ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നന്നായി വിയര്‍ക്കാതെ എല്‍ഡിഎഫിന് വിജയിക്കാനാകില്ല: ചെങ്ങറ സുരേന്ദ്രന്‍

മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര നിയോജകമണ്ഡലം. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കുന്നത്തൂര്‍, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി യു ഡി എഫിന്റെ കൊടിക്കുന്നില്‍ സുരേഷാണ് ഇവിടുത്തെ എം പി.

2014-ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചെങ്ങറ സുരേന്ദ്രനെ 32,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കൊടിക്കുന്നിലിന് കഴിഞ്ഞുവോ, എം പിയുടെ വീഴ്ച്ചകള്‍ എന്തെല്ലാമാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുന്‍ എം പി കൂടിയായ ചെങ്ങറ സുരേന്ദ്രന്‍ മറുപടി പറയുന്നു. അനു നടത്തിയ അഭിമുഖം.

കഴിഞ്ഞ 10 വര്‍ഷം മാവേലിക്കര മണ്ഡലത്തില്‍ ഉണ്ടായ വികസനത്തെ എല്‍ ഡി എഫ് എങ്ങനെ കാണുന്നു?

മാവേലിക്കര മണ്ഡലത്തെ വളരെ പിന്നോട്ടടിച്ച ഒരു കാലഘട്ടമായിരുന്നു കഴിഞ്ഞ 10 വര്‍ഷം. വികസന പ്രവര്‍ത്തനങ്ങളില്ല, പുതിയ പദ്ധതികളില്ല, എന്തിനു എം പി യെ പോലും മണ്ഡലത്തില്‍ കാണാന്‍ ഉണ്ടായില്ല. ഇതാണോ ഒരു ജനപ്രതിനിധി ചെയ്യേണ്ടത്, ഒരു സമയത്ത് കേന്ദ്ര സഹമന്ത്രി കൂടി ആയിരുന്ന വ്യക്തിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും. തെരഞഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞതെങ്കിലും നടപ്പാക്കിയോ, കൊല്ലം ചെങ്കോട്ട ബ്രോഡ് ഗേജ് അദ്ദേഹം പൂര്‍ത്തികരിച്ച പദ്ധതി അല്ല. എഴുകോണ്‍ മേഖലയില്‍ അതിനു വേണ്ടി ഭൂമി പ്രശ്‌നം ഉണ്ടായി. അന്ന് അത് പരിഹരിച്ചത് എം പി യായിരുന്ന ഞാനാണ്. പിന്നെന്തു വികസനമാണ് കൊടിക്കുന്നില്‍ നടപ്പാക്കിയിരിക്കുന്നത്.

കൊല്ലം – ചെങ്കോട്ട ബ്രോഡ് ഗേജ് പാത പൂര്‍ത്തീകരിച്ചത് കൊടുക്കുന്നില്‍ സുരേഷ് എം പി യായിരുന്നപ്പോഴാണ് എന്നത് നേട്ടമല്ലേ?

2009-ല്‍ തെരഞ്ഞെടുപ്പു കാലത്തു തന്നെ അതു കമ്മിഷന്‍ ചെയ്തിരുന്നു. 1998-ല്‍ തുടങ്ങിയ പദ്ധതിയാണത്. അന്നും ഞാനായിരുന്നു എംപി. ഏറെ പ്രശ്‌നം സൃഷ്ടിച്ച എഴുകോണിലെ സ്ഥലമെടുപ്പും മറ്റും പരിഹരിച്ചതും എന്റെ കാലത്താണ്.

മീറ്റര്‍ഗേജ് പാത ബ്രോഡ്‌ഗേജാക്കുന്നതിനായി 2010 സെപ്റ്റംബറിലാണ് പുനലൂര്‍ ചെങ്കോട്ട പാതയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. തമിഴ്‌നാട് ഭാഗത്തെ പണികളും കൊല്ലം പുനലൂര്‍ ഭാഗത്തേ നിര്‍മാണവും നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും ചെങ്കുത്തായ കയറ്റിറക്കങ്ങളുമുള്ള വനത്തിലൂടെയുള്ള പാത നിര്‍മാണമാണു പദ്ധതി ഇത്രയും വൈകിച്ചത്.

ഇടക്കാലത്ത് ആവശ്യത്തിനു ഫണ്ട് ലഭിക്കാതിരുന്നതും കരാറുകാരുടെ അഴിമതിയും പദ്ധതിയെ പിന്നോട്ടടിച്ചു. എഴുകോണ്‍ ഭാഗത്ത് വസ്തു ഏറ്റെടുക്കുന്നതുമായി പ്രശ്‌നങ്ങളുണ്ടായി. അത് ജനങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹരിച്ചാണ് മുന്നോട്ട് പോയത് ഞാനും കൊല്ലത്തു പി.രാജേന്ദ്രനും എംപിമാരായിരിക്കുമ്പോഴാണു. കൊടിക്കുന്നിലിന് അതില്‍ ഒരു പങ്കുമില്ല. കൊല്ലം – പുനലൂര്‍ ഭാഗം കമ്മിഷന്‍ ചെയ്തിട്ടും അതുവഴി ദീര്‍ഘദൂര ട്രെയിനുകളൊന്നും ഓടിക്കാന്‍ കഴിഞ്ഞില്ല.

കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കൊല്ലം, മാവേലിക്കര എംപിമാര്‍ ഇടപെടാതെ ജനങ്ങളെ വഞ്ചിക്കുകയാണ്. കൊല്ലം താംബരം എഗ്മോര്‍ ട്രെയിന്‍ പ്രതിദിന സര്‍വീസ് ആക്കിയിട്ടില്ല. വേളാങ്കണ്ണി ട്രെയിന്‍ ആരംഭിച്ചുവെങ്കിലും അത് മാര്‍ച്ച് വരെ മാത്രമുള്ള പ്രതിവാര സര്‍വീസാണ്.

കുട്ടനാട് പാക്കേജ് വിജയകരമായ പദ്ധതിയല്ലേ?

അതാണ് ഏറ്റവും വലിയ പരാജയം. പദ്ധതി ഒരിഞ്ച് പോലും നീങ്ങിയില്ല. കുറേ പണം പാഴാക്കിയെന്നു മാത്രം. കുട്ടനാട്ടില്‍ ഇപ്പോഴും ശുദ്ധജലത്തിനു ക്ഷാമമാണ്. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പ്രധാന ലക്ഷ്യം കടല്‍നിരപ്പിനു കുട്ടനാടിന്റെ തനതു വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു കര്‍ഷകര്‍ക്കു സുസ്ഥിര വരുമാനം ഉറപ്പാക്കലാണ്.

അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടില്‍ ഊന്നല്‍ കൊടുത്തതു പരിസ്ഥിതി പുനഃസ്ഥാപനത്തിനും പ്രളയ നിയന്ത്രണത്തിനും. ഇതു പ്രകാരം ആദ്യം നടത്തേണ്ടിയിരുന്നത് ആലപ്പുഴ ചങ്ങനാശേരി കനാലിന്റെ നീളവും ആഴവും കൂട്ടല്‍, തണ്ണീര്‍മുക്കം ബണ്ടിന്റെയും വേമ്പനാടു കായലിന്റേയും തോടുകളുടെയും നവീകരണം എന്നിവയായിരുന്നു. അതൊന്നും എങ്ങുമെത്തിയില്ല. ഏകോപനമില്ലായ്മയായിരുന്നു അതില്‍ പ്രധാനം.

മണ്ഡലത്തില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നാണോ?

വികസനമെന്നാല്‍ ഒരു പദ്ധതിയില്‍ ഒപ്പ് വച്ച് സാങ്കേതിക കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങിയാല്‍ മതിയോ അത് നടക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ പ്രോഗ്രസ് എന്താണ് എന്ന് വിലയിരുത്തണം. അതിന് മൂന്ന് മാസം കൂടുമ്പോള്‍ റിവ്യൂ മീറ്റിംഗ് വിളിച്ചുകൂട്ടണം. കലക്ടര്‍ക്കാണ് പദ്ധതിയുടെ ചുമതലക്കാരന്‍. അപ്പോള്‍ കലക്ടര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ വിളിച്ച് മീറ്റിംഗ് നടത്തണം. അതൊക്കെ എം പി യുടെ കടമയാണ്.

നൂറനാട് ഇന്തോ-ടിബറ്റന്‍ പൊലീസ് ബറ്റാലിയന്‍ ആരംഭിച്ചല്ലൊ ?

എന്തിന്. ജനങ്ങള്‍ക്ക് എന്ത് പ്രയോജനമാണ് അതുകൊണ്ടുള്ളത്. അതിനു മാത്രം എന്ത് ക്രമസമാധാന പ്രശ്‌നമാണ് അവിടെയുള്ളത്. സത്യത്തില്‍ അവിടെ വേണ്ടത് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ള ഒരുകുഷ്ഠരോഗ ആശുപത്രിയാണ് അവിടെ വേണ്ടത്. ഈ ബറ്റാലിയനായി അനുവദിച്ച ഭൂമി പോലും ഈ രോഗികള്‍ക്ക് കൃഷിയ്ക്കായി അനുവദിച്ചതാണ്.

എം പി ഫണ്ട് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമാണോ?

ഞാന്‍ എം പി യായിരുന്ന സമയത്ത് ഒരു കോടിയായിരുന്നു എം പി ഫണ്ട്.ഇപ്പോള്‍ അത് അഞ്ച് കോടിയാണ്. അപ്പൊ മൊത്തം 25 കോടിയുടെ വികസനമാണ് മണ്ഡലത്തില്‍ നടക്കേണ്ടത്. ഞാന്‍ ചോദിക്കട്ടെ അങ്ങനെ എന്തു വികസനമാണ് ഇവിടെ നടന്നിട്ടുള്ളത്. എം പി താമസിക്കുന്ന കൊട്ടാരക്കരയിലുമുണ്ട് ഒരു റയില്‍വേ സ്റ്റേഷന്‍. അവിടെ എന്തു ചെയ്തു? പ്രധാനപ്പെട്ട ഇഎസ്‌ഐ ആശുപത്രിയാണ് എഴുകോണിലേത്. അവിടെ ഒന്നും ചെയ്തില്ലല്ലൊ. ആകെ 38 ശതമാനം തുക മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്.


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്നില്‍ ഉയരുന്ന പ്രധാന വെല്ലുവിളിയാണ് ശബരിമല. എങ്ങനെ നോക്കിക്കാണുന്നു ?

അത് തികച്ചും പരമാര്‍ത്ഥമാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്നില്‍ ഉയരുന്ന പ്രധാന വെല്ലുവിളിയാണ് ശബരിമല. പക്ഷെ ശബരിമലയിലെ യുവതീ പ്രവേശനം എന്നത് കോടതി വിധിയാണ്. അത് നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യമാകും. അത് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ ശബരിമല പ്രധാന വിഷയമായി ഉന്നയിക്കുന്നത് ബിജെപിയാണ്. കാരണം അവര്‍ക്ക് വേറെ ഒന്നും ഉന്നയിക്കാന്‍ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച്ചകള്‍ ശബരിമല വച്ച് മറയ്ക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഇന്ന് നില്‍ക്കുന്ന പല കാര്യങ്ങളിലും പല ഘടകങ്ങളിലും മാറ്റംവരും. പുതുതായി ഉടലെടുക്കുന്ന ചില കാര്യങ്ങള്‍ അതാവും പിന്നെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക. എന്നിരുന്നാലും വരുന്ന തെരഞ്ഞെടുപ്പില്‍ നല്ല പോലെ വിയര്‍ക്കാതെ വിജയം കൈവരിക്കാന്‍ എല്‍ ഡി എഫിനാവില്ല. ഇന്നത്തെ സാഹചര്യം കാണിക്കുന്നത് അതാണ്.

കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഇരട്ടകൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ളത് സിപിഐഎം പ്രവര്‍ത്തകരാണല്ലൊ ?

ഒരിക്കലും പാര്‍ട്ടി അറിഞ്ഞല്ല ഇതൊന്നും നടക്കുന്നത്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ അത്തരത്തില്‍ ഒരു പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തെ തകര്‍ക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാസര്‍കോട് നടന്ന ഇരട്ടകൊലപാതകത്തില്‍ അന്വേഷണം ഫലപ്രദമായി നടത്തണമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനു മുന്‍പുള്ള കൊലപാതകങ്ങള്‍. നെയ്യാറ്റിന്‍കര ഉപ
തെരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ടി പി കൊലക്കേസ് ഉണ്ടായത്. സത്യത്തില്‍ എന്തുകൊണ്ടാണ് അങ്ങനെ. ഇത് പാര്‍ട്ടിയെ ബാധിക്കുമെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെ?

അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് പാര്‍ട്ടിയുടെ അറിവോടെയല്ല ഇത് നടക്കുന്നത് എങ്കില്‍ പോലും ഇവ തെരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചയാകും. അതുറപ്പാണ്. പിന്നെ കഴിഞ്ഞ ദിവസം നടന്ന കൊലപാതങ്ങളെ കുറിച്ചാണെങ്കില്‍ അത് തദ്ദേശീയമായി നടന്ന തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് അറിവ്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം കേരളത്തില്‍ 20 രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നു?

ഞാന്‍ ചോദിക്കട്ടെ ഈ രാഷ്ട്രീയകൊലപാതകങ്ങളുടെ പിന്നില്‍ എല്‍ ഡി എഫ് ആണെന്ന് പറയാന്‍ കഴിയുമോ. ഇവിടെ ആര്‍ എസ് എസ് അഴിച്ചു വിടുന്ന ആക്രമണത്തിന് സമാനതയുണ്ടോ? പിന്നെ പിണറായി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും മികച്ച ഭരണകൂടങ്ങളില്‍ ഒന്നാണേന്ന് സംശയമില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

bjp chengara surendran congress cpim kerala kodikunnil suresh ldf loksabha election 2019 pinarayi vijayan political killings rss sabarimala udf