സീറ്റ് നിര്‍ണയിക്കുന്നത് ഹൈക്കമാന്റ്: പത്തനംതിട്ട എംപി ആന്റോ ആന്റണി മനസ്സ് തുറക്കുന്നു

62

പുരാതന ഗോത്രവര്‍ഗ്ഗങ്ങളും മലയോര കാര്‍ഷിക മേഖലയും നിരവധി ചെറുപട്ടണങ്ങളും ഉള്‍പ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. കൃഷിയുടെ മനസ്സറിഞ്ഞ് മണ്ണിനൊപ്പമാണ് 80 ശതമാനത്തോളം ജനങ്ങളുടേയും ജീവിതം. കൃഷിയും പ്രവാസികളുമാണ് സാമ്പത്തിക അടിത്തറ. ക്രൈസ്തവ ജനസമൂഹം പ്രബല ശക്തിയായ മണ്ഡലത്തില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി എന്നീ സമുദായ സംഘടനകള്‍ക്കും സ്വാധീനമുണ്ട്.

തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂര്‍, പൂഞ്ഞാര്‍ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്ന പത്തനംതിട്ടയില്‍ നാല് നിയമസഭ സീറ്റുകള്‍ ഇടതുമുന്നണിക്കാണ്. എന്നാല്‍ കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി വ്യത്യസ്തമായിരുന്നു.

കുറച്ച് നാളുകളായി ദേശീയ തലത്തിലും പത്തനംതിട്ട ശ്രദ്ധിക്കപ്പെട്ടു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയും സംസ്ഥാന സര്‍ക്കാര്‍ വിധിയെ സ്വാഗതം ചെയ്തതും അതിനെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് എത്തിയതുമായിരുന്നു അതിന് വഴിയൊരുക്കിയത്. ഇത്തവണ പത്തനംതിട്ടയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ശബരിമലയ്ക്ക് മുഖ്യപങ്കുണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയാങ്കത്തിനാകും പത്തനംതിട്ട സാക്ഷ്യം വഹിക്കുക. 2009 ല്‍ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പ്രതിനിധിയായി കോണ്‍ഗ്രസിന്റെ ആന്റോ ആന്റണി വിജയിച്ചു. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തില്‍ സ്വാധീനം ചെലുത്തിയത്.

ഈ സാഹചര്യത്തില്‍ പത്തനംതിട്ടയുടെ സിറ്റിംഗ് എം പി ആന്റോ ആന്റണി അനു ശാന്തയുമായി സംസാരിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പത്തനംതിട്ടയില്‍ നടത്തുന്ന ഉദ്ഘാടന മാമാങ്കങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും ഇതുസംബന്ധിച്ച് ചില വെല്ലുവിളികള്‍ ഉയര്‍ന്നിരുന്നല്ലൊ?

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതെന്ന് ആരു പറഞ്ഞു. അതൊക്കെ വ്യക്തിഹത്യയുടെ ഭാഗമായി സിപിഐഎം പ്രചരിപ്പിക്കുന്നതല്ലെ. ഞാന്‍ ചോദിക്കട്ടെ ശബരിമലയിലെ വികസനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവരുന്നതാണോ, ഞാന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ എത്രത്തോളം വികസനം കൊണ്ടുവന്നുവെന്ന് ജനങ്ങള്‍ക്കറിയാം. പ്രളയക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ 1,488 കോടി രൂപയുടെ നഷ്ടമുണ്ടായി. ഡാമുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് ഒറ്റരാത്രിയിലാണ് പത്തനംതിട്ട ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത്. പമ്പയിലും അച്ചന്‍കോവിലാറിലും വെള്ളംകയറിയതിനെ തുടര്‍ന്ന് അനവധി പേര്‍ക്ക് വീടുവിട്ട് പോകേണ്ടിവന്നിരുന്നു. അര്‍ഹരായ ഏവര്‍ക്കും സര്‍ക്കാര്‍ വക ദുരിതശ്വാസ സഹായം ലഭിക്കുന്ന കാര്യത്തില്‍ ഉറപ്പ് വരുത്തി. 51,868 വീടുകളും 2,944 ഓഫീസുകളും 821 പൊതുസ്ഥലങ്ങളും 36,352 കിണറുകളും ശുചീകരിച്ചു. ഇതൊന്നും പ്രശസ്തിയ്ക്ക് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് ചെയ്തത്. എന്റെ കടമയാണത്.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ താങ്കള്‍ പത്തനംതിട്ടയില്‍ അട്ടിമറിക്കുന്നതായി ആരോപണമുണ്ട്. അതിനെ പറ്റി?

എന്ത് പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്ര കാര്യമായിട്ട് നടപ്പാക്കുന്നത്. ശബരിമലയില്‍ നവോത്ഥാനം നടപ്പാക്കുന്നതോ. എത്രയോ ആദിവാസി കുട്ടികളുണ്ട് ഈ മണ്ഡലത്തില്‍. അവര്‍ക്ക് പഠന സൗകര്യം എന്തെങ്കിലും നല്‍കാന്‍ സാധിച്ചോ? കേന്ദ്ര ഫണ്ടില്‍ നിന്ന് ഞാനാണ് കുട്ടികളുടെ പാര്‍ക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും നടപ്പിലാക്കിയത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ധനസഹായമാവശ്യപ്പെട്ട് വ്യാപാരികള്‍ ഇവിടെ നിരാഹാര സമരം നടത്തേണ്ടി വന്നു.

പ്രളയം തകര്‍ത്തെറിഞ്ഞ എയ്ഞ്ചല്‍ വാലി, മൂക്കന്‍ പെട്ടി പാലങ്ങളുടെ കൈവരിയും അപ്രോച്ച് റോഡുമൊക്കെ തകര്‍ന്നിട്ട് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടി വന്നില്ലേ. സത്യത്തില്‍ ജനങ്ങളുടെ വികാരം എല്‍ ഡി എഫിന് എതിരാണ്. അത് ഏതുവിധേനയും മറച്ചു വയ്ക്കാനാണ് അവരുടെ ശ്രമം.

പത്തനംതിട്ട മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാമോ?

ഏറെ വികസന പദ്ധതികള്‍ക്ക് സാക്ഷിയായ മണ്ഡലമാണ് പത്തനംതിട്ട . സാധാരണക്കാരായ കര്‍ഷകരാണ് ഇവിടെ ഏറെയും. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങളാണ് മണ്ഡലത്തിനായി അനുവദിപ്പിച്ചിരിക്കുന്നത്. രണ്ടെണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നാമത്തെ വിദ്യാലയത്തിന്റെ നിര്‍മ്മാണം കോന്നിയില്‍ പുരോഗമിക്കുന്നു.

റാന്നി താലൂക്കില്‍ ഉള്‍പ്പെടുന്ന അയിരൂര്‍ ഗ്രാമ പഞ്ചായത്തിലെ ശുദ്ധ ജലക്ഷാമത്തിന് ശാശ്വത പരിഹാരമായി. കേരള ജല അതോറിറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയാണ് അയിരൂര്‍ കാഞ്ഞേറ്റുകര ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ഭരണാനുമതി ലഭിച്ച ഒന്നാം ഘട്ടത്തില്‍പ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു.

പിന്നെ ഗ്രാമീണ റോഡുകള്‍ ഏറ്റവും കൂടുതല്‍ നിര്‍മിച്ച മണ്ഡലമാണിത്. 105 കോടി രൂപയ്ക്കാണ് ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചത്. നാഷണല്‍ ഹൈവേ അടൂര്‍-വടശ്ശേരിക്കര-പ്ലാപ്പള്ളി 116 കിലോമീറ്റര്‍ പൂര്‍ത്തിയായി. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് എരുമേലി-പൂഞ്ഞാര്‍ റോഡ്, മല്ലപ്പള്ളി -പുല്ലാട് റോഡ് എന്നിവയുടെ നിര്‍മ്മാണങ്ങളും പൂര്‍ത്തിയായി. തുടര്‍പഠനത്തിന് സൗകര്യം ഇല്ലാതെ പഠനം മുടങ്ങിയ ആദിവാസികുട്ടികള്‍ക്ക് സഹായം എത്തിച്ചു.

18.56 കോടി രൂപയാണ് ഇക്കുറി എം.പി ഫണ്ടിലേക്ക് അനുവദിച്ചത്. 34.66 കോടി രൂപയുടെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. 21.6 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ 15.39 കോടി രൂപ ഇതുവരെ ചെലവഴിച്ചു. അനുവദിച്ച തുകയുടെ 87.94 ശതമാനം ചെലവഴിക്കാന്‍ സാധിച്ചു. ഒന്‍പത് റോഡുകള്‍ക്ക് 140 കോടി രൂപയാണ് അനുവദിപ്പിച്ചത്. സ്വദേശി ദര്‍ശന്‍ ടൂറിസം സ്‌കീമില്‍ പത്തനംതിട്ട ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ മുഖഛായ മാറ്റാന്‍ കഴിഞ്ഞു. ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നു.

തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം ?

തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് സജീവമായി നടന്നത്. മഴുവങ്ങാട് പാലത്തിന്റെ സമീപപാത നിര്‍മാണത്തിനു മണ്ണിറക്കിയിട്ടുണ്ട്. പാലം മുതല്‍ പുഷ്പഗിരി റോഡ് വരെയുള്ള ഭാഗത്തെ മണ്ണുറപ്പിക്കുന്ന ജോലിയാണിപ്പോള്‍ ചെയ്യുന്നത്. ഇനി 50 സെന്റിമീറ്റര്‍ കനത്തില്‍ കൂടി മണ്ണിടാനുണ്ട്. അതോടൊപ്പം ടാറിങ്ങിനാവശ്യമുള്ള മെറ്റലും ഇറക്കിയിട്ടുണ്ട്.

ഏപ്രിലിനു മുന്‍പ് ആദ്യ ഘട്ടം പൂര്‍ത്തിയാകും. ഇതോടൊപ്പം എംസി റോഡിന്റെ നഗരഭാഗത്ത് പൈപ്പിടാനുള്ള സര്‍വേ ജോലികളും തുടങ്ങിക്കഴിഞ്ഞു. രാമന്‍ചിറയില്‍ പുതിയ പ്ലാനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മേല്‍പാലത്തിന്റെ തൂണുകള്‍ എവിടെയൊക്കെ വേണമെന്നുള്ള സര്‍വ്വെയും ആരംഭിച്ചു.

സിപിഐഎമ്മിന്റെ ഇപ്പോഴത്തെ പ്രചാരണങ്ങളെ എങ്ങനെ നേരിടും?

എന്റെ വികസന പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തി തന്നെയാവും പ്രചാരണം . നിയമസഭാ സീറ്റ് പക്കലുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. വ്യക്തിഹത്യ നടത്തുന്ന പ്രചാരണങ്ങള്‍ക്കാണ് സിപിഐഎം മുന്‍ തൂക്കം നല്‍കുന്നത്. പിന്നെ അവരെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനും അവര്‍ ശ്രമിക്കുന്നു. പെരിയ ഇരട്ടക്കൊലപാതകം കൊണ്ട് അവരുടെ ചോരക്കൊതി തീരുമോ. ടി പി യുടെ കൊലപാതകത്തിനു ശേഷം കേരളം കണ്ട നിഷ്ഠൂരമായ കൊലപാതകമായിരുന്നു പെരിയ. മനസാക്ഷിയുള്ളവര്‍ക്ക് നില്‍ക്കാന്‍ പറ്റിയ പാര്‍ട്ടിയാണോ ഇത്.

സിപിഐഎം ലക്ഷണമൊത്ത ഭീകരസംഘടനയാണ്. ഷുഹൈബ് വധക്കേസില്‍ കീഴടങ്ങിയ പ്രതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റേയും അടുത്ത അനുയായികളാണ്. കാസര്‍കോട് കൊലപാതകങ്ങളെ പറ്റി പറയുന്ന മുഖ്യമന്ത്രി എതുകൊണ്ടാണ് അത് സിബിഐയ്ക്ക് കൈമാറാത്തത്. ഇത്തരം ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം വന്നേ പറ്റൂ.

യുവതീ പ്രവേശന വിഷയം ഏറെ ചര്‍ച്ചയാകുന്ന മണ്ഡലമാണ് താങ്കളുടേത്. ഇത്തവണ വോട്ട് കൂടുതല്‍ ബിജെപിയ്ക്ക് മറിയാന്‍ സാദ്ധ്യതയില്ലേ?

ഒരിക്കലുമില്ല. കാരണം വിശ്വാസികള്‍ക്കൊപ്പം എക്കാലവും നിന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. യുവതീ പ്രവേശനത്തിനു വഴി വച്ചത് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും അവര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവുമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന രീതിയിലാണ് സത്യവാങ് മൂലം നല്‍കിയതെങ്കില്‍ ഇന്ന് തിരിച്ചാണ് സംഭവിച്ചത്.

വിധി ധൃതി പിടിച്ച് നടപ്പിലാക്കുന്നതിനുവേണ്ടി കോടതി തീയതിയോ, സമയമോ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ തന്നെ അതിന് മുതിര്‍ന്നത് സംസ്ഥാന സര്‍ക്കാരാണ്. മാത്രമല്ല ഭരണ ഘടനാ ബഞ്ചിന്റെ വിധി വന്ന് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കണമെന്ന് ഭക്തര്‍ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തു. എന്തുവന്നാലും വിധി നടപ്പാക്കും എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് മല ചവിട്ടാനാവുമോ എന്ന് അന്വേഷിക്കാന്‍ ഹിന്ദുധര്‍മ്മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവരെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളെയും ഉള്‍പ്പെടുത്തി കമ്മീഷന്‍ രൂപീകരിക്കണമെന്നതായിരുന്നു സര്‍ക്കാര്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിര്‍ദേശം. ഈ സത്യവാങ്മൂലത്തിലെ നിര്‍ദ്ദേശമാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെ വാദത്തിനിടയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മനഃപൂര്‍വ്വം മറച്ചുവച്ചത്.

സുപ്രീംകോടതിയില്‍ കേസ് നടക്കുന്നതിനിടെ കമ്മീഷന്‍ രൂപീകരിക്കണമെന്ന സത്യവാങ്മൂലത്തിലെ നിര്‍ദേശവും മറ്റ് രേഖകളും സമര്‍പ്പിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന വിധിയായിരുന്നു ഇപ്പോള്‍ സുപ്രീം കോടതി പ്രസ്താവിച്ചിരുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.

ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാല പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് വന്നപ്പോള്‍ അത് നടപ്പാക്കാന്‍ താല്പര്യമില്ലാതെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയില്‍ നിന്നും വിധി ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ബാധകമല്ലെന്ന നിയമോപദേശം എഴുതിവാങ്ങിയ സര്‍ക്കാരാണ് ശബരിമലയിലെ ആചാരലംഘനത്തിന് യുവതീ പ്രവേശന വിധിയെ കൂട്ടുപിടിക്കുന്നത്.

ബിജെപിയുടെ നിലപാട് വോട്ട് മറിക്കില്ലെ?

എങ്ങനെ. സത്യത്തില്‍ ബിജെപി ആദ്യമെടുത്ത നിലപാട് യുവതീ പ്രവേശനത്തിനു അനുകൂലമായിരുന്നു. അത് അന്നത്തെ ജന്മഭൂമി പത്രത്തില്‍ നിന്ന് വ്യക്തമായിരുന്നു. പിന്നെ വോട്ട് ലക്ഷ്യമിട്ട് അവര്‍ നടത്തിയ ഈ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ മറക്കുമോ.

താങ്കളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നല്ലോ?. താങ്കളെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടും വരുന്നു.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്ര്യമുള്ള പാര്‍ട്ടി. അപ്പോള്‍ സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയില്‍ പല അഭിപ്രായങ്ങളും ഉയര്‍ന്നു വരും. പലരും സീറ്റ് ആവശ്യപ്പെടും. ആരൊക്കെ ആവശ്യപ്പെട്ടാലും ഹൈക്കമാന്റ് തീരുമാനിക്കുന്നിടത്താണ് സീറ്റ് നിര്‍ണ്ണയം നടക്കുന്നത്. പിന്നെ യു ഡി എഫ് എന്നത് ഒട്ടേറെ പാര്‍ട്ടികളുടെ ഒരു സംയോജനമാണ്. എല്ലാവര്‍ക്കും സന്തോഷവും തൃപ്തിയുമാകുന്ന തീരുമാനങ്ങള്‍ എടുക്കാനാകും ഹൈക്കമാന്റ് ശ്രമിക്കുക.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...