സൈറാബാനുവിന് പിന്നിലെ അന്‍പേശിവം

പ്രശാന്ത് മേനോന്‍ എന്ന് പറഞ്ഞാല്‍ അധികമാരും അറിയില്ല. ആ പേര് അധികമാരും അറിയാതെ പോയത് അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി പ്രശാന്ത് ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കിയതു കൊണ്ടാണ്. എന്നാല്‍ ആര്‍ ജെ ഷാന്‍ എന്ന് പറഞ്ഞാല്‍ ഏവര്‍ക്കും മനസ്സിലാകും. ഷാന്‍ എന്ന പേരില്‍ പ്രശസ്തിയുടേയും വിജയങ്ങളുടേയും കൊടുമുടികള്‍ കയറുന്ന പ്രശാന്ത് തന്റെ സിനിമയായ കെയര്‍ ഓഫ് സൈറാബാനുവിനെ കുറിച്ച് മീരയുമായി സംസാരിക്കുന്നു.

സൈറബാനു കഥ രൂപപ്പെട്ടത് എങ്ങനെയാണ്?

ഒരുപാട് റിയല്‍ലൈഫ് ഇന്‍സിഡന്റ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൈറാബാനു ഉണ്ടായിട്ടുള്ളത്. സത്യം പറഞ്ഞാല്‍ ഒരമ്മ മകന്റെ സ്വപ്നം നേടാന്‍ സഹായിക്കുന്ന കഥയായിട്ടാണ് ചിന്തിച്ചു തുടങ്ങിയത്. കോഴിക്കോട് ഐഐടിയിലെ രാഗം ഫെസ്റ്റിവല്ലില്‍ മൂന്നാമിടം എന്ന ഞങ്ങളുടെ ഷോര്‍ട്ട് ഫിലിം ഒന്നാമതെത്തിയപ്പോള്‍ രണ്ടാംസ്ഥാനം നേടിയ ഷോര്‍ട്ട്ഫിലിമിന് പുരസ്‌കാരം സ്വീകരിക്കാന്‍ വന്നത് ഒരമ്മയാണ്. ആ ഷോര്‍ട്ട്ഫിലിമിന്റെ ടെക്നിക്കല്‍ വശങ്ങളൊക്കെ ആ അമ്മ സംസാരിച്ചു. ഞാനല്ല, സോണിയാണ് മൂന്നാമിടത്തിനായി അന്ന് പുരസ്‌കാരം സ്വീകരിക്കാന്‍ പോയത്. ഈ സംഭവം അവന്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ അന്ന് സിനിമയ്ക്കായി കഥ നോക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അപ്പോഴാണ് അവന്‍ പറയുന്നത് എന്തുകൊണ്ട് ഇത് നമുക്ക് സിനിമ ആക്കിക്കൂടായെന്ന്. അങ്ങനെ ഫോട്ടോഗ്രാഫി പാഷനായ ഒരാണ്‍കുട്ടിയും അവന്റെ സ്വപ്നം നേടാന്‍ സഹായിക്കുന്ന അമ്മയും എന്ന നിലയില്‍ ചിന്തിച്ചു. പിന്നെ, അവന്‍ പഠിക്കുന്നത് ലോ കോളേജില്‍ ആക്കി. എന്തുകൊണ്ട് ലോ കോളേജ് എന്ന വന്നപ്പോഴാണ് നിയമത്തിന്റെ കഥയിലേക്ക് എത്തുന്നത്. അങ്ങനെയാണ് ഇത് ക്രൈംത്രില്ലറാകുന്നത്. ഞാനും സോണിയും ഞങ്ങള്‍ എഴുതുന്ന ഓരോ വാക്കും വരിയും ചര്‍ച്ച ചെയ്ത് ആണ് കെയര്‍ ഓഫ് സൈറ ബാനു എന്ന അവസാന കഥയിലേക്ക് എത്തുന്നത്. രണ്ടാഴ്ച കൊണ്ട് കഥയെഴുതി, അഞ്ചു ദിവസം കൊണ്ട് തിരക്കഥയും പൂര്‍ത്തീകരിച്ചു. ഒരു ആര്‍.ജെ എന്ന നിലയില്‍ പല പ്രമുഖരെയും ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അങ്ങനെ എന്റെ ഷോയില്‍ വന്ന അഡ്വ. മനോജ് ആര്‍ നായര്‍ പറഞ്ഞ ഒരു വാക്യമാണ് സിനിമയുടെ കേന്ദ്രമായി വരുന്നത്, ‘ഹാന്‍ഡ് ഒഫ് ഗോഡ്, ദൈവത്തിന്റെ കരങ്ങള്‍’ എന്നത്. ഷോയില്‍ ഞാന്‍ അദ്ദേഹത്തോടു ചോദിച്ച ചോദ്യങ്ങളാണ് സിനിമയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങളായത്. സൈറാബാനുവിന് വേണ്ടിയുള്ള നിയമപരമായ എല്ലാ സംശയങ്ങളും തീര്‍ത്തു തന്നതും സഹായിച്ചതും അദ്ദേഹമാണ്.

കെയര്‍ ഓഫ് സൈറാബാനു പോസ്റ്റര്‍

ക്രൈം ത്രില്ലര്‍ എന്നതിലുപരി എന്തൊക്കെയോ പറയുന്നുണ്ട് ഈ സിനിമ?

ഹ്യൂമന്‍ പൊളിറ്റിക്സ് സംസാരിക്കുന്നുണ്ട് സൈറബാനു. എനിക്ക് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടാക്കിയ സിനിമയാണ് അന്‍പേ ശിവം. അതുപോലെ സൈലന്റായി ഹ്യൂമന്‍ പൊളിറ്റിക്സ് സംസാരിക്കുന്ന സിനിമ ഉണ്ടാക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. അതുപോലെ ഒരു ക്ലാസിക് ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലും മനുഷ്യരെ കുറിച്ച് സംസാരിക്കുന്നുണ്ട് സൈറബാനു. കെയര്‍ ഒഫ് സൈറാബാനു എന്ന പേരുപോലും അതാണ്. സ്വന്തമായി ഒരു അഡ്രസ് ഇല്ലാത്തവനെ കുറിച്ച്, അഡ്രസുണ്ടായിട്ടും പേരും പ്രശസ്തിയുമുണ്ടായിട്ടും മറക്കപ്പെട്ടു പോകുന്ന മനുഷ്യരെ പറ്റിയൊക്കെയാണ് സൈറബാനു പറയുന്നത്. എല്ലാ സിനിമയിലും രാമായണവും മഹാഭാരതവുമുണ്ട്, ഇതില്ലാത്ത കഥകളില്ലെന്ന് പണ്ട് ജഗതി ശ്രീകുമാര്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിട്ടുണ്ട്. അത് ശരിയാണ്. ഈ സിനിമയിലുമുണ്ട്. ഇതില്‍ കര്‍ണ്ണന്റെ സ്ഥാനത്താണ് അമല ചെയ്ത ആനിയെന്ന വക്കീല്‍. കൃഷ്ണന്റെ സ്ഥാനത്താണ് മഞ്ജുവിന്റെ സൈറ. ഒരേ പ്രതിസന്ധി രണ്ട് തരത്തിലുള്ള സ്ത്രീകള്‍ എങ്ങനെ നേരിടും എന്നുള്ള അന്വേഷണമാണ് ഈ സിനിമ. പഠിപ്പും പണവുമുള്ള വക്കീല്‍ എന്നത് തന്റെ ജോലിയായ ആനിയും ഒരു സാധാരണ വീട്ടമ്മയായ സൈറയും ആണ് ആ സ്ത്രീകള്‍. ഈ തിരക്കഥയില്‍ എല്ലാ കാര്യങ്ങളും പരസ്പരം കണക്ട് ചെയ്യപ്പെടുന്നുണ്ട്. ഭാവിയില്‍ തിരക്കഥ പഠനവിഷയമാക്കുന്ന കുട്ടികള്‍ക്ക് താല്‍പര്യം തോന്നുന്ന പലതും ഇതിലുണ്ട്.

സൈറബാനുവാകാന്‍ മഞ്ജുവാര്യര്‍?

കഥയെഴുതുമ്പോള്‍ ആരും മനസ്സില്‍ ഉണ്ടായിരുന്നില്ല. കഥയെഴുതി കഴിയട്ടെ എന്നാണ് ചിന്തിച്ചത്. എഴുതി കഴിഞ്ഞപ്പോഴാണ് ആരാവണം സൈറബാനു എന്ന ചിന്ത വന്നത്. വിദ്യാബാലന്‍, ശ്രീദേവി, കാജല്‍, മഞ്ജു വാര്യര്‍ ഇവരായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഈ സിനിമ മലയാളത്തില്‍ വന്നാലെ നന്നാവൂ എന്നറിയാമായിരുന്നു. മറ്റുള്ളവരെ മലയാളത്തില്‍ കൊണ്ടു വരിക എളുപ്പമല്ല. മലയാളത്തില്‍ ഇത് ചെയ്യാന്‍ മഞ്ജുവാര്യര്‍ അല്ലാതെ വേറെ ആരുമില്ല. ഈ പ്രായത്തില്‍ ഈ കഥാപാത്രം ആവശ്യപ്പെടുന്ന എല്ലാ ഭാവങ്ങളും മഞ്ജു വാര്യര്‍ എന്ന നടിയിലെ വരൂ. കളിക്ക് കളി, ദേഷ്യത്തിന് ദേഷ്യം എല്ലാം. സ്വപ്നം, സ്വപ്നഭംഗം, സന്തോഷം, വൈഷമ്യം, പ്രതിസന്ധി, ദേഷ്യം, വിജയം, പ്രതികാരം തുടങ്ങിയ ഭാവങ്ങള്‍ പ്രതിഫലിപ്പിക്കാനുണ്ട് ഈ കേന്ദ്രകഥാപാത്രത്തിന്. ഓരോന്നിനും ഓരോ ഭാവമാണ്. രണ്ടു തവണ കഥാപാത്രം തീരെ തളര്‍ന്നുപോകുന്നുണ്ട്. ഒന്നു മകന്‍ അവരെ ചോദ്യം ചെയ്യുമ്പോഴും രണ്ടാമത് ജഡ്ജി അവരെ പരിഹസിക്കുമ്പോഴും. ഈ ഇമോഷന്‍സ് എല്ലാം കൃത്യമായി ക്യാരി ചെയ്യുന്ന മുഖം മഞ്ജു ചേച്ചിയ്ക്കേ ഉള്ളൂ. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന സിനിമയില്‍ സംവിധാന സഹായികളായിരുന്നു ഞാനും സോണിയും. ഞങ്ങളുടെ ഒരാഗ്രഹമായിരുന്നു മഞ്ജു ചേച്ചിയ്ക്ക് ഒരു ട്രിബ്യൂട്ട് കൊടുക്കണമെന്നത്. സുഹൃത്തുക്കളാണെങ്കിലും അതിലുപരി ഭയങ്കര സ്നേഹമാണ് ചേച്ചിയ്ക്ക് ഞങ്ങളോട്. എനിക്കും ചേച്ചി എന്ന ഫീലിംഗാണ്.

പുതിയ സിനിമയായ ആമിയില്‍ കമല സുരയ്യയായി മഞ്ജു വാര്യര്‍.

മഞ്ജുവാര്യര്‍ എന്ന നടിയെ കൊണ്ടുവരിക വെല്ലുവിളിയായോ?

നായിക മഞ്ജു വാര്യര്‍ ആയതു കൊണ്ട് ഒരു വെല്ലുവിളിയും ഉണ്ടായിട്ടില്ല. അതേസമയം, സ്ത്രീകേന്ദ്രീകൃത കഥ പറയുന്നു എന്നുള്ളതു കൊണ്ട് വെല്ലുവിളി ഉണ്ടായിട്ടുണ്ട് താനും. ജനം എങ്ങനെ സ്വീകരിക്കും, എത്ര രൂപ കളക്ട് ചെയ്യപ്പെടും, അതുകൊണ്ട് എത്ര മുടക്കേണ്ടി വരും തുടങ്ങിയ കണക്കുകളാണ് വെല്ലുവിളിയായത്. എന്നാല്‍, നിര്‍മ്മാതാക്കള്‍ ഒരുപാട് പിന്തുണച്ചു. സൂചിയും നൂലിലും വരെ തിരക്കഥ ആവശ്യപ്പെട്ടതെല്ലാം നല്‍കാന്‍ അവര്‍ തയ്യാറായി. ട്രെയിന്‍ ഉപയോഗിച്ചുള്ള സീന്‍ മൂന്ന് തവണ റീക്രിയേറ്റ് ചെയ്യേണ്ടിയിരുന്നു.

ദൃശ്യവുമായുള്ള താരതമ്യപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നോ?

ഇല്ല. പക്ഷേ, അങ്ങനെ കേള്‍ക്കുന്നത് സന്തോഷമാണ്. മലയാള സിനിമാചരിത്രത്തിലെ നാഴികക്കല്ലാണ് ദൃശ്യം എന്ന ചിത്രം. അതുമായി തുലനം ചെയ്യപ്പെടുകയെന്നത് സന്തോഷമാണ്. പക്ഷേ, ദൃശ്യവുമായി താരതമ്യപ്പെടുത്താന്‍ ഒന്നുമില്ല സൈറബാനുവില്‍. ദൃശ്യവും മണിച്ചിത്രത്താഴുമൊക്കെ തിരക്കഥാ രചനാസമയത്ത് ഞങ്ങളുടെ റഫറന്‍സ് ആയിരുന്നു. ഒരുപക്ഷേ, മികച്ച തിരക്കഥകളൊക്കെ ഞങ്ങള്‍ റഫര്‍ ചെയ്തിട്ടുണ്ട്. ദൃശ്യത്തിന്റെ ആദ്യ 30 മിനിട്ട് കഥ പ്ളേസ് ചെയ്യുകയായിരുന്നു. സൈറാബാനുവിലും അതുതന്നെ. ഇന്റര്‍വെല്‍ സമയത്താണ് ഇരുസിനിമയിലെയും സസ്പെന്‍സ് ആരംഭിക്കുന്നത്. എന്നാല്‍, ദൃശ്യത്തില്‍ ക്രൈം എക്സ്പോസ് ചെയ്യുകയാണ്. പക്ഷേ, സൈറാബാനുവില്‍ ഞങ്ങള്‍ പറയുന്നത് കുറ്റം തെളിയിക്കപ്പെടുന്നത് വരെ ആരും കുറ്റവാളി അല്ല എന്നാണ്. ദൃശ്യത്തില്‍ തെളിവ് കുഴിച്ചുമൂടുന്നു. ഞങ്ങള്‍ തുറന്നുവയ്ക്കുന്നു. ഒരു വലിയ ബ്ളാങ്ക്സ്പേസ് ഞങ്ങളിട്ടിട്ടുണ്ട്. അത് കാണികള്‍ക്ക് ചിന്തിക്കാനുള്ളതാണ്. രണ്ടാംഭാഗത്തിന് വേണ്ടിയല്ല. അങ്ങനെ കാണി ചിന്തിക്കുന്നിടത്താണ് നല്ല സിനിമ ജനിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമ ഇന്ററാകീടീവ് ആകണം. എന്തായാലും ദൃശ്യത്തിന്റെ വിജയം കൂടി നേടാനായാല്‍ മതിയായിരുന്നു.

സിനിമയില്‍ മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടല്ലോ?

അദ്ദേഹം ഈ സിനിമയില്‍ എത്തിയാല്‍ ഒരു പ്രകാശം വരുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പീറ്റര്‍ ജോര്‍ജ്ജിന്റെ വേഷം ചെയ്യാന്‍ അദ്ദേഹം വന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, സ്വപ്നത്തില്‍ പോലും കരുതിയില്ല അത് നടക്കുമെന്ന്. അദ്ദേഹത്തെ കണ്ട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുമിനിട്ടാണ് കിട്ടിയത്. കിട്ടിയ സമയത്ത് കാര്യം അവതരിപ്പിച്ചു. അദ്ദേഹം സമ്മതിച്ചു. റെക്കാര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി. സിനിമ വേറെ ലെവല്‍ എത്തിയെന്ന്. ദൃശ്യം എന്ന സിനിമ ദൃശ്യത്തിലാണ് വിശ്വസിക്കുന്നതെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് അദൃശ്യത്തിലാണ്. ദൃശ്യം പോലെ പവര്‍ഫുളാണ് അദൃശ്യവും. തുടക്കത്തില്‍ ഞങ്ങള്‍ നന്ദി പറയുന്നതും ആ അദൃശ്യശക്തിക്കാണ്.

ആര്‍ ജെ ഷാന്‍

ആര്‍.ജെ ഷാന്‍. ശബ്ദം പരിചിതമാണല്ലോ മലയാളികള്‍ക്ക്

പതിനെട്ടാം വയസ്സിലാണ് ഞാന്‍ ആര്‍.ജെ ആകുന്നത്. കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. ദുബൈയിലെ റേഡിയോ സ്റ്റേഷനില്‍ ആളെ എടുക്കുന്നുവെന്ന പരസ്യം പത്രത്തില്‍ കണ്ടു. നിങ്ങളുടെ ശബ്ദം വില്‍ക്കുന്നോ എന്ന് ചോദിച്ചുകൊണ്ട്. ഞാന്‍ അപേക്ഷിച്ചു. ഒരുപാട് പേരുണ്ടായിരുന്നു ഇന്റര്‍വ്യൂവിന്. ചാനലിന്നും മറ്റുമായി. അവസാനം 7 പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ ഒന്ന് ഞാനായിരുന്നു. 2004ലായിരുന്നു അത്. പ്രശാന്ത് മേനോന്‍ എന്നായിരുന്നു പേര്. അച്ഛന്‍ ഇട്ട പേര് ചീത്തയാക്കേണ്ട എന്ന് കരുതി ആ പേര് ഒന്ന് ചെറുതാക്കി ഷാന്‍ എന്നാക്കി. പിന്നീടാണ്, അതിന് ഹിന്ദിയിലൊക്കെ ഒരുപാട് അര്‍ത്ഥമുണ്ടെന്നൊക്കെ അറിയുന്നത്. ഉഷ ഉതുപ്പ് മാഡം എന്നെ കാണുമ്പോള്‍ ഷാന്‍ എന്ന് തുടങ്ങുന്ന പാട്ട് പാടും.പിന്നെ രണ്ടര വര്‍ഷം കഴിഞ്ഞ് റേഡിയോ മാംഗോ തുടങ്ങിയപ്പോള്‍ കേരളത്തിലേക്ക് വന്നു.

പിന്നെ സിനിമയിലേക്ക്?

ആര്‍.ജെയിംഗിന് ഇടയിലാണ് സിനിമ പഠിക്കാന്‍ തോന്നിയത്. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ തുടങ്ങിയപ്പോള്‍ പോയി പഠിച്ചു. അതിന് ശേഷം തിരികെ വന്നു ക്ലബ് എഫ്.എമ്മില്‍ ചേര്‍ന്നു. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു വില്‍ അസിസ്റ്റന്റ് ആകാന്‍ അവസരം കിട്ടി. അത് കഴിഞ്ഞപ്പോഴാണ് മുരുകന്‍ എന്ന ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്. അത് കണ്ടിട്ടാണ് മൂന്നാമിടം എന്ന ഷോര്‍ട്ട് ഫിലിം ജയസൂര്യ നിര്‍മ്മിക്കാന്‍ തയ്യാറാകുന്നത്. വീണ്ടും ആര്‍.ജെയിംഗിലേക്ക്. അതിനിടയില്‍ സൈറാബാനുവും നടന്നു.

മൂന്നാമിടത്തിന് ശേഷം അഭിനയിച്ചില്ലേ?

നല്ല കഥാപാത്രവും അത് ഞാന്‍ ചെയ്താല്‍ നന്നാവും എന്ന തോന്നലുമുള്ള വേഷം ചെയ്യണമെന്നുണ്ട്. സൈറാബാനുവില്‍ അങ്ങനെ ഒരു വേഷമുണ്ടായില്ല. പിന്നെ, തുടക്കം തിരക്കഥാകൃത്ത് എന്ന നിലയില്‍ ആവണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അഭിനയമോഹം ഇതില്‍ അധികം കൊണ്ടു നടന്നില്ല എന്നതാണ് സത്യം.

കുടുംബം?

അച്ഛന്‍ പ്രഭാദാസ് മേനോന്‍. 30 വര്‍ഷമായി പ്രവാസിയാണ്. ഒരു ‘പള്ളിക്കല്‍ നാരായണന്‍’. ഇപ്പോള്‍ ചേട്ടന്‍ പ്രവീണും ഞാനും വിദേശത്ത് തന്നെയാണ്. അനുജന്‍ പ്രഗീത് നാട്ടിലുണ്ട്. അഡ്വര്‍ടൈസിംഗ് കമ്പനിയിലാണ്. പിന്നെ, അമ്മൂമ്മയുണ്ട്. ഒറ്റമുറി വീട്ടില്‍ അമ്മൂമ്മയുടെ മടിയില്‍ കിടന്ന് കഥ കേട്ട് വളര്‍ന്നതാണ് ഞങ്ങളൊക്കെ. രാമായണവും മഹാഭാരതവുമൊക്കെ അമ്മൂമ്മയാണ് മനസ്സിലാക്കി തരുന്നത്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് മീര)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More