സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം

കേരളത്തിന്റെ ആവേശമായി ഫുട്‌ബോള്‍ നിലകൊണ്ടിരുന്ന എഴുപതുകളില്‍ തിരുവനന്തപുരം എം ജി കോളേജിന്റെ മൈതാനത്ത് വൈകുന്നേരങ്ങളില്‍ കാല്‍പന്തു കളിക്കാനിറങ്ങിയ ഒരു ബാലന്‍, പിന്നീട് അതെ കോളേജിന്റെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി മാറി. അതേ തുടര്‍ന്ന്, സതീവന്‍ ബാലന്‍ എന്ന ആ കുട്ടി ഭാരത സര്‍ക്കാരിന്റെ പ്രത്യേക സ്‌കോളര്‍ഷിപ്പോടെ ക്യൂബയില്‍ ഫുട്‌ബോള്‍ പരിശീലനത്തില്‍ ഉന്നതപഠനം നടത്തി തിരിച്ചെത്തി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിച്ച് ടീമുകളെ വിജയങ്ങളിലേക്കു നയിച്ചു. നീണ്ട വര്‍ഷങ്ങള്‍ ദേശീയ തലത്തില്‍ സെലക്ടറായും വിവിധ ടീമുകളുടെ പരിശീലകനായും സതീവന്‍ ബാലന്‍ പ്രവര്‍ത്തിച്ചു. 2018 ല്‍ കേരളാ ടീമിനെ സന്തോഷ് ട്രോഫി വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയതും അദ്ദേഹമായിരുന്നു. ഇക്കഴിഞ്ഞ മാസം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച സതീവന്‍ ബാലന്‍ ഫുട്‌ബോള്‍ എന്ന തന്റെ എക്കാലത്തെയും ഭ്രമത്തെക്കുറിച്ചും ഫുട്‌ബോള്‍ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും ജീവിച്ചുതീര്‍ത്ത കഴിഞ്ഞകാലത്തെക്കുറിച്ചും ജെയ്‌സണ്‍ ജി യുമായി സംസാരിക്കുന്നു.

സതീവന്‍ ബാലന്‍ എങ്ങനെയായിരുന്നു ഫുട്‌ബോളിലേക്ക് ആകൃഷ്ടനായത്?

ഓര്‍മ്മ വച്ച കാലം മുതലേ ഫുടബോളിനോടു തന്നെയായിരുന്നു കമ്പം. പക്ഷെ സ്‌കൂള്‍ ടീമുകളിലൊന്നും കളിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ഞാന്‍ പഠിച്ച പട്ടം സെന്റ് മേരീസ് സ്‌കൂളിലും പിന്നീട് പഠിച്ച സാല്‍വേഷന്‍ ആര്‍മി ഹൈ സ്‌കൂളിലുമൊന്നും അന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍മാര്‍ ഉണ്ടായിരുന്നില്ല.

പി ടി പീരിയഡില്‍ ഏതെങ്കിലുമൊരു ടീച്ചര്‍ ബോളും തന്ന് ഗ്രൗണ്ടിലേക്ക് വിടുകയായിരുന്നു പതിവ്. അപ്പോള്‍ ഞങ്ങള്‍ ഫുട്‌ബോള്‍ കളിച്ചിരുന്നെന്ന് മാത്രം. ഉച്ചയ്ക്കുള്ള വിശ്രമസമയത്തും ഗ്രൗണ്ടില്‍ പന്ത് തട്ടും. വൈകുന്നേരങ്ങളില്‍ തൊട്ടടുത്തുള്ള എം ജി കോളേജിന്റെ ഗ്രൗണ്ടിലും ഫുട്‌ബോള്‍ കളിക്കും. സ്‌കൂളിലെ കായിക മത്സരങ്ങളില്‍ ചെറുപ്പത്തില്‍ ഖോ ഖോ, കിളിത്തട്ട് തുടങ്ങിയ ഇനങ്ങളായിരുന്നു ഉണ്ടായിരുന്നത്. അതിലൊക്കെ മത്സരിച്ച് സമ്മാനം വാങ്ങിയിട്ടുണ്ട്. മുതിര്‍ന്നപ്പോള്‍ അതലറ്റിക്‌സിലും ധാരാളം മെഡലുകള്‍ വാങ്ങിയിട്ടുണ്ട്. പക്ഷെ സ്‌കൂള്‍ ടീമുകളിലൊന്നും കളിക്കുകയുണ്ടായില്ല.

പിന്നീടെങ്ങനെയാണ് സജീവ ഫുട്‌ബോളിലേക്ക് കടന്നുവന്നത്?

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എം ജി കോളേജില്‍ വച്ച് ക്രിസ്മസ് അവധിക്കാലത്ത് മന്നം ട്രോഫി ഫുട്‌ബോള്‍ മത്സരം നടന്നു. എന്‍ എസ് എസ് കോളേജുകളുടെ ഫുട്‌ബോള്‍ മത്സരമാണ് മന്നം ട്രോഫി. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ കളിക്കുന്ന സംഘത്തിന് ഓരോ ദിവസവും അവരുടെ മത്സരങ്ങള്‍ കഴിയുന്നത് വരെ കാത്തിരുന്ന ശേഷമാണ് കളിയ്ക്കാന്‍ ഗ്രൗണ്ട് കിട്ടുകയുള്ളൂ. അത്തരത്തില്‍ ഒരിക്കല്‍ കളിക്കുമ്പോള്‍ അന്നത്തെ എം ജി കോളേജിന്റെ പി ടിയുടെ ശ്രദ്ധയില്‍ ഞാന്‍ പെടുന്നത്.

അദ്ദേഹം എന്റെ അയല്‍വാസി കൂടിയായ അന്നത്തെ കോളേജ് ടീമിന്റെ ഗോള്‍ കീപ്പര്‍ ആയിരുന്ന വിജയന്‍ വഴി എന്നെ ബന്ധപ്പെടുകയും സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജില്‍ അഡ്മിഷന്‍ ശരിയാക്കി എന്നെ കോളേജ് ടീമില്‍ എടുക്കുകയുമായിരുന്നു. പ്രീ ഡിഗ്രി മുതല്‍ ഡിഗ്രി വരെയുള്ള കാലത്ത് അങ്ങനെ എം ജി കോളേജിന്റെ ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ കഴിഞ്ഞു. അവസാന വര്‍ഷത്തില്‍ കോളേജ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം 1
സതീവന്‍ ബാലന്‍

പക്ഷെ യൂണിവേഴ്‌സിറ്റി, ജില്ലാ തലങ്ങളിലൊന്നും അവസരം ലഭിച്ചില്ലല്ലോ, എന്തായിരുന്നു കാരണം?

പ്രീ-ഡിഗ്രി മുതലേ ടീമിലുണ്ടായിരുന്നെങ്കിലും ആദ്യ വര്‍ഷങ്ങളില്‍ സബ്‌സ്റ്റിറ്റിയൂട്ട് ഒക്കെ ആയിട്ടായിരുന്നു ടീമില്‍ കളിച്ചിരുന്നത്. അന്ന് സന്തോഷ് ട്രോഫി താരങ്ങളൊക്കെയായിരുന്നു എം ജി കോളേജ് ടീമില്‍ കളിച്ചിരുന്നത്. സെക്കന്റ് പി ഡി സി യുടെ അവസാന കാലത്തോടെയാണ് ടീമിലെ റെഗുലര്‍ കളിക്കാരനായി മാറുന്നത്.

ഡിഗ്രി രണ്ടാം വര്‍ഷമൊക്കെ ആയപ്പോഴേക്കും യൂണിവേഴ്‌സിറ്റി ക്യാമ്പിലേക്കൊക്കെ സെക്ഷന്‍ കിട്ടിയിരുന്നു. അവസാന വര്‍ഷമായപ്പോള്‍ യൂണിവേഴ്‌സിറ്റി ടീമില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ലഭിച്ചില്ല. പ്രധാനമായും എന്റെ ശരീര പ്രകൃതി തന്നെയായിരുന്നു കാരണം. നല്ല വേഗതയും, സ്‌കോറിംഗ് കഴിവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ പരിശീലകരുടെ കാഴ്ച്ചപ്പാട്, നല്ല തടിമിടുക്കുള്ളവര്‍ വേണം ടീമില്‍ കളിക്കേണ്ടത് എന്നതായിരുന്നു.

എനിക്ക് മറ്റു കളിക്കാരെ അപേക്ഷിച്ച് ഉയരം അല്‍പ്പം കുറവായിരുന്നു. അതുകൊണ്ടുതന്നെ എം ജി യുടെ ക്യാപ്റ്റനായിരുന്നിട്ടും യൂണിവേഴ്‌സിറ്റി ക്യാമ്പില്‍ ഉള്‍പ്പെട്ടിട്ടും അവസാന സെലക്ഷനില്‍ പുറത്താവുകയായിരുന്നു. ജില്ലാതലത്തിലും അതുതന്നെയായിരുന്നു സ്ഥിതി.

പരിശീലന രംഗത്തേക്ക് ചുവടു മാറുന്നത് എങ്ങനെയാണ്?

ഡിഗ്രി കഴിഞ്ഞിരുന്നെങ്കിലും ഒരു വര്‍ഷം കൂടി എനിക്ക് കളിക്കാന്‍ അവസരമുണ്ടായിരുന്നു. എസ് എസ് എല്‍ സി യും പ്രീ ഡിഗ്രി യും ഒക്കെ പാസ്സാകുന്ന വര്‍ഷം കണക്കിലെടുത്താണ് യൂണിവേഴ്‌സിറ്റിയില്‍ കളിക്കേണ്ട പ്രായ പരിധി നിശ്ചയിച്ചിരുന്നത്.

അതുകൊണ്ട് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയിലും മദ്രാസ് യൂണിവേഴ്‌സിറ്റിയിലും ചില കോളേജുകളില്‍ അഡ്മിഷന് ശ്രമിച്ചു. എന്നാല്‍ അതൊന്നും ശരിയായില്ല. അതിനാല്‍ തിരുവനന്തപുരത്തു തന്നെയുള്ള എല്‍ എന്‍ സി പി (ലക്ഷിബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍) യില്‍ പ്രവേശനം നേടുകയായിരുന്നു.

എന്നാല്‍ അവിടുത്തെ ടീം സെലക്ഷന്‍ നടക്കുന്ന സമയമാകുമ്പോഴേക്കും എനിക്ക് ക്യൂബയില്‍ കായിക പരിശീലനത്തില്‍ ഉപരിപഠനം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയും ഞാന്‍ അങ്ങോട്ട് പോവുകയും ചെയ്തു.

വീട്ടുകാരില്‍ നിന്നുള്ള പ്രതികരണം എത്തരത്തിലായിരുന്നു?

അന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്കൊന്നും കായിക രംഗത്തെക്കുറിച്ച് വലിയ ധാരണകളൊന്നും ഇല്ലായിരുന്നു. ചെറുപ്പത്തില്‍ കളിക്കാന്‍ പോകാനൊന്നും പ്രോത്സാഹനമൊന്നും ഇല്ലായിരുന്നു. പക്ഷെ വൈകുന്നേരങ്ങളില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞു വിടുമായിരുന്നു. അപ്പോള്‍ കളിയും കഴിഞ്ഞ് സാധനങ്ങളും വാങ്ങി വരികയായിരുന്നു പതിവ്.

കോളേജില്‍ ആകുന്നതു വരെ ഇതായിരുന്നു സ്ഥിതി. കോളേജില്‍ ആയി കഴഞ്ഞപ്പോള്‍, കോളേജ് ടീമില്‍ കളിക്കുന്നതൊക്കെ അറിഞ്ഞപ്പോള്‍ ആണ് അച്ഛനും അമ്മയുമൊക്കെ കളിയ്ക്കാന്‍ പോകാനുള്ള സ്വാതന്ത്ര്യമൊക്കെ തരാന്‍ തുടങ്ങിയത്. എന്റെ ചേട്ടന്‍ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പല ടൂര്‍ണമെന്റുകളിലും പങ്കെടുത്തിരുന്നു.

ചേട്ടന്റെ പിന്തുണയും അതോടൊപ്പം എം ജി കോളേജില്‍ പഠിച്ചവരും കേശവദാസപുരത്തുള്ളവരും ആയ സുഹൃത്തുക്കളുടെ പിന്തുണയുമാണ് കായിക രംഗത്ത് തന്നെ തുടരണമെന്ന ആഗ്രഹത്തെ വളര്‍ത്തിയത്. ഞങ്ങളെല്ലാം കൂടി ചേര്‍ന്ന് സ്വന്തമായി ഒരു ടീം അന്ന് രൂപീകരിച്ചിരിക്കുന്നു. അതോടൊപ്പം ഒരു ജോലി കൂടി പ്രതീക്ഷിച്ചാണ് എല്‍ എന്‍ സി പി യില്‍ ചേരുന്നത്. കളിയിലൂടെ ജോലി കിട്ടിയില്ലെങ്കിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ ആകാമെന്ന പ്രതീക്ഷയിലായിരുന്നു അവിടെ പ്രവേശനം തേടിയത്.

എങ്ങനെയാണ് ക്യൂബയില്‍ ഉപരിപഠനത്തിനുള്ള അവസരം ഒരുങ്ങിയത്?

ക്യൂബ, കായികരംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് അറിഞ്ഞ ഇന്ത്യന്‍ ഗവണ്മെന്റ് അവിടുത്തെ സാഹചര്യത്തെക്കുറിച്ച് അറിയാന്‍ ഒരു സംഘത്തെ അയച്ചിരുന്നു. രാജീവ് ഗാന്ധി ഭരിക്കുന്ന കാലത്താണിത്. ക്യൂബ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെഡിസിന്‍, എഞ്ചിനീയറിംഗ്, കായികം തുടങ്ങിയ വിവിധ മേഖലകളില്‍ സൗജന്യമായി ഉന്നത വിദ്യാഭ്യാസം നല്കുന്നുണ്ടായിരുന്നു.

അവിടുത്തെ സാഹചര്യങ്ങളും പരിശീലന സൗകര്യങ്ങളും മനസ്സിലാക്കിയ ഇന്ത്യന്‍ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ഇവിടെ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികളെ അങ്ങോട്ടയക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് തീരുമാനിച്ചത്. പത്തുപേരെ അയക്കാനാണ് അവര്‍ തീരുമാനിച്ചത്. അതിനായി ഓരോ കായിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും അഞ്ച് പേരെ വീതം തിരഞ്ഞെടുത്ത് ദേശീയ തലത്തില്‍ അന്തിമ സെലക്ഷന്‍ നടത്തി പത്തു പേരെ കണ്ടെത്തുക എന്നതായിരുന്നു രീതി.

എല്‍ എന്‍ സി പി യില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരില്‍ ഒരാളാകാനും പിന്നീട് ദേശീയ തലത്തില്‍ മുന്നൂറോളം പേരില്‍ നിന്ന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളാകാനും എനിക്ക് സാധിച്ചു. സായി (SAI – സ്‌പോര്‍ട്‌സ് അതൊറിറ്റി ഓഫ് ഇന്ത്യ) ആയിരുന്നു സെലക്ഷന്‍ നടത്തിയത്. അഞ്ച് ഫിസിക്കല്‍ ടെസ്റ്റുകളില്‍ ചുരുങ്ങിയത് മൂന്നെണ്ണമെങ്കിലും പാസാകണം. അതുപോലെ മൂന്നു ഗെയിമുകള്‍ ഉണ്ടായിരുന്നു. അവയിലും പാസ്സാകണം, പിന്നെ എഴുത്തു പരീക്ഷയും അഭിമുഖവും. കോളേജിലായിരുന്നപ്പോള്‍ എല്ലാ ഗെയിമുകളും കളിച്ചിരുന്നത് കൊണ്ടും ശാരീരിക ക്ഷമത ഉണ്ടായിരുന്നത് കൊണ്ടും ഫിസിക്കല്‍ ടെസ്റ്റും ഗെയിമുകളും നന്നായി ചെയ്യാന്‍ സാധിച്ചു.

രാഷ്ട്രീയ ഇടപെടലുകളും മറ്റു പരിഗണകളും ഒന്നുമില്ലാതെ തികച്ചും കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുപ്പ് നടത്തപ്പെട്ടതുകൊണ്ടാണ് എനിക്ക് അവസരം കിട്ടിയത് എന്നുറപ്പാണ്. ഒരു ബാച്ചിനെ മാത്രമേ ഇന്ത്യ പരിശീലനത്തിനയച്ചുള്ളൂ. അതിനിടയില്‍ വന്ന രാഷ്ട്രീയമായ മാറ്റങ്ങളും, അയക്കുവാനുള്ള സാമ്പത്തിക ചെലവുകളും കാരണമാകാം പിന്നീട് ആരെയും അയക്കാതിരുന്നത്.

അവിടുത്തെ പരിശീലന രീതിയെക്കുറിച്ച് വിശദീകരിക്കാമോ?

ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ആറ് വര്‍ഷത്തെ പരിശീലനമാണ് അവിടെ നിന്ന് ലഭിച്ചത്. ആദ്യ വര്‍ഷം പ്രധാനമായും സ്പാനിഷ് ഭാഷാ പഠനത്തിനായിരുന്നു ഊന്നല്‍. അതോടൊപ്പം കായിക പരിശീലനവും ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട ബയോളജി, സോഷ്യോളജി, ഫിസിക്‌സ്, ഗണിതം തുടങ്ങിയ വിഷയങ്ങളുടെയെല്ലാം അടിസ്ഥാനങ്ങള്‍ സ്പാനിഷ് ഭാഷയില്‍ പഠിക്കണം.

ഫുട്‌ബോളിനെക്കുറിച്ചു പഠിക്കുന്നവര്‍ക്ക് അതിന്റെ തിയറിയും പ്രാക്ടിക്കലും എല്ലാം ഉണ്ടാകും. എല്ലാ ദിവസവും അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവലോകനങ്ങള്‍ ഉണ്ടാകും. ഒരു കളിക്കാരന്റെ അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കഴിവിനെ അങ്ങനെ ദിനം പ്രതിയെന്നോണം ഇവാലുവേറ്റ് ചെയ്തുകൊണ്ടിരിക്കും. അങ്ങനെ വരുമ്പോള്‍ കോഴ്‌സ് അവസാനിക്കുമ്പോള്‍ അയാള്‍ക്ക് തന്റെ വിഷയത്തില്‍ പരിപൂര്‍ണ്ണമായ അറിവ് ലഭിച്ചിരിക്കും.

മെത്തഡോളജിയും മറ്റു കാര്യങ്ങളും അതായത് കോച്ചിംഗ് പ്രോസസ്സുമെല്ലാം നമ്മള്‍ കൃത്യമായി പഠിച്ച് പോകണം. നമ്മള്‍ ഒരു വിഷയത്തിന് മോശമായാല്‍ നമ്മളെ ഫൈനല്‍ പരീക്ഷയ്ക്ക് അനുവദിക്കില്ല. പകരം നമ്മുടെ വെക്കേഷന്‍ ക്യാന്‍സല്‍ ചെയ്യും. വെക്കേഷന്‍ അവസാനിക്കേണ്ട സമയത്ത് അടുത്ത വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പായി ഒരു അവസരം തരും. അപ്പോഴും തോല്‍ക്കുന്നെങ്കില്‍ മാത്രമേ നമുക്ക് ആ വര്‍ഷം നഷ്ടമാകൂ. അതിലൊന്നും ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. പഠിച്ചില്ലെങ്കില്‍ തോല്‍ക്കും.

അതുപോലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും വളരെ പ്രൊഫഷണല്‍ സമീപനമാണ് അവരുടേത്. ഇവിടെ കോളേജ് ടീം ക്യാപ്റ്റന്‍ വരെ ആയിരുന്നിട്ടും യൂണിവേഴ്‌സിറ്റിയില്‍ പോലും അവസരം ലഭിക്കാതിരുന്ന എനിക്ക്, ആദ്യ വര്‍ഷം തന്നെ ഞാന്‍ പഠിച്ച സാന്താ ക്ളാര യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചു. യൂണിവേഴ്‌സിറ്റി കോച്ച് എന്റെ കളി കണ്ട് അവരുടെ ക്യാമ്പിലേക്ക് വിളിക്കുകയായിരുന്നു.

അവിടെ ക്യാമ്പിലുള്ളവര്‍ മുഴുവന്‍ തന്നെ ആഫ്രിക്കക്കാരായിരുന്നു. അത്രമാത്രം ശരീര വലുപ്പമുള്ളവരുടെ ഇടയിലും അവിടുത്തെ പരിശീലകര്‍ എനിക്ക് അവസരം തരികയും യൂണിവേഴ്‌സിറ്റി ടീമില്‍ അവസാനം വരെ കളിക്കാന്‍ സാധിക്കുകയും ചെയ്തു. അവിടുത്തെ ജില്ലാ ടീമില്‍ പോലും കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അതില്‍ നിന്നാണ് ക്വാളിറ്റിയാണ് പ്രധാനമെന്ന ബോധ്യം എനിക്ക് ലഭിച്ചത്. ശരീര പ്രകൃതിയെക്കാളും സ്‌കോറിംഗ് കഴിവിന് അവര്‍ മുന്‍തൂക്കം നല്‍കി. അത്തരത്തിലുള്ള ഒരു സിസ്റ്റമാണ് അവിടെയുള്ളത്. കളികള്‍ക്കായി.

സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം 2
സതീവന്‍ ബാലന്‍

ക്യൂബയിലെ പഠനം അവസാനിപ്പിച്ച് തിരികെ വന്നതിനു ശേഷമുള്ള അനുഭവങ്ങളുടെ ഒരു വിലയിരുത്തല്‍ എപ്രകാരമാണ്?

തിരികെ വന്നപ്പോള്‍ ജോലി തരാന്‍ തന്നെ അധികൃതര്‍ക്ക് മടിയായിരുന്നു. പിന്നെ സര്‍ക്കാര്‍ അയച്ചവര്‍ എന്ന നിലയില്‍ ജോലി നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അത് തന്നെ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു.

കൊല്‍ക്കത്ത സായിയില്‍ ണ് ജോയിന്‍ ചെയ്തത്. കല്‍ക്കത്ത സായിയുടെ ഭാഗമായിരുന്നതിനാല്‍ ഒന്നര വര്‍ഷക്കാലത്തോളം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും ജോലിചെയ്തു. അക്കാലത്ത് കേന്ദ്ര ഗവണ്മെന്റിലും അസ്ഥിരതയുടെ കാലമായിരുന്നു. ജനതാദള്‍ ഗവണ്മെന്റുകളും ബി ജെ പി യും കോണ്‍ഗ്രസ്സുമൊക്കെ മാറിമാറി വന്ന കാലമായിരുന്നു.

അതുകൊണ്ടു തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥിര നിയമനം നല്‍കാന്‍ വൈമനസ്യം കാണിച്ചതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ കേരളത്തിലേക്ക് തന്നെ വരികയായിരുന്നു.

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലി ചെയ്യുമ്പോഴാണോ ദേശീയ ടീമുകളുടെ ചുമതല ലഭിക്കുന്നത്?

തൊണ്ണൂറ്റൊന്‍പതിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ജോലിക്കു ചേര്‍ന്നത്. ആദ്യം കാസര്‍ഗോഡ് കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇടുക്കിയിലേക്ക് സ്ഥിരനിയമനം ലഭിച്ചു. ഇടുക്കി ജില്ലാ ടീമുകളുടെ മികച്ച പ്രകടനമാണ് മറ്റ് ഉത്തരവാദിത്വങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നത്. 2020 ല്‍ കേരളാ സബ് ജൂനിയര്‍ ടീമിന്റെ ചുമതല ലഭിച്ചു. ആ സബ് ജൂനിയര്‍ ടീം സൗത്ത് സോണ്‍ വിജയിച്ചതിനാലാണ് എനിക്ക് ദേശീയ തലത്തിലേക്ക് പോകാന്‍ സാധിച്ചത്. അതെ തുടര്‍ന്ന് പത്തുവര്‍ഷത്തോളം വിവിധ ദേശീയ ടീമുകളുടെ ഉത്തരവാദിത്വം വഹിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ഇരുപതു വര്‍ഷത്തോളം കേരളാ ടീമുകളെ ഇത്രയേറെ അടുത്തറിയാന്‍ കഴിഞ്ഞ പരിശീലകന്‍ എന്ന നിലയിലും കായിക പരിശീലനത്തില്‍ ഉന്നത പരിശീലനം നേടിയ ആളെന്ന നിലയിലും കേരളത്തിന്റെ കഴിഞ്ഞകാല പ്രകടനങ്ങളെയും സാധ്യതകളെയും എങ്ങനെ വിലയിരുത്തുന്നു?

ദേശീയ തലത്തില്‍ എല്ലാ കേരളാ ടീമുകളുടെയും പ്രകടനങ്ങള്‍ സസൂക്ഷ്മം വീക്ഷിച്ചിരുന്ന ഒരാളാണ് ഞാന്‍. ഏക്‌സ്പീരിയന്‍സിന്റെ പോരായ്മ, ഭാഷാ പ്രശ്‌നങ്ങള്‍, ഭക്ഷണ ശീലങ്ങളുടെ പ്രശ്‌നങ്ങള്‍ ഇതെല്ലാം കൊണ്ട് പൊതുവെ നമ്മുടെ പല കളിക്കാരും കേരളത്തിനകത്ത് തന്നെ ഒതുങ്ങിപ്പോകുന്ന ഒരവസ്ഥ മുമ്പ് നമുക്കുണ്ടായിരുന്നു. നമ്മുടെ അക്കാദമികള്‍ പോലും റിസള്‍ട്ടിന് വേണ്ടി മാത്രമാണ് കളിക്കാരെ വളര്‍ത്തിക്കൊണ്ടു വരുന്നത്. തൊട്ടടുത്ത മത്സരത്തില്‍ വിജയിക്കുക എന്നത് മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്.

ശരിക്കും അടിസ്ഥാന തലങ്ങളില്‍ വളര്‍ന്നു വരുന്ന കളിക്കാരുടെ ക്വാളിറ്റി വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ഇവര്‍ ശ്രമിക്കുന്നത് അണ്ടര്‍ 13 ടൂര്‍ണമെന്റുകള്‍ വിജയിക്കാന്‍ മാത്രമാണ്. കളിക്കാരന്‍ എന്ന നിലയില്‍ അവരുടെ കളി മികവും ശാരീരിക ക്ഷമതയും സാങ്കേതിക മേന്മയും പോലുള്ള ഗുണങ്ങള്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ പല പരിശീലകരും അക്കാദമികള്‍ പോലും അവഗണിക്കുകയാണ്.

മത്സര പരിചയത്തിനു വയ്ക്കുന്ന ലീഗുകള്‍ പോലും കടുത്ത മത്സര ബുദ്ധിയോടെയും ചാമ്പ്യനാകാനുള്ള അമിത ശ്രമങ്ങളിലൂടെയും പലപ്പോഴും ലക്ഷ്യം കാണാതെ പോവുകയാണ്. അടിസ്ഥാന തലത്തില്‍ നമ്മള്‍ കുട്ടികളുടെ വ്യക്തിപരമായ കഴിവുകളുടെ ഉന്നമനത്തിന് ശ്രമിക്കണം. പതിനേഴും പതിനെട്ടും വയസ്സൊക്കെയാകുമ്പോള്‍ അവര്‍ റിസള്‍ട്ട് ഓറിയന്റഡ് ആയി പൊയ്‌ക്കോട്ടേ. അങ്ങനെ ക്വാളിറ്റിയുള്ള കളിക്കാരെ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ നമ്മുടെ കായിക രംഗം മെച്ചപ്പെടുകയുള്ളൂ.

വളം വയ്ക്കേണ്ടിടത്ത് തന്നെ വളം വയ്ക്കണം. അല്ലാതെ കതിരില്‍ കൊണ്ട് വളം വയ്ക്കാന്‍ നോക്കിയിട്ട് കാര്യമില്ല. പലപ്പോഴും നമ്മുടെ പുതിയ കുട്ടികള്‍ക്ക് ഗെയിം നോളഡ്ജ് കിട്ടുന്നില്ല. ഉദാഹരണത്തിന് വി പി സത്യനെയും ഷറഫലിയെയും പാപ്പച്ചനെയും ഐ എം വിജയനെയും പോലുള്ള കളിക്കാര്‍ക്ക് അത് പഠിപ്പിച്ച് കൊടുക്കേണ്ടതില്ല. അവരുടെ പ്രതിഭ കൊണ്ട് അവര്‍ക്കു സ്വാഭാവികമായി ലഭിക്കുന്നുണ്ട്.

എപ്പോള്‍ ഹെഡ് ചെയ്യണം, എപ്പോള്‍ ക്രോസ് ചെയ്യണം, എപ്പോള്‍ പാസ് ചെയ്യണം എന്നെല്ലാം അവര്‍ക്കറിയാം. ഒരു വിങ് ബാക് എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്തു കൂടാ എന്നെല്ലാം അവര്‍ അനുഭവത്തിലൂടെ പഠിക്കുന്നു. അത് നമ്മുടെ പുതിയ കുട്ടികള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ടതുണ്ട്. പണ്ട് ടീമുകള്‍ കുറവായിരുന്നു.

കേരളത്തില്‍ നിന്ന് പോയാല്‍ കല്‍ക്കത്തയിലോ ഗോവയിലോ മാത്രമേ അവസരങ്ങളുണ്ടായിരുന്നുള്ളൂ. അതിനാല്‍ പല നല്ല കളിക്കാരും കേരളത്തില്‍ തന്നെ ഒതുങ്ങി കൂടി. ഇന്ന് അതല്ല അവസ്ഥ. അല്‍പ്പം നന്നായി കളിക്കുന്ന ഒരു കുറ്റിക്കാട് ഇന്ന് ധാരാളം അവസരങ്ങളുണ്ട്. ബാംഗ്ലൂരിലും മദ്രാസിലും എല്ലാം അവര്‍ക്കു ഇന്ന് പോകാന്‍ സാധിക്കും.

അതുകൊണ്ടു തന്നെ ഗുണപരമായി കഴിവുകള്‍ വികസിപ്പിക്കാന്‍ പലപ്പോഴും അവര്‍ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടു ദീര്‍ഘകാലം മികച്ച കളി പുറത്തെടുക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നു. അതുകൊണ്ടാണ് പഴയ കേരളാ പോലീസ് പോലെയുള്ള പുതിയ ടീമുകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയാത്തത്.

2018 ലെ സന്തോഷ് ട്രോഫി വിജയത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ?

കേരളാ യൂണിവേഴ്‌സിറ്റിയുടെയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെയും ചുമതല വഹിച്ചപ്പോള്‍ നേടിയ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ സാറിന്റെ അസിസ്റ്റന്റ് കോച്ചായി 2013 ല്‍ സന്തോഷ് ട്രോഫി ടീമിന്റെ ചുമതല വഹിച്ചിരുന്നു.

സൗത്ത് സോണില്‍ നിന്ന് കര്‍ണാടകയ്ക്കെതിരെ അവസാന മിനുറ്റില്‍ രണ്ടു ഗോളടിച്ച് വിജയിച്ചാണ് അന്ന് നമ്മള്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്. പിന്നീട് സംസ്ഥാന ചുമതലകള്‍ ലഭിച്ചിരുന്നില്ല. അതിനു ശേഷം രണ്ടു തവണ ദേശീയ തലത്തില്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരായതിന്റെ പശ്ചാത്തലത്തിലായിരിക്കണം 2018 ല്‍ സന്തോഷ് ട്രോഫി ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചത്.

ആ വര്‍ഷത്തെ ടീം അത്ര മികച്ചതാണ് എന്നൊരു ആത്മവിശ്വാസം ആര്‍ക്കും തന്നെ ഇല്ലായിരുന്നു. ഏതായാലും കിട്ടിയ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുത്തു. യൂണിവേഴ്‌സിറ്റിയിലെ ചില മികച്ച കളിക്കാരെ ഞാന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ശാരീരിക ക്ഷമത കുറഞ്ഞ ഒരാളെയും എടുക്കേണ്ട എന്ന് തീരുമാനിച്ചു. ഇത്തവണ വിജയിച്ചില്ലെങ്കിലും ഇവരെ നിലനിര്‍ത്തുന്നത് വഴി അടുത്ത വര്‍ഷം മികച്ച പ്രകടനം നടത്താന്‍ ഈ ടീമിനാവുമെന്ന് ഉറപ്പായിരുന്നു.

സൗത്ത് സോണിലെ പ്രകടനം കഴിഞ്ഞതോടെ ഇവര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നും മികച്ച ടീമുകളോട് വിജയിക്കാന്‍ കഴിയുമെന്നും ഉള്ള ഒരു ആത്മവിശ്വാസം മൊത്തത്തില്‍ കൈവന്നു. ഓരോ മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ടീം കൂടുതല്‍ കെട്ടുറപ്പുള്ളതായി. ഏതായാലും പഠിപ്പിച്ച കാര്യങ്ങള്‍ കളിക്കളത്തില്‍ കൃത്യമായി പ്രാവര്‍ത്തികമാക്കാന്‍ ആ കുട്ടികള്‍ക്കായി. അതിന്റെ നല്ല റിസള്‍ട്ടും കിട്ടി. കേരളത്തിന് വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാകാനും കഴിഞ്ഞു.

ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുമ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ മൊത്തത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു?

എന്റെ കഴിവും പ്രയത്‌നവും കൊണ്ടാണ് ഈ നിലയില്‍ എത്തിയതെങ്കിലും ഓരോ അവസരങ്ങളിലേക്കും എത്തിച്ചേരാനും ഉയര്‍ന്നു വരാനും എനിക്ക് വളരെയേറെ പിന്തുണകള്‍ വേണ്ടിയിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തന്നെയാണ് ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത്.

നാഷണല്‍ ടീമില്‍ പോകുവാനുള്ള ഡ്യൂട്ടി ലീവ് തരുന്നത് തന്നെ വലിയ പിന്തുണയായിരുന്നു. അതുപോലെ അന്നത്തെ കെ എഫ് എ സെക്രട്ടറി ബി സുഗുണന്‍, ഇടുക്കി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, അവിടുണ്ടായിരുന്ന സലിംകുട്ടി, മുഹമ്മദാലി തുടങ്ങിയവര്‍ ഒക്കെ വളരെയേറെ സഹായിച്ചിട്ടുണ്ട്.

അതുപോലെ അന്നത്തെ ദേശീയ കോച്ചായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ എന്റെ കോച്ചിങ് കരിയറില്‍ വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിനിപ്പമായിരുന്നത് കൊണ്ടാണ് ക്യൂബയില്‍ പഠിച്ചതുപോലെ ചിട്ടയായ പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിക്കാനുള്ള അവസരവും സാധ്യതയും എനിക്ക് ലഭിച്ചത്.

ലോക ഫുട്‌ബോളില്‍ ഇഷ്ട്ടപ്പെട്ട ടീമും കളിക്കാരും ആരൊക്കെയാണ്?

ചെറുപ്പത്തില്‍ മറഡോണയെ വളരെ ഇഷ്ടമായിരുന്നു. ഇനിക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ പോയി കാണാന്‍ സാധിച്ചില്ല സംസാരിക്കാന്‍ പറ്റിയില്ല എന്നതാണ്. സ്പാനിഷ് അറിയാമായിരുന്നത് കൊണ്ട് അദ്ദേഹവുമായി നന്നായി ആശയവിനിമയം നടത്താനും എനിക്കാകുമായിരുന്നു. എന്നാല്‍ അന്ന് ഞാന്‍ സ്ഥലത്ത് ഇല്ലായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ കൂടെ ആയിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ വേള്‍ഡ് കപ്പിനിടെ അദ്ദേഹത്തെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ആഫ്രിക്കയില്‍ ലോക കപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 16 ടീമുമായി ഞാന്‍ അവിടെ പോയിരുന്നു.

ലോക കപ്പിനനുബന്ധമായി പല രാജ്യങ്ങളില്‍ നിന്നുള്ള അണ്ടര്‍ 16 ടീമുകളുടെ ഒരു ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിനായാണ് പോയത്. ലോക കപ്പ് മത്സരങ്ങള്‍ കാണാനുള്ള അവസരം കുട്ടികള്‍ക്കുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പോയത്. ഞാനായിരുന്നു കോച്ച്.

മറഡോണയാണ് അന്ന് അര്‍ജന്റീന ടീമിന്റെ കോച്ച്. അവര്‍ താമസിച്ചിരുന്നത് ഞങ്ങള്‍ താമസിച്ചിരുന്നതിന് തൊട്ടടുത്തായിരുന്നു. പ്രാക്ടീസ് ഗ്രൗണ്ടും തൊട്ടടുത്തായിരുന്നു. അവര്‍ വരുന്നതും പോകുന്നതും ഒക്കെ കാണാമായിരുന്നു. പക്ഷെ സുരക്ഷാ കാരണങ്ങളാല്‍ സംസാരിക്കാനൊന്നും കഴിയുമായിരുന്നില്ല.

മറഡോണയെ ഇഷ്ടമായിരുന്നെങ്കിലും ടീമെന്ന നിലയില്‍ ബ്രസീലിനെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. സീക്കോ, സോക്രട്ടീസ് ഒക്കെ കളിച്ചിരുന്നതിനാല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ബ്രസീല്‍ ഫാനായിരുന്നു. മറഡോണയെ ഇഷ്ടപ്പെടുകയും ബ്രസീല്‍ ജയിക്കണമെന്നാഗ്രഹിക്കുകയും ചെയ്ത ഒരാളായിരുന്നു അക്കാലത്തു ഞാന്‍. എന്നാല്‍ പരിശീലന രംഗത്തേക്ക് കടന്നു വന്നതോടെ കൂടുതല്‍ ചിന്തിക്കുവാനും ഓരോ കളിക്കാരുടെയും കഴിവിനെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ അവരെ വിലയിരുത്താന്‍ ആരംഭിക്കുകയും ആരോടെങ്കിലും അമിതമായ ആരാധന വച്ചുപുലര്‍ത്തുന്ന സ്വഭാവം ഉപേക്ഷിക്കുകയും ചെയ്തു.

ഇതിനിടയില്‍ അല്‍പ്പകാലം ഗോകുലം കേരളാ എഫ് സി യുമായി സഹകരിച്ചിരുന്നല്ലോ ?

ഗോകുലം ചെയര്‍മാന്റെ താല്‍പ്പര്യപ്രകാരമാണ് അവിടേക്ക് അവര്‍ വിളിച്ചത്. എന്തായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്നത് എന്ന് എനിക്കറിയില്ല. യൂണിവേഴ്‌സിറ്റികള്‍ക്കു വേണ്ടിയും കേരളത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ ഒരുവിധം ഭംഗിയായി തന്നെ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അതിനാല്‍ പ്രൊഫഷണലായി കളിക്കുന്ന ക്ലബ്ബ്കള്‍ക്കായി നല്ല പ്രകടനം കാഴ്ചവയ്ക്കാനും കഴിയും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിന്റെ ഒരു തുടക്കമെന്ന നിലയിലാണ് ഞാന്‍ ആ വാഗ്ദാനം സ്വീകരിച്ചത്. എന്നാല്‍ ഒരു അസിസ്റ്റന്റ് കോച്ച് എന്ന നിലയില്‍ അധികമായൊന്നും അവിടെ എനിക്ക് ചെയ്യുവാനുണ്ടായിരുന്നില്ല.

അതിനിടയില്‍ എ എഫ് സി കപ്പ് വന്നതിനാല്‍ അതിന്റെ ചുമതലകളുമായി എനിക്ക് അങ്ങോട്ടും പോകേണ്ടി വന്നു. അത് ലീവിന്റെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനാല്‍ ഗോകുലത്തോടൊപ്പം പിന്നീട് തുടരുവാനും സാധിച്ചില്ല.

സതീവന്‍ ബാലന്‍: കേരള ഫുട്‌ബോളിലെ ക്യൂബന്‍ വിപ്ലവം 3
തടിമിടുക്കില്ല, ടീമിലിടമില്ല; കാലം കരുതിവച്ചത് ടീമിന്റെ പരിശീലക സ്ഥാനം: സതീവന്‍ ബാലന്‍ ജീവിതം പറയുന്നു

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More