“മേയര്‍ പ്രശാന്ത് പണ്ടേ ബ്രോയാണ്”

645,744

തെക്കന്‍ വടക്കന്‍ വ്യത്യാസമില്ലാതെ കേരളമൊന്നിച്ച് നില്‍ക്കുന്ന കാഴ്ചയാണ് പ്രളയ കാലത്ത് കേരളത്തില്‍ കാണാനാകുന്നത്. തിരുവനന്തപുരത്ത് നിന്നും 84 ലോഡ് അവശ്യ സാധനങ്ങള്‍ വടക്കന്‍ ജില്ലകളിലേക്ക് കയറ്റി അയച്ചു. അതിന് നേതൃത്വം നല്‍കിയത് തിരുവനന്തപുരം മേയര്‍ അഡ്വ. വികെ പ്രശാന്ത് ആയിരുന്നു. അദ്ദേഹത്തിന് കരുത്ത് പകര്‍ന്ന് നഗരസഭ ഓഫീസിലും ലോഡുകള്‍ക്കൊപ്പം വയനാട്ടിലേക്കും നിലമ്പൂരിലേക്കും പോയ മറ്റൊരു നേതാവ് കൂടെയുണ്ട്. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ ഐപി ബിനു. അഭിമുഖം പ്രതിനിധി മൈഥിലി ബാല ഐപി ബിനുവുമായി നടത്തിയ സംഭാഷണം.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ 84 ലോഡ് സാധനങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളിലേക്ക് അയച്ചത്. എന്ത് തോന്നുന്നു ഈ അവസരത്തില്‍?

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ വലിയ സഹായമാണ് ചെയ്തത്. എല്ലാവരും അവരാല്‍ കഴിയുന്നത് നല്‍കി. ആദ്യമൊക്കെ സജീവമല്ലാതെയിരുന്നെങ്കിലും പതിയെ അത് മാറി. ഇതിനൊക്കെ നേതൃത്വം നല്‍കിക്കൊണ്ട് മേയറും ഉണ്ടായിരുന്നു. ഒരുമിച്ച് നിന്നപ്പോള്‍ എല്ലാം സാധ്യമായി. ഒരുപാട് പേരുടെ പ്രയത്‌നത്തിന്റെ ഫലമാണ് അത്. സാധനങ്ങള്‍ കളക്ട് ചെയ്ത്, അത് സോര്‍ട്ട് ചെയ്ത് ദുരിത ബാധിത ഇടങ്ങളില്‍ എത്തിക്കാനായി. അതിനെല്ലാം പിന്നില്‍ വലിയൊരു കൂട്ടം ആളുകളുടെ പ്രയത്‌നമാണ്.

ഐ പി ബിനു അടങ്ങിയ ദുരിതാശ്വാസ സംഘത്തിന് കോഴിക്കോട് അടിവാരത്ത് നല്‍കിയ സ്വീകരണം

എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍?

കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ ഇതുപോലെ നമ്മള്‍ ദുരിത ബാധിത സ്ഥലങ്ങളിലേക്ക് അവശ്യ വസ്തുക്കള്‍ അയച്ചിരുന്നു. അത് ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. പക്ഷേ, ഇത്തവണ കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ പ്രളയം ബാധിച്ചത് പത്തനംതിട്ട, ചെങ്ങന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളെ ആയിരുന്നു. ഇതൊക്കെയും തിരുവനന്തപുരത്തിന് അടുത്ത ജില്ലകളാണ്. പക്ഷേ ഇത്തവണ വയനാട്, നിലമ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്. അങ്ങുവരെ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. പ്രത്യേകിച്ച് റോഡുകളില്‍ മിക്കയിടങ്ങളിലും ഗതാഗതം താറുമാറായ അവസ്ഥയില്‍. അങ്ങ് ലോഡ് എത്തിച്ച് തിരിച്ച് വരണം. പിന്നീട് വീണ്ടും ഇത്രയും ദൂരം പോകണം. കുറച്ച് ബുദ്ധിമുട്ടിയിരുന്നു.

എല്ലാ വെല്ലുവിളികളെയും തരണം ചെയ്തല്ലോ.

അതേ, എല്ലാ ബുദ്ധിമുട്ടുകളെയും തടസങ്ങളെയും മറികടന്നു. ആദ്യത്തെ ദിവസം ഒരു ലോഡ് പോയി. രണ്ടാം ദിവസം നാല് ലോഡാണ് വിട്ടത്. അതില്‍ ഒരു വണ്ടിയില്‍ ഞാനുമുണ്ടായിരുന്നു. രാത്രിയില്‍ ഒരു വണ്ടിയുടെ ലൈറ്റ് കേടായി. വലിയ വണ്ടികള്‍ കൂടുതല്‍ പോകുന്ന സമയം കൂടിയാണത്. പക്ഷേ, നവ മാധ്യമങ്ങള്‍ വലിയ സഹായമായി. കുറച്ച് പേര്‍ വന്നു, അവരാണ് അത് ശരിയാക്കിയത്. തൃശ്ശൂര്‍ വെച്ച് ഇടയ്ക്ക് വണ്ടി റോഡില്‍ നിന്ന് മാറി അപകടമുണ്ടാകുന്ന അവസ്ഥ വന്നു, അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പിന്നീട് ഒരു വണ്ടിയുടെ ലൈറ്റ് കുറ്റിപ്പുറത്ത് വെച്ച് കേടായി. അന്ന് പൊലീസൊക്കെ വന്ന് സഹായിച്ചു. പക്ഷേ ശരിയാക്കാനായില്ല. അന്ന് മുന്നില്‍ പോകുന്ന വണ്ടിയുടെ പിന്നാലെയാണ് ലോഡുമായി പോയത്. പിന്നെ സമയമായിരുന്നു പ്രശ്‌നം. അത് ഒന്നും ചെയ്യാനാകില്ലല്ലോ. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ലോഡ് ഇറക്കി തിരിച്ചു വരുമ്പോ വയനാട് ചുരത്തിന് താഴെ നമുക്ക് അപ്രതീക്ഷിതമായി ഒരു സ്വീകരണമൊക്കെ തന്നു. കുറച്ച് യുവാക്കളും ജനങ്ങളും. അത് നല്ല സന്തോഷമായി. ഇങ്ങനെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും കുഞ്ഞ് കുഞ്ഞ് സന്തോഷങ്ങള്‍ ഉണ്ടല്ലോ.മേയര്‍ ബ്രോ ആണ് താരം

എല്ലാവര്‍ക്കും മേയര്‍ വികെ പ്രശാന്ത് ബ്രോ ആയത് ഇപ്പോഴാണ്. എനിക്ക് അദ്ദേഹം പണ്ടേ ബ്രോയാണ്. എന്റെ സഹോദരന്‍ തന്നെയാണ് അദ്ദേഹം. എന്റെ വാര്‍ഡാണ് കുന്നുകുഴി. എന്റെ വാര്‍ഡിലേക്ക് വേണ്ട പ്രവര്‍ത്തനങ്ങളില്‍ എന്നെ സഹായിക്കാറുണ്ട് അദ്ദേഹം. പിന്നെ വലിയ അഹങ്കാരമോ ജാഡയോ ഇല്ല അദ്ദേഹത്തിന്. നഗരസഭയിലെ കളക്ഷന്‍ പോയിന്റ് കണ്ട എല്ലാവര്‍ക്കും അത് മനസിലായിക്കാണും. വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് മാറി നില്‍ക്കുകയല്ല അദ്ദേഹം, ഒപ്പം നിന്ന് അതൊക്കെ നോക്കുകയും നമ്മളെ സഹായിക്കുകയും ചെയ്ത ആളാണ്. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. അദ്ദേഹം പോലും ഉറക്കമില്ലാതെ രാപകല്‍ പണിയെടുത്തു. അത് മാത്രമല്ല, നഗരസഭയുടെ ഭരണസംവിധാനവും നോക്കണം. കൃത്യമായ ഏകോപനം എല്ലായ്‌പ്പോഴും അദ്ദേഹം നടത്തി. കേരളം കണ്ടതില്‍ വെച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ക്യാപ്റ്റനാണ് അദ്ദേഹം. പക്ഷേ, വിഷമമുള്ള കാര്യമെന്തെന്നാല്‍, 100 കൗണ്‍സിലര്‍മാരുണ്ട്. പക്ഷേ എത്രപേര്‍ പ്രവര്‍ത്തിച്ചു, ഇതുമായി സഹകരിച്ചു. അതാണ് വിഷമിപ്പിച്ചത്.

ലോഡ് കൊണ്ടുപോകുന്നതിനൊപ്പം താങ്കളും ഉണ്ടായിരുന്നല്ലോ. ആ അനുഭവങ്ങള്‍.


കുറച്ച് പ്രാവശ്യം ലോഡ് കൊണ്ടുപോകുന്നതിനൊപ്പം ഞാനുമുണ്ടായിരുന്നു. നല്ല അനുഭവമാണത്. ശരിക്കും ഇവിടെ ഹീറോ നമ്മുടെ ലോറി ഡ്രൈവര്‍മാരാണ്. ഇത്രയും ദൂരം പല തവണ അവര്‍ യാത്ര ചെയ്തു. അതും നഗരസഭയുടെ ലോറിയാണ്, വലിയ വണ്ടിയാണ്. വഴി നിറയെ ബ്ലോക്കൊക്കെയാണ്. വണ്ടിയും പഴയ വണ്ടിയാണ്. അത് ഓടിക്കുക. തുടര്‍ച്ചയായി ഇത്രയും നേരം. അത് വലിയൊരു കാര്യമാണ്. കൂടെ വന്നപ്പോഴാണ് ഞാനതിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കിയത്. ഉറക്കം പോലുമില്ലാതെ തുടര്‍ച്ചയായി അവര്‍ ജോലി ചെയ്തു. നട്ടെല്ല് വെള്ളമാകുക എന്നൊക്കെ പറയാറില്ല, അതുപോലെയുള്ള ജോലിയാണ്. അവരാണ് താരം.വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വികെ പ്രശാന്തിന്റെ പ്രവര്‍ത്തനമെന്ന് ആരോപണങ്ങളുണ്ട്.

ഇത്തരം ആരോപണങ്ങള്‍ തള്ളിക്കളയുകയാണ്. നമുക്ക് രാഷ്ട്രീയമല്ല വലുത്. കഷ്ടപ്പെടുന്നവരെ, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയെന്നതാണ്. ആളുകള്‍ക്ക് കൈത്താങ്ങാകുകയാണ് ലക്ഷ്യം. എനിക്ക് വികെ പ്രശാന്ത് എന്ന വ്യക്തിയെ നന്നായി അറിയാം. അദ്ദേഹം ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ സഹായിക്കും. അതില്‍ രാഷ്ട്രീയമില്ല. അധികാരം സ്വപ്‌നം കണ്ടൊന്നും പോകില്ല. ഇത് ചെയ്യുന്നത് അതിന് വേണ്ടിയുമല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഇങ്ങനെ പറയുന്നവര്‍ പറയും. അവരുടെ വായടപ്പിക്കാന്‍ നടന്നാല്‍ പറ്റില്ലല്ലോ.

പശ്ചിമഘട്ടത്തിലെ പ്രകൃതി ക്ഷോഭങ്ങളെ കുറിച്ച് വിജു ബി എഴുതിയ പുസ്തകം വാങ്ങാം: ആമസോണ്‍.ഇന്‍

Comments
Loading...