കേരള ക്രിക്കറ്റ് ടീമിലെ അസ്വാരസ്യം ഒഴിവാക്കേണ്ടതായിരുന്നു: ഐ സി സി മാച്ച് റഫറി വി നാരായണന്‍ കുട്ടി

62

അമ്പയറാകാന്‍ വിളിച്ചപ്പോള്‍ കേരള ക്രിക്കറ്റ് ടീം മുന്‍ ഓപ്പണറായിരുന്ന വി. നാരായണന്‍ കുട്ടി ഓടിയൊളിച്ചത് എന്തിനായിരുന്നു? ബി.സി.സി.ഐ അന്താരാഷ്ട്ര മാച്ച് റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യമലയാളിയെന്ന ബഹുമതിയിലേക്ക് നാരായണന്‍കുട്ടി കയറിയത് ആ ഒളിച്ചോട്ടം കൊണ്ടായിരുന്നു. 1985 മുതല്‍ 97 വരെ കേരളത്തിന് വേണ്ടി കളിച്ച നാരായണന്‍ കുട്ടി 42 മത്സരങ്ങളില്‍ നിന്നായി 1,793 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ഓപ്പണറായി കളിച്ച് മൂന്ന് സെഞ്ച്വറിയടിച്ച റെക്കോഡും നാരായണന്‍ കുട്ടിയുടേതാണ്.

കേരള സീനിയര്‍ ടീം സെലക്ടറായും പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശിയായ നാരായണന്‍ കുട്ടി തിരുവനന്തപുരത്ത് ഇന്‍കം ടാക്സ് ഓഫീസറാണ്. 150 ഓളം മത്സരങ്ങളില്‍ മാച്ച് റഫറിയായിരുന്ന അനുഭവ സമ്പത്തുമായി അന്താരാഷ്ട്ര മാച്ച് റഫറിയായി ഉയരുമ്പോള്‍ നാരായണന്‍കുട്ടിയുടെ പ്രതീക്ഷകളെന്തൊക്കെയെന്ന് പി ആര്‍ പ്രവീണുമായി പങ്കുവയ്ക്കുന്നു.

അഭിനന്ദനങ്ങള്‍ വലിയ നേട്ടത്തിന്… എന്താണ് ഇപ്പോഴത്തെ തോന്നല്‍?

ശരിക്കും ഇതൊരു വല്ലാത്ത അനുഭവമാണ്. കേരളത്തില്‍ നിന്ന് ആദ്യമായി അന്താരാഷ്ട്ര മാച്ച് റഫറി പാനലിലേക്ക് എത്തുക എന്നത് അഭിമാനകരമായ ഒന്നായി കരുതുന്നു. ഒരുപാട് സന്തോഷമുണ്ട്. കേരള ക്രിക്കറ്റിന്റെ കൂടി വിജയമായാണ് ഞാന്‍ ഈ അംഗീകാരത്തെ കാണുന്നത്.

ശ്രദ്ധേയനായിരുന്ന ക്രിക്കറ്റര്‍… കളി നിര്‍ത്തിയപ്പോള്‍ എന്തു കൊണ്ട് മാച്ച് റഫറിയിംഗിലേക്ക് തിരിഞ്ഞു?

സത്യസന്ധമായി പറഞ്ഞാല്‍ അതൊരു ഒളിച്ചോട്ടത്തിന്റെ തുടര്‍ച്ചയാണ്. കേരളത്തിന് വേണ്ടി ധാരാളം മത്സരങ്ങള്‍ കളിച്ചയാള്‍ എന്ന നിലയില്‍ കളി നിര്‍ത്തിയപ്പോള്‍ അംപയറിംഗിലേക്ക് കടക്കാന്‍ എനിക്കും ബിസിസിഐ അവസരം തന്നു. പക്ഷേ അംപയറിംഗ് നന്നായി കൊണ്ടുപോകാനാകുമോ എന്ന് അന്ന് എനിക്ക് ആശങ്കയുണ്ടായി. ആ അവസരത്തില്‍ നിന്ന് ഞാന്‍ ബോധപൂര്‍വം പിന്‍മാറുകയായിരുന്നു. വലിയ വെല്ലുവിളികള്‍ നിറഞ്ഞതാണ് അംപയറിംഗ് എന്നതു തന്നെയായിരുന്നു ആ പിന്‍മാറ്റത്തിന്റെ കാരണം. പിന്നീട് രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് റഫറി പാനലിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നെ നാമനിര്‍ദേശം ചെയ്തു. ബി. സി. സി. ഐയുടെ യോഗ്യതാ പരീക്ഷ കൂടി പാസായതോടെ റഫറി പാനലിലേക്ക് വരികയായിരുന്നു. ആ റോള്‍ ഏറ്റെടുത്ത് കഴിഞ്ഞത് മുതല്‍ എനിക്ക് ആത്മവിശ്വാസം കൂടി. റഫറി എന്ന നിലയില്‍ നന്നായി ആസ്വദിക്കാന്‍ തുടങ്ങി. രാജ്യത്തിനകത്തെ മത്സരങ്ങളിലെ പരിചയവും അടുത്ത യോഗ്യതാഘട്ടവും പിന്നിട്ടതോടെയാണ് ഇപ്പോഴത്തെ അവസരം കൈ വന്നത്.

റഫറിയിംഗിലെ വെല്ലുവിളികള്‍?

ആ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അത് ആസ്വാദ്യകരമായി എന്നതാണ് സത്യം. ഇപ്പോള്‍ പൂര്‍ണമായും ഐ. സി. സിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു തന്നെയാണ് റഫറിയിംഗും. ടോസ് കഴിഞ്ഞാല്‍ പിന്നെ കളിക്കാര്‍ക്കും അംപയര്‍മാര്‍ക്കും മാത്രമാണ് റോള്‍. ടെസ്റ്റ് ആയാലും ഏകദിനമായാലും പിന്നെ റഫറി അദൃശ്യ സാന്നിധ്യമാണ്. കളിക്കളത്തില്‍ വരാതെ എല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് റഫറിയുടേത്. കളിക്കിടയിലെ വിഷയങ്ങള്‍, അംപയറിംഗിലെ പാളിച്ചകള്‍, ഗ്രൗണ്ട് സംബന്ധിച്ച വിഷയങ്ങള്‍ ഒക്കെ മാറിയിരുന്ന് വിലയിരുത്തണം. അംപയര്‍മാരുടെ പ്രകടനം സംബന്ധിച്ച പ്രത്യേക വിലയിരുത്തല്‍ നടത്തി സമര്‍പ്പിക്കുക എന്നത് ഈ ജോലിയിലെ വലിയ കടുപ്പമേറിയ ഭാഗമായാണ് ഞാന്‍ കാണുന്നത്. ഐ. സി. സി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ അതീവ ജാഗ്രതയും ശ്രദ്ധയും മാച്ച് റഫറിക്കും ഉണ്ടാവേണ്ടതുണ്ട്.

മാച്ച് റഫറിയുടെ റോള്‍ എവിടെ തുടങ്ങുന്നു?

കളിക്കു മുന്‍പും ശേഷവുമാണ് റഫറിയുടെ ഇടപെടല്‍ ക്രിക്കറ്റില്‍ വേണ്ടി വരുന്നത്. ഗ്രൗണ്ട് ഒരുക്കം വിലയിരുത്തല്‍, കളിക്കാരുടെ സുരക്ഷ, താമസം, ഗതാഗതം തുടങ്ങിയവ ശരിയാണോ എന്ന് നിരീക്ഷിക്കല്‍, മത്സരത്തിന് മുന്നോടിയായുള്ള സംയുക്ത മീറ്റിംഗ് എന്നിവ റഫറിയുടെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നു. രണ്ട് ടീമിന്റെയും ക്യാപ്റ്റന്‍മാരും മാനേജര്‍മാരും അംപയര്‍മാരും ഉള്‍പ്പെടുന്ന പ്രീമാച്ച് മീറ്റിംഗില്‍ ഫെയര്‍ പ്ലേ ഉറപ്പാക്കുക എന്ന ഉത്തര വാദിത്വം റഫറിയുടേതാണ്. കളിക്കാര്‍ തമ്മിലോ മറ്റോ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആ മീറ്റിംഗോടെ പരിഹരിക്കപ്പെടണം. എന്തെങ്കിലും വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കളി കഴിഞ്ഞാല്‍ അതിലുള്ള തീരുമാനം അറിയിക്കണം. കളത്തിലില്ലെങ്കിലും കളം നിറഞ്ഞ് നില്‍ക്കണം റഫറി എന്ന് ചുരുക്കം.

കളിക്കളത്തിലെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ധാരാളമായി വരുന്നുണ്ട്. താരപ്പൊലിമയൊന്നും നോക്കാതെ തീരുമാനമെടുക്കേണ്ടി വരില്ല?

അതാണ് ഈ ജോലിയുടെ സവിശേഷമായ ഘടകം. അത്തരം ഘട്ടങ്ങളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മളെ ഈ പണിക്ക് കൊള്ളില്ല. ഐ. സി. സിയും ബി. സി. സി. ഐയും കൃത്യമായി ഇതിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ആഹ്ളാദപ്രകടനമായാലും അംപയറുടെ തീരുമാനത്തിലുള്ള എതിര്‍പ്പായാലും ഒക്കെ കളിക്കാര്‍ക്ക് ഗ്രൗണ്ടില്‍ പോകാവുന്ന ഒരതിര്‍വരമ്പുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കില്‍ ഉറച്ച നിലപാടെടുക്കുക എന്നത് തന്നെയാണ് റഫറിയുടെ ഉത്തരവാദിത്വം.

മാച്ച് റഫറിയിംഗ് മേഖലയിലെ സാധ്യതകള്‍?

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആകെ നടന്നത് 1,030 മത്സരങ്ങളാണ്. ഇത്തവണ അത് 2,017 മത്സരങ്ങളായി ഉയര്‍ന്നു. മാച്ച് ഒഫീഷ്യല്‍സിന്റെ കാര്യത്തിലും അതിനനുസരിച്ച് വര്‍ധന ഉണ്ടാകും. അംപയര്‍മാര്‍ക്കായുള്ള സെലക്ഷന്‍ നടപടികള്‍ നടക്കുന്നുണ്ട്. മാച്ച് റഫറിമാര്‍ക്കായുള്ള പ്രാഥമികപരിശീലന പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ക്രിക്കറ്റ് സംസ്‌കാരം അത്രമേല്‍ വളര്‍ന്നിട്ടില്ലാത്ത കേരളത്തില്‍ നിന്ന് എനിക്ക് അന്താരാഷ്ട്ര പാനലിലും അഞ്ചു പേര്‍ ഡൊമസ്റ്റിക് പാനലിലും എത്തിയത് തന്നെ വലിയ കാര്യമാണ്. ബോംബെയില്‍ നിന്ന് ഒരാള്‍ പോലും റഫറി പാനലിലില്ല. കര്‍ണാടകയില്‍ നിന്ന് ഒരാളെയുള്ളൂ. തമിഴ്നാട്ടില്‍ നിന്ന് അഞ്ചു പേര്‍. നന്നായി ആശയ വിനിമയം നടത്താനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും അറിയാവുന്ന ക്രിക്കറ്റര്‍മാര്‍ക്ക് കടന്നു വരാവുന്ന മേഖല തന്നെയാണ് റഫറിയിംഗ്.

അന്താരാഷ്ട്ര പാനലിലേക്ക് വരുമ്പോഴുള്ള മാറ്റം?

ഐ. സി. സി ടെസ്റ്റ് രാജ്യങ്ങളുടെ എ ടീമുകളുടെ മത്സരങ്ങള്‍, അസോസിയേറ്റ് രാജ്യങ്ങളുടെ മത്സരങ്ങള്‍, വനിതാ ടീമുകളുടെ മത്സരങ്ങള്‍ എന്നിവക്ക് അന്താരാഷ്ട്ര പാനല്‍ റഫറിമാരാണ് ചുമതലക്കാര്‍. ഡല്‍ഹിയില്‍ നിന്നുള്ള മനു നയ്യാര്‍ ഈ പാനലില്‍ എന്നോടൊപ്പമുള്ള ഇന്ത്യാക്കാരനാണ്. എലൈറ്റ് പാനല്‍ റഫറിമാരില്‍ ജവഗല്‍ ശ്രീനാഥാണ് ഇന്ത്യന്‍ സാന്നിധ്യം.

പഴയ കളിക്കാരന്‍ എന്ന നിലയില്‍ കേരളക്രിക്കറ്റിനെ കുറിച്ച്?

കേരള ക്രിക്കറ്റിന്റെ ഭാവിയില്‍ നല്ല പ്രതീക്ഷയാണ്. കഴിഞ്ഞ വട്ടം നമ്മുടെ ടീം ക്വാര്‍ട്ടര്‍ കളിച്ചതാണ്. പക്ഷേ ഇത്തവണ തുടക്കത്തില്‍ തന്നെ ടീമിനുള്ളില്‍ ഉണ്ടായിരിക്കുന്ന ക്യാപ്റ്റനെതിരായ അസ്വാരസ്യങ്ങളും കത്തു നല്‍കലും ഒക്കെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. അത് ടീമിന് ഗുണം ചെയ്യില്ല. പൊതു ചര്‍ച്ചക്ക് വഴി വയ്ക്കും വിധം അത് പുറത്തേക്ക് കൊണ്ടു വരാതെ കൈകാര്യം ചെയ്യേണ്ടതായിരുന്നു.

കേരളത്തില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ പ്രതിഭയുള്ള താരങ്ങള്‍?

ഇപ്പോഴത്തെ മികവ് വച്ച് സഞ്ജു തന്നെയാണ് ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സാധ്യതയുള്ള കേരള താരം. എ ടീമില്‍ ഇടം നേടിയ സഞ്ജുവിന് മികച്ച പ്രകടനം നടത്താനായാല്‍ ടീമില്‍ ഇടം കണ്ടെത്താനാകും. ട്വന്റി-20യിലാണ് ഞാന്‍ സഞ്ജുവിന് സാധ്യത കാണുന്നത്. പിന്നെ ഫാസ്റ്റ് ബൗളര്‍മാരാണ്. ഐ. പി. എല്‍ കളിക്കുന്ന നല്ല ബൗളര്‍മാരുണ്ട്. കരിയറിന്റെ നല്ല സമയത്ത് മികച്ച പ്രകടനം നടത്താനായാല്‍ അവരില്‍ ആര്‍ക്കെങ്കിലും ഉയരങ്ങളിലെത്താനാകും. കളിക്കാരന്റെ മനസാന്നിധ്യവും കഠിനാദ്ധ്വാനവും സ്ഥിരതയും പരിക്ക് ഇല്ലാതിരിക്കുക എന്നതുമാണ് പ്രധാനം. നന്നായി പ്രയത്നിച്ചാല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നവര്‍ ഉണ്ട് കേരളത്തില്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

Comments
Loading...