“ഇത് പ്രകൃതി വിരുദ്ധം”

തോട്ടം ഉണ്ടാക്കുന്നത് പഠിക്കുവാന്‍ ഒരു രാജാവ് ഒരു സന്യാസിവര്യനെ സമീപിച്ചു. അവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ രാജാവ് കൊട്ടാരത്തിന് മുന്നില്‍ മനോഹരമായ ഒരു ഉദ്യാനം പണിതു. ആയിരത്തിലേറെ തോട്ടക്കാര്‍ പരിപാലിക്കുന്ന ഒരുദ്യാനം. രാജാവ് ഗുരുവായ സന്യാസിയെ ഉദ്യാനത്തിലേക്ക് ക്ഷണിച്ചു. ഗുരു ശ്രദ്ധയോടെ തോട്ടത്തിലേക്ക് കടന്നു. മനോഹരമായ കാഴ്ചകള്‍ കണ്ടിട്ടും ഗുരു ദു:ഖിത ഭാവത്തിലാണ്.  നിഷേധ ഭാവത്തില്‍ തലയിളക്കുകയും ചെയ്യുന്നു. രാജാവ് കാരണം ആരാഞ്ഞു. ‘ഒരൊറ്റ കരിയിലകള്‍ പോലുമില്ലാത്ത തോട്ടമോ ‘ ഗുരു മൊഴിഞ്ഞു. അതെല്ലാം നീക്കം ചെയ്‌തെന്ന് രാജാവ് അറിയിച്ചു. ‘ഇത് പ്രകൃതി വിരുദ്ധമായിരിക്കുന്നു, മനുഷ്യനിര്‍മ്മിതമായിരിക്കുന്നു‘ ഇത്രയും പറഞ്ഞ് ഗുരു ഉദ്യാനത്തിന് പുറത്ത് പോയി കരിയിലകള്‍ വാരിക്കൊണ്ടുവന്ന് ഉദ്യാനത്തില്‍ വിതറി. . . അപ്പോള്‍ ഗുരുവിന്റെ മുഖം തെളിഞ്ഞു.

ഇതൊരു കഥയാണ്. പക്ഷേ ‘ കഥയിലെ കാര്യം ‘ വര്‍ത്തമാനകാലത്തു നിന്നും കണ്ടെടുക്കുകയാണ് അഭിമുഖം വെബ് പോര്‍ട്ടല്‍. മനുഷ്യനിര്‍മ്മിതമായ പ്രകൃതിവിരുദ്ധമായ ഇന്നുകളുടെ വര്‍ത്തമാനം. അത് തീര്‍ക്കുന്ന കെട്ടകാലത്തിന്റെ ചൂടും പ്രളയവും. പുല്ലും പുല്‍നാമ്പും പുഴയും വീണ്ടെടുക്കേണ്ടതാണെന്ന വര്‍ത്തമാനം ധനശ്രീയുമായി പങ്കുവയ്ക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും (ഉരുള്‍പൊട്ടല്‍) മുന്‍ ക്രൈസ്റ്റ് കോളേജ് പ്രൊഫസറുമായ ഡോ. ശ്രീകുമാര്‍. ഈ അഭിമുഖം ഈ കഥയെ വീണ്ടും തെളിമയുള്ളതാക്കും. ആ ചോദ്യങ്ങളിലേക്ക്. .  .


കേരളം, അതിന്റെ ഭൂപ്രകൃതിയാലും കാലാവസ്ഥയാലും അനുഗൃഹീതമായിരുന്നു. ഇപ്പോളേറെ മാറ്റം വന്നിരിക്കുന്നു. എങ്ങനെയാണ് അത് മനുഷ്യജീവിതത്തെ ബാധിക്കുന്നത് ?

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നിരവധി പ്രകൃതി ദുരന്തങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. വരള്‍ച്ച, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, തീരദേശമേഖലയില്‍ നിന്ന് ഉപ്പുവെള്ളം കയറലുമെല്ലാം അവയില്‍പെടുന്നു. മലനാട്, ഇടനാട്, തീരദേശം അങ്ങനെ എല്ലായിടങ്ങളിലും പ്രകൃതി ദുരന്തങ്ങള്‍ക്ക് സാദ്ധ്യത ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. ഇതെല്ലാം പ്രധാനമായും കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് കാര്യങ്ങളിലാണ് പ്രധാനമായും പ്രശ്‌നങ്ങളുള്ളത്. കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ട്.

ഇന്ന് താപനിലയില്‍ തന്നെ വലിയ വ്യത്യാസം വന്നിരിക്കുന്നു. നേരത്തെ കാലാവസ്ഥയില്‍ മാറ്റമുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ അക്കാര്യത്തിലുള്ള സംശയം പൂര്‍ണ്ണമായി നീങ്ങി. ആഘാതങ്ങള്‍തിരിച്ചറിഞ്ഞുകഴിഞ്ഞു.വരള്‍ച്ചയും നന്നായിട്ടുണ്ട്. അതിന്റെ പ്രഭാവവും കണ്ടറിഞ്ഞ് തുടങ്ങി. ഇപ്പോള്‍ വരള്‍ച്ച ആണെങ്കില്‍ അടുത്ത ദിവസം മഴ അങ്ങനെ ആകെ തകിടം മറിഞ്ഞ അവസ്ഥ. മഴ പെയ്യുന്നുണ്ട്. അത് രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കും. ശക്തമായി മഴ പെയ്യുന്നു,  തീരുന്നു. പിന്നെ വരണ്ട നിലയിലാണ്. നഗരങ്ങളില്‍ പൊടുന്നനെ പ്രളയമുണ്ടാകുന്നു. മറ്റൊരു ഭാഗത്ത് വരള്‍ച്ചയും ഉണ്ടാകുന്നു. ശരാശരി നോക്കിയാല്‍ മഴയുണ്ട്. കഴിഞ്ഞവര്‍ഷം മാറ്റി നിറുത്തിയാല്‍ 2012 ല്‍ വരള്‍ച്ച അനുഭവപ്പെട്ടു. അന്ന് വേനല്‍ മഴ കിട്ടി. കിട്ടുന്ന മഴയുടെ തോതിലും മാറ്റമുണ്ടായില്ല.

ശരാശരി 300 സെന്റിമീറ്ററോളം മഴ കിട്ടുന്നുണ്ട്. എന്നാല്‍ ഇത്രയും മഴ ലഭിച്ചിട്ടും മഴവെള്ളം എവിടെ പോകുന്നു എന്നതാണ് പ്രശ്‌നം. പെയ്യുന്ന വെള്ളം എവിടെ പോകുന്നു. അതിനെപറ്റി ചിന്തിക്കുമ്പോഴാണ് നാമറിയുന്നത് പ്രശ്‌നം മുഴുവന്‍ നമ്മുടെ അശാസ്ത്രീയമായ ഭൂവിനിയോഗ രീതികളിലാണ്.

വനമേഖലയിലുള്ള വിസ്തൃതിയില്‍ വന്‍ കുറവാണുണ്ടാകുന്നത്. നഗരവത്കരണം വന്നു. കുറെ മേഖലകള്‍ കൈയേറുന്നു. മൂന്നാര്‍ പോലുള്ള സ്ഥലങ്ങളിലൊക്കെ അതാണ് പ്രശ്‌നം. ആകെയുള്ള വനവിസ്തൃതിയില്‍ വലിയ മാറ്റം വരുന്നു. കാടില്ലാത്തിടത്തും മഴ പെയ്യുന്നുണ്ടല്ലോ എന്ന് പണ്ടൊരു എം.എല്‍.എ പറയുകയുണ്ടായി. എന്തുകൊണ്ടാണ് മരം. . . ശക്തമായി പതിക്കുന്ന മഴയെ കനോപി (വനത്തിന്റെ മേലാപ്പ്) വൃക്ഷശാഖകളും ഇലകളും മറ്റും ശക്തികുറച്ച് വളരെ പതുക്കെ ഭൂമിയിലേക്ക് പതിക്കാനുള്ള സംവിധാനം ഒരുക്കുന്നു. വളരെ ശക്തിയോടെ പെയ്താല്‍ അത് ഒഴുകിപ്പോകും. അങ്ങനെയല്ല ഇത് പതുക്കെ മണ്ണിലേക്ക് ഊര്‍ന്നിറങ്ങാന്‍ പാകത്തിന് മഴവെള്ളത്തെ ഇറക്കിവിടുന്നു. കനോപിയുടെ വിസ്തൃതി കുറഞ്ഞു. മഴവെള്ളം ഊര്‍ന്നിറങ്ങുന്നില്ല. അത് ഒഴുകിപ്പോകുന്നത് കൂടി. ഒഴുകിപ്പോകുന്നതിന്റെ നിരക്ക് കൂടുകയും ഊര്‍ന്നിറങ്ങുന്നതിന്റെ നിരക്ക് കുറയുകയും ചെയ്തു.

ഇതോടൊപ്പം തന്നെയാണ് താപനിലയിലുള്ള മാറ്റം. പാലക്കാട് 42 ഡിഗ്രി, കോഴിക്കോട് 41 ഡിഗ്രി വരെ വന്നു. തൃശൂരില്‍ ഈ വര്‍ഷം 38 ഡിഗ്രി വരെയായി. അപ്പോള്‍ ബാഷ്പീകരണം വളരെക്കൂടി. വെള്ളം എവിടെയൊക്കെ ഉണ്ടോ എല്ലാം ബാഷ്പീകരിച്ച് പോകാനുള്ള പ്രവണതയും കൂടി. ഹൈഡ്രോളജിക്കല്‍ സൈക്കിള്‍ ഉണ്ട്. വെള്ളം എവിടെയും പോകുന്നില്ല, ബാഷ്പീകരിച്ച് പോകുന്നത് താഴെ തന്നെ എത്തണം. ചാക്രികമായി നില്‍ക്കുന്നത് കൊണ്ട് വീണ്ടും അത് മഴയായി എത്തണം. ആഗോളതാപനത്തിന്റെ വ്യത്യാസം, കാറ്റിന്റെ ഗതി ഇതിനെയെല്ലാം ആശ്രയിച്ചാണ് അത് മഴയായി പെയ്യുന്നത്. പക്ഷേ അത് ക്രമമായല്ല സംഭവിക്കുന്നത്. താളം തെറ്റി ഒരു സ്ഥലത്ത് ഘോരമായി മഴപെയ്യുന്നു. മറ്റൊരിടത്ത് കൊടും വരള്‍ച്ചയാണ്, അതാണ് കാണുന്നത്.

കൃഷിയെ എങ്ങനെ ഇത് ബാധിക്കുന്നു ?

കാലാവസ്ഥവ്യതിയാനത്തെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ഉല്‍പാദന ക്ഷമത കുറയുന്നു എന്ന് പറയും പോലെ ചിലയിടങ്ങളില്‍ ഉല്‍പാദന ക്ഷമത കൂടുന്നുമുണ്ട്. പക്ഷേ നമ്മുടെ സൗത്ത് ഇസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പൊതുവെ പ്രൊഡക്ടിവിറ്റി കുറയുന്നതായാണ് കാണുന്നത്. അതേസമയം അമേരിക്കയില്‍ ചിലയിടങ്ങളില്‍ പ്രൊഡക്ടിവിറ്റി കൂടുന്നുമുണ്ട്. ആഗോളതാപനം മൂലം ചിലയിടങ്ങളില്‍ പ്രശ്‌നം ഉണ്ടാകുന്നു. ചിലയിടങ്ങളില്‍ നല്ല കാര്യങ്ങളുമുണ്ടാക്കുന്നു.
കൃഷിയിടങ്ങളെ ആകെ നാം പരിവര്‍ത്തന വിധേയമാക്കുന്നു.

എങ്ങനെയത് ജീവിതത്തെ ബാധിക്കുന്നു ?

തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തരം പ്രശ്‌നങ്ങളേറെ. തണ്ണീര്‍ത്തടമെന്ന് പറയുമ്പോള്‍ പാടവും കായലും കോള്‍നിലങ്ങളുമെല്ലാം അതില്‍ വരും. അതിന്റെ വിസ്തൃതി  കേരളത്തില്‍ 50 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ നാലിലൊന്നായി കുറഞ്ഞു. അതാണ് പ്രധാനപ്രശ്‌നം. ഏറ്റവും കൂടുതല്‍ മഴവെള്ളത്തെ സ്‌പോഞ്ച് പോലെ സംഭരിച്ച് ഭൂഗര്‍ഭ വിതാനത്തിലേക്ക് ഒഴുക്കുന്ന ഒരു സംവിധാനമാണ് തണ്ണീര്‍ത്തടങ്ങള്‍. അത് നമുക്ക് അന്യമാകുന്നു. ആദ്യം പുഴകളിലാണ് മണല്‍ വാരിയത്. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അതിന് നിയന്ത്രണവുമായാണ് നദീതട സംരക്ഷണ നിയമം വന്നത്. സെന്റന്‍ ഫോര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററൊക്കെ ശാസ്ത്രീയമായി അതിനെകുറിച്ചൊക്കെ പഠിച്ച് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു.
ഈ വര്‍ഷം ഈ കടവില്‍ വാരാം, അടുത്ത കൊല്ലം മറ്റൊരിടത്ത് അങ്ങനെ ശാസ്ത്രീയമായി കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് അവ. അപ്പോള്‍ ജനങ്ങള്‍ തന്നെ കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് തണ്ണീര്‍ത്തടങ്ങളും പാടങ്ങളും കുഴിക്കുകയും മണലെടുക്കുകയും ചെയ്യുക എന്നത്. തൃശൂര്‍ കോള്‍പാടങ്ങളില്‍ ആദ്യമായി പഠനം നടത്തിയത് ഞങ്ങളാണ്. അപ്പോള്‍ കണ്ടൊരു കാര്യമുണ്ട്. തണ്ണീര്‍ത്തടങ്ങള്‍ കുഴിച്ചു ചെല്ലുമ്പോഴാണ് നല്ല കട്ടിയുള്ള മണല്‍ ശേഖരം കാണുക.

ചരിത്രപരമായി പറയുന്നത് ഇരിങ്ങാലക്കുടയെന്നത് രണ്ട് ചാലുകള്‍ കൂടിച്ചേര്‍ന്നതാണെന്നാണ്. സത്യം പറഞ്ഞാല്‍ അത് ശരിയായിരിക്കണമെന്നു വേണം അനുമാനിക്കാന്‍. അതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ചാലക്കുടിപ്പുഴയും കരുവന്നൂരും ഒരുമിച്ച് ഒഴുകി പിന്നീട് സ്‌പ്രെഡ് ചെയ്ത് മാറിയതാകാം. ഈ പ്രദേശത്തൊക്കെ വലിയ മണല്‍ ശേഖരമാണ് കാണുന്നത്. അപ്പോള്‍ പലരും അതില്‍ ആദായം കണ്ടെത്തി. മണല്‍ കുഴിച്ചെടുക്കാന്‍ തുടങ്ങി. പിന്നീട് അത് ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് ഊറ്റിയെടുക്കലായി. മണല്‍ എവിടെയെന്നൊക്കെയോ ഊറ്റിയെടുക്കുകയാണ്.

പക്ഷേ ഒരു തണ്ണീര്‍ത്തടം ഒരു ഹെക്ടറില്‍.. ലക്ഷക്കണക്കിന് ലിറ്റര്‍ ജലമാണ് സംഭരിക്കുന്നത്. പലതും പല രീതിയിലാണ് വെള്ളം സംഭരിക്കുക. മുഴുത്ത തരിയുള്ള മണലുണ്ട്. അതിനിടയില്‍ സുഷിരങ്ങളേറെയാണ്. അവ കൂടുതല്‍ വെള്ളം സംഭരിക്കും. ഫൈന്‍ പാര്‍ട്ടിക്കിള്‍സ് ഉള്ള ചെളിയുടെ കണ്ടന്റ്് കൂടുതലുള്ള തണ്ണീര്‍ത്തടങ്ങളുണ്ട്. അതില്‍ സുഷിരങ്ങള്‍ കുറവാകും. വെള്ളം സംഭരിക്കാനുള്ള ശേഷിയും കുറയും. എങ്ങനെ നോക്കിയാലും ഇവിടെയെല്ലാം വെള്ളം ശേഖരിക്കപ്പെടുന്നുണ്ട്. ആദ്യ കാലത്ത് ക്‌ളേ ആണ് തണ്ണീര്‍ത്തടങ്ങളില്‍ നിന്ന് എടുത്തിരുന്നത്. പിന്നീടാണ് മണല്‍ കാണുന്നത്. പിന്നെ മണല്‍ ശേഖരമായി ഖനനം ചെയ്യല്‍.

ജിയോളജിയില്‍ ഈ മേഖലയെ പറയുന്നത് അക്വിഫര്‍ എന്നാണ്. ഈ അക്വിഫര്‍ ആണ് നഷ്ടപ്പെടുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. മഴവെള്ളമുള്ളപ്പോള്‍ ഇത് മഴവെള്ളം ശേഖരിച്ച് വയ്ക്കും. പിന്നെ മഴ കുറയുമ്പോള്‍ ജലം പുഴകളിലേക്ക് ഊര്‍ന്നിറങ്ങും. കരുവന്നൂര്‍ പുഴയുടെയും ചാലക്കുടി പുഴയുടെയും ഒഴുക്ക് നിലനിറുത്തുന്നത് ഇത്തരത്തിലുള്ള മണല്‍ശേഖരമാണ്. കേരളത്തിലെ എല്ലാ  പുഴകളുടെയും ഒഴുക്കിനെ നിലനിറുത്തുന്ന ഘടകമാണിത്. ഇപ്പോള്‍ ജലം സംഭരിക്കാനാവുന്നില്ല. ഒന്നില്ലെങ്കില്‍ നാമതിനെ മണ്ണിട്ട് നികത്തും. അല്ലെങ്കില്‍ മണല്‍ ഊറ്റിയെടുക്കും. വനപ്രദേശത്തെ വെള്ളത്തെ മണ്ണിലേക്കിറക്കി വിടാനുള്ള സംവിധാനം ഇല്ലാതാക്കിയതു പോലെ തണ്ണീര്‍ത്തടങ്ങളിലെ ജലസംഭരണശേഷിയും ഇല്ലാതാക്കി. ഈ ജലമെല്ലാം ഭൂഗര്‍ഭ ജലവിതാനത്തിലേക്കാണ് പോകുന്നത്. അപ്പോള്‍ പ്രശ്‌നങ്ങളുടെയെല്ലാം ഉറവിടം ഇത്തരം അശാസ്ത്രീയമായ ഭൂവിനിയോഗ രീതി തന്നെയാണെന്ന് പറയാം.

വെട്ടുകല്‍ കുന്നുമായി ബന്ധപ്പെട്ടും ഇതേ  പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വെട്ടുകല്‍ കുന്ന് എന്ന് പറയുന്നത് ഏറ്റവും നല്ല ഒരു അക്വിഫെറാണ്. പൊതുവെ കേരളത്തിലെ കിണറുകള്‍ വെട്ടുകല്‍ കുന്നില്‍ നിന്നാണ് വെള്ളമെടുക്കുന്നത്.   വെട്ടുകുന്നിലൊക്കെ സുഷിരങ്ങളേറെയുണ്ട്. ഇവ മഴപെയ്യുമ്പോള്‍ നല്ല രീതിയില്‍ വെള്ളം സംഭരിച്ച് വയ്ക്കും.  കുന്നൊക്കെ ഇടിച്ചുനിരത്തുമ്പോള്‍ സമനിരപ്പായാണ് ഭൂമി രൂപപ്പെടുക. സമനിരപ്പും കുന്നും തമ്മില്‍ സ്ഥലവിസ്തൃതിയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. ഹെക്ടര്‍ കണക്കിന് ഉപരിതല വിസ്തൃതിയില്‍ (സര്‍ഫസ് ഏരിയ) വ്യത്യാസമുണ്ടാ ക്കുന്നു. അതും വെള്ളം സംഭരണശേഷിയെ ബാധിക്കുന്നു. ഇവിടെയെല്ലാം ഭൂവിനിയോഗ രീതിതന്നെയാണ് പ്രശ്‌നം.

ഈ അവസരത്തില്‍ മഴവെള്ളക്കൊയ്ത്തിന് മഴക്കുഴികള്‍ എത്രത്തോളം ഫലപ്രദമാണ് ?

മഴവെള്ളം ശേഖരിക്കാന്‍ മഴക്കുഴികള്‍ നല്ലത് തന്നെ. കിണര്‍ റീ ചാര്‍ജ്ജ് ചെയ്യാന്‍ മഴവെള്ള സംഭരണികളാണ് വേണ്ടതും. പക്ഷേ അവിടെയും പ്രശ്‌നങ്ങളുണ്ട്. ഏത് പ്രദേശത്തും ചരിവുപ്രതലത്തിലും മഴക്കുഴികളെന്ന രീതി തെറ്റാണ്. കണ്ണൂരിലൊക്കെ ഇത്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. അന്ന് പഞ്ചായത്തില്‍ നിന്ന് നല്ല ഫണ്ട് കിട്ടി. അവര്‍ അത് നന്നായിട്ട് ഉപയോഗിക്കുകയും ചെയ്തു. പക്ഷേ അത് ഉരുള്‍പൊട്ടലുണ്ടാക്കി. ഏതിടത്തും മഴക്കുഴികളെന്ന രീതി തെറ്റാണ്. അത് ഉരുള്‍പൊട്ടലുണ്ടാക്കും. ഇപ്പോള്‍ അതൊക്കെ ആളുകള്‍ക്ക് മനസിലായി തുടങ്ങി.

ശാസ്ത്രീയമായി ഇതിനെ കുറിച്ച് പഠിച്ച് മഴക്കുഴികള്‍ എവിടെയൊക്കെ ആകാം എന്ന കാര്യത്തില്‍ തീരുമാനമായി. എത്ര ചരിവാണ്,  മണ്ണിന്റെ ഘടനയെന്ത് എന്നിവയൊക്കെ പഠിച്ചാണ് ചെക് ഡാമും മഴക്കുഴികളുമൊക്കെ നിര്‍മ്മിക്കേണ്ടത്. സമനിരപ്പായ പ്രദേശങ്ങളില്‍ മഴക്കുഴികള്‍ കുഴപ്പമില്ല. പക്ഷേ കുന്നുകളിലും ചരിവുകളിലും അവ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

വരള്‍ച്ച, വെള്ളപ്പൊക്കം ഈ ദുരന്തങ്ങളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനങ്ങളൊക്കെ സജ്ജമാണോ ?.

വരള്‍ച്ച വെള്ളവുമായി ബന്ധപ്പെട്ടുള്ള ഒരു ഡിസാസ്റ്റര്‍ തന്നെയാണ്. അത് കൈകാര്യം ചെയ്യാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സംവിധാനങ്ങളുണ്ട്. മൂന്നാറിലും സംഭവിച്ചത് അതാണ്. കൃത്യമായി ഞങ്ങളുടെ പഠനങ്ങളുണ്ട്.

ഹസാര്‍ഡസ് സൊണേഷന്‍ ഡിസാസ്റ്റര്‍ മാപ്പുകളൊക്കെയുണ്ട്. എവിടെയാണ് ഉരുള്‍ പൊട്ടലിന് സാദ്ധ്യത, എവിടെയാണ് കുറവുള്ളത് ഇത് സംബന്ധിച്ച് കൃത്യമായ കണക്കുകളുണ്ട്. കുഞ്ചിത്തണ്ണിയിലൊക്കെ പോയിരുന്നു. 2013ല്‍ വലിയ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളാണ് ഇതൊക്കെ. പ്രായമുള്ള അമ്മച്ചിയും അപ്പൂപ്പനുമൊക്കെ അവിടെ മരിച്ചു. അശാസ്ത്രീയമായി ശരിയല്ലാത്ത ഇടത്താണ് അവര്‍ വീടു വച്ചത്. ഓരങ്ങളോട് ചേര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന സ്ഥലമുണ്ട് അവിടെയായിരുന്നു അവരുടെ വീട്. മഴ ഉള്ളപ്പോള്‍ നല്ല ഒഴുക്കുണ്ടാകും. അല്ലാത്ത സമയത്ത് അത് കാണില്ല. തോടുകളും ഇത്തരം ഓരങ്ങളും കൈയേറി വീടുകളും ബണ്ടുകളും ഉണ്ടാക്കും. മഴ വരുമ്പോള്‍ അവ ഒലിച്ച് പോകുകയും ചെയ്യും. കഴിഞ്ഞദിവസം ചാനലില്‍ കണ്ടിരുന്നു. ഇടുക്കിയില്‍ ചെങ്കുത്തായ ചരിവുകളില്‍ വലിയ കെട്ടിടങ്ങളാണ് പണിയുന്നത്. എത്ര അശാസ്ത്രീയമാണത്. അതുപോലെ തന്നെയാണ് കുഞ്ചിത്തണ്ണിയിലും. ഇടിഞ്ഞു വീണില്ലെങ്കില്‍ ഭാഗ്യം എന്നേ പറയാനാകൂ.

അശാസ്ത്രീയമായ രീതിയില്‍ നാമിതൊക്കെ ചെയ്യുന്നു. പിന്നീട് കോഴിക്കോട് പുല്ലൂരാംപാറയില്‍ പഠനം നടത്തി. ഏതു ദുരന്തമുണ്ടായാലും അതില്‍ നിന്നൊക്കെ നാം ഒരു പാഠം പഠിക്കുക. അത് ഉള്‍ക്കൊണ്ടാണ് നാം മുന്നോട്ടുപോകേണ്ടത്. പോയി നോക്കുമ്പോള്‍ ഒരുമണിക്കൂറില്‍ 26  ഉരുള്‍പൊട്ടല്‍. അവിടെ സാധാരണക്കാരൊക്കെ ഉണ്ട്. ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെങ്കിലും ജീവിക്കാനായി കൃഷി ചെയ്യുന്നവരുമുണ്ട്. പക്ഷേ അവിടെത്തന്നെ സ്ഥലം വാങ്ങിയിട്ടവര്‍ അവിടെനിന്നും മാറി സുരക്ഷിതമായി മറ്റിടങ്ങളില്‍ താമസിക്കുന്നവരുമുണ്ട്. കൈയേറ്റവും കുടിയേറ്റവും രണ്ടും രണ്ടാണ്. ഇതെല്ലാം കണ്ടെത്തണം. സാറ്റലൈറ്റ് ഇമേജറിസൊക്കെ വച്ച് പഠിക്കണം.

ഹസാര്‍ഡസ് സൊണലൈസേഷന്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ചെയ്തിട്ടുണ്ട്. സെസ് ചെയ്തിട്ടുണ്ട്. മാപ്പൊക്കെ ലഭ്യവുമാണ്. ജില്ലാ കളക്ടര്‍ക്ക് ദുരന്തസാദ്ധ്യത എവിടെയൊക്കെ എന്നറിയാം. ഇതോടൊപ്പം പുതിയ ചില കാഴ്ചകളുമുണ്ട്. വനമേഖലയിലൊക്കെ ഉരുള്‍പൊട്ടലുണ്ടാകുന്നു. ഏറെ നാളായില്ല മധുര-കുഞ്ചിത്തണ്ണിയ്ക്കും ഇടയ്ക്കുള്ള ഭാഗത്ത് ഉരുള്‍പൊട്ടി. 2013ല്‍ തന്നെയാണെന്ന് തോന്നുന്നു. കുറെപേര് മരിച്ചു. റോഡൊക്കെ ഒലിച്ചുപോയി.

അപ്പോഴും ചോദ്യങ്ങളുണ്ടായി, ജനങ്ങളില്ലാത്ത സ്ഥലത്തും ഉരുള്‍പൊട്ടലുണ്ടാകുന്നില്ലേയെന്ന്. പക്ഷേ അവിടെ ചെന്നുനോക്കിയപ്പോള്‍ റിസര്‍വ് ഫോറസ്റ്റിലൊന്നും മരങ്ങളില്ല. മരങ്ങളെല്ലാം വെട്ടിക്കൊണ്ടിരിക്കുകയാണ്. അസ്ഥിരമാണ് അവിടത്തെ ഭൂപ്രദേശം. മുകള്‍നിരയിലെ മണ്ണ് അസ്ഥിരമാണ്. മഴപെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ് കുതിര്‍ന്ന് ഭാരം കൂടി അവ ഒലിച്ചുപോകുകയാണ്.

നാം പലപ്പോഴും മറ്റ് സംസ്ഥാനങ്ങളെ കോപ്പി ചെയ്യുകയാണ്, തമിഴ്‌നാടിനെയും കര്‍ണ്ണാടകത്തെയുമൊക്കെ. കേരളത്തിന്റെ ഭൂപ്രകൃതി അനന്യമാണ്. അവിടെ നിന്നെല്ലാം വ്യത്യസ്തമാണ്.  ജനസംഖ്യാ സാന്ദ്രത കൂടുതലാണ്. അതുകൊണ്ടാണ് പറയുന്നത് ഭൂവിനിയോഗ രീതിക്ക് നിയന്ത്രണം വേണം. അത് സര്‍ക്കാരല്ല അടിച്ചേല്‍പ്പിക്കേണ്ടത്. തിരിച്ചറിയണം. അവരാണ് പറയേണ്ടത് കൈയേറ്റങ്ങളെല്ലാം പാടില്ലെന്ന്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റെങ്ങനെയൊക്കെയാണ് ജനത്തെ ബാധിക്കുന്നത്?

കാലാവസ്ഥ വ്യതിയാനം പല തരത്തിലുള്ള രോഗങ്ങളും നാട്ടില്‍ സാധാരണമാക്കി. ഡെങ്കിപ്പനിയും എച്ച് വണ്‍ എന്‍ വണും പടരുന്നു. മാലിന്യപ്രശ്‌നമാണ് അതിന് പ്രധാനകാരണം. മാലിന്യം നിക്ഷേപിക്കാന്‍ ഇടമില്ല. ആ ബോധം ജ നങ്ങള്‍ക്കില്ല എന്നതാണ് പ്രശ്‌നം. ആരോഗ്യം, സാക്ഷരത എന്നിവയില്‍ കേരളം കുതിപ്പുണ്ടാക്കി. പക്ഷേ പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ കേരളം പിന്നിലാണ്. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനുള്ള അക്രാന്തമാണ് എല്ലാവര്‍ക്കും. സ്വയം എല്ലാവരും അതില്‍ നിന്ന് പിന്‍മാറണം. പരിസ്ഥിതി സാക്ഷരത എന്ന സങ്കല്‍പ്പം വേണം.

ശാസ്ത്ര സാഹിത്യപരിഷത്ത് പോലെയുള്ള സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവില്ലേ ?

മൂന്നാറുമായി ബന്ധപ്പെട്ട് അവരുടെ നല്ല നിലപാടുകള്‍ സ്വീകരിച്ചു. പരിഷത്ത് ജലസാക്ഷരതയില്‍ ഏറെക്കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലെയും കിണറുകളിലെയും വെള്ളം ടെസ്റ്റ് ചെയ്യുന്നു.

കിണറുകളിലെ വെള്ളം ശുദ്ധമല്ല എന്ന രീതിയില്‍ വാര്‍ത്തകളുണ്ട്. എന്തൊക്കെയാണ് അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ?

ഇരുമ്പ്, ക്‌ളോറൈഡ് അംശം കൂടുന്നു എന്നതാണ് കുടിവെള്ളത്തിലെ പ്രധാനപ്രശ്‌നം. തീരപ്രദേശങ്ങളിലാണ് ക്‌ളോറൈഡ് പ്രശ്‌നം കൂടുതല്‍. ഉപ്പുവെള്ളം കയറിയാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. ക്‌ളോറൈഡ് കൂടുന്നിടത്ത് വാട്ടര്‍ റീച്ചാര്‍ജിംഗ് മാറ്റമുണ്ടാക്കും. ഇരുമ്പ് വെട്ടുകല്ലില്‍ നിന്ന് അരിച്ചിറങ്ങുന്നതാണ്. കരിയും മറ്റും ഉപയോഗിച്ച് ഫില്‍റ്ററിംഗ് ഫലപ്രദമാണ്. പല രീതികളും ഫലപ്രദമാണ്. അതിന്റെ അളവ് കണ്ടെത്തിവേണം ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍. മറ്റൊരു പ്രശ്‌നം കോളിഫോം ബാക്ടീരിയയാണ്. അത് ഗ്രാമപ്രദേശങ്ങളിലില്ല. നരഗങ്ങളില്‍ 50 -40 ശതമാനം മേഖലകളില്‍ പ്രശ്‌നമുണ്ട്. നന്നായി വെള്ളം തിളപ്പിക്കുക എന്നതാണ് പരിഹാരം. ഈ ബാക്ടീരിയയുടെ ഷെല്ലുണ്ട്. അഞ്ച് മുതല്‍ എട്ട് മിനിറ്റ് വരെ തിളപ്പിച്ചാലേ ആ ഷെല്ല് പൊട്ടൂ.

തിരിച്ച് മഴയുടെ കാര്യം തന്നെയെടുക്കാം. മഴ പെയ്ത് കടലിലാണ് വന്നുചേരുക. കടലിലെത്തുന്ന മഴ സംബന്ധിച്ച് വല്ല പഠനങ്ങളുമുണ്ടായിട്ടുണ്ടോ ?

സി.ഡബ്ല്യുആര്‍.ഡി.എ ഒരു പഠനം നടത്തിയിരുന്നു. എറ്റവും ഉയര്‍ന്ന പശ്ചിമഘട്ടത്തില്‍ നിന്ന് തീരമേഖലയിലേക്ക് കരമാര്‍ഗ്ഗം തന്നെ എത്തിച്ചേരാന്‍ മൂന്നുമണിക്കൂര്‍ മതി. കിഴക്ക് പടിഞ്ഞാറ് ദൂരം വളരെ കുറവാണ്. ചെങ്കുത്തായ ചെരിവുമാണ്. മഴയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രദേശത്തു നിന്നും അറബിക്കടലിലേക്ക് മഴവെള്ളമെത്താന്‍ കാടൊന്നും ഇല്ലെങ്കില്‍ 48 മണിക്കൂര്‍ മതി. അത്രയും വെള്ളം വെറുതെ ഒഴുകി പോകുകയാണ്. അതിനെ തടഞ്ഞുനിറുത്തുക എന്നതാണ് പ്രശ്‌നം.  വേണമെങ്കില്‍ ചെക് ഡാമുകള്‍ ആവാം. പീച്ചി ഡാമിന്റെ കാര്യം തന്നെയെടുക്കാം. അത്രയും വെള്ളം ഒഴുകിപോകാതെ ഉപയോഗിക്കാനായി. ജലസേചനത്തിനും ഉപയോഗിക്കാം. പക്ഷേ ജൈവവൈവിദ്ധ്യത്തിന് കാര്യമായ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട് ഈ ഡാം. താഴെയുള്ള ഭാഗങ്ങളില്‍ പ്രത്യേകിച്ചും. ഇംപാക്ട് ഉണ്ട് . എങ്കിലും മറ്റു പല പ്രശ്‌നങ്ങളും കണക്കാക്കുമ്പോള്‍ ചെക് ഡാമുകളാണ് ഭേദം. ശാസ്ത്രീയമായി നടത്തിയ പഠനങ്ങള്‍ അത് ശരിവയ്ക്കുന്നുണ്ട്.

പുല്‍ത്താഴ് വരകളൊക്കെ വെള്ളം സംഭരിക്കുന്ന കാര്യത്തില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ടെന്ന വിവരം എത്രത്തോളം വസ്തുതാപരമാണ് ?

ചില പുല്‍ വര്‍ഗ്ഗങ്ങളൊക്കെ തന്നെ വെള്ളം നന്നായി സംഭരിച്ചു വയ്ക്കുന്നുണ്ട്. കൂടാതെ അവ മണ്ണൊലിപ്പിനെയും കാര്യമായി തടയുന്നു. ജൈവസമ്പുഷ്ടമായ മേല്‍മണ്ണിനെ നിലനിറുത്തുക പ്രധാനം തന്നെയാണ്.

ചെരുവുകളിലെ കൃഷിയുടെ കാര്യത്തില്‍ ഗാഡ്ഗില്‍ എതിരഭിപ്രായം പറഞ്ഞിരുന്നു. അതിനെ എങ്ങനെ കാണുന്നു. അങ്ങനെയൊരു വര്‍ഗ്ഗീകരണം ആവശ്യമുണ്ടോ?

മലഞ്ചെരുവുകളിലെ കൃഷിയുടെ കാര്യത്തില്‍ ജാഗ്രത അനിവാര്യമാണ്. ഇപ്പോള്‍ കുത്തനെയുള്ള ചെരുവുകളില്‍ നാം റബറാണ് വച്ചുപിടിപ്പിക്കുന്നത്. അത് പ്രശ്‌നമാണ്. റബര്‍ ആഴത്തില്‍ വേരുപിടിക്കാത്ത മരമാണ്. തേയില, കാപ്പി ചെടികളും അങ്ങനെതന്നെയാണ് . അതേസമയം തേക്കും ഈട്ടി യും പോലുളള  വലിയ മരങ്ങള്‍ വേര് താഴേക്കിറങ്ങി മേല്‍ണ്ണിനെയും താഴത്തെ മണ്ണിനെയും ബോള്‍ട്ട് ചെയ്ത് നിറുത്തും. ആ മണ്ണ് ഏതു കാലാവസ്ഥയിലും സ്ഥിരമായിരിക്കും. പക്ഷേ റബര്‍ പഌന്റേഷനില്‍ വെള്ളം താഴേക്ക് ഇറങ്ങാനാവാതെ മുകള്‍ഭാഗത്ത് കെട്ടിനില്‍ക്കും.  ഇതൊരു ബോയിംഗ് ഫോഴ്‌സോടെ പൊട്ടിയാണ് താഴേക്ക് ഒഴുകുക. വന്‍പൊട്ടിത്തെറിയോടെയാണ് അവിടെ ഉരുള്‍പൊട്ടുക. റബര്‍ പഌന്റേഷനിലാണ് കൂടുതലും ഉരുള്‍പൊട്ടലുണ്ടാകുന്നത്.

അപ്പോള്‍ ഗാഡ്ഗില്‍ കമ്മിറ്റിക്ക് ശരിയായ ദിശാബോധമുണ്ടായിയെന്നു വേണം കരുതാന്‍ ?

ഡേറ്റകള്‍ ചിലത് തെറ്റിപ്പോയി. അത് മാറ്റേണ്ടതായിരുന്നു.  ഇരിങ്ങാല ക്കുടയൊക്കെ വനഭൂമിയാണെന്നൊക്കെ പ്രചരണമുണ്ടായി. എന്നാല്‍ ഗ്രാമസഭയിലും മറ്റും ചര്‍ച്ച ചെയ്തിട്ടേ ഈ മേഖലകളുടെ കാര്യത്തില്‍ ശരിയായ തീരുമാനമെടുക്കാവൂവെന്ന്  അതില്‍ കൃത്യമായി പറയുന്നുണ്ട്. കുടിയേറ്റവും കൈയേറ്റവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തണം. കോഴിക്കോട് പുല്ലൂരാംപാറ സന്ദര്‍ശിച്ചപ്പോള്‍ ചിലര്‍ പറയുന്നുണ്ട്, ഞങ്ങള്‍ പോകാമെന്ന്. പക്ഷേ അവര്‍ക്ക് സര്‍ക്കാര്‍ സഹായം വേണ്ടി വരും.

ഡീസല്‍ പമ്പ് ഉപയോഗിച്ച് മണലൂറ്റുമ്പോള്‍ ചില പ്രശ്‌നങ്ങളുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. എന്താണ് പ്രശ്‌നങ്ങള്‍?

വെട്ടുകല്‍ കുന്നുകളില്‍ കാണുന്ന ഒരു പ്രശ്‌നമുണ്ട്. അതേസാദ്ധ്യത ഇക്കാര്യത്തിലും ഉണ്ടായേക്കാം. പക്ഷേ അത് തെളിയിക്കാനായിട്ടില്ല. അക്കാര്യത്തില്‍ പഠനങ്ങള്‍ ആവശ്യമാണ്. 2013ല്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടലുണ്ടായി. അപ്പോള്‍ ചിലയിടങ്ങള്‍ ഇടിഞ്ഞു താഴേക്ക് പോകുന്നത് ആശങ്കയുണ്ടാക്കി. താഴേക്ക് കിണറു പോലെയാണ് ഇടിയുക. ആദ്യം കണ്ണൂരിലാണ് അത് റിപ്പോര്‍ട്ട് ചെയ്തത്. ഡോ. ശങ്കറെന്നു പറയുന്ന എനിക്കൊപ്പം സെന്റര്‍ ഫോര്‍ സയന്‍സ് സ്റ്റഡീസില്‍ ഗവേഷണം നടത്തുന്ന ആളാണ് അത് കണ്ടെത്തുന്നത്.  കുന്നിന്‍ മുകളില്‍ കെട്ടിയിരുന്ന പശുവിനെ കാണുന്നില്ല എന്ന പരാതി ഉയര്‍ന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ഒരു പ്രദേശം അപ്പാടെ താഴേക്ക് ഇടിഞ്ഞിരിക്കുന്നു. സബ്‌സിഡന്‍സ് എന്നാണ് അതിനെ പറയുക. സോയില്‍ പൈപ്പിംഗ് എന്നും പറയാം. ഇത് 2013ല്‍ ഇടുക്കിയിലും പല സ്ഥലങ്ങളിലും ഉണ്ടായി. വെട്ടുകല്‍ കുന്നുകളില്‍ ലിതോമാര്‍ജിന്‍ എന്ന മാര്‍ദ്ദവമുള്ള തരികളുള്ള പ്രദേശങ്ങളുണ്ടാകാം. ഇവ ഭൂഗര്‍ഭ ജലത്തിനൊപ്പം ഒഴുകിപോകും. ഇത് പൊള്ളയായ ഒരു ഭാഗം ഉണ്ടാക്കുകയും. പിന്നീട് ഈ ഭാഗം താഴേക്ക് ഇരിക്കുകയും ചെയ്യും. മണല്‍ ഊറ്റിയെടുക്കുമ്പോള്‍ അതേ സോയില്‍ പൈപ്പിംഗിന് സാദ്ധ്യത ഏറെയാണ്. ഏക്കര്‍ കണക്കിന് പ്രദേശങ്ങളിലെ മണലാണ് മോട്ടോര്‍ വഴി ഊറ്റിയെടുക്കുന്നത്. മുകള്‍ ഭാഗത്ത് ഒരു പ്രശ്‌നവും കാണില്ല. പക്ഷേ ചില സന്ദര്‍ഭങ്ങളില്‍ അടുത്തുള്ള കിണറുകള്‍, റെയില്‍വേ ട്രാക്കുകള്‍ എന്നിവയ്ക്കു സമീപം ഇത്തരത്തില്‍ ഗര്‍ത്തങ്ങളുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്.

അമേരിക്കയിലും മറ്റും ഇത്തരത്തില്‍ റോഡ് ഇടിയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ?

പക്ഷേ അവിടെ സ്ഥിതി വ്യത്യസ്തമാണ്. അത് ലൈം സ്റ്റോണ്‍ (ചുണ്ണാമ്പുകല്ല്) പൈപ്പിംഗാണ്. ഭൂമിക്കടിയില്‍ ലൈം സ്‌റ്റോണിന്റെ കേവ് ഉണ്ടാകും. ഭൂഗര്‍ഭം ജലം ഒഴുകിപ്പോകുമ്പോള്‍ ജലവുമായി ചേര്‍ന്ന് രാസപ്രവര്‍ത്തനത്തിലൂടെ ബൈ കാര്‍ബണേറ്റ് ആയി മാറി നഷ്ടപ്പെടും. അതോടെ ആ ഭാഗത്തെ റോഡൊക്കെ താഴ്ന്നുപോകും. പക്ഷേ കേരളത്തിലെ കാര്യം വ്യത്യസ്തമാണ്. ഇക്കാര്യത്തില്‍ പഠനങ്ങള്‍ അനിവാര്യമാണ്. വലിയ ചെലവ് വരുന്ന ഗ്രൗണ്ട് പെനിട്രേഷന്‍ ടെസ്റ്റിലൂടെ ഇത്തരം സ്ഥലങ്ങളൊക്കെ തിരിച്ചറിയാനാകും. ഇടുക്കി, കണ്ണൂര്‍, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ഈ പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്.

മണ്ണെടുത്ത സ്ഥലങ്ങള്‍ പുനരുജ്ജീവിപ്പിക്കുക സാദ്ധ്യമാണോ ?

സെസ് ഇക്കാര്യത്തില്‍ ഒരു പഠനം നടത്തിയിരുന്നു. പെരിയാറില്‍ അടിയുന്ന മണലിന്റെ 14 മടങ്ങാണ് വാരുന്നത്. പക്ഷേ പലപ്പോഴും വിദേശത്തൊക്കെ ഇക്കാര്യങ്ങളില്‍ വീണ്ടുവിചാരത്തോടെയുള്ള നടപടികളുണ്ടാകുന്നുണ്ട്. വിയറ്റ്‌നാം എന്ന സ്ഥലത്ത് കളിമണ്ണ് എടുത്താല്‍ വേറെ മണ്ണിട്ട് അവര്‍ നികത്തും. മുരിയാട് കായലില്‍ മണ്ണെടുത്ത സ്ഥലങ്ങളില്‍ പഠനം നടത്തിയിരുന്നു. അവിടെ ചില സ്ഥലങ്ങളില്‍ ഗര്‍ത്തങ്ങളാണ്. ചിലത് ഉയര്‍ന്ന പ്രദേശങ്ങളും. പക്ഷേ ഒന്ന് ചെയ്യാനാകും. പക്ഷേ എല്ലാവരും വിചാരിക്കണം. ആ പ്രദേശങ്ങളിലെ എല്ലാവവരും ചേര്‍ന്ന് മണ്ണെല്ലാം വലിച്ചിട്ട് ഒരേ നിരപ്പിലാക്കിയാല്‍ അവിടെ കൃഷി ചെയ്യാനാകും. പുനരുജ്ജീവിപ്പിക്കുന്നതിന് അവിടത്തെ എല്ലാ സ്ഥലമുടമകളും ഒരേമനസോടെ രംഗത്ത് വരണം.

തൃശൂരിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ് കോള്‍ മേഖല, ഇപ്പോഴത്തെ കോള്‍ മേഖലയുടെ മാറ്റം സംബന്ധിച്ച് വല്ല സ്ഥിതിവിവരകണക്കുകളും ലഭ്യമാണോ ?

കോള്‍ പ്രദേശത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്. പൊന്നാനി കോള്‍, തൃശൂര്‍ കോളും. ഇതില്‍ കരുവന്നൂരിന് വടക്കും തെക്കും ഭാഗങ്ങളിലെ പരിവര്‍ത്തനം രണ്ട് രീതിയിലാണ്. ശോഭാസിറ്റിയൊക്കെ ഉള്‍പ്പെടുന്നത് നോര്‍ത്ത് കോളിലാണ്. അവിടെയൊക്കെ കോള്‍നിലങ്ങള്‍ നികത്തുന്നതാണ് കണ്ടുവരുന്നത്. പക്ഷേ തെക്കുഭാഗത്ത് മണ്ണെടുപ്പാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. പക്ഷേ അതില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു വസ്തുത ശോഭാസിറ്റിയിലെ  വെള്ളം കളക്ട് ചെയ്യാനായി സൃഷ്ടിച്ച സംവിധാനമാണ്. ബില്‍ഡിംഗിന് സമീപം വലിയ ഒരു കുളമുണ്ട്. ഇത് ഭൂഗര്‍ഭജലത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് തോന്നുന്നു. ഇതിന്റെ പ്രഭാവത്തെക്കുറിച്ച് പഠനങ്ങള്‍ ആവശ്യമാണ്. ഞാന്‍ പഠിപ്പിച്ച ചിലര്‍ ആസ്‌ത്രേലിയയിലുണ്ട്. അവരില്‍ ചിലര്‍ നാട്ടിലെത്തിയപ്പോള്‍ പറഞ്ഞു. അവിടെ വികസനം വരുമ്പോള്‍ മരമുണ്ടെങ്കില്‍ അതിനെ നിലനിറുത്തിയാണ് നിര്‍മ്മാണം നടത്തുക. കുന്നുണ്ടെങ്കില്‍ അതിനെ നിലനിറുത്തും. ശോഭാ സിറ്റിയിലെ ഈ നിര്‍മ്മാണം പഠിക്കേണ്ടതാണ്. വിദേശത്തൊക്കെ കണ്ട രീതിയാണോ എന്നത് പരിശോധിക്കേണ്ടതുമാണ്.

(സ്വതന്ത്രമാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More