നിശബ്ദമായിരിക്കാന്‍ ആവാത്തതുകൊണ്ട് നാടകം എഴുതുന്നു: ജിഷ അഭിനയ

67

നാടകത്തിനായി അരങ്ങിലെത്തുമ്പോള്‍ ജിഷ അഭിനയ എന്ന കലാകാരി ജീവിതം മറന്നുപോവും. എന്നാല്‍ നാടകത്തെ മറന്ന് ഒരു ജീവിതത്തെക്കുറിച്ച് ജിഷയ്ക്ക് സങ്കല്‍പിക്കാനാവില്ല. അരങ്ങിലെത്തി ഒരു കഥാപാത്രമായി മാറുന്ന പ്രക്രിയ ജിഷ അഭിനയ എന്ന നാടകപ്രവര്‍ത്തക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ്. അഭിനയത്തില്‍ മാത്രമല്ല രചന, സംവിധാനം എന്നിവയിലും മികവു തെളിയിച്ചിട്ടുണ്ട് ഈ തൃശൂര്‍ക്കാരി.

ബാല്യത്തില്‍ തന്നെ അരങ്ങിലെത്തി നാടകത്തിന്റെ അകവും പുറവുമറിഞ്ഞ ജിഷ, ദേശാഭിമാനി ദിനപത്രത്തില്‍ സബ് എഡിറ്ററായപ്പോഴും ആ ഇഷ്ടത്തിന്‌ കുറവു വന്നില്ല. ജീവിതഗന്ധിയായ കഥകള്‍ പറയാന്‍ മാത്രമല്ല സാമൂഹിക വിഷയങ്ങളില്‍ തന്റെ ശക്തമായ നിലപാട് തെളിയിക്കാനും ജിഷ അരങ്ങിലെത്തുന്നു. തൃശൂര്‍ കുറ്റൂര്‍ അഭിനയ നാടകസമിതിയുടെ സാരഥിയായ ജിഷ കുട്ടിക്കാലം മുതല്‍ കൂടെ നടന്ന നാടകത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സി എന്‍ ശ്രീകലയുമായി പങ്കുവെയ്ക്കുന്നു.

 ജിഷ അഭിനയ, എങ്ങനെയായിരുന്നു തുടക്കം

അച്ഛന്‍ ജയന്‍ ചെത്തല്ലൂരും അമ്മ ഉഷയും സജീവ നാടക പ്രവര്‍ത്തകരായിരുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ തന്നെ അരങ്ങിലെത്താനുള്ള ഭാഗ്യമുണ്ടായി. കോഴിക്കോട് കല സംഘടിപ്പിച്ച അമച്വര്‍ നാടക മത്സരത്തില്‍ ചോമി എന്ന ആദിവാസിപ്പെണ്‍കുട്ടിയെ അവതരിപ്പിച്ചായിരുന്നു തുടക്കം. അന്ന് ഞാന്‍ അഞ്ചാംക്ലാസിലാണ്. ആ കഥാപാത്രത്തിന് മികച്ചബാലനടിക്കുള്ള പുരസ്‌ക്കാരവും കിട്ടി.

എഴുതാനിരിക്കുമ്പോള്‍ ഏതു തരം കാഴ്ചക്കാരെയാണ് മുന്നില്‍ കാണുന്നത്?

അരങ്ങിലെ കാഴ്ചകള്‍ അല്ലെങ്കില്‍ കഥാപാത്രം പറയുന്നത് തന്റെ കൂടി അഭിപ്രായമാണെന്ന് ചിന്തിക്കുന്ന ഒരു കൂട്ടം കാഴ്ചക്കാരുണ്ടാകുമല്ലോ. ഇതാണ് ഞാനും പറയാനുദേദേശിച്ചതെന്ന് കരുതുന്നവര്‍. അവരെ കണ്ടാണ് എഴുതുന്നത്. അത്തരത്തില്‍ ബാക്കിയാവുന്ന ഒരു കൂട്ടം ചിന്തകള്‍ എല്ലാവരിലുമുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം?

എഴുതിയ കഥാപാത്രങ്ങളെല്ലാം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. എങ്കിലും ഏലിഏലി ലമാ സബക്താനിയിലെ അന്നയോട് ഒരല്‍പം ഇഷ്ടക്കൂടുതലുണ്ട്. 16 വയസ്സിന്റെ കുട്ടിത്തത്തില്‍ നിന്ന് നാടകാന്ത്യത്തില്‍ യേശുക്രിസ്തുവിന്റെ തന്റെ പരിച്ഛേദമായി പക്വതയോടെ സംസാരിക്കുന്നു ഈ കഥാപാത്രം. ഒരേ സമയം രണ്ടു സ്വഭാവത്തില്‍ മാറി മാറി അഭിനയിക്കുന്നത് രസകരമാണ്.

അഭിനയിച്ചു പ്രതിഫലിപ്പിക്കാനാഗ്രഹിക്കുന്ന വേഷങ്ങള്‍ എന്തെങ്കിലും

തെയ്യവുമായി ബന്ധപ്പെട്ട ഒരു രചന മനസ്സിലുണ്ട്. എത്ര തയ്യാറെടുപ്പ് നടത്തിയിട്ടും മനസ്സ് അനുവദിക്കുന്നില്ല. കഥാപാത്രത്തിനായി മാനസികവും ശാരീരികവുമായി ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടത് കൊണ്ട് അതിപ്പോഴും സ്വപ്‌നം മാത്രമായി നില്‍ക്കുകയാണ്.

സാഹിത്യത്തില്‍ നിന്നും തിരഞ്ഞെടുക്കാറില്ലേ?

ടി.പത്മനാഭന്‍ ഏറെ സ്വാധീനിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടി അരങ്ങിലെത്തിച്ചത് ആ ഇഷ്ടം കൊണ്ടാണ്. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം അരങ്ങിലെത്തിച്ചതും ഏറെ താത്പര്യത്തോടെയാണ്. നാടകത്തോടൊപ്പം കാവ്യത്തെ ആഖ്യാനം ചെയ്യാന്‍ തോല്‍പാവക്കൂത്തും ഉപയോഗിച്ചു അതില്‍.

സ്ത്രീകേന്ദ്രീകൃതമായ കഥാപാത്രങ്ങള്‍ക്കാണോ കൂടുതലും പ്രാധാന്യം കൊടുക്കുന്നത്?

അങ്ങനെ മുന്‍കൂട്ടി നിശ്ചയിക്കുന്നൊന്നുമില്ല. എന്നാല്‍ പല വിഷയങ്ങളിലുമുള്ള വ്യക്തിപരമായ അഭിപ്രായങ്ങള്‍ തന്നെയാണ് പലപ്പോഴും കഥാപാത്രങ്ങളായി പറയുന്നത്.

മാറുന്ന കാലത്ത് നാടകാവതരണത്തിലും കാതലായ മാറ്റങ്ങള്‍ നടത്തുന്നുണ്ടോ?

അരങ്ങ് എപ്പോഴും മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ മാറ്റം വേണമെന്ന് നിശ്ചയിച്ച് ബോധപൂര്‍വ്വം ഒരുശ്രമം നടത്താറില്ല. നാടകം എന്താണോ പറയാന്‍ ഉദ്ദേശിക്കുന്നത് അതിനാവശ്യമായ അരങ്ങുഭാഷ നല്‍കും.

നാടകപ്രവര്‍ത്തക എന്ന നിലയില്‍ സമൂഹത്തോട് എങ്ങനെയാണ് സംവദിക്കുന്നത്?

സാമൂഹ്യപരമായ ഉത്തരവാദിത്തം എഴുത്തില്‍ കൊണ്ടുവരാറുണ്ട്. മുല നാവുകാരോട് ചില സുവിശേഷങ്ങള്‍ തികച്ചും സ്ത്രീപക്ഷം പറയുന്ന സൃഷ്ടിയാണ്. മുലക്കരത്തിനെതിരെയാണ് ചരിത്രത്തിലെ സ്ത്രീ മുലയറുത്തതെങ്കില്‍, വര്‍ത്തമാനക്കാലത്ത് വെറും ഉപഭോഗവസ്തുവായി മാറുന്ന പെണ്ണുടലിന്റെ പ്രതിരോധമാണത്. സൂര്യസോമപ്പൂക്കള്‍ വിടരുമ്പോള്‍, സാവിത്രി, നിഴലകലും കാലത്തേക്ക് ഒരു കനല്‍ വെട്ടം, ഏലി ഏലി ലമാ സബക്താനി എന്നിവയെല്ലാം അങ്ങനെ സാമൂഹ്യപ്രതിബദ്ധതയോടെ എഴുതപ്പെട്ട രചനകള്‍ തന്നെയാണ്. വര്‍ത്തമാന കാല ഇന്ത്യയുടെ രാഷ്ട്രീയമാണ് ശവക്കോട്ടയുടെ കാവല്‍ക്കാരിയായ സാവിത്രി പറയുന്നത്. നമ്മള്‍ ഉള്‍പ്പെട്ട സമൂഹത്തോട് നീതി പുലര്‍ത്തേണ്ടതുണ്ട്. നിശബ്ദമായിരിക്കാന്‍ ആവാത്തതുകൊണ്ട് ഞാന്‍ നാടകം എഴുതുന്നു.

കുടുംബത്തിന്റെ പിന്തുണ?

ഭര്‍ത്താവ് അനില്‍ സിന്‍സിയറും മകള്‍ അഭിനയയും നാടക സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണപിന്തുണ തരാറുണ്ട്.

നാടകത്തെക്കുറിച്ച് ഇനിയെന്തൊക്കെയാണ് സ്വപ്നങ്ങള്‍

അച്ഛനും കൂട്ടുകാരും നടത്തുന്ന കലാകേന്ദ്രയും ഞാനും കൂട്ടുകാരുമുളള അഭിനയ നാടകസമിതിയും ഒരേ സമയം രണ്ടു നാടകങ്ങളെ അരങ്ങിലെത്തിക്കാറുണ്ട്. സാധാരണക്കാരായ ഒരുകൂട്ടം നാടകപ്രേമികളുടെ കൂട്ടായ്മയാണ് അഭിനയ. വിദ്യാര്‍ത്ഥികളും ജോലിക്കാരും കൂലിപ്പണിക്കാരുമൊക്കെയുണ്ട്. എല്ലാവരുടെയും തിരക്കുകള്‍ കഴിഞ്ഞ് രാത്രി വൈകുവോളം റിഹേഴ്‌സലുണ്ടാകും. അരങ്ങിനപ്പുറം ഒരു ഗ്രാമം മുഴുവനും നാടകശാലയാവുന്നത് ഒരു സ്വപനമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...