അഭിനയത്തില്‍ അച്ഛന്റെ പേര് കളയാതിരിക്കാനാണ് ശ്രമം: ബിനു പപ്പു മനസ്സ് തുറക്കുന്നു

മലയാള സിനിമയിൽ അടുത്തിടെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടനാണ് ബിനു പപ്പു . കുതിരവട്ടം പപ്പു എന്ന മഹാനായ നടൻ്റെ മകനായിട്ടും സിനിമയിലെത്താൻ വൈകിയതെന്തുകൊണ്ട്? ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടോ? സൂപ്പർ താരങ്ങളെ മാറ്റി നിർത്തിയാൽ സിനിമയുണ്ടാവില്ലേ? കടന്നു വന്ന വഴികളെക്കുറിച്ചും അച്ഛനെക്കുറിച്ചും എല്ലാം ബിനു പപ്പു, വിനിത വേണുവിനോട് സംസാരിക്കുന്നു.

ഓപ്പറേഷന്‍ ജാവയിലെ ജോയി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടല്ലോ .ഒരു കരിയര്‍ ബ്രേക്ക് ആയി എന്ന് തോന്നുന്നുണ്ടോ?

ഒരു സിനിമ ചെയ്തു. അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. അതില്‍ വളരെ സന്തോഷം കിട്ടുന്നുണ്ട്. പക്ഷ കരിയര്‍ ബ്രേക്ക് ആണോ എന്ന് പറയാന്‍ കഴിയില്ല. വേറെയും സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ. ചിലപ്പോള്‍ അതൊക്കെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാം. അങ്ങനെ വിചാരിച്ച് തന്നെയാണല്ലോ ഓരോ സിനിമയും ചെയ്യുന്നത്. ജാവക്ക് മുന്നേ ഷൂട്ട് തീര്‍ന്ന പടങ്ങളുണ്ട്. ഇതു വരെ ചെയ്ത കഥാപാത്രങ്ങളില്‍ മികച്ച ഒന്നു തന്നെയാണ് ഓപ്പറേഷന്‍ ജാവയിലേത് എന്ന് നിസ്സംശയം പറയാം. ജാവ റിലീസ് ആയ ശേഷം കൂടുതല്‍ അവസരങ്ങള്‍ തേടി വരുന്നുണ്ട്. ആ അര്‍ത്ഥത്തിലും ജാവ സഹായിച്ചു എന്നതാണ് ശരി.

മമ്മൂട്ടിക്കൊപ്പം നിറഞ്ഞു നിന്നതായിരുന്നു വണ്ണിലെ കമാന്‍ഡോ വേഷം. ഡയലോഗുകള്‍ കുറച്ച് മാത്രം. ശരീരഭാഷക്കായിരുന്നു വളരെ പ്രാധാന്യം. എത്രത്തോളം വെല്ലുവിളിയായിരുന്നു ആ റോള്‍?

തീര്‍ച്ചയായും. പൊലീസുകാരെ നമ്മള്‍ സ്ഥിരമായി കാണുന്നതാണ് നിത്യജീവിതത്തില്‍. പൊലീസുകാരായി പല സുഹൃത്തുക്കളും ഉണ്ട്. അവരെല്ലാം എങ്ങനെയാണ് പെരുമാറുക എന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ ഒരു മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി വിങ്ങിലുള്ള ഒരാള്‍ , അയാളുടെ മാനറിസങ്ങള്‍ എന്നത് നമുക്ക് ഒട്ടും പരിചിതമല്ല. അതുകൊണ്ട് തന്നെ ഒരു ആശങ്ക ഉണ്ടായിരുന്നു.

പക്ഷേ സിനിമയില്‍ സുരക്ഷാ ടീമിലെ കമാന്‍ഡോകളായി വന്നത് യഥാര്‍ത്ഥ കമാന്‍ഡോകള്‍ തന്നെയായിരുന്നു. പ്രത്യേക അനുവാദം വാങ്ങി അവരെ അഭിനയിപ്പിക്കുകയായിരുന്നു. അവരാണ് ഏറ്റവും കൂടുതല്‍ സഹായിച്ചത്. എങ്ങനെ നടക്കണം, എങ്ങനെ പെരുമാറണം, കൈകള്‍ പോലും എങ്ങനെ ആവണം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും ഓരോ സീനിലും അവര്‍ പറഞ്ഞു തന്നു. അതുകൊണ്ടു തന്നെയാണ് അതിന് അത്ര ഒറിജിനാലിറ്റി വന്നതും.

സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തി സിനിയെടുക്കാനാവില്ല: കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു മനസ്സ് തുറക്കുന്നു

ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും യൂണിഫോമിട്ട വേഷങ്ങളായിരുന്നല്ലോ. ടൈപ്പ് കാസ്റ്റിങ് എന്ന് വിമര്‍ശനവും കേള്‍ക്കാം. എന്തു തോന്നുന്നു?

പൊലീസ് യുണിഫോമില്‍ വരുന്‌പോള്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ലല്ലോ. ഉദ്യോഗസ്ഥ റാങ്കോ ബാഡ്‌ജോ ഒക്കെ മാറും. അത്രേ ഉള്ളൂ. പരോളില്‍ പൊലീസല്ല, ഫോറസ്റ്റ് ഓഫീസറാണ്. അപ്പോഴും കാക്കി തന്നെ. ആളുകള്‍ക്ക് ഈ വ്യത്യാസം ചിലപ്പോ മനസ്സിലാക്കാന്‍ ചിലപ്പോ ബുദ്ധിമുട്ടാവും. പക്ഷേ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു എന്ന് എനിക്ക് തോന്നുന്നില്ല. വളരെ പോസിറ്റിവ് ആയിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ഇന്‍ഡസ്ട്രിയില്‍ അത്തരം ഒരു റോള്‍ വരുന്‌പോള്‍ ചര്‍ച്ചകളില്‍ എന്റെ പേര് വരുന്നു എന്ന് വലിയ ഭാഗ്യം തന്നെയല്ലേ. എന്നാല്‍ കഥാപാത്രങ്ങള്‍ക്കൊക്കെ വ്യത്യാസമുണ്ട്. ഹെലനിലെ പൊലീസുകാരനല്ല ജാവയിലേത്. ഇത് രണ്ടും അല്ല സഖാവിലേത്. ഒന്നിനൊന്ന് വ്യത്യസ്തമായാണ് സ്‌ക്രിപ്റ്റ് കിട്ടുന്നത്.

അപ്പോള്‍ കൃത്യമായ നിരീക്ഷണം വേണ്ടി വരും അല്ലേ ഓരോ കഥാപാത്രത്തിനും?

ഓരോ കഥാപാത്രവും എങ്ങനെ അത് ഇംപ്ലിമെന്റ് ചെയ്യണമെന്നതിലും എങ്ങനെ വ്യത്യസ്തമാക്കണം എന്നതിലും സഹായിക്കുന്നത് ഡയറക്ടര്‍മാരും സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സും ആണ്. കഥാപാത്രങ്ങളുടെ മാനറിസവും സ്വഭാവവും അവര്‍ കൃത്യമായി പ്ലാന്‍ ചെയ്തിരിക്കുമല്ലോ. അവര്‍ പറയുന്നതിനേക്കാള്‍ നന്നായി എങ്ങനെ ചെയ്യാം എന്നത് എപ്പോഴും ശ്രമിക്കാറുണ്ട്. അപ്പോ അതിനനുസരിച്ചുള്ള ആളുകളെ റഫര്‍ ചെയ്യും. നിരീക്ഷിക്കും. പഠിക്കും. മറ്റൊരു രീതിയില്‍ കണ്ടെത്താനും പെര്‍ഫോം ചെയ്യാനും ശ്രമിക്കാറുണ്ട്.

പരോള്‍, വണ്‍ മമ്മൂട്ടിക്കൊപ്പമുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് എങ്ങനെ ഉണ്ടായിരുന്നു?

മമ്മൂക്കയെ ഒരുപാട് നാളായി അറിയാം. അച്ഛന്‍ സിനിമയില്‍ ഉള്ള കാലം മുതല്‍ അദ്ദേഹത്തെ അടുത്തറിയാം. സിനിമാ സെറ്റുകളില്‍ പോയി വെറുതെ കാണുന്നത് പോലെ അല്ല, കൂടെ ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടെ വളരെ ഇന്‍വോള്‍വ്ഡ് ആയി ജോലി ചെയ്യണം. അദ്ദേഹത്തെ പോലെ അത്രയും സീനിയറായ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്‌പോള്‍ ഒരു ഭയം കലര്‍ന്ന ബഹുമാനമാണ് തോന്നുക. അദ്ദേഹം വളരെ ഈസിയായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തെ കൂടി കംഫര്‍ട്ടബിള്‍ ആക്കുന്ന രീതിയില്‍ നമ്മളും അഭിനയിക്കണം. പക്ഷേ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതെ തിരിച്ചും അദ്ദേഹം അക്കാര്യം ശ്രദ്ധിക്കാറുണ്ട്. കഥാപാത്രത്തിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ നല്ല രീതിയില്‍ സഹായിക്കുകയും ചെയ്യും.

സിനിമ ആലോചനയിലേ ഇല്ലായിരുന്നു എന്ന് പലപ്പോഴും പറഞ്ഞു കേട്ടു. കുതിരവട്ടം പപ്പുവിന്റെ മകനെന്ന നിലയില്‍ അവസരങ്ങള്‍ കിട്ടാന്‍ എളുപ്പമായിരുന്നില്ലേ. പരിചയക്കാരും ഉണ്ടായിരിക്കും. എന്നിട്ടും സിനിമ പാഷന്‍ ആയിരുന്നില്ലേ ?

സിനിമ ഇഷ്ടമായിരുന്നു. സിനിമ കാണാന്‍ ഇഷ്ടമാണ്. അഭിനയിക്കുന്നവരെയും സംവിധായകരെയും ഒക്കെ ഇഷ്ടം തന്നെയാണ്. പക്ഷേ സിനിമയില്‍ പ്രവര്‍ത്തിക്കണമെന്നോ ഏതെങ്കിലും തരത്തില്‍ ഇന്‍ഡസ്ട്രിയുടെ ഭാഗമാകണമെന്നോ ചിന്തിച്ചിരുന്നില്ല. ചിലപ്പോ അച്ഛന്റെ തിരക്കേറിയ ജീവിതം കണ്ടതു കൊണ്ടാവാം. ജോലി ചെയ്യുകയാണെങ്കിലും പലപ്പോഴും വീട്ടില്‍ പോലും വരാനാവാത്ത അവസ്ഥ. അതൊക്കെയാവാം.

പിന്നെ ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ട് പോയി. ബാംഗ്ലൂരില്‍ അനിമേഷന്‍ മേഖലയില്‍ നല്ല രീതിയില്‍ ജോലി ചെയ്യുകയായിരുന്നു. അച്ഛന്‍ മരിക്കുന്നത് രണ്ടായിരത്തിലാണ്. ഞാന്‍ സിനിമയില്‍ വരുന്നത് 2013ലും. അപ്പോഴാണ് അവസരങ്ങള്‍ തേടി വന്നത്. ഇങ്ങോട്ട് വന്ന അവസരങ്ങളാണ്. നോ പറയണം എന്ന് തോന്നിയില്ല. കാരണം അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യം അല്ലല്ലോ. ഇവിടെ ഒരുപാട് ആളുകള്‍ സിനിമയില്‍ എത്താന്‍ വളരെയധികം ബുദ്ധിമുട്ടുമ്പോള്‍ വന്ന അവസരം തട്ടിക്കളയാന്‍ തോന്നിയില്ല.

എപ്പോഴാണ് പിന്നെ സിനിമ ഗൗരവമായി എടുക്കാം, പ്രൊഫഷനാക്കാം എന്ന് തോന്നിയത്?

സത്യത്തില്‍ ‘മായാനദി’ക്ക് ശേഷമാണ് സിനിമ ഒരു കരിയറായി എടുക്കണം എന്ന് തോന്നിയത്. ഒരു സിനിമ എങ്ങനെ ഉണ്ടാവുന്നു എന്ന് അടുത്ത് മനസ്സിലാക്കിയത് മായാനദിയില്‍ വര്‍ക്ക് ചെയ്തപ്പോഴാണ്. അതിന് ശേഷമാണ് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണം എന്ന് തോന്നിയത്. ഒപ്പം അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളിലും കുറച്ചൂടെ ശ്രദ്ധ ചെലുത്തണം എന്ന് തീരുമാനിച്ചത്. വെറുതെ വന്ന് അഭിനയിച്ച് പോയിട്ട് കാര്യമില്ലെന്ന് മനസ്സിലായി. കാരണം ഞാന്‍ എന്ത് ചെയ്താലും അത് അച്ഛന്റെ നല്ല പേരിനെ ബാധിക്കും.

വെറുതെ രണ്ട് സിനിമ ഒരു തമാശക്ക് ചെയ്ത് പോവാം. പക്ഷേ കുതിരവട്ടം പപ്പുവിന്റെ മകന്‍ ഇത് എന്ത് കോപ്രായമാണ് കാട്ടിക്കൂട്ടുന്നത് എന്ന ചോദ്യം വന്നാല്‍ അത് അച്ഛന്റെ നേരെയാണ് പോവുന്നത്. അതുകൊണ്ട് ഒന്നുകില്‍ അഭിനയിക്കാതിരിക്കുക അല്ലെങ്കില്‍ വൃത്തിയായി ചെയ്യുക എന്ന തീരുമാനത്തില്‍ എത്തി. അത്യാവശ്യം നന്നായി ചെയ്തു വരുന്നു എന്ന് തന്നെയാണ് വിശ്വാസം. പോസിറ്റീവ് ആയ പ്രതികരണങ്ങള്‍ കേള്‍ക്കുന്‌പോള്‍, നമ്മുടെ ശ്രമങ്ങള്‍ ഫലപ്രദമാകുന്നു എന്ന് അറിയുന്‌പോള്‍ വളരെ സന്തോഷം ഉണ്ട്.

തിരിച്ചറിയപ്പെടുന്‌പോള്‍ അച്ഛന് നല്‍കിയിരുന്ന ഒരു സ്‌നേഹം, ആദരവ് ഒക്കെ പ്രേക്ഷകരില്‍ നിന്നും കിട്ടുന്നുണ്ടാവും അല്ലേ. ? അത് ആസ്വദിക്കുന്നുണ്ടോ?

അച്ഛന്റെ കൂടെ പ്രവര്‍ത്തിച്ച സംവിധായകരും അഭിനേതാക്കളും ഒക്കെ വിളിച്ച് നന്നായി എന്ന് പറയുന്‌പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. പപ്പുവേട്ടന്റെ മകന്‍ നന്നായി ചെയ്തു എന്ന് അവരെക്കൊണ്ട് പറയിക്കുന്‌പോളാണല്ലോ ആ സന്തോഷം കിട്ടുന്നത്. ഒരുമിച്ച് ജോലി ചെയ്യാന്‍ ഭാഗ്യമുണ്ടാകട്ടെ എന്ന് അവര്‍ പറയുന്ന വാക്കുകളില്‍ ഉള്ളത് അച്ഛനോടുള്ള സ്‌നേഹമാണ്. അത് വളരെ നന്നായി ആസ്വദിക്കുന്നുമുണ്ട്.

കുട്ടിക്കാലത്ത് അച്ഛന്‍ ഒരു തിരക്കുള്ള നടനായിരുന്നു. ആ ഒരു സ്റ്റാര്‍ഡം എങ്ങനെയായിരുന്നു?

ഒരു സെലിബ്രിറ്റി സ്റ്റാറ്റസ് അന്നുണ്ടായിരുന്നു എന്നത് സത്യമാണ്. എന്റെ കുട്ടിക്കാലത്ത് അച്ഛന്‍ ഓടി നടന്ന് അഭിനയിക്കുന്ന സമയമാണ്. പക്ഷേ ആ കാലഘട്ടത്തില്‍ അങ്ങനെ സെലിബ്രിറ്റി എന്നതൊക്കെ ആഘോഷിക്കപ്പെട്ടിരുന്നോ എന്ന് സംശയമാണ്. അച്ഛന്റെ മകന്‍ ആണെന്ന ഗമയൊന്നും കാട്ടിയൊന്നും നടന്നിരുന്നില്ല.

പക്ഷേ പലയിടത്തും പോകുന്‌പോള്‍ കുതിരവട്ടം പപ്പുവിന്റെ മകന്‍ എന്ന പേരിലുള്ള ഒരു ഇഷ്ടം എല്ലാവരും തന്നിരുന്നു. പക്ഷേ ആ ലേബലില്‍ പക്ഷേ ഒന്നും നേടിയെടുക്കാന്‍ ശ്രമിച്ചിരുന്നില്ല. ഞങ്ങള്‍ മാത്രമല്ല, ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ആരും അങ്ങനെയായിരുന്നില്ല എന്ന് തന്നെയാണ് തോന്നുന്നത്. എല്ലാവര്‍ക്കും ആ കാലഘട്ടത്തില്‍ ഒരു സാധാരണ ജീവിതം തന്നെയായിരുന്നു.

അഭിനയത്തില്‍ അച്ഛന്റെ പേര് കളയാതിരിക്കാനാണ് ശ്രമം: ബിനു പപ്പു മനസ്സ് തുറക്കുന്നു 1

കോഴിക്കോട് ആണല്ലോ വളര്‍ന്നതും പഠിച്ചതും. കലാസാംസ്‌കാരിക രംഗത്ത് വളരെ ആക്ടീവായ ഒരു നഗരം. അതില്‍ ഭാഗഭാക്കാവാന്‍ പറ്റിയിരുന്നോ?

ക്രിസ്ത്യന്‍ കോളേജിലും ഗുരുവായൂരപ്പന്‍ കോളേജിലുമൊക്കെയാണ് പഠിച്ചത്. സ്‌കൂള്‍ ,കോളേജ് ഘട്ടങ്ങളില്‍ സാധാരണ എല്ലാവരേയും പോലെ കലോത്സവങ്ങളിലൊക്കെ പങ്കെടുത്തിരുന്നു. പക്ഷേ കോഴിക്കോട് സാധാരണയായി പേരു കേട്ട നാടകസമിതികളിലോ സാംസ്‌കാരിക രംഗങ്ങളിലോ ഒന്നും പ്രവര്‍ത്തിക്കാന്‍ പറ്റിയില്ല. പഠനം കഴിഞ്ഞ ഉടന്‍ ബാംഗ്ലൂരിലേക്ക് വന്നു. അനിമേഷന്‍ കോഴ്‌സ് പഠിച്ചു, ജോലിക്ക് കയറി.

വിവിധ കാലഘട്ടങ്ങളിലുള്ള താരങ്ങളുടെ കൂടെ, അവിഭാജ്യ ഘടകമായി പല സിനിമകളിലും കുതിരവട്ടം പപ്പു എന്ന നടന്‍ ഉണ്ടായിരുന്നു. അച്ഛന്റെ സിനിമകളില്‍ ഏതൊക്കെയാണ് ഇഷ്ടം?

അച്ഛന്റെ സിനിമകള്‍ വളരെയധികം ആസ്വദിക്കാറുണ്ട്. എല്ലാ ദിവസവും ടിവിയില്‍ ഒരു ചാനലില്‍ എങ്കിലും അച്ഛന്‍ ഉള്ള സിനിമ ഉണ്ടാകും. ഇല്ലേല്‍ യു ട്യൂബില്‍ കാണാം. അങ്ങനെ എപ്പോഴും അച്ഛനെ കണ്ടുകൊണ്ടിരിക്കുന്നുണ്ട്.

കുട്ടിക്കാലത്ത് അച്ഛന്‍ തന്നെ തിയറ്ററില്‍ സിനിമ കാണാന്‍ കൊണ്ടു പോയിരുന്നു. അതില്‍ നിന്നും ഏതെങ്കിലും ചിലത് തെരഞ്ഞെടുക്കുക ബുദ്ധിമുട്ടല്ലേ. ധിം ധരികിടതോം, പൂച്ചക്കൊരു മൂക്കുത്തി അങ്ങനെ എത്രയെത്ര ചിരിപ്പിച്ചു. പിന്നീട് ദി കിങ്, തൂവല്‍കൊട്ടാരം അതൊക്കെയാണ് അവസാന കാലത്ത് വന്നത്. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും ഒരു പോലെ അച്ഛനെ കണ്ടു. അതൊക്കെയും ഇഷ്ടമാണ്.

താങ്കള്‍ തരുണ്‍ മൂര്‍ത്തിയുടെ ജാവ ചെയ്തു. അതേ സമയം തന്നെ ജയരാജിന്റെ നവരസങ്ങളില്‍ ഭാഗമായി. എല്ലാതരം സിനിമകളും ചെയ്യാനുള്ള ആത്മവിശ്വാസം ആയോ?

അതൊരു ഭാഗ്യമായി കാണുന്നു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണത്. വൈറസില്‍ ഡോക്ടറായി. ജയരാജ് സാറിന്റെ രൗദ്രത്തില്‍ നാല് കഥാപാത്രങ്ങളാണ് ഉള്ളത്. അതില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ പറ്റി എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തെ പോലെ ഉള്ള വലിയ ഒരു സംവിധായകന്‍ പരിഗണിച്ചു എന്നത് അഭിമാനമാണ്.

അവിടുന്ന് നേരെ റോഷന്‍ ആന്‍ഡ്രൂസിനെ പോലെ ഒരു സംവിധായകന്റെ സല്യൂട്ടില്‍ അഭിനയിക്കാന്‍ പോകുന്‌പോള്‍ അത് ശരിക്കും ത്രില്ലിങ് ആണ്. അല്ലെങ്കിലും ഒരു പ്രത്യേക സ്വഭാവത്തിലുള്ള സിനിമകള്‍ മാത്രമേ ചെയ്യൂ എന്നൊന്നും ഇല്ല. വില്ലന്‍ സ്വഭാവമുള്ള വേഷങ്ങള്‍ തേടിയെത്തിയാലും സന്തോഷത്തോടെ സ്വീകരിക്കും. നമ്മള്‍ ആ കഥാപാത്രത്തിന് ചേരുന്ന ആളാണെന്ന് നമുക്ക് തന്നെ ആത്മവിശ്വാസം വേണമെന്ന് മാത്രം.

ഇനി വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കയാണ്?

നാല് സിനിമകള്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി . അതില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ദുല്‍ഖര്‍ നായകനായ സല്യൂട്ടിലും ഒരു നല്ല വേഷമാണ്. വലിയ ഒരു താരനിര അതിലുണ്ട്. ബോബി_സഞ്ജയ് ആണ് സ്‌ക്രിപ്റ്റ്.

മുത്തുഗൗ സിനിമ ചെയ്ത വിപിന്റെ അന്താക്ഷരി .അതില്‍ സൈജു കുറുപ്പാണ് നായകന്‍. ഹ്വിഗ്വിറ്റ എന്നൊരു സിനിമ കൂടി ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ധ്യാന്‍ ശ്രീനിവാസ് ഒക്കെയാണ് പ്രധാന വേഷങ്ങളില്‍ .

രണ്ട് മൂന്ന് സിനിമകള്‍ ഇനി ചെയ്യാനുണ്ട്. ടൊവിനോ നായകനായ കല്ലുമാല ആണ് ഒന്ന്. വേറെയും ചര്‍ച്ചകള്‍ നടക്കുന്നു. കൊവിഡ് സാഹചര്യം കഴിഞ്ഞ് വീണ്ടും സിനിമാ മേഖല സജീവമാകട്ടെ എന്ന് മാത്രമാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

കുറേ സിനിമകളില്‍ അസിസ്റ്റന്റായും അസോസിയേറ്റായും ജോലി ചെയ്തു. സ്വന്തമായി എപ്പോഴാണ് സിനിമ സംവിധാനം ചെയ്യുന്നത്?

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയിലായിരുന്നു. പ്രാഥമികമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്‌പോഴാണ് കൊവിഡ് വിഷയമായത്. അപ്പോള്‍ അത് തള്ളിപ്പോയി. ഇനി സാവകാശം, സമയമെടുത്ത് ചെയ്താല്‍ മതിയെന്നാണ് വിചാരിക്കുന്നത്. സംവിധായകനാവുക എന്നത് സ്വപ്നം തന്നെയാണ്.

? സിനിമ ആസ്വാദനത്തില്‍ വലിയ മാറ്റം വന്നതായി തോന്നുന്നുണ്ടോ? വന്‍ നിര താരങ്ങള്‍ ഇല്ലെങ്കിലും സിനിമകള്‍ വിജയിക്കുന്നുണ്ടല്ലോ ഇപ്പോള്‍?

കഥയ്ക്ക് പ്രാധാന്യമുള്ള സിനിമകള്‍ എല്ലാ കാലത്തും വിജയിച്ചിട്ടുണ്ടല്ലോ. നല്ല സിനിമയാണെങ്കില്‍ ആളുകള്‍ കാണും. അതില്‍ അഭിനേതാക്കള്‍ എന്നത് ഒരു വിഷയമല്ല. പക്ഷേ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാവരും തന്നെ സാധാരണ പോലെ അഭിനയിക്കാന്‍ വന്ന് ചെറുതും വലുതുമായ സിനിമകള്‍ ചെയ്ത്,

വര്‍ഷങ്ങള്‍ കൊണ്ട് വലിയ താരമൂല്യം നേടിയെടുത്തവരാണ്. വളരെയധികം കഷ്ടപ്പെട്ട് സിനിമ ജനങ്ങളില്‍ എത്തിച്ച് പ്രേക്ഷകര്‍ അംഗീകരിച്ച് കൊടുത്തതാണ് .അത് ഒരിക്കലും കുറച്ച് കാണാനോ അവരെ മാറ്റി നിര്‍ത്തി സിനിമ എന്നത് ചിന്തിക്കാനോ ആവില്ല. അത്തരം ധാരണ തന്നെ തെറ്റാണ്.

മോഹന്‍ലാല്‍ ചെയ്യുന്ന ഒരു കഥാപാത്രം മറ്റൊരാള്‍ ചെയ്താല്‍ അത് അദ്ദേഹം ചെയ്യുന്നത് പോലെ ആവില്ലല്ലോ. മറ്റൊരുദാഹരണം പറഞ്ഞാല്‍ പേരന്‍പ് എന്ന സിനിമയില്‍ മമ്മൂട്ടിക്ക് പകരം മറ്റാരെയാണ് കാസ്റ്റ് ചെയ്യാനാവുക. വണ്ണില്‍ മമ്മൂട്ടിക്ക് പകരം മറ്റൊരു ഓപ്ഷന്‍ ചിന്തിക്കാന്‍ പോലും തോന്നുന്നില്ല. അതുകൊണ്ട് അവര്‍ക്ക് പകരം വയ്ക്കാന്‍ ആളില്ല എന്ന് തന്നെയാണ്. അവരെ മാറ്റി നിര്‍ത്തി സിനിമ എന്നത് ചിന്തിക്കാന്‍ പോലും ആവില്ല.

ഓടിടി പ്ലാറ്റ് ഫോമുകള്‍ കൂടുതല്‍ ജനകീയമായി എന്ന് തോന്നുന്നുണ്ടോ? സിനിമ മേഖലയെ അത് എങ്ങനെ സ്വാധീനിക്കും എന്നാണ് തോന്നുന്നത്?

പല സിനിമകളും ചിലപ്പോള്‍ തിയറ്ററില്‍ പോയി കാണാന്‍ സാധിക്കാതെ വരാം. പിന്നീട് ടിവിയില്‍ വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം ഇപ്പോള്‍ ഓടിടി പ്ലാറ്റ്‌ഫോമില്‍ കാണാനാകും. ഇപ്പോള്‍ ഓപ്പറേഷന്‍ ജാവയുടെ കാര്യം തന്നെ എടുത്താല്‍ കൊവിഡ് സാഹചര്യത്തില്‍ തീയറ്ററില്‍ എത്തിയ സിനിമയാണ് 75 ദിവസത്തിലധികം തീയറ്ററുകളില്‍ ഓടി. പക്ഷേ പലര്‍ക്കും കാണാന്‍ സാഹചര്യം ഉണ്ടായില്ല. ഇപ്പോള്‍ ഓടിടിയില്‍ റിലീസ് ചെയ്തപ്പോള്‍ അതിനെക്കാള്‍ നല്ല പ്രതികരണമാണ് കിട്ടിയത്.

എന്നാല്‍ ഓടിടി മാത്രം മതിയോ എന്ന് ചോദിച്ചാല്‍ പോര എന്ന് തന്നെയാണ് ഉത്തരം. തിയറ്ററില്‍ സിനിമ കാണുന്ന അനുഭവം അത് ഒന്നു വേറെ തന്നെയാണ്. കെജിഎഫ് പോലെയൊരു സിനിമയോ , മരക്കാര്‍ പോലൊരു സിനിമയോ ഒരിക്കലും ഓടിടിയില്‍ കാണുന്നത് പറ്റില്ല. എല്ലാവര്‍ക്കും ഒപ്പമിരുന്ന് സിനിമ കണ്ട് കയ്യടിക്കുകയും വിസിലടിക്കുകയും ഒക്കെ ചെയ്യാവുന്നത് തിയറ്ററില്‍ മാത്രമാണ്.

ചെറിയ ബജറ്റിലുള്ള സിനിമകള്‍ക്ക് ഓടിടി ഒരു അവസരം തന്നെയാണ്. ഒരാളുടെ കലാസൃഷ്ടി പ്രേക്ഷകരില്‍ എത്തിക്കുന്നതിന് മറ്റൊരു മാര്‍ഗം കൂടി ഉണ്ട് എന്നത് നല്ലതല്ലേ. തിയറ്ററുകളില്‍ സിനിമ വിജയിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ ഉണ്ട്. തിയറ്റര്‍ റിലീസ് ചിലപ്പോള്‍ അത്തരം കാര്യങ്ങള്‍ കൂടി ആശ്രയിച്ചിരിക്കും. തിയറ്ററുകള്‍ക്കുണ്ടാകുന്ന നഷ്ടവും കണക്കിലെടുക്കണം. അതുകൊണ്ട് ഓടിടിയില്‍ എല്ലാതരം സിനിമകളും എത്തിക്കാം എന്നത് പ്രധാനം തന്നെയാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ സമയത്ത് ഓടിടിയില്‍ എത്ര സിനിമകള്‍ റിലീസ് ചെയ്തു? എല്ലാം നല്ല അഭിപ്രായം നേടി. എങ്കിലും ഈ പ്രതിസന്ധികള്‍ എല്ലാം അവസാനിച്ച് തീയറ്ററുകള്‍ ഹൗസ് ഫുള്ളാവുന്ന ആ നല്ല കാലത്തില്‍ തന്നെയാണ് പ്രതീക്ഷ.

അഭിനയത്തില്‍ അച്ഛന്റെ പേര് കളയാതിരിക്കാനാണ് ശ്രമം: ബിനു പപ്പു മനസ്സ് തുറക്കുന്നു 2
സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തി സിനിയെടുക്കാനാവില്ല: കുതിരവട്ടം പപ്പുവിന്റെ മകനും നടനുമായ ബിനു പപ്പു മനസ്സ് തുറക്കുന്നു

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More