എന്റെ സമയം ആകുന്നതേയുള്ളൂ, കാത്തിരിപ്പ് അംഗീകാരം നല്‍കും: കൈലാസ് മേനോന്‍

സംഗീതം കൈലാസിന് വെറുമൊരു പാഷന്‍ മാത്രമല്ല, ജീവവായുവാണെന്ന് തന്നെ പറയാം. കുട്ടിക്കാലം മുതല്‍ മനസില്‍ കൂട് കൂട്ടിയ ഇഷ്ടം. പക്ഷേ, കൈലാസിനെ സംഗീതം തിരിച്ച് സ്‌നേഹിച്ചു തുടങ്ങിയിട്ട് അധിക കാലമായില്ല. കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേയും നീണ്ട നാളുകള്‍ക്കൊടുവിലായിരുന്നു സംഗീതം കൈലാസിനെ കൂട്ടുപിടിച്ചത്. പക്ഷേ ഇത്രയും നാളത്തെ സ്വപ്നം എന്തായിരുന്നുവെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ, സിനിമയില്‍ അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനാകുക. എന്തായാലും കൈലാസിന്റെ ആ കാത്തിരിപ്പ് വെറുതെയായില്ല. വൈകി വന്ന വസന്തം പോലെ തീവണ്ടി എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച് പഴയ സ്വപ്നത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. കൈലാസ് മേനോന്‍ അഭിമുഖം പ്രതിനിധി വിനീത രാജുമായി സംസാരിക്കുന്നു.

കൈലാസിന്റെ സംഗീത സംവിധാനത്തില്‍ പിറന്ന തീവണ്ടി റിലീസിനൊരുങ്ങുകയാണല്ലോ. എത്രത്തോളമുണ്ട് പ്രതീക്ഷകള്‍?

പ്രതീക്ഷ വളരെ കൂടുതലാണ്. നന്നായി വര്‍ക്കൗട്ട് ആകുമെന്നാണ് വിശ്വാസം. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ യൂട്യൂബില്‍ ക്ലിക്കായി. മികച്ച അഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. അണിയറ പ്രവര്‍ത്തകരില്‍ നിന്നും നല്ല നല്ല വാക്കുകളാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. ഇനിയുള്ള കാത്തിരിപ്പ് ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ്. പല അവസരങ്ങളും നഷ്ടപ്പെട്ട ശേഷമാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്. അതിന്റെ സന്തോഷം തീര്‍ച്ചയായുമുണ്ട്.

എങ്ങനെയായിരുന്നു കൈലാസ് തീവണ്ടിയിലേക്കെത്തുന്നത്?

ചിത്രത്തിന്റെ സംവിധായകന്‍ ഫെലിലിനിയാണ് എന്നെ ഇതിലേക്ക് വിളിച്ചത്. സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് എന്റെ അടുത്ത സുഹൃത്താണ്. അന്ന് പുള്ളിക്കാരന്റെ അസോസിയേറ്റായിട്ടാണ് ഫെലിനി വര്‍ക്ക് ചെയ്തിരുന്നത്. അങ്ങനെ ചെറിയ പരിചയമുണ്ടായിരുന്നു. അതിന് ശേഷം സ്റ്റാറിംഗ് പൗര്‍ണമി എന്നൊരു ചിത്രത്തിന് വേണ്ടി വര്‍ക്ക് ചെയ്തു. പക്ഷേ പകുതി വഴിയില്‍ സിനിമ അവസാനിച്ചു. ഗാനങ്ങളൊക്കെ കേട്ടവര്‍ക്കെല്ലാം ഇഷ്ടമായി. ഫെലിനിയും ആ പാട്ടുകള്‍ കേട്ടിരുന്നു. പുള്ളിക്കാരനും ഇഷ്ടപ്പെട്ടു. അത് കഴിഞ്ഞ് ഫെലിനി പരസ്യചിത്രത്തിലേക്ക് ഇറങ്ങി. 2013 ല്‍ പരസ്യം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ എന്നെയാണ് അതിന്റെ ജിംഗിള്‍സ് ചെയ്യാന്‍ വിളിച്ചത്. അങ്ങനെ കുറേക്കൂടി ക്ലോസായി. അതിനു ശേഷം പിന്നെയും രണ്ടു പേരും രണ്ട് വഴികളിലൂടെ സഞ്ചരിച്ചു. ഒടുവില്‍, അഞ്ചുവര്‍ഷത്തിന് ശേഷം പടം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പുള്ളി എന്നെ ഓര്‍ത്തു. വിളിച്ചു. അങ്ങനെയാണ് ഞാന്‍ ഇതിലേക്ക് എത്തുന്നത്.

പരസ്യചിത്രങ്ങളിലൂടെയാണ് കൈലാസിന്റെ തുടക്കം. എങ്ങനെയാണ് ആ മേഖലയിലേക്ക് എത്തുന്നത്?

ജിംഗിള്‍സിലേക്ക് എത്തിയത് തീര്‍ത്തും അവിചാരിതമായിട്ടാണ്. ആരും ജിംഗിള്‍സ് ചെയ്യാമെന്ന് കരുതി എത്തുന്നതല്ല. ഈ മേഖലയിലുള്ള എല്ലാരും സ്വതന്ത്ര സംഗീത സംവിധായകനാകുക എന്ന ലക്ഷ്യവും മനസില്‍ കൊണ്ടു നടക്കുന്നവരായിരിക്കും. പക്ഷേ, സ്വപ്നത്തിലേക്ക് അടുക്കാന്‍ കഴിയാതെ പരസ്യ ചിത്രങ്ങളിലേക്ക് എത്തിപ്പെടുന്നവരാണ് കൂടുതലും. സിനിമ തന്നെയായിരുന്നു എന്റെയും ലക്ഷ്യം. കോളേജ് കഴിഞ്ഞിറങ്ങുന്ന സമയത്ത് എന്താ, എങ്ങനെ എന്നെന്നൊന്നും അറിയില്ല. ആ സമയത്താണ് ഒരു പരസ്യ ചിത്രം ചെയ്യാനായി എനിക്ക് ക്ഷണം കിട്ടിയത്. സ്ഥിരം ചെയ്യുന്ന ആള് മാറിയതുകൊണ്ട് കിട്ടിയ അവസരമായിരുന്നു. ഭാഗ്യത്തിന് അത് ക്ലിക്കായി. പിന്നീട് കൂടുതല്‍ ജിംഗിള്‍സുകള്‍ ചെയ്യാന്‍ തുടങ്ങി. ഭീമ ജ്വല്ലറിയ്ക്ക് വേണ്ടി ചെയ്തതാണ് എനിക്ക് ബ്രേക്കായത്. പിന്നീട്, നിരവധി ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ജിംഗിള്‍സ് ചെയ്തു. ആര്‍.എം.കെ വി, ശീമാട്ടി, ജയലക്ഷ്മി, സാസംങ്. തോഷിബ… അങ്ങനെ ഒരുപാട്.

പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ച അനുഭവം പങ്കുവയ്ക്കാമോ?

വളരെയധികം ക്രിയേറ്റീവായിട്ടുള്ള ഒരു മേഖലയാണ്. 2008 മുതല്‍ ജിംഗിള്‍സ് ചെയ്യുന്നുണ്ട്. ഇപ്പോഴും ഏറ്റവും കൂടുതല്‍ ചെയ്യുന്നതും അത് തന്നെ. 1000ത്തിലധികം ജിംഗിള്‍സ് ചെയ്തു കഴിഞ്ഞു. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഒക്കെ ചെയ്തു. ദുബായ് അടിസ്ഥാനമാക്കി ചെയ്തിട്ടുണ്ട്. അതുപോലെ, യു.കെ, അഫ്ഗാനിസ്ഥാന്‍ ഒക്കെ ബേസ് ചെയ്ത് ജിംഗിള്‍സ് ചെയ്യാനുള്ള ഭാഗ്യം കിട്ടിയുണ്ട്. അതൊക്കെ വലിയ നേട്ടമായിട്ടാണ് കാണുന്നത്.

തീവണ്ടിയില്‍ ശ്രേയ ഘോഷാലിനൊപ്പം വര്‍ക്ക് ചെയ്തു. പാട്ടിനെ കുറിച്ച് ശ്രേയ മികച്ച അഭിപ്രായം പറയുകയും ചെയ്തു. ശ്രേയയുമായിട്ട് വര്‍ക്ക് ചെയ്ത അനുഭവം എങ്ങനെയായിരുന്നു?

മറക്കാനാകാത്ത അംഗീകാരമായിരുന്നു അത്. ഒരുപാട് പേര്‍ക്കൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു ശ്രേയ ഘോഷാല്‍. അവരുടെ പേരോ ബ്രാന്‍ഡോ ആയിരുന്നില്ല എന്നെ എക്‌സൈറ്റ് ചെയ്യിച്ചത്. അവരുടെ പ്രൊഫഷണലിസം കണ്ടു പഠിക്കാന്‍ കഴിഞ്ഞു. പാട്ടിനോടുള്ള ഡെഡിക്കേഷന്‍, ഇന്‍വോള്‍മെന്റ്. കൂടെ പ്രവര്‍ത്തിക്കുന്നവരോടുള്ള ഹംപിള്‍നെസ് ഒക്കെ ശ്രേയയില്‍ നിന്നു കണ്ടു പഠിക്കേണ്ടതാണ്. അവര്‍ക്ക് എങ്ങനെ വേണമെങ്കിലും നമ്മളോട് പെരുമാറാം. കാരണം അത്ര ഉയരത്തില്‍ നില്‍ക്കുന്നൊരാളാണ്. പക്ഷേ, അവിടെ ശ്രേയ എന്ന ആരാധകരുടെ പ്രിയപ്പെട്ട ഗായിക വ്യത്യസ്തയാകുന്നത്. ഒരു ജാഡകളുമില്ലാതെയാണ് അവര്‍ പെരുമാറിയത്. പുതിയൊരാളാണെന്ന ഒരു തരംതാഴ്ത്തലും അവരുടെ ഭാഗത്തു നിന്നുണ്ടായില്ല. പകരം, മ്യൂസിക് ഡയറക്ടര്‍ക്ക് വേണ്ടത് കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കും.

ബോംബെയിലാണ് അവരുടെ എല്ലാ റെക്കോര്‍ഡിങും നടക്കുക. ചിത്രത്തെ കുറിച്ച് സംസാരിച്ച സമയത്ത് വാട്‌സാപ്പില്‍ പാട്ട് അയച്ചു കൊടുത്തിരുന്നു. കേട്ടപ്പോള്‍ തന്നെ ഇഷ്ടമായെന്ന് പറഞ്ഞു. അതോടെ എനിക്കും സന്തോഷമായി. സാധാരണ അവരുടേ ഡേറ്റ് കിട്ടാന്‍ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കേണ്ടി വരും. ഭാഗ്യത്തിന് പക്ഷേ ഞങ്ങള്‍ക്ക് അത് വേണ്ടി വന്നില്ല. എന്ന് റെക്കാഡ് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ നാളെ കഴിഞ്ഞ് എന്നൊരു മെസേജാണ് അവര്‍ നല്‍കിയത്. അതൊരു വലിയ അംഗീകാരമാണ്. ഒരു തുടക്കക്കാരനെന്ന നിലയില്‍ മുന്നോട്ടുള്ള വഴികളില്‍ ആത്മവിശ്വാസം നല്‍കിയതും അവരുടെ ഈ വാക്കുകളായിരുന്നു. മോശമായിരുന്നുവെങ്കില്‍ ഒരിക്കല്‍ പോലും അവരില്‍ നിന്നും ഇത്ര പെട്ടെന്ന് ഒരു ദിവസം കിട്ടുമായിരുന്നില്ല. നിന്ന നില്‍പ്പില്‍ പോവുകയാണ് ചെയ്തത്. പുള്ളിക്കാരി നന്നായി എന്‍ജോയ് ചെയ്തു. പാടി കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഇഷ്ടമായെന്ന് പറയുകയും ചെയ്തു. ചിത്രത്തില്‍ ഒറ്റ പാട്ടാണ് ശ്രേയ പാടിയത്. അത് തന്നെയാണ് ചിത്രത്തിലെ പ്രധാന പാട്ടും.

എങ്ങനെയായിരുന്നു കൈലാസ് മേനോന്‍ സിനിമയിലേക്കെത്തിയത്?

സിനിമയിലേക്കെത്തിയത് പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെയാണ്. അതായിരുന്നു ഞാന്‍ ചെയ്ത ആദ്യ സിനിമ. ഒരു ഓഫ് ബീറ്റ് ചിത്രം. ജയരാജ് സാറാണ് സംവിധാനം. നല്ല ചിത്രവും സംഗീതവുമൊക്കെയായിരുന്നു. പക്ഷേ ആള്‍ക്കാര്‍ക്കിടയിലേക്ക് വേണ്ടത്ര അതെത്തിയില്ല. അതിന് ശേഷം മറ്റൊരു സിനിമ ചെയ്തിരുന്നു. ഗിരീഷ് പുത്തഞ്ചേരിയൊക്കെ എഴുതിയ പാട്ടായിരുന്നു. അതും പെട്ടിയിലായി. ഇനി അതെല്ലാം പതിയെ പതിയെ ഇറക്കാമെന്ന് വിചാരിക്കുന്നു. പലരും കരുതുന്നത് ഇതാണ് എന്റെ ആദ്യ ചിത്രമെന്നാണ്.

എപ്പോഴായിരുന്നു സംഗീതമാണ് സ്വന്തം വഴിയെന്ന് തിരിച്ചറിഞ്ഞത്?

16ാമത്തെ വയസില്‍ സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ ആല്‍ബം ചെയ്യുന്നത്. ക്ലാസില്‍ ബോറടിച്ചിരുന്ന സമയത്ത് ചുമ്മാ കുത്തിക്കുറിച്ച വരികളൊക്കെ വച്ച് ഞാന്‍ തന്നെ മ്യൂസിക് നല്‍കിയതായിരുന്നു. അന്നാണ് സംഗീത സംവിധായകനാകണമെന്ന് ആദ്യമായി തീരുമാനിക്കുന്നത്. എന്റെ ക്ലാസ് മേറ്റായിരുന്നു ഗായിക ജ്യോത്സന. ആ സമയത്താണ് അവരുടെ നമ്മള്‍ റിലീസ് ചെയ്ത് ഹിറ്റാകുന്നത്. അന്ന് ഞാനും വിചാരിച്ചത് എത്രയും പെട്ടെന്ന് സംഗീത സംവിധായകനാകണമെന്നാണ്. പക്ഷേ അങ്ങനെയൊന്നും പറ്റില്ല. അതിനൊക്കെ ഒരു സമയമുണ്ട്. കാത്തിരിപ്പാണ് ഒടുവില്‍ അംഗീകാരം നേടി തരിക. ചിലര്‍ക്കൊക്കെ ആഗ്രഹിക്കുമ്പോള്‍ തന്നെ നടന്നേക്കാം. മറ്റു ചിലര്‍ക്ക് കാത്തിരിപ്പിന്റെ നാളുകള്‍ക്ക് ശേഷമാകും അവസരങ്ങള്‍ തേടിയെത്തുക. തുടക്കത്തില്‍ തന്നെ അവസരങ്ങള്‍ കിട്ടുന്നവര്‍ ഭാഗ്യവാന്മാരാണ്. എന്നാലും കൂടുതലും രണ്ടാമത്തെ വിഭാഗമാണ് നമുക്ക് ചുറ്റിലും ഏറെ കാണുക. എന്റെ പ്രായത്തിലുള്ളവരില്‍ 10 വര്‍ഷം മുമ്പേ ക്ലിക്കായവരുണ്ട്. പക്ഷേ, എന്റെ സമയം ആകുന്നതേയുള്ളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

കുടുംബത്തിന്റെ പിന്തുണ?

സംഗീതത്തോടുള്ള എന്റെ പ്രണയം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചവരാണ് കുടുംബക്കാര്‍. അച്ഛന്‍ ഡോ.രാമചന്ദ്ര മേനോന്‍ ശാസ്ത്രജ്ഞനാണ്. അമ്മ ഗിരിജാ ദേവി കെഎസ്ഇബി ചീഫ് എഞ്ചിനീയര്‍ ആയിരുന്നു. ഒരു ചേട്ടനുമുണ്ട്. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമാകുന്നു. ഭാര്യ അന്നപൂര്‍ണയും നല്ല സപ്പോര്‍ട്ടാണ്. ഇവരുടെയൊക്കെ സപ്പോര്‍ട്ടുള്ളതു കൊണ്ടാണ് എനിക്ക് ഞാനായി നില്‍ക്കാന്‍ കഴിയുന്നതും സംഗീതത്തെ നെഞ്ചോട് ചേര്‍ത്ത് നടക്കാന്‍ കഴിയുന്നതും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More