ആമി എന്റെ സ്വപ്‌ന സിനിമ

141

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി പ്രിയ സംവിധായകന്‍ കമല്‍ ഒരുക്കുന്ന ആമിയെന്ന സിനിമ തുടക്കം മുതലേ വിവാദങ്ങളുടെ നടുവിലാണ്. കമലയായി വേഷമിടാനിരുന്ന ബോളിവുഡ് മലയാളി താരം വിദ്യാബാലന്റെ പിന്‍മാറ്റവും ആ വേഷമെറ്റെടുത്ത മഞ്ജു വാര്യരെ സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകര്‍ ഓണ്‍ലൈനില്‍ ആക്രമിക്കുന്നതും തമിഴ് കവയിത്രി ലീന മണിമേഖല കമലയയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നതും ആമിയുടെ ഇതുവരെയുള്ള കാഴ്ചകളായി. വിദ്യയുടെ പിന്‍മാറ്റം സിനിമയുടെ ഷെഡ്യൂളില്‍ തന്നെ മാറ്റം വരുത്താനും കമലിനെ നിര്‍ബന്ധിതനാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19-ന് ഷൂട്ടിങ് ആരംഭിക്കേണ്ടിയിരുന്ന സിനിമ ഈ മാസം 24-ന് കമലയുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പുന്നയൂര്‍ക്കുളത്ത് ആംഭിക്കും. തന്റെ സ്വപ്‌ന സിനിമയെന്ന് കമല്‍ വിശേഷിപ്പിക്കുന്ന ആമിയേയും സിനിമയെചുറ്റിപ്പറ്റിയുള്ള വിവാദങ്ങളേയും കുറിച്ച് കമല്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകരുമായി മനസ്സു തുറന്നു.

കമലും വിദ്യാബാലനും

വിദ്യാബാലന്‍ ആമിയില്‍ നിന്ന് പിന്‍മാറിയതിനുള്ള കാരണം ഇതുവരേയും തന്നോട് പറഞ്ഞിട്ടില്ലെന്ന് കമല്‍ വെളിപ്പെടുത്തി. അവരുടെ പിന്‍മാറ്റത്തിന് കാരണമായി വന്ന വാര്‍ത്തകള്‍ തന്നെയാകും പിന്‍മാറ്റത്തിന് പിന്നിലെന്ന് കരുതുന്നതായി കമല്‍ പറഞ്ഞു.ദേശീയ ഗാന,നോട്ട് നിരോധന വിഷയങ്ങളില്‍ കമലിനെ സംഘപരിവാര്‍ സംഘടനകള്‍ ആക്രമിക്കുന്ന സമയത്താണ് വിദ്യാബാലന്‍ ആമിയില്‍ നിന്ന് പിന്‍മാറിയത്.

മഞ്ജു വാര്യര്‍ ആമിയെ അവതരിപ്പിക്കുന്നതില്‍ ഉറച്ചു നില്‍ക്കുമെന്ന് കമല്‍ പറഞ്ഞു. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്ന പ്രകൃതമാണ് മഞ്ജുവിന്റേത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെയറോഫ് സൈറാ ബാനുവില്‍ മഞ്ജു വാര്യര്‍

ആമിയില്‍ കമല സുരയ്യയായി അഭിനയിക്കുന്നതിനായി മഞ്ജു ശരീര ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് കമല്‍ വെളിപ്പെടുത്തി. കമല സുരയ്യയെ പോലെ തടിച്ച ശരീര പ്രകൃതമാകാനാണ് മഞ്ജുവിന്റെ ശ്രമം. മഞ്ജു തന്നെയാണ് ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. മഞ്ജുവിന് ശരീര ഭാരം വര്‍ദ്ധിപ്പിക്കുന്നതിനായി മാര്‍ച്ച് 24-ന് ആംഭിക്കുന്ന രണ്ടാഴ്ച്ചത്തെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞാല്‍ രണ്ടു മാസത്തെ ഇടവേളയെടുക്കുമെന്നും അദ്ദേഹം പഞ്ഞു. ഒരാളുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ അയാളെ പോലെയുള്ള ആള്‍ തന്നെ വേണം ആ സിനിമ ചെയ്യാനെന്ന് നിര്‍ബന്ധമില്ലെന്ന് മഞ്ജുവിന്റെ തീരുമാനത്തെ കുറിച്ച് കമല്‍ അഭിപ്രായം പറഞ്ഞു.

മലയാളത്തില്‍ നേരത്തെ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയില്‍ നായികാ കഥാപാത്രമായ കാഞ്ചനയെ അഭിനയിച്ച പാര്‍വതി ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. എന്ന് നിന്റെ മൊയ്തീനുശേഷം അവര്‍ ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെ ഡംഗല്‍ എന്ന സിനിമയ്ക്കുവേണ്ടി ബോളിവുഡ് താരം അമീര്‍ ഖാന്‍ ഭാരം വര്‍ദ്ധിപ്പിച്ചതും ഭാരം കുറച്ച് സിക്‌സ് പാക്ക് ആക്കിയതും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

കമലയെ കുറിച്ച് ആര്‍ക്കുവേണമെങ്കിലും സിനിമ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന വിശാലമായ നിലപാടാണ് കമലിനുള്ളത്. കമലയെ കുറിച്ച് മറ്റൊരു സിനിമ സംവിധാനം ചെയ്യുന്ന തമിഴ് കവയിത്രിയും അഭിനേത്രിയുമായ ലീന മണിമേഖല കമലയായി അഭിനയിക്കാന്‍ ആദ്യം തന്റെ സിനിമയില്‍ അവസരം ചോദിച്ചിരുന്നുവെന്ന് കമല്‍ വെളിപ്പെടുത്തി. ലീന തന്റെ സുഹൃത്താണെന്നും ആമിയുടെ തിരക്കഥ എഴുതുന്ന സമയത്ത് ലീന അതുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നുവെന്നും കമല്‍ പറയുന്നു.

ലീന മണിമേഖല

താന്‍ സിനിമ മലയാളത്തിലാണ് ചെയ്യുന്നതെന്നും ഇംഗ്ലീഷിലല്ലെന്നും എങ്കിലും സഹകരിപ്പിക്കാമെന്നും ലീനയോട് പറഞ്ഞതായി കമല്‍ പറഞ്ഞു. പിന്നീടാണ് ആമിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ലീന വിളിച്ചത്. എന്നാല്‍ തന്റെ മനസ്സില്‍ ലീന കവയിത്രിയാണെന്നും അഭിനേത്രിയല്ലെന്നും താന്‍ മറുപടി നല്‍കി. വിദ്യാ ബാലന്‍ ആമിയാകുന്നതില്‍ നിന്ന് പിന്‍മാറിയപ്പോള്‍ നിരവധി സ്ത്രീകള്‍ തന്നെ വിളിച്ച് ആമിയാകാന്‍ അവസരം ചോദിച്ചുവെന്നും കമല്‍ പറഞ്ഞു. പിന്നീട് കഴിഞ്ഞ ഐഐഎഫ് കെയുടെ സമയത്താണ് കമലയെ കുറിച്ച് താനും ഒരു സിനിമയെടുക്കുന്നതായി ലീന തന്നോട് പറഞ്ഞതെന്ന കമല്‍ പറഞ്ഞു. അത് അവരുടെ സ്വാതന്ത്ര്യമാണ്. ആര്‍ക്കുവേണമെങ്കിലും ആമിയെ കുറിച്ച് സിനിമയെടുക്കാം.

ബയോപിക് എടുക്കുന്നതിന് ആരുടേയും കൈയില്‍ നിന്ന് റൈറ്റ്‌സ് വാങ്ങേണ്ടതില്ലെന്നും എന്നാല്‍ താന്‍ കമലയുടെ മക്കളില്‍ നിന്നും റൈറ്റ്‌സ് വാങ്ങിയിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. കമലയുടെ മക്കളുമായും സഹോദരി സുലോചന നാലപ്പാട്ടുമായും കമലയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമയെടുക്കുന്നതില്‍ തനിക്ക് വേറിട്ട വഴിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍

മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് മരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനില്ലെന്ന് കമല്‍ പറഞ്ഞു. ഇതോടെ ഈ വിഷയത്തില്‍ പ്രചരിച്ചിരുന്ന ഊഹാപോഹ വാര്‍ത്തകള്‍ക്ക് വിരാമമായി. സിനിമയാണ് തന്റെ ഉപജീവനമാര്‍ഗമെന്നും പാഷനെന്നും അദ്ദേഹം പറഞ്ഞു.

ആമിയുടെ ചിത്രീകരണം ഉള്ളിനാലാണ് സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞത്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അനുസരിച്ചുള്ള ചിത്രീകരണം തൃശൂര്‍ പുന്നയൂര്‍കുളത്ത് കമലസുരയ്യയുടെ ജന്മനാട്ടില്‍ ഈ മാസം 24-ന് ആരംഭിക്കും. 24-ന് പുന്നയൂര്‍ക്കുളത്ത് നടക്കുന്ന പൂജയ്ക്കുശേഷം ഒറ്റപ്പാലത്താണ് ഷൂട്ടിങ്.

ഈ അഭിമുഖം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ ഞങ്ങളെ സഹായിക്കുക.

Like this interview? Please Support us.

Donate Now!

Comments
Loading...