സിനിമയുടെ പവര്‍ മറ്റൊന്നിനും കിട്ടില്ല, ജേണലിസത്തിന് അതിന്റേതായ പരിമിതികളുണ്ട്: ഋതു തിരക്കഥാകൃത്ത് ജോഷ്വ ന്യൂട്ടന്‍

ഋതുഭേദങ്ങള്‍ക്കിടയില്‍ ഞെട്ടറ്റ ആപ്പിള്‍ പോലെ താഴേക്ക് വീഴുകയായിരുന്നു ‘ഋതു’വിന്റെ കഥാകാരന്‍ ജോഷ്വ ന്യൂട്ടന്‍. അസ്തിത്വ ദു:ഖത്തിന്റെ, അറിവിനേക്കാള്‍ വലിയ അറിവിന്റെ അഗാധ ഗര്‍ത്തത്തിലേക്കുള്ള പതനം. ശ്യാമപ്രസാദിന്റെ ഋതു പുറത്തിറങ്ങിയിട്ട് 12 വര്‍ഷം പിന്നിടുന്നു. പുതുതലമുറ സിനിമകളേക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യും മുമ്പ് പുറത്തിറങ്ങിയ പുതുതലമുറ സിനിമ. പരാജയപ്പെട്ടവരുടെയും കൂടി കഥ പറഞ്ഞ സിനിമ. ഋതുഭേദങ്ങള്‍ ജോഷ്വ ന്യൂട്ടനിലും മാറ്റം വരുത്തിയിരിക്കുന്നു. പത്രപ്രവര്‍ത്തകനായി, തിരക്കഥാകൃത്തായി, കഥാകൃത്തായി അങ്ങനെ ഋതുഭേദങ്ങളുടെ ഇലപൊഴിച്ച് നിസംഗനായി നില്‍ക്കുകയാണ് ജോഷ്വ. ഇക്കാലയളവില്‍ ചേമ്പിലയില്‍ വീഴുന്ന വെള്ളം പോലെ എങ്ങും പറ്റിപ്പിടിക്കാതെ, അവനവനെ തന്നെ കണ്ടെത്തിയെന്ന് ജോഷ്വ പറയുന്നു. സ്വന്തം പുസ്തകങ്ങളും പ്രസാധക കമ്പനിയും തിയോയെന്ന അമാനുഷിക നായകന്റെ കഥയുമായി ലോകം കീഴടക്കാനുള്ള യാത്രയ്ക്കൊരുങ്ങുകയാണ് ജോഷ്വ ന്യൂട്ടന്‍. ജോഷ്വ ന്യൂട്ടന്‍ ധനശ്രീയോട് സംസാരിക്കുന്നു ഋതുവിനെ കുറിച്ച്, തന്നെതന്നെ പുതുക്കിയെടുത്തതിനെ കുറിച്ച്, പത്രപ്രവര്‍ത്തന ജീവിതത്തില്‍ അഭിമുഖങ്ങള്‍ക്ക് വഴങ്ങാത്ത മനുഷ്യരെക്കുറിച്ച്, രാഷ്ട്രീയ ശരികളെക്കുറിച്ച്, ഏര്‍ത്തോപ്യയെന്ന ബ്രഹ്മാണ്ഡലോകത്തിലെ തിയോയെന്ന തന്റെ അദ്ഭുതശിശുവിനെ കുറിച്ച്.

ഋതു സിനിമ പുറത്തിറങ്ങിയിട്ട് 12 വര്‍ഷമാകുന്നു. എങ്ങനെയാണ് ഋതുവിലേക്കെത്തുന്നത്. പിന്നെ കേരള കഫെയിലെ ഓഫ് സീസണില്‍ മാത്രമായി സിനിമാ ജീവിതം അവസാനിച്ചതെന്ത് കൊണ്ടാണ് ?

2006 ല്‍ ഞാന്‍ ബിയോണ്ട് എന്ന പേരില്‍ ഒരു ഹ്രസ്വചിത്രം ചെയ്തിരുന്നു. അന്ന് അധികം ആളുകളൊന്നും ഹ്രസ്വചിത്രം ചെയ്തിരുന്നില്ല. അപൂര്‍വം പേരേ ചെയ്തിരുന്നുള്ളൂ. ഞാനന്ന് ദുബായിലൊക്കെ പോയി വന്ന് കുറച്ച് പണമുള്ള സമയമാണ്. അങ്ങനെ മനസില്‍ തോന്നിയത് പോലെ, ഒരു പ്രേരണയൊക്കെ തോന്നി ചെയ്യുകയാണ്.

ആദ്യമായിട്ടാണ് വീഡിയോ കാമറയൊക്കെ കാണുന്നത്. സ്റ്റില്‍ കാമറയിലൊക്കെ ചിത്രമെടുത്തിട്ടുണ്ട്. കാമറയും തിരക്കഥയുമൊക്കെ ഞാന്‍ തന്നെയാണ് ചെയ്തത്. അഭിനേതാക്കളൊക്കെ സുഹൃത്തുക്കളായിരുന്നു. ബൈബിളിലെ പത്ത് കല്പനകളായിരുന്നു ബിയോണ്ട് എന്ന ചിത്രത്തിന്റെ പ്രമേയം. അതോടെയാണ് എന്റെ തിക്ക് മുട്ടലൊക്കെ പോയി എനിക്കൊരു റിലീഫ് വരുന്നത്.

ആയിടയ്ക്കാണ് ശ്യാമപ്രസാദിന്റെ അകലെ കണ്ട് എനിക്ക് ഇഷ്ടമാകുന്നത്. അങ്ങനെ ശ്യാമപ്രസാദിനെ വിളിച്ച് കണ്ടാല്‍ കൊള്ളാമെന്ന് പറഞ്ഞു. എനിക്ക് സിനിമയില്‍ കയറാനൊന്നും വലിയ താല്‍പ്പര്യമില്ല. ഇംഗ്ളീഷില്‍ പുസ്തകങ്ങള്‍ എഴുതണമെന്ന താല്‍പ്പര്യം അന്ന് തൊട്ടേ ഉണ്ട്. അങ്ങനെ കണ്ടിട്ട് ഒരു ആറ് മാസം കഴിഞ്ഞിട്ടുണ്ടാകും. അന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പില്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് എനിക്ക് ഒരു ഇമെയില്‍ വരുന്നത്.

കാന്‍ യു റൈറ്റ് എ ഫിലിം ഫോര്‍ മീ? എന്ന് ചോദിച്ചിട്ട്. ഞാന്‍ ചാടിക്കേറി യെസ് എന്ന് പറഞ്ഞു. ശ്യാമിനോടുള്ള വ്യക്തിപരമായ ഇഷ്ടം കൊണ്ടായിരുന്നു അത്. അന്നേ പ്രൊഫഷണലായി വലിയ ലക്ഷ്യങ്ങളൊന്നും എനിക്കില്ല. ഒരു ഒഴുക്കില്‍ അങ്ങ് ഒഴുകിപ്പോകുക, അടുത്ത് നില്‍ക്കുന്നുവെന്ന് തോന്നുന്ന ആളുകളോടുള്ള സ്നേഹവും ബന്ധവുമുണ്ടല്ലോ, അതിനൊത്ത് പോകുക അത്രയൊക്കെയേ ഉള്ളൂ.

പിന്നീട് ഒരു കൊല്ലം കഴിഞ്ഞ് ആ ജോലിയൊക്കെ ഉപേക്ഷിച്ച് പോന്നിട്ടാണ് ഋതു എഴുതുന്നത്. അതില്‍ ശ്യാം എന്നോട് പറഞ്ഞത് ഐ.ടി പിള്ളേരെ കുറിച്ച് ഒരു സിനിമ എഴുതണമെന്ന് മാത്രമാണ്. അങ്ങനെ ഞാന്‍ നന്നായി റിസര്‍ച്ച് ചെയ്തു. അന്ന് ഓര്‍ക്കൂട്ട് എന്ന സോഷ്യല്‍മീഡിയ പ്ളാറ്റ്ഫോം ഉള്ള സമയമാണ്. അതില്‍ കയറി ആല്‍ബങ്ങള്‍ കാണും. പിന്നെ എനിക്ക് തന്നെ കൂട്ടുകാരുണ്ട് ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്നവരായി.

അന്ന് സിനിമയില്‍ ചെറുപ്പക്കാരുടെ അനുഭവങ്ങളൊന്നും പ്രമേയമായിരുന്നില്ല. അവര്‍ കടന്നുപോകുന്ന അവസ്ഥകള്‍, വികാരങ്ങള്‍ ഒന്നും കണ്ടിരുന്നില്ല. അന്ന് വിപണിയെ സന്തോഷിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന പ്രമേയങ്ങളിലൂടെ സിനിമ മുന്നോട്ട് പോകുകയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തരംഗം സൂപ്പര്‍സ്റ്റാറായി നിലനില്‍ക്കുന്ന കാലം.

എനിക്കിഷ്ടമുള്ള ഒരു സിനിമയുടെ, യാഥാര്‍ത്ഥ്യത്തോട് ഇണങ്ങുന്ന ഒരു പ്രമേയം എഴുതുകയായിരുന്നു. അത് മലയാള സിനിമയെ തിരുത്തുമെന്നൊന്നും കരുതിയിരുന്നില്ല. ശ്യാമിനും പുതുതായി എന്തെങ്കിലും വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഞങ്ങളൊന്നിച്ച് രഞ്ജിത്തിന്റെ കേരളാ കഫേയ്ക്ക് വേണ്ടി ഓഫ് സീസണ്‍ ചെയ്തു.

അതൊക്കെ കഴിഞ്ഞ്, 2011 ഒക്കെ ആയതോടെ ഞാനൊരു ആന്തരികമായ പ്രതിസന്ധി നേരിടുന്ന സമയമാണ്. എന്റെ ലൈഫില്‍ തന്നെ ഞാന്‍ അന്ന് കരുതിയിരുന്നത് ഏറ്റവും നിര്‍ഭാഗ്യകരമായ കാലയളവാണ് അതെന്നാണ്. അഞ്ചാറ് വര്‍ഷം നീണ്ടു നിന്നു. സിനിമ എഴുതി വന്നപ്പോള്‍ പലരും പ്രശസ്തരായവര്‍ ഉള്‍പ്പെടെ കഥയ്ക്കായി എന്നെത്തേടി വന്നിരുന്നു. ചെയ്യാം എന്നവരോട് പറയുന്നുണ്ട്. പക്ഷേ ഇതൊന്നുമല്ല ഞാനെന്ന ഒരു സംഘര്‍ഷാവസ്ഥ എന്നില്‍ ഉടലെടുക്കുന്നുമുണ്ട്.

15 വയസുമുതല്‍ എന്റെ ജീവിതത്തില്‍ പലപ്പോഴും തോന്നിയിട്ടുള്ളത്, എന്റെയീ എക്സിസ്റ്റന്‍സില്‍ എന്തോ തകരാറുണ്ടെന്നൊക്കെയാണ്. ഇതൊക്കെ കൂടി പൊട്ടിയളിഞ്ഞ അവസ്ഥയിലായി. ശ്യാം എന്നോട് വീണ്ടും സിനിമയെഴുതണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കഥ വരുന്നുണ്ട് ഒരു വശത്തു കൂടി. പക്ഷേ വലിയ റെസിസ്റ്റന്‍സ് എന്നില്‍ നിന്നും ഉയരുന്നുമുണ്ട്. പിന്നെ സിനിമാ മേഖലയുടെ കാര്യത്തില്‍ അവിടെ പല പ്രയോറിറ്റീസുമുണ്ട്.

എന്റെ സെന്‍സിറ്റിവിറ്റിയൊക്കെ സഹിക്കേണ്ട ബാദ്ധ്യത പലര്‍ക്കുമില്ല. ചിലപ്പോള്‍ ഞാന്‍ വിത്ഡ്രോ ചെയ്യും. അതോടെ ഞാന്‍ ചില ഹിമാലയന്‍ ഗ്രാമങ്ങളില്‍ പോയി താമസിക്കാനൊക്കെ തുടങ്ങി. മൂന്ന് വര്‍ഷത്തില്‍ അങ്ങനെ മുക്തേശ്വറിലും തപ്തകുണ്ഡിലും ചെന്നു താമസിച്ചു. ഈ ആത്മീയ അന്വേഷണത്തിനിടെ മനസ്സില്‍ പൊട്ടിമുളച്ച ഒരു നോവല്‍ ആശയത്തിനുള്ള റിസേര്‍ച്ചിനായി ഇതൊക്കെ ഉപയോഗിച്ചു.

നാലഞ്ച് വര്‍ഷം കൊണ്ട് ആ ഇംഗ്ലീഷ് നോവല്‍ എഴുതിത്തീര്‍ന്നു. അത് പൂര്‍ത്തിയായി ഡ്രോയില്‍ ഇരിപ്പുണ്ട്. പബ്ളിഷ് ചെയ്യാനായി ഇരിക്കുന്നു. ഇതിനിടെ ഏഴ് പേര്‍ക്ക് വേണ്ടി ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ എഴുതി കൊടുത്തു. രണ്ടു തമിഴ് സംവിധായകര്‍ക്കായി സ്‌ക്രിപ്റ്റുകള്‍ എഴുതി കൊടുത്തു. അതും പേര് വെയ്ക്കാതെയാണ്. അങ്ങനെ ഗോസ്റ്റ് റൈറ്ററായി.

അങ്ങനെ അറിയപ്പെടാതെ ആരാലും ഓര്‍ക്കപ്പെടാതെ നില്‍ക്കാനുള്ള കാലമായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. ആ അന്വേഷണം അതിന്റെ പൂര്‍ത്തിയിലെത്തിച്ചേരാന്‍ ഏഴ് വര്‍ഷമെടുത്തു. 2012ല്‍ ജീവിതം ഒരു വലിയ കള്ളമാണ് എന്ന് മനസിലായി. ഞാന്‍ സ്നേഹത്തിന്റെ അദ്വൈതത്തിലേക്ക്, അതിന്റെ ഉള്ളിലേക്ക്, കേരളത്തിലും ഇന്ത്യയിലുമൊന്നും അത്ര അറിയപ്പെടാത്ത പുതിയൊരു അറിവിലേക്ക്, എത്തുകയാണ്. അറിഞ്ഞതൊന്നും അറിവല്ലെന്നും അതിനുള്ളിലേക്ക് – സന്യാസമൊന്നുമല്ല ഞാന്‍ പറയുന്നത് – അത്തരത്തില്‍ നിറഞ്ഞ സന്തോഷത്തിന്റെ അവസ്ഥയിലേക്ക് ഞാനെത്തുകയായിരുന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണതെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്.

ആത്മാനുഭൂതിയിലേക്കെത്താനും അതിന്റെ കൃപ ഉളവാകാനും കാരണമായി. ഇതൊന്നും മതപരമായ രീതിയിലുള്ള കാഴ്ചപ്പാടുമല്ല. ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുമ്പോള്‍ അതെല്ലാം എന്റെ മനസില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ അറിയുന്നുണ്ട്. ഋതുവിന്റെ സിഗ്നേച്ചര്‍ ‘സീസണ്‍സ് ചേഞ്ച് ഡൂ വീ’ എന്നായിരുന്നെങ്കില്‍ ബിയോണ്ടിന്റെ സിഗ്നേച്ചര്‍ ‘വാട് ഈസ് ദ ട്രൂത്ത്?’ എന്നായിരുന്നു. അപ്പോള്‍ ഈ സത്യാന്വേഷണം പണ്ടേ എന്റെയുള്ളില്‍ ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.

സിനിമയുടെ പവര്‍ മറ്റൊന്നിനും കിട്ടില്ല, ജേണലിസത്തിന് അതിന്റേതായ പരിമിതികളുണ്ട്: ഋതു തിരക്കഥാകൃത്ത് ജോഷ്വ ന്യൂട്ടന്‍ 1

പത്രപ്രവര്‍ത്തന ജീവിതത്തെക്കുറിച്ച് വിശദീകരിക്കാമോ ?

ഞാന്‍ 1999 മുതല്‍ കേരളപ്രസ് അക്കാഡമിയിലെ പഠനശേഷം ഫീല്‍ഡിലുണ്ട്. ദീപികയിലാണ് ആദ്യം. വനിത, ഇന്ത്യടുഡേ, ബിസിനസ് വേള്‍ഡ് അങ്ങനെ നിരവധി ഇടങ്ങളിലുണ്ടായിരുന്നു. കേരളത്തിലെ അസോസിറ്റ് പ്രസിന്റെ സ്ട്രിംഗറായിരുന്നു. അവസാനം ഇന്ത്യന്‍എക്സ്പ്രസിന്റെ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. അമേരിക്കന്‍, ബ്രിട്ടീഷ് മാസികള്‍ക്കായി ഇന്ത്യയില്‍ നിന്ന് പതിവായി എഴുതാറുണ്ടായിരുന്നു. അതാണ് പത്രപ്രവര്‍ത്തനമേഖലയിലെ കരിയറിന്റെ ഹ്രസ്വചരിത്രം.

ഋതുവെന്ന കഥ പല അര്‍ത്ഥത്തിലും ജീവിതത്തില്‍ പരാജയപ്പെട്ടവരുടേതാണ്. വിവിധ ലേയറുകളില്‍ ആ കഥ പറഞ്ഞുവയ്ക്കുന്നു. രാഷ്ട്രീയവും നിറവും ലിംഗവും വിശ്വാസവുമെല്ലാം കടന്നുവരുന്ന തിരക്കഥയില്‍ ഏത് കഥാപാത്രത്തോടാണ് മാനസികമായി ജോഷ്വ ന്യൂട്ടന് അടുപ്പം ?

എന്നെ സംബന്ധിച്ച് ഒരു കഥാപാത്രത്തോടും മമതയില്ല. പ്രത്യേകിച്ച് അകല്‍ച്ചയോ അടുപ്പമോ ഇല്ല. സിനിമ എഴുതിയാലും നോവലെഴുതിയാലും എനിക്കുള്ള മമത അതിലെ പ്രമേയത്തോടോ തീമിനോടോ ആണ്. ആ തീമിന്റെ അകത്ത് നിന്നും ലയമുള്ള കഥാപാത്രങ്ങള്‍ പരുവപ്പെട്ടുവരികയാണ്. അതിന്റെ ഭാഗമായി നന്മയുള്ളവരായാലും തിന്മയുള്ളവരായാലും ആ പ്രമേയത്തിന്റെ സന്തതികളായി വരുന്നതാണ്. അത് ഓരോ രീതിയില്‍ പ്രകടിപ്പിക്കുന്നുവെന്നേ ഉള്ളൂ.

മഹാഭാരതത്തില്‍ ആരാണ് പ്രിയപ്പെട്ട കാരക്ടര്‍ എന്ന് ചോദിച്ചാല്‍ യാതൊരു മമതയും ആരോടുമില്ല. പക്ഷേ മമത ഭാരതം പറയുന്ന പ്രമേയത്തോടാണ്. നന്മയുടെയും തിന്മയുടെയും അപ്പുറത്താണ് സത്യം എന്നാണ് ഭാരതം പറയുന്നത്. ഇന്ത്യക്കാര്‍ അതെത്രത്തോളം തിരിച്ചറിയുന്നുണ്ട്. അര്‍ജ്ജുനനും ധര്‍മ്മപുത്രരും പാണ്ഡുവിന്റെ മക്കളാണ്. അവര്‍ ചെയ്യുന്നതാണ് ശരി.

അവരുടെ ജയത്തിന്റെ കഥയാണ് ഭാരതം എന്നാണ് ധരിച്ചുവച്ചിരിക്കുന്നത്. പക്ഷെ എന്നാലോ ഒടുക്കം ദുര്യോധനനെയാണ് സ്വര്‍ഗ്ഗത്തില്‍ കാണുന്നത്. എല്ലാത്തരത്തിലുമുള്ള ഐഡന്റിറ്റികളെയും സ്റ്റീരിയോടൈപ്പുകളെയും ചോദ്യം ചെയ്യുന്ന ഒരു അമേസിംഗായിട്ടുള്ള വര്‍ക്കാണ് മഹാഭാരതം. നമ്മുടേത് കൊച്ചുകഥകളാണെങ്കിലും നമ്മെ സംബന്ധിച്ച് പ്രധാനം അതിന്റെ സബ്ജക്ടാണ്.

പലപ്പോഴും നാം പറയാറുണ്ട് നമ്മുടെ കഥാപാത്രങ്ങളെ നാം കണ്ടെത്തുന്നത് ജീവിതപരിസരങ്ങളില്‍ നിന്നാണെന്ന്. ജോഷ്വയുടെ അനുഭവമെന്താണ് ?

നാം ജീവിക്കുന്നത് ഒരു സമൂഹത്തിലാണ്. കഥാകാരന് സമൂഹമാണവന്റെ മാവ്. ഇമേജിനേഷനാണ് അതിന്റെ ഈസ്റ്റ്. പുളിപ്പിച്ചെടുക്കുന്നത് ഈസ്റ്റ് കൊണ്ടാണല്ലോ. മാവ് ചുറ്റുമുള്ള മനുഷ്യരാണ്. ചുറ്റുമുള്ള സമൂഹമാണ് അപ്പത്തിന്റെ മെറ്റീരിയല്‍. സ്വാഭാവികമായും നമ്മുടെ ജീവിതത്തില്‍ കടന്നുവന്നിട്ടുള്ളവര്‍, നമ്മുടെ നേരനുഭവങ്ങള്‍ എല്ലാം അതില്‍ വരും.

ഏഴ് വയസുവരെ ജീവിക്കുന്ന ഒരു കുട്ടിയുടെ ഉപബോധമനസിലേക്ക് മനുഷ്യാവസ്ഥകളുടെ പ്രോഗ്രാമുകളെല്ലാം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സൈക്കാളജി പറയുന്നതങ്ങനെയാണ്. ‘ഋതു’വിന്റെ കാര്യത്തിലാണ് ഞാന്‍ പ്രത്യേകമായി പറയുന്നത്. ഞാന്‍ പ്രമേയത്തിനായി ഗവേഷണം നടത്തി. ടെക്നോപാര്‍ക്കില്‍ പോയി. അന്ന് വര്‍ക് ഔട്ടിനൊക്കെ ജിമ്മിലൊക്കെ പോകുമായിരുന്നു.

അവിടെ ഐ.ടി പിള്ളേരൊക്കെ വരുമായിരുന്നു. അവരുടെ ജീവിതമൊക്കെ മനസിലാക്കി. പിന്നെ അന്ന് അവരുടെ ജീവിതത്തിലൊക്കെ കണ്ട ഒരു ചേരുവയാണ് ബിട്രേയല്‍ എന്നത്. കഥാപരിസരമൊക്കെ ഒത്തുവന്നിരുന്നെങ്കിലും പ്രധാന വൈകാരികമായ സംഘര്‍ഷ സാദ്ധ്യത കണ്ടെത്തിയിരുന്നില്ല. പലരും അവരുടെ ജീവിതം, പ്രണയം അതിന്റെ തകര്‍ച്ച എന്നിവ പങ്കുവയ്ക്കുകയും പിന്നീടും വലിയ അകല്‍ച്ചയില്ലാതെ അവരാ സൗഹൃദം തുടരുകയും ചെയ്യുന്നതൊക്കെ പങ്കുവച്ചു.

അങ്ങനെ ഞാന്‍ ശ്യാമിനെ വിളിച്ച് ബിട്രേയലാണ് കഥയിലേക്ക് പിടിച്ചുകയറാനുള്ള തുമ്പെന്ന് പറഞ്ഞു. ശ്യാമിനെ ഇടയ്ക്ക് വിളിച്ച് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പങ്കുവയ്ക്കുമായിരുന്നു. ശ്യാം വല്ലാതെ എന്‍കറേജ് ചെയ്യുകയും ചെയ്യും. എന്നെ സംബന്ധിച്ച് എനിക്കത് വലിയ അനുഗ്രഹമായിരുന്നു. എനിക്ക് എന്നില്‍ വിശ്വസിക്കുന്ന ഒരാള് വേണമായിരുന്നു. ഇതെല്ലാം കൂടി ചേര്‍ന്നപ്പോള്‍ ‘ഋതു’ സംഭവിക്കുകയായിരുന്നു.

പണത്തോടുള്ള ഭ്രമം കൊണ്ട് ജീവിതത്തില്‍ കുടുങ്ങിപ്പോകുന്നവര്‍ക്കിടയില്‍ നിന്ന്, തിരക്കു പിടിച്ച ഐ.ടി ജീവിതത്തില്‍ നിന്നെല്ലാമാണ് ശരത് എന്ന നായകകഥാപാത്രം എല്ലാം വലിച്ചെറിഞ്ഞ് എഴുത്തുജീവിതത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. അപ്പോഴും വിടാതെ അയാളെ പിടികൂടുന്ന ഇലപൊഴിയാത്ത ഓര്‍മ്മ മരങ്ങളുണ്ട് ആ ജീവിതത്തില്‍… ഏതാണ്ട് അതേ രീതിയില്‍ തിരക്കുപിടിച്ച പത്രപ്രവര്‍ത്തക ജീവിതത്തില്‍ നിന്നാണ് ജോഷ്വ എഴുത്തുജീവിതത്തിലേക്ക് തിരിയുന്നത്? സമാനതകളെന്തെങ്കിലും കണ്ടെത്താനാകുമോ ?

തിരക്ക് പിടിച്ച്, അങ്ങനെ അന്തം വിട്ടൊരു ജീവിതം ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. ബോധപൂര്‍വം അങ്ങനെ കരുതിക്കൂട്ടി ജീവിക്കാന്‍ വലിയ കഴിവുണ്ടായിരുന്ന ചെറുപ്പക്കാരനൊന്നുമായിരുന്നില്ല ഞാന്‍. കുറെക്കൂടി ഇന്‍ട്രൊവെര്‍ട്ടും എന്റേതായ സ്വപ്നലോകത്തിലും ജീവിച്ച ഒരാളായിരുന്നു ഞാന്‍. എക്സ്ട്രൊവെര്‍ട്ടായ ഒരു വശം കൂടി എനിക്ക് ഉണ്ട്. പത്രക്കാരനായിരുന്നപ്പോളും ഞാന്‍ എന്റെ ജോലിയോട് കൂറ് കാട്ടിയിരുന്നെങ്കിലും അതുമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയുണ്ടായിട്ടില്ല.

പത്രക്കാരനായിട്ട് ജീവിച്ചിട്ടില്ല. അതേ പോലെ തന്നെയാണ് സിനിമാ മേഖലയിലെത്തിയപ്പോളും. അതുമായി ബന്ധപ്പെട്ട സംഘടനകളിലോ കൂട്ടങ്ങളിലോ ഞാനുണ്ടായിരുന്നില്ല. എല്ലായിടത്തും ഞാനറിയാതെ തന്നെ ഞാനൊരു ഔട്ട്സൈഡര്‍ ആയിരുന്നു. പരസ്യക്കമ്പനികളില്‍ ജോലിയെടുക്കുമ്പോഴും അങ്ങനെത്തന്നെയായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇന്‍സൈഡര്‍ ആയത് ആ സത്യാന്വേഷണത്തിന്റെ അവസാനത്തിലാണ്.

‘എ കോഴ്സ് ഇന്‍ മിറാക്കിള്‍സ്’ എന്ന അത്ഭുതപുസ്തകമാണ് എന്നെ ആകെ മാറ്റിമറിച്ചത്. ഇന്നും ആത്മതൃപ്തിയോടെ ഉള്ളിലിരിക്കാന്‍ കഴിയുന്നത് ആ പുസ്തകം എന്റെ ഡെയിലി ഗൈഡ് ആയതു കൊണ്ടാണ്.

പരാജയപ്പെട്ട എഴുത്തുകാരാണ് പത്രപ്രവര്‍ത്തകരാകുക എന്നൊരു ചൊല്ലുണ്ട്. പക്ഷേ പത്രപ്രവര്‍ത്തനത്തില്‍ നിന്നും എഴുത്തിലേക്ക് തിരിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്നു. പരാജയപ്പെട്ട ഒരു സാഹിത്യഅദ്ധ്യായം വിജയിച്ച പത്രപ്രവര്‍ത്തന ജീവിതത്തിന് മുമ്പുണ്ടോ?.

പരാജയപ്പെട്ട എഴുത്തുകാരാണ് പത്രപ്രവര്‍ത്തകരെന്ന് പറയുന്നത് സത്യത്തില്‍ അങ്ങനെയൊന്നുമില്ല കേട്ടോ. അരുന്ധതി റോയിയുടെ ബുക്ക് ‘ദ ഗോഡ് ഓഫ് സ്മാള്‍ തിങ്ക്സ്’ വായിക്കുമ്പോള്‍ ഞാന്‍ കോട്ടയത്തു മനോരമ ഗ്രൂപ്പില്‍ ജോലി ചെയ്യുകയായിരുന്നു. അന്നെനിക്ക് ഒരു സെന്‍സ് ഓഫ് ഫ്രീഡം ഫീല്‍ ചെയ്തു. ഇന്ത്യയില്‍ നിന്നൊരാള്‍ക്ക് ഇത്രയും അദ്ഭുതങ്ങള്‍ ചെയ്യാമെന്നത് എന്നെപ്പോലുള്ള പലര്‍ക്കും ന്തോഷം നല്‍കിയ കാര്യമായിരുന്നു. ധൈര്യം പകര്‍ന്നിട്ടുണ്ട്. പക്ഷേ ഞാന്‍ അന്ന് ഇവോള്‍വ് ചെയ്ത് വന്നിട്ടൊന്നുമില്ല.

ഒരു ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്ക് ഞാന്‍ രാജി വച്ച് പോകുന്ന സമയമാണ്. പത്രത്തില്‍ നിന്ന് മാഗസിനിലേക്ക് അതില്‍ നിന്ന് അടുത്തതിലേക്ക് അങ്ങനെ പോകുന്ന സമയം. ചെയ്യുമ്പോള്‍ നന്നായി ചെയ്യും. ക്രിയേറ്റീവായി അവിടെ മാറ്റങ്ങള്‍ കൊണ്ടുവരും. ‘മെന്‍സ് ഹെല്‍ത്ത്’ എന്ന അമേരിക്കന്‍ മാഗസിന്‍ നമ്മുടെ സാഹചര്യത്തില്‍ പബ്ളിഷ് ചെയ്യാനാണ് എന്നെ വിളിച്ചത്. ഞാന്‍ ഫീച്ചര്‍ എഡിറ്ററാണ്.

എനിക്ക് മുകളില്‍ മറ്റൊരു എഡിറ്ററുമുണ്ട്. നമ്മളത് അമേരിക്കന്‍ മാഗസിന്‍ ഇന്ത്യന്‍ മാഗസിനാക്കി ഇറക്കി. ഭംഗിയായി മൂന്ന് ഇഷ്യൂസ് ഇറക്കി. അവര് നന്നായിട്ട് ട്രീറ്റ് ചെയ്യുന്നുണ്ട്. പക്ഷേ വീണ്ടും അതേ പോലെ ചെയ്യാന്‍ എനിക്കാവില്ല. അതൊരു തരം സംഘര്‍ഷമാണ്. കലാപരമായ അസംതൃപ്തി. ക്രിയേറ്റീവായി, നാച്വറലായി അങ്ങനെ തിരിയുകയായിരുന്നു. പിന്നെ പരാജയപ്പെട്ട എഴുത്തുകാരെന്ന സങ്കല്പം.

പരമാവധി ഇത്തരം സങ്കല്പങ്ങളില്‍ നിന്ന് പുറത്ത് വരികയെന്നതാണ് എന്റെയൊരു രീതി. സകല സങ്കല്‍പങ്ങളും മൂഢതയിലാണ് നില്‍ക്കുന്നത്. രാഷ്ട്രീയ സങ്കല്‍പങ്ങള്‍ മൂഢമാണ്. ഞാന്‍ സ്റ്റുഡന്റ്സ് പൊളിറ്റിക്സിലുണ്ടായി. നമുക്ക് കുറച്ച് അനുഭവിച്ചാല്‍ മതി. രണ്ടിനെയും രണ്ടായിട്ട് കാണണം നാം. ഗവേണന്‍സും രാഷ്്ട്രീയവും. ഗവേണന്‍സിനോട് നമുക്ക് കലഹമില്ല.

ഒരു ഗവണ്മെന്റ് ഉണ്ടാകുക, നമ്മെ ഗവേണ്‍ ചെയ്യുക. അതിലെ മുഖ്യമന്ത്രിയായി ഇരിക്കുന്ന ആള്‍ പ്രധാനമന്ത്രിയായി ഇരിക്കുന്നയാള്‍ ഒരു സ്റ്റേറ്റ്സ്മാന്‍ ആയി മാറണം. പക്ഷേ ഇതുമായി കൂടിക്കലര്‍ന്ന് കിടക്കുന്ന പൊളിറ്റിക്സ് എന്നത് ശുദ്ധത്തട്ടിപ്പാണ്. മനുഷ്യന്റെ ഈഗോയുടെ ഒരു എക്സ്റ്റന്‍ഷനാണ്. അന്യനെ നരകമായിട്ട് കാണുക എന്ന സാര്‍ത്രെയുടെ വചനം ശരിക്കും രാഷ്ട്രീയത്തിനാണ് യോജിക്കുക. മതസങ്കല്പങ്ങള്‍, ഈശ്വരസങ്കല്പങ്ങള്‍ എല്ലാം മൂഢമാണ്.

ഈശ്വരനുണ്ട്, ഈശ്വരനില്ല എന്ന ചര്‍ച്ചകളൊക്കെ നടക്കാറുണ്ട്. അത് മഹത്തായ ആളുകള്‍ തൊട്ട് സാധാരണക്കാരായ ആളുകള്‍ വരെ ചര്‍ച്ച ചെയ്യാറുണ്ട്. മേശപ്പുറത്ത് ഒരു മൊബൈല്‍ ഫോണുണ്ട്, ഇല്ല എന്ന് തര്‍ക്കിക്കുന്ന ആളുകളെ നമുക്ക് മനസിലാകും. കാരണം നമുക്ക് മൊബൈല്‍ ഫോണ്‍ എന്താണെന്നറിയാം. പക്ഷേ ഈശ്വരനുണ്ട്, ഇല്ല എന്ന് വാദിക്കുന്നവര്‍ക്ക് ആരെപ്പറ്റിയാണ് ഈ പറയുന്നത് എന്ന് അറിയുമോ? അവരവരുടെ അപ്പനപ്പൂപ്പന്മാര്‍ പറഞ്ഞു അവരുടെ അപ്പന്മാര്‍ പറഞ്ഞു ദൈവം ഉണ്ടെന്ന്. ഇപ്പുറത്ത് യുക്തിവാദികള്‍ ഇല്ല എന്നുവാദിക്കുന്നു.

ആരാണീ ദൈവം എന്നറിഞ്ഞവരാണോ നമ്മിലാരെങ്കിലും? തുറന്ന മനസോടെയുള്ള അന്വേഷണമാണ് സത്യത്തിലെത്തിക്കുക. സങ്കല്‍പ്പങ്ങള്‍ നമ്മെ മൂഢതയിലെ എത്തിക്കൂ. അതിന്റെ തെളിവല്ലേ നമ്മുക്ക് ചുറ്റുമുള്ള സംഭവങ്ങള്‍, വാര്‍ത്തകള്‍? ‘അണ്‍എക്സാമിന്‍ഡ് ലൈഫ് ഈസ് നോട്ട് വേര്‍ത്ത് ലിവിങ്’ എന്നല്ലേ സോക്രട്ടീസ് പറഞ്ഞത്? പരിശോധിക്കപ്പെടാതെ നടത്തുന്ന ജീവിതം. അതില്‍ നിറയെ അങ്ങനെത്തന്നെ എടുത്ത് വിഴുങ്ങുന്ന സങ്കല്പങ്ങളും.

ഈ മൂഢതയുടെ ഇരകളാണ് നമ്മള്‍. ഫെമിനിസമായാലും മാര്‍ക്സിസമായാലും ജേണലിസമായാലും എല്ലാറ്റിലും ഈ അപകടമുണ്ട്. അവനവനെ തന്നെ നനച്ച് പുതുതാക്കി വളര്‍ത്തുക എന്നൊരു ചിന്ത വേണം. അതിന് നമുക്ക് വിനയം വേണം.

ദ ബുക്ക് ഒഫ് പീപ്പിള്‍: ടെന്‍ ലൈഫ് റിപ്പോര്‍ട്ട്സ് ഫ്രം ഇന്ത്യ (The Book of People: Ten Life Tales from India) എന്ന ആദ്യ പുസ്തകം ക്രിയേറ്റീവ് നോണ്‍ ഫിക്ഷന്‍ എന്ന ഗണത്തില്‍ വരുന്നതാണ്. നോണ്‍ ഫിക്ഷനില്‍ നിന്ന് ഇതിനുള്ള പ്രധാന വ്യത്യാസമെന്താണ് ? പത്രപ്രവര്‍ത്തനം എഴുത്തുജീവിതത്തെ എങ്ങനെയെല്ലാം സ്വാധീനിച്ചിട്ടുണ്ട്.

ആ ബുക്ക് പത്ത് മനുഷ്യരെ പറ്റിയാണ്. അമേരിക്കയില്‍ ക്രിയേറ്റീവ് നോണ്‍ ഫിക്ഷന്‍ എന്ന ഒരു ഴോണ്‍റേ (genre) വളര്‍ന്നുവന്നിരുന്നു. പ്രത്യേകിച്ച് ന്യൂയോര്‍ക്കര്‍, റോളിംഗ് സ്റ്റോണ്‍ തുടങ്ങി മാഗസിനുകളിലൂടെ. റിയല്‍ സബ്ജക്ടുകളുടെ അടുത്ത് പോയി അവരുമായി സമയം ചെലവഴിച്ച് ഫാക്ടുകളെടുത്ത് പരമാവധി സാഹിത്യമാക്കി അവതരിപ്പിക്കുക, വായനാസുഖമുള്ള ഒരു അനുഭവമാക്കി മാറ്റുക.

ഓരോ ആളിലും കഥയുണ്ട് എന്ന വിശ്വാസമാണ് അതിന് ആധാരം. എന്റെ കഥയിലെ ഒരാള് വള്ളക്കാരനാണ്. ഞാന്‍ അയാളോടൊപ്പം ഒരാഴ്ചയുണ്ടായിരുന്നു. പുള്ളിയുടെ അപ്പനുള്ളപ്പോള്‍ കുഞ്ഞായിരുന്ന നാള്‍ വള്ളത്തില്‍ കയറിയത് മുതലുള്ള വിശേഷങ്ങള്‍ എടുക്കുകയാണ്.

പിന്നീട് അത് പരമാവധി സാഹിത്യത്തിന്റെ മേമ്പൊടിയോടെ എഴുതുക. അതില്‍ ഒരു കുശിനിക്കാരനുണ്ടായിരുന്നു. ഒരു തിരുമ്മുകാരിയുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഒരു ചെട്ടിയാരുണ്ടായിരുന്നു. ഇന്ത്യയിലെ എഴുത്തുകാര്‍ അധികം സഞ്ചരിക്കാത്ത ഒരു ഴോണറാണത്. ഇന്ത്യയില്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഡി.സി ബുക്സ് ഇത് പുസ്തകമായി പുറത്തിറക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഇതിന്റെ പകര്‍പ്പവകാശമൊക്കെ തിരിച്ചുവാങ്ങി ‘ബോധി സ്റ്റുഡിയോസ്’ എന്ന സംരംഭത്തിലൂടെ റി പബ്ളിഷ് ചെയ്യാന്‍ പോകുകയാണ്.

ems namboodiripadu

ഒഡീഷയില്‍ ചുട്ടുകൊല്ലപ്പെട്ട മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ളാഡിയുമായുള്ള അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ അഭിമുഖം അവാര്‍ഡിന് അര്‍ഹമാകുകയും ചെയ്തു. ആ അഭിമുഖത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കാമോ ?. 21 കൊല്ലം പിന്നിടുമ്പോള്‍ മാറുന്ന ഇന്ത്യയെ എങ്ങനെ അടയാളപ്പെടുത്താനാണ് ആഗ്രഹിക്കുന്നത് ?

എന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ രണ്ടേ രണ്ട് അസൈന്‍മെന്റ്സാണ് എന്നെ ഏറ്റവും കുഴക്കിയത്. ഗ്ളാഡിസ് സ്റ്റെയിന്‍സും ഇ.എം.എസ് നമ്പൂതിരിപ്പാടുമാണ് എന്റെ പ്രൊഫഷണിലെ രണ്ട് ബുദ്ധിമുട്ടേറിയ അസൈന്‍മെന്റുകള്‍.

ഇ.എമ്മിനെ തിരുവനന്തപുരത്തെ വീട്ടില്‍പോയാണ് കണ്ടത്. അത് ബ്ളിറ്റ്സിന് വേണ്ടിയായിരുന്നു. ഇ.എമ്മിന്റെ വഴങ്ങിക്കൊടുക്കാത്ത സ്വഭാവം എനിക്ക് മുന്‍കൂട്ടിക്കാണാനായില്ല. തിരുവനന്തപുരത്ത് ഫ്ളാറ്റിലാണ് അദ്ദേഹം. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആര്യ അന്തര്‍ജ്ജനമൊക്കെ മുറിയുടെ മുന്നിലൂടെ ഇടയ്ക്ക് പാസ് ചെയ്ത് പോകും. വൈകിട്ട് ഒരു മൂന്ന് മണിയായി കാണും. മേശപ്പുറത്ത് പേപ്പറുകളൊക്കെ അങ്ങനെ കിടപ്പുണ്ട്.

അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സ് വായിച്ച് മടക്കി വച്ചിട്ടുണ്ട്. പട്ടിക്ക് ഇ.എം.എസ് നമ്പൂതിരിപ്പാടെന്ന് പേരൊക്കെ ഇട്ടിട്ടുണ്ട് ആ നോവലില്‍. എനിക്ക് അതൊക്കെ കൗതുകമായി തോന്നി. ഇ.എം ഞാന്‍ പറഞ്ഞ പല ചോദ്യങ്ങളും തള്ളിക്കളയും. ഉത്തരങ്ങളെല്ലാം രണ്ടോ മൂന്നോ വരിയില്‍ പറയും. പിന്നെ കഷ്ടപ്പെട്ടാണ് ആ സ്റ്റോറി ഫയല്‍ ചെയ്തത്.

ഇതേപോലെയാണ് ഗ്ളാഡിസിന്റെയും കാര്യം. ഫ്രീലാന്‍സായാണ് അന്ന് ജോലി. സ്വന്തം കൈയില്‍ നിന്ന് കാശെടുത്താണ് പോകുക. പുള്ളിക്കാരത്തി മാപ്പ് കൊടുത്തിട്ടുണ്ട് കൊലപാതകത്തിലെ ആ പ്രതിക്ക്. പക്ഷേ ദു:ഖം ഘനീഭവിച്ച ഒരു മുഖഭാവമാണ് അവര്‍ക്ക്. അതിന് മുമ്പ് ഊട്ടിയില്‍ അവരുടെ മകള്‍ പഠിക്കുന്ന സ്ഥലത്ത് വച്ച് കണ്ടിട്ടുണ്ട്. അവിടെ വച്ച് കണ്ടപ്പോള്‍ പറഞ്ഞു ഇവിടെ വച്ച് സംസാരിക്കാനാകില്ല, ഒഡീഷയിലേക്ക് വരാന്‍.

അങ്ങനെ ഒഡീഷയിലേക്ക് പോകുന്നു. അവിടെ ഒരു പൊട്ട ലോഡ്ജിലാണ് മുറി കിട്ടുന്നത്. അതൊരു കുഗ്രാമമാണ് . കുറെ പശുക്കളൊക്കെ ഉള്ള വലിയൊരു കണ്‍ട്രി ഫാം ആണവരുടേത്. വളരെ മനക്കട്ടിയുള്ള സ്ത്രീയാണവര്‍. ഞാന്‍ എല്ലാറ്റിനും അവരുടെ കൂടെ നടക്കും. അവര് മിണ്ടാതെ നടക്കും. എനിക്ക് അനുവാദം തന്നിട്ടുണ്ട് കൂടെ നടക്കാന്‍ എന്നുമാത്രം. കുറെക്കഴിഞ്ഞ് ഞാന്‍ മുറിയിലേക്ക് തിരിച്ചുവരും. ആഹാരം കഴിക്കും. തിരിച്ചുചെന്ന് ചോദിച്ചു കഴിഞ്ഞാല്‍ അവരൊന്നും മിണ്ടില്ല. എനിക്കും വിഷമമായി.

ഞാന്‍ കുത്തിക്കുത്തി ചോദിക്കും. ഭര്‍ത്താവിനെയും രണ്ട് മക്കളെയും ക്രൂരമായി കൊന്നതാണ്. ഞാന്‍ വരും, തിരിച്ചുപോകും, വൈകിട്ട് വരും. ഇവര്‍ മിണ്ടില്ല. ഞാന്‍ വെള്ളം നനയ്ക്കുന്നിടത്തും തൊഴിലാളികള്‍ പണിയെടുക്കുന്നിടത്തും എല്ലാം ചെല്ലും. പിന്നെ പിറ്റെദിവസം വന്നു. എന്നിട്ടും അവര്‍ മിണ്ടില്ല. എനിക്ക് സങ്കടമായി. ഫ്രീലാന്‍സല്ലേ.

കാശാണെങ്കില്‍ ചെലവായിക്കൊണ്ടിരിക്കുന്നു. സ്റ്റോറി ഇല്ലാതായാല്‍ പോയില്ലേ. മൂന്നാമത്തെ ദിവസം വൈകിട്ട് ഞാന്‍ പറഞ്ഞു. എന്റെ അവസ്ഥ നിങ്ങള്‍ മനസിലാക്കണം. എനിക്ക് നിങ്ങളോട് ഈ ചോദ്യങ്ങള്‍ ചോദിക്കേണ്ട യാതോരു ആവശ്യവുമില്ല. വ്യക്തിപരമായി താല്‍പ്പര്യവുമില്ല. പക്ഷേ തൊഴിലിതായി പോയില്ലേ. അവര്‍ക്കത് മനസിലായി. പിന്നെ എന്നെ വീട്ടില്‍കയറ്റി. പിന്നെ സെമിത്തേരിയില്‍ അടക്കിയിടത്ത് കൊണ്ടുപോയി. അവിടെയെല്ലാം കാട്ടിത്തന്നു. ഇവര് കരയുകയുമില്ല. മിണ്ടുകയുമില്ല. മുഖം കണ്ടാലറിയാം അത്രയ്ക്ക് വേദനയുണ്ടവര്‍ക്ക്.

പിന്നെ പതുക്കെ പതുക്കെ സംസാരിച്ച് തുടങ്ങി. കഴിഞ്ഞപ്പോള്‍ അവരോട് ഞാന്‍ നന്ദി പറഞ്ഞു. ബുദ്ധിമുട്ടിച്ചതിന് ക്ഷമയും ചോദിച്ചു. ഇതിലേക്ക് അവരെ പെടുത്തിയതിന്. സ്റ്റോറി പ്രസിദ്ധീകരിച്ച അമേരിക്കന്‍ മാസികയുടെ എഡിറ്റര്‍മാര്‍ തന്നെയാണ് അത് അവാഡിന് എന്‍ട്രിയായി അയച്ചത്. അവരുടെ 140 മാഗസിനുകള്‍ മത്സരിച്ച അവരുടെ ആ വര്‍ഷത്തെ മികച്ച സ്റ്റോറികളില്‍ രണ്ടാം സമ്മാനം ലഭിച്ചു.

കശ്മീരില്‍ ഭൂകമ്പമുണ്ടായപ്പോഴും ഇങ്ങനെയൊരു സംഭവമുണ്ടായി. ഇന്ത്യ പാക് ബോര്‍ഡറിലാണ്. (ബാലാകോട്ട്). ഞാന്‍ ഫോട്ടോയെടുത്തു. തുടര്‍ച്ചയായി അങ്ങനെ ക്ളിക്ക് ചെയ്യുകയാണ്. വന്‍ദുരന്തമാണത്. ഒരു കൂമ്പാരം പോലെ കിടക്കുന്ന വീട്, അതിന് മുന്നില്‍ അഞ്ചോ ആറോ വയസുള്ള കുട്ടി. അവിടെയെങ്ങും വീടുകളില്ല. എല്ലാം തകര്‍ന്ന് കിടക്കുകയാണ്. ഞാന്‍ പടമെടുത്തുകൊണ്ട് ഇരിക്കുകയാണ്.

എനിക്ക് ആ കുട്ടിയോട് പേര് ചോദിക്കണം, കാപ്ഷന്‍ എഴുതണമല്ലോ. അപ്പോഴാണ് ഒരു എന്‍.ജി.ഒ പ്രവര്‍ത്തകന്‍ വന്ന് പറയുന്നത് അവരുടെ അച്ഛനും അമ്മയും ഹോദരങ്ങളുമെല്ലാം അതിന്റെ അടിയില്‍ പെട്ടുകിടക്കുകയാണെന്ന്. ഞാന്‍ ആകെ വല്ലാതായി. ആ കുട്ടി മരവിച്ച പോലെ നില്‍ക്കുകയാണ് എനിക്ക് മുന്നില്‍. അത് എന്നെ കണ്ടിട്ടുപോലുമല്ല നില്‍ക്കുന്നത്. ആ നിമിഷം എനിക്ക് എന്റെ ജോലിയെ തന്നെ വെറുത്തു. അതെനിക്കൊരു പാഠമായിരുന്നു.

ഇന്ത്യയെക്കുറിച്ച് പറയുമ്പോള്‍ ഒരു കാര്യം ഞാന്‍ പറയട്ടെ. രാഷ്ട്രീയം ഒരു കണ്‍കെട്ട് വിദ്യയാണ് എന്ന് ബോധ്യം വന്നവനാണ് ഞാന്‍. അതോടൊപ്പം രാഷ്ട്രീയം പരിശീലിച്ചിട്ടുള്ള മനുഷ്യനുമാണ്. സെന്‍സിറ്റീവ് ആന്‍ഡ് സെന്‍സിബിള്‍ മനുഷ്യന്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിന്റെ എല്ലാ വശങ്ങളും പഠിച്ചിട്ടുണ്ട്. സമൂഹം, പൊളിറ്റിക്സ്, മതം എല്ലാം വേഷം കെട്ടാണ്. ദേശീയതയും അങ്ങനെതന്നെ.

ഇന്ത്യയെക്കുറിച്ച് അഭിപ്രായം പറയാന്‍ പറഞ്ഞാല്‍ എനിക്ക് ഈ അതിര്‍ത്തി തിരിച്ചുള്ള തരംതിരിവുകളോടൊന്നും ഒരു മമതയുമില്ല. ഇന്ത്യ എന്താണെന്ന് പോലും എനിക്കറിയില്ല. നാം തീപ്പെട്ടിക്കൂട് പോലെ കുറെ സങ്കല്പങ്ങളുണ്ടാക്കി അതില്‍ കയറിയിരിക്കുകയാണ്. ബ്യൂറോക്രസി എന്നോ വരച്ചിട്ടതാണ് അത്. ബോംബെയില്‍ ചെന്നാല്‍ പാവ് ബജി വില്‍ക്കുന്നയാളുണ്ട്. അയാളെ നമുക്ക് അറിയാന്‍ പറ്റും.

ഗുജറാത്തില്‍ പോയിട്ടുണ്ട്. കലാപത്തിന് ശേഷം. പക്ഷേ അവിടെയൊന്നും ഞാന്‍ ഇന്ത്യയെ കണ്ടിട്ടില്ല. അവിടെ കുറെ പച്ചയായ മനുഷ്യര്‍ ജീവിച്ചിരിപ്പുണ്ട്. നമ്മളെ പോലെ തന്നെ. എല്ലാവരും പല സംസ്‌കാരങ്ങളും പിന്തുടരുന്നവരാണെന്നും അറിയാം. ഇറ്റ്സ് എ പൊളിറ്റികല്‍ ഐഡിയ വിച്ച് ഈസ് റബിഷ് യു നോ. അത് ഇന്ത്യ മാത്രമല്ല. പാകിസ്ഥാന്‍, യുണൈറ്റഡ് സ്റ്റേറ്റ്സ് ഇതൊക്കെയെല്ലാം.

ജെന്‍ഡര്‍ പോലും നുണയാകുന്ന കാലമാണിത്. ഒരു ശസ്ത്രക്രിയ ചെയ്താല്‍ സൂസന്നയോ ശോശാമ്മയോ ഒക്കെയായി മാറാം. നാമരൂപങ്ങളെല്ലാം നുണയാണ്. നാമം നുണയാണ്, വേഷം നുണയാണ്. എന്റെയൊരു പാഷന്‍ ഇത്തരം തൊലിപ്പുറത്തുള്ള കാര്യങ്ങളെ പറിച്ച് പറിച്ച് കളയുക എന്നതായിരുന്നു. കുറെയേറെ ഇത്തരം സങ്കല്പങ്ങളെ എടുത്തുകളയാന്‍ പറ്റിയെന്നതാണ് എന്റെ ജീവിതത്തിലെ പ്രധാന തൃപ്തി. ഇന്ത്യ എന്താണെന്ന് അറിയുകയുമില്ല, അറിയുകയും വേണ്ട. പക്ഷേ നമ്മുടെ സഹജീവികളുണ്ട് അവരെ സ്നേഹിക്കുക എന്നതാണ് പ്രധാനം. അത് ഒറീസയിലായാലും ഗുജറാത്തിലായാലും.

പിന്നെ സവര്‍ണ്ണനോ അവര്‍ണ്ണനോ എന്ന രീതിയില്‍ എനിക്ക് കീഴെയും എനിക്ക് മുകളിലും മറ്റൊരാള്‍ വന്നിരിക്കേണ്ട കാര്യമില്ലെന്നും ഞാന്‍ കരുതുന്നു. സമതയാണ് വേണ്ടത്. ബാലന്‍സാണ് വേണ്ടത്. ഇതൊന്നും രാഷ്ട്രീയത്തില്‍ നടപ്പാവില്ല. രാഷ്ട്രീയവും സമൂഹവും ഇത് അംഗീകരിച്ചിട്ടില്ല. ഇന്നുവരെയുള്ള ഒരു രാഷ്ട്രീയ പദ്ധതിയും സമത്വം നല്‍കിയിട്ടില്ല. എല്ലാം പുറംപൂച്ചാണ്. ഇതൊരു കൃത്രിമനിര്‍മ്മിത വിശ്വാസ സംവിധാനമാണ്.

നീതി പുറത്ത് നിന്ന് വരുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉള്ളില്‍ അനീതി കൊണ്ടുനടക്കുന്ന നമ്മുക്ക് പുറത്ത് നീതി വേണമെന്ന് പറയുന്നത് എന്തസംബന്ധമാണ്! ബാഹ്യമായ അവസ്ഥകളെ പരിഷ്‌കരിച്ച് മനുഷ്യന് ന്തോഷം കണ്ടെത്താന്‍ കഴിയില്ല. ലോകത്തിലെ മുഴുവന്‍ പണവും ഒരാള്‍ക്ക് കൊടുത്താലും ആറ് മാസം കഴിയുമ്പോള്‍ അയാള്‍ പഴയ അവസ്ഥയില്‍ തിരിച്ചെത്തും. മനുഷ്യന്റെ എല്ലാ ഇച്ഛയും പൂര്‍ത്തീകരിക്കാന്‍ പാടില്ല.

ഏത് ആഗ്രഹമാണ് നല്ലതെന്നോ ചീത്തയെന്നോ ഉള്ള അറിവ് നമുക്കില്ല. മനുഷ്യന്‍ പുറത്ത് കാണിക്കുന്ന സാമൂഹിക രാഷ്ട്രീയ ഘടനകളോ കലാപങ്ങളോ ഒക്കെ സ്വാര്‍ത്ഥതയില്‍ നിന്നുണ്ടാകുന്നതാണ്. നമ്മളെല്ലാം ബയോളജിക്കല്‍ ഓര്‍ഗാനിസം ആണ്. അതിന്റെ സ്വാര്‍ത്ഥതയാണ് സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രതിഫലിക്കുന്നത്.

ശ്രീനാരായണ ഗുരുവോ, ശ്രീരാമകൃഷ്ണപരമ ഹംരോ ജീസോ രമണമഹര്‍ഷിയോ, ഷിര്‍ദ്ദിസായിയോ ഞാന്‍ ഞാന്‍ എന്ന ഭാവത്തിന് അപ്പുറം കടന്നാണ് ലിബറേഷനിലേക്കെത്തിയത്. അത് മനസിലാക്കണമെങ്കില്‍ നമുക്ക് ആദ്യം വേണ്ടത് വിനയമാണ്. എനിക്കൊന്നും അറിയില്ല, ഞാന്‍ അറിഞ്ഞത് ഒന്നുമല്ല എന്നറിയണം. ഇതൊക്കെയാണ് ‘സോള്‍ ബിസ്‌കറ്റ്സ്, ടൈനി ബൈറ്റ്സ് ഫോര്‍ ട്രൂത്ത്ഫുള്‍ ലിവിംഗ്’ എന്ന എന്റെ പുസ്തകത്തിന്റെ പ്രമേയവും. പ്രേമവും സ്നേഹവും രണ്ടാണ് എന്ന് കാണിക്കുകയാണ് ചെയ്തത്.

ആറ് കാര്യങ്ങളാണ് അതില്‍ പറയുന്നത്. പ്രണയവും സ്നേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സ്നേഹവും കാമവും തമ്മിലുമതെ. വിവാഹവും സ്നേഹവും തമ്മിലും യാതൊരു ബന്ധവുമില്ല. മുഴുവന്‍ കള്ളത്തരമാണ്. ഭാര്യ ഭര്‍ത്താവിനെ ആശ്രയിക്കുന്നത് സ്വന്തം സ്വാര്‍ത്ഥതയ്ക്കായാണ്.

അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്ന് ഭര്‍ത്താവ് ചെയ്താല്‍ തീരുന്നതാണോ സ്നേഹം? ഭര്‍ത്താവിന്റെ കാര്യത്തിലുമങ്ങനെ തന്നെ. സവാള പൊളിച്ച് കളയുന്നത് പോലെ ഒരു വിവാഹത്തെ പൊളിച്ചടര്‍ത്താന്‍ പറ്റും. അതൊരു രാഷ്ട്രീയ ആവശ്യമാണ്. പുരുഷന്റെ തലച്ചോറ് പ്രത്യേക രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീയുടേത് മറ്റൊരു രീതിയിലും. ഇത് ശാസ്ത്രമാണ്. ഒന്നിന് വിത്തിടാനാണ് താല്‍പ്പര്യം. മറ്റൊന്നിന് ഇമോഷണല്‍ സെക്യൂരിറ്റിയിലാണ് താല്‍പ്പര്യം.

ഇതൊരു സമൂഹത്തിലുണ്ടാക്കുന്ന സംഘര്‍ഷം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. വിത്തിട്ട് വിത്തിട്ട് നടന്നാല്‍ എങ്ങനെയിരിക്കും. അതുകൊണ്ടാണ് ഒരു സാമൂഹിക കരാറിന്റെ ഭാഗമായി ഇതെല്ലാം കൊണ്ടുവന്നിട്ട് തന്റെ കാമനകളെ ഈ മുറിയ്ക്കുള്ളില്‍ എത്രവേണമെങ്കിലും പ്രകടിപ്പിച്ചോളൂ എന്ന വ്യവസ്ഥ ഉണ്ടാക്കിയത്. ഇത് സ്വര്‍ഗത്തില്‍ നടക്കുന്നതൊന്നുമല്ല. വിവാഹം അതൊരു സാമൂഹിക രാഷ്ട്രീയ ആവശ്യമാണ്. വിവാഹിതരായവരെല്ലാം ഈ വ്യവസ്ഥയുടെ ഇരകളാണ്. അത് തിരിച്ചറിയുന്നില്ല.

സ്നേഹിക്കുന്നതിന് എന്തിനാണ് വിവാഹം കഴിക്കുന്നത്? അതില്‍ ലൈംഗികതയുടെ ആവശ്യമെന്താണ്? എന്നെ ആരാധിക്കൂവെന്നാണ് വിവാഹശേഷം ആണും പെണ്ണും പരസ്പരം പറയുന്നത്. ‘ഋതു’വില്‍ അത് പറയുന്നുണ്ട്. അവരവരുടെ കാര്യങ്ങള്‍ നടന്നുപോകാനുള്ള ‘അറേഞ്ച്മെന്റ് ഒഫ് കണ്‍വീനിയന്‍സാണ്’ ഇതെല്ലാമെന്ന്. അത് അനുഭവിക്കുന്നവര്‍ക്ക് അറിയാം. ആമസോണ്‍ കിന്‍ഡിലിലാണ് ഇപ്പോള്‍ സോള്‍ ബിസ്‌കറ്റുള്ളത്. അത് പ്രിന്റ് എഡിഷന്‍ ഭാവിയിലെ പദ്ധതിയാണ്.

യാഥാര്‍ത്ഥ്യങ്ങളുടെ, അനുഭവങ്ങളുടെ ഒരു വലിയ ലോകമാണ് പത്രപ്രവര്‍ത്തനം. സാഹിത്യപ്രവര്‍ത്തനത്തിലേക്ക് കടക്കുമ്പോള്‍ ഫാന്റസിയുടെയോ, കാല്പനികതയുടെയോ അംശം എഴുത്തിലേക്ക് കടന്നുവരികയും ചെയ്യുന്നു. സിനിമയിലെ തിരക്കഥാ രചനയാകുമ്പോള്‍ അത് വേറൊരു തലമാണ്. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായി കഴിഞ്ഞ ഒരാളെന്ന നിലയില്‍ ഏത് ആശയവിനിമയ മാദ്ധ്യമമാണ് സാധാരണക്കാരനെ വേഗം കീഴടക്കുക. ഏത് മാദ്ധ്യമത്തിനാണ് ദീര്‍ഘകാലത്തേക്ക് ഒരാളെ സ്വാധീനിക്കാനാകുക?.

തീര്‍ച്ചയായും സിനിമയാണത്. സിനിമയുടെ പവര്‍ മറ്റൊന്നിനും കിട്ടില്ല. ജേണലിസത്തിന് അതിന്റേതായ പരിമിതികളുണ്ട്. ഫാക്ച്വല്‍ റിപ്പോര്‍ട്ടിംഗിന്റേതായ പരിമിതി. അതില്‍ സത്യാന്വേഷണമൊന്നും നടക്കില്ല. പണ്ട് കാലത്ത് അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.

ഇപ്പോള്‍ ആര്‍ക്കും അങ്ങനെയില്ല. അന്ന് അതെല്ലാം രാഷ്ട്രീയ സാമൂഹിക ആവശ്യമായിരുന്നു. ഇന്നിപ്പോള്‍ ഭക്ഷണം കഴിക്കാനുള്ള ജോലി എന്നതില്‍ കവിഞ്ഞ് ഒന്നുമില്ല. പത്രപ്രവര്‍ത്തകരായാലും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്. അതിപ്പോള്‍ ഒരു ഉല്‍പന്നമാണ്.

പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന സമയമാണ്. 12 വര്‍ഷം പിന്നിട്ട ഋതു ഇക്കാലത്ത് ഇറങ്ങിയെന്ന് കരുതുക. വര്‍ഷയുടെയും സണ്ണിയുടെയും ശരത് വര്‍മ്മയുടെയും കഥാപാത്രങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാകും ജോഷ്വ വരുത്തിയിട്ടുണ്ടാകുക. രണ്ട് കാര്യങ്ങളുണ്ട് അതില്‍. വില്ലനായ സണ്ണി ഗേയാണ്. വര്‍ഷ അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുള്ള സ്വയംപര്യാപ്തയായ യുവതിയുമാണ്.

പൊളിറ്റിക്കല്‍ കറക്ടനസ്…. ഞാനിതൊന്നും ശ്രദ്ധിക്കാറേയില്ല. വഴിയരികില്‍ കാര്‍ കുലുങ്ങുന്നത് കണ്ട് കമിതാക്കളെ പിടികൂടി നാട്ടുകാര്‍ കൈകാര്യം ചെയ്തു എന്ന മട്ടില്‍ സ്ഥിരമായി വാര്‍ത്തകള്‍ കാണുമായിരുന്നു. പത്രങ്ങളിലും മറ്റും, ഈ മോറല്‍ പൊലീസിംഗൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന ജൈവമായ അറിവിലേക്ക് ആരും എത്തിപ്പെട്ടിരുന്നില്ല.

പണ്ട് ഞാനൊക്കെ എസ്.എഫ്.ഐ ഭാരവാഹിയായിരുന്ന കാലത്ത് മഹാരാജാസിലൊക്കെ ഇത്തരത്തില്‍ കമിതാക്കളെ അടിച്ചോടിക്കുക വരെയുണ്ടായിട്ടുണ്ട്. അന്നതിനെ ചോദ്യം ചെയ്യുന്നതിന് എന്നെ പുറത്താക്കുക വരെയുണ്ടായി. ഈ മോറല്‍ പൊലീസിംഗിനെ ഋതുവില്‍ കളിയാക്കുന്നുണ്ട്. 2008 ല്‍ ഞാന്‍ ഇതെഴുതുമ്പോള്‍ ആണ്‍കുട്ടികള്‍ പോലും നേരെചൊവ്വേ മെഡിക്കല്‍ ഷോപ്പില്‍ പോയി കോണ്ടം വാങ്ങിയിരുന്നില്ല.

ഇത്തരത്തിലുള്ള ഒരു മൂഢസങ്കല്പങ്ങളുടെയും അടിമകളാകരുതെന്ന ആഗ്രഹം എനിക്കുണ്ട്. പക്ഷേ അത് പൊളിറ്റിക്കലി കറക്ടാണെന്ന ബോദ്ധ്യത്തോടെ മാത്രം എഴുതുന്നതുമല്ല. നമ്മുടേതായ സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത് നിന്നാണ് ഞാനത് എഴുതുന്നത്. ഋതു ഇന്നെഴുതിയാലും. പിന്നെ ഇന്ന് അത് എഴുതേണ്ട ആവശ്യം വരുന്നില്ല. പിന്നെ ഋതുവിന് ശേഷമുള്ള മാറ്റങ്ങള്‍ മറ്റൊന്നാണല്ലോ. സമയത്തിന് മുന്നേ വന്ന സിനിമയാണത്. എന്നെ സംബന്ധിച്ച് ഇപ്പോള്‍ എന്താണോ ശരികേടെന്ന് തോന്നുന്നത് ഞാന്‍ അതും എഴുതും.

പിന്നെ ഗേ. ഗേയെ ആരാധിക്കുകയും വേണ്ട, ഇകഴ്ത്തുകയും വേണ്ട. സണ്ണിയാണ് മലയാള സിനിമയിലെ ആദ്യത്തെ ഗേ കഥാപാത്രം. പക്ഷേ അവന്‍ കുറ്റവാസനയുള്ള ആളുമാണ്. ഗേ എന്ന അവസ്ഥയെ വാഴ്ത്തുന്നതിന് മുമ്പുള്ള കാലത്താണ് അത് ചെയ്തത്. ഞാന്‍ ഇന്ത്യാ ടുഡേയില്‍ ജോലി ചെയ്യുന്ന സമയത്ത് പക്കാ ഗേ ആയ ഒരാളുണ്ട്. ഡിസൈനറായിരുന്നു അയാള്‍. കല്യാണവും കഴിച്ചിട്ടുണ്ട്. എയ്ഡ്സ് വന്നവനാണ് ഭര്‍ത്താവ്. എല്ലാ ദിവസവും പോയി കൂടെയിരിക്കും. അന്ന് നമുക്ക് പോലും ആശങ്കയുണ്ട്, നമുക്ക് എയ്ഡ്സ് വരുമോയെന്ന്. പക്ഷേ അവന്റെ നല്ല മനസാണ്.

അവന്‍ പലതും നമ്മോട് പറയുമായിരുന്നു. എന്ത് സ്നേഹമായിരുന്നെന്നോ, ചിലപ്പോള്‍ പറയുമ്പോള്‍ കണ്ണൊക്കെ നിറയും. പക്ഷേ ഋതുവിലെത്തുമ്പോള്‍ ശരത്തിന് ഇവനെ ട്രാപ് ചെയ്യണം. പെണ്‍കാമുകിയെ ഉപയോഗിക്കുകയെന്നാല്‍ പഴയ രീതിയാണ്. വ്യത്യസ്തതയ്ക്ക് ഒരു റൈറ്ററുടെ ആഗ്രഹവുമുണ്ടായിരുന്നു അതില്‍. ഇപ്പോള്‍ ഋതു എഴുതുന്നതെങ്കില്‍ ഞാന്‍ ഗേയെ ക്രിമിനലായി കണ്ടുവെന്ന ആക്ഷേപമുണ്ടായേനെ.

അത് അവരവരുടെ സ്വാതന്ത്ര്യമാണെന്ന് സിനിമയില്‍ തന്നെ ഒരു കഥാപാത്രം പറയുന്നുമുണ്ട്. പിന്നെ വര്‍ഷയുടെ കാര്യത്തില്‍ സ്ത്രീകള്‍ സ്വയംപര്യാപ്തരായി മാറിത്തുടങ്ങുന്ന കാലത്താണ് ആ സിനിമ എഴുതുന്നത്. പിന്നെ ഞാനും പാര്‍വതിയും കൂടി ചര്‍ച്ച ചെയ്യുന്ന ഒരു പ്രമേയമുണ്ട്. അവരത് ചെയ്യാമെന്ന് പറഞ്ഞിട്ടുമുണ്ട്.

അത് തീര്‍ത്തും നെഗറ്റീവായ ഒരു കാരക്ടറാണ്. കാര്യം പാര്‍വതി ഡബ്ള്യു.സി.സി അംഗമൊക്കെയാണ്. എന്താണ് ഇങ്ങനെ ഒരു കഥയെഴുതാന്‍ കാരണമെന്ന് എന്നോട് ചോദിച്ചിരുന്നു. അവര്‍ക്ക് ആ പ്രമേയം വളരെ ഇഷ്ടപ്പെട്ടു. ഇത് ചെയ്യാന്‍ സമയമായി എന്നൊക്കെ എന്നോട് പറഞ്ഞു.

സാഹിത്യത്തില്‍ പുരുഷന്റെ ഡാര്‍ക്നെസ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. സ്ത്രീകളുടെ ഡാര്‍ക്നെസ് ഇപ്പോഴാണ് അന്വേഷിക്കാന്‍ തുടങ്ങിയത്. ഹോളിവുഡില്‍ വരെ പത്തോ ഇരുപതോ വര്‍ഷമായിട്ടുണ്ടാകും. ഷേക്സ്പിയര്‍ എഴുതിയിട്ടുണ്ട് ലേഡി മാക്ബെത്തൊക്കെ. പുതിയ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് സ്ത്രീകളുടെ ഡാര്‍ക്നെസ് പുറത്ത് കൊണ്ടുവരാത്തത്?

വലിച്ചു കീറണം ആണിന്റേതായാലും പെണ്ണിന്റേതായാലും ഇരുട്ടിനെ. നമ്മുടെ ഉള്ളിലെ ഇരുട്ടിനെ നാം തന്നെ പറിച്ചുകീറിയെറിഞ്ഞാലെ നമുക്ക് വെളിച്ചത്തിലേക്ക് നടക്കാനാകൂ. അതിനെ ഒളിപ്പിച്ചുവച്ച് വിശുദ്ധമാക്കി, വിശുദ്ധ പെണ്മ എന്ന് നമുക്ക് പറയാനാകുമോ. ഒരു ലിംഗവും സേക്രഡല്ല. അല്ലെങ്കില്‍ എല്ലാ ലിംഗവും സേക്രഡാണ്. നിലനില്‍ക്കുന്നതെല്ലാം വിശുദ്ധമാണ്. അല്ലെങ്കില്‍ എല്ലാം പ്രൊഫീനാണ്. സേക്രഡ് ഫെമിനൈന്‍ എന്ന വലിയൊരു ചിന്താധാര ഉണ്ട്. അതൊക്കെ മനുഷ്യന്റെ ഈഗോയുടെ മൂഢസങ്കല്പമാണ്.

ഇതില്‍ ശരത് മോശമാണോ. വേദനയുണ്ടെങ്കിലും കൂട്ടുകാരെയെല്ലാം തോല്‍പ്പിച്ചിട്ടാണ് അവന്‍ പോകുന്നത്. അറിഞ്ഞുകൊണ്ട് വര്‍ഷയുമായി ബന്ധപ്പെട്ടിട്ടാണ് അവന്‍ പോകുന്നത്. ശരതും ഡാര്‍ക്കാണ്. നമ്മള്‍ നമ്മളെത്തന്നെ കാണിക്കുക. കലയുടെ വലിയ ധര്‍മ്മമല്ലേ അത്. നമ്മളിലെ വേണ്ടതും വേണ്ടാത്തതും എല്ലാം കാണിക്കുക. അതുകൊണ്ടാണ് ജനം കലയെ അതുപോലെ പരിഗണിക്കുന്നത്.

തിയോ വേള്‍ഡ് സീരിസിലെ ആദ്യകഥ 2012ല്‍ പുറത്തിറങ്ങുകയാണ്. അതേക്കുറിച്ച് വിശദീകരിക്കാമോ ?. സ്വന്തം പുസ്തകം സ്വയം പബ്ളിഷ് ചെയ്യാനുള്ള തീരുമാനം എങ്ങനെ ഉണ്ടാകുന്നതാണ് ? ആ തീരുമാനം കൊണ്ടുള്ള സൗകര്യമെന്താണ് ?

ഇതെനിക്ക് പെറ്റായ പ്രൊജക്ടാണ്. ഞാന്‍ 2012ല്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡില്‍ ആലീസ് എങ്ങനെയാണോ കുഴിയുടെ അകത്തേക്ക് അദ്ഭുത ലോകത്തേക്ക് പോയത് അതേപോലെ ഞാന്‍ വീണ സന്ദര്‍ഭം പറഞ്ഞിരുന്നു. പിന്നെ അവിടെ നിന്നും പുറത്തുവന്ന് മെറ്റാഫിസിക്കലായി എനിക്ക് ഇന്റര്‍നെറ്റിലെ ഒരുപാട് സ്രോതസുകളിലൂടെ തുറന്ന് കിട്ടിയ ഞെട്ടിക്കുന്ന വലിയൊരു ലോകമുണ്ട്.

ഭൗതിക ലോകത്തിന് അപ്പുറത്ത് അതിഭൗതികമായിട്ടുള്ള അവസ്ഥകള്‍, അവസ്ഥാന്തരങ്ങള്‍, പല മാനങ്ങളുള്ള, പല സാന്ദ്രതയുള്ള, പല സമാന്തര പ്രപഞ്ചങ്ങളെക്കുറിച്ചുള്ള അറിവുകള്‍. സമയം എന്നത് അയഥാര്‍ത്ഥമാണെന്ന അനുഭവമുള്ള ആവേശകരമായ ആ ബ്രഹ്മാണ്ഡലോകം അവിടെ ചിലപ്പോള്‍ പല രൂപങ്ങളിലും ഭാവങ്ങളിലും ചിലപ്പോള്‍ രൂപം പോലുമില്ലാതെ ജീവിക്കുന്നവരുണ്ടാകാം.

അത് ചിലപ്പോള്‍ നമ്മുടെ ചെറിയ യുക്തികൊണ്ട് നോക്കി അറിയാനാകില്ല. എന്റെ അന്വേഷണം അത്രയും അഗാധമായത് കൊണ്ടാണ് എനിക്കതെല്ലാം മനസിലാക്കാനായത്. ആ അനുഭവങ്ങളെല്ലാം ഞാന്‍ ഫേസ്ബുക്കിലൂടെ എഴുതിത്തുടങ്ങി. ഊര്‍ജ്ജം നിര്‍മ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ലെന്ന സിദ്ധാന്തം ശാസ്ത്രത്തിലുണ്ട്. വേറെ ഭാവത്തില്‍ അത് നിലനില്‍ക്കും.

അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒരു ഫിക്#ഷന്‍ ലോകത്തിലേക്ക് കൊണ്ടുവന്നാല്‍ എങ്ങനെയുണ്ടാകും. പിന്നെ ആളുകളുടെ കണ്ണ് തുറപ്പിക്കാനായി പറയാനുള്ളതും പറയാനാകണം.
അങ്ങനെയാണ് തിയോ എന്ന അതിമാനുഷമായിട്ടുള്ള പ്രതിഭാസത്തിലേക്കെത്തുന്നത്. ഫാന്റസി ത്രില്ലറാണത്. മാജിക് ത്രില്ലര്‍ എന്നാണതിനെ ഞാന്‍ വിളിക്കുന്നത്. മൂന്ന് പുസ്തകങ്ങള്‍ അടങ്ങിയ സീരീസ് നോവലായിരിക്കുമത്.

ഫെബ്രുവരിയോടെ ഇറങ്ങും. എന്റെ ആദ്യത്തെ നോവലാണത്. ദ ബോയ് ഓണ്‍ ദ ബ്ളൂ മൗണ്ടന്‍ എന്ന ബുക്ക്. ഇത്രയും നാളത്തെ യാത്രയിലെ കാര്യങ്ങളെല്ലാം ഫിക്ഷനാക്കി മാറ്റാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യമുണ്ട് ഇപ്പോള്‍.

ഇംഗ്ലീഷ് സീരിസായി അത് പുറത്തിറങ്ങും. എട്ടോ പത്തോ മാസം കഴിഞ്ഞ് മറ്റ് ഭാഷകളിലേക്കും മാറ്റും. ഇന്ത്യന്‍ പോപ്പുലര്‍ ഫിക്ഷനെല്ലാം ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യന്‍ റീഡേഴ്സിനായാണ് എഴുത്ത്. ഇന്ത്യയില്‍ നിന്നുള്ള ലോകത്തിലെ എല്ലാ ഭാഷയിലുമുള്ളവര്‍ക്ക് വായിക്കാവുന്ന മികച്ച ഭാഷാ നിലവാരമുള്ള ഒരു പുസ്തകമെന്ന നിലയില്‍ എഴുതിയിട്ടുള്ള നോവലാണ് ഇത്.

ഭൂമി പിളര്‍ന്ന് അടര്‍ന്ന് മാറുന്നതും അതില്‍ നിന്ന് ഒരു കൊച്ചു ഗ്രഹത്തില്‍ സംഭവിക്കുന്നതുമായ സാഹസിക കഥകളാണ് ഇതിലെ ഇതിവൃത്തം. എര്‍ത്തോപ്യ എന്ന സാങ്കല്പികമായ ഗ്യാലക്സിയുടെ അകത്ത് നടക്കുന്നത്.

ഭൂമിയിലെ മനുഷ്യര്‍ തന്നെയാണ് അവിടെയുമുള്ളത്. പല പ്ളാനറ്റിലുള്ള പല സംസ്‌കാരങ്ങള്‍ വെട്ടി മുറിഞ്ഞ് പോകുന്നുവെന്ന് മാത്രം. അതിനകത്ത് നിന്ന് തിയോ എന്ന സൂപര്‍നാച്വറല്‍ ഹീറോ സാഹസികമായി അതിലെല്ലാം ഇടപെടുന്നതാണ് കഥ. മൂന്ന് രീതിയില്‍ ഈ പുസ്തകത്തെ അനുഭവിക്കാം.

ഈ പുസ്തകത്തിലെ ത്രില്ലര്‍ ആസ്വദിക്കാം. പിന്നെ ഇതിന്റെ ഭാഷാ നിലവാരം അറിയാം. അവിടവിടെ ഒളിപ്പിച്ചു വച്ചിട്ടുള്ള വിസ്ഡം അഥവാ സത്യാന്വേഷണം വായിച്ചനുഭവിക്കാം. ഈ മൂന്ന് ചേരുവയും ഇന്ത്യയില്‍ ചിലപ്പോള്‍ പുതുമയുള്ളതാണ്. ഇതിന്റെ ജൂനിയര്‍ എഡിഷനും ഉണ്ടാകും. 9 മുതല്‍ 12 വരെ വയസുള്ളവര്‍ക്കായി അഡല്‍റ്റ് കണ്ടന്റ് ഒഴിവാക്കി പ്രത്യേക എഡിഷന്‍ പുറത്തിറക്കും.

അതേപേരിലുള്ള കുട്ടികളുടെയും മുതിര്‍ന്നവരുടെയും വേര്‍ഷനും ഉണ്ടാകും. മലയാളത്തിലും ഉണ്ടാകും. കിന്‍ഡിലും പ്രിന്റും ഉണ്ടാകും. ആമസോണ്‍ വഴി വാങ്ങാനാകും. സ്വന്തം സംരംഭമായ ബോധി സ്റ്റുഡിയോസ് വഴി ഇത് പബ്ളിഷ് ചെയ്യും. പ്രിന്റ് കോപ്പി ഇന്ത്യക്ക് അകത്ത് മാത്രമേ ആദ്യഘട്ടത്തില്‍ വിതരണം ചെയ്യൂ. കിന്‍ഡല്‍ എഡിഷന്‍ ആമസോണ്‍ വഴി വില്‍ക്കും. ചെറിയ വിലയ്ക്കാകും കിന്‍ഡല്‍ എഡിഷനും പ്രിന്റ് എഡിഷനും വില്‍ക്കുക.

ബോധി സ്റ്റുഡിയോസിനെ കുറിച്ച്?

ഭാര്യയും ഞാനും കൂടി ആരംഭിച്ചതാണ് അത്. ബോധി സ്റ്റുഡിയോസിന്റെ ആദ്യ പരിപാടി ബാംഗ്ളൂരില്‍ സംവിധായക അഞ്ജലി മേനോനോടൊപ്പം ചേര്‍ന്ന് നടത്തിയ തിരക്കഥാ രചനാ ശില്‍പ്പശാലയായിരുന്നു.

ഒരു വര്‍ഷമായി അത് നടന്നിട്ട്. അത്തരം പരിപാടികള്‍ ഓര്‍ഗനൈസ് ചെയ്യുകയായിരുന്നു പതിവ്. പിന്നാലെ കൊവിഡെത്തിയതോടെ അത് നിലച്ചു. ഇപ്പോള്‍ ‘തിയോ വേള്‍ഡി’ലാണ് പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. ഷെയിനായിട്ടും അര്‍ജുന്‍ അശോകനായിട്ടും രണ്ട് സിനിമകളുടെ തിരക്കഥ ഒരുങ്ങുന്നുണ്ട്.

കുടുംബം?

ഭാര്യ ബിനി. പ്രസ് അക്കാഡമിയില്‍ സഹപാഠിയായിരുന്നു. പത്രപ്രവര്‍ത്തക. ‘ഓവര്‍ടേക്ക്’ എന്ന മാഗസിന്റെ ഗ്രൂപ്പ് എഡിറ്ററായിരുന്നു. മകന്‍ ഗൗതം ഡിഗ്രി കഴിഞ്ഞ് നില്‍ക്കുന്നു. മകള്‍ ദയ ഏഴാം ക്ളാസില്‍ പഠിക്കുന്നു. തൃക്കാക്കരയിലാണ് താമസം.

# ഋതു സിനിമ തിരക്കഥാകൃത്ത് ജോഷ്വ ന്യൂട്ടണ്‍
സിനിമയുടെ പവര്‍ മറ്റൊന്നിനും കിട്ടില്ല, ജേണലിസത്തിന് അതിന്റേതായ പരിമിതികളുണ്ട്: ഋതു തിരക്കഥാകൃത്ത് ജോഷ്വ ന്യൂട്ടന്‍ 2

Comments are closed.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More