ഫോട്ടോ അയച്ചു, ഓഡിഷന് വിളിച്ചില്ല: ജെല്ലിക്കെട്ട് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍

ekalawya.com

ഇന്നിപ്പോള്‍ കേരളം മുഴുവന്‍ ഒരു പോത്തിന് പിന്നാലെ ഓടുകയാണ്. ജല്ലിക്കെട്ട് തരംഗമാണ് കേരളത്തിലെ തീയറ്ററുകളില്‍. ടൊറൊന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ച് മലയാള സിനിമയുടെ പേര് വാനോളം പുകഴ്ത്തിയ ജല്ലിക്കെട്ടിനെക്കുറിച്ചാണ് ഇന്ന് കേരളക്കര ചര്‍ച്ചചെയ്യുന്നത്. അതിലെ നായികാ കഥാപാത്രമായ സോഫിയായി നമുക്ക് മുന്നിലെത്തിയ ശാന്തി ബാലചന്ദ്രനുമായി അഭിമുഖം പ്രതിനിധി മൈഥിലി ബാല നടത്തിയ സംഭാഷണം.

എങ്ങും ജീ ജീ ജീ… ജല്ലിക്കെട്ടിന്റെ വിശേഷങ്ങള്‍…

വളരെ സന്തോഷം. വളരെ പോസിറ്റീവായ അനുഭവമായിരുന്നു ജല്ലിക്കെട്ട്. ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകനോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതാണ്. അങ്ങനെയൊരു അവസരം കിട്ടി. ലിജോ സര്‍ മാത്രമല്ല, ആ ടീം തന്നെ എടുത്തുപറയേണ്ടതാണ്. അവര്‍ ചെയ്യുന്ന ജോലിയില്‍ അങ്ങേയറ്റം ആത്മാര്‍ഥതയും കഴിവ് തെളിയിച്ചവരുമായ കുറച്ചുപേര്‍. അഭിനേതാക്കളായാലും മറ്റ് ക്രൂ അംഗങ്ങളായാലും അങ്ങനെ തന്നെ. അങ്ങനെയുള്ള കുറേപേരൊടൊപ്പം വര്‍ക്ക് ചെയ്യാനായത് തന്നെ വളരെ നല്ല അനുഭവമായിരുന്നു. ഇതില്‍ സോഫി എന്ന കഥാപാത്രമാണ് എന്റേത്. മറ്റുള്ളവരെപ്പോലെ എനിക്കങ്ങനെ അപകടം പിടിച്ചതായി ചെയ്യാനൊന്നുമില്ലായിരുന്നു. പക്ഷേ, ഷൂട്ട് കാണുന്നത് തന്നെ വലിയൊരു കാര്യമായി തോന്നി. പോത്തിന്റെ രൂപം ചലിപ്പിക്കുന്നത്, ആളുകള്‍ ഓടുന്നത്. ആന്റണിക്ക് ഷൂട്ടിനിടയില്‍ പരിക്കും പറ്റിയിരുന്നു. ജല്ലിക്കെട്ട് എല്ലാംകൊണ്ടും വളരെ നല്ലൊരു അനുഭവമാണ്.

ഫോട്ടോ അയച്ചു, ഓഡിഷന് വിളിച്ചില്ല: ജെല്ലിക്കെട്ട് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍ 1

ജല്ലിക്കെട്ടിലേക്കുള്ള വരവ്

അവിചാരിതമായാണ് ജല്ലിക്കെട്ടിലേക്ക് എത്തിയത്. കാസ്റ്റിംഗ് കോള്‍ വന്നപ്പോള്‍ ഫോട്ടോസ് അയച്ചിരുന്നു. ഓഡിഷന് പങ്കെടുക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ, വിളിയൊന്നും വന്നില്ല. അതുകഴിഞ്ഞ് ‘തമാശ’യുടെ ഓഡിഷന് പോയിരുന്നു. തമാശയുടെ നിര്‍മ്മാതാക്കല്‍ ചെമ്പന്‍ വിനോദും ലിജോ ജോസ് പെല്ലിശേരിയുമൊക്കെയാണ്. ‘തമാശ’യ്ക്കുവേണ്ടി ചെയ്ത ഓഡിഷന്‍ വീഡിയോ ചെമ്പന്‍ വിനോദ് സര്‍ കണ്ടു. അങ്ങനെ ജല്ലിക്കെട്ടിലേക്ക് വന്നു.

തരംഗത്തിന് ശേഷം ഒരിടവേള

എനിക്ക് എക്‌സൈറ്റിങ് ആയിത്തോന്നുന്നത് മാത്രമേ ചെയ്യുകയുള്ളൂയെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ ആ സമയത്താണ് നാടകവും വെബ്സീരീസുമൊക്കെ ചെയ്തത്. പിന്നീട് ജല്ലിക്കെട്ട് വന്നു. അത് ചെയ്യേണ്ടതാണ് എന്ന് എനിക്ക് തോന്നി.

ഞാന്‍ പോകുമ്പോ ഇതൊന്നും കൊണ്ടുപോകുന്നില്ല:മുടി മുറിച്ച് നല്‍കിയ പൊലീസുകാരിക്ക് പറയാനുള്ളത്‌

ജല്ലിക്കെട്ട് ശാന്തിയുടെ സിനിമാ കരിയറില്‍ ചവിട്ടുപടിയാകുമോ?

അതൊരു ചവിട്ടുപടിയാണോ എന്നെനിക്ക് പറയാനറിയില്ല. പക്ഷേ വളരെ നല്ല അനുഭവമാണ് ജല്ലിക്കെട്ട് എനിക്ക് നല്‍കിയത്. നല്ല കഴിവുള്ള കുറേപേരൊടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി. ഒരു തുടക്കക്കാരിയെന്ന നിലയില്‍ എനിക്കത് നല്ലതാണ്. ജല്ലിക്കെട്ട് കാരണമാണ് എനിക്കൊരു ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിലും പോകാനായത്. അത് മാത്രമല്ല, ഗോവന്‍ ഫിലിം ഫെസ്റ്റിവലിലുണ്ട്, തിരുവനന്തപുരം ഐഎഫ്എഫ്കെയിലും ഉണ്ട്. ഇങ്ങനെയുള്ള ഫെസ്റ്റിവലുകളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം നല്‍കിയത് ജല്ലിക്കെട്ടാണ്. എന്റെ സിനിമാജീവിതത്തില്‍ ഇതുപോലെയൊരു സിനിമ ഉണ്ടായതില്‍ വളരെ സന്തോഷമുണ്ട്.

സിനിമ മാത്രമല്ല, നാടകത്തിലും അഭിനയിക്കുന്നു. നാടക വിശേഷങ്ങള്‍

നടനായ റോഷന്‍ മാത്യു സംവിധാനം ചെയ്ത ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന നാടകത്തിലാണ് അഭിനയിച്ചത്. നാടകമായാലും സിനിമയായാലും അഭിനയമാണ് പാഷന്‍. സിനിമയില്‍ നിന്നും വ്യത്യസ്തമാണ് നാടകം. പല വേദികള്‍, പല പല ആളുകള്‍. നമ്മുടെയൊപ്പമുള്ള നടീനടന്മാരുമായൊക്കെ കുറേ നേരെ ഒരുമിച്ചുണ്ടാകും, റിഹേഴ്സല്‍ ആയാലും. നാടകം അവതരിപ്പിക്കുന്നതിനായുള്ള യാത്രകള്‍ ആണെങ്കിലും. ഒപ്പമുള്ളവരുമായി നല്ല ബന്ധമുണ്ടാകും. അത് മാത്രമല്ല, അവരില്‍ നിന്നൊക്കെ പഠിക്കാനും സാധിക്കും. ഞങ്ങളുടെ നാടകം പലയിടങ്ങളില്‍ അവതരിപ്പിച്ചു, മിക്കവരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. നാടകം ചെയ്യാന്‍ പറ്റുന്നത് എനിക്ക് വളരെ സംതൃപ്തി നല്‍കുന്ന കാര്യമാണ്.

ആദ്യ ട്രാന്‍സ്‌മെന്‍ പൈലറ്റ് കൊച്ചിയിലെ തെരുവുകളില്‍ ഉറങ്ങിയിരുന്നു

മലയാളികളും നാടകങ്ങളും

ഇപ്പോള്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്ന രീതികളിലും മാറ്റം വന്നിട്ടുണ്ട്. കാണാനായാലും ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാനാണെങ്കിലും എല്ലാവരും തയ്യാറാണ്. പരീക്ഷണങ്ങളെ അവര്‍ മനസിലാക്കുന്നുണ്ട്. പുതിയ തലമുറയും നാടകത്തെ സ്വീകരിക്കുന്നു. അവരും നാടകത്തില്‍ പരീക്ഷണങ്ങളൊക്കെ നടത്തുന്നു. പുതിയ പുതിയ രീതിയിലാണ് ഇപ്പോള്‍ കഥ പറയുന്നതും അവതരിപ്പിക്കുന്നതുമൊക്കെ. അതിനെ പ്രേക്ഷകര്‍ നിരീക്ഷിക്കുന്നുണ്ട്, പുതുമകളെ സ്വീകരിക്കുന്നുണ്ട്. എല്ലാ കാലഘട്ടങ്ങളിലും ഇതൊക്കെ നടക്കും. പ്രേക്ഷകരുടെ രുചികളും താത്പര്യങ്ങളും മാറും. ഇപ്പോള്‍ സിനിമയും നാടകവുമൊക്കെ ഇതുപോലെയാണ്. പുതുമയുണ്ടെങ്കില്‍, നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കും.

ക്യാമറയ്ക്ക് പിന്നിലെ കഥകള്‍

എന്റെ സുഹൃത്ത് അഭിഷേക് നായര്‍ സംവിധാനം ചെയ്ത ‘മീനവിയല്‍’ എന്ന വെബ്സീരീസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിരുന്നു. എന്റെ വളരെ നല്ല സുഹൃത്തുക്കളായ അര്‍ച്ചന കവിയും അരുണ്‍ കുര്യനുമാണ് അതില്‍ അഭിനയിച്ചിരിക്കുന്നത്. അര്‍ച്ചനയാണ് അത് എഴുതിയത്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കുറച്ചുസുഹൃത്തുക്കളുടെയൊപ്പം വര്‍ക്ക് ചെയ്യാനായി. അര്‍ച്ചന ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചപ്പോള്‍ തന്നെ താത്പര്യം തോന്നി. കുറേ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ആ വെബ്സീരീസ് ചെയ്തത്. പക്ഷേ, വളരെ നന്നായി വന്നു. സെറ്റിലായാലും നല്ല അനുഭവമാണ്. ഞങ്ങള്‍ക്കെല്ലാം നല്ല അനുഭവമായിരുന്നു. പ്രേക്ഷകര്‍ക്കും ഇഷ്ടമായി. കുറേപേര്‍ നല്ല അഭിപ്രായം പറഞ്ഞു. അടുത്ത സീസണ്‍ എന്നാണ്, പെട്ടെന്ന് ഇറക്കൂ എന്നൊക്കെ ആളുകള്‍ നമ്മളോട് പറയുന്നുണ്ട്. ക്യാമറയ്ക്ക് പിന്നിലും വര്‍ക്ക് ചെയ്യുന്നതില്‍ സന്തോഷം തോന്നി, പ്രത്യേകിച്ച് ഇതുപോലെ നല്ല വര്‍ക്കുകളില്‍.

ഫോട്ടോ അയച്ചു, ഓഡിഷന് വിളിച്ചില്ല: ജെല്ലിക്കെട്ട് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍ 2

ക്യാമറയ്ക്ക് പിറകില്‍ ഇനിയും

ക്യാമറയ്ക്ക് പിന്നില്‍. ഒരു സംവിധായകയായി ഞാനെത്തുമോയെന്നെനിക്ക് അറിയില്ല.അതിന് കുറെ അനുഭവസമ്പത്ത് വേണം. അതെനിക്ക് ഇപ്പോഴില്ല. പക്ഷേ എഴുതാന്‍ ആഗ്രഹമുണ്ട്. തരംഗത്തിന്റെ ഡയറക്ടര്‍ ഡൊമിനിക് അരുണും ഞാനും ചേര്‍ന്ന് ഒരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട്. അതൊരു വെബ്സീരീസ് ചെയ്യണമെന്നാണ് ആഗ്രഹം.

മലയാള സിനിമയുടെ മാറ്റം

ഇപ്പോള്‍ വരുന്ന മിക്ക സിനിമകളും കഥക്ക് പ്രാധാന്യമുള്ളതാണ്. നായകന്റെയോ നായികയുടെയോ രൂപത്തിന് പ്രാധാന്യമുള്ളതല്ല. തമാശ തന്നെ ഉദാഹരണത്തിന് നോക്കാം. നാം സൃഷ്ടിച്ച് വെച്ച നായികാനായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന സിനിമയായിരുന്നു അത്. അതൊക്കെ നല്ല മാറ്റമാണ്. സിനിമാ മേഖലയിലായാലും പുറത്ത് നമ്മുടെ സമൂഹത്തിലായാലും അതുണ്ട്. നിറം, രൂപം, ഭംഗി ഇതിന്റെയൊക്കെ തലങ്ങള്‍ മാറുന്നു. സൗന്ദര്യത്തിന്റെ നിര്‍വചനം മാറുന്നു. വളരെ നല്ലൊരു മാറ്റമായാണ് ഇതിനെ ഞാന്‍ കാണുന്നത്.

ശാന്തിയുടെ പൂച്ചക്കുട്ടിക്കും പട്ടിക്കുട്ടിക്കുമൊക്കെ ആരാധകരുണ്ട്. അവരുടെ വിശേഷങ്ങള്‍.

എല്ലാവരും സുഖമായിട്ടിരിക്കുന്നു. എന്റെ പട്ടിക്കുട്ടിയുടെ പേര് ‘മിഷ്ടി’ എന്നാണ്. അവള്‍ക്കൊരു പപ്പിയുണ്ട്. ബര്‍ഫി എന്നാണ് പേര്. പിന്നെ ഒരു പൂച്ചയുണ്ട്. ഇമിലി. അത് മിഷ്ടി ദത്തെടുത്ത പൂച്ചക്കുട്ടിയാണ്. ഇവരോടൊപ്പം ഞാനെന്നും ഹാപ്പിയാണ്. പക്ഷേ, എന്റെ അപ്പാര്‍ട്ട്മെന്റില്‍ മൃഗങ്ങളെ കയറ്റാന്‍ അനുമതിയില്ല. ഇവരെല്ലാം എന്റെ സുഹൃത്തുക്കളോടൊപ്പമാണ് കഴിയുന്നത്. ഞാന്‍ എന്നും അവിടെ പോകും, അവരോടാപ്പം സമയം ചെലവഴിക്കും. ഷൂട്ട് ഉള്ളപ്പോള്‍ ഞാന്‍ മിസ് ചെയ്യാറുണ്ട്.

ഇനി വരാനുള്ള സിനിമകള്‍

ഈ വര്‍ഷം ഇനി ഒരു സിനിമ കൂടി ഇറങ്ങാനുണ്ട്. നവംബറില്‍ ആണ് റിലീസ്. ശംഭു പുരുഷോത്തമന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമ. അതൊരു സോഷ്യല്‍ സറ്റയര്‍ ആണ്. അതുകഴിഞ്ഞ് വരാനുള്ളത് ‘ആഹാ’ എന്ന സിനിമയാണ്. അത് വടംവലിയെ ആസ്പദമാക്കിയുള്ള സിനിമയാണ്. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു സ്‌പോര്‍ട്‌സ് ഡ്രാമ സിനിമയാണ് ‘ആഹാ’. ബിബിന്‍ പോള്‍ സാമുവല്‍ ആണ് ഇത് സംവിധാനം ചെയ്യുന്നത്.

സോഫിയാകാനെടുത്ത തയ്യാറെടുപ്പുകള്‍

സീനുകള്‍ക്ക് മുന്നേ അഭിനേതാക്കള്‍ തയ്യാറാകണമെന്ന ഒരു ശൈലിയല്ല ലിജോ സാറിന്റേത്. ഒരു സീന്‍ എങ്ങനെ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം, അത് സ്വാഭാവികമായി വരേണ്ടതാണെന്ന് അദ്ദേഹം കരുതുന്നു. ഞങ്ങളുടെ കയ്യില്‍ സ്‌ക്രിപ്റ്റ് ഉണ്ടെങ്കിലും ഓരോ സീനിനും മുമ്പ് എന്താണ് വേണ്ടതെന്ന് സര്‍ പറയുമായിരുന്നു. അത് സ്വാഭാവികമായി വരാനുള്ള ഒരു സ്പേസ് അവിടെയുണ്ട്.

ബൈജു എന്‍ നായര്‍

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More