ബ്ലാസ്റ്റേഴ്‌സ് സ്ഥിരത ഇല്ലാത്ത ടീം: മുന്‍ ഇന്ത്യന്‍ താരം രാമന്‍ വിജയന്‍ ഐ എസ് എല്‍ വിലയിരുത്തുന്നു

ഇന്ത്യന്‍ ഫുട്‌ബോളില്‍ തിളങ്ങിയ കറുത്ത മുത്തുകളായ ദക്ഷിണേന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായിരുന്നു മലയാളികളുടെ സ്വന്തം ഐ. എം. വിജയനും തമിഴ്നാട്ടില്‍ നിന്നുള്ള രാമന്‍ വിജയനും.

ദേശീയ ഫുട്‌ബോള്‍ ലീഗില്‍ ബൈച്ചുങ് ബൂട്ടിയയെ കൂടാതെ 10 ഗോളില്‍ കൂടുതല്‍ നേടിയിട്ടുള്ള ഏക താരമാണ് തമിഴ്നാട്ടിലെ കാരൈക്കുടി സ്വദേശിയായ ഈ മുന്‍ ഇന്ത്യന്‍ സ്ട്രൈക്കര്‍. 1997-98 കാലത്തു എഫ് സി കൊച്ചിനിലൂടെ കേരളാ ഫുട്‌ബോളിന്റെ ഭാഗമായാണ് അദ്ദേഹം ക്ലബ് ഫുട്‌ബോളില്‍ സജീവമായത് എന്നതിനാല്‍ കേരളത്തോടും മലയാളികളോടും രാമന്‍ വിജയന്‍ എന്നും അടുപ്പം പുലര്‍ത്തുന്നു.

ഇന്ത്യയിലെ മികച്ച ക്ലബ്ബുകളുടെയെല്ലാം ഭാഗമായ രാമന്‍ വിജയന്‍ പിന്നീട് പരിശീലനത്തിലും ഫുട്‌ബോള്‍ മാനേജ്‌മെന്റിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. നിലവില്‍ ഐ എസ് എല്ലിന്റെ തമിഴ് കമന്ററി ടീമിന്റെ ഭാഗമായ രാമന്‍ വിജയന്‍ ആ തിരക്കിനിടയില്‍ ജെയ്സണ്‍ ജി ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഐഎസ്എല്ലിനെക്കുറിച്ചും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യന്‍ ഫുടബോളിനെക്കുറിച്ചും സംസാരിക്കുന്നു.

രാമന്‍ വിജയന്‍ , മുന്‍ ഫുട്‌ബോള്‍ താരം, രാമന്‍ വിജയന്‍ ഐ എസ് എല്‍ കമന്ററി, രാമന്‍ വിജയന്‍ എഫ് സി കൊച്ചിന്‍, രാമന്‍ വിജയന്‍ പരിശീലകന്‍, രാമന്‍ വിജയന്‍ ഫുട്‌ബോള്‍ അക്കാദമി , raman vijayan, raman vijayan football academy, raman vijayan tamil commentary,

ഐഎസ്എല്‍ മത്സരങ്ങള്‍ ഏതാണ്ട് പകുതിയോളം പൂര്‍ത്തിയായി. ഈ വര്‍ഷത്തെ ഐഎസ്എല്‍ നെക്കുറിച്ചുള്ള രാമന്‍ വിജയന്‍ നടത്തുന്ന ഒരു പൊതു അവലോകനം എന്താണ്?

ഒരു വലിയ വെല്ലുവിളിയായിരുന്നു ഈ വര്‍ഷത്തെ ഐ എസ് എല്‍ നടത്തിപ്പ്. മഹാമാരിയുടെ കാലത്ത് ഇത് എങ്ങനെ നടത്തും എന്നത് എല്ലാവര്‍ക്കും വലിയ പ്രശ്‌നമായിരുന്നു. ഭാഗ്യവശാല്‍ ടെക്‌നോളജിയും മനുഷ്യ ശക്തിയും ചേര്‍ന്നപ്പോള്‍ അത്തരം സംശയങ്ങളെ ദൂരീകരിച്ച് ഐ എസ് എല്ലിനെ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു.

അതുകൊണ്ടു തന്നെ മുന്‍ വര്‍ഷങ്ങളിലേതിന് ഒപ്പമോ അതിനും മെച്ചപ്പെട്ട രീതിയിലോ ഇത്തവണത്തെ ടൂര്‍ണമെന്റ് നടത്താന്‍ കഴിഞ്ഞുവെന്ന് തന്നെ പറയാം. ടീമുകള്‍ നേരിട്ട പ്രധാന പ്രശ്‌നമെന്നു പറയുന്നത് സ്റ്റേഡിയങ്ങളിലെ കാണികളുടെ അഭാവമാണ്. പ്രത്യേകിച്ചും ധാരാളം ആരാധകരുള്ള കേരളം, കൊല്‍ക്കത്ത, ഗോവ, ചെന്നൈ ടീമുകള്‍ക്ക് അതൊരു പ്രശ്‌നമായി. മറ്റു വശങ്ങള്‍ നോക്കുകയാണെങ്കില്‍ ടെക്‌നോളജിയുടെ സഹായത്താല്‍ മറ്റു പരിമിതികളെയെല്ലാം തന്നെ മറികടക്കുവാന്‍ കഴിഞ്ഞു.

എനിക്കൊക്കെ വീട്ടിലിരുന്നു തന്നെ കമന്ററി നടത്താന്‍ സാധിക്കുന്നു. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പ് ഇതുപോലും വലിയ ആശങ്കയുളവാക്കുന്ന കാര്യമായിരുന്നു. എങ്ങനെയാണ് വീട്ടിലിരുന്ന് കമന്ററി പറയുക എന്ന സംശയമുണ്ടായിരുന്നു. അതിനുമാത്രം ടെക്‌നോളജി വളര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ നമ്മള്‍ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

ഐ പി എല്ലുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടല്ലേ? പ്രത്യേകിച്ചും കൊറോണ ഇപ്പോഴും ഒഴിയാതെ തുടരുന്ന ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത്?

നമുക്ക് ഒരു ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. കാരണം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ജര്‍മന്‍ ലീഗും മുമ്പേ തുടങ്ങിയിരുന്നല്ലോ. അതുകൊണ്ടു, ശരിയായ സാമൂഹ്യ അകലം പാലിച്ചും കൃത്യമായ ആസൂത്രണത്തോടും കൂടി നടത്തിയാല്‍ ഫുട്‌ബോള്‍ മത്സരങ്ങളും നന്നായി സംഘടിപ്പിക്കാമെന്ന ആത്മവിശ്വാസം വളരാന്‍ അത് കാരണമായി.

ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്‌ബോളില്‍ ശാരീരിക സ്പര്‍ശം വളരെയധികം ഉണ്ടാകുന്നു. ഓരോ നീക്കത്തിലും ഫുടബോളില്‍ ശരീര സ്പര്‍ശം ഉണ്ടാകും. അതുകൊണ്ടു തന്നെ ശരിയായ കോവിഡ് പ്രോട്ടോകോള്‍ ടീമുകള്‍ മുന്നേ കൂട്ടി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നെന്നു മാത്രം.

ആരാധകരുടെ അഭാവം ടീമുകളെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍?

എന്റെയൊക്കെ കാലത്തുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ഇന്നത്തെ ടീമുകളുടെ ആരാധക പിന്തുണ. ഇന്നത്തെ ചെറുപ്പക്കാര്‍ അത് ഒരു സംസ്‌കാരമായി വളര്‍ത്തി തുടങ്ങിയിരിക്കുന്നു. ക്ലബ് കള്‍ച്ചര്‍, ഫാന്‍ ക്ലബ് സപ്പോര്‍ട്ട് എല്ലാം ഇന്ത്യയിലും വന്നിരിക്കുന്നു. മഞ്ഞപ്പട, സൂപ്പര്‍ മച്ചാന്‍സ് എല്ലാം വളരെ ശക്തമായി തങ്ങളുടെ ടീമുകളെ പിന്തുണയ്ക്കുന്ന ആരാധക കൂട്ടങ്ങളാണ്.

മാത്രമല്ല അവര്‍ സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ്. അതുകൊണ്ടു തന്നെ കളിക്കാര്‍ ഞങ്ങളുടെ കാലത്തെ അപേക്ഷിച്ച് കൂടുതല്‍ പരിചിതരാണ്. അതിന്റെയെല്ലാം ആനുകൂല്യം മുതലാക്കാന്‍ ഹോം ടീമുകള്‍ക്ക് കഴിയാറുമുണ്ട്.

കേരളത്തില്‍ പക്ഷെ ഈ വ്യത്യാസം വലുതായി അനുഭവിക്കാന്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ കഴിഞ്ഞേക്കില്ല. കാരണം മുമ്പും കേരളത്തില്‍ ഫുടബോളിന് ആരാധകരുടെ കുറവില്ലായിരുന്നല്ലോ. ഞങ്ങളുടെ കാലത്തും അവിടെ സ്റ്റേഡിയങ്ങളില്‍ നിറയെ ആരാധകര്‍ ഉണ്ടായിരുന്നു.

പക്ഷെ മറ്റു സ്ഥലങ്ങളില്‍ അതല്ല സ്ഥിതി. ചെന്നൈയില്‍ വളരെ വ്യത്യസ്തമാണ് അവസ്ഥ. ഇന്നത്തെ കളിക്കാരോട് എനിക്ക് അസൂയ തോന്നുന്ന വിധത്തിലാണ് ഇവിടെ ഇപ്പോള്‍ ടീമിന് ആരാധകരുടെ പിന്തുണ ലഭിക്കുന്നത്. ഞങ്ങളുടെ കാലത്ത് ഇതുപോലെ ആരാധകര്‍ സ്റ്റേഡിയങ്ങളില്‍ വരാറില്ലായിരുന്നു. വിദ്യാര്‍ത്ഥികള്‍, ഐടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ എല്ലാവരും കളി കാണാന്‍ വരുന്നു, സജീവമായി കളികള്‍ ഫോളോ ചെയ്യുന്നു. ഇതെല്ലാം ഐ എസ് എല്‍ കൊണ്ടുവന്ന മാറ്റങ്ങളാണ്.

ഈ ആരാധകരുടെ പിന്തുണക്കുറവ് ദക്ഷിണേന്ത്യന്‍ ടീമുകളുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് പറയേണ്ടിവരുമോ? പ്രത്യേകിച്ചും കേരളാ ബ്‌ളാസ്‌റ്റേഴ്‌സിനും ചെന്നൈയിന്‍ എഫ് സിക്കും നല്ല പ്രകടനങ്ങള്‍ കാഴ്ച വയ്ക്കാന്‍ ഇനിയും സാധിക്കാത്ത സാഹചര്യത്തില്‍?

തീര്‍ച്ചയായും ആ ഘടകം അവരെ വളരെയേറെ ബാധിച്ചിരിക്കുന്നു. ഗോവയ്ക്കും കൊല്‍ക്കത്തയ്ക്കും മാത്രമാണ് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഒരു പരിധി വരെ ബാംഗ്ലൂരിനും അതിനു സാധിച്ചിട്ടുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പുറകില്‍ മഞ്ഞപ്പടയുടെ സാന്നിധ്യത്തിന്റെ അഭാവമുണ്ട്.

60,000 ത്തിലേറെവരുന്ന ആരാധകരുടെ പിന്തുണ തീര്‍ച്ചയായും കേരളാ ടീമിന്റെ പ്രകടനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമായിരുന്നു. സൂപ്പര്‍ മച്ചാന്‍ സംഘത്തിന്റെ അഭാവം ചെന്നൈ ടീമിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം. ഈ ആരാധക സാന്നിധ്യം ടീമിന്റെ മനോവീര്യത്തെ വര്‍ധിപ്പിക്കുമായിരുന്നു.

ദക്ഷിണേന്ത്യന്‍ ടീമുകളുടെ പ്രകടനത്തെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്?

ദക്ഷിണേന്ത്യന്‍ ടീമുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അല്‍പ്പമെങ്കിലും കഴിഞ്ഞിട്ടുള്ളത് ബാംഗ്ലൂര്‍ എഫ് സിക്ക് മാത്രമാണ്. കാരണം അവര്‍ മിക്കവാറും എല്ലാ കളിക്കാരെയും നിലനിര്‍ത്തിയിട്ടുണ്ട് എന്നതാണ്. അതിനാല്‍ തന്നെ അവര്‍ക്കുള്ളില്‍ മികച്ച ധാരണകള്‍ രൂപപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂര്‍ നല്ല പ്രൊഫഷണല്‍ മനോഭാവമുള്ള ഒരു ക്ലബ്ബാണ്. അവര്‍ ടീമില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്താറില്ല. അതുകൊണ്ടു തന്നെ കളിയുടെ ശൈലി പിന്തുടരാന്‍ അവര്‍ക്കു വളരെ എളുപ്പമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെയോ ചെന്നൈയുടെയോ കാര്യമെടുത്താല്‍, അവര്‍ എല്ലാ വര്‍ഷവും പുതിയ കളിക്കാരുടെ ശൈലിയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നതായി കാണാം. പരിശീലകരും മാറുന്നു.

അതുകൊണ്ടു തന്നെ ടീം ഒന്ന് ഇണങ്ങി വരുമ്പോഴേക്കും സീസണിലെ പകുതി മത്സരങ്ങള്‍ കഴിഞ്ഞിരിക്കും. കേരളത്തിന്റെ ശരിയായ പ്രശ്‌നം എന്താണെന്ന് എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. എല്ലാ വര്‍ഷവും അവര്‍ നല്ല പരിശീലകരെ കൊണ്ടുവരുന്നുണ്ട്. എന്നിട്ടും കേവലം രണ്ടു പ്രാവശ്യം മാത്രമാണ് അവര്‍ക്കു ഫൈനലില്‍ എത്താന്‍ സാധിച്ചത്. സ്ഥിരത ഒട്ടും ഇല്ലാത്ത ടീമായി കേരളം മാറിയിരിക്കുന്നു. ചെന്നൈയും ഒരു പരിധി വരെ ആ വഴിയില്‍ തന്നെയാണ്.

raman vijayan football player

താങ്കളുടെ അഭിപ്രായത്തില്‍ അപ്രതീക്ഷിത പ്രകടനം നടത്തുന്ന ഈ വര്‍ഷത്തെ ടീം ഏതാണ്?

ഹൈദരാബാദ് എഫ് സിയുടെ ഈ വര്‍ഷത്തെ പ്രകടനം വളരെ മതിപ്പുണ്ടാക്കുന്നതാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും നന്നായി കളിക്കാന്‍ കഴിയുന്നുണ്ട്. ഈ രണ്ടു ടീമുകളാണ് പൊതുവെ ആരും പ്രതീക്ഷിക്കാത്ത പ്രകടനങ്ങളുമായി ഇത്തവണ അതിശയിപ്പിച്ചത്.

ഈ ടീമുകളില്‍ വളരെയധികം ഇന്ത്യന്‍ കളിക്കാര്‍ കളിക്കുകയും അവര്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. വെറും രണ്ട് വിദേശ കളിക്കാരെ മാത്രമുള്‍പ്പെടുത്തിയാണ് ഹൈദരാബാദ് ചില മത്സരങ്ങള്‍ കളിച്ചത്.

ഇന്ത്യന്‍ കളിക്കാര്‍ക്ക് ഇതുപോലെ കൂടുതല്‍ അവസരങ്ങള്‍ കൊടുക്കുന്നത് വഴി ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ നിലവാരം ഉയരും. അതാണ് നമുക്ക് വേണ്ടതും. അതുപോലെ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. അവരുടേത് വളരെ നല്ല പരിശീലകനാണ്. കളിക്കാരെ വളരെ നന്നായി കളിപ്പിക്കാന്‍ ജെറാര്‍ഡ് നുസിനാകുന്നുണ്ട്. അവര്‍ക്കും ഒട്ടേറെ പുതിയ കളിക്കാരുണ്ട്. ഇങ്ങനെ ഈ രണ്ട് ടീമുകളും ആശ്ചര്യപ്പെടുത്തുന്നുമുണ്ട്.

ഈ സീസണില്‍ മികച്ച പ്രകടനം നടത്തിയ മലയാളി താരങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ?

സുബൈര്‍ നന്നായി കളിക്കുന്നുണ്ട്. രഹനേഷ് പതിവുപോലെ മികച്ച പ്രകടനമാണ് ഇത്തവണയും നടത്തിക്കൊണ്ടിരിക്കുന്നത്. കെപി രാഹുലിന്റെ പ്രകടനം എടുത്തുപറയേണ്ടതായുണ്ട്. ആഷിഖ് കരുണിയനാണ് മറ്റൊരാള്‍. എന്നാല്‍ അറ്റാക്കിങ്ങില്‍ അയാളെ കൂടുതലായി ഉപയോഗപ്പെടുത്തുന്നില്ല.

അറ്റാക്കിങ്ങിലുള്ള കളിക്കാരെയാണ് നമ്മള്‍ പെട്ടെന്ന് ശ്രദ്ധിക്കുക. അവരാണ് കൂടുതല്‍ പ്രസിദ്ധരാകുന്നതും. അതുകൊണ്ടാണ് ടീമിനായി നന്നായി കളിച്ചിട്ടും പലപ്പോഴും ആഷിഖ് ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.

ഇതുപോലെ തമിഴ് നാട്ടില്‍ നിന്നുള്ള എടുത്തു പറയാവുന്ന കളിക്കാര്‍ ആരൊക്കെയാണ്?

എഫ് സി ഗോവയ്ക്കുവേണ്ടി റൊമാരിയോ നന്നായി കളിക്കുന്നുണ്ട്. ഗോവ പോലെയുള്ള ഒരു ടീമില്‍ അന്തിമ ഇലവനില്‍ ഇടം പിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അവര്‍ക്ക് മികച്ച ഒട്ടേറെ കളിക്കാറുണ്ട്. അതിനിടയില്‍ കോച്ചിന്റെ ശ്രദ്ധ പിടിച്ചുപറ്റി ടീമിലിടം പിടിക്കുകയും മൂന്നു കളികളില്‍ നിന്ന് മൂന്ന് അസിസ്റ്റുമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത റൊമാരിയോ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഒഡിഷയ്ക്കുവേണ്ടി കളിക്കുന്ന നന്ദകുമാര്‍, എഡ്വിന്‍, പാണ്ഢ്യന്‍ ശ്രീനിവാസന്‍ എന്നിവര്‍ മികച്ച സാധ്യതകളുള്ള കളിക്കാരാണ്. പക്ഷെ അവര്‍ക്കൊന്നും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വേണ്ടത്ര അവസരങ്ങള്‍ ഇനിയും കിട്ടിയിട്ടില്ല.

നിങ്ങളുടെ കാലത്ത് ഐ എസ് എല്‍ പോലുള്ള ടൂര്‍ണമെന്റുകള്‍ ഇല്ലായിരുന്നെങ്കില്‍ കൂടി നമുക്ക് താരമൂല്യമുള്ള ഒട്ടേറെ ഇന്ത്യന്‍ കളിക്കാര്‍ ഉണ്ടായിരുന്നു. ഐ എം വിജയന്‍, രാമന്‍ വിജയന്‍, ജോ പോള്‍ അഞ്ചേരി, വി പി സത്യന്‍, ബൈച്ചുങ് ബൂട്ടിയ എന്ന് തുടങ്ങി സുനില്‍ ഛേത്രി വരെയുള്ള താരങ്ങള്‍ അങ്ങനെ പ്രശസ്തരായവരാണ്. ഇന്ന് പക്ഷെ അത്തരത്തില്‍ മികച്ച, അറിയപ്പെടുന്ന ഇന്ത്യന്‍ താരങ്ങള്‍ കുറയുകയും ഐ എസ് എല്‍ ടീമുകള്‍ കൂടുതലായി വിദേശ താരങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നില്ലേ?

അതിനു കാരണമുണ്ട്. ഫുടബോളില്‍ ഒരാള്‍ സ്റ്റാര്‍ ആകുന്നത് ഗോളുകള്‍ അടിക്കുമ്പോഴാണ്. കൂടുതല്‍ ഗോളുകള്‍ അടിക്കുന്നവര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അതിന് മുന്നേറ്റ നിരയില്‍ കളിക്കാന്‍ കഴിയണം. നിങ്ങള്‍ എത്ര നല്ല ഗോള്‍ കീപ്പര്‍ ആയിരുന്നാലും ഗോളടിക്കുന്ന കളിക്കാരന്റെ അത്ര പരിഗണന നിങ്ങള്‍ക്ക് കിട്ടില്ല.

ഒരു സെന്റര്‍ ബാക്ക് കളിക്കുന്ന മികച്ച പ്രതിരോധ കളിക്കാരനെ കളിക്കളത്തിന് പുറത്ത് ആരും അറിയണമെന്ന് പോലുമില്ല. സന്ദേശ് ജിങ്കാന്‍ പോലെ ഒരാളൊക്കെ മാത്രമാണ് അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. അതേ സമയം ഐ എസ്എ എല്ലിലെ മിക്ക വിദേശ കളിക്കാരും അറ്റാക്കിങ് വിദഗ്ധരാണ്.

നല്ല കളിക്കാര്‍ നമുക്കുണ്ടെങ്കിലും ഇവരുടെ സാന്നിധ്യമുള്ളതിനാല്‍ നമ്മുടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ കിട്ടാതെയുമാകും. പരിശീലകരും വിദേശികളായതിനാല്‍ അവരുടെ കളി രീതികളോട് പെട്ടെന്ന് പൊരുത്തപ്പെടുന്ന വിദേശ താരങ്ങളെ മുന്നേറ്റ നിരയിലേക്ക് നിയോഗിക്കാന്‍ അവര്‍ക്ക് സ്വാഭാവികമായ ഒരു പ്രവണതയുമുണ്ടാകും.

ഇതിനെ അതിജീവിക്കാന്‍ എന്താണ് ചെയ്യാനാവുക?

ആദ്യ രണ്ട് സീസണുകളില്‍ അതിനുള്ള ബോധപൂര്‍വ്വമായ ശ്രമം പലരും നടത്തിയിരുന്നു. രണ്ടാമത്തെ സീസണില്‍ ഞാന്‍ ഡല്‍ഹി ഡൈനാമോസിന്റെ കോച്ചായിരുന്നപ്പോള്‍ കുറേ കളിക്കാരെ കണ്ടെത്തിയിരുന്നു. മൂന്ന്, നാല് സീസണുകളില്‍ അവര്‍ അതിന്റെ ഫലം കാണിക്കുകയും ചെയ്തു. എന്നാല്‍ അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവും മൂലം മിക്കവരും പിന്നീട് പിറകോട്ട് പോവുകയാണുണ്ടായത്. പക്ഷെ നമുക്ക് ഇത് ഒരു പുതിയ അനുഭവമാണല്ലോ.

ഇന്ത്യന്‍ ഫുട്‌ബോളിലും പ്രൊഫഷണലിസത്തിന്റെ ഒട്ടേറെ ഘടകങ്ങള്‍ കൊണ്ടുവരാന്‍ ഐ എസ് എല്ലിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഭക്ഷണം പോലും എത്തരത്തില്‍ ക്രമീകരിക്കണം, നിങ്ങള്‍ എങ്ങനെ പ്രൊഫഷനലായിരിക്കണം എന്നതും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വിദേശത്തുള്ളവര്‍ ചെറുപ്പത്തിലേ സ്വായത്തമാക്കുന്നുണ്ട്.

നമുക്ക് ഇതെല്ലാം വളരെ താമസിച്ചാണ് കിട്ടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികള്‍ക്ക് അവരെപ്പോലെ മാറാന്‍ പലപ്പോഴും കഴിയാറില്ല. വിദേശ താരങ്ങളോടൊപ്പം കളിക്കുന്നതിനാല്‍ നമ്മുടെ പല കളിക്കാരിലും ഇപ്പോള്‍ അവരുടെ സ്വാധീനത്താല്‍ പോസിറ്റീവായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇപ്രാവശ്യത്തെ ഫൈനലിസ്റ്റുകളെക്കുറിച്ചുള്ള രാമന്‍ വിജയന്റെ പ്രവചനം? ഏതൊക്കെ ടീമുകള്‍ക്കാണ് സാധ്യത?

ഇതുവരെയുള്ള കളികളുടെ വെളിച്ചത്തില്‍ മുംബൈയ്ക്കും എടികെ യ്ക്കും തന്നെയാണ് സാധ്യത. അവസാന നാലില്‍ വരാന്‍ സാധ്യതയുള്ളവര്‍ ഗോവ, ബാംഗ്ലൂര്‍ എന്നിവരാണ്.

ഹൈദരാബാദ് നന്നായി കളിക്കുന്നുണ്ട്. പക്ഷെ മത്സരങ്ങളില്‍ പലതും ജയിക്കാനാവാതെ പോകുന്നത് അവരെ പ്രതികൂലമായി ബാധിക്കുന്നു. മുന്‍ നിരയില്‍ എത്താനാവശ്യമായ ഏറ്റവും മികച്ചവരായ ഏതാനും കളിക്കാരുടെ കുറവ് അവര്‍ക്കുണ്ട്.

എ ടി കെ യിലും ബി എഫ് സി യിലും മുംബൈയിലും അനുഭവസമ്പത്തുള്ള ഒരുപിടി കളിക്കാരുണ്ട്. അത്തരം കളിക്കാരുടെ കുറവാണ് ഹൈദരാബാദ് അനുഭവിക്കുന്ന പ്രശ്‌നം. അവര്‍ കളിക്കുന്നുണ്ട്. ശക്തമായി പൊരുതുന്നുമുണ്ട്. പക്ഷെ സ്ഥിരതയോടെ ജയങ്ങള്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കാകുന്നില്ല. അവസാന നാലിലെത്താന്‍ അതുപോര.

ഫുട്‌ബോളില്‍ കളിക്കാരനായും പരിശീലകനായും തിളങ്ങിയ രാമന്‍ വിജയന്റെ കമന്റേറ്റര്‍ എന്ന പുതിയ റോള്‍ എങ്ങിനെ അനുഭവപ്പെടുന്നു?

എനിക്ക് കണ്ണ് തുറപ്പിക്കുന്ന ഒരു അനുഭവമാണിത്. എനിക്ക് ഫുടബോളിനെ വ്യത്യസ്തമായ ഒരു തലത്തില്‍ നിന്നുകൊണ്ട് കാണുവാന്‍ സാധിക്കുന്നുണ്ട്. ഞാനിപ്പോള്‍ ഫുട്‌ബോളിനെ കാണുകയാണ്. എല്ലാം ഞാനിപ്പോള്‍ മറ്റൊരു കണ്ണുകൊണ്ട് സ്വീകരിക്കുന്നു. ഒട്ടേറെ കാര്യങ്ങള്‍ ഞാനിപ്പോള്‍ പഠിക്കുന്നു. വ്യത്യസ്തമായ റോള്‍ ആണ്.

പക്ഷെ വളരെ വെല്ലുവിളി നിറഞ്ഞ കര്‍ത്തവ്യമാണിത്. ഒരുവിധം നന്നായി ചെയ്യാന്‍ കഴിയുന്നുണ്ടെന്നാണ് എനിക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കുന്നത്. തമിഴ് പ്രേക്ഷകര്‍ ആവേശത്തോടെ ഫുട്‌ബോളിനെ സമീപിക്കുന്നത് സന്തോഷം നല്‍കുന്ന അനുഭവമാണ്.

raman vijayan football academy  chennai tamilnadu

രാമന്‍ വിജയന്‍ അക്കാദമിയെയും കോച്ചിംഗിനെയും പറ്റി?

അക്കാദമിക്ക് ചെന്നൈയില്‍ രണ്ട് റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും വിവിധ നഗരങ്ങളില്‍ കുട്ടികള്‍ വന്ന് പരിശീലനം നടത്തി പോകുന്ന ചെറു കേന്ദ്രങ്ങളുമാണുള്ളത്. കൊറോണ മൂലം താല്‍ക്കാലികമായി പരിശീലനങ്ങളെല്ലാം തന്നെ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ചില കേന്ദ്രങ്ങള്‍ ഈയിടെ തുറന്നു.

റെസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ പരിശീലനം തുടങ്ങാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അക്കാദമയില്‍ നിന്നുള്ള അഞ്ചു കളിക്കാര്‍ ഇപ്പോള്‍ വിവിധ ടീമുകളില്‍ കളിക്കുന്നുണ്ട്. ഗോകുലം എഫ് സി യില്‍ മായക്കണ്ണനും ഗണേഷും കളിക്കുന്നു.

ഓള്‍ ഇന്ത്യ യൂത്ത് ലീഗില്‍ ടോപ് സ്‌കോററായ ശിവ ശക്തി നമ്മുടെ അക്കാദമിയില്‍ നിന്നുള്ള താരമാണ്. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ മികച്ച താരമായി ഉയരാന്‍ ശിവശക്തിക്ക് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. ഇപ്പോള്‍ ബി എഫ് സി യുടെ അണ്ടര്‍ 20 ടീമില്‍ അംഗമാണ് ശിവ.

മലയാളികളായ കാല്‍പ്പന്താസ്വാദകരോട് എന്താണ് പ്രത്യേകമായി പറയാനുള്ളത്?

മലയാളികളെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. ഞാന്‍ ബഹുമാനിക്കുന്ന ഒട്ടേറെ കളിക്കാരും കേരളത്തിലുണ്ട്. എഫ് സി കൊച്ചിനിലെ കാലത്തെക്കുറിച്ച് എനിക്ക് വളരെ മനോഹരമായ ഓര്‍മ്മകളാണുള്ളത്. ജോ പോളും കാള്‍ട്ടര്‍ ചാപ്മാനുമൊക്കെയൊത്തുള്ള നല്ല കാലങ്ങളായിരുന്നു അവ.

കേരളാ ഫുട്‌ബോളിന്റെ നല്ല കാലമായിരുന്നു അത്. അതേപോലെ തന്നെ കേരളം ഫുട്‌ബോളില്‍ ഉയരങ്ങളിലെത്തണമെന്നാണ് എന്റെ ആഗ്രഹം. ഫുട്‌ബോള്‍ പ്രേമികളോട് പറയാനുള്ളത് ടീം മോശം അവസ്ഥയിലായിരിക്കുമ്പോള്‍ ടീമിനെ ഉപേക്ഷിക്കരുതെന്നാണ്. അവര്‍ക്ക് ആത്മവീര്യം നല്‍കാന്‍ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ഇതാണ് എനിക്ക് നല്‍കാനുള്ള സന്ദേശവും.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More