‘എല്ലാ സിനിമകളിലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് ആര്‍ക്കാണ് ശാഠ്യം പിടിക്കാനാകുക’

ഐന്‍ എന്നാല്‍ കണ്ണ് എന്നാണ് അര്‍ത്ഥം. മുഹമ്മദ് മുസ്തഫയെന്ന അഭിനേതാവിന്റെ കാര്യത്തില്‍ ഐന്‍ എന്ന സിനിമ ആ അഭിനയപ്രതിഭയെ അടുത്തറിയാനുള്ള കണ്ണായിരുന്നു. ദേശീയ പുരസ്‌കാര വേദിയില്‍ ആ അഭിനയം പ്രത്യേക പരാമര്‍ശം നേടി. വര്‍ഷങ്ങള്‍ക്കിപ്പുറം അത് കപ്പേളയിലേക്കെത്തുമ്പോള്‍ പ്രതിഭയുടെ കൈയൊപ്പ് തിരക്കഥയിലും സംവിധാനത്തിലും ചാര്‍ത്തി മുസ്തഫ പുതുപ്രതീക്ഷ പകരുന്നു. ക്ളിനിക്കല്‍ പെര്‍ഫെക്ഷനിലൂടെ തിരക്കഥയുടെ, കഥ പറച്ചിലിന്റെ മറ്റൊരു അനുഭവവും കപ്പേള ഒരുക്കുന്നു. കൊവിഡിന്റെ പ്രതിസന്ധിയില്‍ മുങ്ങിപ്പോകുമായിരുന്ന ഒരു കൊച്ചുചിത്രം ഓണ്‍ലൈന്‍ റിലീസിലൂടെ പ്രേക്ഷകരെ തേടിയെത്തുമ്പോള്‍, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകളും വിമര്‍ശനങ്ങളുടെ കല്ലുകളും മുസ്തഫ ആവോളം ഏറ്റുവാങ്ങുന്നുണ്ട്. വിമര്‍ശനങ്ങള്‍, അഭിനന്ദനങ്ങള്‍, രാഷ്ട്രീയം, സദാചാരം, ഓണ്‍ലൈന്‍ റിലീസ് എന്നിങ്ങനെ ഉയര്‍ന്നുവരുന്ന എല്ലാറ്റിനോടും ധനശ്രീയോട് പ്രതികരിക്കുകയാണ് മുഹമ്മദ് മുസ്തഫ.

അഭിനേതാവ് എന്ന നിലയില്‍ സിനിമയില്‍ വന്നയാളാണ് മുഹമ്മദ് മുസ്തഫ. ഇപ്പോള്‍ സംവിധായകനായി, തിരക്കഥാകൃത്തായി ആദ്യ സിനിമ കപ്പേള വിജയത്തിലെത്തി നില്‍ക്കുന്നു. ഈ വ്യത്യസ്ത റോളുകളില്‍ ഏതിലാണ് സംതൃപ്തി കൂടുതല്‍ ?.

ഏത് ജോലിയാണെങ്കിലും റോളാണെങ്കിലും വിജയിക്കുമ്പോളാണ് ആളുകള്‍ നമ്മുടെ കൂടെ നില്‍ക്കുന്നത്. വിജയിച്ച് നില്‍ക്കുമ്പോഴാണ് നമുക്കും സംതൃപ്തി ലഭിക്കുക. സിനിമയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ചര്‍ച്ചയുമൊക്കെ ഉയര്‍ന്നുവരുമ്പോഴാണ് വ്യക്തിപരമായി നമുക്കും സംതൃപ്തി ലഭിക്കുക.

സംവിധായകനായും അഭിനേതാവായും റോളേറ്റെടുത്ത് വിജയിച്ചയാളാണ്. അഭിനേതാവെന്ന നിലയില്‍ ഐനിലൂടെ ദേശീയതലത്തില്‍ പ്രത്യേക പരാമര്‍ശവും നേടി. സങ്കടം, സന്തോഷം, ഹാസ്യം മുതലുള്ള വികാരങ്ങളെടുത്താല്‍ ഏത് വികാരമാണ് അഭിനേതാവെന്ന നിലയില്‍ വെല്ലുവിളിയായി തോന്നിയിട്ടുള്ളത് ?. സംവിധായകനെന്ന നിലയില്‍ അഭിനേതാക്കളോട് പറഞ്ഞ് ഫലിപ്പിക്കാന്‍ പറ്റാതായതോ, വെല്ലുവിളിയായതോ ആയ ദൃശ്യങ്ങളുണ്ടായിട്ടുണ്ടോ ?.

സംവിധായകനെന്ന നിലയില്‍ ഒറ്റപ്പടമേ ആയിട്ടുള്ളൂ. അതിന്റെ വെളിച്ചത്തിലേ പറയാന്‍ പറ്റൂ. ആക്ടര്‍ എന്ന നിലയിലും അങ്ങനെ വെല്ലുവിളിയായി ഉയര്‍ന്നുവന്ന രീതിയിലുള്ള ഒന്നും ഉണ്ടായിട്ടില്ല. കുറച്ച് കഥാപാത്രങ്ങളേ ലഭിച്ചിട്ടുള്ളൂ എന്നതാകാം കാരണം. പിന്നെ സിനിമയിലെത്തും മുമ്പ് ഞാന്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രി ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളുമായാണ് സിനിമയിലെത്തുന്നത്.

വെല്ലുവിളി ഉയര്‍ത്തുന്ന കഥയും കഥാപാത്രങ്ങളും ഭാവിയില്‍ ഉണ്ടാകുമെന്ന് അറിയുകയുമില്ല. പ്രതീക്ഷിക്കുകയേ നിവൃത്തിയുള്ളൂ. പിന്നെ സംവിധായകനെന്ന നിലയില്‍ മാറി നിന്ന് കാര്യങ്ങള്‍ കാണുക, പറഞ്ഞ് കൊടുക്കുക. അഭിനേതാക്കളോട് നന്നായി ആശയവിനിമയം നടത്തുക എന്നതാണ് പ്രധാനം. കപ്പേളയെപറ്റി പറയുകയാണെങ്കില്‍ എല്ലാക്കാര്യങ്ങളും അഭിനേതാക്കളെ ബോദ്ധ്യപ്പെടുത്താനായി എന്നാണ് ഞാന്‍ കരുതുന്നത്. അതിനുള്ള ഔട്ട് പുട്ട് കിട്ടിയിട്ടുണ്ട്. അതിന്റെ ഗുണവും ഉണ്ടായി.

'എല്ലാ സിനിമകളിലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് ആര്‍ക്കാണ് ശാഠ്യം പിടിക്കാനാകുക' 1
മുഹമ്മദ് മുസ്തഫ

അങ്ങനെ പറഞ്ഞുകൊടുത്തതില്‍ അഭിനേതാക്കള്‍ ബ്രില്യന്റായി ചെയ്തു എന്ന് തോന്നിയ സീനുകളുണ്ടായിരുന്നോ ?.

തീര്‍ച്ചയായും മിക്ക സീക്വന്‍സുകളും പ്രതീക്ഷിച്ചതിനേക്കാള്‍ നന്നായി അഭിനേതാക്കള്‍ക്ക് ചെയ്യാനായി. പിന്നെ അന്നബെന്നിന്റെ കഥാപാത്രം ഒരു പ്രത്യേക മൊമന്റില്‍ കടല്‍ കാണിച്ച് തരുമോ എന്ന് ചോദിക്കുന്ന സീനുണ്ട്. ആ മൊമന്റ് ഇത്തിരി അപകടം പിടിച്ചതായിരുന്നു.

അതൊരു ക്രിട്ടിക്കല്‍ മൊമന്റാണ്. ആ സീനില്‍ അങ്ങനെ വച്ചാല്‍ എങ്ങനെ ഉണ്ടാകും എന്ന ചെറിയ ഭയം ഉണ്ടായിരുന്നു. ആ സീന്‍ ആളുകള്‍ എങ്ങനെ എടുക്കും. രണ്ട് രീതിയില്‍ വേണമെങ്കില്‍ എടുക്കാം. പക്ഷേ എന്റെ മനസില്‍ കാണുമ്പോള്‍ ആ സംഭാഷണം ആ സാഹചര്യത്തില്‍ പറയുമ്പോള്‍ ഉള്ളില്‍ നിന്ന് പ്രത്യേക ഫീല്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ധൈര്യപൂര്‍വം വയ്ക്കാന്‍ തോന്നിയത് .

ധൈര്യപൂര്‍വം അങ്ങനെ വച്ചപ്പോഴും വര്‍ക്ക് ആകുമോ എന്ന ശങ്കയുണ്ടായിരുന്നു. പിന്നെ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ നീളന്‍ സീക്വന്‍സും ബുദ്ധിമുട്ടേറിയതായിരുന്നു. തിരക്കേറിയ സ്ഥലമായതിനാലായിരുന്നു വെല്ലുവിളി.

സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തിയേറ്ററുകള്‍ പൂട്ടി. ഓണ്‍ലൈന്‍ റിലീസിലൂടെയാണ് കപ്പേള പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എത്രത്തോളം അത് ഗുണം ചെയ്തിട്ടുണ്ട് ?. ഒ.ടി.ടി ഒരു സാദ്ധ്യതയാണോ ?.

സിനിമയെ സംബന്ധിച്ച് തിയേറ്റര്‍ എക്സ്പിരീയന്‍സാണ് ആസ്വാദനത്തിന്റെ പൂര്‍ണത. കപ്പേളയെ സംബന്ധിച്ച് ചുരുക്കം ചില ദിവസങ്ങളേ തിയേറ്ററില്‍ കിട്ടിയുള്ളൂ. ഓണ്‍ലൈന്‍ റിലീസായാണ് കൂടുതല്‍ ആളുകളിലേക്കെത്തിയത്. തിയേറ്റര്‍ റിലീസാണെങ്കില്‍ ഒരു വേള ജി.സി.സി രാജ്യങ്ങളില്‍ വരെ നമുക്ക് റിലീസ് ചെയ്യാനായേക്കും.

അതിനപ്പുറം രാജ്യങ്ങളിലേക്ക് നമുക്ക് പോകാനാകില്ല. പക്ഷേ ആ അതിര്‍ത്തി തന്നെ ഇല്ലാതായി. കാനഡയില്‍ നിന്ന് എനിക്ക് കഴിഞ്ഞദിവസം മെസേജ് വന്നു. ഓസ്ട്രേലിയ തുടങ്ങിയിടങ്ങളില്‍ നിന്ന് ആളുകള്‍ വിളിച്ചു. നമ്പര്‍ തപ്പിപ്പിടിച്ച് മാദ്ധ്യമപ്രവര്‍ത്തകര്‍ വരെ വിളിക്കുന്നു. ഒത്തിരി ഒത്തിരി അഭിനന്ദന കോളുകള്‍ എത്തി.

വന്‍കിട ബാനറുകളും ചെറുകിട ബാനറുകളും തമ്മിലുള്ള വിടവ് നേരത്തെ മലയാളത്തില്‍ വളരെ വലുതായിരുന്നു. പ്രമോഷന്‍, തിയേറ്റര്‍ ലഭിക്കാതിരിക്കല്‍ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ റിലീസ്, സാമൂഹിക മാദ്ധ്യമങ്ങള്‍ ചേര്‍ന്ന പുതിയ പരിസരം ചെറുകിട സിനിമക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടോ ?.

തീര്‍ച്ചയായും ഉണ്ട്. ഓണ്‍ലൈന്‍ മീഡിയകളും സിനിമാ പോര്‍ട്ടലുകളുമെല്ലാം വഴി സിനിമാ സ്നേഹികള്‍ ഗൗരവത്തോടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ടെലിഗ്രാം, യു ട്യൂബ് എന്നിവിടങ്ങളിലൂടെയും സിനിമകള്‍ കാണുന്നു.

പക്ഷേ ടൊറന്റില്‍ വരുമ്പോഴാണ് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നതും വിമര്‍ശിക്കുന്നതും. തിയേറ്ററില്‍ പോയി സിനിമ കണ്ട് അഭിപ്രായം പറയുന്നവര്‍ വളരെ കുറവാണ്. പിന്നെ ടെലിഗ്രാമിലൊക്കെ സിനിമയെത്തുന്നതും കാണുന്നതും നിയമവിരുദ്ധമാണ്. കപ്പേളയുടെ കാര്യത്തിലാണെങ്കില്‍ അത് നല്‍കിയിരിക്കുന്നത് നെറ്റ്ഫ്ളിക്സിനാണ്.

ടെലിഗ്രാമില്‍ നമ്മള്‍ കൊടുത്തിട്ടില്ല. സൂഫിയും സുജാതയുമാണെങ്കില്‍ ആമസോണ്‍ പ്രൈമിലാണ് കൊടുത്തിട്ടുള്ളത്. പക്ഷേ പിറ്റെദിവസം മുതല്‍ ടെലഗ്രാമില്‍ കാണുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനാകണം.

ഇന്ത്യയില്‍ നെറ്റ്ഫ്ളിക്സ് പോലെ പുതിയൊരു പോര്‍ട്ടല്‍ വന്നുകൂടായ്കയില്ല. കേരളത്തിലുമുണ്ടാകാം. ഇത്തരം നിയവിരുദ്ധ പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആ സാദ്ധ്യത അടയുകയാണ്.

സാമൂഹികമാദ്ധ്യമങ്ങളിലെ റിവ്യൂ പലപ്പോഴും പല സിനിമകളെയും നന്നായി സഹായിക്കുന്നു. നേരെ മറിച്ചും ഉണ്ടാകുന്നുണ്ട്. മിഥുന്‍മാനുവല്‍ തോമസിന്റെ ആട് 2 പോലുള്ള സിനിമകള്‍ ആ ഗണത്തിലുള്ളതാണ്. എങ്ങനെ വിലയിരുത്തുന്നു റിവ്യൂകളെ ?.

പക്ഷേ മറ്റൊരു കാര്യമുണ്ട്. ഈ അഭിപ്രായം പറയുന്നവര്‍ സിനിമ തിയേറ്ററില്‍ പോയിക്കണ്ടിരുന്നെങ്കില്‍ നല്ല ഫലമുണ്ടായേനെ. ആട് 1 ടൊറന്റിലൊക്കെ ഹിറ്റായതോടെയാണ് ആട് 2 ഹിറ്റാകുന്നത്. അയാളിലുള്ള വിശ്വാസം കൂടിയതോടെയായിരുന്നു വിജയം. ഞാനൊരിക്കലും അതിനെ കുറ്റം പറഞ്ഞതല്ല.

പക്ഷേ അവര്‍ അത് തിയേറ്ററില്‍ പോയിക്കണ്ടിരുന്നെങ്കില്‍ സിനിമയ്ക്ക് അത് കൂടുതല്‍ ഹെല്‍പ്പ്ഫുള്‍ ആയേനെ എന്നേ പറയുന്നുള്ളൂ. എന്റെ സിനിമയെക്കുറിച്ചുള്ള എല്ലാ വിമര്‍ശനങ്ങളെയും ആരോഗ്യപരമായ എല്ലാ അഭിപ്രായങ്ങളെയും ഞാന്‍ ഗൗരവമായെടുക്കുന്നുണ്ട്.

അതില്‍ നിന്നെല്ലാം എന്തെങ്കിലും പഠിക്കാനാകുമോ, മനസിലാക്കാനാകുമോ എന്നാണ് നോക്കുന്നത്. അടുത്തപടത്തിനായി അതില്‍നിന്നൊക്കെ ഊര്‍ജ്ജം ലഭിക്കുമോ എന്നും നോക്കാറുണ്ട്.

'എല്ലാ സിനിമകളിലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് ആര്‍ക്കാണ് ശാഠ്യം പിടിക്കാനാകുക' 2

തിരക്കഥയിലെ ക്ളിനിക്കല്‍ പെര്‍ഫെക്ഷന്‍, ലിനിയറായി കഥ പറയുന്ന രീതി എന്നിവയാണ് പ്രേക്ഷകരെ കപ്പേളയില്‍ പിടിച്ചിരുത്തുന്നത്. സൂക്ഷ്മമായി ഡിസൈന്‍ ചെയ്ത പ്ളോട്ടുകള്‍ അതേ രീതിയില്‍ പ്രേക്ഷകരുമായി സംവദിച്ചെന്ന് കരുതുന്നുണ്ടോ ?.

ഞാന്‍ മനസില്‍ക്കണ്ട സിനിമ ചെയ്യാനായി എന്ന ആത്മവിശ്വാസമുണ്ട്. അതില്‍ അപാകതകള്‍ ഇല്ല എന്നല്ല. ഞാന്‍ ഈ സിനിമ വീണ്ടും വീണ്ടും കാണുകയാണ്. ഞാന്‍ ആദ്യമായി ചെയ്ത സിനിമയിലെ തെറ്റുകുറ്റങ്ങള്‍ സംബന്ധിച്ച് ഒരു നോട്ട് തയ്യാറാക്കുന്നുണ്ട്.

പക്ഷേ ഒരു കാര്യമുണ്ട്. ഞാന്‍ മനസില്‍ കണ്ട സിനിമ നന്നായി ചെയ്യാനായിട്ടുണ്ട്. പലപ്പോഴായി, പലരോടും ഈ കഥ ഞാന്‍ നറേറ്റ് ചെയ്തിട്ടുണ്ട്. എന്റെ സുഹൃത്തുക്കള്‍, കൂടെ വര്‍ക്ക് ചെയ്തവര്‍ അങ്ങനെ പലരോടും. ആ രീതിയില്‍ തന്നെ സിനിമ ആക്കാന്‍ പറ്റിയല്ലോ എന്ന് അവരും സമ്മതിക്കുന്നുണ്ട്. അത് ആത്മവിശ്വാസം പകരുന്നുമുണ്ട്.

സൂക്ഷ്മമായി ഓരോ ദൃശ്യവും വിലയിരുത്താത്ത പലരും സദാചാര വാദികളെ വെള്ളപൂശുന്നു എന്ന ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരുവേള അത് കമ്മ്യൂണിക്കേഷന്‍ ഗാപ് എന്ന രീതിയിലും വിലയിരുത്താനാകുമോ ?.

ആ വിമര്‍ശനം സിനിമയെ എല്ലാ ആംഗിളിലും കാണാനാകാത്തതിനാല്‍ ഉന്നയിക്കുന്ന വിമര്‍ശനമാണ്. ഈ സിനിമ പ്രായഭേദമന്യേ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്ന ഒന്നായാണ് എനിക്ക് അനുഭവപ്പെട്ടത്.

പ്രതികരണങ്ങളും അങ്ങനെ തന്നെയായിരുന്നു. പ്രായമായവര്‍, കൗമാരക്കാര്‍, സ്ത്രീകള്‍, വീട്ടമ്മമാര്‍, പൊലീസുകാര്‍ അങ്ങനെ നാനാതുറകളില്‍ നിന്ന് ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. പിന്നെ ഒരു ആംഗിളില്‍ മാത്രം കാര്യങ്ങളെ കാണുന്നതിന്റെ കുഴപ്പമുണ്ടാകാം. രണ്ടാഴ്ചയായി ഞാന്‍ അഭിപ്രായം കേട്ടുകൊണ്ടേ ഇരിക്കുകയാണ്.

എന്നെ ബിബിന്‍ ജോര്‍ജ്ജ് വിളിച്ചു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെയൊക്കെ തിരക്കഥാകൃത്ത്. മുസ്തഫ, ഞങ്ങള്‍ തമാശ സിനിമകളുടെയൊക്കെ ആളുകളാണ്. പക്ഷേ ഞങ്ങളെയൊക്കെ സ്ട്രൈക്ക് ചെയ്ത ഒരു ഷോട്ട് ഉണ്ട്. ഞാന്‍ റീപ്ളേ അടിച്ച് നോക്കി. ആനിയുടെ വീടിന്റെ മുറ്റത്ത് അച്ഛന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് പഠിപ്പിക്കുന്നുണ്ട്.

അത് പെണ്‍കുട്ടികളെ തന്നെയാണോ പഠിപ്പിക്കുന്നതെന്ന് റിപ്ളേ ചെയ്ത് അവര്‍ ഉറപ്പ് വരുത്തുകയായിരുന്നു. പക്ഷേ ഞാന്‍ സിനിമയില്‍, ആ സീനില്‍ അവിടെയൊന്നും യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല. പറയാതെ പറയുന്ന ഒരു കാര്യമാണ്. ഒരു പോരാട്ടത്തിനുള്ള തയ്യാറാകല്‍ ആ സീനിലുണ്ട്. ആ അച്ഛന്റെ മകളാണ് ആനി. അങ്ങനെയൊരു വായന അവിടെ നടക്കുന്നുണ്ട്.

ഈ പ്രശ്നങ്ങളൊക്കെ ഒന്നുകൂടി സിനിമ കണ്ടാല്‍ തീരാവുന്നതേ ഉള്ളൂ. പിന്നെ അമ്പലപറമ്പില്‍ റോയി നടക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പ്രണയം കാണുന്നുണ്ട്. കാമുകന്‍ ഉപദ്രവിക്കാന്‍ പോകുന്നതായി കാണുന്നുമുണ്ട്.

ടാ എന്ന് ആ നിമിഷം റോയ് വിളിക്കുന്നു. അതിലേ വാ എന്ന മറുപടി അവിടെ നിന്ന് ഉണ്ടാകുമ്പോഴാണ് അവന്‍ നോര്‍മലായി അവരെ കടന്നുപോകുന്നത്. ആ പെണ്‍കുട്ടിയുടെ പ്രണയത്തിലേക്ക് അവന്‍ സദാചാരവുമായല്ല കടന്നുവരുന്നത്.

ഈ സിനിമയുടെ സ്റ്റോറി ലൈന്‍ എനിക്ക് കിട്ടി പല ഘട്ടങ്ങളിലായി രണ്ടര വര്‍ഷമെടുത്താണ് ഇന്ന് കാണുന്ന കപ്പേളയുടെ സ്‌ക്രിപ്റ്റ് ആകുന്നത്. അത്രത്തോളം പ്രയത്നം അതിലുണ്ട്. റോയി സദാചാര വാദി ആകരുതെന്ന് ഞാന്‍ തീരുമാനിച്ചുറച്ചതാണ്. ജീവിതത്തില്‍ വില്ലനായി നാം കാണുന്നയാളുകളെല്ലാം യഥാര്‍ത്ഥത്തില്‍ വില്ലനാകണമെന്നില്ല എന്ന ലേയറിലാണ് സിനിമ മുന്നോട്ടുപോകുന്നത്.

നമ്മള്‍ പറയാറില്ലേ, പുസ്തകത്തിന്റെ പുറംചട്ടകണ്ട് ഉള്ളടക്കത്തെ വിലയിരുത്തേണ്ട എന്ന്. അത്തരമൊരു സന്ദേശമാണ് കപ്പേള പകരുന്നത്. തെറ്റിദ്ധരിക്കേണ്ട ഒരു കാര്യവും സിനിമയെക്കുറിച്ചില്ല. പിന്നെ മറ്റൊരു കാര്യമുണ്ട്.

സെലീന ചേച്ചിയുടെ ഫോണ്‍കോള്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്. മൊബൈല്‍ ഫോണിലൂടെ മൊബൈല്‍ഫോണിലെ സ്‌ക്രീന്‍ കാണുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്ന ഡീറ്റെയില്‍സാണത്. ബിഗ്സ്‌ക്രീനിലാണെങ്കില്‍ അത് നാം ശ്രദ്ധിക്കപ്പെടാതെ പോകില്ലായിരുന്നു.

സിനിമയുടെ രാഷ്ട്രീയ ശരി (പൊളിറ്റിക്കല്‍ കറക്ടനസ്) യെക്കുറിച്ചുള്ള വാദത്തെ മുസ്തഫ എങ്ങനെ വിലയിരുത്തുന്നു?.

ആര്‍ക്കാണ് എല്ലാ സിനിമകളിലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് ശാഠ്യം പിടിക്കാനാകുക. കഥാപാത്രങ്ങള്‍, കഥാപശ്ചാത്തലം അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ആകാം എന്നേ ഉള്ളൂ. അപ്പോഴേ അത് പ്രേക്ഷകര്‍ക്കും പകരാനാകൂ. ഒരു കാര്യത്തെയും വെറുതെ വെള്ളപൂശാനാകില്ല. റിയലിസ്റ്റികായി കഥ പറയുകയാണ് ചെയ്തത്.

സിനിമയില്‍ പല സീനിലും വേണമെങ്കില്‍ എനിക്ക് ആനിയെ ഉപദേഷ്ടാവ് ആക്കാമായിരുന്നു. ഡയലോഗിനെ അങ്ങനെയൊക്കെ ലിമിറ്റ് ചെയ്യുകയായിരുന്നു. കവലപ്രസംഗം പോലെ ബോധവത്കരണ സന്ദേശം വേണ്ടായെന്നത് തീരുമാനമായിരുന്നു.

കപ്പേളയില്‍ മറ്റൊരു പാളിയായി രണ്ട് രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. രാഖി കെട്ടി, കുറി തൊട്ട് മാന്യനായി നടിക്കുന്ന ഒരു കഥാപാത്രവും തല്ലുകൊള്ളിയായ കമ്മ്യൂണിസ്റ്റായ ഒരു കഥാപാത്രവും. ഈ കഥാപാത്ര നിര്‍മ്മിതിക്ക് പിന്നിലെന്താണ് ?.

ഈ ഫിലിമിന്റെ പ്രമേയം മനസില്‍ കണ്ട ശേഷമാണ് ഞാന്‍ തിരക്കഥയിലേക്ക് പൂര്‍ണ്ണമായെത്തുന്നത്. പടുത്ത് പടുത്ത് സിനിമയെ സപോര്‍ട്ട് ചെയ്യുന്ന രീതിയില്‍ ടെക്്സ്റ്റ് ആക്കുകയായിരുന്നു. പിന്നെ ഇതിലെ റിയല്‍ കഥാപാത്രങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.

ഇങ്ങനെയുള്ള ആളുകള്‍ ഇവിടെയൊക്കെ ഉണ്ട്. തൊട്ടപ്പനില്‍ റോഷന്റെ കഥാപാത്രം ഇതുപോലൊരാളാണ്. വേറൊരു മതത്തില്‍പെട്ട ഇതേപോലെ ബിഹേവ് ചെയ്യുന്ന വേറൊരു കഥാപാത്രം. കഥാപാത്രങ്ങളുടെ ഒരു ചമയം മാത്രമാണിത്. റിയലായി ഞാന്‍ കണ്ടതും കേട്ടതും വായിച്ചതും അനുഭവിച്ചതുമായ സംഭവങ്ങള്‍ ചേര്‍ത്ത് വച്ചാണ് ഈ സിനിമ ചെയ്തത്.

'എല്ലാ സിനിമകളിലും പൊളിറ്റിക്കല്‍ കറക്ടനസ് വേണമെന്ന് ആര്‍ക്കാണ് ശാഠ്യം പിടിക്കാനാകുക' 3

സിനിമയിലെ രാഷ്ട്രീയം പലപ്പോഴും ചര്‍ച്ചാ വിഷയമാകാറുണ്ട്. ഇപ്പോള്‍ അത് നേരിട്ടും പ്രമേയത്തിലൂടെ ഒളിച്ചും നമുക്ക് മുന്നിലെത്തുന്നു. എങ്ങനെ വിലയിരുത്തുന്നു ഈ വിഷയത്തെ ?.

ഞാന്‍ ആകെ ഒരു പടമേ ചെയ്തിട്ടുള്ളൂ. രാഷ്ട്രീയം മാത്രം കാണിക്കുന്ന സിനിമകളാകില്ല വരിക. പക്ഷേ പുതുതായി ചെയ്യുന്ന സിനിമയുടെ പൊളിറ്റിക്സ് തീര്‍ത്തും വ്യത്യസ്തമായിരിക്കും. ചിലപ്പോഴത് കറുത്തവന്റെ പൊളിറ്റിക്സ് ആകാം. പുതുതായി വരുന്ന സംഭവങ്ങള്‍, നാം ജീവിക്കുന്ന ചുറ്റുപാടുകള്‍ എല്ലാം കഥയായി വന്നേക്കാം.

ഇതിനോടൊക്കെ ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് കൊമേഴ്സ്യല്‍ സിനിമകളിലെ മുസ്ളിം കഥാപാത്രങ്ങള്‍. പലപ്പോഴും വില്ലനായി മാത്രമെത്തുന്ന കഥാപാത്രങ്ങള്‍ ഇസ്ളാമോഫോബിയയും പരത്തുന്നുണ്ട്. ഇത് മൂലം മുസ്ളിം സ്വത്വം പോലും വെളിവാകുന്ന സിനിമകള്‍ക്ക് പോലും പലരും മടിക്കുന്നു. സമീപകാലത്ത് വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായി. കൂടുതല്‍ ഹൃദ്യമായി, ജീവിതഗന്ധിയായി മുസ്ളിം ജീവിതത്തെ അടയാളപ്പെടുത്തുന്ന സിനിമകള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേ ?

ഓരോരുത്തരുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് സിനിമയുണ്ടാകുന്നത്. മുസ്ളിം ഭൂരിപക്ഷം താമസിക്കുന്ന മേഖലയില്‍ താമസിക്കുന്നയാളല്ല ഞാന്‍. മലപ്പുറം ചേളാരിയിലാണ് താമസം. എല്ലാ വിഭാഗക്കാരും അവിടെയുണ്ട്. അതിനാല്‍ എന്റെ ചുറ്റുപാട് എന്നത് മതത്താല്‍ ചുറ്റപ്പെട്ട കാഴ്ചപ്പാടല്ല.

കപ്പേള തന്നെയെടുത്താല്‍ അതില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. അതുപോലെ എന്റെ സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും ഉണ്ടാകും. എല്ലാ കഥാപാത്രങ്ങള്‍ക്കും വികാരങ്ങളുണ്ട്. പിന്നെ എല്ലാക്കാലത്തും സിനിമകളില്‍ മാറ്റമുണ്ടായിട്ടുണ്ട്. നാടകീയമായ രീതിയായിരുന്നു പണ്ട്. മുസ്ളിം വേഷങ്ങള്‍ക്ക് വെള്ള മുണ്ടും പച്ചബെല്‍റ്റും തൊപ്പിയുമായിരുന്നു പണ്ട് വേഷം. ഇന്നത് മാറി.

ഇന്ന് ആളുകളെ പലരെയും വേഷം കൊണ്ട് മതം തിരിച്ചറിയാനാകുമോ. കപ്പേളയിലെ അബുവെന്ന കഥാപാത്രം പാളയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. മദ്യപിക്കുന്നയാളുമാണ്. പക്ഷേ അയാള്‍ മദ്യപിച്ച് വഴിയില്‍ കിടക്കുന്നയാളല്ല.

സാമൂഹികമായ ഇടപെടല്‍ നടത്തുന്നയാളുമാണ്. എല്ലാ കഥാപാത്രങ്ങള്‍ക്കും ഇത്തരം ബാക് സ്റ്റോറിയുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും രാഷ്ട്രീയവുമുണ്ടാകും. അന്ധനായ മുരളിയേട്ടന്‍ മുരളീരവം എന്ന ഓര്‍ക്കസ്ട്രയുടെ ആളാണ്. തെരുവ് ഗായകനാണ്. പക്ഷേ സിനിമയില്‍ പറയുന്നില്ല.

എന്നാല്‍ അയാളിറങ്ങുന്ന ഓട്ടോയുടെ പിന്നില്‍ സ്പീക്കറൊക്കെ ഉണ്ട്. ഒരു കാര്യം പറയാം. സിനിമ എന്നത് കലയാണ്. ആളുകള്‍ ആസ്വദിക്കുന്നതുമാണ്. മതത്തേക്കാള്‍ ഉപരി കലയ്ക്കാണ് അവിടെ കൂടുതല്‍ പ്രാധാന്യം.

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More