വിമര്‍ശകരേ… നിങ്ങള്‍ എറിയുന്ന ഓരോ കല്ലും ഞാന്‍ നാഴികകല്ലാക്കും: ഷൈജു ദാമോദരന്‍

122

ലോകകപ്പ് ഫുട്ബോളില്‍ മലയാളികളുടെ ശബ്ദമാണ് ഷൈജു ദാമോദരന്‍. ഊര്‍ജ്ജസ്വലമായ കമന്ററിയിലൂടെ മലയാളികളുടെ കാല്‍പന്ത് ആവേശത്തെ വാനോളം ഉയര്‍ത്തുന്ന കമന്റേറ്റര്‍ ഷൈജു ദാമോദരനുമായി രാജി രാമന്‍കുട്ടി നടത്തിയ അഭിമുഖം.

ഷൈജു ദാമോദരന്‍, സ്പെയ്ന്‍-പോര്‍ച്ചുഗല്‍ മത്സരത്തില്‍ റൊണാള്‍ഡോ ഗോളടിച്ചപ്പോഴുള്ള താങ്കളുടെ കമന്ററി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്താണ് കിട്ടുന്ന പ്രതികരണങ്ങള്‍?

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരായ മലയാളികള്‍ ഈ നേട്ടത്തോട് വളരെ സന്തോഷത്തോടെ പ്രതികരിക്കുന്നുണ്ട്. പ്രഗല്‍ഭരായ നിരവധി പേര്‍ നല്ല വാക്കുകള്‍ പറയുന്നു. തീര്‍ച്ചയായും ആത്മാഭിമാനത്തിന്റെയും സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. ചെയ്യുന്ന കാര്യങ്ങള്‍ ശരിയായ ദിശയില്‍ പോകുകയും ജനങ്ങള്‍ക്കിഷ്ടപ്പെടുകയും അത് സമൂഹം ഏറ്റെടുത്ത് ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുവെന്നത് സന്തോഷമാണ്.

കമന്ററിയിലെ എനര്‍ജിയാണ് എല്ലാവരും ശ്രദ്ധിക്കുന്നത് . എവിടെ നിന്നാണ് ഇത്രയും ഊര്‍ജ്ജം ലഭിക്കുന്നത്?

ശരിക്കും പറഞ്ഞാല്‍ എനിക്ക് തന്നെ അറിയാത്ത കാര്യമാണ് അത്. വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒരു സംഗതിയാണ്. ചുറ്റുമുള്ള എന്തിനോടും പോസിറ്റീവായ മനോഭാവം ഉണ്ടെങ്കില്‍ ഈ എനര്‍ജി താനെ വരുമെന്നാണ് തോന്നിയിട്ടുള്ളത്.

ചുറ്റുപാടുമുള്ള എന്തിനോടും പോസിറ്റീവായി പ്രതികരിക്കുകയെന്ന മനോനില സൂക്ഷിക്കുന്നൊരു വ്യക്തിയാണ് ഞാന്‍. ഫുട്ബോള്‍ ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. പാഷനുള്ള കാര്യം ചെയ്യുന്ന സമയത്ത് ഏതൊരു വ്യക്തിയുടേയും എനര്‍ജി ഇരട്ടിയാകും. അതാണ് എന്റെ കാര്യത്തിലുമുള്ളത്.

ഷൈജു ദാമോദരന്‍ സിനിമാ താരം മമ്മൂട്ടിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കമന്ററിക്ക് മുമ്പ് നടത്തുന്ന മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ്?

തീര്‍ച്ചയായും ഒരുപാട് തയ്യാറെടുപ്പുകള്‍ വേണ്ടി വരും. കളി കാണുന്ന ഓരോ ആരാധകനെയും തൃപ്തിപ്പെടുത്താന്‍ ഒരു കമന്റേറ്റര്‍ക്ക് കഴിയണം. കമന്ററി എങ്ങനെ മനോഹരവും മികച്ചതുമാക്കാന്‍ പറ്റുമെന്ന ചിന്തയും ഗവേഷണവും അന്വേഷണവും വാക്കുകളില്‍ ഒതുങ്ങാത്തതാണ്.

ഇന്റര്‍നെറ്റ്, പത്രങ്ങള്‍, മാസികകള്‍ അങ്ങനെ കിട്ടാവുന്നത് എല്ലാ തയ്യാറെടുപ്പുകളില്‍ ഉപയോഗിക്കും. ഓരോ കളിക്കാരെയും കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കണം അവരുടെ പേര് മുതല്‍ വയസ്സ്, കളിക്കുന്ന ക്ലബ് അങ്ങനെ എല്ലാം.

മറക്കാനാവാത്ത കമന്ററി അനുഭവം എന്താണ്?

മറക്കാന്‍ കഴിയാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്റെ കമന്ററി ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങുന്നതും എന്നെ സ്നേഹിച്ചു തുടങ്ങുന്നതും ഐ എസ് എല്ലിലൂടെയാണ്. ഐ.എസ്.എല്ലിന്റെ മൂന്നാമത്തെ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ കടക്കുന്ന നിമിഷത്തില്‍ പറഞ്ഞ കമന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു.

സച്ചിനും കോപ്പലും പതിനൊന്ന് പേരും പ്രതീക്ഷകളുടെ പൂമരം കൊണ്ടൊരു കപ്പലുണ്ടാക്കിയെന്ന വാക്കുകള്‍ ആരാധകര്‍ നെഞ്ചിലേറ്റി. പിന്നീട് ഏതൊരു പരിപാടിക്ക് പോയാലും ഇതേ കുറിച്ചായിരുന്നു എല്ലാവരും പറഞ്ഞത്. അത്രമാത്രം പോപ്പുലാരിറ്റായാണ് സച്ചിനും കോപ്പലും പൂമരവും ജീവിതത്തില്‍ സമ്മാനിച്ചത്.

സിനിമയുമായി കമന്ററിയെ ബന്ധപ്പെടുത്തുന്നതിലെ രഹസ്യമെന്താണ്?

മറ്റുള്ളവരില്‍ നിന്ന് എന്റെ കമന്ററി വ്യത്യസ്തമാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ വ്യത്യസ്തയ്ക്ക് വേണ്ടിയാണ് കളിയെ സിനിമയുമായി ബന്ധിപ്പിച്ചു തുടങ്ങിയത്. ഏറ്റവും എളുപ്പത്തില്‍ ആളുകളുമായി സംവദിക്കാന്‍ കഴിയുന്ന മാധ്യമമാണ് സിനിമ. ലോകത്തെവിടെയും ആളുകള്‍ക്കിടയിലേക്ക് സിനിമയുമായി അനായാസം കടന്നുചെല്ലാന്‍ കഴിയും.

മലയാളികള്‍ക്കും സിനിമയോടും ഫുട്ബോളിനോടും തീവ്രപ്രണയമാണ്. ഈ രണ്ടിഷ്ടങ്ങളും കമന്ററിയില്‍ എങ്ങനെ കോര്‍ത്തിണങ്ങാം എന്ന അന്വേഷണത്തിനൊടുവിലാണ് കമന്ററിക്കിടെ സിനിമാ ഗാനങ്ങളുടെ വരികളും സൂപ്പര്‍ഹിറ്റായ ഡയലോഗുകളും ഉപയോഗിച്ചു തുടങ്ങിയത്. ഈ കോമ്പിനേഷന്‍ ആളുകള്‍ ഏറ്റെടുത്തു. സത്യത്തില്‍ ഫുട്ബോള്‍ കണ്ട് കളി സാങ്കേതികമായി വിലയിരുത്തുന്ന കാണികളേക്കാള്‍ ബഹുഭൂരിപക്ഷം പേരും സാങ്കേതികതയെ കുറിച്ച് വലിയ അറിവുള്ളവരല്ല.

ടിവിയില്‍ കളി കാണുന്ന 65 ശതമാനത്തോളം മലയാളികളും രണ്ടു ടീമുകള്‍ തമ്മില്‍ കളിച്ചു, ഒരു ടീം മറ്റേ ടീമിനെ ഇത്ര ഗോളിന് തോല്‍പ്പിച്ചു എന്നു മാത്രം പറയാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ സാധാരണ കാണികളെ ഉദ്ദേശിച്ചായിരുന്നു സിനിമാ- ഫുട്ബോള്‍ കോമ്പിനേഷന്‍ പരീക്ഷിച്ചത്. അത് വിജയിച്ചു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ കിട്ടുന്ന ഈ പ്രതികരണങ്ങള്‍.

മലയാളത്തില്‍ കമന്ററി ആരംഭിച്ചതിന് ശേഷമുണ്ടായ മാറ്റം എന്താണ്?

ആവേശത്തോടെ കളികാണുന്ന പലരുടേയും പ്രശ്നം മനസിലാകാത്ത ഇംഗ്ലീഷ് കമന്ററിയായിരുന്നു. ബഹുഭൂരിപക്ഷം സാധാരണക്കാരായ കാണികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഉച്ചാരണമായിരിക്കും കമന്ററിയിലേത്.

ഇങ്ങനെ പച്ചമലയാളം സംസാരിക്കുന്ന മലയാളത്തില്‍ ചിന്തിക്കുന്ന ആളുകള്‍ക്കിടയിലേക്കാണ് മലയാളം കമന്ററി എത്തുന്നത്. ഫുട്ബോളിലെ സാങ്കേതികമായ കാര്യങ്ങള്‍ ലളിതമായി സാധാരണ കാണികളിലേക്ക് എത്തിക്കുന്നതില്‍ മലയാളം കമന്ററി ഏറെ ഗുണകരമായിട്ടുണ്ട്. കളിക്കാരെ കുറിച്ചുള്ള വിവരങ്ങള്‍, ടീമുകളെ കുറിച്ചുള്ള കാര്യങ്ങള്‍ എല്ലാം ഇന്ന് എല്ലാ കായികപ്രേമികള്‍ക്കും അറിയാം. ഇത് വലിയൊരു മാറ്റം തന്നെയാണ്.

ഇഷ്ടമുള്ള കമന്ററേറ്റര്‍ ആരാണ്?

സ്പാനിഷ് ലാലിഗയിലെ റേ ഹഡ്സണ്‍ന്റെ കമന്ററിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്. കളിയുടെ 90 മിനിറ്റിലും അസാമാന്യമായ എനര്‍ജിയുള്ളതാണ് അദ്ദേഹത്തിന്റെ കമന്ററി.

മുമ്പ് സ്പോര്‍ട്സ് ലേഖകനായിരുന്നു. ആ പരിചയസമ്പത്ത് ഇപ്പോള്‍ ഗുണകരമാകുന്നുണ്ടോ?

20 വര്‍ഷത്തോളം ഒരു പത്രത്തിന്റെ ഭാഗമായിരുന്നു. ചെറിയ റിപ്പോര്‍ട്ടറായി തുടങ്ങി പത്രാധിപ സമിതിയില്‍ അംഗമായി . ആ 20 വര്‍ഷം എന്റെ പ്രവര്‍ത്തി ഏറ്റവും അധികം നിര്‍വ്വഹിക്കപ്പെട്ടതും സ്പോര്‍ട്സിലായിരുന്നു. വാസ്തവത്തില്‍ കായിക പത്രപ്രവര്‍ത്തനം നല്‍കിയ പ്രവര്‍ത്തിപരിചയത്തിന്റെ അടിത്തറയിലാണ് കമന്ററേറ്ററായ ഷൈജു ദാമോദരന്‍ നില്‍ക്കുന്നത്.

ഈ അടുത്ത് എനിക്ക് ലഭിച്ച ഒരു കമന്റ് ജേണലിസ്റ്റായ ഒരാളുടെ കമന്ററിയും അങ്ങനെയല്ലാത്തവരുടെ വാക്കുകളും പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും എന്നാണ്. ഇങ്ങനെ പത്രപ്രവര്‍ത്തകന്‍ എന്റെ ഉള്ളില്‍ ജീവിക്കുന്നത് കൊണ്ടാണ് എന്റെ കമന്ററി ഇത്രയും മനോഹരമാകുന്നത് എന്ന് ആളുകള്‍ പറയുന്നത് സന്തോഷമുള്ള കാര്യമാണ്.

എപ്പോള്‍ മുതലാണ് സ്പോര്‍ട്സിനോട് കമ്പം തുടങ്ങുന്നത് ?

1986-ലെ ലോകകപ്പ് ഒക്കെ ഇപ്പോഴും ഓര്‍മ്മയുണ്ട്. വീട്ടിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയിലൂടെയാണ് ആദ്യമായി മറഡോണയെ കാണുന്നത്. അന്ന് മറഡോണ ഇട്ടിരുന്നത് നീലയും വെളളയും കലര്‍ന്ന ജേഴ്സിയിലായിരുന്നു എന്നൊക്കെ തിരിച്ചറിയുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയിലൂടെ കളി കാണുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഫുട്ബോള്‍ നല്ല നിറമുള്ള കളിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഫുട്ബോള്‍ കളിച്ചത് അത്രയും ട്യൂഷന്‍ ക്ലാസ് കട്ട് ചെയ്തിട്ടാണ്. പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്ത് ക്ലബ്ബിന് വേണ്ടി ക്രിക്കറ്റ് കളിക്കാന്‍ പോയത് സപ്ലിമെന്ററി പരീക്ഷ എഴുതാതെയാണ്.

വീട്ടുകാരുടേയും അധ്യാപകരുടേയും കൈയ്യില്‍ നിന്ന് വാങ്ങിച്ചു കൂട്ടിയ തല്ലിനും വഴക്കിനും കൈയ്യും കണക്കുമില്ല. പക്ഷെ അതിനെയെല്ലാം ഇന്ന് നമിക്കുകയാണ്. തല്ല് കിട്ടിയിട്ടും വഴക്ക് കേട്ടിട്ടും ഗ്രൗണ്ടില്‍ തുടര്‍ന്നതിന്റെ ഫലമാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.

വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

മലയാളിക്കൊരു സ്വഭാവമുണ്ട് അടുത്തുള്ളയാള്‍ നന്നായി കാണുന്നത് വല്യ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഒരു പ്രൊഫഷണല്‍ മേഖലയില്‍ ഒരാള്‍ നന്നായി പ്രവര്‍ത്തിക്കുകയും വിജയിക്കുകയും ചെയ്താല്‍ അപ്പോള്‍ ഗ്യാസിന്റെ അസുഖം വരും. നെഞ്ചിനകത്ത് ഒരു വിഷമവും പെടപെടപ്പും ഒക്കെ ഉണ്ടാകും.

ഇങ്ങനെ മലയാളിയുടെ സഹജമായ സ്വഭാവം എന്റെ കാര്യത്തിലും ഉണ്ട്. ഇപ്പോഴും തൊഴില്‍ മേഖല പത്രപ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തമാശ എന്താന്ന് വെച്ചാല്‍ മാധ്യമ മേഖലയില്‍ നിന്നാണ് എനിക്കെതിരെ ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഉയരുന്നത് എന്നതാണ്. വിമര്‍ശകരോട് എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളൂ, നിങ്ങള്‍ എന്റെ നേരെ കല്ലെറിഞ്ഞോള്ളൂ ആ കല്ലൊക്കെ ഞാന്‍ എന്റെ നാഴിക കല്ലുകളാക്കി മാറ്റും.

എന്റെ കമന്ററി ഒച്ചപ്പാടാണ്, കമന്ററി സഹിക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കണം, അസാമാന്യ ക്ഷമ വേണം എന്നൊക്കെ പറയുന്ന വിമര്‍ശകര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് ലോകമെമ്പാടുമുള്ള മൂന്ന് കോടി എഴുപത്തിയഞ്ച് ലക്ഷത്തോളം മലയാളികളെയാണ് ഞാന്‍ അഭിസംബോധന ചെയ്യുന്നത്. ഇതില്‍ ഒരു ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണ് ഈ വിമര്‍ശകര്‍.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Comments
Loading...