“നമ്മള്‍ ഡീസെന്റ് ആണെങ്കില്‍ ഒരു പ്രശ്‌നവും വരില്ല”

മലയാള സിനിമയിലെ നിശബ്ദ സാന്നിദ്ധ്യമാണ് മിയ ജോര്‍ജ്. ടിവി സ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക് ഒരു സ്മാള്‍ ഫാമിലിയിലെ മണിക്കുട്ടിയായി മലയാള സിനിമയിലേക്ക് കടന്നു വന്ന അവര്‍ ഭാഷയുടെ അതിര്‍ത്തികള്‍ കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും പോയി. എങ്കിലും മലയാള സിനിമയെ മറന്നില്ല. കൃത്യമായ ഇടവേളകളില്‍ മലയാള പ്രേക്ഷകരുടെ മുന്നിലുമെത്തി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചും സിനിമയിലെ വനിതകളുടെ കൂട്ടായ്മയെ കുറിച്ചും മീര നളിനിയുമായി  മിയ സംസാരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഒരു കോടി ലൈക്ക് കിട്ടിയല്ലോ. മലയാളത്തിൽ മറ്റാർക്കും ഇതുവരെ കിട്ടാത്ത റീച്ചാണല്ലോ?

ഒരുപാട് സന്തോഷമുണ്ട്. വെറുതെ ഒരു ഫണ്ണിന് സ്റ്റാർട്ട് ചെയ്ത പേജായിരുന്നു. ഇത്ര റീച്ചാകുമെന്നൊന്നും വിചാരിച്ചതേ ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളുടെ ഒരു സ്നേഹം അറിയാൻ പറ്റി. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത നിരവധി പേരുണ്ട്. അവരുടെ സ്നേഹവും എനിക്ക് കിട്ടുന്നുണ്ട്. ഈ ഒരു അവസരത്തിൽ എല്ലാവരോടും നന്ദി പറയുവാ. ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവാണ്. പേജ് നോക്കാൻ വേറെ രണ്ട് മൂന്ന് അഡ്മിൻസ് ഉണ്ട്. എനിക്ക് അല്ലാതെ ഒരു അക്കൗണ്ടും ഉണ്ട്.

കൊച്ച് ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന മിയ

മലയാളത്തിൽ വലിയൊരു ഗ്യാപ്പ് ഉള്ളത് പോലെ. അന്യഭാഷകളിൽ തിരക്കായപ്പോൾ മലയാളം വേണ്ടെന്ന് വച്ചതാണോ?

ഞാൻ എങ്ങും പോയതല്ല. കഴിഞ്ഞ വർഷം ജനുവരിയിൽ പാവാട സിനിമയിൽ ഞാനുണ്ടായിരുന്നു. അതു കഴിഞ്ഞ് ഏപ്രിൽ മാസത്തോടെ ഹലോ നമസ്തേ. രണ്ടും വർഷത്തിന്റെ തുടക്കത്തിലായതിനാൽ വലിയൊരു ഗ്യാപ്പ് ഉള്ളത് പോലെ തോന്നുന്നതാണ്. അതു കഴിഞ്ഞ് ഞാൻ ചെയ്തത് തമിഴും തെലുങ്കുമാണ്. അവയിൽ രണ്ടിലും റിലീസ് ഉണ്ടായിരുന്നു. അന്യഭാഷയിലായതു കൊണ്ടാണ് ഇവിടെ ചെറിയൊരു ഗ്യാപ്പ് വന്നത്.

അന്യഭാഷയാണോ മലയാളമാണോ മിയയ്ക്ക് സന്തോഷം തരുന്നത്?

മലയാളം മാതൃഭാഷയായതു കൊണ്ട് നമ്മുടെ വർക്ക് നമ്മുടെ ആളുകൾ കാണുകയെന്നതാണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്ന ഒരു കാര്യം. സിനിമ കണ്ട് ഒരു റെസ്പോൺസ് നമ്മുടെ അയൽക്കാരിൽ നിന്നോ ഗ്രാന്റ് പാരന്റ്സിൽ നിന്നോ കിട്ടുമ്പോഴുള്ള സന്തോഷം. അവർക്കൊക്കെ അന്യഭാഷ സിനിമകൾ കാണാനുള്ള ഓപ്പർറ്റ്യുനിറ്റി കുറവാണ്. കൂടുതൽ റെസ്പോൺസ് കിട്ടുന്നത് മലയാളം ചെയ്യുമ്പോഴാണ്. അതേസമയം, ഇൻകവും ഫെസിലിറ്റീസും പരിഗണനയുമൊക്കെ നമുക്ക് കൂടുതൽ കിട്ടുന്നത് അന്യഭാഷകളിൽ നിന്നാണ്. പക്ഷേ, നമ്മുടെ ബേസ് ഇവിടെ നിൽക്കുന്നത് കൊണ്ട് ഇവിടം വിട്ടുപോകാൻ തോന്നില്ല.

ഇപ്പോൾ നടിമാരുടെ തുറന്നു പറച്ചിലുകളുടെ നാളുകളാണ്. മറ്റു ഇൻഡസ്ട്രിയിലും  ജോലി ചെയ്ത ആളാണ് മിയ. എന്തു തോന്നുന്നു ഈ തുറന്നു പറച്ചിലിൽ സത്യമുണ്ടോ?

ഞാൻ വേണേൽ എഴുതി ഒപ്പിട്ടുതരാം. എനിക്ക് ഇതുവരെ അത്തരമൊരു അനുഭവമുണ്ടായിട്ടില്ല. ഒരു ഇൻഡസ്ട്രിയിൽ നിന്നും. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തിൽ സമീപിച്ചിട്ടില്ല. നെഗറ്റീവ് രീതിയിൽ ആരും സംസാരിച്ചിട്ടില്ല. ഞാൻ ചെയ്തിട്ടുള്ള എല്ലാ സിനിമകളിലും കഥ കേൾക്കുന്നു, ഇഷ്ടമാണെങ്കിൽ ചെയ്യുന്നു, ഇല്ലെങ്കിൽ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കിൽ ഡേറ്റ് തരുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനിൽ പങ്കെടുക്കുന്നു. അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നു. ഞാനും ഒന്നുരണ്ടുപേർ പറയുന്നത് കണ്ടു. പക്ഷേ, എനിക്കറിയില്ല ഓരോരുത്തരുടെ അനുഭവമായിരിക്കാം.  എനിക്ക് തോന്നുന്നു നമ്മൾ എങ്ങനെ നിൽക്കുന്നു എന്ന് നോക്കിയാവുമല്ലോ ഓരോരുത്തർ അപ്രോച്ച് ചെയ്യുന്നത്. നമ്മൾ ഡീസന്റാണ്, സ്ട്രെയിറ്റ് ഫോർവേർഡ് ആണ്, നമ്മൾ നെഗറ്റീവ് രീതിയിൽ പോവില്ല, ബോൾഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതൽ കൊടുത്തു കൊണ്ടിരുന്നാൽ ഈ ഒരു പ്രശ്നം വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം നടിമാരുടെ സുരക്ഷ വലിയ പ്രശ്നമായല്ലോ. അത്തരം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ?

എന്റെ കൂടെ മമ്മി എപ്പോഴും സഞ്ചരിക്കാറുണ്ട്. കഥ കേൾക്കുന്നത് മുതൽ റെമ്യൂണറേഷന്റെ കാര്യവും ഡേറ്റിന്റെ കാര്യവും ഫംഗ്ഷനുകളും ഇനോഗുറേഷനുമെല്ലാം മമ്മിയാണ് നോക്കുന്നത്. കുടുംബത്തോടൊപ്പം സംസാരിച്ചിട്ടാണ് തീരുമാനമെടുക്കുന്നത്. ഞാൻ അതിന്റെ ഏറ്റവും ഒടുവിൽ ഇടപെടുന്ന ഒരാളാണ്. എല്ലാ കടമ്പകളും എന്റെ ഫാമിലിയും മമ്മിയും കടന്ന്, ഒക്കെയാണെങ്കിൽ മാത്രമേ എന്നെ ഇടപെടുത്താറുള്ളൂ. അതുകൊണ്ട് ഞാനെപ്പോഴും സേഫായിരുന്നു.

നടിയുടെ സംഭവത്തിനു ശേഷവും മറ്റു പല കാരണം കൊണ്ടും അമ്മയ്ക്ക് പുറത്ത് സിനിമയിലെ വനിതകൾക്ക് വേണ്ടി ഒരു സംഘടന ആരംഭിച്ചുവല്ലോ. അത്തരം സംഘടന ആവശ്യമായിരുന്നോ?

പുതിയ സംഘടനയെ കുറിച്ച് എനിക്ക് ഒരുപാട് ഡീറ്റേയിൽസ് ഒന്നും അറിയില്ല. എങ്കിലും ഞാൻ മനസ്സിലാക്കിയിടത്തോളം അമ്മയെന്നത് ആർട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. പുതിയ സംഘടനയിൽ അഭിനയിക്കുന്നവർ മാത്രമല്ല, ടെക്നീഷ്യന്മാർ ഉൾപ്പെടെയുള്ള വനിതകളുണ്ട്. ‘അമ്മ”യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. സിനിമയ്ക്ക് അകത്തുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ അമ്മയ്ക്ക് ഒരു പരിമിതിയുണ്ട്. എഡിറ്റേഴ്സിനെയും ഡബിംഗ് ആർട്ടിസ്റ്റുകളെയുമെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള സംഘടനയാകുമ്പോൾ കുറച്ചു പേർക്ക് മാത്രം പരിഗണന കിട്ടുന്നു, ഞങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് മറ്റുള്ളവർക്ക് തോന്നില്ലല്ലോ. അതാണെന്ന് തോന്നുന്നു ഈ സംഘടനയുടെ ലക്ഷ്യം.

അപ്പോൾ, മിയ ഈ സംഘടനയിൽ ചേർന്നില്ലേ?

ഇല്ല. അങ്ങനെയൊന്നും ചേർന്നില്ല. പലർക്കും അറിയില്ല. ഇങ്ങനെ ഒരു സംഘടന തുടങ്ങിയെന്ന് ന്യൂസിൽ കണ്ടു. പക്ഷേ, ആർട്ടിസ്റ്റുകൾക്ക് പലർക്കും അറിയില്ല എന്താണ് ഏതാണ് എന്ന്.

ജീവിതം കോട്ടയത്ത് നിന്ന് മാറ്റിയോ?

ഇല്ല. പാലയിൽ തന്നെയാണ് ഇപ്പോഴും താമസം. പോയി വരാവുന്നതല്ലേയുള്ളൂ എങ്ങോട്ടാണെങ്കിലും. എനിക്ക് ഇവിടെ തന്നെയാണ് ഇഷ്ടം.

ജിമി എന്ന പേര് മിയ മറന്നോ?

ഇല്ലല്ലോ. എന്റെ ഫാമിലിയിലും ഫ്രണ്ട്സും എല്ലാം ജിമി എന്ന് തന്നെയാണ് വിളിക്കുന്നത്. അവരോട് മിയ വന്നു എന്ന് പറഞ്ഞാൽ അതാരാണെന്ന് ചോദിക്കും. കുറച്ച് കഴിഞ്ഞേ അയ്യോ നമ്മുടെ ജിമി എന്ന് പറയും. അവർക്കിപ്പോഴും ഞാൻ ജിമി ആണ്.

മിയ പോലെ ജിമിയും സിനിമയിൽ ഇല്ലാത്ത പേരാണല്ലോ. പിന്നെന്തിനാണ് അത് മാറ്റിയത്?

എല്ലാവരും തെറ്റിക്കുകയായിരുന്നു പേര്. ജിമ്മി, ജിനി, ജെനി അങ്ങനെ തോന്നുന്ന പേരാണ് വിളിച്ചു കൊണ്ടിരുന്നത്. അങ്ങനെ ആരും തെറ്റിക്കാതെ കൃത്യമായി ഒരു പേര് വിളിക്കണമെന്ന് വിചാരിച്ചാണ് ചേട്ടായീസ് മുതൽ മിയയാക്കി. അതും ഇപ്പോൾ പൂച്ച കരയുന്ന പോലെ മ്യാവൂ എന്നൊക്കെ കളിയാക്കി വിളിക്കുന്നവരുണ്ട്. അതും രസമാണ്.

പുതിയ സിനിമകളേതൊക്കെയാണ്?

ഇപ്പോൾ മലയാളത്തിൽ ബേബി എന്ന സിനിമ ഷൂട്ട് കഴിഞ്ഞു. മണിയൻ പിള്ള രാജു ചേട്ടന്റെ മകൻ നിരഞ്ജ് ആണ് അതിൽ നായകൻ. ഷെബി എന്നാണ് സംവിധായകന്റെ പേര്. ഓണത്തിന് ശേഷമായിരിക്കും റിലീസ്. ഇപ്പോൾ ഷൂട്ട് നടക്കുന്നത് ഷെർലക് എന്ന സിനിമയാണ്. ഷാഫി സാറിന്റെ സംവിധാനത്തിൽ ബിജു ചേട്ടനാണ് നായകൻ. ഉങ്കരാല ബാബു എന്ന തെലുങ്ക് സിനിമ ജൂലായ് റിലീസ് ആണ്. പിന്നെ, മമ്മൂക്കയുടെ സിസ്റ്റർ ആയി പരോൾ എന്ന സിനിമയും ചെയ്യുന്നുണ്ട്. ഷൂട്ട് തുടങ്ങിയില്ല.

മിയ ജോര്‍ജ്ജ് മോഹന്‍ലാലിനൊപ്പം

അതോടെ മലയാളത്തിലെ രണ്ട് സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ പറ്റുമല്ലോ. ലാലേട്ടനൊപ്പം അഭിനയിച്ച എക്സ്പീരിയൻസ് എങ്ങനെയുണ്ടായിരുന്നു?

ലാൽ സാർ ലൊക്കേഷനിൽ വരുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി വന്ന് നിറയും. ഇത്രയും വലിയ ഒരാൾ എത്ര ഡൗൺ ടു എർത്ത് ആണ് എന്നത് സാറിൽ നിന്ന് കണ്ടു പഠിക്കണം. ഇത്ര വലിയ സ്റ്റാറായിട്ടും അദ്ദേഹത്തിന്റെ എളിമ അത് എല്ലാവരും പഠിക്കേണ്ടത് തന്നെയാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് മീര നളിനി)

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More