1983 ഏപ്രില്‍ 15, രാവിലെ 10-ന്‌ ക്ലിന്റ്‌ ഓര്‍മ്മയായി

കെ സജിമോന്‍

ആ വീടിനകം മുഴുവനായി അവര്‍ ഒഴിച്ചിട്ടു. ഭൂമിയിലെ യാതൊന്നിനും നിറയ്ക്കാന്‍ കഴിയാത്തത്ര ശൂന്യത. അവിടെ തത്തകള്‍ കൂടൊരുക്കി. എത്ര പറന്നുചെന്നാലും നിറയ്ക്കാന്‍ കഴിയില്ലാത്ത ശൂന്യതയില്‍നിന്നും തത്തയും പറന്നുപോയി. പിന്നീട് പൂച്ചകള്‍ കൂട്ടമായി വന്നു. പെറ്റുപെരുകി നിറച്ചാലും മായാത്തത്രയും സ്ഥലം പിന്നെയും ആ വീട്ടില്‍ കിടക്കുന്നു. ആ അമ്മയും അച്ഛനും ആ വീടിനുള്ളില്‍ ശൂന്യമായ ഒരിടം നിറച്ചുകൊണ്ടേയിരിക്കുന്നു, അവനുവേണ്ടി, മകനുവേണ്ടി….

ജീവല്‍മണമുള്ള ഒരു കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്. ആറു വര്‍ഷത്തെ ജീവിതംകൊണ്ട് അറുപതാണ്ടിന്റെ അനുഭവം വരച്ചുവെച്ച് കടന്നുപോയ പ്രിയചിത്രകാരന്‍ ക്‌ളിന്റ്. മകന്‍ പറന്നുപോയിട്ട് മുപ്പതാണ്ടു പിന്നിടുമ്പോഴും വീടനകം മുഴുവന്‍ മകന്റെ ഓര്‍മ്മകള്‍ക്കായി ഒഴിച്ചുവെച്ച്, ഓര്‍മ്മകളില്‍ ജീവിക്കുന്ന അച്ഛന്‍ ജോസഫും അമ്മ ചിന്നമ്മ ജോസഫും.

ആറു വര്‍ഷം, പത്തുമാസം, 26 ദിവസം, മൂന്ന് മണിക്കൂര്‍ – അത്രയും കാലം മാത്രമാണ് ക്‌ളിന്റ് ഈ ഭൂമിയില്‍ ജീവിച്ചിരുന്നത്. ഈ കാലയളവിനുള്ളില്‍ വര്‍ഷങ്ങളേറെ ജീവിച്ചിട്ടും നമ്മളൊന്നും കാണാത്തതും ചെയ്യാത്തതും ക്‌ളിന്റ് കണ്ടു, ചെയ്തു. ഇരുപതിനായിരത്തോളം ചിത്രങ്ങള്‍ അവന്‍ വരച്ചു. എല്ലാത്തിലും കുഞ്ഞിളം കൈകള്‍കൊണ്ട് കുത്തിവരകളല്ലാത്ത കൈയ്യൊപ്പിട്ടു. കഴിഞ്ഞ ഏപ്രില്‍മാസത്തിലേക്ക്, ക്‌ളിന്റ് വിട്ടുപിരിഞ്ഞിട്ട് മുപ്പതുവര്‍ഷം കഴിഞ്ഞെങ്കിലും ആ മകന്റെ ഓര്‍മ്മകളും ചിത്രങ്ങളും മാത്രം നിറച്ച് അച്ഛനും അമ്മയും ഇരിക്കുന്നു.

ചിത്രകലയില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ജോസഫും ചിന്നമ്മയും സ്‌പോര്‍ട്‌സ് താരങ്ങളായിരുന്നു. റെസ്റ്റ്‌ലിംഗ് താരമായിരുന്നു ജോസഫ്, ചിന്നമ്മ ബാസ്‌കറ്റ്‌ബോള്‍ പ്‌ളെയറും. മകന്‍ ക്‌ളിന്റ് ജനിച്ചത് 1976 മെയ് 19നായിരുന്നു. അന്ന് ജോസഫ് കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഐ.സി.ആര്‍.സിയില്‍ ജോലി ചെയ്യുന്ന കാലമായിരുന്നു. മകനെ നോക്കി അമ്മ ചിന്നമ്മ വീട്ടില്‍. നന്നെ ചെറുപ്പംമുതലേ കാര്യങ്ങള്‍ മനസിലാക്കാനുള്ള പാടവം ക്‌ളിന്റിനുണ്ടായിരുന്നു. ക്‌ളിന്റിന് ആറുമാസം പ്രായവേളയിലാണ് അവനിലെ ചിത്രകാരന്‍ ആദ്യം പുറത്തുവന്നത്.

ചിന്നമ്മ മകനെ തറയിലിരുത്തി തുണികള്‍ അലക്കി ഉണങ്ങാനിടും. അതൊക്കെ കഴിഞ്ഞ് അകത്തേക്ക് വരുമ്പോള്‍ മകനെയും എടുത്ത് കൊണ്ടുവരും. കുറേ കഴിഞ്ഞ് നോക്കുമ്പോള്‍ അകത്ത് ഇഷ്ടികക്കഷണങ്ങളും കല്ലും. ചെറിയ ചെറിയ പാടുകളും. ചിന്നമ്മയുടെ അനുജത്തി വരാറുണ്ടായിരുന്നു അവളെങ്ങാനുമായിരിക്കും കല്ലുകള്‍ കൊണ്ടുവന്നതെന്ന് കരുതി അതെല്ലാം പെറുക്കിക്കളഞ്ഞു.

വാക്കുകള്‍ നാവിന്‍തുമ്പത്ത് വഴങ്ങാത്ത ക്‌ളിന്റ് സത്യം പറയാന്‍ പറ്റാതെ കുഴങ്ങിക്കാണണം. പിന്നെയും ഇത് ആവര്‍ത്തിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്, മകനെ പുറത്തുനിന്ന് അകത്തേക്ക് എടുത്ത് വരുന്ന സമയത്ത് ആ കുഞ്ഞുകൈകളില്‍ ഇഷ്ടികക്കഷണങ്ങളും കല്ലുകളും കൂട്ടിപ്പിടിച്ചിട്ടുണ്ട് എന്ന്. ആ കല്ലുകള്‍ കൈയ്യില്‍ മടക്കിപ്പിടിച്ച് സിമന്റുതറയില്‍ അവന്റെ കുഞ്ഞുചിത്രങ്ങള്‍ അവന്‍ വരച്ചുപഠിക്കുകയാണെന്ന്. ചിന്നമ്മ ജോസഫിനോട് കാര്യം പറഞ്ഞു. പിറ്റേദിവസം ഓഫീസ് വിട്ട് വന്നപ്പോള്‍ അവന് ചോക്കുകള്‍ കൊണ്ടുവന്നു നല്‍കി. കറുത്ത നിലത്ത് വെള്ളനിറം കൊണ്ട് അവന്റേതായ കുത്തിവരകള്‍ തീര്‍ത്ത് ക്‌ളിന്റ് സ്വയം ഗുരുവായിത്തീരുകയായിരുന്നു. തെറ്റാത്ത വട്ടങ്ങള്‍ വരച്ചുവയ്ക്കുന്നതില്‍ എല്ലാത്തിലുംപോലെ ക്‌ളിന്റ് അത്ഭുതം കാട്ടി.

നാഭി അച്ചുതണ്ടാക്കി കറങ്ങിക്കൊണ്ടായിരുന്നു അവന്‍ വൃത്തങ്ങള്‍ വരച്ചത്. ആറുമാസം പ്രായത്തില്‍നിന്നും അവന്‍ വളര്‍ന്നുതുടങ്ങിയത് ചിത്രങ്ങളിലൂടെയായിരുന്നു. നിലത്ത് ചിത്രങ്ങള്‍ വരച്ച് പതുക്കെ ചുമരിലേക്ക് കയറിയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പഠിച്ചു. കൈയ്യെത്തുന്ന ദൂരം വരെ ചിത്രം താണ്ടിക്കഴിഞ്ഞപ്പോള്‍ ചിത്രമില്ലാത്ത ചുമരിലേക്ക് അവന്‍ ചിത്രയാത്ര നടത്തി.

അങ്ങനെ പിടിച്ചു നടക്കാന്‍ പഠിച്ചു, വരച്ച ചുമരില്‍ കൈ വയ്ക്കാതിരിക്കാനായി അവന്‍ സഹായമില്ലാതെ നില്‍ക്കാനും നടക്കാനും പഠിച്ചു. ഒരു വയസായപ്പോഴേക്കും അവന്‍ അക്ഷരങ്ങള്‍ എഴുതാന്‍ പഠിച്ചു. അവന്റെ അക്ഷരങ്ങളെല്ലാം വടിവൊത്ത ചിത്രങ്ങളായിരുന്നു. നിറങ്ങള്‍ കൂട്ടിക്കലര്‍ത്തി പുതിയ നിറക്കൂട്ട് ഒരുക്കുന്നതുപോലെ അക്ഷരങ്ങള്‍ ചേര്‍ത്ത് അവന്‍ വാചകങ്ങളുണ്ടാക്കിത്തുടങ്ങി.

കമിഴ്ന്നുകിടന്ന് വരയ്ക്കുമ്പോള്‍ കണ്ണില്‍ കാണുന്നതെല്ലാം അവന്‍ വരച്ചു. കിടന്നു കാണുന്നവന്റെ ആങ്കിളില്‍ ഊരിയിട്ട ചെരുപ്പ്, വാതില്‍ തുറന്ന ടോയ്‌ലറ്റിലൂടെ കാണുന്ന ക്ലോസറ്റ്, അമ്മയോടൊപ്പം പുറത്തേക്കിറങ്ങുമ്പോള്‍ കാണുന്ന ഉണങ്ങാനിട്ട തുണികള്‍, കായലിന്റെ ഓരങ്ങളില്‍ തപസ്സിരിക്കുന്ന പൊന്മാനുകള്‍. ഇതെല്ലാം ചിത്രങ്ങളായി അവന്‍ ഓര്‍ത്തുവരച്ചു. അക്കങ്ങള്‍ ചീട്ടുകളിലൂടെ പഠിപ്പിച്ചപ്പോള്‍ അവന്‍ ചീട്ടിലുള്ളതുപോലെ അക്കങ്ങള്‍ മുകളിലേക്കും താഴേക്കും വരച്ചുപഠിച്ചു. അവന്റെ മുന്നില്‍ എല്ലാം ചിത്രങ്ങളായിരുന്നു.

സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ അച്ഛന്‍ ജോസഫിനോട് കഥകളും അമ്മ ചിന്നമ്മയോട് സ്വപ്നങ്ങളും പറയാന്‍ പറഞ്ഞു. കഥകളില്‍നിന്നും സ്വപ്നങ്ങളില്‍ നിന്നും അവന്‍ അവന്റേതായ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭത്തെയും വരച്ചു. അവരാരും അവനെ ഇന്നത് വരയ്ക്കൂ എന്നു പറഞ്ഞ് നിര്‍ബന്ധിച്ചില്ല, മകന്റെ വരയ്‌ക്കൊപ്പം സാധനസാമഗ്രികള്‍ നല്‍കി പ്രോത്സാഹിപ്പിച്ചതല്ലാതെ. ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങി വരയ്ക്കാന്‍ ക്‌ളിന്റും തയ്യാറായിരുന്നില്ല. വീട്ടില്‍ ഇംഗ്‌ളീഷ് സംസാരിക്കുന്നതുകേട്ട് നാലാം വയസെത്തിയപ്പോഴേക്കും ഇംഗ്‌ളീഷ് പഠിച്ചെടുത്തിരുന്നു ക്‌ളിന്റ്.

പുരാണ-ഇതിഹാസ കഥകള്‍ കേള്‍ക്കുമ്പോള്‍ വാക്കുകളിലൂടെയാണ് ക്‌ളിന്റ് യാത്ര ചെയ്തത്. ഒരിക്കല്‍ പറഞ്ഞതില്‍ നിന്നും പിന്നീട് പറയുമ്പോള്‍ അല്‍പ്പമെന്തെങ്കിലും മാറ്റം വന്നാല്‍, ”അതങ്ങനെയല്ലല്ലൊ അന്ന് പറഞ്ഞത്” എന്നു പറഞ്ഞ് നൂറായിരം ചോദ്യങ്ങളുതിര്‍ക്കും. എന്നും സൂര്യോദയവും സൂര്യാസ്തമനവും കാണാന്‍ മുറ്റത്ത് ഇരിക്കുമായിരുന്നു. കായലിനപ്പുറത്ത് സൂര്യന്‍ നിറങ്ങളാല്‍ താഴ്ന്നമരുന്നത് ഏറെനേരം നോക്കിനിന്നു. അവന്‍ സൂര്യോദയം വരച്ചു. ആ സൂര്യോദയത്തില്‍ യഥാര്‍ത്ഥ സൂര്യനുണ്ടായിരുന്നു. പ്രകൃതിതന്നെയായിരുന്നു അവന്റെ ഗുരുവും ക്യാന്‍വാസും എല്ലാം.

അച്ഛന്‍ ജോസഫിന്റെ കഥപറച്ചില്‍ കേട്ട് ഗണപതി അവന്റെ ഇഷ്ടകഥാപാത്രമായി മാറി. കുരുക്ഷേത്രയുദ്ധം സീരീസായി വരച്ചു. യുദ്ധം തുടങ്ങുംമുമ്പ് ശ്രീകൃഷ്ണനും അര്‍ജ്ജുനനും ഭീമനും ഒരുമിച്ച് ശംഖുവിളിക്കുന്ന ചിത്രം അതിന്റെ തുടക്കം മാത്രമായിരുന്നു. രാമരാവണയുദ്ധത്തില്‍ രാമന്‍ രാവണന് ഒരു ദിവസത്തെ ആയുസ് നീട്ടിക്കൊടുത്ത് യുദ്ധം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചപ്പോള്‍, നാളെ തന്റെ മരണം നടക്കുമെന്ന് അറിയാവുന്ന രാവണന്റെ ഭാവത്തെ വരച്ച ക്‌ളിന്റ്, ദൈവമേ നിന്റെ അത്ഭുതസൃഷ്ടികളില്‍ ഒരാള്‍തന്നെയാണ്.

എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വച്ചു നടന്ന ചിത്രരചനാമത്സരത്തില്‍ ക്‌ളിന്റിന്റെ വരകള്‍ ഏവരേയും അത്ഭുതപ്പെടുത്തിയതാണ്. ഉത്സവക്കാഴ്ചയായിരുന്നു വിഷയം. കടലാസിലേക്ക് വെള്ളം തളിച്ച് ആ വെള്ളപ്പടര്‍പ്പുകളില്‍ വര്‍ണ്ണങ്ങള്‍ കോറിയിട്ട് വരച്ചുതുടങ്ങിയപ്പോള്‍, ‘ഈ കുട്ടി എന്താണ് കാണിക്കുന്നത്’ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ദൂരെയൊരമ്പലത്തിലെ ഉത്സവം ഒരു മരത്തിന്റെ ചോട്ടിലിരുന്ന് വീക്ഷിക്കുന്നയാളെയും ചേര്‍ത്തുവരച്ച ആ ചിത്രം പിന്നീട് ഏറെ ശ്രദ്ധ നേടി.

തുടര്‍ന്ന് കോഴിക്കോടുവച്ച് നടന്ന സംസ്ഥാന ചിത്രരചനാമത്സരത്തില്‍ ആനയും മേളക്കാരും കാഴ്ചക്കാരുമുള്‍പ്പെടുന്ന ചിത്രം വരച്ചാണ് ഒന്നാം സ്ഥാനം നേടിയത്. എറണാകുളത്തമ്പലത്തില്‍ ഉത്സവം കണ്ട് മടങ്ങിവന്ന് വരച്ച ഉത്സവക്കാഴ്ചയില്‍ ആറര ആനയെയാണ് വരച്ചത്. ഏഴാമത്തെ ആനയെ പൂര്‍ണ്ണമായി വരയ്ക്കാന്‍ പറ്റാത്തതിലെ പോരായ്മ മതില്‍ക്കെട്ടു വരച്ച് തീര്‍ത്ത് മൂന്ന് ആനയില്‍ ഉത്സവമൊരുക്കുകയായിരുന്നു കോഴിക്കോട് ക്‌ളിന്റ് ചെയ്തത്.

ഒരു വരയ്ക്കു മുകളിലൂടെ മറ്റൊരു വര ക്‌ളിന്റ് വരയ്ക്കില്ല. പരമാവധി ഒറ്റവരയില്‍ തീര്‍ക്കുന്നതായിരുന്നു ക്‌ളിന്റെ ശൈലി. സ്‌കെയിലോ മായ്ച്ച് മറ്റൊരു വര വരയ്ക്കാന്‍ റബ്ബറോ ഉപയോഗിച്ചിട്ടേയില്ല. ക്‌ളിന്റ് മായാത്ത വരകള്‍ വരച്ചപ്പോള്‍ ജീവിതവര ഇടയില്‍ വച്ച് നിന്നുപോയി. ആ ദിനങ്ങള്‍ അച്ഛന്‍ ജോസഫും അമ്മ ചിന്നമ്മയും ഓര്‍ക്കുന്നു, ”രണ്ടു വയസും പത്തുമാസവും കഷ്ടിച്ചുള്ളപ്പോള്‍ ഒരു വയറിളക്കം വന്നു. ഡോക്ടര്‍ ഒരു മരുന്നു കൊടുത്ത് അത് മാറ്റി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കണ്ണിനടിയില്‍ ഒരു കറുപ്പ് അടയാളം കണ്ടു. ഉച്ചയ്ക്കുമുന്നേ അത് മാഞ്ഞുപോയെങ്കിലും പിറ്റേദിവസം രാവിലെയും അതുപോലെ കറുപ്പടയാളം വന്നു. കിഡ്‌നി ശരിയായി പ്രവര്‍ത്തിക്കാത്തതാണ് കാരണമെന്നു പറഞ്ഞ് ഡോക്ടര്‍ കൂടുതല്‍ മരുന്നുകളും ഇന്‍ജക്ഷനുകളും നല്‍കി. ഒരു വര്‍ഷത്തോളം അലോപ്പതി തന്നെയായിരുന്നു ചികിത്സ. തുടര്‍ന്നാണ് ജോസഫ് എന്നു പേരുള്ള പ്രശസ്ത ഹോമിയോ ഡോക്ടറെ കാണിച്ചത്. അന്നുണ്ടായിരുന്ന വയറിളക്കം ഒരു സാധാരണ വയറിളക്കമായിരുന്നുവെന്നും, ഇപ്പോള്‍ മരുന്നുകള്‍ കഴിച്ച് ഉണ്ടാകുന്ന അസുഖമാണെന്നും അദ്ദേഹം പറഞ്ഞു. അസുഖമായിരുന്നപ്പോഴും മോന്‍ വരച്ചിരുന്നു. പക്ഷേ, അന്ന് മോന്‍ വരച്ചില്ല. 1983 ഏപ്രില്‍ 14ന്.”

എന്നത്തേയുംപോലെ സാധാരണ ദിവസംതന്നെയായിരുന്നു അന്നും. ജോസഫ് ജോലിക്കു പോയി. അമ്മ വീട്ടിലെ ജോലികളില്‍ ഏര്‍പ്പെട്ടു. ഒന്നും വരയ്ക്കാതെ ഒരിടത്ത് അടങ്ങിയൊതുങ്ങിയിരിക്കുന്ന ക്‌ളിന്റിനെ കണ്ടപ്പോള്‍ അമ്മ ചോദിച്ചു,

”ഇന്നെന്തേ വരയ്ക്കുന്നില്ലേ?”

”ഇല്ല. ഇന്ന് വരയ്ക്കുന്നില്ല.”

ക്‌ളിന്റിനോട് എന്തേയ് വരാക്കത്തത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അവന് തോന്നിയാല്‍ വരയ്ക്കും. വരയ്ക്കൂ എന്നു പറഞ്ഞാല്‍ വരയ്ക്കുന്ന എന്ന ശീലമില്ലാത്തയാളുമാണ്. അന്നത്തെ ചൂടു കൂടിയ ഉച്ചവെയിലും സൂര്യാസ്തമനവും ഒന്നും അവന്‍ വരച്ചില്ല. വൈകിട്ടോടെയുണ്ടായിരുന്ന വയ്യായ്ക രാത്രിയോടെ കലശലായി. ആശുപത്രിയിലേക്ക് ക്‌ളിന്റിനെയുമെടുത്ത് അവര്‍ ഓടി. പല ആശുപത്രികളിലേക്ക് മാറ്റി. ഒടുക്കം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക്. അവിടെയെത്തിയപ്പോള്‍ ബോധം വന്നെങ്കിലും അവന്‍ മടക്കയാത്രയ്‌ക്കൊരുങ്ങുകയായിരുന്നു. 1983 ഏപ്രില്‍ 15, രാവിലെ പത്തുമണിക്ക് ക്‌ളിന്റ് ഓര്‍മ്മയായി.

ക്‌ളിന്റ്, നീ ഒരു തരത്തില്‍ ഭാഗ്യവാനാണ്. നിന്റെ കുത്തിവരകളില്‍ ചിത്രമുണ്ടെന്ന് തിരിച്ചറിഞ്ഞ് നിന്നെ നിന്റെ വഴിയിലൂടെ നടത്തിച്ച അച്ഛനമ്മമാരുടെ മകനായിട്ടാണല്ലൊ പിറന്നത്. നിര്‍ബന്ധത്തിന്റെ യാതൊരു വേലിക്കെട്ടുമില്ലാതെ നിനക്ക് പറന്നു നടക്കാനുള്ള ചിറകുകളായി മാറാന്‍ അവര്‍ക്കായിരുന്നല്ലോ.

നിന്റെ ഓര്‍മ്മകള്‍ നിറച്ചാലും മതിയാകാത്തത്രയും മനസില്‍ സ്ഥലമൊരുക്കി അവരിപ്പോഴും നിന്റെ ബാക്കിജീവിതം ജീവിച്ചുതീര്‍ക്കുകയാണ്. ക്‌ളിന്റിന്റെ ചിത്രങ്ങളുമായി അവര്‍ ഒരുപാട് യാത്രകള്‍ നടത്തി. മകന്റെ ഓര്‍മ്മകളില്‍ മാത്രമായി ജീവിച്ചു. മനസിന്റെയും വീടിന്റെയും ഓരോ കോണിലും അവര്‍ ശൂന്യമായ സ്ഥലം ഒഴിച്ചിട്ടു, മകന്റെ ഓര്‍മ്മകള്‍ നിറയ്ക്കാന്‍. ഇടയ്‌ക്കെപ്പോഴോ ലക്ഷ്മി എന്നു പേരുള്ള തത്ത അവരുടെ കൂട്ടിലേക്ക് പറന്നുവന്നു. ഏഴുവര്‍ഷം അസ്വാതന്ത്ര്യത്തിന്റെ കൂടുകളൊന്നുമില്ലാതെ അവര്‍ അതിനെ വളര്‍ത്തി.

വഴിയില്‍ അച്ഛനമ്മമാരെ തനിച്ചാക്കി ലക്ഷ്മിയും പോയി. തത്ത വന്നപ്പോള്‍ വീടിനു പുറത്തായിപ്പോയ പൂച്ചകള്‍ തത്തകള്‍ക്കുശേഷം ആ വീട്ടില്‍ സ്‌നേഹം നിറയ്ക്കാനെത്തി. അവ പെറ്റുപെരുകി. എത്ര പെറ്റുപെരുകിയാലും എത്രയോറെ ഓടിവന്നാലും നിറയ്ക്കാന്‍ പറ്റാത്തത്രയും ശൂന്യത ക്‌ളിന്റ് ഒഴിച്ചുവച്ചിട്ടുണ്ടായിരുന്നു. ആ ശൂന്യതയിലേക്ക് അവര്‍ അവനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം നിറച്ചുകൊണ്ടേയിരുന്നു. ആ ഓര്‍മ്മകളാണ് അവരുടെ ഇന്നത്തെ ജീവന്‍.

# 1983 ഏപ്രില്‍ 15, രാവിലെ 10-ന്‌ ക്ലിന്റ്‌ ഓര്‍മ്മയായി

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More