ആനവണ്ടിയുടെ സ്വന്തം ബ്ലോഗര്‍

കേരളത്തിലെ പ്രമുഖ ബ്ലോഗര്‍മാരില്‍ ഒരാളാണ് കെ എസ് ആര്‍ ടി സി ബ്ലോഗിലൂടെ നമ്മുടെ സ്വന്തം ആനവണ്ടിയുടെ വിശേഷങ്ങളും കിതപ്പുകളും വയ്യായ്മകളും ജനശ്രദ്ധയിലേക്ക് കൊണ്ടു വന്ന സുജിത് ഭക്തന്‍. ആ ശ്രമത്തിനിടെ കെ എസ് ആര്‍ ടി സിയുടെ അധികൃതരില്‍ നിന്നും ഏറെ പീഡനങ്ങളും സുജിത് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ സുജിത് അഭിമുഖവുമായി പങ്കുവയ്ക്കുന്നു.

താങ്കള്‍ എഞ്ചിനീയറിങ്ങില്‍ നിന്നും എങ്ങനെയാണ് ബ്ലോഗിങ്ങിലേക്ക് എത്തിയത്?

ഞാന്‍ എഞ്ചിനീയറിങിന് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ബ്ലോഗിങ്ങിനെ പറ്റി അറിയുകയും ആദ്യം ഒരു മലയാളം ബ്ലോഗ് തുടങ്ങുകയും ചെയ്തു. അതില്‍ കുറച്ച് കാര്യങ്ങളൊക്കെ ആഡ് ചെയ്ത് തുടങ്ങി. അങ്ങനെ സ്വന്തമായൊരു ഏതെങ്കിലും ഒരു പര്‍ട്ടികുലര്‍ ടോപ്പിക്കില്‍ ബ്ലോഗ് ചെയ്യണമെന്നൊരു ആഗ്രഹം വന്നു. വ്യത്യസ്തമായ ഒരു ടോപ്പിക് എഴുതണമെന്ന് തോന്നി. അതിനുവേണ്ടിയുള്ള അന്വേഷണമാണ് കെ എസ് ആര്‍ ടി സിയിലെത്തിയത്. 2008 കാലഘട്ടത്തില്‍ കെ എസ് ആര്‍ ടി സിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ അധികം കണ്ടന്റൊന്നും ഇല്ലായിരുന്നു. അപ്പോള്‍ എന്തുകൊണ്ട് കെ എസ് ആര്‍ ടി സിയെ കുറിച്ച് എഴുതിക്കൂടെന്ന ആലോചന വരികയും കെ എസ് ആര്‍ ടി സിയെ കുറിച്ചുള്ള കുറച്ച് വിവരങ്ങള്‍ വച്ച് ബ്ലോഗ് ചെയ്യുകയും പിന്നീടത് സക്‌സസ്ഫുള്‍ ആകുകയും ചെയ്തു.

കെ എസ് ആര്‍ ടി സി ബ്ലോഗിന്റെ വളര്‍ച്ച എന്നിവയെ കുറിച്ച് വിവരിക്കാമോ?

2008-ല്‍ തുടങ്ങിയതാണെങ്കില്‍ പോലും കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കിടയിലാണ് നല്ലൊരു വളര്‍ച്ചയിലെത്തിയത്. ആ വളര്‍ച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചതും ഞങ്ങളെ സഹായിച്ചതും ആനവണ്ടി.കോം എന്ന വെബ്‌സൈറ്റാണ്. കെ എസ് ആര്‍ ടി സി ബസുകളുടെ കംപ്ലീറ്റ് സമയവിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് ഞങ്ങള്‍ ആരംഭിച്ച വെബ്‌സൈറ്റാണ് ആനവണ്ടി.കോം. ഈ ആനവണ്ടി.കോമില്‍ കെഎസ് ആര്‍ ടി സി ഓപ്പറേറ്റ് ചെയ്യുന്ന ഓര്‍ഡിനറി മുതലുള്ള എല്ലാ ബസുകളുടേയും സമയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി. അതൊരു ഡ്രീം പ്രോജക്ടായിരുന്നു. ആ വെബ്‌സൈറ്റ് വന്നതോടു കൂടിയാണ് ആനവണ്ടിയെന്നൊരു പേര് ബ്രാന്‍ഡ് നെയിമാകുകയും കെ എസ് ആര്‍ ടി സി ബ്ലോഗ് എന്നതിനെ ആനവണ്ടി.കോം എന്ന രീതിയില്‍ കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്തു.

സുജിത് ഭക്തന്‍

വളര്‍ച്ചയ്ക്ക് വളരെയധികം സഹായിച്ചത് സോഷ്യല്‍ മീഡിയയും പത്ര ദൃശ്യ മാധ്യമങ്ങളുമാണ്. ഓര്‍ക്കുട്ട് ഉണ്ടായിരുന്ന കാലഘട്ടം മുതല്‍ തന്നെ ഞങ്ങള്‍ കെ എസ് ആര്‍ ടി സിയെ ഇഷ്ടപ്പെടുന്നവരുടെ ഒരു കമ്മ്യൂണിറ്റി ഡവലെപ്പ് ചെയ്തു കൊണ്ടു വന്നിരുന്നു. ഇപ്പോള്‍ ഫേസ് ബുക്കില്‍ അഞ്ചര ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പേജുണ്ട്. ഒരു ലക്ഷത്തോളം അംഗങ്ങളായുള്ള ഫേസ് ബുക്ക് ഗ്രൂപ്പുണ്ട്. അതൊക്കെ ബ്ലോഗിന്റേയും വെബ്‌സൈറ്റിന്റേയും വളര്‍ച്ചയ്ക്ക് സഹായകരമായി.

കെ എസ് ആര്‍ ടി സി ബ്ലോഗ് കാരണം കെ എസ് ആര്‍ ടി സി അധികൃതരുമായി നടത്തേണ്ടി വരുന്ന യുദ്ധത്തെ കുറിച്ച് വിവരിക്കാമോ?

കെ എസ് ആര്‍ ടി സി ബ്ലോഗ് തുടങ്ങിയ സമത്ത് സെന്‍കുമാര്‍ സാറായിരുന്നു കെ എസ് ആര്‍ ടി സിയുടെ എംഡി. സാറ് ഏറെ സഹായിച്ചിരുന്നു. പിന്നീട് ബ്ലോഗിന്റെ വളര്‍ച്ച കൂടിക്കൂടി വന്നപ്പോഴത് ചില കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ പാരയായി വരുന്ന ഒരു അവസ്ഥയുണ്ടായി. നമ്മളെഴുതുന്ന പല കാര്യങ്ങളും അവര്‍ക്ക് ഇഷ്ടപ്പെടാതെ വരികയും അവര്‍ ചെയ്യുന്ന മണ്ടത്തരങ്ങളും തെണ്ടിത്തരങ്ങളും നമ്മള്‍ തുറന്ന് എഴുതുകയും അവര്‍ക്ക് അത് ബുദ്ധിമുട്ടായി വരികയും ചെയ്തു. അപ്പോള്‍ ചില വിഷയങ്ങളുണ്ടായി. അങ്ങനെ ഒരു കൂട്ടം ആളുകള്‍ ഞങ്ങളൊന്നും ചെയ്യേണ്ടയെന്ന തരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്. നമ്മള്‍ ആനവണ്ടി ചെയ്യാനായി ബസുകളുടെ സമയം ചോദിച്ചിട്ടു പോലും അവര്‍ തന്നിരുന്നില്ല. നീണ്ട ഒരു വര്‍ഷം വിവരാവകാശ നിയമം ഉപയോഗിച്ചുള്ള പോരാട്ടത്തെ തുടര്‍ന്നാണ് ആ ഡാറ്റ പോലും ഞങ്ങള്‍ കളക്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍, ഞങ്ങള്‍ കെ എസ് ആര്‍ ടി സിക്ക് സൗജന്യമായിട്ട് ഓണ്‍ലൈന്‍ പ്രൊമോഷനാണ് ചെയ്യുന്നത്. ആ ഓണ്‍ലൈന്‍ ഒരു പ്രൊമോഷന്‍ വേണ്ടയെന്നാണ് അന്നും ഇന്നും കെ എസ് ആര്‍ ടി സി പറയുന്നത്. നിങ്ങള്‍ എന്തു ചെയ്താലും ഞങ്ങള്‍ക്ക് ഒരു വിഷയവുമില്ല എന്ന നിലപാടിലാണ് അവര്‍. ഒടുവിലത് നിയമനടപടികളില്‍ ലകലാശിച്ചു. അങ്ങനെ വന്നപ്പോള്‍ ട്രാവല്‍ പോലുള്ള മറ്റുകാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആനവണ്ടിയെ വിപുലപ്പെടുത്തി.

കെ എസ് ആര്‍ ടി സി വെള്ളാനയായി മാറിയതിന് കാരണം താങ്കളുടെ അഭിപ്രായത്തില്‍ എന്താണ്?

അതിലെ ജീവനക്കാരാണ് കെ എസ് ആര്‍ ടി സി വെള്ളാനയായി മാറാന്‍ കാരണമെന്ന് ഞാന്‍ പറയില്ല. ഉയര്‍ന്ന തലത്തിലുള്ള ചില ഉദ്യോഗസ്ഥരുടെ സ്വഭാവം, കഴിവില്ലായ്മ, തന്റേടമില്ലായ്മ, വേണ്ടത്ര യോഗ്യത ഇല്ലാത്ത, തീരുമാനം എടുക്കാന്‍ കഴിവില്ലാത്ത, എടുത്താല്‍ തന്നെ പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്ത കുറച്ച് ഉദ്യോഗസ്ഥര്‍ അവിടെയുള്ളതു കൊണ്ട് മാത്രമാണ് കെ എസ് ആര്‍ ടി സി വെള്ളാനായായി മാറിയത്.

കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടത്?

പൊതുസേവനം എന്ന നിലയില്‍ സര്‍ക്കാരിന് ഇതില്‍ കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര സഹായം കെ എസ് ആര്‍ ടിസിക്ക് ലഭിക്കാതെ വരുന്നുണ്ട്. ബസുകള്‍ വാങ്ങുന്നതിലും കടങ്ങള്‍ എഴുതി തള്ളുന്നതിലും ഡീസല്‍ സബ്‌സിഡിയിനത്തില്‍ കിട്ടുന്നതിനും തുടങ്ങി ഒത്തിരി കാര്യങ്ങളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചകള്‍ ചെയ്തു കൊടുക്കാമായിരുന്നു ഒരു പൊതു മേഖലാ സ്ഥാപനം എന്ന നിലയ്ക്ക്. എന്നാല്‍ സര്‍ക്കാര്‍ അതൊന്നും ചെയ്യുന്നില്ല.

ടെക് ട്രാവല്‍ ഈറ്റ് ബ്ലോഗിനെ കുറിച്ച്

കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ ടെക് ട്രാവല്‍ ഈറ്റ് ബ്ലോഗ് തുടങ്ങിയിട്ട്. ടെക്‌നോളജി, ട്രാവല്‍, ഭക്ഷണം സംബന്ധിച്ചുള്ള വീഡിയോസും ടെക്‌നോളജി റിവ്യൂ, ആപ് റിവ്യൂ ഹോട്ടലുകളുടെ റിവ്യൂ ഒക്കെ വീഡിയോ ബ്ലോഗിങ് ശൈലിയില്‍ കുറച്ച് വീഡിയോസ് ഉണ്ടാക്കി ഒരു യൂട്യൂബ് ചാനലും ഒരു വെബ്‌സൈറ്റും കൊണ്ടു പോകുന്നു. വീഡിയോയിലാണ് പ്രധാനമായും കോണ്‍സെന്‍ട്രേറ്റ് ചെയ്യുന്നത്. അതാണ് ടെക് ട്രാവല്‍ ഈറ്റ്. ഒരു ലൈഫ് സ്റ്റൈല്‍ ബ്ലോഗ്.

ബ്ലോഗിങിലെ വരുമാനം കൊണ്ട് ഇന്ന് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് എങ്ങനെ?

തീര്‍ച്ചയായും, ബ്ലോഗിങ് ആണ് എന്റെ പ്രധാന വരുമാന മാര്‍ഗം. എനിക്ക് മറ്റൊരു ജോലിയില്ല. ഞാന്‍ മറ്റൊരു സ്ഥലത്ത് വര്‍ക്ക് ചെയ്തിട്ടില്ല. ബ്ലോഗിങ്ങില്‍ നിന്നുള്ള വരുമാനമാണ് എന്റെ ആശ്രയം. സ്വാഭാവികമായും നമ്മള്‍ ഒരു വെബ്‌സൈറ്റ് ചെയ്യുമ്പോള്‍ പരസ്യങ്ങളും മറ്റും ഉള്‍പ്പെടുത്തുമല്ലോ. ആ പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് എന്റെ ജീവിത മാര്‍ഗ്ഗം.

ബ്ലോഗിങ്ങിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണ്?

ബ്ലോഗിങ് ഒരു പാര്‍ട്ട് ടൈം ആയി തുടങ്ങുക. പെട്ടെന്ന് വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ആഗ്രഹിക്കരുത്. പതിയെ വരുമാനം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. ഒന്നര രണ്ടു വര്‍ഷമെടുത്തു ബ്ലോഗില്‍നിന്ന് ആദ്യ വരുമാനം ലഭിക്കാന്‍. നിങ്ങള്‍ക്ക് എഴുതാന്‍ കഴിവുണ്ടെങ്കില്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാന്‍ കഴിവുള്ള വ്യക്തിയാണെങ്കില്‍ ഈ മേഖലയിലേക്ക് വരാന്‍ സാധിക്കും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More