മുഖ്യധാര സിനിമയ്ക്കുവേണ്ടി ഐ എഫ് എഫ് കെയെ ഹൈജാക്ക് ചെയ്യരുത്: സനല്‍കുമാര്‍ ശശിധരന്‍

വെനീസ് ചലച്ചിത്ര മേളയില്‍ അന്താരാഷ്ട്ര പ്രേക്ഷകരുടെ മുന്നില്‍ വെന്നിക്കൊടി പാറിച്ച ചിത്രമാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ ചിത്രം. ഒരാള്‍പ്പൊക്കവും ഒഴിവ് ദിവസത്തെ കളിയും സെക്‌സി ദുര്‍ഗയുമടക്കമുള്ള സനല്‍കുമാറിന്റെ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതാണ്. ഡിസംബര്‍ ആറിന് തിയേറ്ററുകളില്‍ എത്തുന്ന ചോലയെക്കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കെ സി അരുണുമായി സംസാരിക്കുന്നു.

ekalawya.com

ചോലയെ കുറിച്ച്

ഒരു ത്രില്ലറാണ്. നമ്മുടെ ചുറ്റും നടക്കുന്ന ഒരു സംഭവത്തിന്റെ ത്രില്ലര്‍ രൂപം. തിയേറ്ററില്‍ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന കഥയാണ്.

2010-ല്‍ രൂപപ്പെട്ട കഥ. സിനിമയാക്കാന്‍ ബുദ്ധിമുട്ടിയോ? പ്രോസസ് എങ്ങനെയായിരുന്നു?

കഥ അതിനും മുമ്പ് രൂപപ്പെട്ടു. അതിന്റെ സ്‌ക്രിപ്റ്റ് ഞാനും കെ വി മണികണ്ഠനും ചേര്‍ന്ന് എഴുതുന്നത് 2010-ലാണ്. ആ സമയത്ത് ഞങ്ങള്‍ വെറും സിനിമാ മോഹികള്‍ മാത്രമായിരുന്നു. 2001-ലാണ് ഞാന്‍ ആദ്യമായി ഷോര്‍ട്ട് ഫിലിം ചെയ്യുന്നത്.

അത് മണികണ്ഠന്‍ കാണുന്നത് 2007-08-ല്‍ ഞാന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുമ്പോഴാണ്. കൈയിലൊരു തിരക്കഥയുണ്ട് അത് ഷോര്‍ട്ട് ഫിലിം ആക്കാമോയെന്ന് ചോദിച്ച് മണികണ്ഠന്‍ എന്നെ സമീപിച്ചു. അത് പരോള്‍ എന്ന ഷോര്‍ട്ട് ഫിലിമായി.

ആ സമയത്ത് ചോലയുടെ കഥ ഞാന്‍ പറയുകയും ഒരുമിച്ച് തിരക്കഥ എഴുതാം എന്ന് തീരുമാനിക്കുകയും ചെയ്തു. കുറേക്കാലം അങ്ങനെ പ്രൊഡ്യൂസറേയും ആര്‍ട്ടിസ്റ്റുകളേയും തേടി നടന്നു. പ്രൊഡ്യൂസറെ കിട്ടുമ്പോള്‍ ആര്‍ട്ടിസ്റ്റ് ശരിയാകില്ല. അങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടത് നടന്നില്ല.

2014-ല്‍ ഞാന്‍ ഒരാള്‍പ്പൊക്കവും ഒഴിവ് ദിവസത്തെ കളി ചെയ്തു. അതിന് ശേഷമാണ് ചോലയെ കുറിച്ച് വീണ്ടും ആലോചിക്കുന്നത്. പഴയ കഥയേയും തിരക്കഥയേയും മോഡിഫൈ ചെയ്ത് സിനിമയാക്കി. ചോല എന്റെ അഞ്ചാമത്തെ സിനിമയാണ്.

മുഖ്യധാര സിനിമയ്ക്കുവേണ്ടി ഐ എഫ് എഫ് കെയെ ഹൈജാക്ക് ചെയ്യരുത്: സനല്‍കുമാര്‍ ശശിധരന്‍ 1

ജോജു ജോര്‍ജ്‌ ചോലയില്‍ എത്തിയത്?

നിവ് ആർട്സ് മൂവീസ് ആണ് സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. പ്രതിഫലം വാങ്ങാതെ അഭിനയിച്ചുകൊണ്ടാണ് ജോജു ആദ്യം സിനിമയുടെ പ്രൊഡക്ഷനിൽ പങ്കാളിയാവുന്നത്. പിന്നീട് സിനിമയുടെ മുഴുവൻ ചെലവും  ജോജു ഏറ്റെടുക്കുകയായിരുന്നു. ജോജു ജോര്‍ജ് എന്ന നടനും സിനിമാസനേഹിക്കും സിനിമയോടുള്ള വിശ്വാസമാണ് സിനിമയെ തിയേറ്റില്‍ എത്തിക്കുന്നത്.

സിനിമ കണ്ട ജോജുവും കൂട്ടുകാരും കാര്‍ത്തിക് ശിവരാജുമൊക്കെ ചോല തിയേറ്ററില്‍ എത്തിച്ചാല്‍ വിജയിക്കും എന്ന വിശ്വസിക്കുന്നവരാണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് തമിഴില്‍ ചോല റീമേക്ക് ചെയ്യണം എന്ന ആശയം മുന്നോട്ട് വച്ചത്. അല്ലി എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യും. അത് ഉടന്‍ വരും. അങ്ങനെ അദ്ദേഹം സിനിമയുടെ ഭാഗമായി.

സനല്‍കുമാര്‍ ശശിധരന്‍, ഐ എഫ് എഫ് കെയില്‍ നിന്ന് ചോലയെ പിന്‍വലിക്കാന്‍ കാരണം

ഐ എഫ് എഫ് കെയുമായി ബന്ധപ്പെട്ട് ഏറെ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഞാന്‍ ഏറെക്കാലമായി പറയുന്ന വിഷയം കൂടിയാണത്. ഐ എഫ് എഫ് കെയിലെ സിനിമകളുടെ തെരഞ്ഞെടുപ്പ് ശരിയായ രീതിയിലല്ല എന്ന് കുറെക്കാലമായി പരാതിയുണ്ട്. 2017-ല്‍ സെക്‌സി ദുര്‍ഗ വന്നത് മുതല്‍ എന്റെ പരാതി ഞാന്‍ ശക്തമായി ഉന്നയിച്ചിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ സെക്‌സി ദുര്‍ഗ ഫെസറ്റിവലില്‍ നിന്നും പിന്‍വലിച്ച് സമാന്തര പ്രദര്‍ശനം നടത്തിയത്.

ഇത്തവണ, സമാനമായി പല സ്വതന്ത്ര സിനിമകള്‍ക്കും സമാനമായ അനുഭവം ഉണ്ടായി. ഫെസ്റ്റിവല്‍ എന്നത് ആര്‍ട്ടിസ്റ്റിക് സിനിമകള്‍ക്കുള്ള ഒരു സ്‌പേസാണ്. ചലച്ചിത്ര അക്കാദമിയുടെ ഒരു ലക്ഷ്യം തന്നെ കലാമൂല്യമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്.

അത്തരത്തിലുള്ള സിനിമകള്‍ക്കുള്ള സ്‌പേസിനെ ഒതുക്കി തട്ടുപൊളിപ്പന്‍ വാണിജ്യ സിനിമകള്‍ക്കുള്ള വേദിയാക്കി ചലച്ചിത്രോത്സവത്തെ മാറ്റാന്‍ ശ്രമം നടക്കുന്നു. അതിന് എതിരായ ചെറുത്ത് നില്‍പ് ശക്തമായിട്ടുണ്ട്. അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചോല പിന്‍വലിച്ചത്.

മുഖ്യധാര സിനിമയ്ക്കുവേണ്ടി ഐ എഫ് എഫ് കെയെ ഹൈജാക്ക് ചെയ്യരുത്: സനല്‍കുമാര്‍ ശശിധരന്‍ 2

മുഖ്യധാര സിനിമയ്ക്ക് ചലച്ചിത്രോത്സവത്തില്‍ ഇടം കിട്ടുമ്പോള്‍ അത് എങ്ങനെ സമാന്തര സിനിമയെ ബാധിക്കും?

മുഖ്യധാര സിനിമയുടെ ഇടമല്ല ഫെസ്റ്റിവല്‍. ഒന്നും തെറ്റായത് കൊണ്ടോ ശരിയായത് കൊണ്ടല്ല അല്ല. ഒരു പ്രത്യേകതരം സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള പ്‌ളാറ്റ്‌ഫോമാണ് ഐ എഫ് എഫ് കെ. അത്തരം സിനിമകള്‍ക്ക് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടാകില്ല.

അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണ്. അവയ്ക്ക് നിലനില്‍ക്കാന്‍ ഫെസ്റ്റിവലുകള്‍ ആവശ്യമാണ്. അതിനെ ഹൈജാക്ക് ചെയ്യാന്‍ പാടില്ല. ഒരു ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്നത് പോലെയാണ്. ഒരു പ്രൊട്ടക്ടീവ് സോണാണ് ഫെസ്റ്റിവല്‍. അതിനെ നശിപ്പിക്കരുത്.

ഫെസ്റ്റിവല്‍ വിജയം തിയേറ്റര്‍ വിജയത്തെ ബാധിക്കുമോ?

എന്റെ സിനിമ വാണിജ്യ വിജയം നേടും എന്ന് തന്നെയാണ് പ്രതീക്ഷ. ചോല വെനീസ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു. പക്ഷേ, ഇന്ത്യയില്‍ ഒരു ഫെസ്റ്റിവലിലും അത് പ്രദര്‍ശിപ്പിച്ചിട്ടില്ല. ബോംബെയിലെ ഫെസ്റ്റിവലില്‍ നിന്നും പിന്‍വലിച്ചിരുന്നു. ജനീവ, ടോക്യോ ഫെസ്റ്റിവലുകളിലേക്ക് പോകുന്നു. കൊമേഴ്‌സ്യല്‍ ചായ്വുള്ള സിനിമയാണ് ചോല.

ഉടലാഴവും ഡിസംബര്‍ ആറിനാണ് റിലീസ് ചെയ്യുന്നത്. ഒരേ സമയം ഫെസ്റ്റിവല്‍ മൂഡുള്ള രണ്ട് സിനിമകള്‍ തിയേറ്ററില്‍ എത്തുന്നതിന് എങ്ങനെ കാണുന്നു

നല്ല കാര്യമാണ്. സിനിമകള്‍ തിയേറ്ററുകളില്‍ എത്തണം. അത് ആളുകള്‍ കാണണം എന്നാണ് ആഗ്രഹം. ഉടലാഴവും വ്യത്യസ്തമായ സബ്ജക്ടും ട്രീറ്റ്‌മെന്റും ഉള്ള സിനിമയാണ്. ഞാന്‍ സിനിമ കണ്ടിരുന്നു. നല്ല പടമാണ്. അതിലും ഇന്‍ഡസ്ട്രിയിലെ താരങ്ങള്‍ ഉണ്ട്. അതും വിജയം കാണും എന്നാണ് എന്റെ പ്രതീക്ഷ.

മുഖ്യധാര സിനിമയ്ക്കുവേണ്ടി ഐ എഫ് എഫ് കെയെ ഹൈജാക്ക് ചെയ്യരുത്: സനല്‍കുമാര്‍ ശശിധരന്‍ 3

ക്രൗഡ് ഫണ്ടിങ്ങും പ്രൊഫഷണല്‍ പ്രൊഡ്യൂസറും തമ്മിലെ വ്യത്യാസങ്ങള്‍

നമുക്ക് സ്വന്തം ആശയം ഉണ്ടാകുകയും അതിനെ മുറുകെ പിടിക്കാന്‍ സാധിക്കുകയും ചെയ്താല്‍ ഏത് തരത്തിലെ പ്രൊഡക്ഷനും നല്ലതാണ്. ക്രൗഡ് ഫണ്ടിങ് മോശം കാര്യമല്ല. പക്ഷേ, അതിന് കുറച്ച് പരിമിതികള്‍ ഉണ്ട്. നമ്മള്‍ ആരുടെയൊക്കെ കാശ് കൈപറ്റുന്നുവെന്നതും അവരുടെ താല്‍പര്യങ്ങള്‍ എന്താണെന്നതും പിന്നീട്, ആ പണം തിരിച്ച് കൊടുക്കാന്‍ പറ്റാതെ വരുമ്പോള്‍ എത്ര പേരോടാണ് ഉത്തരം പറയേണ്ടി വരിക എന്നതും പ്രധാനമാണ്. കൂടുതല്‍ വിശാല മനസ്‌കതയുള്ള കൂട്ടായ്മയുണ്ടെങ്കിലേ ക്രൗഡ് ഫണ്ടിങ്ങില്‍ സ്വസ്ഥതയുണ്ടാകുയുള്ളൂ. അല്ലെങ്കില്‍ എപ്പോഴും അസ്വസ്ഥപ്പെടുത്തുന്ന സംഗതിയായി മാറും.

ഒരു പ്രൊഡ്യൂസര്‍ സിനിമ ചെയ്യാന്‍ മുന്നോട്ട് വരുന്നത് പണം ഉണ്ടാക്കാന്‍ മാത്രമായിരിക്കില്ലല്ലോ. സിനിമയോടുള്ള താല്‍പര്യം കൊണ്ട് കൂടിയാണ്. പ്രൊഡ്യൂസറും ഡയറക്ടറും സിനിമയുടെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ രണ്ടും പേരും തമ്മില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഉണ്ട്. മറ്റേത് അങ്ങനെയായിരിക്കില്ല, ദൂരെയിരിക്കുന്നയാള്‍ അതിന് കുറച്ച് കാശ് കൊടുത്തേക്കാം എന്ന് ചിന്തിക്കുന്നു. എന്നിട്ട് യാതൊരു വിധത്തിലും ഇടപെടാതിരുന്നാല്‍ പ്രശ്‌നമില്ല.

എല്ലാവരും അങ്ങനെയായിരിക്കില്ല. എന്റെ കാശ് എവിടെപ്പോയിയെന്നും സംവിധായകന്‍ കുറെ കാശുണ്ടാക്കിയെന്നുമുള്ള തെറ്റിദ്ധാരണകള്‍ വരാം. എന്റെ അനുഭവം വച്ച് ഞാന്‍ ഇപ്പോള്‍ എത്തിച്ചേര്‍ന്ന വഴി ശരിയാണെന്ന് തോന്നുന്നു. കാരണം, സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന എ ടു ഇസഡ് അറിയാവുന്നവരാണ് കൂടെയുള്ളത്. സിനിമ വിജയിച്ചാലും ഇല്ലെങ്കിലും കുറച്ച് സ്വസ്ഥതയുണ്ട്.

സിനിമയില്‍ അനുഭവപരിജ്ഞാനം ഇല്ലാതെ പക്ഷേ, സിനിമ പാഷനായി കാണുന്ന ധാരാളം പേര്‍ സിനിമയിലേക്ക് എത്തി വിജയിക്കുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

നല്ല കാര്യമാണ്. സിനിമ സകലകലയാണ്. അതൊരു ഇന്‍ക്ലൂസീവ് ആര്‍ട്ടാണ്. അതിനോട് താല്‍പര്യമുള്ളവരേ അതിലേക്ക് വരുന്നുള്ളൂ. നമ്മള്‍ നീന്താന്‍ പഠിക്കുന്നത് പോലെയാണ്. ആദ്യം വെള്ളത്തില്‍ച്ചാടും. പിന്നീട് തുഴയാന്‍ പഠിക്കും. അങ്ങനെ നല്ല നീന്തല്‍ക്കാരനാകും.

എന്റെ ആദ്യ സിനിമ എടുക്കുമ്പോള്‍ ഞാനും തുടക്കക്കാരന്‍ ആയിരുന്നു. രണ്ടാമത്തെ സിനിമ എടുത്തപ്പോള്‍ കുറച്ച് കൂടെ തഴക്കം വന്നു. എനിക്ക് സിനിമയില്‍ പാരമ്പര്യമായിയൊന്നും പറയാനില്ല. ഞാനൊരു സിനിമാ സ്‌കൂളില്‍ പോയി പഠിച്ചിട്ടില്ല.

സെക്‌സി ദുര്‍ഗയുടെ പ്രചാരണത്തിനായി തെരുവ് നാടകം പോലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചോലയ്ക്ക് വേണ്ടി അത്തരത്തിലൊന്നും ഉണ്ടായില്ല

ഞാന്‍ ആദ്യമായിട്ടാണ് സിനിമ ചെയ്തശേഷം റിലീസ് മാറി നിന്ന് കണ്ട് ആഹ്ലാദിക്കുന്നത്. മുമ്പ് സിനിമ എടുക്കുന്നതിനേക്കാളും കഷ്ടപ്പെട്ടിട്ടാണ് സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ കഷ്ടപ്പെട്ടത്. ഇപ്പോള്‍ വലിയൊരു മാറ്റമാണ്. സന്തോഷകരമാണ്.

ബൈജു എന്‍ നായര്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More