ഒടിടിയെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ധാരാളം ഉണ്ട്: സീതാ ലക്ഷ്മി

ചുമരില്‍ തെളിയുന്ന വെള്ളിവെളിച്ചം… നമ്മെ ചുറ്റുന്ന ശബ്ദ സംവിധാനം, അരണ്ട വെളിച്ചം, മുന്നില്‍ മിന്നി മായുന്ന മായക്കാഴ്ചയായി സിനിമ… മലയാളികളുടെയെല്ലാം വികാരമാണ്. കൊവിഡില്‍ അതൊരു ഗൃഹാതുരത്വ സ്മരണയായി കഴിഞ്ഞിരിക്കുന്നു. ഷൂട്ടിംഗുകളും സിനിമാ ജോലികളും ജോലിക്കാരുമെല്ലാം പ്രതിസന്ധിയിലാണ്. മീഡിയ പ്ളാനര്‍ എന്ന നിലയില്‍ സിനിമയില്‍ സാന്നിദ്ധ്യം അറിയിച്ച സീതാ ലക്ഷ്മി ഈ പ്രതിസന്ധി കാലത്തെക്കുറിച്ച് വിവരിക്കുന്നു. മാറുന്ന ഓണ്‍ലൈന്‍ റിലീസിംഗ് കാലത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍, സാദ്ധ്യതകള്‍,പ്രതീക്ഷകള്‍ എന്നിവ ജയശ്രീ പട്ടാഴിയുമായി പങ്കുവയ്ക്കുന്നു.

വനിതാ സംരംഭക എന്ന നിലയില്‍ സിനിമയിലേക്ക് കാലെടുത്ത് വച്ചയാളാണ്. എന്തായിരുന്നു വെല്ലുവിളികള്‍?. പ്രത്യേകിച്ചും പുരുഷ കേന്ദ്രീകൃതമാണ് സിനിമയെന്ന പ്രതിച്ഛായ നിലനില്‍ക്കുമ്പോള്‍ ?.

ഞാന്‍ ഈ മേഖലയിലെത്തുമ്പോള്‍ സ്ത്രീകള്‍ അധികം ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോഴുള്ള പി.ആര്‍ വര്‍കില്‍ നിന്നും എന്ത് വ്യത്യസ്തമായി ചെയ്യാം എന്നതായിരുന്നു ചിന്ത. ഒരു സിനിമ കണ്ട് മനസിലാക്കി അതിന്റെ ടാര്‍ജറ്റ് ഓഡിയന്‍സ് ആരാണെന്ന് മനസിലാക്കി അതിന്റെ വിപണനതന്ത്രം നിശ്ചയിക്കുകയെന്നതായിരുന്നു ആ ആശയം.

കുട്ടികളുടെ സിനിമ കുട്ടികളിലേക്ക് എങ്ങനെ എത്തിക്കാം, ഫാമിലി സിനിമ ഫാമിലിയിലേക്ക് എത്തിക്കാം എന്നതാണ് അതിന്റെ രീതി. ശരിക്കും വെല്ലുവിളി എന്താണെന്ന് വച്ചാല്‍ എല്ലാവര്‍ക്കും പുതുതായി എന്തെങ്കിലും ചെയ്യണമെന്നുണ്ടാകും. പക്ഷേ വേണ്ട പണം ചെലവഴിക്കാന്‍ തയ്യാറാകുകയുമില്ല. 3-4 കോടി മുടക്കി നിര്‍മ്മിക്കുന്ന പടത്തിന് 3-4 ലക്ഷം പോലും മാര്‍ക്കറ്റിംഗിനായി ചെലവഴിക്കാന്‍ പറ്റാത്തവരുണ്ട്. മീഡിയ പ്ളാനിംഗിന് എന്തിനാണ് കാശെന്നാകും പലരുടെയും ചോദ്യം.

അവരെ പറഞ്ഞു മനസിലാക്കി ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അവരൊക്കെ ശീലീച്ച് പോന്ന രീതിയില്‍ നിന്ന് മാറ്റുക പ്രയാസമായിരുന്നു. പിന്നെ പിന്നെ കാര്യം മനസിലാകാന്‍ തുടങ്ങി. പിന്നെ വ്യത്യസ്തമായി ചെയ്യാന്‍ ആവശ്യപ്പെട്ട് തുടങ്ങി. അപ്പോള്‍ സാദ്ധ്യതയും കൂടി. പിന്നെ എനിക്കൊരിക്കലും ആണ്‍ പെണ്‍ വ്യത്യാസം ഇതുവരെ തോന്നിയിട്ടില്ല. എല്ലാവര്‍ക്കും ഇവിടെ സ്പേസുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നാമത് കണ്ടെത്തണമെന്നേ ഉള്ളൂ.

സീതാ ലക്ഷ്മി, പി.ആര്‍ എന്നതില്‍ നിന്ന് മീഡിയ പ്ളാനിംഗ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.

സിനിമയുടെ വാര്‍ത്ത എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് പി.ആര്‍.ഒയുടെ ചുമതല. മീഡിയ പ്ളാനിംഗിലേക്ക് എത്തുമ്പോള്‍ ഒരു സിനിമ പ്രമേയം കൊണ്ട് എന്താണ് ?, ആരിലേക്കെത്തണം, ഏതൊക്കെ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കാം. ശരിക്കും ഈ വര്‍ക്കിന് ഒരു അളവ് കോല്‍ ഇല്ല. വര്‍ക്കിലെ സാദ്ധ്യതകളെന്തൊക്കെ എന്ന് കണ്ടെത്തുക അത് മാത്രമാണ് പ്രധാനം.

ഒടിടിയെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ധാരാളം ഉണ്ട്: സീതാ ലക്ഷ്മി 1
സീതാ ലക്ഷ്മി

മുന്‍കാലങ്ങളില്‍ സിനിമ പ്രമോഷന്‍ എന്നത് ദൃശ്യമാദ്ധ്യമങ്ങള്‍, പത്രം, മാഗസിന്‍ എന്നിവയായിരുന്നു. ന്യൂ മീഡിയ എന്ന സാമൂഹിക മാദ്ധ്യമങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഇക്കാലത്ത് ഈ വിഭാഗങ്ങളുടെ പ്രസക്തിയെന്താണ് ?

ഓണ്‍ലൈനായി എത്ര അപ്ഡേറ്റാണെന്ന് പറഞ്ഞാലും നമ്മളെല്ലാം പത്രം വരുത്തുന്നവരാണ്. പ്രായമുള്ളവരില്‍ പലരും മക്കളൊക്കെ ദൂരെയായത് കൊണ്ടും മറ്റും ടെക്നോളജി പഠിക്കാന്‍ നിര്‍ബന്ധിതരായതാണ്. ഭൂരിഭാഗവും പത്രം, മാഗസിന്‍ ഒക്കെ ആശ്രയിക്കുന്നവരാണ്.

രണ്ടാമത് ടി.വിയാണ്. പ്രൊമോഷന്റെ കാര്യത്തില്‍ ഒരു ഫാമിലിയിലേക്ക് കടന്നുചെല്ലാന്‍ ടിവിയാണ് എപ്പോഴും നല്ലത്. ഫാമിലി ഓഡിയന്‍സിനെ ടാര്‍ജറ്റ് ചെയ്യാം. അത് പ്രൈം ടൈമിലെ പ്രധാന പ്രോഗ്രാമുകളാകാം. സീരിയലുകളാകാം.

അതുപോലെ കുട്ടികള്‍ക്കായുള്ള പ്രോഗ്രാമുകളൊക്കെ രക്ഷാകര്‍ത്താക്കളൊക്കെ കാണുന്നതു കൊണ്ട് അതും ഫാമിലി പ്രോഗ്രാം തന്നെയാണ്. അതിനിടയില്‍ പരസ്യം കൊടുത്തൊക്കെ മാര്‍ക്കറ്റ് ചെയ്യാറുണ്ട്. ഹിന്ദിയിലൊക്കെ ആക്ടേഴ്സ് ടി.വിയിലെ പല പ്രോഗ്രാമുകളിലൂടെയും സീരിയലിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി അവരുടെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാറുണ്ട്. ഇവിടെ ആ ഒരു പ്രവണത വരുന്നുണ്ട്.

ഞങ്ങള്‍ അത് രജിഷയെ വച്ച് ഉപ്പും മുളകും ചെയ്തു. ജൂണ്‍ സിനിമയ്ക്കായി. അതാണ് തുടക്കം. ഉപ്പും മുളകും സീരിയലില്‍ ജൂണ്‍ എന്ന കാരക്ടറായി രജിഷയെ അവതരിപ്പിച്ച് പരീക്ഷിച്ച തന്ത്രമാണത്. ഇന്‍സ്റ്റഗ്രാമും ഫേസ് ബുക്കുമൊക്കെ എല്ലാവര്‍ക്കും ഉണ്ടെങ്കിലും ഇപ്പോഴും അതേപ്പറ്റി അറിയാത്ത ഒരു വിഭാഗമുണ്ട്.

പിന്നെ ഒന്ന് ഇന്‍ഫ്ളുവന്‍ഷ്യല്‍ മാര്‍ക്കറ്റിംഗ് ആണ്. സിനിമ മാത്രമല്ല ഇങ്ങനെ പ്രൊഡക്ട് മാര്‍ക്കറ്റിംഗും ചെയ്യാറുണ്ട്. ന്യൂ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവരെ വച്ച് ബ്രാന്‍ഡ് ചെയ്യും. ഏറ്റവും നല്ല ഉദാഹരണം ഒരു ടീസറോ ട്രെയ്ലറോ ലോഞ്ച് ചെയ്യാന്‍ മൂന്നോ നാലോ ആക്ടേഴ്സിന്റെ പേജിലൂടെ ചെയ്യാം.

ആക്ടര്‍ അഭിനയിച്ചിട്ടില്ലെങ്കില്‍ പോലും നമ്മള്‍ ഇടുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ അവരുടെ പേജിലൂടെ അത് കാണും. പുലി മുരുകന്‍ ഇറങ്ങിയ സമയത്ത് ഫാമിലിക്ക് പറ്റിയ പടമല്ല എന്നൊരു ധാരണ ഉണ്ടായിരുന്നു. അന്ന് ഞാന്‍ വച്ച ഒരു ഒപ്ഷനാണ് പ്രൈം ടൈം സീരിയലുകളുടെ സമയത്ത് പരസ്യം കൊടുക്കുക എന്നത്. അതും ലാലേട്ടന്‍ ഫാമിലിയായിട്ടുള്ള പോസ്റ്റേഴ്സ് ആണ് ചെയ്തത്. അത് വച്ച് മോഷന്‍ പോസ്റ്റേഴ്സ് ചെയ്തു. ആദ്യമായിട്ടാണ് സീരിയല്‍ സമയത്ത് അങ്ങനെ ഒരു പരസ്യം വരുന്നത്.

അത് നന്നായി ക്ളിക്കായി. ഒരാള്‍ എനിക്ക് ഫേസ് ബുക്ക് വഴി മെസേജയച്ചു. താങ്ക് യു ചേച്ചി, സീരിയല്‍ മാത്രം കാണാറുള്ള എന്റെ അമ്മയെ എനിക്ക് ഒരു സിനിമ കാണിക്കാനായി. തിയേറ്ററില്‍ കൊണ്ടുപോകാനായി. പരസ്യം കണ്ടിട്ടാണ്. എനിക്ക് അത് അംഗീകാരമായി തോന്നി.

സാമൂഹിക മാധ്യമ കാലഘട്ടത്തില്‍ പലപ്പോഴും വമ്പന്‍ സജ്ജീകരണങ്ങളോടെ എത്തുന്ന പ്രമോഷന്‍ ടീമുകളേക്കാള്‍ ചെറുസംഘങ്ങള്‍ക്ക് വിജയിക്കാനാകുന്നുണ്ട്. എന്താണിതിന്റെ കാരണങ്ങള്‍ ?

പാത്രം അറിഞ്ഞ് വിളമ്പുക എന്ന പോലെ എന്താണോ സിനിമയ്ക്ക് വേണ്ടത് അതിന് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യുക. കാമ്പസ് പടങ്ങള്‍ വിജയിക്കാന്‍ യൂത്തിനെ സ്വാധീനിക്കേണ്ടി വരും. അങ്ങനെയാണ് കോളേജ് പ്രൊമോഷന്‍ തുടങ്ങിയത്. പിന്നെ എല്ലാവരും എല്ലാ സിനിമക്കായും കോളേജ് പ്രൊമോഷന്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ എല്ലാ കോളേജുകളില്‍ നിന്നും വിളി വന്നുതുടങ്ങി. അങ്ങനെ ഇനി പ്രൊമോഷന്‍ ചെയ്യില്ലെന്നു പറഞ്ഞ സിനിമയായിരുന്നു അങ്കമാലി ഡയറീസ്.

ആ സിനിമയില്‍ എല്ലാവരും പുതുമുഖങ്ങളാണ്. അവരുടെ മുഖം പരിചയപ്പെടുത്തി എടുക്കുക വെല്ലുവിളിയായിരുന്നു. ഇന്നവരെ എല്ലാവര്‍ക്കും അറിയാം. അന്ന് ആ സിനിമയുടെ പോസ്റ്റര്‍ കാണുമ്പോള്‍ ആര്‍ക്കും ആര്‍ട്ടിസ്റ്റുകളെ അറിയില്ല. ആകെ അറിയാവുന്ന നാലു പേര്‍ ലിജോ, ചെമ്പന്‍ വിനോദ്, പ്രശാന്ത് പിള്ള, വിജയ് ബാബു എന്നിവരാണ്.

ഞങ്ങള്‍ പ്രൊമോഷനായി ചാനലുകളെ സമീപിച്ചപ്പോള്‍ പുതുമുഖങ്ങളായതിനാല്‍ ആളുകള്‍ കാണുമോയെന്ന് സംശയം പറഞ്ഞു. ഞാന്‍ അങ്ങോട്ട് നിര്‍ബന്ധിച്ചാണ് പ്രൊമോഷന്‍ ചെയ്തത്. അന്ന് ഞാന്‍ ആ സുഹൃത്തുക്കളോട് പറഞ്ഞ കാര്യം സിനിമ ഇറങ്ങിക്കഴിഞ്ഞ് ഇവരിലൊരഞ്ച് പേരുടെയെങ്കിലും നമ്പറുകള്‍ക്കായി നിങ്ങള്‍ എന്നെ വിളിക്കും എന്നാണ്. അതങ്ങനെ തന്നെയായി.

ഓണം വരെ പിന്നീടങ്ങോട്ട് ചാനല്‍ നിറയെ അങ്കമാലിയിലെ താരങ്ങളായിരുന്നു. ഫേസ് വാല്യു ഇല്ലാത്തവരെ ഫേസ് വാല്യു ഉള്ളതാക്കി എടുക്കുക എന്ന ചലഞ്ച് നന്നായി ചെയ്യാന്‍ പറ്റി. എല്ലാത്തരം സിനിമയ്ക്കും എല്ലാ പ്രൊമോഷന്‍ വര്‍ക്കും വേണ്ട. ഒരു കുഞ്ഞ് സിനിമയ്ക്ക് ആ സിനിമ കുഞ്ഞ് സിനിമയാണെന്ന് പറഞ്ഞ് തന്നെ പ്രൊമോഷന്‍ ചെയ്യണം.

ചെറുതോ വലുതോ എന്നതല്ല ഒരു സിനിമ എന്താണോ ആവശ്യപ്പെടുന്നത് അങ്ങനെ വേണം പ്രൊമോട്ട് ചെയ്യാന്‍. ഏല്‍പ്പിക്കുന്ന പടങ്ങളെല്ലാം റിലീസിന് മുമ്പ് കാണാന്‍ ശ്രമിക്കും. എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന് അപ്പോള്‍ ഒരു ഐഡിയ കിട്ടും.

സാമൂഹിക മാദ്ധ്യമങ്ങളിലെ സിനിമാ ചര്‍ച്ചകള്‍ സിനിമയുടെ ഉള്ളടക്കത്തെയും വിപണന സാദ്ധ്യതകളെയും എങ്ങനെയെല്ലാം സ്വാധീനിക്കുന്നുണ്ട് ?.

ചര്‍ച്ചകള്‍ എപ്പോഴും നല്ലതാണ്. പക്ഷേ നെഗറ്റീവ് പബ്ലിസിറ്റിക്കായി ചെയ്യുന്നതിനോട് എതിര്‍പ്പാണ്. ചര്‍ച്ചകളില്‍ ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് പി.ആര്‍ ആക്ടിവിറ്റി, മീഡിയ പ്ളാനിംഗ് എന്താണെന്ന് വ്യക്തമാക്കി കൊടുക്കേണ്ട സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതില്‍ വ്യക്തത ഇല്ലാത്ത ധാരാളം പേര്‍ ഇപ്പോഴുമുണ്ട്. ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ പലപ്പോഴും ഇടപെടാറില്ല. കാണാറുണ്ട്. സംവിധായകരുള്‍പ്പെടെ പലരും അത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് കാണാറുമുണ്ട്.

ഫ്രൈഡേ ഫിലിംസിലെ വിജയ് ബാബു പലപ്പോഴും പരീക്ഷണ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നയാളാണ്. ഗുരുനാഥന്‍ എന്ന നിലയില്‍ എങ്ങനെയൊക്കെ അദ്ദേഹം സ്വാധീനിച്ചിട്ടുണ്ട് ?.

എന്റെ കരിയറില്‍ നാല് വര്‍ഷത്തോളം സാറിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. കരിയറില്‍ ഒരു പ്ളാറ്റ്ഫോം കിട്ടിയത് അവിടെ നിന്നാണ്. വര്‍ക്കിന്റെ കാര്യത്തില്‍ സര്‍ വ്യത്യസ്ത സമീപനമാണ്. എന്തെങ്കിലും കാര്യം എനിക്ക് നാളെ കിട്ടണം എന്നാവും പറയുക. എങ്ങനെ കിട്ടുന്നു എന്നത് സാര്‍ ചോദിക്കാറില്ല. അത് സാറിന്റെ വിഷയമേയല്ല.

അപ്പോള്‍ ഞാനത് പഠിച്ചു. ഒരു കാര്യം സാറിന്റെ മുന്നില്‍ എത്തിക്കണമെങ്കില്‍ അത് തനിയെ പഠിക്കും. പലരെയും വിളിച്ച് അക്കാര്യം അന്വേഷിക്കും. അത് എന്റെ കോണ്‍ടാക്ട് ലിസ്റ്റും വലുതാക്കും. പുതിയൊരു പഠനരീതിയും ക്രമവും (ലേണിംഗ് പ്രൊസസ്) സാദ്ധ്യമാകും. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പലരുടെയും ബോസുമാര്‍ അവരുടെ കോണ്‍ടാക്ട് ഷെയര്‍ ചെയ്യില്ല എന്ന്. എന്നാല്‍ സര്‍ മറിച്ചാണ്. സര്‍ എനിക്ക് വളരാനുള്ള ധാരാളം അവസരം തന്നിട്ടുള്ളയാളാണ്.

ഞാന്‍ രണ്ടുപേരോടാണ് കരിയറില്‍ കടപ്പെട്ടിരിക്കുന്നത്. ഒന്ന് സാറും പിന്നെ വ്യാസന്‍ എടവനക്കാട് എന്ന ഡയറക്ടറും. പുലിമുരുകന്‍ എന്ന സിനിമ എനിക്ക് തന്നത് വ്യാസേട്ടനാണ്. അദ്ദേഹം ചെയ്യേണ്ടിയിരുന്ന പ്രൊജക്ട് എനിക്ക് തന്നതാണ്. എനിക്ക് എന്ത് സംശയത്തിനും കരിയറില്‍ വിളിക്കാന്‍ പറ്റുന്ന രണ്ട് പേര്‍. വളരെ അഭിമാനമുണ്ട് , വിജയ് സര്‍ എന്റെ ഗുരുവായതില്‍.

ഹണീബി എന്ന സിനിമയ്ക്കായി കുറച്ച് പ്രൊമോഷന്‍ ചെയ്യാമോയെന്ന് സര്‍ ചോദിക്കുകയും അത് ചെയ്ത് കഴിഞ്ഞപ്പോള്‍ അതൊരു സാദ്ധ്യതയാണെന്നും കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്നും മനസിലായി. അങ്ങനെയാണ് മീഡിയ പ്ളാനിംഗിലേക്കെത്തിയത്. സന്ദര്‍ഭങ്ങളാണ് നമ്മെ തീരുമാനങ്ങളിലേക്കെത്തിക്കുന്നത്.

ഇന്ന് ബിഗ് ബഡ്ജറ്റ് ലോ ബഡ്ജറ്റ് പടങ്ങള്‍ വേര്‍തിരിവില്ലാതെ വിജയിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തും വിപണി കണ്ടെത്താനാകുന്നു. മീഡിയ പ്ളാനര്‍ എന്ന നിലയില്‍ ഇത് എങ്ങനെയൊക്കെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട് ?

അങ്കമാലി ഡയറീസ് കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ശരിക്കും മീഡിയാ പ്ളാനിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ആണ് ഇത് പുറത്തെത്തിക്കേണ്ടത്. ഇവിടെ നല്ല രീതിയില്‍ പ്രൊമോഷന്‍ ചെയ്യാന്‍ പറ്റിയാലേ ഇത് പുറംലോകം അറിയൂ. നമ്മുടെ ചിത്രത്തിന് പുറത്തൊരു മാര്‍ക്കറ്റ് കണ്ടെത്താനാകുമെങ്കില്‍ നല്ല കാര്യമാണ്.

നമ്മളെക്കൊണ്ടത് ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ. മാര്‍ക്കറ്റ് ചെയ്ത രീതി കൊണ്ടാണോ, ആക്ടേഴ്സിന്റെ പ്രകടനം കൊണ്ടാണോ എന്തു തന്നെയായാലും അത് പുറത്തേക്ക് അറിയപ്പെടുക എന്നത് അഭിമാന മുഹൂര്‍ത്തമാണ്. മലയാള സിനിമ ഒരു ചെറിയ ഇന്‍ഡസ്ട്രിയാണെന്ന് നമ്മള്‍ പറയുമെങ്കിലും മലയാളത്തെ ഉറ്റുനോക്കുന്നവര്‍ നിരവധിയുണ്ട്.

ഒടിടിയെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ധാരാളം ഉണ്ട്: സീതാ ലക്ഷ്മി 2
സീതാ ലക്ഷ്മി

ടാര്‍ജറ്റ് ഓഡിയന്‍സ് എല്ലാ സിനിമയ്ക്കുമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമ യുവസംവിധായകരുടെ കീഴില്‍ മാറ്റത്തിന്റെ പാതയിലായ ഇക്കാലത്ത്. എങ്ങനെയെല്ലാമാണ് സിനിമ പ്രൊമോഷനിലും ഇത് മാറ്റമുണ്ടാക്കുന്നത് ?.

മീഡിയ പ്ളാന്‍ ചെയ്യുന്നവരെ സംബന്ധിച്ച് സിനിമ ഒരു പ്രൊഡക്ടാണ്. അതിനെ എവിടെ പ്ളേസ് ചെയ്യാം എന്നതാണ് ഉത്തരവാദിത്തം. പുതിയ സംവിധായകര്‍ എന്നത് പോലെ പ്രൊമോഷന്‍ മേഖലയിലേക്ക് പുതിയവര്‍ പലരും കടന്നുവരുന്നുണ്ട്. സിനിമ ആവശ്യപ്പെടുന്നതെന്താണോ അതാണ് പ്രധാനമായും കൊണ്ടുവരാറ്.

പ്രമോഷനില്‍ ഇന്നവേറ്റീവ് ഐഡിയകളെപ്പോഴും പ്രായോഗികമായെന്ന് വരില്ല. യുവസംവിധായകരുടെ സിനിമയിലും കഴിവ് തെളിയിച്ച താരങ്ങള്‍ ഉണ്ടാകുമല്ലോ. തിരക്കുള്ള താരങ്ങളെ സംബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളില്‍ സജീമാകാന്‍ പറ്റില്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല. എന്നാല്‍ ഒരു സിനിമയുടെ ഷൂട്ടിന് കൊടുക്കുന്ന പ്രാധാന്യം പ്രൊമോഷനും വേണം.

പടം ചെയ്ത് വച്ചത് കൊണ്ടു മാത്രം ആയില്ലല്ലോ, അത് ആള്‍ക്കാരിലേക്ക് എത്തിക്കണ്ടേ. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു ടീം വര്‍ക്ക് കൂടിയാണ്. പ്രൊമോഷന്‍ ചെയ്യുന്നവരുടെ മാത്രം ഉത്തരവാദിത്വമല്ല. ഞങ്ങള്‍ക്ക് ആശയം നല്‍കാനായേക്കും. അതിന് എല്ലാവരുടെ സഹായവും വേണ്ടിവരും. പുതിയ സിനിമകള്‍ നന്നാവുന്നത് അതൊരു ടീം വര്‍ക്കായി വരുന്നത് കൊണ്ടാണ്. സിനിമ മാറുന്നത് അനുസരിച്ച് അതിന്റെ രീതിയും മാറും.

സ്റ്റേ അറ്റ് ഹോം ഹോം കാലത്ത് ജനങ്ങളിലേക്കെത്താന്‍ സിനിമ മാറ്റങ്ങള്‍ക്കും തയ്യാറെടുക്കുകയാണ്. ഓണ്‍ലൈന്‍ റിലീസ് ഒരു സാദ്ധ്യതയും യാഥാര്‍ത്ഥ്യവുമാണ്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു ?.

സൂഫിയും സുജാതയും എന്ന സിനിമ വിജയ് ബാബു സാര്‍ ഓണ്‍ലൈനായി കൊടുക്കാന്‍ തീരുമാനിച്ചു. ലോക് ഡൗണ്‍ ആയത് കൊണ്ടാണ് അത് വലിയ ചര്‍ച്ചയായത്. അതിന് മുമ്പ് എത്രയോ സിനിമകള്‍ നെറ്റ്ഫ്ളിക്സും ആമസോണും വാങ്ങിക്കുന്നുണ്ട്. തിയേറ്ററിലെത്താതെ തന്നെ ഇഷ്ടംപോലെ ആള്‍ക്കാര്‍ കാണുന്നുമുണ്ട്. മെട്രോ പോലുള്ള പരിസരത്ത് ഒടിടിയില്‍ സിനിമ കാണുന്നുള്ളൂ.

ഇതൊന്നും കേട്ടുകേള്‍വി പോലുമില്ലാത്തവര്‍ ധാരാളം ഉണ്ട്. സിനിമ തിയേറ്ററില്‍ കാണുക, ടിവിയില്‍ കാണുക ഇതായിരിക്കും രീതി. സിനിമ നല്ലതാണെങ്കില്‍ തിയേറ്ററില്‍ ആള് വരും എന്നതാണ് രീതി. ഇപ്പോഴത്തെ രീതിയില്‍ നിന്നൊക്കെ മാറ്റം വരും. മാറ്റങ്ങളോട് പതുക്കെ പതുക്കെയാണ് എല്ലാവരും പ്രതികരിച്ച് തുടങ്ങുക. പതിയെ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം വരുമ്പോള്‍ അത് എല്ലാവരിലേക്കും എത്തുമെന്നാണ് തോന്നുന്നത്.

എന്തായാലും സിനിമ തിയേറ്ററില്‍ ഇരുന്നുകാണുന്ന ഫീല്‍ മൊബൈലിലോ നെറ്റ് പ്ളാറ്റ്ഫോമുകളിലോ ഇരുന്ന് കണ്ടാല്‍ കിട്ടില്ല. സീരീസ് പോലുള്ള ഒരു പാട് ചിത്രങ്ങളെക്കുറിച്ചും ഈ രീതിയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഞങ്ങളെപ്പോലുള്ള പലരുടെയും ജോലി കുറയ്ക്കാനിത് ഇടയാക്കിയേക്കും (തിയേറ്റര്‍ റിലീസ് കുറഞ്ഞാല്‍). ഞങ്ങള്‍ക്ക് അസോസിയേഷനോ മറ്റോ ഇല്ല. ഞങ്ങളെപോലുള്ളവര്‍ക്കായി സംസാരിക്കാനും ആളില്ലാത്ത അവസ്ഥയുണ്ട്.

ചെലവ് ചുരുക്കലും സാമ്പത്തിക പ്രതിസന്ധിയും സിനിമയെയും പ്രൊമോഷനെയും എങ്ങനെയാണ് ബാധിക്കുക ?

പലരും സിനിമ എടുത്ത ശേഷമാണ് മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രമോഷന്‍ രീതികളെ പറ്റി ചിന്തിക്കാറ്. അപ്പോഴേക്കും ഫണ്ട് തീര്‍ന്നിട്ടുണ്ടാകും. അപ്പോള്‍ കൈയിലുള്ളതിന് അനുസരിച്ചാകും ചെയ്യുക. പടം കഴിഞ്ഞ് രണ്ടും മൂന്നും മാസം കഴിഞ്ഞാകും പേയ്മെന്റ് കിട്ടാന്‍. ഏറ്റവും അവസാനം വരുന്ന വിഭാഗം ആയത് കൊണ്ട് പേയ്മെന്റ് വൈകും.

ഇതെല്ലാം ലോക്ഡൗണിന് മുമ്പുള്ള കാര്യം. ഇനി സ്വാഭാവികമായി കുറയുകയേ ഉള്ളൂ. പ്രൊജക്ട് ഡിസ്‌കഷനൊന്നും നടക്കുന്നേയില്ല. ആകെ ഒന്നോ രണ്ടോ പേരാണ് ഇക്കാലത്ത് സംസാരിച്ചത്. വരാന്‍ പോകുന്ന പ്രൊജക്ടുകളെ പറ്റി. ഞങ്ങളുടേതായി കുറെ പടങ്ങള്‍ ഇറങ്ങാനുണ്ട്. ആരവം, കുഞ്ഞെല്‍ദോ തുടങ്ങിയവ.

ലോക് ഡൗണ്‍ കാലത്തും വെബ് സീരിസുകള്‍ക്ക് കാഴ്ചക്കാരേറെയുണ്ട്. അതൊരു സാദ്ധ്യത കൂടിയല്ലേ ?

സത്യത്തില്‍ ഈ ലോക്ഡൗണ്‍ കാലമാണ് വെബ് സീരിസിലേക്ക് തിരിയാന്‍ കാരണം. മലയാളത്തില്‍ നിന്ന് വെബ് സീരിസിന്റെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇന്‍ഡോര്‍ ഷൂട്ടുകള്‍ക്ക് മാത്രമാണ് അനുമതി. അതും 50 പേരേ പാടുള്ളൂ. ഇതൊക്കെയാകും വെബ് സീരിസും ഇഷ്ടപ്പെടുന്നത്. വലിയ ബാനറുകളുടെ കാര്യമല്ല ഇപ്പറഞ്ഞത്.

ഔട് ഡോര്‍ പ്രൊമോഷന്റെ പ്രതിസന്ധി മറികടക്കാനാകുമോ ?.

അതേപറ്റിയാണ് ഞങ്ങളും ആലോചിക്കുന്നത്. സിനിമ തന്നെ ചര്‍ച്ച ആകുമെന്നില്ല. ഡിജിറ്റല്‍ പ്ളാറ്റ്ഫോം തന്നെയാണ് സാദ്ധ്യത. അതില്‍ ഇന്‍ഫ്ള്യുവന്‍ഷല്‍ മാര്‍ക്കറ്റിംഗില്‍ പ്രൊഡക്ടുകള്‍ പോലെ സിനിമ ചെയ്യാനാകും. മമ്മൂക്കയുടെയും മറ്റും പേജുകളില്‍ കൂടി റിലീസ് ചെയ്യുന്നില്ലേ. അപ്പോള്‍ കൂടുതല്‍ പേര്‍ കാണും. എന്ന് തിയേറ്റര്‍ തുറക്കും എന്നത് മാത്രമാണ് ചിന്തിക്കുന്നത്.

ലോക് ഡൗണില്‍ ഹോബികള്‍ ?.

വീട്ടിലിരുന്നു ശീലമില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടായിരുന്നു. പിന്നെ എന്‍ജോയ് ചെയ്യാനായി ശ്രമം. ചെയ്യാതെ മാറ്റിവച്ച പല കാര്യങ്ങളും ചെയ്തു തുടങ്ങി. ഒരു വര്‍ഷമായി മുടങ്ങിക്കിടന്ന വ്ളോഗ് ചെയ്തു. മകളായിരുന്നു സപ്പോര്‍ട്ട്. മറ്റൊന്ന് ഡാന്‍സ്. ഏഴ് അമ്മമാര്‍ ചേര്‍ന്ന് ലോകത്തുള്ള എല്ലാ മക്കള്‍ക്കും വേണ്ടി ചെയ്യുന്ന താരാട്ട് പാട്ട്.

ഞങ്ങളാല്‍ കഴിയുന്ന എക്സ്പ്രഷന്‍സ് കൊടുത്ത് ചെയ്തു. മമ്മൂക്കയുടെ പേജിലൂടെ അത് ലോഞ്ച് ചെയ്തു. വായന, എഴുത്ത് അങ്ങനെ മാറ്റിവച്ചിരുന്ന പലതും പൊടിതട്ടിയെടുക്കാനായി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം എന്റെ തടി കുറയ്ക്കാനായി എന്നതാണ്. സുഹൃത്തിന്റെ യു ട്യൂബ് സീരിസില്‍ അഭിനയിച്ചു.

ഈയിടെയാണ് സംവിധായകന്‍ സച്ചി നമ്മെ വിട്ടുപിരിഞ്ഞത്. സച്ചിയുമായുള്ള ബന്ധം എങ്ങനെ ഓര്‍ത്തെടുക്കുന്നു ?.

രാമലീലയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യാനായി. വ്യക്തിപരമായി ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു സിനിമയാണത്. അതിന്റെ ഭാഗമായി രാധിക ശരത്കുമാറിനെ ഇന്റര്‍വ്യൂ ചെയ്യാനായത് ഒരു ഭാഗ്യമായി തോന്നുന്നു. രണ്ടര പതിറ്റാണ്ടിന് ശേഷം അവര്‍ ആദ്യമായി വീഡിയോ ഇന്റര്‍വ്യൂ തന്നത് എനിക്കാണ്.

ആമസോണ്‍, വാള്‍മാര്‍ട്ട്, റിലയന്‍സ് വമ്പന്‍മാരെ നേരിടാന്‍ ഒരു പെരിന്തല്‍മണ്ണക്കാരന്‍

ബൈജു എന്‍ നായര്‍ സ്മാര്‍ട്ട് ഡ്രൈവ്‌

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More