പുല്‍വാമ ഭീകരാക്രമണം: സത്യാവസ്ഥ അറിയാനുള്ള അവകാശം ജനത്തിനുണ്ട്‌: എന്‍ കെ പ്രേമചന്ദ്രന്‍ എംപി

ആര്‍ എസ് പി യെ മനസ്സുകൊണ്ട് സ്വീകരിച്ച മണ്ണാണ് കൊല്ലത്തിന്റേത്. ആര്‍ എസ് ഉണ്ണി, ബേബി ജോണ്‍ തുടങ്ങിയ അതികായന്മാരെ സ്വന്തം വീട്ടിലെ കാരണവന്മാരെ പോലെ സ്‌നേഹിച്ചിരുന്ന പഴമക്കാര്‍ ഇന്നുമുണ്ട് അഷ്ടമുടിയുടെ മണ്ണില്‍. കരിമണലിന്റെ കരുത്തും തിളക്കവുമായിരുന്നു ആര്‍ എസ് പി യ്ക്ക് ഒരു കാലത്തുണ്ടായിരുന്നത്.

കേരളത്തില്‍ ആര്‍ എസ് പി വളരെക്കാലം ഇടതു മുന്നണിയോടൊപ്പമായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കില്ലെന്ന നിലപാട് എല്‍ഡിഎഫ് എടുത്തതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫില്‍ എത്തുകയായിരുന്നു. കഴിഞ്ഞ തവണ കൊല്ലത്ത് എം എ ബേബിയെ തോല്‍പിച്ച എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാണ് ഇക്കുറിയും യു ഡി എഫ് സ്ഥാനാര്‍ത്ഥി. സിറ്റിംഗ് എം പി എന്ന നിലയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അനു ശാന്തയുമായി സംസാരിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി. താങ്കളാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്ന് ഉറപ്പായി. താങ്കള്‍ ഈ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

എം പി എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനകരമായ ടേമായിരുന്നു ഇത്. കൊല്ലത്തിന്റെ ഏറെ വര്‍ഷത്തെ ആവശ്യമായിരുന്നു ബൈപ്പാസ്. അത് പൂര്‍ത്തീകരിക്കുന്നതില്‍ എനിക്കും പങ്കാളിയാകാന്‍ കഴിഞ്ഞു.

1971-ലാണ് കൊല്ലം ബൈപാസ് എന്ന ആശയം ഉയര്‍ന്ന് വരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങളും രാഷ്ട്രീയ വിവാദങ്ങളും നിര്‍മാണത്തെ അനിശ്ചതിമായി വൈകിപ്പിച്ചു. വര്‍ഷങ്ങളായി മുടങ്ങി കിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2015-ലാണ് പുനരാരംഭിച്ചത്. കൊട്ടിയം മേവറത്ത് തുടങ്ങി കാവനാട് അവസാനിക്കുന്ന ബൈപാസ്സിന് 13.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 352 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.

കേന്ദ്ര വിഹിതമായ 176 കോടി രൂപ തടസ്സമില്ലാത്തെ ലഭ്യമാക്കിയതാണ് പദ്ധതി ഇത്ര വേഗത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ കാരണം. പിന്നെ അതുപോലെ തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലം റയില്‍ വേ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്ത രണ്ടാം ടെര്‍മിനല്‍.

കൊല്ലം തിരുമംഗലം ദേശീയപാതയ്ക്ക് അഭിമുഖമാണ് പുതിയ കവാടം. ബുക്കിങ് ഓഫിസ്, സര്‍ക്കുലേറ്റിങ് ഏരിയ, പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ചുള്ള നടപ്പാലം, എസ്‌കലേറ്റര്‍, ലിഫ്റ്റ് എന്നിവ രണ്ടാം പ്രവേശന കവാടത്തിന്റെ ഭാഗമായുണ്ട്.

ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് 3.87 കോടി രൂപയും ബുക്കിങ് ഓഫീസ്, സര്‍ക്കുലേറ്റിങ് ഏരിയ എന്നിവയുടെ നിര്‍മാണത്തിന് 3.38 കോടി രൂപയുമാണ് ചെലവഴിച്ചത്. ഗേറ്റിനും ചുറ്റുമതിലിനും വൈദ്യൂതാലങ്കാരങ്ങള്‍ക്കുമായി എം.പി. ഫണ്ടില്‍നിന്ന് 22 ലക്ഷം രൂപ അനുവദിച്ചു.

അതുപോലെ കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജ് പാത ബ്രോഡ് ഗേജ് ആക്കി മാറ്റി. 600 കോടി രൂപ ചെലവഴിച്ച് നവീകരിച്ച പാതയില്‍ അഞ്ച് തുരങ്കങ്ങള്‍, 15 പാലങ്ങള്‍, 13 കണ്ണറ പാലങ്ങള്‍ എന്നിവയുണ്ട്. പാതയുടെ വശങ്ങളില്‍ താമസിച്ചിരുന്നവരെ ഒഴിപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് 80 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായത്.

പിന്നെ മുളങ്കാടകത്തെ കേന്ദ്രീയ വിദ്യാലയം 27 കോടി രൂപ ചെലവിലാണ് അത് പൂര്‍ത്തീകരിച്ചത്. ആശ്രാമത്തെ ഇ എസ് ഐ ആശുപത്രി 300 കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാന്‍ കഴിഞ്ഞു. അങ്ങനെ അനവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എം പി ഫണ്ടില്‍ നിന്നുള്ള മുഴുവന്‍ തുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും സാധിച്ചു.

കൊല്ലം-ചെങ്കോട്ട പാതയില്‍ പുതിയ ട്രെയിനുകള്‍ ഇല്ലാത്തത് പോരായ്മ അല്ലേ?

പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് തിരുനെല്‍വേലിവരെ ദീര്‍ഘിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പുനലൂര്‍-കൊല്ലം, കൊല്ലം-ഇടമണ്‍ എന്നീ ട്രെയിനുകള്‍ ചെങ്കോട്ട വരെ ദീര്‍ഘിപ്പിക്കും. ഇപ്പോള്‍ സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന താംബരം എക്‌സ്പ്രസ് ദിവസേന ഓടിക്കും. വേളാങ്കണ്ണി- കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍. ഇതൊക്കെ ജനങ്ങള്‍ക്ക് വേണ്ടിയല്ലേ. ഇപ്പൊ കൊല്ലം-ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ തുടങ്ങി. ആര്യങ്കാവ്, തെന്മല, ഇടമണ്‍, പുനലൂര്‍, കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുകള്‍. അടുത്ത തവണ ഇനിയും കൂടുതല്‍ ചെയ്യാനാകും എന്ന പ്രതീക്ഷയുണ്ട്.

കൊല്ലം മണ്ഡലത്തില്‍ ഇക്കുറി എന്‍ എസ് എസിന്റെ പിന്തുണ താങ്കള്‍ക്ക് ലഭിക്കുമോ. അത് ബിജെപിക്കല്ലേ ലഭിക്കുക?

എന്‍ എസ് എസ് അടക്കമുള്ള സമുദായങ്ങളുമായി ഞാന്‍ നല്ല സൗഹൃദത്തില്‍ തന്നെയാണ്. ഒരു ജനതയുടെ പ്രതിനിധിയാണ് ഞാന്‍. അങ്ങനെയുള്ളപ്പോള്‍ ആ മണ്ഡലത്തിലെ എല്ലാ വിധത്തിലുള്ള ജനങ്ങളുമായും എനിക്ക് സമ്പര്‍ക്കമുണ്ടാകും. അതുകൊണ്ട് തന്നെ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളുടെ കാര്യത്തിലോ, സിപിഎമ്മിന് ലഭിക്കുന്ന വോട്ടുകളുടെ കാര്യത്തിലോ എനിക്ക് ഭയമില്ല.

ഒരു പുരോഗമന പ്രസ്ഥാനമായി ആരംഭിച്ചതാണ് ആര്‍ എസ് പി. എന്നാല്‍ ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടി എടുത്ത നിലപാട് പുരോഗമന പരമായിരുന്നോ?

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം വാങ്ങിച്ചെടുത്തതാണെന്ന അഭിപ്രായത്തില്‍ യാതൊരു മാറ്റവുമില്ല. ഉപദ്രവകരമല്ലാത്ത വിശ്വാസവും ആചാരവും പരിരക്ഷിക്കാനുളള ബാധ്യത ജനാധിപത്യ ഭരണസംവിധാനത്തിനുണ്ടെന്നാണ് എന്റെ അഭിപ്രായം.

ശബരിമല പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കാതെ സുസ്ഥിരമായി നിലപാട് സ്വീകരിച്ച് വിശ്വാസ സമൂഹത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുളള മാതൃകാപരമായ നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിട്ടുളളത്. പിന്നെ ആര്‍ എസ് പിയുടെ അഭിപ്രായം വിശ്വാസികള്‍ക്കെതിരല്ലെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലിംഗ നീതി ഉറപ്പ് വരുത്തണമെന്ന് ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്നും പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.

സത്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിശ്വാസികളെ ചതിക്കുകയാണ്. എന്തു സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. വിശ്വാസികളെ തല്ലിച്ചതയ്ക്കുന്ന സര്‍ക്കാര്‍. ഒരു ക്ഷേത്രത്തിന്റെ പരിപാവനത തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ടുവന്നതിലൂടെ മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂലമായ നടപടിയല്ലേ ഇടതുപക്ഷപ്രസ്ഥാനമായ ആര്‍ എസ് പി സ്വീകരിച്ചത്?

സത്യത്തില്‍ എന്നെ ഏറെ അമ്പരിപ്പിച്ച കാര്യമായിരുന്നു പ്രധാനമന്ത്രി തന്നെ ബൈപ്പാസിന്റെ ഉദ്ഘാടത്തിനു നേരിട്ട് വന്നത്. ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല മോദി വരുമെന്ന്. നിര്‍മ്മാണം പൂര്‍ത്തിയായിട്ടും സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ കാരണം ഉദ്ഘാടനം മനഃപൂര്‍വം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും നിര്‍്മാണച്ചെലവില്‍ തുല്യവിഹിതമാണ് വഹിച്ചത്. അതിനാല്‍, കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ജനുവരിയില്‍ ഉദ്ഘാടനം നിര്‍വഹിക്കാമെന്നേറ്റു. എന്നാല്‍, ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്രെബുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് ആരുമായും ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു.

പക്ഷെ, മോദി എത്താമെന്ന് പറഞ്ഞതോടെ ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സ്വന്തംനിലയില്‍ ഉദ്ഘാടനം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പൊളിഞ്ഞു. ഇക്കാര്യത്തില്‍ ബിജെപിയാണ് ഇടപെട്ടത്. അവര്‍ ആവശ്യപ്പെട്ടു. മോദി വന്നു. പിണറായിയുടെ ലക്ഷ്യം പൊളിച്ചത് ബിജെപിയാണ്. എനിക്കതില്‍ ഒന്നും ചെയ്യാനില്ല. കഴിഞ്ഞ ദിവസം നടന്ന റയില്‍വേ സ്റ്റേഷന്‍ രണ്ടാം ടെര്‍മിനലിന്റെ ഉദ്ഘാടനം അത് ഞാന്‍ ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല. കൂട്ടായ തീരുമാനമായിരുന്നു. അല്‍ഫോണ്‍സ് കണ്ണന്താനം അടക്കമുള്ളവര്‍ ഉണ്ടായിരുന്നല്ലൊ ചടങ്ങില്‍.

നോട്ടുനിരോധനവും ജി എസ് ടിയും തകര്‍ത്ത ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലെ ഒരു യുദ്ധത്തെ നേരിടാനുള്ള കെല്‍പുണ്ടാകുമോ?

സത്യത്തില്‍ പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടി അനിവാര്യം തന്നെയാണ്. അതേസമയം അതിന്റെ സത്യാവസ്ഥ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അല്ലാതെ ഒരു തെരഞ്ഞെടുപ്പിന്റെ പേരില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കം അത് അനുവദിക്കാന്‍ പറ്റില്ല. നോട്ടു നിരോധനം ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. എത്ര കോടിയാണ് ഇന്ത്യയുടെ ബാധ്യത. അതുപോരാഞ്ഞിട്ടാണ് ജിഎസ്ടി. സത്യത്തില്‍ ഇതൊക്കെ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം സഹായം നല്‍കാനുള്ള പദ്ധതിയാണ്.

എല്‍ ഡി എഫ് വിട്ടുപോയ വീരേന്ദ്രകുമാറും മറ്റും മുന്നണിയിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. ഇനി എത്രകാലം ആര്‍ എസ് പി ദേശീയതലത്തില്‍ ഇടതിനൊപ്പവും കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പവും നില്‍ക്കുന്ന അവസ്ഥ തുടരും?

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു മതേതര സര്‍ക്കാര്‍ സൃഷ്ടിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ഇടത് പക്ഷത്തിന്റെ ഫാസിസ്റ്റ് നയങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ തന്നെ വരണം. ദേശീയ തലത്തില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പിന്നെ ആര്‍ എസ് പിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കേരളത്തില്‍ സിപിഐഎം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന് അനുകൂലമായ നിലപാട് സ്വീകരിക്കാതിരുന്നത് ആര്‍ എസ് പി തന്നെയാണ്.

തെരഞ്ഞെടുപ്പിന് മുമ്പ് സി പി ഐ എം ആരുമായും സഖ്യത്തിനില്ലെന്ന് സീതാറാം യെച്യൂരി പറയുന്നുണ്ട്. മറ്റൊരു ചരിത്രപരമായ മണ്ടത്തരമാകുമോ?

അല്ല, അതിനുത്തരം പറയേണ്ടത് ദേശീയ തലത്തിലുള്ള നേതാക്കന്മാരാണ്. എങ്കിലും പാര്‍ട്ടി ഇതു സംബന്ധിച്ച ചര്‍ചകള്‍ നടത്തുന്നുണ്ട്. മഹാ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത് തന്നെ മതേതര സര്‍ക്കാരാണ്. ഇരുപത്തിയൊന്നാമത് ആര്‍ എസ് പി ദേശീയ സമ്മേളനത്തിന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തിരുന്നു. നിര്‍ണ്ണായകമായ 2019 പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചായിരുന്നു ദേശീയ സമ്മേളനത്തിലെ പ്രധാന ചര്‍ച്ച.

ബി ജെ പി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ തീരുമാനങ്ങള്‍ തന്നെ സ്വീകരിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. തെരഞ്ഞെടുപ്പില്‍ സഹകരണ കാഴ്ചപ്പാട് പുലര്‍ത്തണമെന്ന തീരുമാനം കൈക്കൊള്ളാനാണ് സാധ്യത.

തിരുവനന്തപുരം വിമാനത്താവളം മോദിയുടെ അടുപ്പക്കാരനായ അദാനിക്ക് കൈമാറുന്നതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?

പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ വിമാനത്താവളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കാനാണ് ഈ തീരുമാനമെന്ന് പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച പോലും നടത്തിയിട്ടില്ല.

50 വര്‍ഷത്തേയ്ക്കാണ് കരാര്‍ നല്‍കുക. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കരാറുകാര്‍ ഫീസ് നല്‍കണം. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഫീ ഈടാക്കാനുള്ള അധികാരവും കരാറുകാര്‍ക്ക് ഉണ്ടാകും. അപ്പൊ ഇതിന്റെ അടിസ്ഥാനമെന്താണ്. കോര്‍പ്പറേറ്റുകളെ സഹായിക്കുക എന്നതല്ലേ. ഈ നീക്കത്തിന് പിന്നില്‍ കോടികളുടെ അഴിമതിയാണ്.

തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതും കോര്‍പറേറ്റ് കമ്പനികള്‍ക്ക് വില്‍ക്കുന്നതും സംബന്ധിച്ച് പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത്.

സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം മറികടന്നുകൊണ്ട് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ട ആവശ്യം നിലവിലില്ല.

അടുത്തിടെയായി സംഘപരിവാറിനോടും ബിജെപിയുമായും അടുക്കുന്നതായി അഭ്യൂഹങ്ങള്‍ ഉണ്ടല്ലൊ?

ഇതിനു പിന്നില്‍ സി പി ഐ എമ്മിന്റെ വ്യക്തിഹത്യയാണ്. ഞാന്‍ ഇടപെട്ട് ബൈപ്പാസ് ഉദ്ഘാടനത്തിനു മോദിയെ കൊണ്ടുവന്നുവെന്നാണ് ആരോപണം. ഞാന്‍ ചോദിക്കട്ടെ പിണറായി സ്വന്തം നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍ തുടങ്ങിയപ്പോഴല്ലെ ബി ജെ പി ഇതില്‍ ഇടപ്പെട്ടതും മോദി വന്നതും. അപ്പൊ സി പി ഐ എമ്മിനെ എതിര്‍ക്കുന്നവരെ വ്യക്തിഹത്യ നടത്തുകയാണ് അവര്‍. ബി ജെ പിയുടെ നയങ്ങളെ ഞാന്‍ ഇപ്പോഴും എതിര്‍ക്കുകയാണ്.

മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഞാനാണ്. ജയില്‍ശിക്ഷ ഒഴിവാക്കുന്നതടക്കം എട്ടു ഭേദഗതികള്‍ ഞാന്‍ നിര്‍ദേശിച്ചു. ഇത്ര തിടുക്കപ്പെട്ട് ബില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തു. ഇത് മുസ്ലീം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞതും ഞാനാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ നിങ്ങള്‍ ആലോചിക്കൂ ഞാന്‍ എന്ത് ചായ് വാണ് സംഘപരിവാറിനോട് കാട്ടിയിട്ടുള്ളതെന്ന്.

ഏതാനും മാസങ്ങളായി കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കുകയും പ്രതിപക്ഷത്തെ ആക്രമിക്കുകയും ചെയ്യുന്ന സിനിമകള്‍ വരുന്നു. ബിജെപിയുമായി അടുപ്പമുള്ളവരാണ് അതിനൊക്കെ പിന്നില്‍. മോദി-ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് മറുതന്ത്രം ഒരുക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെടുന്നുണ്ടോ?

ഇത്തരം തന്ത്രങ്ങള്‍ ഇനി വിലപ്പോവില്ല. കാരണം ജനങ്ങള്‍ക്ക് സത്യം മനസ്സിലായി കഴിഞ്ഞു. രാജ്യത്ത് വേണ്ടത് സമാധാനമാണ്. അതിന് മതേതര ശക്തികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ത്യയില്‍ വരേണ്ടത് . അതിന് സിനിമകള്‍ വന്നെന്ന് കരുതിയോ ഒന്നും മാറ്റാന്‍ കഴിയില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More