കാടരുടെ വേര് ആതിരപ്പിള്ളി വെട്ടും

166

പുറംലോകത്തിന്റെ പദ്ധതികള്‍ കാടുകേറിപോകുമ്പോള്‍ കൂടും കുടുക്കയുമായി കാടുവിട്ടിറങ്ങേണ്ടവരാണ് ആദിവാസികള്‍. ശബ്ദമില്ലാത്ത അവരുടെ ശബ്ദം ബധിരകര്‍ണ്ണങ്ങളിലാണ് പലപ്പോഴും പതിക്കാറ്. മണ്ണും കാടും ചുട്ട് വെന്തുവെണ്ണീറായ ഭൂമി ചൂട്ടുപൊള്ളുമ്പോഴും താത്കാലിക ലാഭത്തിന് പിന്നാലെയാണ് ഭരണകൂടം. പുഴയും വെള്ളച്ചാട്ടവും അവര്‍ക്ക് വെള്ളവും മണലും വൈദ്യുതിയുമൊക്കെയാണ്. പക്ഷേ അങ്ങനെയല്ലാത്ത ചിലരുണ്ട്. കാട്ടില്‍ ജീവിതം കണ്ടെത്തിയവര്‍. തേനും കുന്തിരിക്കവും കൂവയും ശേഖരിച്ച്, മീന്‍ പിടിച്ച് കാട്ടിലെ ജീവിതം ആഘോഷമാക്കുന്നവര്‍. കാടകങ്ങളാണ് അവരുടെ വെളിച്ചം. ഊടുവഴികള്‍ പിന്നിട്ട് കൊടുംകാട്ടില്‍ ദിവങ്ങളോളം കഴിഞ്ഞുകൂടുന്ന അവരുടെ ദൈന്യത പുറം ലോകം അറിയേണ്ടിയിരിക്കുന്നു. ആതിരപ്പിള്ളി ആര്‍ത്തലച്ചെത്തുന്ന പോലെ നിശബ്ദമായി നൂറുകണക്കിന് ആദിവാസികളുടെ നിലവിളി ഉയര്‍ന്നുതുടങ്ങിയെന്ന് പി.കെ ഗീതയെന്ന വാഴച്ചാല്‍ ഊരിലെ മൂപ്പത്തി പറയുന്നു. 30ാം വയസില്‍ അതിജീവനത്തിന്റെ പോരാട്ടവഴിയില്‍ ആ വനിത രോഷം കൊള്ളുന്നു, നിസഹായയാകുന്നു. ചില ചോദ്യങ്ങളോട്. . . ആതിരപ്പിള്ളിയ്ക്കും സമീപ പ്രദേശങ്ങളിലുമുള്ള കാടര്‍ വംശജരുടെ ഊരുകളിലെ ഏക വനിത തലൈവിയായ ഗീത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, ധനശ്രീയുമായി.

പികെ ഗീത വാഴച്ചാല്‍ ഊരിലെ വീട്ടില്‍ അഭിമുഖവുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

‘കാടിനെ എല്ലാ അര്‍ത്ഥത്തിലും അറിയുന്നവരാണ് ഞങ്ങള്‍. കാടും കാട്ടിലെ ഊടുവഴികളും വന്യമൃഗങ്ങളെയുമെല്ലാം താണ്ടി ഞങ്ങള്‍ ഉപജീവനത്തിന് മാര്‍ഗ്ഗം തേടുന്നു. പക്ഷേ ഞങ്ങള്‍ക്ക് ലഭിക്കുന്നതെന്താണ് .’ വാഴച്ചാല്‍ ഊരിലെ സ്വന്തം വീട്ടിലിരുന്ന് ആദിവാസി മൂപ്പത്തി ഗീത ചോദിക്കുന്നു. ആ ചോദ്യം ആതിരപ്പിള്ളിക്കാടുകളില്‍ നിന്നും ചാലക്കുടി പുഴ കടന്ന് എത്തുന്ന നനുത്ത കാറ്റിലും നമ്മെ പൊള്ളിക്കും. ടെറസിട്ട ഒരു കുഞ്ഞുവീട്. അവിടെ നിന്ന് ഏതാനും അടി അപ്പുറത്ത് വാഴച്ചാല്‍ വെള്ളച്ചാട്ടം മെലിഞ്ഞുണങ്ങി പാറക്കെട്ടുകള്‍ ചാടി കടന്നു പോകുന്നു. അത്തരത്തില്‍ പുഴക്കരയില്‍ വേറെയുമുണ്ട് എട്ടോ ഒമ്പതോ വീടുകള്‍. ഇത് കാടര്‍ വംശജര്‍ വസിക്കുന്ന വാഴച്ചാല്‍ ഊര്. പുഴ കാടരുടെ ജീവിതവുമായി എത്രമാത്രം ബന്ധം പുലര്‍ത്തുന്നുവെന്ന് ചാലക്കുടി പുഴയുമായി പൊക്കിള്‍ കൊടി ബന്ധം പുലര്‍ത്തുന്ന കാടരുടെ ഒമ്പതോളം ഊരുകള്‍ പറഞ്ഞുതരും.

‘അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ ഈ ഊരിലെ 28 കുടുംബങ്ങള്‍ മുങ്ങും. പൊകലപ്പാറ ഊര് അപ്പാടെ മുങ്ങും. അവിടെ 26 കുടുംബങ്ങളുണ്ട്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ഓട്ടമല്ല. നാട്ടില്‍ വികസനം വരുമ്പോള്‍ തലമുറകളായി തുടങ്ങിയ ആദിവാസികളുടെ നെട്ടോട്ടമാണിത്.’ ഗീത പറയുന്നതിലും വാസ്തവമേറെയുണ്ട്.

1905-ല്‍ ബ്രിട്ടീഷുകാര്‍ ചാലക്കുടിയില്‍ നിന്നും പറമ്പിക്കുളത്തേക്ക് ട്രാംവേ പണിതപ്പോഴാണ് ഈ നെട്ടോട്ടം ആരംഭിക്കുന്നത്. പശ്ചിമഘട്ടത്തില്‍ നിന്നും മരങ്ങള്‍ ട്രാംവേയിലൂടെ മുറിച്ചു കടത്തിയപ്പോള്‍ കാടരുടെ വേരുകളിലും വികസനകോടാലി വീണു. കുറച്ചു പേര്‍ പറമ്പിക്കുളത്ത് തങ്ങി മറ്റുള്ളവര്‍ പല വഴിക്കായി പിരിഞ്ഞു. പെരിങ്ങല്‍ക്കുത്തിലും ഒരു സംഘമെത്തി. പിന്നാലെ വികസനക്ഷേത്രങ്ങളെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിക്കുന്ന അണക്കെട്ടുകളിലൊന്ന് 1950-കളില്‍ പെരിങ്ങല്‍ക്കുത്തിലെത്തി. 1957-ല്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് കമ്മീഷന്‍ ചെയ്തു. കാടരുടെ പലായനത്തിന്റെ പുതിയ എപ്പിസോഡായി അത്. പെരിങ്ങല്‍ക്കുത്ത് ഡാം വന്നതോടെ കൂടും കുടുക്കയുമായി ആതിരപ്പിള്ളി, ഇട്ട്യാണി തുടങ്ങിയ ഇടങ്ങളിലെത്തി. പറമ്പിക്കുളത്തായിരുന്നു ഗീതയുടെ പൂര്‍വികര്‍ താമസിച്ചിരുന്നത്. അവിടെ 1960-കളില്‍ അണക്കെട്ട് വന്നതോടെ അച്ഛന്റെ ചെറുപ്പക്കാലത്ത് കാരാത്തോട്, മുക്കുമ്പുഴയിലായി താമസം, ഗീത ഓര്‍ത്തെടുക്കുന്നു. പിന്നീടിപ്പോള്‍ വാഴച്ചാലിലുമെത്തി. ഇപ്പോഴിതാ അടുത്ത പലായനത്തിന്റെ മണിമുഴങ്ങുന്നു.

ആതിരപ്പിള്ളി വെള്ളച്ചാട്ടം

കാടിനെ അറിഞ്ഞ് അതിനൊപ്പം ഇഴുകിചേര്‍ന്ന് വനവിഭവങ്ങള്‍ ശേഖരിച്ചും മത്സ്യബന്ധനം നടത്തിയുമാണ് കാടരുടെ വാസം. അവരുടെ കാടറിഞ്ഞുള്ള സൈ്വര്യജീവിതത്തിനായാണ് 2006-ലെ സാമൂഹിക വനാവകാശ നിയമപ്രകാരം 40,000 ഹെക്ടര്‍ കാട് 2014-ല്‍ പതിച്ചുനല്‍കിയത്. വാഴച്ചാല്‍, തവളക്കുഴിപ്പാറ, ആനക്കയം, ഷോളയാര്‍, പൊകലപ്പാറ, വാച്ചുമരം, പെരുമ്പാറ, പെരിങ്ങല്‍ക്കുത്ത്, മുക്കുമ്പുഴ എന്നീ ഒമ്പത് കാടര്‍ ഊരുകള്‍ക്ക് അവകാശപ്പെട്ടതാണ് 40,000 ഹെക്ടര്‍ കാട്. 138.6 ഹെക്ടറിനെ ബാധിക്കുന്ന അതിരപ്പിള്ളി പദ്ധതി അവരുടെ സൈ്വര്യ ജീവിതത്തെ വെല്ലുവിളിക്കുന്നു.

25 പേരാണ് കാടര്‍ വിഭാഗത്തിലെ 72 കുടുംബങ്ങളുള്ള വാഴച്ചാല്‍ ഊരില്‍ നിന്ന് വനവിഭവം ശേഖരിക്കാന്‍ പോകുന്നത്. 15 പേര്‍ മീന്‍ പിടിക്കും. വര്‍ഷക്കാലത്ത് മത്സ്യബന്ധനമല്ലാതെ വേറെ തൊഴിലൊന്നുമില്ല. ഒമ്പത് ഊരുകളിലെയും ജീവിതമാര്‍ഗ്ഗവും മറ്റൊന്നല്ല. ഒരാഴ്ച 160 കിലോ തേന്‍ വരെ കിട്ടാറുണ്ട്. കൂവ വെട്ടി ഉണക്കി കൊണ്ടുവരും. തെള്ളിയും (കുന്തിരിക്കം) കൊണ്ടുവരും. നല്ല തേനിന് പുറത്ത് 500രൂപ വരെ ലഭിക്കും. ഇതൊക്കെയാണ് ഉപജീവനമാര്‍ഗ്ഗങ്ങള്‍- ഗീത പറഞ്ഞു.

‘പദ്ധതി വന്നാല്‍ കാടും ജീവജാലങ്ങളും നശിക്കും. ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാകും. ഇപ്പോള്‍ വനവിഭവം ശേഖരിക്കാന്‍ ബുദ്ധിമുട്ടാണ്. കാട്ടിലെ ഉള്‍പ്രദേശങ്ങളിലാണ് വിഭവങ്ങള്‍ ലഭിക്കുന്നത്. പ്രൊജക്ടിന്റെ തൊട്ടുമുകളിലും ഡാം സൈറ്റിലുമെല്ലാമായി മൂന്ന് ആനത്താരകളെയും പദ്ധതി നശിപ്പിക്കും. ഞങ്ങളുടെ പിതാമഹന്മാരുടെ ഓര്‍മ്മകളുറങ്ങുന്ന മണ്ണാണിത്. അവര്‍ക്കായി ബലിക്രിയകള്‍ ചെയ്യുന്ന സ്ഥലവുമെല്ലാം ഇതില്‍ മുങ്ങിപ്പോകും. പിന്നെ പൊകലപ്പാറയിലെയും വാഴച്ചാലിലെയും ക്ഷേത്രങ്ങള്‍ എല്ലാം ഇല്ലാതാകും,”ഗീത പറയുന്നു.

ആതിരപ്പിള്ളി വെള്ളച്ചാട്ടം

ഗീത പത്താം ക്‌ളാസ് കഴിഞ്ഞതാണ്. നാലിടങ്ങിലായാണ് പഠനം പൂര്‍ത്തിയാക്കിയത്. തൃശൂരിലെ പരിയാരം, ഇരിങ്ങാലക്കുട, പീച്ചി, വെറ്റിലപ്പാറ തുടങ്ങിയ ഇടങ്ങളിലെ ട്രൈബല്‍ സ്‌കൂളുകളിലും മറ്റുമായിരുന്നു പഠനം. കൊച്ചുനാളിലെ തുടങ്ങിയ നെട്ടോട്ടമാണ് ഗീതയെ അവകാശ പോരാട്ടത്തിന്റെ മുന്‍നിരയിലെത്തിച്ചത്. സാമൂഹിക വനാവകാശത്തിനായി ഊരുകളെല്ലാം യത്‌നിച്ചത് ഈ ഊരുമൂപ്പത്തിയുടെ കൂടി നേതൃത്വത്തിലാണ്. അതിന്റെയെല്ലാം ഫലമാണ് ചെറുപ്രായത്തിലെ തേടിയെത്തിയ ഊരുമൂപ്പത്തിയെന്ന സ്ഥാനലബ്ധി. വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും തിട്ടമില്ലാത്ത വനാവകാശ നിയമത്തെകുറിച്ച് അറിയാന്‍ പലജില്ലകളില്‍ നിന്നും വനം ഉദ്യോഗസ്ഥര്‍ തന്നെ വിളിക്കാറുണ്ടെന്ന് ഗീത പറയുന്നു. ആദിവാസികള്‍ക്ക് എറിയാന്‍ കിട്ടിയ വടിയാണ് സാമൂഹിക വനാവകാശ നിയമമെന്ന് ഗീത പറയും. ഈ നിയമത്തിന്റെ സാദ്ധ്യതകള്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്.

സാമൂഹിക വനാവകാശപ്രകാരം ലഭിച്ചിട്ടുള്ള ഭൂമിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഊരിന്റെ ഭൂരിപക്ഷസമ്മതം ഉറപ്പാക്കേണ്ടതുണ്ട്. സാംസ്‌കാരിത്തനിമയോടെ പൈതൃകമായി കൈമാറി വന്ന നിഷ്ഠകളോടെ കാടര്‍ക്ക് ജീവിക്കാനുള്ള അധികാരവും അവകാശവും ഈ നിയമം ഉറപ്പുവരുത്തുന്നു. ഗീത പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി, ഊരുകൂട്ടം ആതിരപ്പിള്ളി പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 9 ഊരുകളാണ് പ്രമേയത്തെ പിന്താങ്ങിയത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു.

ഭാവിതലമുറയില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു ഗീത. എല്ലാ ഊരുകളിലും കുട്ടികള്‍ പഠിക്കുന്നുണ്ട്. ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവരുണ്ട്. വിവിധ ഊരുകളിലെ 38 കുട്ടികള്‍ പല ക്‌ളാസുകളിലായി പഠിക്കുന്നു. വാച്ചുമരത്തിലുള്ള ആറുപേരാണ് പഠനത്തില്‍ നിന്ന് പിന്നോക്കം പോന്നത്. കുട്ടികള്‍ക്ക് സ്‌കൂളിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാകുന്നില്ല. മാതാപിതാക്കള്‍ക്കാണെങ്കില്‍ വീട്ടിലാളില്ലെന്ന ആവലാതിയും. അവര്‍ക്ക് മീന്‍പിടിക്കാന്‍ പോകണം. അങ്ങനെയുള്ള മാതാപിതാക്കളുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ഊരുകളെ അലട്ടുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ആശങ്കപോലെ ആതിരപ്പിള്ളി ഉയര്‍ന്നു നില്‍ക്കുന്നു. ചെറുക്കാന്‍ നിയമത്തിന്റെ ഏതറ്റം വരെയും പോകും. അവര്‍ പറഞ്ഞുനിറുത്തി. ചെറുപ്രായത്തിലേ ഏറ്റെടുത്ത ദൗത്യം അവരെ അലോസരപ്പെടുത്തുന്നില്ല. ഇടറിവീഴേണ്ട സാഹചര്യമല്ല അതെന്ന് അവര്‍ക്കറിയാം. പ്രായത്തിലും കവിഞ്ഞ പക്വതയോടെ ഊരുമൂപ്പത്തി മൗനം പൂണ്ടു. പിറകില്‍ അകമ്പടി പോലെ വാഴച്ചാല്‍ അതേറ്റെടുത്തു. അതിജീവനത്തിന്റെ ഇരവുകള്‍ക്ക് പിന്തുണയെന്നോണം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ധനശ്രീ)

ഈ അഭിമുഖം നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ ഞങ്ങളെ സഹായിക്കുക.

Like this interview? Please Support us.

Donate Now!

Comments
Loading...