ജേര്‍ണലിസം പഠിച്ചു, പക്ഷേ, ജേര്‍ണലിസ്റ്റ് ആകാതിരുന്നതിന് കാരണമുണ്ട്: രജിഷ വിജയന്‍

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ എലിയെന്ന എലിസബത്തിലൂടെ മലയാള സിനിമകളിലെ കാമുകീ കഥാപാത്രങ്ങള്‍ക്ക് വേറിട്ട കാഴ്ച നല്‍കി അരങ്ങേറ്റം കുറിച്ച് ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അഭിനേത്രിയാണ് രജിഷ വിജയന്‍.

രജിഷയുടെ പുതിയ സിനിമ ദിലീപ് നായകനാകുന്ന മാര്‍ച്ച് 31-ന് റീലീസ് ചെയ്യുന്ന ജോര്‍ജ്ജേട്ടന്‍സ് പൂരമാണ്. തനിക്ക് തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും അതിനാലാണ് പഠിച്ച തൊഴിലായ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കാതിരുന്നതെന്നും അവര്‍ കെ സി അരുണിനോട്‌
പറയുന്നു.

കരിയറിലെ രണ്ടാമത്തെ സിനിമ ഏത് നടീ നടനും ഒരു വെല്ലുവിളിയാണ്. എങ്ങനെയുണ്ടായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരം?

വളരെ നല്ല എക്‌സ്പീരിയന്‍സായിരുന്നു ജോര്‍ജ്ജേട്ടന്‍സ് പൂരം. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തില്‍ നിന്നും വ്യത്യസ്തമായിരുന്ന എക്‌സ്പീരിയന്‍സ്. ഒരു സൂപ്പര്‍സ്റ്റാറിന്റെ (ദിലീപ്) മൂവിയാണ്. നല്ലൊരു ടീമായിരുന്നു. വളരെയേറെ കാര്യങ്ങള്‍ പുതുതായി പഠിക്കാന്‍ സാധിച്ചു.

ദിലീപിനൊപ്പം രജിഷ വിജയന്‍

സിനിമയൊരു സ്വപ്‌നമായിരുന്നില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഇപ്പോള്‍ സിനിമയിലെ ഭാവിയെ കുറിച്ച് സ്വപ്‌നം കണ്ടു തുടങ്ങിയോ?

സിനിമയൊരു സ്വപ്‌നമായിരുന്നില്ലെന്ന് പറഞ്ഞത്, എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു ഗോളുണ്ടാകുമല്ലോ. എനിക്കത് മിനിട്ടിന് മിനിട്ട് മാറിക്കൊണ്ടിരുന്ന ഒന്നായിരുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡോക്ടര്‍ ആകണമെന്നായിരുന്നു. അതിന്റെ ഫ്‌ളോയിലങ്ങനെ പോകുന്നുവെന്നേയുള്ളൂ. ഒരിക്കലും സിനിമയില്‍ അംബീഷന്‍ ഉണ്ടായിരുന്നയാളല്ല ഞാന്‍. എല്ലാവര്‍ക്കും സിനിമ ചെയ്യണമെന്ന് അണ്‍ഇന്റണ്‍ഷണല്‍ ആഗ്രഹമുണ്ടാകും. പക്ഷേ അവരത് ഒരിക്കലും ഗോളോ അംബീഷനോ ആക്കി മാറ്റുന്നില്ലെന്ന് മാത്രം.

ചില സിനിമകള്‍ കാണുമ്പോള്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താനായിരുന്നുവെങ്കിലെന്ന് നമ്മള്‍ ആഗ്രഹിക്കും. ജേര്‍ണലിസം കഴിഞ്ഞപ്പോള്‍ വന്ന ഒരുപാട് ഓപ്പര്‍ച്യൂണിറ്റികളില്‍ ഏറ്റവും ബെസ്റ്റ് ഇതായിരുന്നു. ഇപ്പോള്‍ ഞാന്‍ കാണുന്ന സ്വപ്‌നം ഞാന്‍ ചെയ്യുന്ന കരിയര്‍ മികച്ച രീതിയില്‍ ചെയ്യണമെന്നാണ്. ഞാനൊരു ടീച്ചറായിരുന്നുവെങ്കില്‍ നന്നായി പഠിപ്പിക്കുമായിരുന്നു.

https://www.youtube.com/watch?v=CKhKjnBMxn0

ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനായിരുന്നുവെന്ന് ആഗ്രഹിച്ച കഥാപാത്രങ്ങളുണ്ടോ?

എനിക്ക് മലയാള സിനിമയില്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളൊക്കെ എനിക്ക് വളരെയിഷ്ടമുള്ള കഥാപാത്രങ്ങളാണ്. അത് അവതരിപ്പിച്ചര്‍ക്ക് പകരം ഞാനല്ല വേറെ ആര് ചെയ്താലും എനിക്കത് ഇഷ്ടമാകില്ല. ആ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യണമെന്നില്ല.

എനിക്ക് വളരെ ഇഷ്ടമുള്ള അഭിനേത്രിയാണ് ഉര്‍വശി. അവരൊക്കെ ചെയ്ത കഥാപാത്രങ്ങള്‍ വളരെ പെര്‍ഫെക്ഷനില്‍ ചെയ്തയവാണ്. അതുപോലത്തെ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ സ്‌ക്രിപ്റ്റ് വളരെ വിരളമാണ്. എന്നാല്‍ ഒരു മാറ്റം കാണുന്നുണ്ട്. 2016 അങ്ങനെ വ്യത്യസ്തമായ സിനിമകള്‍ വന്ന വര്‍ഷമാണ്.

ലോഹിതദാദാസ്‌ സാറിന്റെയൊക്കെ സ്‌ക്രിപ്റ്റിലുള്ള ഡെപ്തുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഫീമെയില്‍ ഓറിയന്റഡ് മൂവീസല്ല ഉദ്ദേശിക്കുന്നത്. മെയില്‍ ഓറിയന്റഡ് മൂവീസ് തന്നെ, പക്ഷേ അതില്‍ ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് ഡെപ്തുണ്ടാകണം. കുറച്ചു കാലം മുമ്പു വരെ അത് കുറവായിരുന്നു. അത്തരം ഡെപ്തുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്.

അനുരാഗകരിക്കിന്‍വെള്ളത്തിലെ എലിസബത്തില്‍ നിന്നും ജോര്‍ജ്ജേട്ടന്‍സ് പൂരത്തിലെ മെര്‍ലിനുള്ള വ്യത്യാസമെന്താണ്?

തികച്ചും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ക്യാരക്ടേഴ്‌സാണ്. എലിസബത്തെന്ന്ത് വളരെയധികം ഹൈപ്പര്‍ ആക്ടീവായ ഇന്നത്തെ കാലത്തെ മോഡേണ്‍ ഗേളാണ്. ഒരു കാര്യം ചെയ്താല്‍ അതിനോട് കംപ്ലീറ്റ് ലോയല്‍റ്റി കാണിക്കുന്ന ഒരു പെണ്‍കുട്ടി.

മെര്‍ലിന്‍ എന്നത് വളരെയധികം സോഫ്റ്റ് സ്‌പോക്കണായ പാവം കഥാപാത്രം. ലക്ഷ്വറിയുള്ള വീട്ടില്‍ നിന്നുള്ളതാണെങ്കില്‍ പോലും അതൊന്നും ആസ്വദിക്കാതെ വളര്‍ന്ന പെണ്‍കുട്ടി. സ്പിരിച്വല്‍ ആയ വഴിയില്‍ സഞ്ചരിക്കുന്ന സന്യാസിനിയാകാന്‍ ഇറങ്ങിയത്തിരിച്ച പെണ്‍കുട്ടിയാണ് മെര്‍ലിന്‍. വളരെയധികം ശാന്തശീലയാണ്.

ജേര്‍ണലിസം പഠിച്ചു നിരവധി താരങ്ങളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങളുടെ അഭിമുഖത്തിനായി കാത്ത് നില്‍ക്കുന്നു. എങ്ങനെയുണ്ട് ആ അനുഭവം?

സത്യത്തില്‍ ഞാനങ്ങനെ ആലോചിച്ചിട്ടില്ല. ഞാന്‍ ജേര്‍ണിലസം പഠിക്കാന്‍ പോയത് എങ്ങനെയാണെന്ന് വച്ചാല്‍, ഞാന്‍ ടോക്കറ്റീവ് പേഴ്‌സാണാണ്. ടോക്കറ്റീവ് എന്നാല്‍ വെറുതെ വളുവളായെന്നല്ല. സ്പീച്ചസൊക്കെ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ ടൈമിലൊക്കെ ഞാന്‍ ആക്ടീവായിരുന്നു.

എനിക്കെപ്പോഴും ഒരു ഒപ്പീനിയന്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ പ്രോപ്പര്‍ ജേര്‍ണലിസത്തിലേക്ക് കയറാത്തത്. ഒരു മാധ്യമ പ്രവര്‍ത്തകന് അഭിപ്രായം ഉണ്ടാകാന്‍ പാടില്ലെന്ന് ഞാന്‍ കരുതുന്നു. ഉണ്ടെങ്കില്‍ തന്നെ എഴുതുന്ന വാക്കുകളില്‍ അത് പ്രതിഫലിക്കരുത്. തികച്ചും അണ്‍ബയാസ്ഡ് ആയിരിക്കണം അവര്‍. ഓഡിയന്‍സാണ് ഒപ്പീനിയന്‍ ഉണ്ടാക്കേണ്ടത്.

ജേര്‍ണലിസം പഠിച്ചപ്പോള്‍ അതിലെ ഒരുപാട് എത്തിക്‌സ് പഠിച്ചിരുന്നു. ഞാനൊരു ആളെ ഇന്റര്‍വ്യൂ ചെയ്യാനിരിക്കുമ്പോള്‍ അത് ആക്ടര്‍ ഓര്‍ ആക്ട്രസ് മാത്രമല്ല ഏതൊരാള്‍ ആയാലും ഞാന്‍ കുത്തിക്കുത്തി കാര്യങ്ങള്‍ ചോദിക്കാറില്ല. അയാളുടെ പ്രൈവസിയെ മാനിച്ചിരുന്നു.

അത് ഫോളോ ചെയ്തു വന്നതു കൊണ്ടാകാം എനിക്കിതുവരെ ബാഡ് എക്‌സ്പീരിയന്‍സ് ഉണ്ടായിട്ടില്ല. ഐ ആം ഗ്ലാഡ് വിത്ത് ഇറ്റ്. വിഷ്വല്‍ മീഡിയയില്‍ നമ്മള്‍ പറയുന്നത് മാത്രമേ വരികയുള്ളൂ. പ്രിന്റില്‍ എന്താണെന്ന് വച്ചാല്‍ നമ്മള്‍ പറയുന്നത് വളച്ചൊടിക്കപ്പെടാം. കൂട്ടിച്ചേര്‍ക്കപ്പെടാം. അങ്ങനെ ചെയ്ത ആള്‍ക്കാരെ എനിക്ക് അറിയാം.

മീഡിയ എത്തിക്‌സിന്റെ കാര്യം പറഞ്ഞുവല്ലോ. ഇപ്പോള്‍ അഭിനേത്രിയുടെ നേര്‍ക്ക് നടന്ന ആക്രമണത്തിന്റെ കാര്യത്തില്‍ മീഡിയ എത്തിക്‌സ് പാലിച്ചില്ലെന്ന് തോന്നുന്നുണ്ടോ. പ്രത്യേകിച്ച് റിമ കല്ലിങ്കല്‍ കൈരളി ചാനലിന് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഒരു ചാനലിന് എതിരെ പറയേണ്ട കാര്യമെനിക്ക് ഇല്ല. പക്ഷേ ഞാനത് കണ്ടതാണ്. റിമച്ചേച്ചി പോസ്റ്റിട്ട സമയത്ത് ഞാന്‍ ചെന്ന് ടിവി വച്ചു നോക്കി. അപ്പോളതില്‍ ഒന്നും കണ്ടില്ല. പിന്നെ ഞാനതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ കണ്ടു. ഒരു നടിയെന്നുള്ളത് വിട്ടേക്കു.

ഒരു സാധാ പെണ്‍കുട്ടിയെ ഒരാള്‍ അവളുടെ പെര്‍മിഷനില്ലാത്തെ എന്തുചെയ്താലും ഈവന്‍ ഒന്ന് തൊട്ടാല്‍ പോലും അത് തെറ്റാണ്. ഒരു പ്രോസിറ്റിറ്റിയൂട്ട് ആണെങ്കില്‍ പോലും അവരുടെ പെര്‍മിഷനില്ലാതെ അവരെ തൊട്ടാല്‍ തെറ്റാണ്.

ആ നടി ഒരു സാഹചര്യത്തിലൂടെ കടന്നുപോയി. ഒരാള്‍ പരാതി നല്‍കാന്‍ മടിക്കുന്ന സാഹചര്യമാണത്. എങ്കില്‍ പോലും അവര്‍ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു. അതൊക്കെ ചെയ്തിട്ട് അതിനെ വേറൊരു രീതിയില്‍ കണക്ട് ചെയ്തു വാര്‍ത്ത നല്‍കുന്നത് എത്ര മോശമായിട്ടുള്ള കാര്യമാണ്. ആ പെണ്‍കുട്ടിയുടെ ക്യാരക്ടര്‍ അസാസിനേഷന്‍ നടത്തിയത് ഒരു മോണിട്ടറിങ് ഇല്ലാത്തതു കൊണ്ടായിരിക്കും. പിന്നീട് ചാനല്‍ അപ്പോളജിയൊക്കെ പറഞ്ഞു.

പക്ഷേ, വേറൊരു വശമുണ്ട്. മീഡിയ എത്തിക്‌സ് ശക്തമായി നിന്നതു കൊണ്ടാണ് ആളുകള്‍ അറിഞ്ഞതും. അവര്‍ സപ്പോര്‍ട്ട് ചെയ്തതും. രണ്ടു ടൈപ്പ് ഓഫ് മീഡിയയും എക്‌സിസ്റ്റ് ചെയ്യുന്നുണ്ട്. നല്ല രീതിയില്‍ ഡിബേറ്റ് ചെയ്ത് വാര്‍ത്തകള്‍ നല്‍കുന്നവരുണ്ട്. എല്ലാവരും എല്ലാകാലത്തും നന്നാകണമെന്ന് പറയാനാകില്ല.

വളരെയധികം ഹിപ്പോക്രിറ്റിക്കലായിട്ടുള്ള സൊസൈറ്റിയാണ് നമ്മുടേത്. എന്തിന് പുള്ളിക്കാരി രാത്രി കാറില്‍ ഒറ്റയ്ക്ക് പോയിയെന്ന് ചോദിക്കുന്ന സമൂഹം. അല്ലെങ്കില്‍ ആ കുട്ടി എന്തിനാണ് വീട്ടിൽ ഇരുന്നതെന്നു വരെ ചോദിക്കുന്നവരുണ്ട്. ജിഷ കേസിൽ നമ്മളത് കണ്ടതാണല്ലോ.

പിന്നെ ഡ്രസിനെ കുറിച്ച്. ഇപ്പോള്‍ ആറുമാസം പ്രായമായ കൊച്ചു കുഞ്ഞു മുതല്‍ എണ്‍പത് വയസ്സുവരെയുള്ള മുത്തശി വരെ പീഡിപ്പിക്കപ്പെടുന്ന കാലമാണ്. പ്രോപ്പര്‍ പണിഷ്‌മെന്റ് കൊടുക്കാത്തതിന്റെ പ്രശ്‌നമാണിത്.

സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുന്ന കാര്യമെന്താണ്?

കഥ കേള്‍ക്കുമ്പോള്‍ നമുക്ക് എക്‌സൈറ്റ്‌മെന്റ് ഉണ്ടാകണം. കഥ നമ്മള്‍ സ്മാള്‍ ബ്രീഫ് മാത്രമേ കേള്‍ക്കുന്നുള്ളൂ. അത് സിനിമയുടെ പലഘട്ടങ്ങളില്‍ മാറി വരും. റീറൈറ്റ് ചെയ്തുവെന്ന് വരും. പക്ഷേ, കേള്‍ക്കുന്ന കഥകള്‍ ആവര്‍ത്തനമാകരുത്. ഒരുപാട് കണ്ട സിനിമയാകരുത്.

അതിന്റെ കൂടെത്തന്നെ എനിക്ക് കണക്ടാകാന്‍ പറ്റിയ കഥാപാത്രമാകണം. എങ്കിലും എല്ലാ ക്യാരക്ടേഴ്‌സുമായി കണക്ട് ചെയ്യാന്‍ പറ്റിയെന്ന് വരില്ലെന്ന് സത്യമാണ്. പിന്നെ ടൈപ്പ് കാസ്റ്റ് ആകാന്‍ പാടില്ല. ആദ്യ സിനിമ കഴിഞ്ഞപ്പോള്‍ എലിയെ പോലുള്ള കഥകളാണ് വന്നത്. അതിനോടൊക്കെ നോ പറഞ്ഞു. ബാനര്‍, സംവിധായകന്‍, സഹതാരങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കാറുണ്ട്.

# രജിഷ വിജയന്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More