്യയിലെ ആദ്യത്തെ മനുസ്മൃതി ദഹനം വ്യത്യസ്തമായ രീതിയില്‍ നടപ്പിലാക്കിയത് ഗുരുവാണ്. ‘ ബ്രിട്ടീഷുകാര്‍ ജയിക്കാന്‍ നാം പ്രാര്‍ത്ഥിക്കണം. എന്തുകൊണ്ടെന്നാല്‍ അവരാണ് നമുക്ക് സന്യാസം നല്‍കിയത്. വല്ല ശ്രീരാമനോ മറ്റോ ആയിരുന്നു ഇവിടെ ഭരിച്ചിരുന്നത് എങ്കില്‍ ആ ശംഭൂകന് ഉണ്ടാകുമായിരുന്ന വിധിയല്ലേ നമുക്കും ഉണ്ടാകുക’. എന്നാണ് ഒന്നാം ലോക മഹായുദ്ധം നടക്കുമ്പോള്‍ ഗുരു പറഞ്ഞത്.
ശ്രീനാരായണ ഗുരു ഒരിക്കലും ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരനല്ല. മറിച്ച് ശംഭൂകന്റെ പിന്തുടര്‍ച്ചക്കാരനാണ്. ശ്രീനാരായണഗുരു ജാതിക്കും മതത്തിനും അപ്പുറം ഒരു മാനവികതാ സങ്കല്പം അവതരിപ്പിച്ച മഹാസാന്നിദ്ധ്യമാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു സ്ഥാപനം ആ മൂല്യമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. അതിന് നൂറ് ശതമാനം ചേരുന്ന രീതിയിലാണ്
എല്ലാ അര്‍ത്ഥത്തിലും പ്രഗത്ഭ മതിയായ ഡോ. മുബാറക് പാഷയെ അവിടെ വി.സിയായി നിയമിച്ചത്. സംഘപരിവാര്‍ മേല്‍ക്കോയ്മയുടെ അജണ്ടയ്ക്ക് മാധ്യമങ്ങളും വലതുപക്ഷവും വിധേയരാവുന്നതാണ് നാമിപ്പോള്‍ കാണുന്നത്. ഗുരുവിനെക്കുറിച്ച് ഏറെ പറയാനുണ്ട്.
ഗുരുവിന്റെ സുഹൃത്തായിരുന്നു അബ്ദുല്‍ അസീസ് മൗലവി . അദ്ദേഹം രോഗബാധിതനായി കിടക്കുമ്പോള്‍ ഗുരു കാണാന്‍ പോകുന്നുണ്ട് . എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയും. നിങ്ങള്‍ എന്തിനാണ് ഈ വീട്ടില്‍ തന്നെ ഇങ്ങനെ ഇരിക്കുന്നത്. നിങ്ങള്‍ ശിവഗിരിയിലേക്ക് വരൂ, അവിടെ ഒരു പള്ളി പണികഴിപ്പിച്ചു തരാം. അവിടെ ഇരുന്നു ഖുര്‍ആന്‍ വായിക്കുകയും അതൊക്കെ പ്രചരിപ്പിക്കുകയും ചെയ്യാം. അതാണ് ശ്രീനാരായണഗുരു.
മൃദുഹിന്ദുത്വം അപകടകരമായി കേരളത്തെയും ബാധിക്കുന്നു എന്ന രീതിയില്‍ 2009 ല്‍ പുരോഗമന കലാ സാഹിത്യ സംഘം ഒരു പ്രമേയം പാസാക്കിയിരുന്നു . പത്തു വര്‍ഷം പിന്നിടുമ്പോള്‍ എന്താണ് വിലയിരുത്തല്‍?
മൃദുഹിന്ദുത്വം കേരളത്തിന്റെ സാംസ്‌കാരിക ഭാഷയായി (കള്‍ച്ചറല്‍ ലാംഗ്വേജ്) മാറിക്കഴിഞ്ഞിരിക്കുന്നു. അന്നു ഞങ്ങള്‍ നടത്തിയ പ്രയോഗം മൃദുഹിന്ദുത്വം എന്നാണ്. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നത് ജാതി മേല്‍ക്കോയ്മ എന്ന് തന്നെയാണ്.
സത്യത്തില്‍ പ്രശ്നം മതമല്ല, ജാതി മേല്‍ക്കോയ്മയാണ്. ജാതി മേല്‍ക്കോയ്മയെ ചെറുത്തുകൊണ്ടുള്ള ധാരാളം പ്രതിരോധങ്ങള്‍ ഹിന്ദുമതത്തിന്റെ അകത്തുതന്നെ ഉണ്ടായിട്ടുണ്ട്. ആ ഹിന്ദുമതത്തെ പിടിച്ചെടുത്ത ബൃഹത് രാഷ്ട്രീയ പദ്ധതിയായിട്ടാണ് ജാതി മേല്‍ക്കോയ്മയെ കാണേണ്ടത്. ബ്രാഹ്മണിക് സങ്കല്പമാണത്. മൃദുഹിന്ദുത്വം എന്ന വാക്ക് പോലും സംഘപരിവാറിന് ആയുധമാകുന്നതായിട്ടാണ് കാണുന്നത്.
പകരം ബ്രാഹ്മണിക് പ്രത്യയ ശാസ്ത്രം എന്ന വാക്ക് പകരം വയ്ക്കുകയാണ് നല്ലത്. അക്കാര്യം കേരളത്തില്‍ തന്നെ നോക്കിയാല്‍ മതി. ഇതിനെതിരെ ശക്തമായി പോരാടിയിരുന്ന ശ്രീനാരായണ ഗുരുവിന്റെ സ്ഥാപനങ്ങള്‍ തൊട്ട് കേരള ജീവിതം മുഴുവനും മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മാംസ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഇടയില്‍ പോലും ഞാന്‍ അങ്ങനെ ഒന്നും കഴിക്കാറില്ല എന്ന് പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
കെന്റുകി ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ എന്നിവ കഴിക്കുന്നത് ആധുനികതയുടെ അടയാളമായിട്ട് കരുതുന്നു. നാടന്‍ കോഴിക്കറി അമാന്യവും. അതുപോലെ സവര്‍ണ്ണ മൂല്യങ്ങളുടെ സ്വാംശീകരണമാണ് സംസ്‌കാരമെന്ന ചിന്ത വരുന്നു. സവര്‍ണ്ണ മൂല്യങ്ങളാണ് കുലീനം എന്ന ചിന്ത ഉടലെടുക്കുന്നു.
അതിന്റെ മുന്നില്‍ കുമ്പിടുന്നതോടെ നമ്മള്‍ സംസ്‌കാരം ഉള്ളവരായി മാറുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ചിഹ്നങ്ങള്‍ ഒക്കെ സ്വകാര്യമായാണ് ആളുകള്‍ സൂക്ഷിച്ചിരുന്നത്. അതൊക്കെ ഇപ്പോ പ്രദര്‍ശനപരമായി തന്നെ മാറിക്കഴിഞ്ഞല്ലോ.
സവര്‍ണ സംസ്‌കാരത്തിന്റെ ആചാരങ്ങളൊക്കെ കുലീനതയുടെ ഭാഗമായി മാറി. അധ:സ്ഥിത സമൂഹത്തിലേക്ക് പോലും സവര്‍ണ്ണ ആചാരങ്ങളും സംസ്‌കാരങ്ങളും ഒക്കെ ഇടിച്ചു കയറിക്കൊണ്ടിരിക്കുകയാണ്. സസ്യാഹാരം കഴിക്കുന്നതൊക്കെ ഒരാളുടെ താല്പര്യമാണ്.
മാംസാഹാരവും അങ്ങനെ തന്നെ. സസ്യാഹാരം കഴിക്കുന്നതെന്തോ കുലീനമാണ്, മറ്റേതെന്തോ മ്ലേഛമാണെന്ന ഒരു ബോധം നോണ്‍ വെജ് കഴിക്കുന്നവരില്‍ പോലും സൃഷ്ടിക്കാനായിരിക്കുന്നു. ആചാരാനുഷ്ഠാനങ്ങളുടെയും കാര്യം നോക്കൂ . പാലം പണിയാനും പൂജ, പാലം പൊളിക്കാനും പൂജ. ആദ്യപൂജ നല്ല രീതിയില്‍ ഫലം കണ്ടിരുന്നെങ്കില്‍ പൊളിക്കാനുള്ള പൂജയ്ക്ക് പ്രസക്തി ഉണ്ടാവില്ലല്ലോ.
സിനിമയെടുക്കുമ്പോള്‍ പൂജ. ഞാന്‍ ഇതേക്കുറിച്ച് ഒരു ലേഖനത്തില്‍ മുമ്പ് എഴുതിയിരുന്നു. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പൂജ നടത്താം. നിങ്ങള്‍ക്ക് വിശ്വാസം ഇല്ലാതിരിക്കുകയും നിങ്ങള്‍ പൂജ നടത്തുകയും ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ അത് തുറന്നു പറയണം . ഞാനൊരു സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത് എന്ന് പറയണം. അതാണ് സത്യസന്ധത. സവര്‍ണ്ണ ആചാരങ്ങള്‍ക്ക് ഒക്കെ ഒരു പരോക്ഷസമ്മര്‍ദ്ദം ഉണ്ട് . പക്ഷേ അത് അദൃശ്യമാണ്.
തലക്കെട്ടില്‍ തലകുത്തി വീണുവെന്ന് കെ.ഇ.എന്‍ തന്നെ വിശേഷിപ്പിച്ച ടൈംസ് ഓഫ് ഇന്ത്യയിലെ കണ്‍വെര്‍ട്ട് ടു ഇസ്ലാം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വിവാദമായിരുന്നു. എന്തായിരുന്നു ആ ലേഖനത്തിന്റെ പശ്ചാത്തലം. ?
നമ്മളെല്ലാവരും മതേതരവാദികളാണ് . ഒരു വീട്ടില്‍ തന്നെ ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍, മതരഹിതര്‍ എന്നിവര്‍ക്ക് എന്തുകൊണ്ട് ഒന്നിച്ച് കഴിഞ്ഞുകൂടാ ?. നമ്മുടെ നാടിന്റെ ഒരു പരിച്ഛേദം എന്തുകൊണ്ട് വീട്ടില്‍ സൃഷ്ടിച്ചുകൂടാ ?. ആ രീതിയില്‍ വികസിപ്പിക്കുക, വിപുലപ്പെടുക എന്തുകൊണ്ട് ആയിക്കൂടാ ?.
വിവിധ മതത്തില്‍ പെട്ടവരും ഒരു മതത്തില്‍പെടാത്തവരും തമ്മില്‍ സൗഹൃദത്തോടെയും സ്നേഹത്തോടെയും ആരോഗ്യകരമായ സംവാദം നടത്തുന്ന ഒരു വീട്ടകം എന്റെയൊരു സ്വപ്നമാണ്. മത വിശ്വാസമുള്ളവരും വിശ്വാസമില്ലാത്തവരും നമ്മുടെ സമൂഹത്തില്‍ ദീര്‍ഘകാലം തുടരും.
ജീവിതത്തില്‍ രോഗങ്ങളും വേദനകളും വിരഹവും മരണവും ജീവിതത്തിലുണ്ടാവുന്നിടത്തോളം കാലം അതിനെക്കുറിച്ചുള്ള വ്യത്യസ്ത വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും വ്യക്തികള്‍ക്കിടയില്‍ നിലനില്‍ക്കുകയും ചെയ്യും.
അതുകൊണ്ട് ഈ രണ്ടു സമാന്തര ധാരകള്‍ ദീര്‍ഘകാലം നമ്മുടെ സമൂഹത്തിലുണ്ടാകും.
അപ്പോള്‍ ആരോഗ്യകരമായ സംവാദം മാത്രമേ നിലനില്‍ക്കൂ. അതിന്റെ ഭാഗമായിട്ട് ഏതെങ്കിലും ആളുകള്‍ക്ക് ഏതെങ്കിലും മതം അവര്‍ക്ക് തൃപ്തി നല്‍കുന്നില്ലെങ്കില്‍ ശ്രീനാരായണഗുരു പറഞ്ഞതുപോലെ അവര്‍ക്ക് മറ്റു മതം സ്വീകരിക്കാം. ഒരു മകന് അവന്റെ അച്ഛന്റെ മതം തന്നെ പിന്തുടരുന്നതില്‍ യാതൊരു നിര്‍ബന്ധവുമില്ലെന്ന് ഗുരു പറയുന്നുണ്ട്. ഗുരു അതിനെ കണ്ടത് രണ്ടു രീതിയിലാണ്. ഒന്നു തത്വചിന്താപരമായി.
തത്ത്വചിന്താപരമായ ധാരയില്‍ നമുക്ക് മതം മാറേണ്ട യാതൊരു ആവശ്യവുമില്ല. ഏതു മതത്തിലായാലും ഓരോരുത്തര്‍ക്കും അവരവരുടെ മതത്തിലൂടെ ആത്മബോധത്തിലേക്കുള്ള യാത്ര തുടരാം. നിങ്ങള്‍ക്ക് ഒരു മതത്തില്‍ വിശ്വാസം ഇല്ലാതെ വന്നാല്‍ നിങ്ങള്‍ ആ മതത്തില്‍ തന്നെ തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ആ മതത്തിനും കുഴപ്പം ഉണ്ടാവുമെന്നാണ് ഗുരു മറ്റൊരിടത്ത് പറയുന്നത്.
ഗുരു പറഞ്ഞത് നിങ്ങള്‍ക്ക് മതം മാറണമെങ്കില്‍ ഒരു നിമിഷം കാത്തു നില്‍ക്കാന്‍ പാടില്ല അപ്പോള്‍ തന്നെ മാറണമെന്നാണ്. അങ്ങനെ വരുമ്പോള്‍ അച്ഛന്റെ മതമല്ല മകന് ഉണ്ടാവുക. പക്ഷേ തത്ത്വചിന്താപരമായ തലത്തില്‍ അദ്ദേഹത്തിന് മതം മാറ്റം എന്ന പരികല്‍പ്പനയേ ഇല്ല.
മതം മാറ്റം എന്നത് വ്യവഹാരത്തിലുള്ള ഒരു മതത്തിലാണ് സാധ്യമാവുക. പക്ഷേ ദാര്‍ശനികമായ തലത്തില്‍ മതം മാറ്റം അസാദ്ധ്യമാണല്ലോ. പക്ഷേ തത്വചിന്തയുടെ വെളിച്ചത്തില്‍ അദ്ദേഹം ഇസ്ലാം ക്രിസ്തു ഹിന്ദു മതത്തെ കുറിച്ചല്ല പറഞ്ഞത്. ഏക മതത്തെ കുറിച്ചാണ്. ആത്മോപദേശ ശതകത്തില്‍ അത് കൃത്യമായി പറയുന്നുണ്ട്.
അഖിലരും ആത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതം ഏകമെന്ന് ചിന്തി
ച്ചഅകമണയാതെ അകതാരമര്‍ത്തിടേണം.
ലോകത്തില്‍ ഒറ്റ മതമേ ഉള്ളൂ എന്നാണ് ഗുരു പറയുന്നത്. അത് ഇസ്ലാം അല്ല ഹിന്ദു അല്ല ക്രിസ്തു മതവുല്ല. മതരഹിതവുമല്ല. സകലതും നാം ആത്മസുഖത്തിനായി ചെയ്യുന്നതാണ്. ഇതാണ് ലോകത്തിലെ ഏകമതം . ഇക്കാര്യം കളങ്കം കൂടാതെ ഹൃദയത്തില്‍ ദൃഢമായി അമര്‍ത്തി വിശ്വസിക്കണം.
അവിടെ പിന്നെങ്ങനെയാണ് ഒരൊറ്റ പരിവര്‍ത്തനം മാത്രം സാധ്യമാവുക. അവിടെ പിന്നെ നിരന്തരമായ പരിവര്‍ത്തനമാണ്. അവികസിതമായ അവസ്ഥയില്‍ നിന്ന് വികസിതമായ അവസ്ഥയിലേക്കുള്ള പരിവര്‍ത്തനം.
ചെറിയ ലോകങ്ങളില്‍ നിന്നും വലിയ ലോകങ്ങളിലേക്കുള്ള നിരന്തരമായ വിമോചനത്തിനായുള്ള പ്രവര്‍ത്തനമാണത്. മറ്റൊരിടത്ത് ഒരു മതത്തില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം നിശ്ചലമാകുമ്പോഴാണ് ഒരു പുതിയ മതത്തിലെ വിശ്വാസം നിങ്ങള്‍ പരിശോധിക്കുന്നത്. ഇത് രണ്ടും ഗുരുവിന്റെ കാഴ്ചപ്പാടാണ്. അതുകൊണ്ട് ഗുരുവിന്റെ കാഴ്ചപ്പാടാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. എല്ലാ മതത്തിലേക്കും മാറാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ്, പൗരാവകാശമാണ് ചൂണ്ടിക്കാട്ടിയത്.
ഞാന്‍ മൗലികമായി മുന്നോട്ടുവച്ചത് ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും മുമ്പ് ഇസ്ലാം മതം വിശ്വസിച്ചവരെങ്കിലും ഇപ്പോള്‍ ഹിന്ദുമതമാണ് അഭികാമ്യമെന്ന് ചിന്തിക്കുന്നവരും ഇപ്പോള്‍ ഹിന്ദു മതത്തിലെങ്കിലും ഇസ്ലാമാണ് അഭികാമ്യം എന്ന് കരുതുന്നവരും ഉള്‍പ്പെടെയുള്ള ആളുകള്‍ എല്ലാവരും ഒരു വീട്ടില്‍ തന്നെ താമസിക്കാം എന്ന ആശയമാണ്.
അവര്‍ക്ക് മതപരമായി സംവദിക്കാം. സ്നേഹപൂര്‍വ്വം ജീവിക്കാം ഈ ഒരു ആശയമാണ് ഞാന്‍ മുന്നോട്ട് വെച്ചത്. എന്റെ വീട്ടില്‍ മൂന്ന് ആളുകളാണ് ഉള്ളത്. ഞാന്‍ ജനിച്ചത് ഒരു മുസ്ലിം പശ്ചാത്തലത്തിലാണ്. പക്ഷേ 45 കൊല്ലമായി മതരഹിതനായിട്ടാണ് കഴിയുന്നത്.
ഞാന്‍ വിവാഹം ചെയ്തത് ജനിച്ചത് നോക്കിക്കഴിഞ്ഞാല്‍ ഹിന്ദു ബ്രാഹ്മിണ്‍ വിഭാഗത്തിലുള്ള മനുഷ്യനെയാണ്. ഇന്ന് ജാതി മത കാഴ്ചപ്പാട് ഇല്ലാതെ ജീവിക്കുന്നവരാണ്. ഞങ്ങളുടെ മകനും ജാതിയും മതവും ഇല്ലാതെയാണ് വളര്‍ന്നത്. എല്ലാ മതങ്ങളിലെയും ബഹുമാനിക്കത്തക്ക കാര്യങ്ങളോട് ബഹുമാനമാണ്. അതോടൊപ്പം സമ്പൂര്‍ണമായി മതരഹിതനാണ്.
ഒരു ആചാരങ്ങളും നിഷ്ഠകളും പിന്തുടരുന്നില്ല. കേരളത്തിലെ ആദ്യത്തെ ഇസ്ലാം മത വിമര്‍ശനം എന്ന് പറയുന്നത് എന്റെ സ്വര്‍ഗം നരകം പരലോകമാണ്. ചിന്ത അതിന്റെ പുതിയ പതിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
Comments are closed.