മോശം അനുഭവങ്ങള്‍ എന്നെ ഞാനാക്കി: അഞ്ജലി അമീർ

വിധി എതിരു നിന്നിട്ടും ജീവിതത്തിൽ സ്വപ്നം കണ്ടത് കയ്യെത്തിപ്പിടിച്ചിട്ടുള്ളവർ വളരെ കുറവാണ്. അഞ്ജലി അമീർ അതിലൊരാളാണ്. സമൂഹം പുറംമ്പോക്കില്‍ നിര്‍ത്തുന്ന ട്രാൻസ്ജെൻഡറിൽ നിന്ന്​ സിനിമയെന്ന ലക്ഷ്യത്തിലെത്തിയ നടിയാണ് അഞ്ജലി അമീർ. അതും,​ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി. സ്ത്രീയായി മാറും മുമ്പും പിമ്പുമുള്ള ജീവിതത്തെ കുറിച്ച് മീരയോട് അഞ്ജലി അമീര്‍ സംസാരിക്കുന്നു.

അഞ്ജലി അമീർ സിനിമയിലേക്ക് വന്നതെങ്ങനെയാണ്?​

കുഞ്ഞുനാളിലെ ആഗ്രഹമായിരുന്നു നടിയാകണം എന്ന്. അഭിനയം, സിനിമ ഇതിലേക്കൊക്കെ വരാൻ ഫാഷൻ ലോകമാണ് നല്ലതെന്ന് മനസ്സിലായി. അങ്ങനെ പൂനെയിൽ പോയി ട്രെയിനിംഗ് നേടി. മെല്ലെ പരസ്യങ്ങളിലും റാംപിലും മറ്റും അവസരങ്ങൾ വന്നു. മോഡലിംഗ് രംഗത്ത് നിന്ന് സീരിയലിലേക്കും അവസരം ലഭിച്ചു.

സംവിധായകനോട് ഞാൻ ആദ്യമേ പറഞ്ഞിരുന്നു,​ ട്രാൻസ്ജെൻഡറാണെന്ന്. എന്നാൽ, അഭിനയിക്കാൻ പോയി രണ്ടാം ദിവസമാണ് പ്രൊഡ്യൂസറൊക്കെ ഈ കാര്യം അറിയുന്നത്. അതോടെ, കിട്ടിയ അവസരം പോയി.

ഈ കാര്യം ഒരു ചാനൽ പരിപാടിയിലെ ചർച്ചയിൽ ഞാൻ പറഞ്ഞു. പരിപാടി കണ്ട മമ്മൂട്ടി സർ ആണ്  തമിഴ് ചിത്രമായ പേരൻപിലേക്ക് എന്നെ നിർദ്ദേശിക്കുന്നത്.

പേരൻപിലെ വേഷം?​

ശരിക്കും സിനിമയിലെ എന്റെ വേഷം ഒരു സസ്പെൻസായിരുന്നു. പക്ഷേ,​ഇപ്പോഴെല്ലാവരും അതറിഞ്ഞു.കൂടുതൽ വെളിപ്പെടുത്താൻ പറ്റില്ല. എങ്കിലും മമ്മൂട്ടി സാറിന്റെ കൂടെ നല്ല വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞാൻ. തമിഴിൽ അവസരങ്ങൾ വരുന്നുണ്ട്.

മലയാളത്തിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. കൊമേഴ്സ്യൽ സിനിമകൾ പോലെ സമാന്തര സിനിമകളിലും അഭിനയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അഭിനയ പ്രാധാന്യമുള്ള വേഷം അതിലാണ് കൂടുതൽ കിട്ടുക.


പഴയജീവിതം ഓർക്കാറുണ്ടോ?​

കോഴിക്കോട്ടെ ഒരു യാഥാസ്തിതിക മുസ്ളിം തറവാട്ടിലായിരുന്നു ഞാൻ ജനിച്ചത്. എനിക്ക് ഒരുവയസ്സുള്ളപ്പോൾ ഉമ്മ മരിച്ചു. പിന്നീട്, രണ്ടാനമ്മയും ഉപ്പയുമാണ് വളർത്തുന്നത്. ഉപ്പയും കുറച്ചുനാൾ മുമ്പ് മരിച്ചു. ഇപ്പോഴും ഞാനെന്റെ വീട്ടിൽ പോകാറുണ്ട്. ബന്ധുക്കളിൽ പലരുമായും സംസാരിക്കാറുണ്ട്.

ആറോ ഏഴോ വയസ്സുള്ളപ്പോഴാണ് എനിക്ക് എന്തോ വ്യത്യാസമുണ്ടല്ലോ എന്ന തോന്നൽ വരുന്നത്. കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നതല്ല ശരിക്കും ഞാൻ എന്ന തോന്നൽ. വളരുന്തോറും മാസികകളിലൊക്കെ ട്രാൻസ്ജെൻ‌ഡറുകളെ കുറിച്ച് വായിക്കുമ്പോഴാണ് അതിൽ എഴുതിയത് തന്നെയല്ലേ ഞാൻ എന്ന് തോന്നുന്നത്.

അന്ന് സ്കൂളിലൊക്കെ ഇന്റർനെറ്റ് കിട്ടുന്ന കാലമല്ലേ. കുറേ ഇന്റർനെറ്റിൽ നിന്ന് മനസ്സിലാക്കി.ഹൈസ്കൂൾ വരെ എന്റെ കൂട്ടുകാരൊക്കെ പെൺകുട്ടികളായിരുന്നു.  അവരൊക്കെ എന്നെ അവരിൽ ഒരാളായിട്ടായിരുന്നു കണ്ടിരുന്നത്.

ചില അധ്യാപകരുടെ പെരുമാറ്റം സഹിക്കാൻ പറ്റില്ലായിരുന്നു.അവർ കളിയാക്കും. ചില ആൺകുട്ടികളും കളിയാക്കും. അന്ന് എനിക്ക് നല്ല ദേഷ്യമായിരുന്നു. കളിയാക്കുന്ന ആൺകുട്ടികളുടെ മൂക്കിനിട്ട് ഇടിക്കുമായിരുന്നു ഞാൻ.

പിന്നെയെങ്ങനെ രൂപം മാറാൻ തീരുമാനിച്ചു?​

എന്റെ പ്രശ്നം വീട്ടിൽ പറഞ്ഞു ഞാൻ. ഉള്ളിൽ പെൺകുട്ടിയാണ് എന്ന കാര്യം അവർ അംഗീകരിച്ചു. എന്റെ ഇഷ്ടപ്രകാരം നൃത്തം പഠിപ്പിക്കാൻ വിട്ടു. അങ്ങനെ ഡാൻസ് ക്ളാസിൽ പോകുമ്പോഴാണ് ഒരു കൂട്ടുകാരനെ കിട്ടുന്നത്. അവന്റെ ഒരു പ്രണയം തകർന്നു നിൽക്കുന്ന സമയമാണ്.

എന്നോടുള്ള സൗഹൃദം പ്രണയമായി മാറാൻ അധികസമയമെടുത്തില്ല. പെണ്ണായി മാറി വന്നാൽ ജീവിതത്തിലേക്ക് കൂട്ടാമെന്ന് അവൻ പറഞ്ഞു. അങ്ങനെ അതേക്കുറിച്ച് ചിന്തിച്ചു. ചെന്നൈയിലാണ് ചികിത്സയെന്നൊക്കെ മനസ്സിലാക്കി. പക്ഷേ, ആ തീരുമാനം വീട്ടുകാർക്ക് ഇഷ്ടമായില്ല. അവരോടൊക്കെ വഴക്കടിച്ച് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകാൻ തന്നെ ഉറപ്പിച്ചു.

കാമുകനാണ് ചെന്നൈയിലേക്ക് യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലേക്ക് വന്നത്. പക്ഷേ,​ ചികിത്സ ആരംഭിച്ച് മൂന്ന് നാല് മാസങ്ങൾക്ക് ശേഷം കാമുകന്റെ വിളി നിന്നു. നാട്ടിൽ അന്വേഷിച്ചപ്പോൾ അവൻ പണ്ട് പ്രണയിച്ചിരുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചെന്നാണ് അറിയുന്നത്.

ചികിത്സ തീർന്ന ഉടൻ അവനെ കാണാനായി നാട്ടിലേക്ക് വന്നു. വിവാഹം ഉറപ്പിച്ചവൾ മതിയെന്ന് അവൻ പറഞ്ഞപ്പോൾ മരിക്കാനായിരുന്നു എന്റെ തീരുമാനം.


എങ്ങനെ ഇതിനെയെല്ലാം അതിജീവിച്ചു?​

ജീവനൊടുക്കാൻ കടലിൽച്ചാടിയിരുന്നു ഞാൻ. മീൻപിടിത്തക്കാരാണ് രക്ഷിച്ചത്. അങ്ങനെ ജീവൻ വീണ്ടും വന്നപ്പോൾ ഒരു കാര്യം ഉറപ്പിച്ചു. ഇനിയാർക്കും വേണ്ടി ചാവില്ല. അങ്ങനെയാണ് പഴയ പേര് മാറ്റി അഞ്ജലി അമീർ എന്ന പേരാക്കുന്നത്.  നാട്ടിൽ നിന്ന് ട്രെയിൻ കയറി  കോയമ്പത്തൂരിലെത്തി.

അവിടെ ട്രാൻസ്ജെൻഡേഴ്സിനായുള്ള കുടുംബത്തിലേക്ക് അംഗമായി. അവിടുത്തെ രീതി അനുസരിച്ച് ആ കുടുംബത്തിലെ ഒരാൾ എന്നെ മകളായി ദത്തെടുത്തു. പിന്നെ ജീവിക്കാനായുള്ള ഓട്ടത്തിലായിരുന്നു. അവിടുന്നാണ് പൂനെയിലേക്ക് പോകുന്നത്.

സമൂഹം നിങ്ങളെ സ്വീകരിക്കാൻ തുടങ്ങുന്നതേയുള്ളൂ. മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങളാണ് എന്നെ ഞാനാക്കിയത്. ഇപ്പോൾ അത്തരം അനുഭവങ്ങളൊന്നുമുണ്ടാകാറില്ല. എന്തുകൊണ്ടോ എന്റെ വീട്ടുകാർ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു. പിന്നെ,​ ഒരിക്കലും വീട്ടുകാരെ കുറ്റപ്പെടുത്താൻ പറ്റില്ല.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ എന്തൊക്കെ പ്രതീക്ഷയിലായിരിക്കും അവർ. അതിന് അനുസരിച്ച് വന്നില്ലെങ്കിൽ അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നില്ലേ. ഒരു വ്യക്തിത്വം ഉണ്ടാക്കാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്നെ താമസിക്കുന്നതു കൊണ്ടാകാം ചിലപ്പോൾ ഒറ്റപ്പെടൽ ഫീൽ ചെയ്യാറുണ്ട്.

പക്ഷേ,​ എല്ലാത്തിനെയും പോസറ്റീവ് ആയി എടുക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഞാൻ.ഇന്നും ഞങ്ങളെ പോലെയുള്ളവരെ സ്വീകരിക്കാൻ സമൂഹത്തിന് മടിയാണ്. തുറന്ന് പറയാൻ ഞങ്ങൾ തയ്യാറാകുമ്പോൾ സ്വീകരിക്കാൻ നിങ്ങൾ മടിക്കുന്നത് എന്തിനാണ്?​

എവിടെയാണ് ഇപ്പോൾ?​

കോയമ്പത്തൂരിൽ തന്നെയാണ് താമസം.  വാടക വീട്ടിലാണ്. കോയമ്പത്തൂർ- കൊച്ചി- കോഴിക്കോട് എന്നിങ്ങനെ ഓടി നടക്കുകയാണ്.

മലയാളത്തിൽ നല്ല അവസരങ്ങൾ വന്നിട്ട് വേണം കൊച്ചിയിലേക്ക് താമസം മാറാനെന്ന് കരുതുന്നു. പക്ഷേ,​ കൃത്യമായ പ്ളാറ്റ്ഫോമില്ലാതെ അവിടെ വന്നിട്ട് കാര്യമില്ല.

അതുകൊണ്ട്,​ അതുവരെ കോയമ്പത്തൂരിൽ തന്നെ നിൽക്കും. പെട്ടെന്ന് കൊച്ചിയിലേക്ക് വരാൻ പറ്റുമെന്നാണ് പ്രതീക്ഷ.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More