ekalawya.com

കേരളത്തിന്റെ സ്വന്തം ചലച്ചിത്രോത്സവമാണ് തിരുവനന്തപുരത്ത് എല്ലാ ഡിസംബറിലും നടക്കുന്ന ഐ എഫ് എഫ് കെ. 24-ാമത് ചലച്ചിത്രോത്സവം ഡിസംബര്‍ ആറ് മുതല്‍ 13 വരെ നടക്കാനിരിക്കേ, സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകളും നീതി നിഷേധവും നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ഒരു കൂട്ടം സിനിമാ പ്രവര്‍ത്തകര്‍ റിഫോം ദ ഐ എഫ് എഫ് കെ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇപ്പോള്‍ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മലയാളം, ഇന്ത്യന്‍ സിനിമകളുടെ പട്ടിക റദ്ദാക്കി പുതിയവ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ കൂട്ടായ്മയ ഉയര്‍ത്തുന്ന ആവശ്യങ്ങളെ കുറിച്ചും മറ്റും സിനിമ പ്രവര്‍ത്തകനായ സതീഷ് ബാബുസേനന്‍ കെ സി അരുണുമായി സംസാരിക്കുന്നു.

എന്താണ് റിഫോം ദ ഐ എഫ് എഫ് കെ?

ഐഐഎഫ്‌കെയിലേക്ക് സിനിമ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ ഒരുപാട് ക്രമക്കേടുകള്‍ നടക്കുന്നുണ്ട്. അത് മാറ്റി നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടാകുന്നതിന് വേണ്ടി ശ്രമിക്കുന്നൊരു കൂട്ടായ്മയാണ് റിഫോം ദ ഐ എഫ് എഫ് കെ. സ്വതന്ത്ര സിനിമ സംവിധായകരും നല്ല സിനിമയെ സ്‌നേഹിക്കുന്നവരുമാണ് ഈ കൂട്ടായ്മയുടെ പിന്നില്‍.

എന്തൊക്കെയാണ് ഈ പ്രസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍?

പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. മലയാളം, ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി പാനലുകളുണ്ട്. പക്ഷേ, ഈ ഓരോ പാനലിലും അംഗങ്ങളായി വന്നിട്ടുള്ളതില്‍ ചിലര്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലെ അംഗങ്ങള്‍ തന്നെയാണ്. അത് നീതിരഹിതമാണ്. സെലക്ഷന്‍ പാനലുകള്‍ എപ്പോഴും പുറത്ത് നിന്നുള്ളവര്‍ ആയിരിക്കണം. സിനിമാ പ്രൊഫഷണലുകള്‍ പോലുള്ള ക്വാളിഫൈഡായിട്ടുള്ള ആളുകള്‍ ആയിരിക്കണം അതിലുണ്ടാകേണ്ടത്. അക്കാദമിയുടെ ആളുകള്‍ തന്നെയിരുന്ന് സിനിമ തെരഞ്ഞെടുക്കാന്‍ പാടില്ല. അതൊരു വിഷയമാണ്.

പി ഡേവിഡ്: മലയാള സിനിമയുടെ ചരിത്ര നിമിഷങ്ങളുടെ ഉടമ

ഇത്തവണ 93 ഓളം മലയാള സിനിമകള്‍ സെലക്ഷനായി വന്നിട്ടുണ്ടായിരുന്നു. ഈ സെലക്ഷന്‍ പാനല്‍ 14 ദിവസം കൊണ്ട് കണ്ടത് വളരെ കുറച്ച് സിനിമകളാണ്. 93 സിനിമ 14 ദിവസം കൊണ്ട് കണ്ട് തീര്‍ക്കാന്‍ ഏഴ് സിനിമ ഒരു ദിവസം കാണണം. ശരാശരി രണ്ട് മണിക്കൂര്‍ ഒരു സിനിമയ്ക്ക് ദൈര്‍ഘ്യം ഉണ്ടെങ്കില്‍ ഒരു ദിവസം 14 മണിക്കൂര്‍ ഇടവേളയില്ലാതെ സിനിമ കാണാന്‍ വേണം. രാവിലെ എട്ട് മണിക്ക് തുടങ്ങിയാല്‍ രാത്രി 10 മണിക്ക് തീര്‍ക്കാം. അങ്ങനെ 14 ദിവസം തുടര്‍ച്ചയായി സിനിമകള്‍ അവര്‍ കണ്ടിട്ടുണ്ടോ. അങ്ങനെ കണ്ടിട്ടുണ്ടാകാന്‍ സാധ്യതയില്ല.

ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മലയാളം, ഇന്ത്യന്‍ സിനിമകളുടെ പട്ടിക ക്യാന്‍സല്‍ ചെയ്യണം. ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കാന്‍ പോകുന്നു. ചലച്ചിത്ര അക്കാദമി പുതിയ പാനലുകളെ നിയമപ്രകാരം നിയമിച്ചിട്ട് ആളുകള്‍ അയച്ച എല്ലാ സിനിമയും കണ്ടിട്ട് പുതിയ പട്ടികകള്‍ തയ്യാറാക്കണം. മലയാള സിനിമകളുടെ പട്ടികയിലെ 14 സിനിമകളില്‍ നിലവില്‍ കേരളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല. കാരണം അവ ജനം കണ്ട് കഴിഞ്ഞ സിനിമകളാണ്. അതല്ല ഫിലിം ഫെസ്റ്റിവെലില്‍ കാണിക്കേണ്ടത്. ഈ കാണിക്കാന്‍ പോകുന്ന സിനിമകളെല്ലാം തന്നെ കേരള പ്രീമിയര്‍ ആയിരിക്കണം. ഇതൊന്നും പുതിയ പ്രശ്‌നങ്ങളല്ല. നാലഞ്ച് വര്‍ഷങ്ങളായി ഇങ്ങനെയാണ് നടക്കുന്നത്.

എന്തൊക്കെ പ്രശ്നങ്ങളാണ് ഐ എഫ് എഫ് കെയില്‍ ഈ പ്രസ്ഥാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാണുന്നത്?

സിനിമ തെരഞ്ഞെടുക്കുന്നതിലെ ക്രമക്കേടുകള്‍. പിന്നെ പലതും കാണാതെയാണ് സെലക്ട് ചെയ്തതും റിജക്ട് ചെയ്തതും. ഇതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നങ്ങള്‍. വേറെയും നിരവധി പ്രശ്‌നങ്ങള്‍ അവിടെയുണ്ട്. അത് അടുത്ത ഘട്ടത്തില്‍ ഉന്നയിക്കും.

ചികിത്സയ്ക്കായി ദേശീയ സിനിമ അവാര്‍ഡ് വിറ്റ് ഒരു കലാസംവിധായകന്‍

ഈ പ്രസ്ഥാനം രൂപീകരിക്കുന്നതിന് പെട്ടെന്നുള്ള പ്രകോപനം എന്താണ്?. ആരുടെയെങ്കിലും സിനിമകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടോ?

സംവിധായകര്‍ സമര്‍പ്പിച്ചിരിക്കുന്ന സിനിമകള്‍ കാണാതെ ആര്‍ബിറ്ററിയായി സിനിമകള്‍ തെരഞ്ഞെടുത്ത് പട്ടികയുണ്ടാക്കിയിരിക്കുന്നത് അവരോടുള്ള നീതി നിഷേധമാണ്. ഞങ്ങളുടെ പലരുടേയും സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പക്ഷേ, അതല്ല പ്രശ്‌നം. സിനിമ കൊടുത്തവരും തെരഞ്ഞെടുക്കപ്പെട്ടവരും തിരസ്‌കരിക്കപ്പെട്ടവരും കൊടുക്കാത്തവരുമൊക്കെയുണ്ട്. ഇതൊരു ദീര്‍ഘകാലത്തേക്കുള്ള പോരാട്ടമാണ്. കാരണം ഐ എഫ് എഫ് കെ നല്ലൊരു ഫെസ്റ്റിവലായി പ്രവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍.

ചലച്ചിത്രോത്സവത്തിന്റെ നിലവാരം കുറയാന്‍ ഇത് ഇടയാക്കുന്നുണ്ടോ?

തീര്‍ച്ചയായും ഫെസ്റ്റിവലിന്റെ നിലവാരം കുറയും. കഴിഞ്ഞതവണ പ്രദര്‍ശിപ്പിച്ച മലയാളം സിനിമകളില്‍ ചിലത് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ യാതൊരു യോഗ്യതയമുള്ളതല്ലെന്ന് കേരളത്തിന് പുറത്ത് നിന്ന് വന്ന ഒന്ന് രണ്ട് സിനിമാ പ്രവര്‍ത്തകര്‍ എന്നോട് വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഇനി മലയാളം സിനിമ കാണണ്ട എന്ന് തീരുമാനിച്ചുവെന്ന് അവര്‍ പറഞ്ഞു. ഇതേ വികാരം വേറേയും പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. അതൊരു പ്രശ്‌നം തന്നെയാണ്. ഒരു ഫിലിം ഫെസ്റ്റിവലിന്റെ നിലവാരം എന്നത് അവിടെ സംഘടിപ്പിക്കുന്ന പ്രീമിയറുകള്‍ തന്നെയാണ്.

അടൂരിന്റെ ആദ്യ ചിത്രം സ്വയംവരമല്ല: കലാസംവിധായകന്‍ ശിവന്‍ വെളിപ്പെടുത്തുന്നു

ആരൊക്കെയാണ് ഐ എഫ് എഫ് കെയിലെ സ്ഥാപിത താല്‍പര്യക്കാര്‍?

ഇത് വ്യക്തികളെ ലക്ഷ്യമിട്ടുള്ളതല്ല. മൊത്തമായി സംഘാടനത്തില്‍ വന്നിട്ടുള്ള പിഴവുകള്‍ ആണ്. അത് മാറണം.

ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് ഗുണനിലവാരം ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഒരു ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കൂടാ?

ഹിറ്റുകളുടെ ഗുണനിലവാരമല്ല പ്രശ്‌നം. നിലവാരമുള്ളവയാണ് പലതും. പക്ഷേ, കേരളത്തില്‍ അങ്ങേയറ്റവും ഇങ്ങേയറ്റവും ഓടിക്കഴിഞ്ഞ സിനിമകള്‍ കാണിക്കേണ്ട സ്ഥലമല്ല ഐ എഫ് എഫ് കെ. അവിടെ വരുന്ന ഡെലിഗേറ്റുകള്‍ക്ക് ആദ്യമായി കാണാന്‍ പറ്റുന്ന സിനിമകള്‍ വേണം പ്രദര്‍ശിപ്പിക്കാന്‍. എല്ലാ നല്ല ഫെസ്റ്റിവലുകളിലും അങ്ങനെയാണ് നടക്കുന്നത്.

ഐ എഫ് എഫ് കെയെ മാത്രം പരിഷ്‌കരിച്ചാല്‍ മതിയോ? ചലച്ചിത്ര അക്കാദമിയിലും പരിഷ്‌കരണം ആവശ്യമില്ലേ?

അവരുടെ പ്രവര്‍ത്തനം മാറണം. പ്രോപ്പര്‍ ആയിട്ടുള്ള നിയമപ്രകാരം പ്രവര്‍ത്തിച്ചാല്‍ സ്വാഭാവികമായും ഫെസ്റ്റിവലും നന്നാകും.

രാഷ്ട്രീയമുള്ള എഴുത്തുകാരനാവാന്‍ സദാ പ്രസ്താവനകള്‍ നടത്തണമെന്നില്ല: അബിന്‍ ജോസഫ്‌

ആരൊക്കെയാണ് ഈ പ്രസ്ഥാനത്തിന് പിന്നിലുള്ളത്?

ഡോക്ടര്‍ ബിജു, സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സുനില്‍ കുമാര്‍, പ്രതാപ് ജോസഫ്, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍, ജെ എന്‍ യുവിലെ ഗീത, ഷെറി ഗോവിന്ദന്‍, ശ്രീകൃഷ്ണന്‍ കെപി, വേണു നായര്‍ തുടങ്ങി ധാരാളം പേരുണ്ട്. എല്ലാവരും ഫെസ്റ്റിവലിന്റെ നന്മയ്ക്കുവേണ്ടി വളരെ സജീവമായി പ്രവര്‍ത്തിക്കുകയാണ്.