കൂപ്പ് ലോറി ഡ്രൈവര്‍ ആവണം: ആദ്യ ജോലി സ്വപ്നത്തെ കുറിച്ച്‌ വരുണ്‍ ചന്ദ്രന്‍

ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് ലോകം അറിയുന്ന വിജയിയായ സംരംഭകനായി മാറിയ മലയാളിയാണ് വരുണ്‍ ചന്ദ്രന്‍. കുട്ടിക്കാലത്തെ ഫുട്‌ബോള്‍ കളിയില്‍ നിന്നും തോല്‍ക്കാന്‍ മനസ്സില്ലാത്ത മനോഭാവം സ്വായത്തമാക്കിയ അദ്ദേഹം അത് ജീവിതത്തില്‍ ഓരോ നാളും പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

സ്വകാര്യ ജീവിതത്തില്‍ വിഷമതകളും തിരിച്ചടികളും നേരിട്ടപ്പോഴും നേടാനുള്ളത് പുതിയൊരു ലോകമാണെന്ന പ്രത്യാശയില്‍ അദ്ദേഹം മുന്നോട്ട് നടക്കുന്നു.  അഭിമുഖം പ്രതിനിധിയുമായി കോര്‍പറേറ്റ് 360 എന്ന ഐടി കമ്പനിയുടെ ഉടമയായ വരുൺ ചന്ദ്രൻ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

ബാല്യകാലം

പത്തനംതിട്ട – കൊല്ലം ജില്ലകളുടെ അതിര്‍ത്തി വനമേഖലയിലെ പാടം എന്ന മലയോര ഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. കൃഷിയും, കൂപ്പു പണിയുമൊക്കെയാണ് അവിടുത്തെ പ്രധാന തൊഴില്‍.

പാടത്തെ കാടുകളില്‍ വിറകു പറക്കിയും, പശുവിനു തീറ്റ ശേഖരിച്ചും, കൊക്കിനേയും കാട്ടു കോഴിയേയും കുരുക്ക് വെച്ച് പിടിച്ചും, പറമ്പുകളില്‍ മാങ്ങ എറിഞ്ഞിട്ടും, റബ്ബര്‍ കുരു പറക്കി വിറ്റും, യൂക്കാലി കൂപ്പില്‍ കവര്‍ നിറച്ചും, വീട്ടു ജോലികള്‍ ചെയ്തും, കൂപ്പില്‍ ചോറ് കൊണ്ടുപോയും ഒക്കെ പണിയെടുത്ത് കായികപരമായ അനുഭവമാണുള്ളത്.

വലിയ ജീവിത സ്വപ്നങ്ങളൊന്നും കാണാനുള്ള അറിവില്ലായിരുന്നു. ഒരു കൂപ്പ് ലോറി ഡ്രൈവര്‍ ആവണം എന്നായിരുന്നു ആദ്യ ജോലി സ്വപ്നം.

ഫുട്ബാളര്‍

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പന്തു കളി തുടങ്ങിയത്. സ്‌കൂള്‍ ടീമിന്റെ ക്യാപ്ടനായിരുന്നു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ തിരഞ്ഞെടുക്കപ്പെട്ട് കോളേജ് വിദ്യാഭ്യാസം ചെയ്തു. കേരളാ സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത് ടീമുകളില്‍ ദേശീയ തലത്തില്‍ കളിച്ചു. കേരളാ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിന്റെയും, കേരളാ ജൂനിയര്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു.

കേരളത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ ഫുട്‌ബോള്‍ താരത്തിനുള്ള ജി വി രാജാ ഗോള്‍ഡ് മെഡല്‍ ലഭിച്ചിട്ടുണ്ട്. കോളേജ് പഠന കാലത്ത് മലപ്പുറത്ത് സെവന്‍സ് കളിച്ചാണ് പോക്കറ്റ് മണി നേടിയിരുന്നത്. ഒരു മികച്ച ഫുട്‌ബോളര്‍ ആവണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പരിക്ക് പറ്റി കളി ഉപേക്ഷിക്കേണ്ടി വന്നു. കോളേജ് ഡിഗ്രി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.

ബംഗളുരു ജീവിതം

ഒരു ഓണക്കാലത്തെ കബഡികളിക്കിടയില്‍ നടന്ന കൂട്ടത്തല്ലില്‍പെട്ട ഞങ്ങടെ നാട്ടുകാരന്‍ ബാംഗ്‌ളൂരിലേക്ക് വണ്ടി കേറി പിന്നീട് അവിടുത്തെ മുതലാളിയായി. അദ്ധേഹത്തിന്റെ പണിക്കാരുടെ കൂടെ ഒരു കുടുസ്സു മുറിയിലായിരുന്നു ജോലി തേടി ബംഗളുരുവിലെത്തിയപ്പോ താമസം. പൊന്നമ്മ തന്ന വള വിറ്റ പൈസയുമായി മൂന്നു മാസത്തോളം അവിടെക്കഴിഞ്ഞു. ഒരുപാട് ഇന്റര്‍വ്യുകളില്‍ പങ്കെടുത്തു, തോറ്റു.

പല ജോലികളില്‍ നിന്നും പുറത്തായി. ഇംഗ്ലീഷ് പഠിക്കാനും, കമ്പ്യൂട്ടര്‍ പ്രാവീണ്യത്തിനും ലൈബ്രറികളും, പുസ്തകങ്ങളും, സൈബര്‍ കഫേകളും ആശ്രയിച്ചു. ആറേഴു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പതിയെ പച്ച പിടിച്ചു. പിന്നീട് ജോലി ലഭിച്ച കമ്പനി വഴി അമേരിക്കയിലെത്തി. പിന്നീടങ്ങോട്ട് ഒരുപാട് കാര്യങ്ങള്‍ ജോലിയിലൂടെ പഠിച്ചു.

ഐ ടി മേഖലയിലെ തൊഴില്‍ പരിചയം

ലോകത്തിലെ മികച്ച സോഫ്റ്റ്വെയര്‍ കമ്പനികളില്‍ പല രാജ്യങ്ങളിലായി ജോലി പരിചയം ലഭിച്ചു. എസ് എ പി, ഒറാക്കിള്‍, നെറ്റാപ്, ഡെല്‍ തുടങ്ങിയ ലോകോത്തര പ്രോഡക്ട് കമ്പനികളില്‍ പത്തു വര്‍ഷത്തോളം മൂന്ന് രാജ്യങ്ങളില്‍ ജോലി ചെയ്തു.

ഞാന്‍ ചെയ്തിരുന്ന തൊഴില്‍ മേഖലയിലുള്ള ഒരു പ്രൊബ്ലം സ്റ്റേറ്റ്‌മെന്റ് പരിഹരിക്കാന്‍ ഒരുപാട് റിസര്‍ച്ച് ചെയ്ത് അതിന്റെ സൊല്യൂഷന്‍ ഒരു സ്റ്റാര്‍ട്ടപ്പ് പ്രോഡക്റ്റായി വികസിപ്പിച്ച് ഉപയോഗക്ഷമതയും കസ്റ്റമര്‍ വാലിഡേഷനും ക്രമേണ നടത്തിയാണ് കോര്‍പ്പറേറ്റ് 360 തുടങ്ങിയത്.

രാജ്യാന്തര കമ്പനികള്‍ക്ക് മാര്‍ക്കറ്റിംഗിന് ആവശ്യമായ വിപണന നിര്‍ദേശങ്ങളുടെ ഡാറ്റ നല്‍കുന്ന സോഫ്റ്റ് വെയര്‍ ആണ് നല്‍കുന്നത്. ഇരുപതോളം രാജ്യങ്ങളിലായി നാനൂറോളം കസ്റ്റമേഴ്‌സും, അറുപത് പേരടങ്ങിയ രാജ്യാന്തര ടീമും നിലവിലുണ്ട്.

പത്തനാപുരം എന്ന ചെറുപട്ടണത്തിലെ സ്റ്റാര്‍ട്ടപ് അനുഭവം

എന്നെപ്പോലെ വലിയ എക്‌സ്‌പോഷര്‍ ഒന്നുമില്ലാതെ ഗ്രാമത്തില്‍ നിന്നു വരുന്ന യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഒരു പരീക്ഷണാര്‍ത്ഥം തുടങ്ങിയതാണ്. ഒരു പഴയ ലോഡ്ജ് വാങ്ങി അവിടെ ഓഫീസ് തുടങ്ങി. ഇന്നത് നൂറു പേര്‍ക്കോളം തൊഴിലവസരങ്ങളുള്ള ഒരു ഗ്രാമീണ ഐ ടി പാര്‍ക്കായി വളര്‍ന്നു. നമ്മുടെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കഴിവുള്ള കുട്ടികളുണ്ട്.

അവര്‍ക്ക് തൊഴിലധിഷ്ഠിത പഠന മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരുക്കി മികവുറ്റ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമമാണ്. ഒരു ഗ്രാമ പ്രദേശത്ത് കമ്പനി ഓടിക്കുന്നതിന് പരിമിതികള്‍ ഏറെയാണ്. നാട്ടിലെ പിരിവുകാരുടെ രീതികള്‍ അസഹനീയമാണ്. നാട്ടുമ്പുറത്തെ പഠന രീതികളും, മനോഭാവവും, സമ്പര്‍ക്ക രീതികളും, ചിന്താഗതിയും ഒക്കെ ശീലമാക്കിയ നവാഗത ഉദ്യോഗാര്‍ത്ഥികളെ പ്രൊഫഷണലിസം പഠിപ്പിച്ചെടുക്കാന്‍ വലിയ കടമ്പയാണ്.

കമ്പനിയുടെ പോളിസികള്‍ക്കനുസൃതമായി കഴിവ് തെളിയിക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം നഷ്ടപ്പെടുമ്പോള്‍ വൈകാരികത തോന്നാം. ഒരു പട്ടണത്തിലെ ജീവിത ശൈലി ഗ്രാമത്തില്‍ ലഭിക്കുകയില്ല. ഞങ്ങളുടെ ഓഫീസുകള്‍ കൊച്ചി, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ളവര്‍ക്കും കഴിവനുസരിച്ച് വ്യത്യസ്ത ജോലി സാധ്യതകള്‍ വിഭാവനം ചെയ്യുന്ന തൊഴില്‍ സംവിധാനമാണ് ഒരുക്കുന്നത്.

സ്റ്റാര്‍ട്ട് അപ്പ്‌ പാഠങ്ങള്‍

ഒരു ബിസിനസ്സ് വിജയിക്കുന്നത് നല്ല കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ വിപണിക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി മിതമായ ലാഭം ആവര്‍ത്തിച്ചു ലഭിക്കുമ്പോഴാണ്. നല്ല ആശയമുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ മികച്ച സംവിധാനമാണ് നിലവിലുള്ളത്. മുമ്പെന്നത്തേക്കാളും പൊതുവായ സ്വീകാര്യത, മീഡിയ സപ്പോര്‍ട്ട്, ഫണ്ടിങ്ങ്, സ്റ്റാര്‍ട്ടപ് പോളിസികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നവസംരംഭകര്‍ക്ക് ലഭ്യമാണ്.

ഇന്റര്‍നെറ്റിലുള്ള ലക്ച്ചര്‍ പറഞ്ഞു തരുന്ന വ്യാജ മെന്റര്‍മാരെ ഒഴിവാക്കുക. ബിസിനസിന് പുതിയ ഉപാഭോക്താക്കളെ പരിചയപ്പെടുത്താന്‍ ശേഷിയുള്ള, ഫണ്ടിങ്ങും, റെഫറന്‍സും, ഉചിതമായ പ്രായോഗിക പരിജ്ഞാനവും ഒക്കെ നല്‍കാനും കഴിവുള്ളവര്‍ മാത്രമാണ് യഥാര്‍ത്ഥ മെന്റേഴ്‌സ്. മറ്റു സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി അസൂയ പൂണ്ട് സമയം കളയരുത്. തട്ടിപ്പ് സ്റ്റാര്‍ട്ട് അപ്പ്‌ കോണ്‍ഫറന്‍സുകള്‍ ഒഴിവാക്കി ഉചിതമായവ മാത്രം തിരഞ്ഞെടുക്കണം.

സ്റ്റാര്‍ട്ട് അപ്പ്‌ സ്പീക്കര്‍മാരായും, പെയ്ഡ് ഐ ടി ന്യൂസ് വെബ്‌സൈറ്റ് ഉടമകളായും, ചില്ലിക്കാശ് ഇന്‍വെസ്റ്റര്‍മാരും ചമഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാര്‍ട്ടപ് വിധിന്യായം പറഞ്ഞു നടക്കുന്ന വ്യാജന്മാരെ അവഗണിക്കുക.

ആവേശം മൂത്ത് കാശു മുടക്കി അമിതമായ മീഡിയ പ്രചരണം ചെയ്യരുത്. സ്റ്റാര്‍ട്ട് അപ്പ്‌ എന്നാല്‍ കുറച്ചു ഫണ്ട് എടുത്ത് മീഡിയ ഹൈപ്പ് കാട്ടി കുറെ ഡൗണ്‍ ലോഡും അണ്‍പെയ്ഡ് യൂസേഴ്‌സിനെയും കാട്ടി കമ്പനി മറിച്ചു വിറ്റ് പണക്കാരനാവുന്ന പോസ്റ്റര്‍ ബോയ് ഭാഗ്യക്കുറി സ്‌കീമല്ല. കസ്റ്റമേഴ്‌സും, പ്രോഫിറ്റും, റിപ്പീറ്റഡ് ബിസിനസ്സും ഉണ്ടാവണം, അതിലാവണം പ്രധാന ശ്രദ്ധ.

അബദ്ധങ്ങള്‍

എനിക്ക് സംരംഭകത്വ മാര്‍ഗദര്‍ശികള്‍ ആരും ഉണ്ടായിരുന്നില്ല. ഒരുപാട് പിശകുകള്‍ പറ്റിയിട്ടുണ്ട്, പക്ഷെ അവയെല്ലാം കൂടുതല്‍ മെച്ചപ്പെടാനുള്ള ഓരോ പാഠങ്ങളായിരുന്നു. നമ്മുടെ കമ്പനിയെപ്പറ്റി ഒരുപാട് ഇമോഷണല്‍ ആവാതിരിക്കുക എന്നത് വളരെ മുഖ്യമാണ്.

അടുപ്പക്കാരേയും, ബന്ധുക്കളെയും ജോലിക്ക് ഉൾപ്പെടുത്തുമ്പോ പ്രത്യാശകളും, മനോവികാരങ്ങളും സങ്കീര്‍ണ്ണതകൾ സൃഷ്‌ടിക്കും.ഡിഗ്രിയും, മാര്‍ക്കും, ഫ്രണ്ട്ഷിപ്പും, മുന്‍പരിചയവും നോക്കി ജോലിക്കാരെ എടുക്കുന്നത് ഒഴിവാക്കി. പണി ചെയ്യാനുള്ള വൈദഗ്ദ്ധ്യവും, സംരംഭകത്വ മനോഭാവവും മാത്രമാണ് മുഖ്യ മാനദണ്ഡം.

സമൂഹത്തില്‍ അറിയപ്പെടുമ്പോ നമ്മോടൊപ്പം നിന്ന് എല്ലാമറിഞ്ഞു നമ്മെ കല്ലെറിയാനും, നമ്മളറിയാതെ ദൂരെ നിന്ന് നമ്മെ കല്ലെറിയാനും ആളുണ്ടാവും. ജീവിതത്തില്‍ ഏറ്റവും സുപ്രധാനമായ വ്യക്തി അവനവന്‍ തന്നെയാണ് എന്നത് വലിയ ഒരു തിരിച്ചറിവാണ്.

ജീവിതത്തില്‍ ശരിയോ തെറ്റോ എന്ന് നിര്‍വചിക്കാന്‍ സാധിക്കാത്തതും, നിയന്ത്രാതീതമല്ലാത്തതുമായ വിഷയങ്ങള്‍ ധാരാളമുണ്ടാകും, അവയെ നിര്‍വചിക്കാനോ നിയന്ത്രിക്കാനോ ശ്രമിക്കാറില്ല. പ്രതിസസന്ധികള്‍ ജീവിതത്തില്‍ മെച്ചപ്പെടാനുള്ള ചവിട്ടുപടികളാണ്.

വിവാദങ്ങള്‍

നാലാളറിയിപ്പെടുന്നവന്‍ ആയതുകൊണ്ട് മാത്രം ഉണ്ടായ വിവാദങ്ങളാണ്. തികച്ചും വ്യക്തിപരമായ കുടുംബ വിഷയങ്ങളില്‍ ചില പാപ്പരാസി ഓണ്‍ലൈന്‍ മഞ്ഞപ്പത്രങ്ങള്‍ നടത്തിയ ക്യാമ്പയിന്‍ ആണ് വിവാദങ്ങളായി ചിത്രീകരിക്കപ്പെട്ടത്. ഞാന്‍ ആരുമറിയാത്ത ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ മറ്റെല്ലാ കുടുംബങ്ങളിലേതു പോലെയുള്ള എന്റെ കുടുംബ വിഷയങ്ങളില്‍ ആര്‍ക്കും താത്പര്യമുണ്ടാവില്ല.

ഇരുപത്തിനാലാം വയസ്സിലെ ചെറുപ്രായത്തില്‍ ഞാന്‍ വിവാഹിതനായതാണ്. നേഴ്‌സിങ്ങിന് പഠിച്ചുകൊണ്ടിരുന്ന ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയായിരുന്നു മുന്‍ ഭാര്യ. പക്ഷെ മാറി വന്ന ജീവിത സാഹചര്യങ്ങളില്‍ ഒരുമിച്ചു മുന്നോട്ടു പോകാന്‍ സാധിക്കാത്ത ദൗര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായി.

രണ്ട് കാരണങ്ങള്‍ കൊണ്ട് അത് വര്‍ക്കൗട്ട് ആയില്ല. ഒന്നാമത്തെ കാരണം എന്റെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലോ, കുടുംബവുമായോ, സുഹൃത്തുക്കളുമായോ, നാടുമായോ, കമ്പനികളുമായോ, ജീവിത ലക്ഷ്യങ്ങളുമായോ ചേര്‍ന്നു പോകാന്‍ അവര്‍ക്ക് താത്പര്യവും കുറവായിരുന്നു എന്നതാണ്.

രണ്ടാമത്തേത് പ്രണയ ബന്ധങ്ങളില്‍ അത്യാവശ്യമായി വേണ്ടുന്ന ലാളന ഇല്ലാതായതാണ്. മുന്‍പുണ്ടായിരുന്നത് പിന്നീട് വെറും കാപട്യമായിത്തീര്‍ന്നു. കുറെ നാള്‍ പ്രണയം അഭിനയിക്കുകയായിരുന്നു. എനിക്കെന്താണ് വേണ്ടതെന്നും എന്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നതെന്നും മനസ്സിലാക്കി പിന്നീട് മുന്നോട്ടുപോവുകയായിരുന്നു.

എന്റെ സ്വത്തിനു വേണ്ടി മാത്രം അവര്‍ വ്യാജ ആക്ഷേപങ്ങള്‍ ഉന്നയിച്ച് മനപ്പൂര്‍വം വിവാദവിഷയമാക്കി മാറ്റി. കുടുംബ കോടതിയിലൂടെ എല്ലാ സത്യാവസ്ഥയും പുറത്തു വന്നിട്ടുണ്ട്.

എന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞതാണ്. വളരെ താണ നിലവാരത്തിലുള്ള ഉള്‍നാടന്‍ ജീവിതശൈലിയില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങളില്‍ തകര്‍ന്നു പോയ കുടുംബമായിരുന്നു എന്റേത്.

ജീവിതം കുറെ മെച്ചപ്പെട്ടപ്പോ ഒരുവിധം എല്ലാവരെയും ഒരുമിപ്പിച്ച് കുടുംബം വീണ്ടെടുത്തു. അമ്മ തന്റേടിയായ ഒരു സ്ത്രീയാണ്, ഒറ്റയ്ക്ക് ജീവിക്കാനായിരുന്നു ആഗ്രഹം. എനിക്കൊരു പുരസ്‌കാരം ലഭിച്ചപ്പോ, എന്റെ അച്ഛന്‍ ആദരിക്കപ്പെട്ടപ്പോ ഒറ്റപ്പെട്ട അവസ്ഥ തോന്നിയതിനാലാകാം അമ്മ എന്തൊക്കയോ വിളിച്ചു പറഞ്ഞു.

ഇന്നും സ്വന്തം തീരുമാനത്താല്‍ കുടുംബത്ത് നിന്നും വേര്‍പെട്ടു താമസിക്കുന്ന അമ്മക്ക് ഞാന്‍ പല കടങ്ങളും വീടി നല്‍കി. ലക്ഷങ്ങള്‍ മുടക്കി കുടുംബ വീതം തിരികെ വാങ്ങി. പ്രസവിച്ചത് കൊണ്ട് മാത്രമല്ല, ഒരമ്മയുടെ കടമകള്‍ കൂടി ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ സ്‌നേഹം ഉണ്ടാവുന്നത്. ഒരു മകനെന്നുള്ള എനിക്കാവുന്ന കടമകള്‍ ഞാന്‍ ചെയ്യുന്നുണ്ടെന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്.

എന്റെ പേര് വെച്ച് കഥകള്‍ മെയ്യാന്‍ ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ മത്സരമാണ്. ചുരുക്കം ചിലര്‍ ചെയ്യുന്നത് സത്യവും, പോസിറ്റിവിറ്റിയും ജനങ്ങളെ അറിയിക്കുക എന്ന മാധ്യമ ധര്‍മ്മമല്ല. മറിച്ച് യാഥാര്‍ഥ്യം വളച്ചൊടിച്ച് വ്യാജ വാര്‍ത്തകളും, വിവാദങ്ങളും, നെഗറ്റിവിറ്റിയും വിറ്റ് അവരുടെ വെബ്‌സൈറ്റുകളില്‍ ട്രാഫിക് കൂട്ടി കാശുണ്ടാക്കുക എന്നതാണ്.

എന്റെ വ്യക്തി ജീവിതത്തില്‍ എന്ത് സംഭവിച്ചാലും സത്യാവസ്ഥ അന്വേഷിക്കാതെ വരുണ്‍ ചന്ദ്രന്റെ പേര് വെച്ച് വാര്‍ത്താ വിവാദം ഉണ്ടാക്കാന്‍ ഇക്കൂട്ടര്‍ക്ക് മടിയില്ല. ആര്‍ക്കും എന്തും വിളിച്ചു പറയാം, പ്രത്യേകിച്ച് അര്‍ഹതയൊന്നും ഇല്ലാത്ത ആര്‍ക്കും എന്തും എഴുതി വിടാമെന്നുള്ള അവസ്ഥയാണുള്ളത്.

എതിർപ്പുകൾ

എനിക്ക് ഞാനാകാനേ സാധിക്കൂ. എന്റെ ജീവിതമാണ് എന്റെ പാഠ പുസ്തകം. അതിലെ വികാരങ്ങളും, ചിന്തകളും, ഓർമ്മകളും ഒളിക്കാൻ അറിയില്ല. അടിസ്ഥാന വർഗ്ഗക്കാരനാണ്; ആത്മാർഥതയും, സത്യസന്ധതയുമെ വഴങ്ങൂ. മറ്റുള്ളവരുടെ അഭിപ്രായങ്ങളും, ന്യായ വിധികളും നോക്കി ജീവിക്കാറില്ല. പലതരം മാനസികാവസ്ഥയുള്ളവര്‍ സമൂഹത്തിലുണ്ടാകും. ഒറ്റപ്പെട്ട ദൗര്‍ഭാഗ്യകരമായ ചില ഓൺലൈൻ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

വളരെ തുച്ഛമായ ഒരു കമ്മ്യുണിറ്റിയാണവർ. ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യമോ, പുരോഗമന ചിന്താഗതിയോ ഇല്ലാതെ മറ്റുള്ളവരുടെ കാര്യങ്ങൾ ചികഞ്ഞു അസൂയപൂണ്ട് വേറൊരു പണിയുമില്ലാതെ നടക്കുന്ന ഇക്കൂട്ടർ ഹേറ്റ് ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്വയം പ്രഖ്യാപിത സദാചാര സ്‌ക്വാഡ് ചമഞ്ഞ് ആത്മസംതൃപ്തിയടയുന്ന ഒരു പ്രത്യേക തരം മാനസിക വിഭ്രാന്തിക്ക് അടിമകളാണ്.

എന്റെ ജീവിതത്തേയും സ്വഭാവത്തെയും പറ്റി വിധി പറയാൻ നടക്കുന്ന സദാചാരക്കാരോട്, എന്റെ കുടുംബ പ്രശ്നങ്ങളെ വിറ്റു കാശാക്കാൻ നടക്കുന്ന പാപ്പരാസി ഓൺലൈൻ മഞ്ഞ പത്രങ്ങളോട്, എന്റെ രാഷ്ട്രീയ അനുഭാവങ്ങളെ എതിർക്കുന്നവരോട്, എന്നെക്കൊണ്ട് സഹായമോ, ഉദ്ദേശിച്ച കാര്യങ്ങളോ നേടാൻ പറ്റാഞ്ഞവരോട്, ഞാനുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുള്ളവരോട്, എന്റെ സംരംഭങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ സാധിക്കാഞ്ഞവരോട് ഇത്രയേ പറയാനുള്ളൂ — എനിക്ക് സന്തോഷം നൽകുന്ന ജീവിത കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതെ ജീവിക്കുന്ന ഒരു സ്വകാര്യ വ്യക്തിയാണ് ഞാൻ.

നിങ്ങളുടെ ഒരാളുടെ പോലും വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടാൻ വരുന്നില്ല. ഒരാളോട് പോലും സഹായം ആവശ്യപ്പെട്ടു വരുന്നില്ല. എന്റെ കുടുംബം തകർന്നു പോയ ഒരു കാലത്ത്, ഞാൻ ജോലിയില്ലാതെ അലഞ്ഞു നടന്ന സമയത്ത്, വിശന്നു വലഞ്ഞു പട്ടിണി കിടന്ന നാളുകളിൽ ഒരാളും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. ഞാൻ നിങ്ങളോടു സഹായം ആവശ്യപ്പെട്ടു വന്നിട്ടുമില്ല. അത് കൊണ്ട് നിങ്ങൾ ഓരോരുത്തരും എനിക്ക് കൂടുതൽ വിജയത്തിലേക്ക് മുന്നേറാനുള്ള ഉത്തേജനം നൽകുന്നു. നന്ദി!

ഇടതുസഹയാത്രികന്‍

പാടത്തെ എന്റെ ബാല്യകാല ജീവിത സാഹചര്യങ്ങളും, ജന്മബന്ധങ്ങള്‍ കൊണ്ടുമുണ്ടായ രാഷ്ട്രീയ അനുഭാവമാണ്. പാവങ്ങളെ സഹായിക്കുക, യുവജനങ്ങളുടെ നല്ല ഭാവിക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് എനിക്കുള്ള രാഷ്ട്രീയ ബോധം. എന്റെ വല്യച്ചന്‍ കെ വി സദാനന്ദന്‍ പാടത്തെ തോട്ടം തൊഴിലാളികളെയും, കര്‍ഷകരെയും സംഘടിപ്പിച്ച് അവരുടെ ഉന്നമനത്തിനു വേണ്ടി നാട്ടില്‍ പല വിപ്ലവങ്ങളും നടത്തി ജയില്‍ വാസം അനുഭവിച്ച സഖാവായിരുന്നു.

അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സഖാവ് ഇ എം എസ് പട്ടയം അനുവദിച്ചു നല്‍കിയ രണ്ടു സെന്റ് സ്ഥലത്താണ് എന്റെ കുടുംബം വീട് കെട്ടി ജീവിതം തുടങ്ങിയത്. ജാതിയും മതവും പറഞ്ഞു, മറ്റു പാര്‍ട്ടിക്കാരെ കുറ്റപ്പെടുത്തിയും വെല്ലുവിളിച്ചും വെറുപ്പുളവാക്കുന്ന പ്രചരണങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ചിലരുടെ രാഷ്ട്രീയ ശൈലിയോട് വിയോജിപ്പാണ്.

പ്രായോഗികമായ വിമര്‍ശനങ്ങളുന്നയിച്ച്, പരസ്പര ബഹുമാനത്തോടെ, നല്ലതിനെ അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരോടും ബഹുമാനമാണുള്ളത്.

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍

പണവും പ്രശസ്തിയുമൊന്നും പൂര്‍ണത തരില്ല എന്ന തിരിച്ചറിവില്‍ നിന്നും തുടങ്ങിയ സേവനങ്ങളാണ്. സന്തോഷം തേടിയുള്ള അലച്ചിലിനിടെ സ്വാഭാവികമായി സംഭവിച്ചതാണ്. നാട്ടില്‍ ഇരുന്നൂറോളം പേര്‍ക്ക് നേരിട്ടും പരോക്ഷമായും തൊഴില്‍ നല്‍കാന്‍ സാധിച്ചു. കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസ-സ്വഭാവ-സംസ്‌കാര പരിപോഷണത്തിലൂടെ തൊഴില്‍ സുരക്ഷ ലഭ്യമാക്കുമ്പോള്‍ മാത്രമേ നാടിന് പൊതുവായ പുരോഗതി കൈവരിക്കാനാവൂ.

ഗ്രാമപ്രദേശങ്ങളിലുള്ള ഏകദേശം നൂറ് കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത പഠന ക്‌ളാസുകളും, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പും, തൊഴില്‍ പരിശീലനവും നല്‍കുന്നു. പാവപ്പെട്ട നൂറിലധികം കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ എല്ലാ മാസവും ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നുണ്ട്. പാടത്ത് സൗജന്യ നിരക്കില്‍ ആംബുലന്‍സും, സ്‌കൂള്‍ബസ്സും പ്രാവര്‍ത്തികമാക്കി. വനമേഖലയിലെ ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ക്ക് ഞങ്ങള്‍ അവിടെയെത്തി പഠന ക്‌ളാസുകള്‍ നല്‍കുന്നു.

വിനോദം, ഇഷ്ടങ്ങൾ

യാത്രകൾ ഒരുപാടിഷ്ടമാണ്. 36 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പണത്തേക്കാളും, പ്രശസ്തിയെക്കാളും, പഠനത്തേക്കാളുമൊക്കെ ഒരുപാട് പ്രായോഗിക പരിജ്ഞാനവും, ആത്മ സംതൃപ്തിയും, ആത്മ വിശ്വാസവും, സന്തോഷവും, അനുഭവങ്ങളും, ഓർമ്മകളും നൽകുന്ന ഒരു പ്രവർത്തിയാണ് യാത്രകൾ. സ്ഥിരമായുള്ള പന്തുകളി ജീവിതത്തിന്റെ ഭാഗമാണ്.

ഫിറ്റ്നസ്സിൽ ശ്രദ്ധാലുവാണ്. പ്രചോദനം നൽകുന്ന പുസ്തകങ്ങൾ വായിക്കും. സാങ്കേതികത്തനിമയുള്ള കാറുകളും, വാച്ചുകളും ഹരമാണ്. മനസ്സിന് ഊർജ്ജം നൽകുന്ന സൃഷ്ടിപരമായ സാമൂഹികാവബോധത്തോടെയുള്ള ബിസിനസ്സ് ചിന്തകളും, അവയെ പ്രയോഗികമാക്കാനുള്ള ശ്രമങ്ങളുമാണ് പ്രധാന വിനോദം.

ഭാവി പരിപാടികള്‍

പാവപ്പെട്ടവരെ സഹായിക്കുന്നത് ഏറ്റവും ഉത്തേജനം നല്‍കുന്ന ഒരു വികാരമാണ്. ഞാന്‍ അവരിലൊരാളായിരുന്നത് കൊണ്ട് വിഷമങ്ങള്‍ മനസ്സിലാകും. നമ്മുടെ ജീവിത സമൃദ്ധിയെ വിവേകപരമായി കൈകാര്യം ചെയ്ത് കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ടവരുടെ ജീവിതം നാം മെച്ചപ്പെടുത്തുമ്പോഴാണ് യഥാര്‍ത്ഥ ജീവിത വിജയം സാധ്യമാകുന്നത്.

മറ്റുള്ളവരെ അതിന് പ്രചോദിപ്പിക്കണം എന്ന് മാത്രമാണ് ആഗ്രഹം. എന്റെ കമ്പനികളുടെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കഠിനാദ്ധ്വാനം ചെയ്യാന്‍ തീവ്രമായി പ്രേരണ നല്‍കുന്ന ഒരു സംഗതിയാണത്. ജോലി അറിയാവുന്ന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നാട്ടില്‍ പരമാവധി തൊഴില്‍ ലഭ്യമാക്കണം. പുതിയ മേഖലകളില്‍ ബിസിനസ്സ് ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അവസരങ്ങള്‍ തേടിയുള്ള വിശ്രമമില്ലാത്ത പ്രയത്‌നത്തിലാണ്.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More