ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് ലഭിച്ചതെങ്ങനെ?

കല സാവിത്രി

2017 സെപ്തംബര്‍ 26-ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. അന്നാണ് ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖ്വാസിമിക്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കിയത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു പ്രവാസി മലയാളിയാണ്. ഷാര്‍ജ വിദേശകാര്യ വിഭാഗം എക്‌സിക്യൂട്ടീവ് ഓഫീസറായ മോഹന്‍ കുമാറാണ്. പയ്യന്നൂരുകാരന്‍.

വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനുള്ള ആദരവായിട്ടാണ് സുല്‍ത്താന് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. സുല്‍ത്താനൊരു ഡോക്ടറേറ്റ് എന്ന സ്വപ്‌നം ആദ്യം മുളയിട്ടത് മോഹന്‍ കുമാറിലാണ്. സുല്‍ത്താനെ കേരളത്തില്‍ കൊണ്ട് വരണം എന്ന മോഹന്‍ കുമാറിന്റെ ആഗ്രഹമാണ് അതിലേക്ക് വഴി തെളിച്ചത്.

മറ്റൊരു രാജ്യത്തിന്റെ രാജാവാകുമ്പോള്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലല്ലേ വരൂ. അപ്പോള്‍ കേരളത്തില്‍ കൊണ്ടുവരാന്‍ വഴി എന്താണെന്നായി ചിന്ത. അതെന്റെ വലിയ സ്വപ്നം ആയിരുന്നു. ഒരു പക്ഷേ എന്റെ മാത്രം സ്വപ്നമാവാം. തീവ്രമായി പ്രയത്‌നിച്ചു. മോഹന്‍ കുമാര്‍ പറയുന്നു.

ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് ലഭിച്ചതെങ്ങനെ? 1
ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍-ഖ്വാസിമി കാലിക്കറ്റ് സര്‍വകലാശാല നല്‍കിയ ഡോക്ടറേറ്റുമായി

അതിനായുള്ള പ്രയത്‌നങ്ങളെ കുറിച്ചു പറഞ്ഞാല്‍ വലിയ കഥയാണ്. മോഹന്‍ കുമാര്‍ പറഞ്ഞ് തുടങ്ങി. ഒന്നാമത്, ഞാന്‍ മാത്രം വിചാരിച്ചാല്‍ അത് സാധിക്കില്ല. ഷെയ്ഖ് കേരളത്തില്‍ വരണമെങ്കില്‍ അവിടെ അദ്ദേഹത്തിന് എന്തെങ്കിലും ലഭിക്കണം. അങ്ങനെയാണ് ഡോക്ടറേറ്റിനെ കുറിച്ച് ആലോചിച്ചത്. അന്നത്തെ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാമിനെ ഷാര്‍ജ ബുക്ക് ഫെയറിലേക്ക് ക്ഷണിച്ചു.

ഷെയ്ഖിനെക്കുറിച്ച് ഒരു ലേഖനം തയ്യാറാക്കി വിസിക്ക് സമര്‍പ്പിച്ചു. ഷാര്‍ജ ഭരണാധികാരി ആരാണ്? വിദ്യാഭ്യാസം, സാഹിത്യം തുടങ്ങിയുള്ള മേഖലകള്‍ക്കുവേണ്ടി അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍, അദ്ദേഹം എഴുതിയ അറുപതോളം ബുക്കുകള്‍, എല്ലാ പുസ്തകമേളകളിലും സാധാരണക്കാരനെപ്പോലെ പോകുന്ന ഒരു രാജാവ്, ദിവസവും 300 പേജുകള്‍ വായിക്കുന്നയാള്‍ അങ്ങനെ വിശദമായ ലേഖനമാണ് തയ്യാറാക്കിയത്.

സാംസ്‌കാരിക വ്യക്തിത്വമാണ് അദ്ദേഹത്തിനുള്ളത്. യുനേസ്‌കോ, ലോകത്തിലെ ഇസ്ലാമിക സാംസ്‌കാരിക തലസ്ഥാനമായി ഷാര്‍ജയെ തെരഞ്ഞെടുത്തിട്ടുണ്ട്. സാഹിത്യ തലസ്ഥാനം ആണ്. 2019 വേള്‍ഡ് ബുക്ക് ക്യാപ്പിറ്റല്‍ ആയിരുന്നു. ഇതൊന്നും കാശു കൊടുത്ത് വാങ്ങുന്നതല്ല. ഷെയ്ഖിന്റെ പ്രയത്‌നഫലം ആണ്.

യു എ ഇയിലെ ഓരോ വീട്ടിലും അദ്ദേഹം ഓരോ ലൈബ്രറി സ്ഥാപിച്ചു. ഒരു ജര്‍മ്മന്‍ നിര്‍മ്മിത ബുക്ക് ഷെല്‍ഫ്. അതില്‍ 50 ബുക്കുകള്‍. വ്യത്യസ്ത പ്രായക്കാര്‍ക്കു വായിക്കാവുന്ന, വ്യത്യസ്ത വിഷയത്തിലും ഭാഷയിലുമുള്ള ബുക്കുകള്‍. അങ്ങനെ ഒരു ഭരണാധികാരിയെ നമുക്ക് സങ്കല്‍പ്പിക്കാനാവുമോ? മോഹന്‍ കുമാര്‍ ചോദിക്കുന്നു. മോഹന്‍ കുമാറിന്റെ വീട്ടിലുമുണ്ട് ആ ബുക്ക് ഷെല്‍ഫ്.

Advt: Free Online PSC Coaching: Visit: www.theRevision.co.in

പക്ഷേ വി.സിയുടെ മറുപടി നിരാശാജനകമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടറേറ്റ് കൊടുക്കുന്നത് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിറങ്ങുന്നവര്‍ക്കാണ്. അതല്ലാതെ കൊടുക്കുന്നെങ്കില്‍ അതൊരു ഇന്ത്യന്‍ പൗരനാകണം. അല്ലാതെ ഇങ്ങനെയൊന്നു സാദ്ധ്യമാവില്ല. വിസി പറഞ്ഞു.

ഒരു മനുഷ്യന്‍ വിദ്യാഭ്യാസത്തിനും കള്‍ച്ചറിനും വായനയ്ക്കും വേണ്ടി മാത്രം ഇങ്ങനെ ജീവിക്കുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ എല്ലാം വീണ്ടും പറഞ്ഞപ്പോള്‍ ട്രൈ ചെയ്യാം എന്നായി വിസി. അദ്ദേഹം എം കെ മുനീറിനെ പോലുള്ളവരെ ബന്ധപ്പെട്ടു. മൂന്നു പ്രാവശ്യം ശ്രമിച്ചിട്ടും തള്ളിപ്പോയി. വി സിയുടെ നെഗറ്റീവ് മെസ്സേജ് ഓരോ തവണയും വന്നു. ഞാന്‍ നിരന്തരം ഫോളോ ചെയ്തു. ഒടുവില്‍ ഒരു മാര്‍ച്ച് മാസം അതു പാസ്സായി. അങ്ങനെ ഞാന്‍ ഹാപ്പിയായി. ഉറപ്പായും സുല്‍ത്താന്‍ കേരളത്തില്‍ എത്തുമെന്ന് തീരുമാനമായി.

ഷാര്‍ജ സാംസ്‌കാരിക മന്ത്രാലയം ആ സമയത്ത് ഒരു അറബ് സാംസ്‌കാരിക പരിപാടി ചെയ്യുന്നുണ്ടായിരുന്നു. അതോടനുബന്ധിച്ച് കേരളത്തില്‍ പരിപാടി വയ്ക്കാം എന്നു തീരുമാനിച്ചു. സുല്‍ത്താന്റെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക, പ്രകാശനം വയ്ക്കുക തുടങ്ങിയ പരിപാടികള്‍ കൂടി ചേര്‍ത്ത് വലിയ പരിപാടിയാക്കാം എന്ന് തീരുമാനിച്ചു. ഷാര്‍ജ പുസ്തകോത്സവത്തിന്റെ ചെയര്‍മാനായ അഹമ്മദിന് ഇക്കാര്യങ്ങളെല്ലാം അറിയാം. ആദ്യം ഷെയ്ഖിനെ ഇതറിയിക്കണം. ഒരു കത്ത് ഉണ്ടാക്കി അഹമ്മദ് വഴി സുല്‍ത്താന് എത്തിക്കാം എന്ന് തീരുമാനിച്ചു.

കേരള സര്‍ക്കാരിന്റെ ലറ്റര്‍ ഹെഡില്‍ ഈ കത്ത് മന്ത്രിയുടെ ഒപ്പോടുകൂടി കിട്ടണം. യുഡിഎഫിന്റെ ഭരണകാലമായിരുന്നു അത്. സരിത എസ് നായര്‍ വിവാദം കാരണം ആദ്യ ശ്രമം നടന്നില്ല. പിന്നെ സുഹൃത്തായ രവി ഡി സി യെ മോഹന്‍കുമാര്‍ കണ്ടു. ഷെയ്ഖിന്റെ മൈ ഏര്‍ലി ലൈഫ് എന്ന ബുക്ക് മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം സംസാരിച്ചു. രവി അത് വേഗത്തില്‍ ചെയ്തു.

പിന്നെ ഷെയ്ഖിന്റെ ബുക്കുകള്‍ എല്ലാം മോഹന്‍ കുമാര്‍ ശേഖരിച്ചു. അല്‍ ഖാസി പബ്ലിക്കേഷനാണ് ഷെയ്ഖിന്റെ ബുക്കുകള്‍ പ്രസിദ്ധീകരിച്ചത്. അതിന്റെ അന്നത്തെ ഡയറക്ടര്‍ ഒരു സുഡാനിയാണ്. അദ്ദേഹമാണ്‌ 20 കൊല്ലം ഷാര്‍ജ ബുക്ക് ഫെയര്‍ നടത്തിയത്. അദ്ദേഹത്തിന് മോഹന്‍ കുമാറിനോടുള്ള സ്‌നേഹം കാര്യങ്ങള്‍ എളുപ്പമാക്കി. അദ്ദേഹം എല്ലാ ബുക്കുകളും നല്‍കി. അദ്ദേഹത്തോട് ഈ ഡോക്ടറേറ്റിന്റെ കാര്യം പറഞ്ഞിരുന്നു.

ഇതേ സമയം കേരളത്തില്‍ സര്‍ക്കാര്‍ മാറി, എല്‍ഡിഎഫിന്റെ പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നു. ആ സമയത്ത് പിണറായി വിജയന് ഷെയ്ഖിന്റ കൊട്ടാരത്തിലേക്ക് ഒരു അപ്പോയിന്‍മെന്റ് എടുത്തു. മുഖ്യമന്ത്രിക്ക് ഷെയ്ഖ് ഗംഭീര സ്വീകരണം കൊടുത്തു. അദ്ദേഹത്തിന്റെ പെരുമാറ്റം പിണറായിയെ ഏറെ ആകര്‍ഷിച്ചു.

ഷാര്‍ജ ഭരണാധികാരിക്ക് കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് ലഭിച്ചതെങ്ങനെ? 2
ലേഖിക മോഹന്‍കുമാറിനൊപ്പം ഷാര്‍ജ പുസ്തകോത്സവത്തിനിടെ

അതിനുശേഷമാണ്‌ ഡോക്ടറേറ്റ് സെപ്റ്റംബര്‍ 26-ന് കൊടുക്കാം എന്ന് തീരുമാനമായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു കൊടുക്കാം എന്നും തീരുമാനമായി. ആ സമയത്ത് കേരളത്തില്‍ ഒരു ബൈ ഇലക്ഷന്‍ വന്നു. മൂന്ന് പേര്‍ക്കാണ് ആ സമയത്ത് ഡോക്ടറേറ്റ് പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍, പി ടി ഉഷ, ഷെയ്ഖ്. മൂന്നു പേര്‍ക്കു കൂടി ഒന്നിച്ചു നല്‍കാം എന്ന് തീരുമാനമായി.

Also Read: നിങ്ങളെ പൗരനല്ലാതാക്കുന്നതിന്റെ തുടക്കം 2020-ലെ സെന്‍സെസില്‍ കണ്ണന്‍ ഗോപിനാഥന്‍

മോഹന്‍കുമാര്‍ അതിനെ ശക്തമായി എതിര്‍ത്തു. കാരണമിതാണ്. അദ്ദേഹം ഒരു രാജാവാണ്, ക്യൂ നിന്ന് വാങ്ങേണ്ട ഒരാളല്ല. ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. മോഹന്‍ കുമാര്‍ പറഞ്ഞു. സുല്‍ത്താന് ഡോക്ടറേറ്റ് കൊടുക്കുന്ന ചടങ്ങില്‍ അദ്ദേഹം മാത്രമാവണം കേന്ദ്ര ആകര്‍ഷണം എന്ന കാര്യത്തില്‍ മോഹന്‍ കുമാറിന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രോട്ടോക്കോള്‍, സുരക്ഷ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന് മാത്രമായി സെപ്തംബര്‍ 26-ന് ഡോക്ടറേറ്റ് നല്‍കി. ഉഷയ്ക്കും മോഹന്‍ലാലിനും പിന്നീട് ഒരു ചടങ്ങ് സംഘടിപ്പിച്ച് ഡോക്ടറേറ്റ് നല്‍കുകയായിരുന്നു.

(എഴുത്തുകാരിയും നിരൂപകയുമാണ് ലേഖിക)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More